/indian-express-malayalam/media/media_files/uploads/2018/03/press-for-progress-revised.jpg)
ഇലീഷ് മത്സ്യങ്ങളെപ്പോലെയാണ് സ്ത്രീകള്‍ എന്ന് പറയുന്നത് എത്ര ശരിയാണ്. ഈ മത്സ്യങ്ങള്‍ മുട്ടയിടാന്‍ വേണ്ടി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ലവണജലം വിട്ട് ശുദ്ധജലം തേടുന്നുവത്രേ! സ്ത്രീകള്‍ ആത്മസംതൃപ്തിക്കും സമാധാനത്തിനും വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ തീര്‍ച്ചയായും ഇത്തരത്തിലുള്ളൊരു സഞ്ചാരമാണ്. ആത്മനിയന്ത്രണവും ആത്മവിശ്വാസവും ഉണ്ടായിട്ടും സമൂഹം അവളെ കപടമൂല്യങ്ങളുടെ പേരു പറഞ്ഞ് ക്ഷയിപ്പിക്കുന്നു. വീടുകളിലെ ടോയ്‌ലറ്റുകളെപ്പറ്റി വീമ്പ് പറയുന്ന അധികാര കേന്ദ്രങ്ങള്‍, സ്ത്രീയെ കൂടുതല്‍ സമയം വീടിനകത്ത് ഇരിക്കാന്‍ തന്നെയാണ് പ്രേരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടിയ ടോയ്‌ലറ്റ് ക്യാംപെയിനുകള്‍ക്കുശേഷവും പബ്ളിക് ടോയ്‌ലറ്റുകള്‍ എന്നത് വിദൂര സ്വപ്നമായി നിലനില്‍ക്കുകയാണ്. തുറസ്സായ ഇടങ്ങളിലെ വിസര്‍ജ്ജനം സ്ത്രീ ചെയ്യാതിരിക്കുന്നത് അവളുടെ സ്വകാര്യതയുടെ സംരക്ഷണത്തിനൊപ്പം ഒരു വലിയ സംസ്കാരത്തിന്‍റെ ഉയര്‍ത്തിപ്പിടിക്കല്‍ കൂടിയാണ് എന്ന് സമൂഹം വായിച്ചെടുക്കണം.
എഴുതാനുളളതെല്ലാം പരിവേദനങ്ങള്‍ ആയിപ്പോവുമോ എന്ന ഭയത്തോടെ മാത്രം എഴുതുന്നവരാണ് സ്ത്രീകളില്‍ അധികവും. ഇക്കാരണം കൊണ്ട് തന്നെയാവണം ലോഭമില്ലാത്ത പുരുഷ പുച്ഛത്തിന് സ്ത്രീ എഴുത്തുകള്‍ പാത്രീഭവിക്കുന്നതും. എത്രമാറ്റിവച്ചാലും തികട്ടിവരുന്നത് നീതിനിഷേധത്തിന്‍റെ ദൈനംദിന വിശേഷങ്ങളെ ഇനവും തരവും തിരിച്ച് എഴുതിച്ചേര്‍ക്കുക എന്നത് തന്നെ. സമൂഹത്തിന്‍റെ വിലപേശലുകളില്‍ ഒരു നേര്‍ത്ത കത്തിയുടെ മുന്നില്‍ പൊഴിഞ്ഞു വീഴുന്ന ആണഹന്തയുടെ മീശകളില്‍ പൊളളുന്ന കണ്ണീര്‍ക്കണങ്ങള്‍ക്ക് ഇത്രയൊക്കയേ സാധ്യതയുളളൂ എന്ന പൊതുബോധത്തിന്‍റെ വിളിച്ചുചൊല്ലലാണ്.
വിര്‍ജീനിയ വൂള്‍ഫ് പറയും പോലെ, നല്ല ധനസ്ഥിതിയും ഒരു നല്ല മുറിയും - എഴുതാനല്ലെങ്കില്‍ക്കൂടി - ഒരു സ്ത്രീക്കുണ്ടാവേണ്ടത് അവളുടെ ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങളില്‍ ഒന്നാണ്. കേള്‍ക്കാനാഗ്രഹിക്കുന്ന സൗമ്യമായ മെലഡിയെ തഴഞ്ഞുകൊണ്ട് കുട്ടികളുടെ ഫാസ്റ്റ് നമ്പറുകള്‍, ഇഷ്ടപ്പെട്ട ഒരു സിനിമയ്ക്കോ കുക്കറി ഷോയ്ക്കോ ഒഴിഞ്ഞുമാറി ചാനല്‍ചര്‍ച്ചകളുടെ പുറകില്‍ നില്‍ക്കണം, പത്രം ആദ്യം വായിക്കുന്നത് ആരാവും വീട്ടില്‍? അവസാനം വായിക്കുന്നത് എന്തായാലും അമ്മ തന്നെ.
നിങ്ങള്‍ക്കു നിങ്ങളെപ്പറ്റി സത്യം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍, മറ്റുളളവരെപ്പറ്റിയുളള സത്യവും പറയാന്‍ നിങ്ങള്‍ക്കു കഴിയില്ല എന്ന് വൂള്‍ഫ് പറയാന്‍ കാരണവും അത് തന്നെയാവും. ദൈനംദിന ജീവിതത്തിലെ പ്രഭാത ചായ മുതല്‍ പുറകോട്ടു പോവുന്ന സ്ത്രീയുടെ ഊഴങ്ങള്‍, നടുനിവര്‍ത്തുന്നത് അവളുറങ്ങുമ്പോള്‍ മാത്രം ഉറങ്ങുന്ന വീടിനൊപ്പമാണ്.
അധികാര പുനര്‍നിര്‍മ്മാണം വഴിയല്ലാതെ സമൂഹത്തില്‍ സ്ത്രീയുടെ സുരക്ഷയും സമത്വവും ഉറപ്പ് വരുത്തുവാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല. അധികാരശ്രേണിയിലെ സ്ത്രീയുടെ പ്രാതിനിധ്യക്കുറവ് അവളുടെ സംസാരത്തില്‍ ഉറപ്പില്ലായ്മ സൃഷ്ടിക്കുന്നു. തൊഴിലിടങ്ങളില്‍പോലും അധികാരം പുരുഷന് കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നു. ആധികാരികമായി സംസാരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ കുറവിന് പ്രധാനകാരണം കുടുംബത്തിലെയും സമൂഹത്തിലെയും ഈ അധികാരമില്ലായ്മ തന്നെയാണ്. ഉറച്ചു സംസാരിക്കാനും സ്വന്തം അഭിപ്രായങ്ങള്‍ക്ക് വില ലഭിക്കാനും സമാന്തര ലോകത്തോ സാങ്കൽപിക ലോകത്തോ അവര്‍ സ്വന്തം ഇടം ഉണ്ടാക്കുന്നുണ്ടെന്ന് നവസമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ചാല്‍ കൃത്യമായി മനസ്സിലാകും. അതറിഞ്ഞു തന്നെയാണ് ഈ ചുമരില്‍ “എന്തെങ്കിലും എഴുതൂ” എന്ന് മുഖപുസ്തകം പറയുമ്പോള്‍ സര്‍വ്വേഫലങ്ങള്‍ ശരിവച്ചുകൊണ്ട്, സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതലാണ് എന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നതും.
സ്വന്തം ചിന്തകള്‍ക്കും ആത്മാവിഷ്കാരങ്ങള്‍ക്കും പാസ്‌വേഡുണ്ടാക്കി ഒരു ഫെയ്സ്ബുക്ക് ഐഡിയില്‍ സന്തോഷിക്കാന്‍ സ്ത്രീ ശ്രമിക്കുന്നതും കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയുന്ന ഒരിടത്തിനുവേണ്ടി തന്നെയാണ്. യഥാര്‍ത്ഥ്യബോധത്തോടെ സമൂഹമാധ്യമങ്ങളിലെ സാധ്യതകളെ ഉപയോഗിച്ച് സ്വന്തം ഇടം സ്ഥാപിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഈ സമാന്തര ജീവിതത്തിനോടും താരതമ്യേന റിസ്ക് കുറഞ്ഞതും ദിവസത്തിന്‍റെ എതു സെക്കന്‍റിലും ആ ഇടത്തിലേക്കിറങ്ങിച്ചെല്ലാം എന്ന എളുപ്പവും കൊണ്ടുതന്നെയാവും.
സുരക്ഷിതമായ ഇടങ്ങളിലിരുന്ന് സ്വന്തം ലോകത്ത് അഭിരമിക്കാമെന്നതും സമാനമനസ്കരുമായുളള ആശയവിനിമയം വഴി സ്വന്തം പോസിറ്റിവിറ്റി നഷ്ടപ്പെടാതെ കൊണ്ടുനടക്കാം എന്നതും 'മുഖപുസ്തകം' പോലുളള നവമാധ്യമങ്ങള്‍ സ്ത്രീകള്‍ക്ക് പ്രദാനംചെയ്യുന്ന സീമാതീതമായ സ്വാതന്ത്ര്യങ്ങളാണ്.
ഒരു സിനിമ കാണാന്‍ പുറത്തിറങ്ങണമെങ്കില്‍പോലും സ്വന്തം സുരക്ഷ ഉറപ്പുവരുത്തേണ്ട ഗതികേടുളള സ്ത്രീ സമൂഹം, ഇരുട്ടിനു മുന്‍പേ വീടെത്തിയില്ലെങ്കില്‍ സംഭവിക്കാവുന്ന ഏതൊരു ആക്രമണത്തിനും, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരെ “സമയസൂചിയാണ് നിന്‍റെ സുരക്ഷയുടെ ആദ്യതാക്കോല്‍" (ഇരുട്ടിനു മുന്നേ വീടു പിടിക്കൂ, സ്ത്രീ സുരക്ഷയുടെ പുതിയ ഏര്‍പ്പാടാണ്) എന്ന് തലകുനിച്ച് സമ്മതിക്കേണ്ടിവരും. ലോകത്തിന് മുന്നില്‍ വെളിപ്പടുത്താന്‍ യോഗ്യതയില്ലാത്ത ഹീനമായ പ്രവൃത്തി എന്ന ഉത്തമ ബോധ്യമുളളതുകൊണ്ടാവണം കുറ്റവാസനകള്‍ക്ക് ഇരുട്ട് ഇത്ര പ്രിയങ്കരമാവുന്നത് എന്ന് പറയേണ്ടിവരും. സ്വന്തം രൂപത്തെപോലും പേടിക്കാതെ അധമത്വത്തിന്‍റെ അതികായരൂപം പുറത്തെടുക്കാന്‍ ഇരുട്ടിനേക്കാള്‍ പറ്റിയ മറ വേറെ ഏതുണ്ട്?*
/indian-express-malayalam/media/media_files/uploads/2018/03/sunitha-2.jpg)
എഫ്എം റേഡിയോ ഓണ്‍ ചെയ്ത് വച്ച് ഒരു നല്ല പാട്ട് വരുമ്പോഴേയ്ക്കും കുക്കറിന്‍റെ വിസില്‍ മര്‍ദ്ദം അറിയിക്കും. പാട്ടിന്‍റെ നല്ല വരി ഓര്‍ത്തെടുക്കാന്‍ കഴിയാതെ വെറുതെ കുക്കറിന്‍റെ തലയ്ക്ക് ഒരു മേട്, അത്ര തന്നെ. വാര്‍ത്തകള്‍ സൂത്രത്തിലൊപ്പിച്ചാലേ ഓഫീസിലെ ചര്‍ച്ചകളില്‍ ഒന്ന് വായ തുറക്കാനെങ്കിലും കഴിയൂ എന്ന് കരുതുമ്പോള്‍ ചിരകിയ നാളികേരവുമായി മിക്സി അലപ്പു തുടങ്ങിയിട്ടുണ്ടാവും. പല സ്ഥായിയില്‍, സമയാസമയങ്ങളില്‍ സിറ്റൗട്ടിലേയ്ക്കും കുളിമുറിയിലേയ്ക്കും അടച്ചിട്ട മുറികളിലേയ്ക്കും എത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വായുവില്‍ മൂളിപ്പറക്കുമ്പോള്‍ ഏതെങ്കിലും ഒരു മൂലയില്‍ നിന്നും പാറിവന്നെത്തും ചെവിയില്‍, എന്തിനാ ഇങ്ങനെ അട്ടഹസിക്കുന്നെ? അപ്പോഴേയ്ക്കും ആ ദൂരങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ഡൈനിങ് ടേബിളിന്‍റെ സമൃദ്ധിയിലേക്കെത്തിയിരിക്കും. കൊണ്ടുപോവാനുളളത്, തത്സമയം കഴിക്കാനുളളത്, വഴിച്ചിലവിനുളളത്, കൂട്ടുകാര്‍ക്കുളളത് എല്ലാം നിരനിരയായി റെഡി.
എസ്. ശാരദക്കുട്ടി പറഞ്ഞതുപോലെ അടുക്കളയില്‍ ഒരു കസേര ഇട്ടിട്ടും കയ്യകലത്തില്‍ പുസ്തകം സൂക്ഷിച്ചിട്ടും എടുത്തുപറയത്തക്ക മാറ്റങ്ങള്‍ ഒന്നും ഇല്ല. വെട്ടിക്കഴുകി വരഞ്ഞ ഓരോ മീനിന്‍റെ പുറത്തും വായിക്കാന്‍ കഴിയാത്ത വരികളുടെ അടയാളങ്ങള്‍ ബാക്കിയായി.
വിനയം സ്ത്രീയുടെ പോരായ്മയായി മാറിക്കൊണ്ടിരിക്കുകയാണ്. വിനയവും വിവേകവും സ്ത്രീയില്‍ രണ്ടായി നില്‍ക്കുമ്പോഴും അനുഭവങ്ങളുടെ തീക്ഷണത അവളെ നിസംഗയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ആരാച്ചാരിലെ’ ഥാക്കുമാ’യെ ലീലാവതി ടീച്ചര്‍ വിലയിരുത്തുന്നത്, ജീവിതത്തിന്‍റെ കാഠിന്യവും ദുരന്തവും ദാര്‍ശനിക നിസംഗതയുടെ അലൗകികതലത്തിലേക്കുയര്‍ന്ന് നിന്ന് നേടിയ പക്വമതിയെന്നാണ്. അനുഭവങ്ങളുടെ അടുക്കളയിലും സന്ധിസഹനങ്ങളുടെ കിടപ്പറയിലും മാതൃസ്നേഹത്തിന്‍റെ മൂശയിലും നിരന്തരം പോരാടിത്തന്നെയാണ് സ്ത്രീ നിസംഗയായി മാറുന്നത്. സ്ത്രൈണതയുടെ പ്രതിരോധഭിത്തി ജീവിതത്തിന്‍റെ സുനാമികളില്‍ പലവട്ടം തകര്‍ന്നയിടുമ്പോഴും ഒരു നിയോഗം പോലെ വീണ്ടും വീണ്ടും അവള്‍ അത് നിര്‍മ്മിച്ചുകൊണ്ടിരിക്കും. എം.കൃഷ്ണന്‍നായര്‍ 'സാഹിത്യവാരഫല'ത്തിലെ ചോദ്യോത്തര പംക്തിയില്‍ വന്ന ചോദ്യത്തിന് പറഞ്ഞ മറുപടി, നിലപാടുകളില്‍ പലപ്പോഴും സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുന്നയാളായിരുന്നിട്ടുപോലും ഇപ്രകാരമായിരുന്നു.
ചോ: സ്ത്രീയുടെ ഏറ്റവും വലിയ ദൗര്‍ഭാഗ്യമേത്?
ഉ: ”സംസ്കാര ദരിദ്രനായ ഒരുവനോടുകൂടി ദാമ്പത്യ ജീവിതത്തിന്‍റെ നിത്യനരകത്തില്‍ കഴിയുക എന്നത്."
/indian-express-malayalam/media/media_files/uploads/2018/03/sunitha-3.jpg)
അയാള്‍ക്കിഷ്ടമുളളതെല്ലാം വെച്ചുവിളമ്പി, അയാളുടെ അഭിരുചിക്കൊത്ത സിനിമകള്‍, ഉത്സവങ്ങള്‍, യാത്രകള്‍ എല്ലാം ചെയ്യുമ്പോഴും തെറ്റിദ്ധരിക്കേണ്ട കാര്യമില്ല, വരും നാളില്‍ നിങ്ങളെ നിങ്ങളാവാന്‍ അയാള്‍ അനുവദിക്കുമെന്ന്. ഇത് ദാമ്പത്യത്തിന്‍റെ മാത്രം മഹനീയതയെന്ന് പറയാം. ഒരാള്‍ മറ്റൊരാളുടെ നിഴലായി അവസാനം അയാളുടെ ഇഷ്ടങ്ങളുടെ മറ്റൊരു സൃഷ്ടിയായി മാറുന്നത്. സ്വന്തം വീടുവിട്ടു പോകല്‍, അച്ഛനമ്മമാരെ പിരിയല്‍, എല്ലാം സ്ത്രീക്കു മാത്രം - സ്വന്തം അസ്തിത്വം എവിടെയോ വച്ചു മറന്നിട്ടു വേണം ജീവിതത്തിലേയ്ക്ക് ഒരാളെ കൂട്ടു പിടിക്കാന്‍. അവള്‍ അവളെ വേണ്ടെന്നുവച്ചാലേ കുടുംബം ഉണ്ടാവൂ എന്നു പറയുന്നത് ഒരു വൈചിത്ര്യമല്ലേ?
വേലിതന്നെ വിളവു തിന്നുന്ന പുതിയ കാലത്ത് സ്ത്രീ സുരക്ഷയുടെ കനത്ത പൂട്ടുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഔദ്യോഗിക കേന്ദ്രങ്ങളെ വിശ്വസിക്കാന്‍ ഒരു നിര്‍വ്വാഹവുമില്ല. അക്രമികളെ അരോഗദൃഢഗാത്രരായി പരിപാലിക്കുന്ന നിയമവ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്കു നേരെയുളള അതിക്രമങ്ങളെ ആര് പേടിക്കാനാണ്?
ആത്മബോധത്തിന്‍റെ അപ്രതിരോധ്യശക്തിയുളള പുത്തന്‍ തലമുറ സ്ത്രീത്വത്തിനെതിരെയുളള കൊടുങ്കാറ്റുകളെ ചങ്ങലക്കിടാന്‍ പ്രാപ്തിയുളളവരാണ്. പക്ഷേ, അധികാരത്തിന്‍റെ ഇരട്ടത്താപ്പുകള്‍ അവരുടെ പ്രതിരോധങ്ങളെ മന്ദഗതിയിലാക്കുന്നു പരാജയപ്പെട്ടാല്‍ പോലും ആത്മവീര്യത്തോടെ പൊരുതിയിട്ടായിരിക്കും അത് എന്ന് അവര്‍ ആണയിട്ടുപറയുന്നു.
കേരളത്തിലെ പുരുഷാധികാരത്തിന്‍റെ കാപട്യം രാഷ്ട്രീയം മുതല്‍ പാചകം വരെയുളള എല്ലാ തുറകളിലും ഒരു പോലെ ദൃശ്യമാണ്. അവഗണനയുടെയും അവഹേളനത്തിന്‍റെയും നീതിനിഷേധത്തിന്‍റെയും നിത്യാവര്‍ത്തനങ്ങള്‍ പല മാതൃകകളില്‍ നിറഞ്ഞാടുന്ന ഒരിടം കൂടിയാണ് കേരളം. മുഖംമൂടികളാല്‍ മനോഹരമായി പൊതിഞ്ഞു വച്ചിരിക്കുന്ന പൂര്‍ണ്ണകലാരൂപങ്ങളായാണ് കേരളത്തില്‍ സ്ത്രീവിരുദ്ധത വെളിപ്പെടുക. സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പുരുഷാധിപത്യവ്യവസ്ഥയാണ് സ്വതന്ത്രമായ ആവിഷ്ക്കാരങ്ങള്‍ക്ക് പോലും സ്ത്രീക്ക് ഇടംകൊടുക്കാത്തതിന് മുഖ്യഹേതു. സ്ത്രീകളുടെ സ്വാതന്ത്യത്തിന്‍റെ കടിഞ്ഞാണ്‍ നിങ്ങളുടെ കൈകളില്‍ത്തന്നെയായിരിക്കട്ടെ.
#PressforProgress
#InternationalWomensDay
#IWD2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us