കുറച്ചു വർഷങ്ങൾക്ക്  മുമ്പ്  ലോക വനിതാ ദിനത്തിൽ ഞങ്ങളുടെ ഓഫിസിലെ വനിതാ ജീവനക്കാർക്ക് അപ്രതീക്ഷിതമായി ചോക്ലേറ്റും പൂവും തന്നു. അന്ന് സഹപ്രവർത്തകരിൽ ഒരാൾ ‘സ്ത്രീകൾക്ക് മാത്രമായി ഇങ്ങനെ ഒരു ദിവസം വേണമോ, ഞങ്ങൾ ആണുങ്ങൾക്കെന്താ ഇതൊന്നും ബാധകമല്ലേ’ എന്ന് തമാശക്ക് ചോദിച്ചത് ഓർക്കുന്നു. പിന്നീട് പലപ്പോഴും അത്തരം ചോദ്യങ്ങൾ കേട്ടു; ഫെമിനിസം ആവശ്യമുണ്ടോ എന്ന് നിഷ്കളങ്കമായി ചോദിക്കുന്ന പോലെയുള്ള  ചോദ്യങ്ങൾ. തീർത്തും ന്യായമായ ചോദ്യമായി തോന്നാം. എന്തിനാണ് സ്ത്രീകൾക്കു മാത്രമായി ഒരു ദിനം?

വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ  ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് (Global Gender Gap Report) പറയുന്നത് ചുരുങ്ങിയത്  217 വർഷം  കാത്തിരുന്നാൽ മാത്രമേ സ്ത്രീക്ക് പുരുഷനൊപ്പം തൊഴിലവസരങ്ങളോ ശമ്പളമോ കിട്ടാൻ സാധ്യതയുള്ളൂ എന്നാണ്. അതായത്  2234 എങ്കിലും ആകണം അങ്ങനെയൊരു സ്വപ്നം യാഥാർഥ്യമാകാൻ.

ആ സ്ഥിതിക്ക്, അറിഞ്ഞോ അറിയാതെയോ നമുക്ക് ചുറ്റും സംഭവിക്കുന്ന ഈ അസമത്വം എല്ലാവരെയും ഒന്ന് ഓർമ്മപ്പെടുത്താനും, (അതു വഴി പറ്റുകയാണെങ്കിൽ ഈ കാത്തിരിപ്പിന്‍റെ നീളം കുറയ്ക്കാനും) അദൃശ്യമായി നമുക്ക് ചുറ്റുമുള്ള ഈ ചങ്ങലയ്ക്കുള്ളിൽ നിന്ന് പുറത്ത് കടന്ന് വിജയം കൈവരിച്ചവരെ ആഘോഷിക്കാനും ഒക്കെയായി ഇങ്ങനെ ഒരു ദിവസം ഉണ്ടാകുന്നതിൽ തെറ്റ് കാണേണ്ടതുണ്ടോ?

തുല്യ ജോലിക്ക് തുല്യ വേതനം എന്ന അവകാശത്തിനു വേണ്ടി ഒറ്റയ്ക്കും തെറ്റയ്ക്കുമായി സിനിമാ, മീഡിയ, കോർപ്പറേറ്റ് രംഗങ്ങളിൽ കേട്ട് തുടങ്ങിയ ശബ്ദമുയർത്തലുകൾ ആശാവഹമാണ്. സ്ത്രീപരുഷ സമത്വം അല്ലെങ്കിൽ ലിംഗഭേദമന്യേ തുല്യമായ അവസരം എന്നത് എത്ര മാത്രം പ്രയോഗത്തിൽ വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ മന്ത്രിസഭയിലോ പാർലമെന്റിലോ മറ്റു ഉയർന്ന ഉദ്യോഗസ്ഥ തസ്തികയിലുമൊക്കെയോയുള്ള സ്ത്രീ സാന്നിധ്യം നിരീക്ഷിച്ചാൽ മതിയാവും. ജനുവരി 2018 ലെ കണക്കു പ്രകാരം ലോകത്തെ ഫോർച്യൂൺ 500 കമ്പനികളിൽ 27 എണ്ണത്തിൽ മാത്രമാണ് സ്ത്രീകൾ സി ഇ ഒ​ മാരായി ഉളളത്.  ഏപ്രിൽ ആകുമ്പോൾ അത് 24 ആയി ചുരുങ്ങും. അതായത് വെറും അഞ്ച്  ശതമാനത്തിൽ താഴെ. ജോലിയിൽ മിടുക്കിയായ ഉന്നത സ്ഥാനേച്ഛയുള്ള ഏതൊരു സ്ത്രീയുടെയും സ്വപ്നമായിരിക്കും ഇത്തരത്തിലുള്ള ഒരു സ്ഥാനത്തിരിക്കുക എന്നത്.

ഒന്നിച്ച് പഠിച്ചിറങ്ങുന്ന, ഒരേ തസ്തികയിൽ ഒരുമിച്ച് ജോലിക്കു കയറുന്ന ഒരു പോലെ മിടുക്കരായ ഒരു സ്ത്രീയും  പുരുഷനും പിന്നീടെങ്ങനെയാണ് അവരുടെ കരിയർ വഴിയിൽ രണ്ടു തട്ടിൽ ആയിപ്പോകുന്നത് ?

ഒരു ഗർഭചക്രവും പ്രസവാവധിയും കഴിഞ്ഞു വരുമ്പോഴേക്കും സഹപ്രവർത്തകർക്ക് ശമ്പള വർധനയും പ്രമോഷനും കിട്ടി കാണും. പ്രസവാവധിക്ക് പോയ പലരും ഒന്നുകിൽ തിരിച്ചു വരാറില്ല അല്ലെങ്കിൽ പാർട്ട് ടൈം ആയി ചെയ്യാവുന്നതോ, ഉത്തരവാദിത്വം കുറഞ്ഞതോ ആയ മറ്റ് റോളുകളിലേക്കു മാറും. കരഞ്ഞു കൊണ്ട് യാത്രയാക്കുന്ന പൊടിക്കുഞ്ഞും പാല് നിറഞ്ഞ് കനക്കുന്ന മാറിടങ്ങളും സ്ത്രീയുടേത് മാത്രമാണെന്ന് തിരിച്ചറിയുന്ന  നിമിഷങ്ങളിൽ പലരും കരിയർ മാറ്റി വെയ്ക്കുന്നു.

smitha v.sreejith,memories, womens day

കല്യാണം കഴിഞ്ഞയിടക്ക് ബെംഗളൂരുവിൽ ഒരു ഇന്റർവ്യൂവിനു പോയപ്പോൾ ചോദിച്ച ചോദ്യങ്ങളിൽ ഒന്ന് ഫാമിലി പ്ലാനിങിനെ  പറ്റിയായിരുന്നു. അതായത് അടുത്തെങ്ങാനും ഗർഭിണിയാകാനാണ് മനസ്സിലിരിപ്പെങ്കിൽ പിന്നെ ആ വഴിക്ക് വരണ്ടാ എന്ന് വ്യംഗ്യം. പിന്നീട് വേറൊരു ജോലിക്കു കയറി കുറച്ചു കഴിഞ്ഞ്  പ്രസവാവധിയിൽ ​പ്രവേശിക്കുന്ന നേരത്താണ് ആ വർഷത്തെ  പ്രൊമോഷൻ പരിപാടികൾ നടക്കുന്നത്. തിരിച്ചു വരുമോ എന്ന് നേരിട്ടും അല്ലാതെയും ചോദിച്ചു ഉറപ്പു വരുത്തിയാണ് ആ വർഷത്തെ ലിസ്റ്റിൽ കയറ്റിയത്.

നമ്മുടെ നാട്ടിലെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ, ഈ വിഷയങ്ങളിൽ കുറച്ചു കൂടി മാനുഷിക പരിഗണന ഉള്ളതായി തോന്നിയിട്ടുണ്ട്. തങ്ങൾക്കു സൗകര്യപ്രദമായ ജോലി ദിവസങ്ങളും സമയങ്ങളും ആൺ പെൺ ഭേദമെന്യേ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, നികുതിയിൽ പെടുത്താതെയുള്ള ചൈൽഡ് കെയർ, ജിം മെമ്പർഷിപ് വൗചറുകളും, നീണ്ട പിതൃത്വാവധി (Paternity leave) എല്ലാം സഹായപ്രദങ്ങളാണ്. ഇവിടെ, യുകെയിൽ ഒരുപാട് സുഹൃത്തുക്കൾ’ Shared Parental Leave’ന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. കുഞ്ഞു ജനിച്ചതിന് അല്ലെങ്കിൽ ദത്തെടുത്തതിന് ഒരു വർഷത്തിനുള്ളിൽ പങ്കാളികൾക്ക് അവരുടെ സൗകര്യത്തിനനുസരിച് അവധി ഷെയർ ചെയ്ത് കുഞ്ഞിനെ വളർത്താനുള്ള സൗകര്യമുള്ളതിനാലും കുഞ്ഞുങ്ങളും അടുക്കളയും സ്ത്രീകളുടേത് മാത്രമായെന്ന തെറ്റിദ്ധാരണ പൊതുവെ കുറവായതിനാലും ഗർഭധാരണവും പ്രസവാവധിയും കരിയറിന്‍റെ അവസാനവാക്കുകളായി ഇവിടെ അധികം കാണപ്പെടുന്നില്ല.

ജോലി സ്ഥലത്തെ പിന്തുണ പോലെ തന്നെ പ്രധാനമാണ് പ്രിയപ്പെട്ടവരുടെ പിന്തുണയും. വളരെയേറെ കഴിവുകളുള്ള, ജോലി ചെയ്യാൻ ആഗ്രഹമുള്ള സ്ത്രീകൾ കല്യാണത്തോടെ അല്ലെങ്കിൽ പ്രസവത്തോടെ വീട്ടിൽ ഒതുങ്ങുന്നത് കണ്ട് വിഷമം തോന്നിയിട്ടുണ്ട്. ഒരു കൈത്താങ്ങു കിട്ടിയാൽ ഒരു പാട് ദൂരം താണ്ടാൻ കഴിവുള്ള പ്രതിഭകൾ ആണ് മിക്കവരും.

അവരെ വീണ്ടും അടുക്കളയിൽ നിന്നും അരങ്ങത്തേക്കിറക്കാൻ പങ്കാളികൾക്ക് അല്ലെങ്കിൽ വീട്ടുകാർക്ക് ചെയ്യാൻ പറ്റുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ ഉണ്ട്. കൂടെയുണ്ട് എന്ന ഉറപ്പാണ് അതിൽ പ്രധാനം. ഒപ്പം വീട്ടുപണികളിൽ കഴിയുന്ന പോലെ സഹായിക്കുക,  ചെറിയ ചെറിയ എന്നാൽ വലിയൊരു മാറ്റത്തിന് സഹായിക്കുന്ന കാര്യങ്ങൾ! പകരം ലഭിക്കുന്നത്  വലിയ സന്തോഷങ്ങൾ ആയിരിക്കും.

ജനിച്ചു വളർന്ന സമൂഹത്തിലലിഞ്ഞു ചേർന്ന ലിംഗധർമ്മ ബോധത്തിൽ നിന്ന് ഉടലെടുക്കുന്ന കുറ്റബോധമാണ് പല അമ്മമാരെയും ജോലി തുടരുന്നതിൽ നിന്നും ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കാനും പ്രേരിപ്പിക്കുന്നത്.  കുഞ്ഞിന്‍റെ കാര്യങ്ങളിൽ അച്ഛനും അമ്മയ്ക്കും ഒരേ ഉത്തരവാദത്വമാണുണ്ടാകേണ്ടതെങ്കിലും ഈ കുറ്റബോധം മിക്കവാറും അമ്മമാരെ മാത്രമാണ് അലട്ടുന്നത്. സമൂഹവും അവളിൽ നിന്ന് മാത്രമേ അത് പ്രതീക്ഷിക്കുന്നുള്ളൂ.

smitha v.sreejith,memories, womens day

കുഞ്ഞിന്  രണ്ട്  വയസ്സായപ്പോൾ മുതൽ എനിക്ക് ബാംഗ്ലൂരിലെ കമ്പനിയിൽ നിന്നു യുകെയിലേക്ക് ഇടക്കിടെ തനിച്ച്  യാത്ര ചെയ്യേണ്ടി വന്നിരുന്നു. ആ ദിവസങ്ങളിലെ സാമൂഹികവും മാനസികവുമായ സമ്മർദങ്ങൾ ‘കരിയർ’ എന്ന സ്വപ്നത്തിന്‍റെ കൂട്ട് പിടിച്ചു അതിജീവിക്കുവാൻ പറ്റിയത് കൊണ്ടും, അത് മനസ്സിലാക്കുന്ന ഒരു കുടുംബമുള്ളതു കൊണ്ടും ഇന്ന് മകന് ചുരുങ്ങിയ കാലത്തേക്കാകാമെങ്കിൽ കൂടി ഇവിടെ യുകെയിൽ മികച്ച  സാഹചര്യത്തിൽ, വ്യത്യസ്ഥമായ കാഴ്ചപാടുകളും സംസ്കാരങ്ങളുമുള്ള കുട്ടികളുടെ കൂടെ പഠിച്ച്, ലോകത്തെ കൂടുതൽ അറിഞ്ഞു വളരാൻ സാധിക്കുന്നു. നമ്മളെടുക്കുന്ന ഇത്തരം ചില തീരുമാനങ്ങളും, ചെറിയ മാറ്റങ്ങളും തുടക്കത്തിൽ ബുദ്ധിമുട്ടായി തോന്നാമെങ്കിലും, കുറച്ച് കഴിഞ്ഞു തിരിച്ചു നോക്കുമ്പോൾ  സംതൃപ്തി തരുമെന്നാണ് എന്‍റെ വിശ്വാസം, അനുഭവവും.

ഈയിടെ ഒരു ഇംഗ്ലീഷ് കൂട്ടുകാരി ഒരു വർഷത്തെ കുഞ്ഞു സമ്പാദ്യം കൂട്ടിവച്ചു ആ പണം കൊണ്ട് ഒരു മാസം ഇന്ത്യ മൊത്തം ചുറ്റി കറങ്ങി വന്നു. രണ്ട് കുഞ്ഞുങ്ങളെ ഭർത്താവിനെ ഏല്പിച്ചു ഒറ്റക്ക് ഒരു ‘back pack trip’. ജീവിതത്തിലെ വലിയ ഒരു അനുഭവം ആയിരുന്നു അത് എന്ന് അവർ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് പറഞ്ഞു. ഒരു ജോലിയില്ലായിരുന്നെങ്കിൽ ഒരിക്കലും ആ സ്വപ്നം സാധ്യമാവില്ലായിരുന്നെന്നും. ഒരു സ്ത്രീയെ കൂടുതൽ ആത്മവിശ്വാസമുള്ളവൾ ആക്കാനും സ്വയം പര്യാപ്തയാക്കാനും ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള ചങ്കൂറ്റം നൽകാനുമൊക്കെ സ്വന്തമായി വരുമാനമുള്ള ഒരു ജോലി വളരെയധികം സഹായിക്കുമെന്നതിൽ സംശയമില്ല.

ഇതിനൊക്കെയിടയിൽ വിചിത്രമായി തോന്നുന്ന ചിലതുണ്ട്. ജോലിക്കാരായ അമ്മമാരുടെയും  അവരുടെ കുഞ്ഞുങ്ങളുടെയും നഷ്ടക്കണക്ക് പറഞ്ഞ്  സഹതപിക്കാനും, പറ്റുമെങ്കിൽ ഇത്തിരി കുറ്റബോധം കുത്തിനിറക്കാനും കരുതി വരുന്ന ചിലർ! അവരിൽ പലരും ജോലിക്കു പോകാൻ താൽപര്യമില്ലാതെ വീട്ടിലിരിക്കുന്നവരും കൊച്ചുകുഞ്ഞുങ്ങളെ ദിവസത്തിന്‍റെ ഭൂരിഭാഗവും മൊബൈൽ ഫോണിനും ടിവിയ്ക്കും വിട്ടുകൊടുത്ത് രണ്ടു ലോകങ്ങളിൽ ജീവിക്കുന്നവരുമാണെന്നു തോന്നാറുണ്ട്.

കുഞ്ഞുങ്ങളുടെ കൂടെ എത്ര മണിക്കൂർ ഒരു വീട്ടിനുള്ളിൽ ചെലവഴിക്കുന്നു എന്നതിലല്ല മറിച്ച് ചെലവഴിക്കുന്ന സമയം എത്ര ഗുണപ്രദം ആയി വിനിയോഗിക്കുന്നു എന്നതിലാണ് കാര്യം.

smitha v.sreejith,memories, womens day

ഹാവാർഡ് ബിസിനസ് സ്‌കൂളിന് വേണ്ടി കാതലീൻ മെക്ക്ഗിൻ നടത്തിയ പഠനത്തില്‍ മാതാപിതാക്കൾ രണ്ടു പേരും ജോലി ചെയ്യുന്നത് കൊണ്ട് സാമ്പത്തികമായ അടച്ചുറപ്പോ, മാനസികമായ സംതൃപ്തിയോ മാത്രമല്ല ലഭിക്കുന്നത്, അത് മിടുക്കരായ, സ്വയം പര്യാപ്‌തരായ പുതു തലമുറയെ വാർത്ത് എടുക്കാനും സഹായിക്കുന്നു എന്ന് പറയുന്നുണ്ട്. 25 രാജ്യങ്ങളിൽ നിന്നായി 50000 പേർക്കിടയിൽ നടത്തിയ പഠനം പറയുന്നത്  ഉദ്യോഗസ്ഥകളായ അമ്മമാരുടെ പെൺകുട്ടികൾ മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതൽ ഉയർന്ന ജോലി നേടാനും, ആൺകുട്ടികൾ വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും, സഹായിക്കാനും ഇടയാകുന്നു എന്നാണു. ഇത് കൂടാതെ നൂറ്റാണ്ടുകളായി സമൂഹത്തിൽ കണ്ടിഷൻഡ് ആയ വീട്ടമ്മ സങ്കൽപം മാറ്റി നമ്മുടെ ആൺകുട്ടികൾക്ക് നല്ല റോൾ മോഡൽ ആക്കാനും ഇത് സഹായിക്കുന്നു.

കുഞ്ഞു ഗ്രാമത്തിൽ നിന്ന് കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലിക്ക് എത്തപ്പെട്ടപ്പോൾ, അല്ലെങ്കിൽ വെല്ലുവിളികളുള്ള പുതിയ പുതിയ റോളുകളിൽ മാറി മാറി ജോലി ചെയ്യേണ്ടി വരുമ്പോൾ ഞാൻ പഠിച്ച ജീവിതാനുഭവങ്ങൾ, മുന്നിൽ കണ്ട മറ്റു ജീവിതങ്ങൾ എന്‍റെ മകനിലേയ്ക്ക് നേരത്തെ തന്നെ പകരാനും അത് വഴി അവനെ കൂടുതൽ പ്രാപ്തനാക്കാനും സഹായിക്കും എന്നത് ഈ ഹാവാർഡ് പഠനത്തിന്‍റെ പിന്തുണ ഇല്ലാതെ തന്നെ എനിക്ക് സാക്ഷ്യപ്പെടുത്താവുന്നതാണ്.

ലോക വനിതാ ദിനത്തിൽ പൂക്കൾക്കും ചോക്കലേറ്റിനും അപ്പുറം മറ്റ് ചില സന്തോഷങ്ങൾ കൂടിയുണ്ട്. നീണ്ട കരിയർ ബ്രേക്ക് എടുത്ത അമ്മാമാരെ തിരിച്ചു കൊണ്ട് വരുന്നതിലേക്കായി അഞ്ച് മില്യൺ പൗണ്ട് കഴിഞ്ഞ വനിതാ ദിനത്തിൽ യുകെ ഗവൺമെന്റ് അനുവദിച്ചിരുന്നു. വൊഡാഫോൺ ‘റീ കണക്ട്’ എന്ന പേരിൽ 26 രാജ്യങ്ങളിൽ ആയി നീണ്ട കരിയർ ബ്രേക്ക് എടുത്തവരെ ഉദ്ദേശിച്ചു ഒരു പ്രത്യേക റിക്രൂട്ടിമെന്റ് പ്രോഗ്രാം നടത്തുന്നു. ഈ വിധം തിരഞ്ഞെടുക്കപ്പെടുന്ന 1000 പേരിൽ 500 പേരെ നേരിട്ട് മാനേജർ തസ്തികയിലേക്കായിരിക്കും നിയമിക്കുക എന്നതും ശ്രദ്ധേയമാണ്. ഇത്തരം തിരിച്ചറിവുകളും പ്രോഗ്രാമുകളും നമ്മുടെ നാട്ടിലും ഉണ്ടാകട്ടെ എന്നും, 144  രാജ്യങ്ങളിൽ 108-മത് ആയി നിൽക്കുന്ന നമ്മുടെ ഗ്ലോബൽ ജൻഡർ ഗാപ് സ്കോർ എത്രയും പെട്ടെന്ന് തന്നെ മെച്ചപ്പെടട്ടെ എന്നും വെറുതെ, ആഗ്രഹിച്ചു പോകുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ