പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നിസ്സാരമായി തള്ളുന്നവർ ഒരു ദിവസമെങ്കിലും പെണ്ണായി ജനിക്കട്ടെ എന്ന് ആഗ്രഹിച്ചുപോകും അവരുടെ ന്യായ വാദങ്ങൾ കേൾക്കുമ്പോഴും കാണുമ്പോഴും… പെണ്മയുടെ ഉളളിലേയ്ക്കുളള യാത്രകളെന്താണ് എന്നറിയാതെയുളള ആരവങ്ങളാണ് ആ വർത്തമാനങ്ങളെന്ന് അല്ലാതെ അവരെങ്ങനെ തിരിച്ചറിയാൻ?
പെണ്ണായിപ്പോയതിൽ അമർഷവും സങ്കടവും തോന്നിയിട്ടുള്ളത് ആദ്യകാലങ്ങളിലെല്ലാം വീട്ടിൽ നിന്നുതന്നെയാണ്. മുതിർന്നവരുടെ ‘നീ പെണ്ണാണ്’ എന്നുള്ള വാക്കുകൾ, നമ്മൾ പോലുമറിയാതെ നമ്മളിൽ പറഞ്ഞുറപ്പിച്ച കാര്യങ്ങള്‍. പിന്നങ്ങോട്ട് ഓരോന്നിലും വിവേചനങ്ങൾ നാമ്പിടാൻ തുടങ്ങി. കളിപ്പാട്ടങ്ങളുടെ കാര്യത്തിൽ, കളികളിൽ, പെരുമാറ്റങ്ങളിൽ അങ്ങനെ പെണ്‍കുട്ടിയായത് കൊണ്ട് മാത്രം നേരിട്ട വിലക്കുകളുടെ നീണ്ട നിര.  ഓടാനും ചാടാനും നൃത്തം ചെയ്യാനും ഒരുപാട് കൊതിച്ചെന്നല്ലാതെ ഫലമുണ്ടായില്ല. അടക്കവും ഒതുക്കവും കൊണ്ട് ആളുകളെ കൊണ്ട് പറയിപ്പിക്കാതെ നാളെ മറ്റൊരുവീട്ടിൽ ശീലാവതിയായി, സീതയായി, ഇനിയെന്തെങ്കിലും ഉണ്ടേൽ അതുമായി ചെല്ലണമത്രേ. നാട്ടുകാരുടെ പിഴയ്ക്കുന്ന നാവുകളെ ഭയക്കണമത്രേ… കാരണം ‘നീ ഒരു പെൺകുട്ടിയാണ്.’

നമ്മളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മറ്റാർക്കൊക്കെയോ വേണ്ടി ബലികഴിക്കേണ്ടിവരുന്നു. ‘നല്ലകുട്ടി’പട്ടം തന്ന് നമ്മളെ സന്തോഷിപ്പിക്കുന്നു… വിലക്കുകൾ മറികടക്കാതിരിക്കാൻ.

ആർത്തവത്തെക്കുറിച്ചു നമ്മൾ ചർച്ചചെയ്യാൻ തുടങ്ങിയത് സമീപകാലത്താണ്. ആർത്തവദിനങ്ങളിൽ അസ്ഥികൾ വലിഞ്ഞുമുറുകുമ്പോൾ, പ്രക്ഷുബ്ധമായൊരു കടൽ അടിവയറിൽ മറിഞ്ഞിളകുമ്പോൾ, സർവ്വ ക്ഷമയും നശിച്ചു കരയുമ്പോൾ അമ്മ ഓടിവന്നു മുറിയുടെ വാതിൽ പുറത്തുനിന്നും അടച്ചു.” ഇതൊന്നും ആരേം കേൾപ്പിക്കാൻ പാടില്ലത്രെ”. അതുകൊണ്ടാകും ഇതേകാരണം കൊണ്ട് അമ്പലത്തിൽ പോകാൻ പറ്റാതാകുമ്പോൾ, യാത്ര ചെയ്യാൻ കഴിയാതെയാകുമ്പോൾ “തലവേദന ” എന്നു പറയാൻ പഠിപ്പിച്ചത്.
ആർത്തവദിനങ്ങളടുത്താൽ വലിയ ഭയപ്പാടായിരുന്നു. ചുരിദാറിനു പിറകിൽ ചുകന്ന പൂക്കൾ വിരിഞ്ഞുവോ എന്ന ഭയം കൊണ്ട് മൂന്നു മണിക്കൂർ ഇരുന്നു എഴുതിത്തീർത്ത പരീക്ഷകളുണ്ട്. സംശയവും പേറി ബസ്സിൽപോലും അമർന്നിരിക്കാൻ ഭയന്ന യാത്രകളുണ്ട്. ആ യാത്രകളിൽ പോലും ചില ഞരമ്പു രോഗികളുടെ നോട്ടങ്ങളെ ദഹിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്.

വായിക്കാം: ലോക വനിതാ ദിനം 2018, #PressForProgress

ബസ്സിലെ പിൻസീറ്റുകൾ ഹോട്ട് സീറ്റുകളാണ്. ഒന്നിരിക്കണമെങ്കിൽ തന്നെ കണ്ടക്ടർ എന്ന ഭീകര ജീവിയെ ഭയക്കണം. ഇരുന്നാൽ തന്നെ അയാൾ കൃത്യമായി പാഞ്ഞെത്തും. പിന്നെ സകലരുടെയും മുന്നിൽ വച്ചു അങ്ങേരുടെ അധികാര ഗർവ്വ് അണപൊട്ടിയൊഴുകും. അത്യാവശ്യം രണ്ടങ്ങോട്ടു പറഞ്ഞു പിടിച്ചു നിന്നാൽ ഒക്കെ സീൻ ആകും. അല്ലെങ്കിൽ ആ ജാള്യതയും പേറി ആ ദിനം തള്ളിനീക്കും.

revathy madathil, womens day

ക്യാമ്പസുകളിൽ തന്നെ വലിയ അസ്വാതന്ത്ര്യം അനുഭവപ്പെടാറുണ്ട്. അവിടെയും പല വിലക്കുകളാണ് ഉള്ളത്. തിരക്കുകളും ക്ലാസ്സുകളും കഴിഞ്ഞു വൈകുന്നേരങ്ങളിലാണ് ഒന്ന് സ്വസ്ഥമായി ലൈബ്രറികൾ ഉപയോഗപ്പെടുത്താൻ സമയം കിട്ടുകയും അനുവദിക്കുകയും ചെയ്യുക. എന്നാൽ അതിനു പറ്റാറുമില്ല. സെമിനാറുകൾ ഉണ്ടായാൽ അതും മനസ്സറിഞ്ഞ് ഇരുന്നാസ്വദിക്കാൻ കഴിയാറില്ല. കാരണം നേരത്തെ പറഞ്ഞ ബസ്സിൽ വലിഞ്ഞുകേറി സംഭവബഹുലമായ സന്ദർഭങ്ങളെല്ലാം കടന്നുവേണം ഇരുട്ടും മുൻപ് ഒന്ന് വീട് പിടിക്കാൻ. വീട്ടിലേയ്ക്ക് നടക്കാൻ പത്ത് മിനിറ്റ്കുടെ കൂടെ ഉണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട. ഇരുട്ടായാൽ നമ്മളെക്കാൾ ആധി നമുക്ക് ചുറ്റിലുമുള്ളവർക്കാണ്. കാരണം ‘നീ ഒരു പെണ്ണാണ്.’

നമ്മുടെ ക്യാമ്പസുകളിൽ പെൺകുട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ജയിക്കുന്നു. ഭരണസാരഥികളായി നിലകൊള്ളുന്നു. എന്നാൽ ഭരണകാര്യങ്ങളിൽ അവസാനവാക്കാകുവാൻ അവർക്കു സാധിക്കുന്നുണ്ടോ? അവരുടെ കടിഞ്ഞാൺ ഇപ്പോഴും പിറകിലിരിക്കുന്നവരുടെ കരങ്ങളിൽ തന്നെയല്ലേ എന്ന് തോന്നാറുണ്ട്. പ്രത്യക്ഷത്തിൽ ലിംഗസമത്വവും നീതിയും ഉണ്ടെന്ന് നമ്മളെ ആരൊക്കെയോ ചേർന്ന് ധരിപ്പിക്കുകയാണ് ചെയ്യുന്നത്.

ക്യാമ്പസ്സിൽ പോകും മുൻപ് വീട്ടിൽ നിന്നു കിട്ടുന്ന വലിയ ലക്ച്ചറുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങാൻ പാടില്ല, ആണ്‍കുട്ടികളോട് അധികം ഇടപെഴകാൻ പാടില്ല, പ്രണയം പാടില്ല. ക്ലാസ് കട്ട് ചെയ്യാൻ പാടില്ല. ക്യാമ്പസ്സിലൊന്നും അലഞ്ഞുതിരിഞ്ഞു നടക്കാൻ പാടില്ല… ഇങ്ങനെ നീളും പാടില്ലായ്മയുടെ പട്ടിക.

കാലാനുസൃതമായ മാറ്റങ്ങൾ വന്നിട്ടില്ലെങ്കിലും പണ്ടത്തെ ചിന്താഗതികളിലൊക്കെ ചില ചലനങ്ങൾ ഇന്ന് കാണുന്നുണ്ട്. വസ്ത്രധാരണത്തിലും സമീപനങ്ങളിലും പെൺകുട്ടിയുടെ ലേബലുകൾ അഴിച്ചുമാറ്റാൻ ശ്രമിക്കുന്നു എന്നത് സ്വാഗതാർഹമാണ്. പെണ്ണാണ് എന്നു പറഞ്ഞു അടിച്ചമർത്തേണ്ട കാലം കടന്നുപോയി. പെണ്ണാണ് പറഞ്ഞാൽ അതെ പെണ്ണുതന്നെ ‘യാണ്’ എന്നു പറയുന്നിടത്തല്ലേ നമ്മൾ മാറി ചിന്തിക്കുന്നത്. പക്ഷേ അപ്പോഴും അധികാരം പല രൂപകങ്ങളിലൂടെ പെൺ എന്നതിനെ വരിഞ്ഞു മുറുക്കുന്നുണ്ട്. അത് കക്ഷി രാഷ്ട്രീയങ്ങളുടെ വേർതിരിവുകൾക്കപ്പുറം ആണധികാരത്തിന്‍റെ നിലനിൽപ്പിനായുളള തന്ത്രങ്ങളാണ്. അതിനോട് വിയോജിച്ചു കൊണ്ട് ഉയരുന്ന ചില ശബ്ദങ്ങളുണ്ട്. അവയെ നിശബ്ദമാക്കാൻ ആ അധികാരകേന്ദ്രങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പല വേഷങ്ങളിൽ​, നിറങ്ങളിൽ പടരുന്നുണ്ട്.
നിശ്ശബ്ദരാകാതെ, പ്രതികരണങ്ങളും പ്രതിഷേധങ്ങളും പുറത്തേക്ക് വരട്ടെ. സ്വന്തം സ്വപ്നങ്ങളുടെ, ലക്ഷ്യങ്ങളുടെ, വഴികളിലേക്കുള്ള താക്കോലുകൾ മറ്റുളളവരുടെ കൈകളിലാകുന്ന അവസ്ഥയിൽ നിന്നും നമ്മുടെ കൈകളിലേയ്ക്ക് തന്നെ വരട്ടെ.

#PressforProgress
#InternationalWomensDay
#IWD2018

കണ്ണൂർ സർവ്വകലാശാലയിൽ ബി എഡ് വിദ്യാർത്ഥിനിയാണ് ലേഖിക 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook