ഇംഗ്ലണ്ട് ജീവിതത്തിലെ ആദ്യത്തെ സുഹൃത്ത് തൊട്ടടുത്ത ഫ്ലാറ്റിലെ ആന്ധ്രാക്കാരിയായിരുന്നു. എന്നേക്കാൾ രണ്ടു മൂന്നു വർഷം മുൻപേ ഇംഗ്ലണ്ടിൽ വണ്ടിയിറങ്ങിയവൾ. പച്ചക്കറി വാങ്ങാനും, പാചകപരീക്ഷണങ്ങളിലും എന്‍റെ വഴികാട്ടി. സിവിൽ എൻജിനീയറിംഗ് ബിരുദധാരിയെങ്കിലും, തൊഴിൽ എന്ന നിലയിൽ ജോലി ചെയ്യാൻ താല്പര്യമില്ലാത്തവൾ. കുടുംബങ്ങളുടെ സൗഹൃദസദസ്സുകളിൽ പല തരം സ്വാദിഷ്ഠ വിഭവങ്ങൾ ഉണ്ടാക്കുന്ന, ഗൗരി പൂജയ്ക്കും ദീപാവലിക്കുമൊക്കെ ക്ഷണിക്കുമ്പോൾ അസാമാന്യ നൈപുണ്യത്തോടെ വീടൊരുക്കി വെയ്ക്കുന്ന, ഉത്തമ കുടുംബിനിയായ അവർ സ്ത്രീവർഗത്തിലെ ഗരുഡൻ ആണെങ്കിൽ, ഈച്ചയായി സ്വയം അവരോധിച്ചു ഞാൻ പൊരുതാതെ തന്നെ തോൽവി സമ്മതിച്ചു.

ആന്ധ്രയിലെ ഓരോ ആഘോഷങ്ങളും ആചാരങ്ങളും അതുപടി പിന്തുടരുന്ന, മൂക്കുത്തിയും വട്ടപ്പൊട്ടും സിന്ദൂരവുമണിഞ്ഞ ആ മുഖത്തിനോട് തീരെ യോജിക്കാത്ത ഒരു പ്രസ്താവന നടത്തി അവർ ഒരിക്കൽ – “എനിക്ക് നാട്ടിലേക്ക് തിരിച്ചു പോവുകയേ വേണ്ട , ഇംഗ്ലണ്ടിൽത്തന്നെ താമസിക്കാനാണ് ഇഷ്ടം”. അവിയലിലെ കയ്പ്പക്ക പോലെ, അവരുമായി തീരെ ചേരാതെ നിന്ന ആ വാചകം, അന്നെന്നെ ശരിക്കും അത്ഭുതപ്പെടുത്തി.

“കാരണം ഇവിടെ എനിക്ക് സ്വാതന്ത്ര്യമുണ്ട്, നാട്ടിൽ ജീവിക്കും പോലെയല്ല”, ഇംഗ്ലണ്ടിൽ നിന്നും തിരിച്ചു പോവാൻ ആഗ്രഹിക്കാത്തതിനെപ്പറ്റി പിന്നീടൊരിക്കൽ അവർ കൂടുതൽ പറഞ്ഞപ്പോൾ എന്‍റെ അത്ഭുതം ഇരട്ടിച്ചു!

കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന, മാറ്റങ്ങൾ ആഗ്രഹിക്കാത്ത ഇവർക്ക്, പിശുക്കന്‍റെ സമ്പാദ്യം കണക്കെ, സ്വാതന്ത്ര്യം അർത്ഥമില്ലാത്ത ഒരു അലങ്കാരമായിരിക്കും എന്നെനിക്കു തോന്നി.

“ഇവിടെ എനിക്ക് തോന്നുന്നില്ലെങ്കിൽ നേരത്തെ എഴുന്നേൽക്കണ്ട , കുട്ടികളെ എനിക്ക് ഇഷ്ടമുള്ളത് പോലെ വളർത്താം, ശനിയാഴ്ച്ച പെട്ടെന്ന് തീരുമാനിച്ച് സിനിമക്ക് പോയാൽ , തിരിച്ചു വരുമ്പോൾ അമ്മായിയമ്മ എന്ത് പറയുമെന്നോർത്തുള്ള പേടി വേണ്ട…” പിന്നെയെപ്പൊഴോ അവരുടെ തുറന്നു പറച്ചിലിൽ ഉരുത്തിരിഞ്ഞ സമവാക്യം , കുടിയേറ്റ ജീവിതത്തിലെ എന്നത്തേയും ഏറ്റവും വലിയ സമസ്യക്ക് ഉത്തരം കണ്ടെത്താൻ പിന്നീട് പലപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്.

നാടിനെ സ്നേഹിക്കുമ്പോളും ഏതു രാജ്യത്തു പോയാലും സ്വന്തം ആചാരങ്ങളും സംസ്ക്കാരവും പിന്തുടർന്ന്, പ്രാദേശികതയുടെ നീർപ്പോളക്കകത്തു ജീവിക്കുമ്പോളും, ലോകനിലവാരത്തിലുള്ള ജീവിതസൗകര്യങ്ങൾ ഇപ്പോൾ ഇന്ത്യയിലും ലഭ്യമാണെന്ന് അഭിമാനിക്കുമ്പോഴും, ഇവിടെ കണ്ടുമുട്ടിയ ഭൂരിപക്ഷം ഇന്ത്യക്കാരും – പ്രത്യേകിച്ച് സ്ത്രീകൾ- പ്രവാസം അവസാനിപ്പിച്ച് തിരിച്ചു പോവാൻ ആഗ്രഹിക്കാത്തത് എന്തു കൊണ്ടാണ്?

പൗണ്ടിന്‍റെ വിനിമയ മൂല്യത്തിനപ്പുറം, വ്യക്തി സ്വാതന്ത്ര്യം, ഉദ്യോഗസ്ഥകളായ സ്ത്രീകൾക്ക് കുടുംബവും കുട്ടികളെയും ഒന്നിച്ചു കൊണ്ട് പോവാനായി തൊഴിലിടങ്ങളിൽ ലഭിക്കുന്ന പിന്തുണ, ‘തുറിച്ചു നോക്കരുത് ‘ എന്ന് വിളിച്ചു പറയിക്കാതെ തന്നെ, ഒറ്റയ്ക്ക് യാത്ര ചെയ്യുകയോ കുഞ്ഞിന് പാല് കൊടുക്കുകയോ ചെയ്യുന്ന സ്ത്രീയെ തുറിച്ചു നോക്കാതിരിക്കാൻ മാത്രം പക്വതയാർന്ന സമൂഹം എന്നിവയെല്ലാം ജീവിതത്തിലെ ഏറ്റവും പ്രധാനമായ – പലപ്പോഴും ദുഃഖകരമായ – ഒരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

priya kiran, womens day

സമാനദുഃഖിതരായ ഏഷ്യാക്കാരുമായുള്ള സംഭാഷണങ്ങളിൽ ഇത്തരം സാമൂഹികപ്രശ്നങ്ങൾ പലപ്പോഴും വന്നു പോയെങ്കിലും, ഇംഗ്ലണ്ടുകാരോട് സംസാരിക്കുമ്പോൾ, ‘യോഗ’, ‘കർമ്മ’, ‘ചട്നി’ തുടങ്ങി നമ്മുടെ വാക്കുകളൊക്ക കടമെടുത്തു ജീവിക്കുന്ന, നമ്മളില്ലെങ്കിൽ ഐ ടി, ആരോഗ്യ രംഗത്തൊക്കെ ഉദ്യോഗസ്ഥരെ കിട്ടാതെ നട്ടം തിരിയാൻ പോവുന്ന, ‘ഗതികെട്ട’വരോടുള്ള ഗർവ് നിലനിർത്താൻ ഞാൻ എപ്പോളും ശ്രമിച്ചു. (“ഉണ്ടാൽ ഏമ്പക്കം വിട്ടു അറിയിക്കണം, ഉണ്ടില്ലെങ്കിൽ വയറു മുറുക്കിക്കെട്ടണം” എന്നോ മറ്റോ ആറാം ക്ലാസ്സിലെ മലയാളം പുസ്തകത്തിൽ വായിച്ചതിൽപ്പിന്നെ ‘ബൂർഷ്വക്കുത്തരം ഫ്യൂഡലിസം’ എന്നതാണു എന്‍റെ സാഹസികജീവിതനയം.)

പ്രകൃതിസുന്ദരവും സാംസ്‌കാരികവൈവിധ്യമാർന്നതുമായ എന്‍റെ സ്വന്തം രാജ്യത്തേയ്ക്കുള്ള മടക്കയാത്ര വൈകുന്നത്, വിമാനത്തിൽ ബുക്കിങ് കഴിഞ്ഞു പോയത് കൊണ്ടു മാത്രമാണെന്ന മട്ടിലാണ്, യൂറോപ്യൻ ശ്രോതാക്കളുമായുള്ള മിക്ക സംഭാഷണങ്ങളും അവസാനിപ്പിക്കാറുള്ളത്.

ഇവിടുത്തുകാരിയായ ഒരു സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തിനു ഞങ്ങള്‍ കുറച്ചു സ്ത്രീകളൊന്നിച്ചു പുറത്തു പോയത് അടുത്തിടെയാണ്. സിനിമയും ഡിന്നറും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പാതിരാവായി.  പൂർണചന്ദ്രൻ, വെളിച്ചമുള്ള വഴികൾ, തണുത്ത കാറ്റ്…

“കഴിച്ച ഭക്ഷണം ദഹിക്കാൻ നമുക്കിത്തിരി നടന്നാലോ?” കൂട്ടത്തിലെ ‘അസഹൃദയ’ പോലും, കാല്പനികയായി മാറി.

“ഇന്ത്യയിൽ ഒരിക്കലും ഇതു പോലുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ സ്ത്രീകൾക്ക് ലഭിക്കില്ല, എല്ലാത്തിലും റെസ്ട്രിക്ഷൻസ് ആണ്,” ചിരിച്ചു സംസാരിച്ചു നടക്കുമ്പോൾ, പെട്ടെന്ന് കൂടെയുള്ള ഡൽഹിക്കാരി ഒറ്റുകാരിയായി മാറി.

“അതെ, സ്ത്രീകൾക്ക് തുല്യത കൊടുക്കാത്ത ഒരു സമൂഹം, വേറെ എന്ത് ഗുണം ഉണ്ടായാലും മോശം തന്നെയാണ്. പോവണമെന്ന് ആഗ്രഹിച്ചാലും, നിങ്ങളാരും തിരിച്ചു പോവില്ലെന്ന് ഞാൻ കരുതുന്നതും അത് കൊണ്ടാണ്,”- പിറന്നാളുകാരി പറഞ്ഞു.

രാജ്യത്തിന്‍റെ അന്തസ്സ് ഇപ്പോൾ എന്‍റെ ചുമലിലാണ്. ഡൽഹിയെ തള്ളിപ്പറഞ്ഞു കൊണ്ട് ഇന്ത്യയുടെ ബാക്കി ഭാഗങ്ങളെ രക്ഷപ്പെടുത്തിയെടുക്കുകയെന്ന കടുത്ത തീരുമാനം എനിക്ക് എടുക്കേണ്ടി വന്നു.

priya kiran,womensday

“സ്ത്രീ സമത്വം, സമൂഹമല്ലല്ലോ നമ്മൾ തന്നെയല്ലേ ഉറപ്പു വരുത്തേണ്ടത്! ഡൽഹിയിൽ എങ്ങനെയെന്നറിയില്ല, സൗത്തിലൊക്കെ കാര്യങ്ങൾ കുറേ മെച്ചപ്പെട്ടിട്ടുണ്ട്. പിന്നെ തിരിച്ചു പോവുന്നതിനെപ്പറ്റിയാണെങ്കിൽ , തിരിച്ചു പോവാൻ പറ്റാതിരിക്കത്തക്കവണ്ണം മനോഹരമായ ഒരു സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത് – കേരളം- ബാക്ക് വാട്ടേഴ്സ് , ബീച്ചുകൾ , ഹൗസ്ബോട്ട് … ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവമായ തൃശ്ശൂർപൂരം എന്‍റെ വീട്ടിൽ നിന്നും പത്തു മിനിട്ടു ദൂരെയാണ് നടക്കുന്നത്…”

“ആഹാ.. ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവം.. തൃശൂർ പൂരം ! പ്രിയ എല്ലാ വർഷവും പോവാറുണ്ടോ?”

പോയിട്ടേയില്ല !!!

അപ്പോൾ പാഞ്ഞു പോയ ഏതോ ബൈക്കിന്‍റെ ശബ്ദത്താൽ പിറന്നാളുകാരിയുടെ ചോദ്യം കേട്ടില്ലെന്നു നടിച്ചു കൊണ്ട് ഞാൻ ഓർത്തു!

അച്ഛനും അനിയനും പോവുമ്പോൾ , പെൺകുട്ടികൾക്ക് സുരക്ഷിതമല്ലെന്നതിനാൽ, ഞാനും ചുറ്റുവട്ടത്തെ മറ്റെല്ലാ സ്ത്രീ ജനങ്ങളും ഏതെങ്കിലും ടെറസിൽ നിന്ന് കൊണ്ട് പൂരത്തിന്‍റെ വാദ്യം കേൾക്കുന്നെന്നും, ആകാശത്തുയരുന്ന സാങ്കൽപ്പിക പുകച്ചുരുളുകൾ വെടിക്കെട്ടിന്റേതെന്നു ഭാവനയിൽക്കണ്ടുകൊണ്ടും തൃപ്തിപ്പെടാറാണ് പതിവ്! ഇക്കഴിഞ്ഞ വർഷം പോലും !!!

എത്ര വേഗത്തിൽ നടന്നാലും, താണ്ടിയെത്താൻ സാധിക്കില്ലെന്ന് തോന്നിച്ച ദൂരത്തിന്‍റെ ബാഹുല്യം വീണ്ടുമൊരിക്കൽക്കൂടി എന്നെ അസ്വസ്ഥയാക്കി.

കൊച്ചി പഴയ കൊച്ചിയായിരിക്കുന്നിടത്തോളം, എല്ലാ വനിതാദിനത്തിലും, ബിലാൽ ഇടതടവില്ലാത്ത ഉദാഹരണങ്ങൾ നിരത്തി പേനയുന്തിക്കൊണ്ടേയിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ!

“ഒരു കഥ സൊല്ലട്ടുമാ…?”

#PressforProgress
#InternationalWomensDay
#IWD2018

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook