വിദൂരമായ എന്തോ ഒന്നിൽ നിന്ന് നമ്മിലേയ്ക്ക് ചെലുത്തപ്പെടുന്ന ഒന്നിനെയാണ് നാം അധികാരം എന്ന് കണക്കാക്കാറുള്ളത്. കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പോലെ നമ്മോടു ചേർന്ന് നിൽക്കുന്ന എല്ലാ സ്ഥാപനങ്ങളും നമ്മിലേയ്ക്ക് അധികാരം ചെലുത്തുന്നവയാണ്. പലപ്പോഴും നാം അവയെപ്പറ്റി ബോധവാന്മാരാകണമെന്നില്ല. ഇതേ അധികാര ബലതന്ത്രങ്ങൾ തൊഴിലിടങ്ങളിലും കുടുംബങ്ങളിലും വിദ്യാലയങ്ങളിലും വിനോദവേളകളിലുമെല്ലാം നമ്മിൽ പ്രയോഗിക്കപ്പെടുന്നുണ്ട്; പൊതുവെന്നോ സ്വകാര്യമെന്നോ സ്ഥാനവ്യത്യാസം കൂടാതെ. ഇത്, കൃത്യമായും വ്യക്തമായും ലിംഗകേന്ദ്രീകൃതവുമാണ്.  ഈ ബലതന്ത്രം കേരളത്തിലെ ക്യാമ്പസ്സുകളിലും പ്രവർത്തിക്കുന്നുണ്ട്. അതിനെതിരെയുള്ള ശബ്ദങ്ങൾ കേരളത്തിന്‍റെ പല ഭാഗത്തു നിന്നും നമ്മള്‍ കേട്ടു കഴിഞ്ഞു.

ഒരു സംഘം എന്ന നിലയിൽ പെൺകുട്ടികൾ ഒന്നിച്ചു കഴിയുന്ന ഇടമാണ് ഹോസ്റ്റൽ. അതിനാൽത്തന്നെ അവരിലേയ്ക്ക് അവിടുത്തെ വാച്ച്മാൻ മുതൽ​ കോളജ് അധികാരികൾ വരെ അധികാരം അടിച്ചേൽപ്പിക്കുന്നുണ്ട്. അതുകൊണ്ട്, പ്രതിഷേധപ്രകടനങ്ങളും ചെറുത്തുനിൽപ്പുകളും ഉയർന്ന് വരുന്നതും ആദ്യം ഹോസ്റ്റലുകളിൽ നിന്നാണ്.

തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ പെൺകുട്ടികൾ ഏതാണ്ട് രണ്ടു വർഷങ്ങൾക്കുളളിൽ തങ്ങളുടെ ഹോസ്റ്റലിലെ പ്രവേശനസമയം ആറര എന്നത് ഒന്പതു മണിയാക്കി ഉയർത്തണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ‘ബ്രേക്ക് ദ് കർഫ്യൂ’ എന്ന പേരിൽ​ ഒരു പ്രതിഷേധപ്രകടനം നടത്തിയിരുന്നു. തങ്ങളുടെ പഠന-ഗവേഷണ ആവശ്യങ്ങൾക്കായി കൂടുതൽ സമയം ലൈബ്രറി ഉപയോഗിക്കേണ്ടതുണ്ടെന്നും എന്നാൽ അതിനു പോലും കഴിയാത്ത തരത്തിലാണ് തങ്ങളുടെ കർഫ്യൂ ടൈം എന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. സുരക്ഷയെന്ന പേരിൽ​ ഏർപ്പെടുത്തുന്ന ഈ സമയനിബന്ധന സത്യത്തിൽ തങ്ങളുടെ പഠനാവശ്യങ്ങൾ നിറവേറ്റാൻ​പോലും കഴിയാത്ത അവസ്ഥയാണ് വിദ്യാർത്ഥിനികൾക്ക് ഉണ്ടാക്കുന്നത്. അതേസമയം, ക്യാമ്പസിലെ ആൺകുട്ടികൾക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ല. ഇത് സ്വാഭാവികമായും പഠനനിലവാരത്തിലും പ്രതിഫലിക്കും എന്നതും വസ്തുതയാണ്.

കേരളത്തിലെ പ്രമുഖ കോളജുകളിൽ ഒന്നിലെ ലേഡീസ് ഹോസ്റ്റലിൽ ഒരു സുപ്രഭാതത്തിൽ രക്ഷിതാക്കളും ഹോസ്റ്റൽ​ കമ്മിറ്റിയും ചേർന്ന് ഒരു നിയമാവലി പാസ്സാക്കുന്നു. അച്ചടക്കം, സുരക്ഷ എന്നീ കാരണങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് നിർമ്മിച്ച ആ നിയമങ്ങൾ വിദാർത്ഥിനികളുടെയും വിദ്യാർത്ഥികളുടെയും സ്വാതന്ത്ര്യത്തിലേയ്ക്കും സ്വകാര്യതയിലേക്കും ഉള്ള കടന്നു കയറ്റമായിരുന്നു. സ്വന്തം മുറി അകത്തു നിന്ന് പൂട്ടാൻ പാടില്ല, അവധി ദിവസങ്ങളിൽപോലും പകൽ സമയത്ത് ഉറങ്ങാൻ പാടില്ല, മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല തുടങ്ങി ഉണ്ണാനും ഉറങ്ങാനും പഠിക്കാനും സമയനിബന്ധനകൾ ഏർപ്പെടുത്തുന്ന തരത്തിലേക്ക് ആ നിയമങ്ങൾ നീങ്ങി. ഹോസ്റ്റൽ നിവാസികളായ പെൺകുട്ടികൾ ‘എന്തേ ഇത് ഞങ്ങൾക്ക് മാത്രമെന്ന് ? ചോദിച്ചപ്പോൾ ഈ നിയമങ്ങൾ ആൺകുട്ടികളുടെ ഹോസ്റ്റലിനും ബാധകമാണെന്ന് രേഖയിൽ വരുത്തിയ ശേഷം ആൺകുട്ടികളോട് ഇത് പെൺകുട്ടികളുടെ കണ്ണിൽ പൊടിയിടാൻ ചെയ്തതാണെന്നും നിങ്ങളിൽ ഇത് നടപ്പക്കില്ലെന്നും അധികാരികൾ പറയുന്നു.

ഇതിനെതിരെ വിദ്യാർത്ഥിനികള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിനെത്തുടര്‍ന്ന്  ഈ നിയമങ്ങൾ ഇരുഹോസ്റ്റലുകളിലും നിർന്ധമല്ലാതാക്കി. ഈ സംഭവത്തിൽ, ഒരു പ്രധാന ആശയം ഉപയോഗിച്ചാണ് പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും അധികാരികൾ കൈ കടത്താൻ ശ്രമിച്ചത്. ‘സുരക്ഷ’ എന്ന ആശയമാണത്.

സ്ത്രീകൾ സുരക്ഷിതരായിരിക്കണം എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് മിക്ക അധികാരസ്ഥാപനങ്ങളും തങ്ങളുടെ അധികാരം സ്ത്രീകളിൽ അടിച്ചേൽപ്പിക്കുന്നത്. അത് മതമോ ജാതിയോ ലിംഗമോ എന്ത് തന്നെ ആയാലും.

swetha sreevalsan, womens dayസുരക്ഷിതത്വത്തിന്‍റെ പേരിൽ അടിസ്ഥാനാവശ്യങ്ങൾ പോലും പരിഗണിക്കാതെ കർഫ്യൂ ടൈം ഏർപ്പെടുത്തുമ്പോഴും യഥാർത്ഥത്തിൽ സുരക്ഷയ്ക് വെല്ലുവിളിയാകുന്ന പല കാര്യങ്ങളും പരിഹരിക്കാൻ ക്യാമ്പസുകളിലെ അധികൃതർ തയ്യാറാവുന്നില്ല. മൂന്നു വർഷങ്ങൾക്ക് മുന്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ​ നടന്ന സംഭവവും ഏതാനും മാസങ്ങൾക്ക് മുന്പ് ബനാറസ്ഹിന്ദു യൂണിവേഴ്സിറ്റിയിൽ നടന്ന സംഭവവും ഇതിനു ഉദാഹരണമാണ്.

നാലു മാസങ്ങൾക്ക് മുന്പ് ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർത്ഥിനികളോട് ഹോസ്റ്റലിലേയ്ക്കുള്ള വഴിയിൽ വച്ച് ചിലർ അപമര്യാദയായി പെരുമാറുകയും ഹോസ്റ്റൽ ജനാലയിലേയ് ക്ക് കല്ലെറിയുകയും ചെയ്യുന്നതായി പരാതി ഉയർന്നു. എന്നാൽ യൂണിവേഴ്സിറ്റി അധികൃതർ കുറ്റം വിദ്യാർത്ഥിനികളുടെ തലയിൽ വച്ച് കെട്ടി. അവർ എത്തുന്നതിനാലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് നിലപാട് സ്വീകരിച്ച അധികൃതർ പ്രശ്ന പരിഹാരത്തിന് നടപടികളൊന്നുമെടുത്തില്ല. തുടർന്ന് വിദ്യാർത്ഥിനികളുടെ സമരമുണ്ടായി, എന്നാൽ അത് അടിച്ചമർത്താൻ ശ്രമിക്കുകയാണ് ഉണ്ടായത്. പ്രശ്നം ജനശ്രദ്ധ ആകർഷിച്ചതോടെയാണ് ഇവിടുത്തെ വിദ്യാർത്ഥിനികൾ പല മേഖലകളിൽ നേരിട്ട വിവേചനത്തിന്‍റെ കഥ ലോകം അറിയുന്നത്. ഭക്ഷണം, വസ്ത്രം ഇവയിലെല്ലാം വിവേചനം നേരിട്ടിരുന്നു.

സമാനമായിരുന്നു മൂന്നു വർഷം മുന്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ലേഡിസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ നേരിട്ട പ്രശ്നവും. ഒരു ചുറ്റുമതിൽ​ പോലുമില്ലാത്ത ഹോസ്റ്റലിലേക്ക് രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ കടന്നു കയറ്റവും ഒളിഞ്ഞു നോട്ടവും നഗ്നതാപ്രദർശന വുമെല്ലാം നടന്നിരുന്നതായി വിദ്യാർത്ഥിനികൾ പറഞ്ഞിരുന്നു. ചുറ്റുമതിൽ കെട്ടുന്ന കാര്യത്തിലോ കാടുപിടിച്ചു കിടക്കുന്ന ഹോസ്റ്റൽ പരിസരം വൃത്തിയാക്കുന്ന കാര്യത്തിലോ അധികൃതർ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. എന്നാൽ ഇതേ അധികൃതർ, ക്യാമ്പസ് മേഖലയിലെ ജൈവവൈവിധ്യമാർന്ന കാട് പെൺകുട്ടികൾ അനാശാസ്യം നടത്തുന്നു എന്ന ആരോപണം ഉന്നയിച്ച് വെട്ടിനിരത്തി.

ഏതൊരു വ്യക്തിയുടെയും അവകാശമായ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷിതത്വവും ഉള്ള പാർപ്പിടം വിദ്യാർത്ഥിനികൾക്ക് ഉറപ്പു വരുത്താൻ കഴിയാത്ത അധികാരികൾ കർഫ്യൂ സമയത്തിന് ശേഷം പെൺകുട്ടികൾ ഹോസ്റ്റലിൽ കയറിയില്ലെങ്കിലോ പുറത്തിറങ്ങണമെങ്കിലോ ഒരായിരം നിയമങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കുന്നു. സന്ധ്യ കഴിഞ്ഞാൽ ഹോസ്റ്റലിന് പുറത്ത് അരക്ഷിതരാണെന്ന് പറയുന്ന അധികാരികൾക്ക് പ്രാഥമികമായ സുരക്ഷിതത്വം പോലും ഹോസ്റ്റലിനകത്ത് ഉറപ്പാക്കാൻ കഴിയുന്നില്ല.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ സമാഗതി റിപ്പോർട്ടിൽ ഹോസ്റ്റൽ നിയമങ്ങളിൽ​ വിവേചനപരമാകരുത് എന്ന് കൃത്യമായി നിഷ്കർഷിക്കുന്നു. ലൈബ്രറിയും ലബോറട്ടറിയും എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയണമെന്നും, പെൺകുട്ടികളുടെ സ്വാതന്ത്ര്യവും സ്വകാര്യതയും തകർക്കപ്പെടുന്ന തരത്തിലുള്ള പ്രൊട്ടക്ഷനിസവും സർവൈലൻസും ഇല്ലാതാക്കണം എന്നും സമാഗതി നിർദേശിക്കുന്നു.

swetha sreevalsan, womensday

ഇതിനൊക്കെ പുറമേയാണ് കോളേജ് ക്യാമ്പസിനകത്തെ പ്രശ്നങ്ങൾ. ഇന്ന് മിക്ക കലാലയങ്ങളിലും സി.സി.ടി.വി. നിരീക്ഷണം ഏർപ്പെടുത്തുന്നുണ്ട്. കോപ്പി അടിക്കുന്നത് തടയാൻ, ക്ലാസ് കട്ട്ചെയ്യുനത് തടയാൻ, അച്ചടക്കം നിലനിർത്താൻ എന്നീ ന്യായങ്ങൾ ഉന്നയിച്ചുകൊണ്ട് സ്ഥാപിക്കപ്പെടുന്ന ഇവ സത്യത്തിൽ പെൺകുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. ഇത് മിക്ക കലാലയങ്ങളിലും സ്കൂളുകളിലും പെൺകുട്ടികളോട് സദാചാരഗുണ്ടായിസം കാണിക്കുവാനുള്ള ഉപകരണമായാണ് ഉപയോഗിക്കുന്നത്. പെൺകുട്ടികൾ കൃത്യമായ ഡ്രസ്സ്കോഡ് അനുസരിക്കുന്നുണ്ടോ, എതിർലിംഗക്കാരുമായി കൃത്യമായ അകലം പാലിക്കുന്നുണ്ടോ എന്ന് തുടങ്ങി സമൂഹവും സ്ഥാപന അധികാരികളും അവരുടെ ഇഷ്ടം പോലെ അനുശാസിക്കുന്ന ‘സദാചാരസംഹിത’ പെൺകുട്ടികളുടെ മേല്‍ അടിച്ചേൽപ്പിക്കാനുളള ആയുധമാണ് ഈ​ ഒളിക്കണ്ണുകൾ.

മലബാറിലെ പ്രശസ്തമായ ഒരു കോളേജിൽ ആൺ,പെൺ കുട്ടികൾക്ക് പ്രത്യേക പ്രവേശനകവാടവും കാന്റീനിലും ക്ലാസിലും പ്രത്യേക ഇരിപ്പിടങ്ങളും ഉണ്ടായിരുന്നു. ചില മത പ്രഭാഷണ സദസ്സുകളിലെന്ന പോലെ ക്ലാസ്സ്മുറിയിൽ നടുവിൽ വെളുത്ത തുണി ഉപയോഗിച്ച മറച്ച് ആൺ പെൺ വേർതിരിവ് നടത്തുന്ന കലാലയങ്ങളും കേരളത്തിൽ ഉണ്ട്.

ആൺ, പെൺകുട്ടികൾ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ടായിരുന്നു. ഇതിനെതിരെ പരസ്പരം ഭക്ഷണം വാരിക്കൊടുത്തുകൊണ്ട് പ്രതിഷേധിച്ചിരുന്നു. ഒരധ്യാപകൻ ക്യാമ്പസിന്‍റെ വരാന്തയിലിരുന്ന് സംസാരിച്ച പെണ്കുട്ടിയോട് വരാന്തയില്‍ ഇരുന്നു സംസാരിക്കരുത് എന്നും പെൺകുട്ടികൾക്ക് ഇരിക്കാനാണ് ഗേൾസ് റസ്റ്റ്റൂമുകൾ എന്നും പറഞ്ഞ സംഭവവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയും സ്വാസ്ഥ്യവും പരിഗണിച്ചുകൊണ്ട് പ്രത്യേക റസ്റ്റ്റൂം എന്നത് എല്ലാ സ്ഥാപനങ്ങളിലും ലിംഗനീതിയുടെ അടിസ്ഥാനഘടകമായി കണക്കാക്കപ്പെടാറുണ്ട്. എന്നാൽ​ പലപ്പോഴും ഇത്തരം സംവിധാനങ്ങൾ അവരുടെ പൊതു ഇടങ്ങളിലേയ്ക്കുള്ള കടന്നു വരവിനെ വിപരീതമായി ബാധിക്കാറുമുണ്ട്.

പൊതു ഇടങ്ങൾ സ്ത്രീകൾക്ക് ഉളളതല്ലെന്നും വരാന്തയിലോ ഗ്രൗണ്ടിലോ ഒഴിഞ്ഞ ക്ലാസ്സ് മുറികളിലോ ഇരിക്കെണ്ടതില്ലെന്നും നീക്കിവെക്കപ്പെട്ട സ്വകാര്യതയിലേയ്ക്ക് ഒതുങ്ങിക്കൊള്ളണമെന്നും നിഷ്കർഷിക്കുന്നു.

ഇതിന്‍റെ മറ്റൊരു രൂപമാണ് വസ്ത്രധാരണത്തിലെ വിവേചനം. ഒരു വ്യക്തിയുടെ ലിംഗ നിർമ്മിതിയിൽ വസ്ത്രധാരണം വലിയ പങ്കു വഹിക്കുന്നുണ്ട്. ഡ്രസ്സ്കോഡുകൾ അടിച്ചേൽപ്പിച്ച് വിദ്യാർത്ഥികളുടെ അബോധത്തിൽ ഒരു ലിംഗവ്യത്യാസം സൃഷ്ടിക്കുന്നു.

കേരളത്തിലെ കലാലയങ്ങളിൽ ഭൂരിപക്ഷവും പെൺകുട്ടികളാണ്. എന്നാൽ, യൂണിയൻ തിരഞ്ഞെടുപ്പുകളിൽ സംവരണ സീറ്റുകളിൽ മാത്രമാണ് പൊതുവേ പെൺകുട്ടികളുടെ സാന്നിദ്ധ്യം ഉണ്ടാവുക. പണ്ട് നാമമാത്രമായ സ്ത്രീസാന്നിധ്യം മാത്രം ഉണ്ടായിരുന്ന കാലത്താണ് സംവരണസീറ്റുകൾ നിശ്ചയിക്കപ്പെട്ടത്. എന്നാൽ ഇന്ന് കലാലയത്തിലെ ഭൂരിപക്ഷം വരുന്ന പെൺകുട്ടികളെ പ്രതിനിധീകരിക്കുവാനും ഈ​ സംവരണ സീറ്റുകൾ മാത്രമാണ് ഉള്ളത്. അപവാദമായി വിരലിലെണ്ണാവുന്നവ ഉണ്ടെന്ന് മാത്രം. ഈ വ്യത്യാസം രാഷ്ട്രീയശ്രേണിയുടെ മുകളിൽ എത്തുമ്പോഴേയ്ക്കും ഗണ്യമായി കുറയുന്നു. അധികാരത്തെ സംബന്ധിച്ചുള്ള സമൂഹത്തിലെ ധാരണകളാണിതിന് കാരണം. സാധാരണക്കാരായ സ്ത്രീകളെയാണിത് കൂടുതൽ ബാധിക്കുന്നത്. കാരണം കുലവും കുടുംബവും ജാതിയും കണക്കിലെടുത്ത് വേർതിരിക്കുമ്പോൾ വിവേചനത്തിന്‍റെ തോത് കുറയുന്നതായി കാണാം.

swetha sreevalsan,womensday

ക്യാംപസുകളിൽ നേരിടുന്ന വിവേചനത്തിന്‍റെ വളരെ ചെറിയൊരു അംശം മാത്രമാണ് പുറംലോകം അറിയുന്നത്. . സ്വാശ്രയകോളേജുകളിലും എയ്ഡഡ് കോളേജുകളിലും അധികാരികളെ ഭയന്നും സമൂഹത്തെ ഭയന്നും മറച്ചുവെക്കപ്പെടുന്ന സംഭവങ്ങൾ ഏറെ. സമൂഹം നൂറ്റാണ്ടുകളായി പുരുഷന് കല്പിച്ചു കൊടുത്തിട്ടുളള പ്രിവിലേജുകൾ ശരിയാണെന്ന് ധരിച്ചുകൊണ്ട് താൻ നേരിടുന്നത് വിവേചനം ആണെന്ന് പോലും അറിയാതെ പോകുന്ന സംഭവങ്ങൾ. അതറിഞ്ഞിട്ടും ചോദ്യങ്ങൾ ചോദിക്കുന്നവരും അവകാശങ്ങൾക്കായി സംസാരിക്കുന്നവരും ചുരുക്കം.

ഒരു പുരുഷാധികാര സമൂഹത്തിൽ ജീവിക്കുന്ന ആണ്കുട്ടി സ്വാഭാവികമായും ആ വ്യവസ്ഥയുടെ ഉൽപ്പന്നവും ഇരയുമാണ്. അവന്‍റെ വ്യക്തിത്വത്തിന്‍റെ അബോധത്തിൽ അധികാരം സംരക്ഷണത്തിന്‍റെ രൂപത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആണധികാര സമൂഹം അനുശാസിക്കുന്ന സദാചാരനിയമങ്ങൾ അനുസരിക്കാത്ത പെൺകുട്ടികളെ ഒരുതരം രക്ഷാകർതൃബോധത്തോടെ ഓരോ ആൺകുട്ടിയും വിലക്കുന്നതും ശിക്ഷിക്കുന്നതും.

പുരുഷാധികാരവ്യവസ്ഥ രൂപപ്പെടുത്തിയ ചില പ്രിവിലേജുകൾ​ കൃത്യമായി സംരക്ഷിക്കപ്പെടെണ്ടത് അതനുഭവിക്കുന്നവരുടെ ആവശ്യമാണ്. മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുക എന്നത് തങ്ങളുടെ അധികാരം സംരക്ഷിക്കുക എന്നതിന്‍റെ ഭാഗമായി ഉണ്ടാകുന്ന പ്രവൃത്തിയാണ്. ഇതാണ് സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ അടിസ്ഥാനം.

അധികാരത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാമൂഹികസ്ഥാപനങ്ങളാണ് മതവും ജാതിയും വിദ്യാഭ്യാസവും സാമൂഹികനിയമങ്ങളും എല്ലാം. ഇവയുടെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍റെ പൊതുബോധം രൂപപ്പെടുന്നത്. ഈ സ്ഥാപനങ്ങളിൽ ഇന്ന് സമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സദാചാരസംഹിതകൾ വഴി മുന്പോട്ടു വെയ്ക്കുന്ന ആശയങ്ങളും പുസ്തകത്തിലൂടെ പഠിപ്പിക്കുന്ന പാഠങ്ങളും തമ്മിൽ വൈരുധ്യം നിലനിൽക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുരുഷധികാര സമൂഹത്തിന്‍റെ എജന്റ് ആയി പ്രവർത്തിക്കുമ്പോൾ പാഠപുസ്തകങ്ങൾ മാറ്റത്തിന് വേണ്ടി നില കൊളളുകയും ആ സമൂഹത്തിനെതിരെ ശബ്ദിക്കുന്ന ന്യൂനപക്ഷത്തിന്‍റെ സ്വരമാവുകയുംചെയ്യുന്നു.

പാഠങ്ങൾ പഠിക്കാനും പരീക്ഷ എഴുതാനും മറക്കാനും ഉള്ളതായതുകൊണ്ട് എല്ലാം എളുപ്പത്തിൽ​ മറക്കപ്പെടുന്നു. ആണധികാര സദാചാര സംഹിതകൾ മാത്രം ബാക്കിയാകുന്നു.

പക്ഷെ ഗാർഗിക്ക് മരണമില്ല. ചോദ്യങ്ങൾ തുടർന്ന് കൊണ്ടിരിക്കും. ഇത്തരത്തിൽ ചോദ്യങ്ങൾ​ ചോദിക്കുന്ന ഗാർഗിമാർ ഇന്ന് സമൂഹത്തിൽ കൂടിക്കൊണ്ടിരിക്കുന്നുണ്ട്. ഇവരിലൂടെയാണ് ചരിത്രം നീതി കണ്ടെത്തുന്നത്.

പാലക്കാട് വിക്ടോറിയ കോളജിലെ ബിരുദ വിദ്യാർത്ഥിനിയാണ് ലേഖിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook