ഇന്ത്യ കണ്ടതിൽ വെച്ച് ഉന്നതരായ രണ്ട് ഗായികമാർ – കേരളത്തിൽ അത്ര തന്നെ അറിയപ്പെടാത്ത എന്നാൽ അറിയപ്പെടേണ്ട രണ്ട് പേർ – അന്നപൂർണ്ണാദേവി, നാഗരത്നമ്മ – സ്വഭാവം കൊണ്ടും ജീവിതവ്യാപാരങ്ങൾ കൊണ്ടും രണ്ട് ധ്രുവങ്ങളിൽ പ്രവഹിക്കുന്ന നദികൾ.

അവരുടെ സംഗീത-ജീവിത സഞ്ചാരങ്ങൾ സൃഷ്ടിപരവും അതേ സമയം വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു. മഹാനദികളുടെ ഒഴുക്കുപാതകൾ പോലെ ചിലപ്പോഴൊക്കെ സുഖകരമായ ചരിവും പലപ്പോഴും പാറക്കെട്ടുകളും തടസ്സങ്ങളും നിറഞ്ഞതായിരുന്നു. അതിലൊരു നദി – അന്നപൂർണ്ണ- ഇടയ്ക്ക് വെച്ച് അന്തർവാഹിനിയായി ‘ആകാശഗംഗ’*യിലലയടിച്ചു കൊണ്ടിരുന്നു. ആ സംഗീതധാര നിഖിൽ ബാനർജിയുടെ സിത്താറിലൂടെ, ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴലിലൂടെ എത്രയോ കേൾവിക്കാരെ ആനന്ദനിർവൃതിയിലാഴ്ത്തി. മറ്റേ നദി – നാഗരത്നമ്മ – പുരുഷമേധാവിത്വവും സാമുദായികമേൽക്കോയ്മകളുമുയർത്തിയ തടസ്സങ്ങൾ തകർത്തെറിഞ്ഞു കൊണ്ട് സമുദ്രം പൂകുന്നതു വരെ ഒഴുകി. പുരുഷമേധാവിത്വത്തിനോട് രണ്ടു തരത്തിൽ പ്രതികരിച്ചു ഈ പ്രതിഭകൾ.

International Women’s Day: ഭാരതീയ സംഗീതത്തെ ലോകവേദിയിലേയ്ക്കെത്തിച്ച പണ്ഡിറ്റ് രവിശങ്കറിന്‍റെ ആദ്യഭാര്യയായിരുന്നു അന്നപൂർണ്ണ. പ്രശസ്തിയിലും പല തരം സുഖഭോഗങ്ങളിലും ആമഗ്നനായ രവിശങ്കർ ക്രമേണ അന്നപൂർണ്ണയിൽ നിന്നകന്നു. രണ്ടു പേരും ചേർന്നവതരിപ്പിച്ചിരുന്ന സംഗീത പരിപാടികളിൽ കൂടുതൽ കയ്യടി കിട്ടിയിരുന്നത് അന്നപൂർണ്ണയ്ക്കായിരുന്നു. അതും അവർ തമ്മിലകലാൻ ഒരു കാരണമായിരുന്നിരിക്കണം. തന്നെ എടുത്തു കാട്ടുന്ന വെള്ളിവെളിച്ചങ്ങളിൽ നിന്നും അന്നപൂർണ്ണ ഒഴിഞ്ഞു മാറി. ജനപ്രീതിയ്ക്കായി സംഗീതത്തിൽ സൂത്രവിദ്യകൾ സന്നിവേശിപ്പിച്ചില്ല. ശുദ്ധസംഗീതമൊഴിച്ച് ഒന്നും അവരെ ആനന്ദിപ്പിച്ചില്ല. പ്രശസ്തിയോ ആരാധകവൃന്ദങ്ങളോ അവരെ പ്രലോഭിപ്പിച്ചില്ല. സ്വത്തിലോ സുഖസൗകര്യങ്ങളിലോ ഭ്രമിച്ചുമില്ല. കച്ചേരികൾക്കൊടുവിൽ ആർത്തിരമ്പുന്ന കയ്യടികളുടെ ശബ്ദത്തിലേക്ക്, തന്നെ പൊതിയുന്ന ആൾത്തിരക്കിലേക്ക് അവർ തന്നെ വിട്ടു കൊടുത്തില്ല. അതിൽ നിന്നെല്ലാമൊഴിഞ്ഞു മാറി സ്വരങ്ങളിൽ നിന്ന് സ്വരങ്ങളിലേക്ക് മന്ദമന്ദമൊഴുകുന്ന ശുദ്ധസംഗീതത്തിന്‍റെ അന്തരാനന്ദനിർവൃതിയിലേയ്ക്കൊതുങ്ങി. ഒരു രാവു പോലും മുടങ്ങാതെ റിയാസ് (സാധന) തുടർന്നു കൊണ്ടിരുന്നു.

രാവേറെ ചെല്ലുമ്പോൾ കൗശികിയുടെ, യമൻ കല്യാണിന്‍റെ, ഖമാജിന്‍റെ ത്രസിപ്പിക്കുന്ന സ്വരവിസ്താരങ്ങളിലൂടെ, ലയാനുഭൂതികളിലൂടെ സ്വയം മറന്ന് സുർബഹാർ മീട്ടി. ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സ്വരരാഗാമൃതം അർഹരെന്ന് അവർക്ക് തോന്നുന്നവർക്ക് മാത്രം പകർന്നു നൽകി.

ലോകം കണ്ടതിലേക്കും വെച്ച് മഹാന്മാരായ ശിഷ്യസമ്പത്തിനുടമയാണ് അന്നപൂർണ്ണ. നിഖിൽ ബാനർജിയെപോലെയും ഹരിപ്രസാദ് ചൗരാസ്യയെപ്പോലെയുമുള്ള ശിഷ്യർ വഴിയാണ് ഈ പുണ്യ ഗുരുവിന്‍റെ പുകഴ് ലോകത്തിന്‍റെ മുക്കിലും മൂലയിലുമെത്തിയത്.

അന്നപൂർണ്ണാദേവി – ജീവിതരേഖ

1927ൽ ചൈത്രപൂർണ്ണിമ ദിവസം ബാബ എന്നറിയപ്പെടുന്ന ബാബ അല്ലാവുദ്ദിൻ ഖാന്‍റെയും മദീനാബീഗത്തിന്‍റെയും പുത്രിയായി മദ്ധ്യപ്രദേശിലെ മൈഹർ എന്ന സ്ഥലത്ത് ജനിച്ചു. റോഷണാരാ ഖാന്‍ എന്നായിരുന്നു യഥാർത്ഥ നാമം. രാം പൂർ മഹാരാജാവിന്‍റെ നിർദ്ദേശ പ്രകാരമാണ് പേര് അന്നപൂർണ്ണ എന്നാക്കിയത്. 1941ൽ കേവലം 14 വയസ്സ് മാത്രമുള്ളപ്പോൾ  ബാബയുടെ അടുത്ത് സിത്താർ പഠിക്കാൻ വന്ന രവിശങ്കറിനെ വിവാഹം കഴിച്ചു.

ജ്യേഷ്ഠനും നർത്തകനുമായ ഉദയശങ്കറിന്‍റെ ട്രൂപ്പിൽ ഒരു നർത്തകനായി ചെറുപ്പത്തിലേ വിദേശരാജ്യങ്ങളിലടക്കം കറങ്ങിയ രവിശങ്കറിന് ഒരു സ്ത്രീയുടെ കൂടെ സ്ഥിരമായി ചിട്ടയായ കുടുംബ ജീവിതത്തിലേർപ്പെടുക പ്രയാസകരമായിരുന്നു. വിവാഹത്തിനു മുൻപേ പരിചയമുണ്ടായിരുന്ന കമലയുമായി വീണ്ടുമടുക്കുകയും അവരൊന്നിച്ച് വിദേശ യാത്രകൾക്ക് പോവുകയും ചെയ്യുന്നതോടേ അദ്ദേഹം അന്നപൂർണ്ണയുമായി അകന്നു. 1982ൽ ഇരുവരും വിവാഹമോചിതരായി.

സംഗീതപ്രേമികൾക്കിടയിൽ അന്നപൂർണ്ണയ്ക്കായിരുന്നു കൂടുതൽ സ്വീകാര്യത കിട്ടിയത്. എന്നാൽ വിവാഹമോചനത്തിനുശേഷം രവിശങ്കർ എല്ലാവരുടേയും പണ്ഡിറ്റ്ജിയായി മാറി. ഇന്ത്യയിലും വിദേശത്തും വേദികളിൽനിന്നും വേദികളിലേക്ക് തന്‍റെ സിത്താർനാദവുമായി പറന്നു നടന്നു.

രവിശങ്കർ വഴി ഭാരതീയസംഗീതവും ഭാരതീയസംഗീതം വഴി രവിശങ്കറും ലോകവേദികളിലെത്തി. വെള്ളിവെളിച്ചത്തിന്‍റെ, പ്രശസ്തിയുടെ പ്രഭ പണ്ഡിറ്റ്ജി അങ്ങേയറ്റം ആസ്വദിച്ചു. മറുപുറത്ത് രവിശങ്കറോളം തന്നെ, ഒരുപക്ഷേ രവിശങ്കറെക്കാളും മികച്ച സംഗീതജ്ഞയായ അന്നപൂർണ്ണയാകട്ടെ പൂർണ്ണമായും വേദികളിൽ നിന്നകന്ന് സംഗീതത്തിന്റെ ആത്മരതിയിൽ മുഴുകി.

അവർ മകനായ ശുഭേന്ദ്ര ശങ്കറുമൊത്ത് ബോംബേയിലെ ഫ്ലാറ്റിൽ താമസം തുടങ്ങി. മകനെ സിത്താർ പഠിപ്പിച്ചു. ശുഭോ നല്ലൊരു വാദകനായി എന്ന് അന്നപൂർണ്ണയ്ക്ക് തൃപ്തി വരും മുൻപേ രവിശങ്കർ ഇടപെട്ട് മകനെ ചിത്രകലാപഠനത്തില്‍ ചേർത്തു. പിന്നീട് തന്നോടൊപ്പം അമേരിക്കയിലേക്ക് കൊണ്ടു പോയി. അവിടെ വെച്ച് തന്‍റെ 51ആം വയസ്സിൽ ശുഭോ ചരമമടഞ്ഞു. തികച്ചും എകാന്തയായ അന്നപൂർണ്ണ സാധനയിൽ മുഴുകി. അവരുടെ വീട്ടിൽ ആർക്കും പ്രവേശനമിലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ശിഷ്യർക്ക്, അവർക്ക് യോഗ്യതയും കഴിവും അർപ്പണബോധവും കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധതയും സഹനശക്തിയും ഉണ്ടെങ്കിൽ മാത്രം, സ്വന്തം സംഗീതജ്ഞാനം പകർന്നു നൽകി. അതിലൊരു ശിഷ്യനും വിനിമയശേഷി വളർത്തൽ, മന:സംഘർഷം കൈകാര്യം ചെയ്യൽ എന്നീകാര്യങ്ങളിൽ വിദഗ്ദ്ധനുമായ റൂഷികുമാർ പാണ്ഡ്യയെ 1982ൽ വിവാഹം ചെയ്തു.

Read More: അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നിന്നും അന്നപൂര്‍ണ ദേവി പറയുന്നത്

സംഗീതമേ ജീവിതം

International Women’s Day: ബാബയുടെ ആദ്യപുത്രി – അന്നപൂർണ്ണയുടെ ജ്യേഷ്ടസഹോദരി സംഗീതത്തെ സ്നേഹിച്ചതിന്‍റെ പേരിൽ ഭർത്താവിന്റെ വീട്ടുകാരാൽ പീഡീപ്പിക്കപ്പെട്ട് അകാലത്തിൽ മരിക്കുകയാണുണ്ടായത്. അതു കൊണ്ടു തന്നെ അന്നപൂർണ്ണയെ സംഗീതം പഠിപ്പിക്കേണ്ട എന്നായിരുന്നു അച്ഛനമ്മമാരുടെ തീരുമാനം. ജ്യേഷ്ഠനായ അലി അക്ബറിനെ സിത്താർ പഠിപ്പിച്ചു. ഒരു ദിവസം പഠിപ്പിച്ച ഭാഗം വായിച്ചു പഠിക്കാൻ പറഞ്ഞ് കടയിൽ പോയി തിരിച്ചു വരുമ്പോൾ ബാബ കാണുന്നത് സിത്താറിൽ താൻ പഠിപ്പിച്ചു കൊണ്ടിരുന്ന ഭാഗങ്ങൾ കൃത്യതോടെയും ചാരുതയോടെയും ജ്യേഷ്ഠന് വായിച്ചു കൊടുക്കുന്ന അന്നപൂർണ്ണയെയാണ്. അത് കേട്ടുകൊണ്ടു വന്ന ബാബ അന്നപൂർണ്ണയ്ക്ക് അപ്പോൾ തന്നെ സുർബഹാർ എടുത്തു കൊടുത്ത് സ്വന്തം ശിഷ്യയാക്കി.

സിത്താറുമായി കാഴ്ചയിൽ സാമ്യമുണ്ടെങ്കിലും രാഗങ്ങളുടെ സ്വരങ്ങളിൽ നിന്നും സ്വരങ്ങളിലേക്കുള്ള സഞ്ചാരങ്ങൾ, ഇഴുകലുകൾ അതിന്‍റെ ഏറ്റവും ശുദ്ധതയിൽ സാദ്ധ്യമാക്കുന്ന ഒരുപകരണമാണ് സുർബഹാർ. പഠിച്ചെടുക്കാനും പരിശീലിയ്ക്കാനും സിത്താറിനേക്കാൾ കാഠിന്യമേറും.

ചിലരങ്ങനെയാണ്. ജീവിതത്തിലെ കഠിനമായ വഴികൾ നോക്കി സഞ്ചരിക്കുന്നവർ. ചെറുപ്പം മുതലേ വിഷമപാതകളിലൂടെ അന്നപൂർണ്ണ സഞ്ചരിച്ചു – ചിലപ്പോൾ സ്വന്തം തിരഞ്ഞെടുപ്പിലൂടെ, ചിലപ്പോൾ വിധിഹിതം കൊണ്ട്.

തന്‍റെ വഴിത്തിരിവിന് കാരണമായത് അന്നപൂർണാദേവിയുടെ ശിഷ്യനായതാണെന്ന് ഹരിപ്രസാദ് ചൗരസ്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. **മാതൃഭൂമി വാരാന്തപ്പതിപ്പിലെ അഭിമുഖത്തിൽ ചൗരസ്യ ഇക്കാര്യത്തെ കുറിച്ച് പറയുന്നതിങ്ങനെ.

“1957ൽ ഒഡിഷയിലെ കട്ടക്കിൽ ഓൾ ഇൻഡ്യ റേഡിയോയിൽ ജൂനിയർ ആർടിസ്റ്റായി ചേർന്നു. ഇക്കാലത്താണ് എന്‍റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. ബാബാ അല്ലാവുദ്ദീൻ ഖാന്‍റെ പുത്രിയായിരുന്ന അന്നപൂർണ്ണാ ദേവിയിൽ നിന്ന് എനിക്ക് ശിക്ഷണം ലഭിച്ചതായിരുന്നു ആ വഴിത്തിരിവ്. വടക്കേ ഇന്ത്യയിൽ ഏറ്റവും പ്രസിദ്ധിയുള്ള പുല്ലാങ്കുഴൽ പ്രതിഭയായിരുന്നു അന്നവർ. താൻ പഠിപ്പിക്കണമെങ്കിൽ അന്നു വരേക്ക് പഠിച്ചതെല്ലാമുപേക്ഷിച്ച് പൂജ്യത്തിൽ നിന്നാരംഭിക്കണമെന്നവർ പറഞ്ഞു.

ഞാൻ അക്കാലത്ത് വലത്തെ കൈ കൊണ്ടാണ് വായിച്ചിരുന്നത്. എന്നാൽ, ദേവി ഇടത്തോട്ട് പിടിച്ച് വായിക്കാൻ പറഞ്ഞു.

അത് ഏറ്റവും വിഷമം പിടിച്ച ഒന്നായിരുന്നു. പക്ഷേ എന്‍റെ തീവ്രമായ സംഗീതമോഹം കാരണം വലതുകൈ വായന ഉപേക്ഷിച്ച് ഇടതുകൈ കൊണ്ട് ഞാൻ പരിശീലനം തുടങ്ങി.”

സിത്താർ, സരോദ് തുടങ്ങിയ മറ്റുപകരണങ്ങളും വായിക്കാനറിയാമെങ്കിലും വാദകയുടെ ക്ഷമയോടെയുള്ള മീട്ടൽ ആവശ്യപ്പെടുന്ന, ശുദ്ധസംഗീതം പൊഴിക്കുന്ന സുർബഹാർ ആണ് അവർ തിരഞ്ഞെടുത്തത്. പ്രശസ്തിയും പണവും എത്ര വേണമെങ്കിലും കൊടുക്കാൻ ആരാധകലോകം തയ്യാറായിരിക്കെ അവർ വേദികൾ കയ്യൊഴിഞ്ഞു. ബാബ പറഞ്ഞു കൊടുത്ത മൈഹർ സെൻ സംഗീതം അവസാനം വരെ, അതിന്‍റെ ശുദ്ധതയോടെ സാധകം ചെയ്തു കൊണ്ടിരുന്നു.

ബാംഗ്ലൂര്‍ നാഗരത്നമ്മ

വർഷം: 1926, സ്ഥലം: തിരുവയ്യാറിലെ ത്യാഗരാജോത്സവ വേദി. ത്യാഗരാജാരാധനയുടെ നടത്തിപ്പുകാരിൽ ഒരു പ്രധാന വിഭാഗമായ പെരിയകച്ചിയിലെ പ്രമുഖ ഗായകരോരുത്തരായി കച്ചേരിയവതരി പ്പിക്കുകയാണ്. വയലിനിൽ ഗോവിന്ദസാമി പിള്ളൈയും മൃദംഗത്തിൽ അഴകൈ നമ്പി പിള്ളൈയും ആണ് അകമ്പടി സേവിക്കുന്നത്. പ്രധാനപ്പെട്ട പാട്ടുകാരുടെ ഊഴം കഴിഞ്ഞപ്പോൾ അതാ ഒരു സ്ത്രീ വേദിയിലേക്ക് കയറി വരുന്നു. അവർ ഇരുന്ന് കച്ചേരി തുടങ്ങി. ചുറ്റുമുള്ളവർ സ്തബ്ധരായി. അകമ്പടിക്കാർ ഉപകരണങ്ങൾ താഴെ വെച്ചു.

‘നിറുത്തൂ, പെണ്ണുങ്ങൾ ഈ വേദിയിൽ പാടിക്കൂടാ’- ഗോവിന്ദസാമി പിള്ളൈ കർശനമായി പറഞ്ഞു. അപമാനിതയായ ആ സ്ത്രീ തെല്ലും കൂസിയില്ല. അടുത്ത വർഷം മുതൽ സ്ത്രീകളും സ്ത്രീവിരുദ്ധരല്ലാത്ത പുരുഷന്മാരും കൂടി ത്യാഗരാജാരാധന വേറെത്തന്നെ നടത്തും എന്നു പറഞ്ഞ് അവിടെ നിന്നിറങ്ങിയ ആ മഹത് വ്യക്തിയാണ് ബാംഗ്ലൂര്‍ നാഗരത്നമ്മ.

അവിടെയപ്പോൾ നടന്നത് ചരിത്രരേഖകളിൽ ശ്രുതിമധുരമായി രേഖപ്പെടുത്തിയ ഒരു സംഭവമായിരുന്നു. കാരണം ആ സ്ത്രീ വെല്ലുവിളിച്ചത് അപ്രമാദിത്തോടെ നിലനിന്ന പുരുഷ, ബ്രാഹ്മണമേധാവിത്വത്തേയായിരുന്നു. ദേവദാസി സമുദായത്തിൽ പെട്ട നാഗരത്നമ്മ പ്രവീണയായ ഒരു ഗായികയും നർത്തകിയുമായിരുന്നു.

തഞ്ചാവൂരിനടുത്ത് കാവേരി തീരത്തെ ഒരു ചെറുപട്ടണമാണ് തിരുവയ്യാർ. വർഷാവർഷം ബഹുളപഞ്ചമി നാൾ മുതൽ ഒരാഴ്ച നടക്കുന്ന ത്യാഗരാജോത്സവം 1846 മുതൽ നടന്നു വരുന്നു. അവിടെ പങ്കെടുക്കുവാൻ വരുന്നവരുടെയും കേൾവിക്കാരായെത്തുന്നവരുടെയും എണ്ണം അനുവർഷം ഏറി വരുന്നു. കാഞ്ചീപുരം പട്ടുപുടവയും വൈരക്കമ്മലും തിളങ്ങുന്ന മൂക്കുത്തിയും മറ്റുമായി ഇവിടെ പാടാനെത്തിയിരുന്ന ബ്രാഹ്മണസമുദായത്തിൽ പെട്ട സ്ത്രീകൾക്ക് അതിനുള്ള വഴിയൊരുക്കിയത് ഒരു ദേവദാസിയായിരുന്നു എന്ന അറിവ് ആർക്കും അത്ഭുതവും കൗതുകവുമുളവാക്കും. ഇപ്പോൾ ജാതി-മത-ലിംഗ ഭേദമെന്യേ നിരവധി പേർ ഈ മഹത്വേദിയിൽ ഗാനാർച്ചന നടത്തുന്നുണ്ട്.

1926ലെ സംഭവത്തിനുശേഷം തൊട്ടടുത്ത വർഷം തന്നെ നാഗരത്നമ്മ ത്യാഗരാജാരാധനയിൽ കച്ചേരി അവതരിപ്പിച്ചു. രസകരവും ഉദ്വേഗജനകവുമാണ് ആ കഥ.

ബാംഗ്ലൂര്‍ നാഗരത്നമ്മ – ജീവിതരേഖ

International Women’s Day: 1878 നവംബർ മൂന്നിന് മൈസൂരിലെ ദേവനകൊത്ത ഗ്രാമത്തിൽ ജനനം. അമ്മ പുട്ടലക്ഷ്മി അമ്മാൾ വൈഷ്ണവി നഞ്ചൻ ഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ദേവദാസിയായിരുന്നു. അച്ഛൻ മൈസൂർ ബ്രാഹ്മണനായ സുബ്ബണ്ണ. മൈസൂരിൽ വക്കീലായി ജോലി ചെയ്തിരുന്ന എം സുബ്ബറാവു ആയിരുന്നു പുട്ടലക്ഷ്മിയുടെ സംരക്ഷകൻ. നാഗരത്നത്തിന് ഒന്നര വയസ്സുള്ളപ്പോൾ പുട്ടലക്ഷ്മിയും സുബ്ബറാവും തമ്മിലിടഞ്ഞു. ആ അമ്മയും കുഞ്ഞും എല്ലാം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്നു. കഷ്ടകാലത്തിന്‍റെ കുറച്ച് വർഷങ്ങളായിരുന്നു പിന്നീടവർക്ക്. അതിനിടയിലും ആ അമ്മ മകളെ പാട്ടും നൃത്തവും സംസ്കൃതവും പഠിപ്പിച്ചു. ചാമരാജനഗറിൽ എത്തിപ്പെട്ട അവർ കൊട്ടാരത്തിലെ സംസ്കൃതപണ്ഡിതനും ശകുന്തള നാടകസഭയിലെ അദ്ധ്യാപകനുമായ ഗൃഹഭട്ട തിമ്മയ്യയെ പരിചയപ്പെട്ടു. അദ്ദേഹം കുഞ്ഞു നാഗരത്നത്തിന്‍റെ ഗുരുവായി. അങ്ങിനെ ‘അമരകോശം’, ‘ജമിനിഭാരതം’, ‘രാജശേഖരവിലാസം’, ‘കുമാരവ്യാസഭാരതം’ തുടങ്ങിയവയും, കന്നഡ തെലുഗു ഇംഗ്ലീഷ് ഭാഷകളും പഠിച്ചെടുത്തു.

ഗുരുമുഖത്തു നിന്നു കേൾക്കുന്നത് പെട്ടെന്ന് പിടിച്ചെടുക്കുവാനും പാഠങ്ങൾ ഹൃദിസ്ഥമാക്കുന്നതിനും അനിതരസാധാരണമായ കഴിവുണ്ടായിരുന്നു നാഗരത്നത്തിന്. അസൂയാലുക്കളുടെ കുപ്രചരണം മൂലം തിമ്മയ്യ നഗരത്നത്തിനെ പഠിപ്പിക്കാതായി. മൈസൂർ തെരുവുകളിൽ ചാണകം വാരാൻ വിധിക്കപ്പെട്ടതാണ് നാഗരത്നമ്മയുടെ കൈകൾ എന്ന ശാപവചസ്സുകളോടെയാണ് ഗുരു വിട്ടു പോയത്. എന്നാൽ ആ കൈകൾ കൊണ്ട് മഹാരാജാവിന്‍റെ കയ്യിൽ നിന്നും തങ്കവളകൾ സമ്മാനമായി വാങ്ങിപ്പിക്കും എന്ന പ്രതിജ്ഞയോടെ പുട്ടലക്ഷ്മി മകളേയും കൊണ്ട് കാഞ്ചീപുരത്തേക്ക് പോയി. സുഹൃത്തുക്കളെ കണ്ടെങ്കിലും അവിടെയും വിചാരിച്ച രീതിയിൽ ജീവിതം മുന്നോട്ട് പോയില്ല. തിരിച്ച് ബാംഗ്ലൂരില്‍ വരികയും സംഗീതവും നൃത്തവും അഭ്യസിക്കുകയും ചെയ്തു. 1891ൽ കഠിനാദ്ധ്വാനവും അലച്ചിലും കാരണം പുട്ടലക്ഷ്മി ക്ഷയരോഗം വന്നു മരിക്കുമ്പോഴേക്കും നാഗരത്നമ്മ നല്ലൊരു സംഗീതജ്ഞയും നർത്തകിയുമായിക്കഴിഞ്ഞിരുന്നു.

അമ്മ സ്വപ്നം കണ്ടിരുന്നതു പോലെ ധനികരും കലാസാമൂഹികരംഗത്തെ പ്രമുഖരും കച്ചേരികൾക്കായി അവരെ ക്ഷണിക്കുവാൻ തുടങ്ങി. പ്രശസ്തിയും ധനസ്ഥിതിയും വെച്ചടി കയറ്റമായിരുന്നു പിന്നീട്. വിനയവും സംഗീതപ്രതിഭയും ഉള്ളവൾ എന്ന് ഈ കാലത്തെ നാഗരത്നമ്മയെ പ്രശസ്ത കർണ്ണാടക സംഗീതകാരൻ മൈസൂർ വാസുദേവാചാര്യർ രേഖപ്പെടുത്തുന്നുണ്ട്. ഇക്കാലത്താണ് പദവിയും പണവും അധികാരവും കൊണ്ട് ഔന്നത്യത്തിലുള്ള ജസ്റ്റിസ് നരഹരി റാവുവിനെ നാഗരത്നമ്മ പരിചയപ്പെടുന്നത്. അദ്ദേഹം പിന്നീടവരുടെ സംരക്ഷകനായി മാറുകയും ബാംഗ്ലൂര്‍നഗരത്തിരക്കിൽ നിന്നൊഴിഞ്ഞൊരു കുന്നിന്മുകളിൽ ബംഗ്ലാവ് പണിത് അവരെ താമസിപ്പിക്കുകയും ചെയ്യുന്നു. ജസ്റ്റിസിന്‍റെ പൊതുരംഗത്ത് പ്രശസ്തരായ സുഹൃത്തുക്കൾക്ക് ആതിഥ്യമരുളുകയും അവരുടെ ചർച്ചകളിലും വാദപ്രതിവാദങ്ങളിലും പങ്കെടുക്കുകയും ചെയ്ത ആ കാലഘട്ടം പിൽക്കാലത്ത് പല സന്നിഗ്ദ്ധഘട്ടങ്ങളിലും നിന്നു പിഴയ്ക്കാനും നീതിക്കു വേണ്ടി വാദിയ്ക്കാനുമുള്ള ഊർജ്ജവും മനശ്ശക്തിയും നാഗരത്നമ്മാളിന് നൽകിയിട്ടുണ്ടാകണം.

തന്‍റെ  25ആം വയസ്സിലാണ് നാഗരത്നമ്മ മദ്രാസ് സംസ്ഥാനത്തിലെത്തുന്നത്. ദേവദാസിയായ വീണ ധനമ്മാൾ എന്ന കലാകാരിയാണ് അക്കാലത്ത് അവിടെ നിറഞ്ഞു നിന്നിരുന്നത്. രണ്ടു പേരും കണ്ടുമുട്ടിയ നാൾ മുതൽ 1938ൽ ധനമ്മാളുടെ വിയോഗം വരെ പരസ്പരം കൂട്ടായും താങ്ങായും തുടർന്നു. ഈ കാലഘട്ടത്തിൽ ശ്രദ്ധേയമായ ഒരു പിടി കച്ചേരികൾ നടത്തുന്നുണ്ട് നാഗരത്നമ്മ. 146 നഗരങ്ങളിലായി 1235 കച്ചേരികളും മദ്രാസിൽ മാത്രമായി 849 കച്ചേരികളും നടത്തിയതായി 1931ൽ രേഖപ്പെടുത്തിയിരിക്കുന്നു. പല രാജാക്കന്മാരിൽ നിന്നുമായി ഒരുപാട് പുരസ്കാരങ്ങളും ലഭിച്ചു അവർക്ക്. പ്രസിദ്ധ ആന്ധ്രാകവി പുരാണം സൂര്യനാരായണ തീർത്ഥയുടെ കയ്യിൽ നിന്നും ലഭിച്ച ‘വിദ്യാസുന്ദരി’ പട്ടം പിന്നീടവർ പേരിനൊപ്പം ചേർത്തു.

കുട്ടിക്കാലത്ത് ദാരിദ്ര്യത്തിൽക്കൂടി കടന്നു പോകേണ്ടി വന്നതു കൊണ്ടാവാം കച്ചേരികൾക്ക് ലഭിക്കുന്ന പ്രതിഫലത്തിന്‍റെ കണക്ക് സൂക്ഷിക്കുന്നതിലും അത് നന്നായി നിക്ഷേപിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു അവർ. അന്നത്തെക്കാലത്ത് ആദായനികുതി അടച്ചിരുന്ന അപൂർവ്വം കലാകാരികളിലൊരാളായിരുന്നു നാഗരത്നമ്മ.

1900 കളുടെ തുടക്കത്തിലാണ് സൗണ്ട് റിക്കോർഡിങ് വരുന്നത്. ശബ്ദം രേഖപ്പെടുത്തുന്നത് തൊണ്ടയെ ബാധിക്കും എന്നും മറ്റുമുള്ള അന്ധവിശ്വാസവും പുതിയ സാങ്കേതിക വിദ്യകളോടുള്ള ഭയവും മൂലം പല പാട്ടുകാരും റിക്കോർഡിങ്ങിന് വിസ്സമ്മതിച്ചു. അതിനാൽ പിന്നത്തെ തലമുറകൾക്ക് ഒരുപാട് ശബ്ദങ്ങൾ നഷ്ടമായി. എന്നാൽ 1905ൽ നാഗരത്നമ്മ തന്‍റെ  ശബ്ദം റിക്കാർഡ് ചെയ്ത് ഡിസ്കിലാക്കി. നാഗരത്നമ്മ ആലപിച്ച കീർത്തനങ്ങൾ യൂട്യൂബില്‍     ഇന്നും കേൾക്കാൻ സാധിക്കുന്നതിന് അവരുടെ ധൈര്യത്തിനും ഇച്ഛാശക്തിക്കും നാം കടപ്പെട്ടിരിക്കുന്നു.

ആദ്യ ഗ്രാമഫോൺ കമ്പനിയായ The Gramaphone & Typewriter Limited (GTTL) ന് വേണ്ടി ഒരുപാട് ഡിസ്കുകൾ പാടി റെക്കോർഡ് ചെയ്തിട്ടുണ്ട് നാഗരത്നമ്മ. ഇതിനിടെ പെൺകുട്ടികളെ ക്ഷേത്രങ്ങളിൽ നടയിരുത്തുന്നതും ക്രമേണ വേശ്യാവൃത്തിയിലേക്ക് നയിക്കുന്നതുമായ ദേവദാസി സമ്പ്രദായത്തിനെതിരെയുള്ള ബ്രിട്ടീഷ്സർക്കാരിന്‍റെ നടപടികൾ ശക്തിയാർജ്ജിച്ചു വരുന്നുണ്ടായിരുന്നു. അതോടെ നൃത്തമുപേക്ഷിച്ച് ആദ്ധ്യാത്മകപ്രഭാഷണത്തിലേക്ക് കടന്നു നാഗരത്നമ്മ.

1921ലാണ് ത്യാഗരാജന്‍റെ തിരുവയ്യാറിലുള്ള സമാധിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് നാഗരത്നമ്മ മനസ്സിലാക്കുന്നത്. ഉടനെ അവിടം സന്ദർശിച്ച് തിരുവയ്യാറിൽ കാവേരി തീരത്ത് സ്വസമ്പാദ്യത്തിലെ വിഹിതം വിനിയോഗിച്ച് ചെറിയ സ്ഥലം വാങ്ങുകയും അവിടെ ത്യാഗരാജപ്രതിമ സ്ഥാപിക്കുകയും ചെയ്തു. ക്രമേണ അത് ചെറിയ ക്ഷേത്രമായി പരിണമിച്ചു. 1952ൽ മരിയ്ക്കുന്നതു വരെ അവിടെത്തന്നെ താമസമാക്കി നാഗരത്നമ്മ.

International Women’s Day: ഫെമിനിസം എന്ന വാക്ക് ഇന്ത്യയിലെന്നല്ല യൂറോപ്പിൽ പോലും കേട്ടു തുടങ്ങുന്നതിനു മുൻപ് അതിൽ വിശ്വസിക്കുകയും പെൺപദവി ഉയർത്തിപ്പിടിക്കുകയും പെണ്ണൂങ്ങൾക്ക് ന്യായമായി കിട്ടേണ്ട അവകാശങ്ങൾ നേടിയെടുക്കുവാനായി പോരാടുകയും ചെയ്ത ഒരു മഹതിയായിരുന്നു നാ‍ഗരത്നമ്മ. അതിന് ദൃഷ്ടാന്തമായ ഒരു സംഭവം- ത്യാഗരാജാരാധനയിൽ പങ്കെടുത്തത്- മുൻപ് പ്രതിപാദിച്ചിരുന്നല്ലൊ.

1847ൽ ത്യാഗരാജൻ മരിച്ചതിൽപ്പിന്നെ അടുത്ത ബന്ധുക്കളും ശിഷ്യരും തുടങ്ങിവെച്ച ശ്രദ്ധാഞ്ജലി വർഷാവർഷം ചെറിയ തോതിൽ നടന്നു വന്നിരുന്നു. 1914മുതലാണ് അഞ്ച് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പൂജാദി കർമ്മങ്ങളും സംഗീതക്കച്ചേരികളും ഉഞ്ചവൃത്തിയുമൊക്കെയായി ആഘോഷം വിപുലപ്പെടുത്തിയത്. ആദ്യകാലങ്ങളിൽ പ്രബലങ്ങളായ രണ്ട് സംഘങ്ങൾ- പെരിയ കച്ചി, ചിന്ന കച്ചി- നേതൃത്വം കൊടുത്തുകൊണ്ട് വേറെ വേറെയായിട്ടാണ് അഞ്ജലി നടത്തിയിരുന്നത്. പുരുഷ, ബ്രാഹ്മണ മേധാവിത്വം അധമത്വം കൽ‌പ്പിച്ച് അകറ്റി നിറുത്തിയ രണ്ടു വിഭാഗക്കാരായിരുന്നു നാദസ്വരക്കാരും സ്ത്രീകളും. രണ്ടു കൂട്ടർക്കും വേദിയിൽ പാടാൻ വിലക്കുണ്ടായിരുന്നു. പക്ഷേ പരിപാടി നടത്താനാവശ്യമായ പണത്തിന്‍റെ നല്ലൊരു പങ്ക് വഹിക്കുന്ന നാദസ്വരക്കാരെ പ്രീതിപ്പെടുത്താനായി വൈകുന്നേരത്തെ ഊർവ്വലത്തിന് അകമ്പടി സേവിക്കാൻ അവരെ കൂടെ കൂട്ടി.

1914 മുതൽ 1926 വരെ പെണ്ണുങ്ങൾ ത്യാഗരാജോത്സവ വേദിയിൽ പാടാറില്ലായിരുന്നു. അക്കാലത്ത് കച്ചേരി അവതരിപ്പിക്കുന്ന നിലവാരത്തിൽ സംഗീതമഭ്യസിച്ചിരുന്നത് ദേവദാസി സമുദായത്തിൽ പെട്ടവർ മാത്രമായിരുന്നു. ബ്രാഹ്മണസ്ത്രീകൾ പാട്ടു പഠിച്ചിരുന്നുവെങ്കിലും അത് വീട്ടിലെ പുരുഷന്മാരെ ആനന്ദിപ്പിക്കാനും പൂജാസമയത്ത് ആലപിക്കാനും വേണ്ടി മാത്രമായിരുന്നു. പെണ്ണാണെന്നുള്ളതിന് പുറമെ ദേവദാസി ആണെന്നുള്ള നിഷിദ്ധത കൂടി മറി കടക്കേണ്ടതുണ്ടായിരുന്നു നാഗരത്നമ്മയ്ക്ക്. പരിപാടിക്ക് നേതൃത്വം വഹിച്ചിരുന്ന പുരുഷന്മാരിൽ പലരും ദേവദാസികളുമായി ബന്ധം പുലർത്തിയിരുന്നുവെങ്കിലും ത്യാഗരാജോത്സവവേദിയിൽ ഒരു സ്ത്രീ അതും ഒരു ദേവദാസി പാടുക എന്നത് അവരുടെ ചിന്തകളിൽ പോലുമുണ്ടായിരുന്നില്ല.

കാലം കൊണ്ടുറച്ചു പോയ ആ ഒരു കീഴ്‌വഴക്കമാണ് 1926ൽ നാഗരത്നമ്മ ഉടച്ചു കളഞ്ഞത്. (കേരളത്തിൽ 300 കൊല്ലം വേണ്ടി വന്നു ഒരു സ്ത്രീക്ക് തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിൽ പാടാൻ. 2006ൽ പാറശ്ശാല പൊന്നമ്മാൾ എന്ന മഹാഗായികയാണ് അന്നു വരെ പുരുഷസ്വരം മാത്രം മുഴങ്ങിക്കേട്ടിരുന്ന നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ സ്ത്രീ).

1927. ത്യാഗരാജാരാധനയുടെ ദിവസങ്ങൾ അടുക്കുന്നു. സമാധിയുടെയടുത്തുള്ള വാഴത്തോപ്പ് വെട്ടി തുറസ്സുണ്ടാക്കുന്നു, പന്തലിടുന്നു, സ്റ്റേജ് കെട്ടുന്നു. എല്ലാറ്റിനും മേൽനോട്ടം വഹിച്ചുകൊണ്ട് നാഗരത്നമ്മ ഓടി നടക്കുന്നുണ്ട്. അടുത്തുള്ള വീടുകളിലായി നാല്പതോളം ദേവദാസികൾക്ക് താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. ഉച്ചയാകുമ്പോഴേക്കും ദേവദാസികളെത്തിത്തുടങ്ങി. എല്ലാവരും ഉത്സാഹത്തിലാണ്. ചിലർ പാടുന്നു, ചിലരാടുന്നു, ചിലർ പകിട കളിക്കുന്നു. ആകപ്പാടെ ജഗപൊക.

വൈകുന്നേരമായി. പെരിയ കച്ചിയുടെ ആരാധന തുടങ്ങി. തൊട്ടപ്പുറത്തെ സ്റ്റേജിൽ നാഗരത്നമ്മയും നാൽ‌പ്പത് ദേവദാസികളും ആലാപനം തുടങ്ങി. നാഗരത്നമ്മയുടെ ഉദ്ഘാടന പ്രസംഗത്തോടെയായിരുന്നു തുടക്കം. (പരിപാടിക്ക് വീണ ധനമ്മയുടെ അനുഗ്രഹാശിസ്സുകളുമുണ്ടായിരുന്നു). നിമിഷ നേരം കൊണ്ട് ആളുകൾ കൂടി. പെണ്ണുങ്ങളുടെ സദസ്സ് നിറഞ്ഞു. അപ്പുറത്ത് നിന്ന് ആഹാരവും ഇപ്പുറത്തു നിന്ന് ആസ്വാദനവും. പുരുഷ, ബ്രാഹ്മണ മേധാവികൾക്ക് ഇതിലും വലിയൊരു നാണക്കേടും ആഘാതവുമുണ്ടാകാനില്ല. അതിനടുത്ത വർഷം മുതൽ ആണുങ്ങൾക്കൊപ്പം പെണ്ണുങ്ങളും ത്യാഗരാജാരാധനാ വേദിയിൽ പാടിത്തുടങ്ങി.

18ആം നൂറ്റാണ്ടിലെ ദേവദാസിയായ പണ്ഡിത മുത്തുപളനിയുടെ ‘രാധികാസന്ത്വനം’ എന്ന രചന പൂർണ്ണരൂപത്തിൽ അച്ചടിച്ച് പുറത്തു കൊണ്ടു വന്നതാണ് നാഗരത്നമ്മയുടെ പ്രശംസാർഹമായ മറ്റൊരു പ്രവർത്തനം. 18ആം നൂറ്റാണ്ടിൽ തഞ്ചാവൂർ ഭരിച്ചിരുന്ന മറാത്താരാജാവ് പ്രതാപസിംഹന്‍റെ നിയമപരമല്ലാത്ത ഭാര്യയും കൊട്ടാര കവയിത്രിയുമായിരുന്നു മുത്തുപളനി. അവർ ആണ്ടാളുടെ ‘തിരുപ്പാവൈ’ തമിഴിൽ നിന്നും തെലുങ്കിലേക്ക് വിവർത്തനം ചെയ്തു. ‘രാധികാസാന്ത്വനം’ തെലുങ്കിൽ രചിക്കുകയും ചെയ്തു.

സ്വന്തം ജ്യേഷ്ടപുത്രിയെ വിവാഹം കഴിക്കുന്ന കൃഷ്ണന് രാധ നൽകുന്ന ഉപദേശങ്ങളും ആ വിവാഹത്തിൽ വൈകാരികമായി തകർന്നുപോകുന്ന രാധയെ കൃഷ്ണൻ ആശ്വസിപ്പിക്കുന്നതുമാണ് പ്രമേയം. എന്നാൽ സാധാരണ കൃഷ്ണഗീതികൾ പോലെ അതൊരു ഭക്തി കാവ്യമായിരുന്നില്ല, ശൃംഗാര, കാമ കാവ്യമായിരുന്നു. ആൺ-പെൺ ബന്ധത്തിലെ ചെറിയ ചെറിയ നിഗൂഢതകളും, ആകാംക്ഷകളും അസൂയയും ശാരീരിക ചോദനകളും എല്ലാം മറയില്ലാതെ വർണ്ണിക്കുന്ന ഒരു കൃതിയാണത്. പൗരസ്ത്യ വിഷയവൈജ്ഞാനികനായ ചാൾസ് ഫിലിപ് ബ്രൗൺ 1855ൽ മദ്രാസ് ഓറിയന്റൽ ലൈബ്രരിക്ക് കൈമാറിയ ഗ്രന്ഥശേഖരത്തിൽ ഒന്ന് ‘രാധികാസാന്ത്വന’മായിരുന്നു. അത് 1887ൽ പ്രസിദ്ധീകരിച്ചു. വീരേശലിംഗം എന്ന തെലുങ്ക് സാമൂഹ്യപരിഷ്കർത്താവ് തെലുങ്ക് കവികളുടെ ചരിത്രം സമാഹരിച്ചപ്പോൾ അതിൽ ‘രാധികാസാന്ത്വന’ത്തെക്കുറിച്ചും മുത്തുപളനിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ദേവദാസി സമ്പ്രദായത്തെ ശക്തമായി എതിർത്തിരുന്ന അദ്ദേഹം ‘രാധികാസാന്ത്വനം’ എന്ന കൃതിയുടെ ഉള്ളടക്കം തന്നെ ഞെട്ടിച്ചതായും അതൊരു വേശ്യ രചിച്ച നാണം കെട്ട കൃതിയാണെന്നും എഴുതി. 1907ൽ പുസ്തകത്തിന്‍റെ മറ്റൊരു വ്യാഖ്യാനം (വേർഷൻ) വെങ്കടനരശ് എന്ന എഴുത്തുകാരൻ പുറത്തിറക്കി.

അത് 1887ൽ പ്രസിദ്ധീകരിച്ച മൂലകൃതിയിൽ നിന്നും വ്യത്യസ്തമാണെന്ന് നാഗരത്നമ്മ കണ്ടെത്തി. രചയിതാവായ മുത്തുപളനി തന്നെയും തന്‍റെ മുത്തശ്ശിയേയും അമ്മായിയേയും പറ്റി അവരിലൂടെ തന്നിലേക്ക് നീണ്ട പാരമ്പര്യ ഗുണങ്ങളെപ്പറ്റിയും ഒക്കെ എഴുതിയത് പിന്നീട് പുറത്തു വന്ന പുസ്തകങ്ങളിൽ ഒഴിവാക്കിയിട്ടുണ്ടായിരുന്നു. ഇത് നാഗരത്നമ്മയെ ചൊടിപ്പിച്ചു. വിട്ടുപോയ ഭാഗങ്ങളെല്ലാമുൾപ്പെടുത്തി, വീരേശലിംഗത്തിന്‍റെ അഭിപ്രായപ്രകടനങ്ങൾക്കൊക്കെ മറുപടിയും ചേർത്ത് 1910ൽ പുസ്തകം അവർ വീണ്ടുമിറക്കി. താൻ കൂടി ഉൾപ്പെട്ട ദേവദാസികുലത്തിലെ അംഗമാണു മുത്തുപളനി എന്നതിൽ തനിക്കഭിമാനമുണ്ടെന്നവരെഴുതി. പക്ഷേ പുസ്തകത്തിനെതിരെ ശക്തമായ വിമർശനങ്ങളുയർന്നു. പലരും അതിലെ ലൈംഗികതയെ വിമർശിച്ച് എഡിറ്റോറിയൽ വരെ എഴുതി. പുസ്തകം നിരോധിച്ചു. നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് നാഗരത്നമ്മയ്ക്ക് പിന്നീട് പുസ്തകമിറക്കാനായത്.

ഭാരതത്തിലെ ഒരുപാട് ആചാരനുഷ്ടാനങ്ങളിൽ കൈ കടത്തിയിട്ടുണ്ട് ബ്രിട്ടീഷുകാർ. ദേവദാസികൾക്കെതിരെയുള്ള നിയമം നിർമ്മിക്കുന്നതിനു വേണ്ടി ബ്രാഹ്മണരുൾപ്പെടെയുള്ള സവർണ്ണർ ശബ്ദമുയർത്തിയിരുന്നു. എന്നാൽ നാഗരത്നമ്മ സ്വന്തം സമുദായത്തെ ഒരിക്കലും തള്ളിപ്പറഞ്ഞില്ല. വീണ ധനമ്മാൾ, ബാലസരസ്വതി തുടങ്ങിയ മികച്ച കലാകാരികൾ ദേവദാസികളായിരുന്നുവെന്നും അവർ തനത് കലയുടെ സൂക്ഷിപ്പുകാരാണെന്നും നാഗരത്നമ്മ വാദിച്ചിരുന്നു. ദേവദാസികളുടെ ക്ഷേമത്തിനായുള്ള സംഘടനയുടെ ഭാരവാഹിയായിരുന്നു അവർ. തന്‍റെ ജീവിതാവസാനം വരെ ദേവദാസി എന്ന ഐഡന്റിറ്റി ഉയർത്തിപ്പിടിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു നാഗരത്നമ്മ.

International Women’s Day: ഒരു പുരുഷന്‍റെ ഈഗോ കാരണം എന്നെന്നേക്കുമായി വേദി വിടാൻ തീരുമാനിച്ച അന്നപൂർണ്ണയേയും പല പുരുഷന്മാരോട് പോരാടി വേദി വാങ്ങിച്ചെടുത്ത നാഗരത്നമ്മയേയും ഓർമ്മിക്കുമ്പോൾ അടിക്കടി മനസ്സിൽ വരുന്നൊരു ചോദ്യമുണ്ട് – നാഗരത്നമ്മ, അന്നപൂർണ്ണാദേവിയെ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്തു പറഞ്ഞേനേ?

“പുറത്തിറങ്ങൂ അനിയത്തീ, നിന്‍റെ പാട്ടു കേൾക്കാൻ ജനം ആവലോടെ കാത്തിരിക്കുന്നു. സംഗീതം പുരുഷന്‍റെ കുത്തകയല്ല. ഒരുവന്‍റെ ഈഗോയ്ക്കു വേണ്ടി ബലി കൊടുക്കേണ്ടതല്ല നിന്‍റെ ആലാപനം. ശ്രോതാക്കളുടെ കയ്യടിയും കൂടിയാവുമ്പോഴേ നിന്‍റെ സംഗീതം പൂർണ്ണത പ്രാപിക്കൂ. വരൂ, വേദിയിലേക്ക് കയറൂ, പാടൂ”

*അന്നപൂർണ്ണാദേവി മുംബൈയിൽ താമസിച്ചിരുന്ന വീടിന്‍റെ പേര്

** മാതൃഭൂമി വാരന്തപതിപ്പ് 2018 ഫെബ്രുവരി 25

***ആധാരം: 1) An unheard melody Annapurna Devi, an authorized biography by Swapan Kumar Bandyopadyay, Roli Books Pvt Ltd, 2005

2)  The Devadasi and the Saint, The life and times of Bangalore Nagarathnamma, Sriram V, East West, 2007

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook