Latest News

ജലക്കാഴ്ചകൾ

“ഞാൻ ഞെട്ടിപ്പോയി. സ്വയം അനുഭവിക്കുന്നു എന്ന് തോന്നിയ സ്വാതന്ത്ര്യം എല്ലാ സ്ത്രീകൾക്കും ഒരു പോലെ ബാധകമല്ല എന്നത് ഒരു തിരിച്ചറിവായിരുന്നു”

Savitha N

സെന്റ് തോമസ് പള്ളിയിലെ പെരുന്നാളായിരുന്നു, അന്ന്. ഒരു പക്ഷെ ഞാൻ ഏറെ ഉളളിൽ കൊണ്ടു നടക്കുന്ന കുട്ടിക്കാല ഓർമകൾ പെരുന്നാളുമായി ബന്ധപ്പെട്ടവയാവണം. പതിവില്ലാതെ ഇപ്രാവശ്യം കുട്ടികളും കുടുംബവുമായി പെരുന്നാൾ ദിവസം നാട്ടിൽ എത്തിപ്പെട്ടു. പള്ളിയിൽ പോക്കും പെരുന്നാൾ പറമ്പിലെ കറക്കവും ഒക്കെ കഴിഞ്ഞ് രാത്രി തിരിച്ച് വീട്ടിലേക്ക് നടക്കുകയായിരുന്നു.

അമ്മ പറഞ്ഞു, ” അച്ഛൻ പോയതിൽ പിന്നെ രാത്രിയിൽ ഈ വഴി എങ്ങിനെയെന്ന് കണ്ടിട്ടില്ല”

ശരിയാണ്. ഒട്ടൊരു വിഷണ്ണതയോടെ ഞാനോർത്തു, അച്ഛന്‍റെ കൂടെയുള്ള രാത്രി സഞ്ചാരങ്ങൾ. ആൺ തുണയില്ലാത്ത ജീവിതം ഒരു സ്ത്രീയുടെ നാട്ടിലെ ജീവിതത്തിൽ എത്ര മാത്രം വിലങ്ങുകൾ തീർക്കുന്നുണ്ടാവും! ബാംഗളൂരിലെ അപാർട്മെന്റിൽ ഒറ്റക്കു താമസിക്കുന്ന ഒരു പാട് സ്ത്രീകളുണ്ട്. ജോലി കഴിഞ്ഞ് രാത്രി പത്ത് മണിക്ക് ശേഷവും ഒറ്റക്ക് ഫുട്‌പാത്തിലൂടെ നടന്നു വരുന്നവർ. കുട്ടികളെ ഡോക്ടറെ കാണിക്കാനും പച്ചക്കറി-പലചരക്ക് വാങ്ങിക്കാനും രാത്രി ഞാനും ഒറ്റക്ക് ഇറങ്ങാറുണ്ട്. പലപ്പോഴും പകൽ – രാത്രിയെന്ന വേർതിരിവു പോലും തോന്നാറില്ല. നഗരം പ്രകാശിച്ചു കൊണ്ടേയിരിക്കുന്നതിനാലാവണം.

അസമയത്ത് പുറത്തിറങ്ങുമ്പോൾ സ്ത്രീക്കു നേരെ ചൂഴ്ന്നിറങ്ങുന്ന നോട്ടങ്ങളുണ്ട്. നാട്ടിലെ ജീവിതത്തിൽ ഇത്തരം പല നോട്ടങ്ങളും അസഹ്യതയോടെ ശീലമായതായിരുന്നു. ബെംഗളൂരു നഗരം തന്ന ചില സ്വാതന്ത്ര്യങ്ങളാണ് ഇത്തരം നോട്ടങ്ങളിൽ നിന്നുള്ള മോചനവും രാത്രി സഞ്ചാരവും.

ഇടയ്ക്കുള്ള ബെംഗളൂരു സന്ദർശനവും അപാർട്ട്മെന്റ് ജീവിതവും അമ്മമാർക്ക് പൂട്ടിയിട്ട പോലുള്ള അവസ്ഥയാണ് കൊടുത്തത്. എല്ലാ വാതിലുകളും അടഞ്ഞു കിടക്കുന്നു, ഉടുത്ത വസ്ത്രത്തിൽ തൊടിയിലേക്കിറങ്ങി നടക്കാനും നാലാളോട് വർത്തമാനം പറയാനും പറ്റുന്നില്ല എന്നിങ്ങനെയുള്ള ആവലാതികൾ തിരിച്ചു പോവാനുള്ള കാരണമാക്കി അവർ അവതരിപ്പിച്ചു കൊണ്ടിരുന്നു.

“ഏട പോയിനി ?” “രാത്ര്യത്തേക്കള്ളെല്ലം ആയിനാ?” എന്നിങ്ങനെ ഒരു ദിവസത്തെ എല്ലാ ചര്യകളും കയ്യാലക്കപ്പുറത്തു നിന്ന് ചോദിച്ചറിയുന്ന അയൽവാസി സ്ത്രീകളെ ബാംഗളൂർ ജീവിതത്തിൽ അമ്മ മിസ് ചെയ്യുന്നുണ്ട് എന്ന് പോലും തോന്നാറുണ്ട്. ഇഷ്ടപ്പെട്ട രീതിയിലുള്ള വസ്ത്രധാരണത്തെ, ആഭരണങ്ങളില്ലാത്ത കഴുത്തിനെ, കൈത്തണ്ടകളെ, പാറിപ്പറത്തുന്ന എണ്ണ പുരളാത്ത മുടിയെ ആരും വിമർശിക്കുന്നില്ല എന്നും എവിടെ പോകുന്നു, എന്തിനു പോവുന്നു എന്നിങ്ങനെയുള്ള ചോദ്യശരങ്ങളിൽ സ്വഭാവ നിർണയം നടത്തുന്നില്ല എന്നതും എന്നെ സംബന്ധിച്ച് നഗര ജീവിതം തരുന്ന മറ്റു സ്വാതന്ത്ര്യങ്ങളാണ്.

പകൽ – രാത്രി വേർതിരിവില്ലാത്ത ചടുല ജീവിത രീതികൾ കൊണ്ടാവണം, അപാർട്ട്മെന്റ് സ്ത്രീകൾ ഏറെ ആശ്രയിക്കുന്നത് വീട്ടു ജോലിക്ക് സഹായത്തിന് വരുന്നവരെ ആണ്. അതിവേഗമുളള നഗരവത്കരണം, വൈറ്റ് കോളർ ജോലികൾക്ക് മാത്രമല്ല, കെട്ടിട നിർമാണം, സെക്യൂരിറ്റി ജോലി, വീടുപണി, കച്ചവടം എന്നിങ്ങനെ പല വിധ തൊഴിലുകൾക്ക് വരെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ ഇവിടെക്ക് ആകർഷിച്ചു കൊണ്ടിരുന്നു. ഒരു ദിവസം പുലർച്ചെ മുതൽ ആറേഴ് വീടുകളിൽ ജോലിക്ക് പോയി പല ഭാഷകൾ പഠിച്ചു സംസാരിക്കുന്ന സ്ത്രീകൾ എനിക്ക് അത്ഭുതമാണ്. എന്നെ പോലുള്ള പലർക്കും ഇവർ ഏറെ പ്രിയപ്പെട്ടവരാണ്. ഒരു ദിവസം വരില്ലെന്ന് പറഞ്ഞാൽ ഇതിൽപരം സങ്കടം ഇല്ല തന്നെ. ഒരിക്കൽ പിറ്റെ ദിവസത്തേക്ക് പാത്രം കഴുകാനുളള സോപ്പ് തീരാനായത് കണ്ട് ഗീത എന്നു പേരായ നേപ്പാളി പെൺകുട്ടിയോട് നാളെ വരുമ്പോ നീ തന്നെ വാങ്ങിച്ചു കൊണ്ടു വന്നോ എന്നു പറഞ്ഞ് പൈസ കൊടുത്തതാണ്.

savitha n., memories, womens day

“നഹീം ദീദി, പൈസാ ദേതേ വക്ത് വോ ലോഗ് ഹാഥ് പക്ടേഗാ “(” ഇല്ല ചേച്ചി, പൈസ കൊടുക്കുന്ന നേരം അവർ കൈയിൽ കയറി പിടിക്കും”) അവൾ ഭയന്നു കൊണ്ട് പറഞ്ഞു.

ഞാൻ ഞെട്ടിപ്പോയി. സ്വയം അനുഭവിക്കുന്നു എന്ന് തോന്നിയ സ്വാതന്ത്ര്യം എല്ലാ സ്ത്രീകൾക്കും ഒരു പോലെ ബാധകമല്ല എന്നത് ഒരു തിരിച്ചറിവായിരുന്നു.

ജോലിക്ക് പോവാൻ അപാർട്ട്മെന്റുകൾ ധാരാളം ഉള്ളതു കൊണ്ടും സഹായത്തിന് സ്ത്രീകൾ ലഭ്യമായത് കൊണ്ടും ഇരുകൂട്ടരുടെയും സൗകര്യം പോലെ സഹായികൾ മാറി മാറി വന്നു. തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും വീട്ടിൽ അലയടിച്ചു. ഓഫീസ് ജോലിക്ക് പോവുന്ന ഒരു സ്ത്രീയുടെ പരിഗണന വീട്ടുജോലിക്കാർക്കും കൊടുക്കണം എന്നതായിരുന്നു ആദ്യമൊക്കെ എന്റെ പ്രത്യയ ശാസ്ത്രം. തികച്ചും പ്രൊഫഷണൽ ആയ പെരുമാറ്റം. അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുകയോ സമയം മിനക്കെടുത്തുകയോ ഒന്നും ചെയ്യരുത് . എന്നാൽ നാട്ടിൽ നിന്നും അമ്മ വന്നപ്പോഴൊക്കെ ഈ സ്ഥിതി മാറി. അറിയാവുന്ന ഭാഷകളും ആംഗ്യങ്ങളും തട്ടിക്കൂട്ടി അമ്മ അവരോട് സംസാരിക്കാൻ തുടങ്ങി. അവരുടെ വീട്ടു കാര്യങ്ങളും നാട്ടുകാര്യങ്ങളും അവർ ജോലിക്ക് പോവുന്ന മറ്റു വീടുകളിലെ കാര്യങ്ങളും ഞങ്ങളുടെ അടുക്കളയിൽ വേവാൻ തുടങ്ങി. പല വീടുകളിൽ അധ്വാനിച്ച് കൊണ്ടു വരുന്ന പൈസയെല്ലാം ഭർത്താക്കൻമാർ കൈക്കലാക്കി, വൈകീട്ട് കള്ളു കുടിച്ച് വന്ന് തല്ലുന്ന അവസ്ഥ ഭൂരിഭാഗം സ്ത്രീകളുടേയും പ്രശ്നമല്ല, ജീവിതചര്യയാണ് എന്ന് ഞങ്ങൾ മനസിലാക്കി. ഒരു ദിവസം ശാന്തമ്മ വന്നത് മുഖത്ത് ചെരിപ്പിന്റെ അടയാളവും കൊണ്ടാണ്.

“നിനക്കിന്ന് രാവിലെ തന്നെ കിട്ടിയല്ലേ?” അമ്മ സഹതാപത്തോടെ ചോദിച്ചു.
പാത്രം കഴുകുന്നതോടൊപ്പം അവരുടെ കണ്ണിൽ നിന്നും കുടു കുടാ വെള്ളം സിങ്കിൽ വീണുടഞ്ഞു.

സാരിത്തലപ്പു കൊണ്ട് കണ്ണു തുടച്ച് അവർ സങ്കടം പറയാൻ തുടങ്ങി.
വല്ല കാര്യവുമുണ്ടായിരുന്നോ എന്ന മട്ടിൽ ഞാൻ അമ്മയെ രൂക്ഷമായി നോക്കി. അമ്മ അത് ഗൗനിക്കാതെ അവർക്ക് പോംവഴികൾ ഉപദേശിക്കാൻ തുടങ്ങി.

“നിനക്ക് പ്രായമായ രണ്ടു പെൺമക്കളല്ലേ! മൂന്നു പേരും കൂടെ ഒരുമിച്ച് അയാൾക്ക് തിരിച്ച് കൊടുക്കണം” അമ്മ അരിശത്തോടെ പറഞ്ഞു.

അയാൾ ഉള്ളതു കൊണ്ടാണ് മറ്റാരും അവരെയും മക്കളെയും ഉപദ്രവിക്കാൻ വരാത്തത് എന്നും അതു കൊണ്ടാണ് ഇതൊക്കെ സഹിക്കുന്നത് എന്നും കണ്ണീരോടെ തന്നെ അവർ പറഞ്ഞു.

ശാന്തമ്മ പോയതിനു ശേഷവും അമ്മ അവരുടെ കഥകൾ സ്വയം പറഞ്ഞു സങ്കടപ്പെട്ടു കൊണ്ടിരുന്നു. മറ്റുള്ളവരുടെ കാര്യങ്ങൾ കുത്തി ചുഴിഞ്ഞ് അന്വേഷിച്ച് സ്വയം ഏറ്റെടുക്കുന്നതിനെതിരെ ഞാൻ വാളെടുത്തു.

“നമുക്ക് സ്വന്തമായി വേണ്ടത്ര പ്രശ്നങ്ങളുണ്ടല്ലോ.. ഇപ്പൊ ദാ പോരെങ്കിൽ നാട്ടുകാരുടേം”

savitha n., memories, womens day

എന്നാൽ അമ്മ നാട്ടിൽ പോവുന്ന ദിവസങ്ങളിൽ വീട്ടിൽ നിശബ്ദത പടർന്നു. ശാന്തമ്മയും പച്ചക്കറി വിൽക്കാൻ വരുന്ന ചന്ദ്രയും അടുത്ത അപാർട്ട്മെൻറിലെ ആന്റിമാരും എന്നു വേണ്ട അടുത്ത വീട്ടിൽ സഹായത്തിനു വരുന്ന ഫാത്തിമ വരെ അമ്മ എന്നു തിരിച്ചു വരും എന്ന് ചോദിച്ചു കൊണ്ടിരുന്നു. ശാന്തമ്മയുടെ മുഖം എപ്പോഴും മ്ലാനമായി. വീട്ടു ജോലികൾക്കുപരി അവർ ഇവിടെ വരുന്നത് സ്വന്തം സങ്കട നിവാരണത്തിനായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. എല്ലാം കേൾക്കുന്ന രണ്ടു ചെവികളും കൂടെ നിൽക്കുന്ന മനസുമാണ് ശമ്പളത്തേക്കാൾ അവർ വിലമതിച്ചിരുന്നത്!

പലപ്പോഴും എന്റെയുള്ളിൽ വാശിയോടെ നിലയുറപ്പിച്ചിരുന്ന മനുഷ്യത്വപരമല്ലാത്ത പ്രൊഫഷണൽ ചിന്താഗതികൾക്ക് പതുക്കെ മാറ്റമായിത്തുടങ്ങിയിരുന്നു, പൂർണമായും അമ്മയെ പോലെ ആവാൻ കഴിഞ്ഞില്ലെങ്കിലും!

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടടുത്താണ് വീട്ടിൽ മുഴുവൻ ദിവസത്തേക്ക് ആരെങ്കിലും വേണം എന്ന് തോന്നി തുടങ്ങിയത്. അങ്ങിനെയാണ് തിരുവണ്ണാമലക്കാരി കമല ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാവുന്നത്. മെലിഞ്ഞ് ഇരുണ്ട നിറത്തിൽ മുഖശ്രീ തുളുമ്പുന്ന ഒരു ചെറുപ്പക്കാരി. മൂക്കിൽ തിളങ്ങുന്ന കൊച്ചു മൂക്കുത്തി. ഭർത്താവിന് പഴയ പത്രങ്ങളും സാമാനങ്ങളും ശേഖരിച്ചു വില്ക്കുന്ന കടയാണ് . കട എന്നു വെച്ചാൽ ഓല കൊണ്ട് മറച്ച ഒരു ചായ്പ്. അവിടെ തന്നെയാണ് ഇരുവരുടേയും താമസവും. രണ്ടു കുട്ടികളെ ഹൊസൂരിൽ ബോർഡിംഗ് സ്കൂളിൽ നിർത്തി പഠിപ്പിക്കുന്നു. അവരിലാണ് എല്ലാ പ്രതീക്ഷയും. അവർക്ക് ഉയർന്ന വിദ്യാഭ്യാസം കൊടുക്കുന്നതിന് മാത്രമാണ് ഇരുവരും തിരുവണ്ണാമലയിൽ നിന്നും ഇവിടെ വന്ന് പണിയെടുക്കുന്നത്.

“പസങ്ങൾ ഇംഗ്ലിഷ് നല്ലാ പേശണം. അത്ക്ക് മട്ടും പെരിയ സ്ക്കൂൾ പാത്തിരുക്കർത്”

കമല അഭിമാനത്തോടെ പറഞ്ഞു.

കമലയും കുടുംബവും ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടവരാവാൻ അധികം സമയം വേണ്ടി വന്നില്ല. അതിനിടയിൽ രണ്ടാമത്തെ കുഞ്ഞ് പിറന്നു. കമല ഇല്ലായിരുന്നെങ്കിൽ ആ ദിവസങ്ങൾ എങ്ങനെ കഴിഞ്ഞു പോവുമായിരുന്നു എന്നു ഞാൻ അതിശയിച്ചിട്ടുണ്ട്. ആയിടയ്ക്ക് അവളുടെ ഭർത്താവ് നാട്ടിലേയ്ക്ക് തിരിച്ച് പോയി രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെടാൻ തീരുമാനിച്ചു. വീട്ടു ജോലിയും കടയുടെ നടത്തിപ്പും കമല ഊർജസ്വലതയോടെ കൊണ്ടു പോവാൻ തുടങ്ങി. എങ്കിലും ആ ചായ്പ്പിൽ അവൾ തനിച്ചായി. രാത്രി ഇവിടെ വന്നു കിടന്നൂടെ എന്ന എന്റെ ക്ഷണം അവൾ സ്നേഹപൂർവ്വം നിരസിച്ചു.

savitha n., memories, womens day

അങ്ങിനെയിരിക്കെ ഒരു ദിവസം രാത്രി പന്ത്രണ്ടിനോടടുത്തു കാണണം, എനിക്ക് അവളുടെ ഒരു ഫോൺ കാൾ വന്നു. അവളുടെ കടയുടെ അടുത്ത് മദ്യപിച്ച് കൊണ്ട് ഏതാനും പേർ വന്ന് നില്ക്കുന്നുണ്ട് എന്ന് ഭയന്നു വിറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു. എന്റെയുള്ള് ഒന്നാളി. നിർഭാഗ്യവശാൽ ഞാനും കുട്ടികളും തനിച്ചായിരുന്നു, ആ ദിവസം. അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന ആങ്ങളയെ വിവരമറിയിച്ചിട്ടുണ്ടെന്നും അവൾ പറഞ്ഞു. പൊലീസിൽ പറയണോ വേറെ ആരെയെങ്കിലും വിളിക്കണോ എന്നൊക്കെയുള്ള സമ്മിശ്ര ചിന്തകളിൽ വിവേകം നഷ്ടപ്പെട്ട പോലെ ഒന്നും ചെയ്യാനാവാതെ ഞാൻ വിറച്ചു. ഒരൽപ്പം കഴിഞ്ഞ് അവളെ തിരിച്ചു വിളിച്ചു നോക്കിയതാണ്. ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുന്നു. എന്തോ സംഭവിച്ചിരിക്കുന്നു എന്നുറച്ച് ഞാൻ നടുങ്ങി പോയി. എന്നിലെ നിസഹായ സ്ത്രീയെ പഴിച്ചു കൊണ്ട് തലയിണയിൽ മുഖമമർത്തി ഏറെ നേരം കരഞ്ഞു, എപ്പോഴൊ തളർന്നുറങ്ങി പോയി. രാവിലെ എണീക്കാൻ പോലും ഭയന്നിരിക്കുമ്പോളാണ് കോളിംഗ് ബെൽ ശബ്ദിച്ചത്. വാതിൽ തുറന്നപ്പോൾ പുഞ്ചിരിയോടെ കമല! ഭയന്നു വിറച്ച ആ രാത്രിക്കു ശേഷം ലഭിച്ച ആശ്വാസം അതിന്റെ പൂർണമായ അർത്ഥത്തോടെ മുൻപൊരിക്കലും മനസിലാക്കിയിട്ടില്ല. ആ രാത്രിയുടെ ഭീതിദമായ വർത്തമാനങ്ങളിൽ ഞങ്ങൾ കുറേ നേരം മുഴുകി. ഒടുവിൽ ആങ്ങള തുണയ്ക്കെത്തിയതും ഉപദ്രവിക്കാൻ വന്നവരെ ഓടിച്ചു വിട്ടതും ഒരു സിനിമാക്കഥ പോലെ കുറേ ദിവസം അവൾ പറഞ്ഞു സമാധാനപ്പെട്ടു കൊണ്ടിരുന്നു.

ഒടുവിൽ ഒരു നാൾ അവൾ തിരുവണ്ണാമലയിലേക്ക് തിരിച്ചു പോവാൻ തന്നെ തീരുമാനിച്ചു. അവളുടെ സുരക്ഷയും കുട്ടികളുടെ പഠനവും ചേർത്തിണക്കാൻ പറ്റാത്ത സമസ്യകളായിരുന്നു. ഏറെ സങ്കടത്തോടെ ഞങ്ങൾ അവളോട് യാത്ര പറഞ്ഞു. അതിന് ശേഷവും ഇടക്കിടക്ക് ഫോണിൽ വിശേഷങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. പിന്നീടെപ്പൊഴൊ ആ ബന്ധവും നിന്നു.

വർഷങ്ങൾ കടന്നു പോയി. ഒരിക്കൽ ചിദംബരം യാത്ര കഴിഞ്ഞ് തിരിച്ചു വന്നത് തിരുവണ്ണാമല വഴിയായിരുന്നു. കമലയെ കാണണമെന്ന് അതിയായ ആഗ്രഹം തോന്നി. അവളുടെ വീട്ടിലേക്ക് തിരുവണ്ണാമലയിൽ നിന്നും പിന്നേയും ഒരു മണിക്കൂർ യാത്ര ചെയ്യേണ്ടതുണ്ട്. എങ്കിലും ശ്രമിച്ചു നോക്കാമെന്നു കരുതി പഴയ നമ്പറിൽ വിളിച്ചതാണ്. മറു തലക്കൽ പരിചയമില്ലാത്ത ഒരു സ്ത്രീ ശബ്ദം.

“കമലക്ക് കൊടുക്കിങ്കളാ” ഞാൻ അഭ്യർത്ഥിച്ചു.

“ഏനമ്മാ… ഇത് റോങ് നമ്പർ ” അവർ നിഷ്കരുണം ഫോൺ ഡിസ്‌കണക്റ്റ് ചെയ്തു.

പൊടി പാറുന്ന വരണ്ട വഴികളിലൂടെ കാർ തിരിച്ചു യാത്രയായപ്പോൾ എന്റെയുള്ളിൽ വല്ലാത്തൊരു നഷ്ടബോധം ഉറഞ്ഞു കൂടി. ചൂടിന്റെ കാഠിന്യത്തിൽ ദൂരെ റോഡിന്റെ നടുവിൽ മരീചികയായി ജലക്കാഴ്ചകൾ കാണാൻ തുടങ്ങിയിരുന്നു.

#PressforProgress
#InternationalWomensDay
#IWD2018

Read More: സവിത എഴുതിയ മറ്റ് ചിലത് ഇവിടെ വായിക്കാം

ചില ശലഭ ചിറകടികൾ“എല്ലി ഹോഗുതിദ്ദീര? ഇല്ലി നില്ലിസി”ഒരു താങ്ക്സ് ഗിവിങ് ഓർമയിൽഅധികാരത്തിന്റെ ആകാശചിറകുകൾ

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Womens day 2018 press for progress savitha n

Next Story
ഗരുഡനും ഈച്ചയും സ്വപ്നം കാണുന്ന പൂർണചന്ദ്രൻPriya Kiran
The moderation of comments is automated and not cleared manually by malayalam.indianexpress.com