/indian-express-malayalam/media/media_files/uploads/2019/01/shahina-03.jpg)
തൃശൂരു നിന്നും നിലമ്പൂരിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ തിരക്കിലൂടൂളിയിട്ട് കയറിപ്പറ്റുമ്പോൾ രാത്രിയായിത്തുടങ്ങിയിരുന്നു. ഒഴിവുകാലം തുടങ്ങുന്നതിന്റെ തള്ളാണ് ബസിൽ . ജാലകച്ചാരെയുള്ള സീറ്റ്. വേറെ തടസ്സമൊന്നുമില്ലെങ്കിൽ ഒരൊമ്പതു മണിയാവുമ്പോൾ പെരിന്തൽമണ്ണയിലെത്താം .സംസാരശേഷിയില്ലാത്ത ഒരു സ്ത്രീയുടെയും പുരുഷന്റെയും സ്നേഹവർത്തമാനങ്ങൾ, പെൺകുട്ടികളും ആൺകുട്ടികളുമടങ്ങുന്ന ഒരു ബഹളകൂട്ടം. കുറെനേരം കഴിഞ്ഞു വരേണ്ട ഏതോ ബസ്സും കാത്തു മടുത്തിരിക്കുന്ന ചില യാത്രക്കാർ ,ചുറ്റുമുള്ള തിരക്ക് പിടിച്ച ലോകത്തെ മറന്ന് പരസ്പരമുമ്മ വച്ച് കളിയ്ക്കുന്ന ഒരമ്മയുമുണ്ണിയും.
ജാലകക്കാഴ്ചകളെ വെറുതെ വിട്ട് ബസ് നീങ്ങിത്തുടങ്ങി. തൃശൂര് നിന്നും പെരിന്തൽമണ്ണയിലേക്കുള്ള യാത്ര വടക്കാഞ്ചേരി വഴിയാവുന്നതാണ് എനിക്കിഷ്ടം. പച്ചപ്പിലേയ്ക്കൂളിയിട്ടിറങ്ങുന്നാ വഴികൾ മുഷിപ്പിക്കുകയേയില്ല. കുന്ദംകുളംവഴി എന്തോ മടുപ്പിക്കും. മടുപ്പ് വന്നാൽ ഉറക്കം തൂങ്ങും.
ബസ്സ്,കുന്നംകുളം വഴിയാണ്.ഇത്തിരിയുറങ്ങിപ്പോയത് അറിഞ്ഞതേ ഇല്ല. ഉണരുമ്പോളേക്കും ബസ്സിലെ സ്ത്രീയാത്രക്കാർ കുറേപ്പേർ ഇറങ്ങിപ്പോയിരുന്നു. എനിയ്ക്കരികിലി രുന്ന പെൺകുട്ടിയ്ക്ക് പകരം ഇപ്പോൾ ഒരു പ്രൗഢവൃദ്ധൻ. അയാൾക്കരികെ ഒരു ചെറുപ്പക്കാരനും.
ലേഡീസ് സീറ്റാണ് അതറിയാവുന്നത് കൊണ്ടാവാം വൃദ്ധൻ പറഞ്ഞു '' കാലിന് ചെറിയ ബുദ്ധിമുട്ടുണ്ട്. കണ്ടക്ടർ പറഞ്ഞു ഇനിയധികം സ്ത്രീ യാത്രക്കാരുണ്ടാവില്ലെന്ന്. ബുദ്ധിമുട്ടായില്ലല്ലോ ഉറങ്ങുകയായതു കൊണ്ടാണ് ചോദിക്കാതെ ഇരുന്നത്.''
ഞാൻ ആയിക്കോട്ടെ എന്ന് തലയാട്ടി .
കെ.കെ നായർ എന്ന് സ്വയം പരിചയപ്പെടുത്തി, ആ റിട്ടയേഡ് അധ്യാപ കൻ. തൃശൂര് താമസിക്കുന്ന മകളെ കാണാൻ വന്നതാണെന്നും. സംഭാഷണ പ്രിയനാണ് .കൂടെയിരിക്കുന്ന ചെറുപ്പക്കാരനെയും പരിചയപ്പെടുത്തി. ഒരു വക്കീൽ.രണ്ടുപേരും ബസ്സിൽ വച്ച് പരിചയപ്പെട്ടവർ./indian-express-malayalam/media/media_files/uploads/2019/01/shahina-01.jpg)
ഇനി പെണ്ണുങ്ങൾ കയറില്ല എന്ന ഉറപ്പോടെ അവരങ്ങനെ ലേഡീസ് സീറ്റിൽ യാത്ര തുടരവെയാണ് ബസ് ഒരു സ്റ്റോപ്പിൽ നിർത്തിയതും മുൻ വാതിലിലൂടെ പർദ്ദയിട്ട,ഏതാണ്ട് മുപ്പത്തഞ്ചോളം പ്രായം വരുന്ന ഒരു സ്ത്രീ കയറിയതും . ലേഡീസ് സീറ്റാകയാൽ നിയമം തെറ്റിക്കേണ്ടെന്നു വച്ചാവുംവക്കീൽ വേഗമെണീറ്റുകൊടുത്തു.പക്ഷേ, അയാളെണീറ്റ് കുറച്ചു നേരമായിട്ടും ആ സ്ത്രീ അവിടെ ഇരിക്കുന്നില്ല . പരിഭ്രമത്തോടെ പിന്നോട്ട് തിരിഞ്ഞു നോക്കിക്കൊണ്ട് കമ്പിയിൽ തൂങ്ങി നിൽപ്പ് തന്നെ.
കെ.കെ നായർക്ക് കാര്യം മനസ്സിലായി . ''കാലിന് തീരെ ബുദ്ധിമുട്ടായതു കൊണ്ടാണ് ''എന്ന് കെ.കെ.നായർ വീണ്ടും ആ സ്ത്രീയോട് ക്ഷമാപണം ചെയ്യുന്നു. ഒരു ശുപാർശയ്ക്കെന്നവണ്ണം ദയനീയമായി എന്നെ നോക്കുന്നു . ഞാനെന്റെ ജനാലസീറ്റ് കെ.കെ നായർക്ക് കൊടുത്ത് അദ്ദേഹത്തിന്റെ ഇടതു വശത്തേക്കിരുന്നു . ഉടനെത്തന്നെ ആ സ്ത്രീ ഓടി വന്ന് എനിയ്ക്കരികിലും.
''സദാചാരം '' അപ്പുറത്തു നിന്നിരുന്ന വക്കീൽ എല്ലാവരും കേൾക്കെയന്നേരം പറഞ്ഞു.' 'ആണും പെണ്ണുമല്ല, രണ്ട് മനുഷ്യര് ബസ്സിൽ ഒരുമിച്ചിരുന്നു പോകുന്നു എന്നങ്ങു കരുതിയാൽ വല്ല പ്രശ്നോമുണ്ടോ. അതും പ്രായമായ, മര്യാദയുള്ള ഒരു മനുഷ്യന്റെ അടുത്തിരിയ്ക്കാനാണ് ഇത്ര വലിയ പ്രശ്നം.ഇതൊക്കെ കുറച്ചു കൂടുതലാ. കുറച്ചധികം.''
അയാളുടെ അഭിപ്രായപ്രകടനം പലർക്കും രസിച്ചെന്നു തോന്നി.
അവിടെ ,സദാചാരവുമായി ബന്ധപ്പെട്ട ഒരനുബന്ധ ചർച്ച ഉടലെടുത്തു. ഇഴഞ്ഞു നീങ്ങുന്ന ആ യാത്രയ്ക്ക് കുറച്ചു നേരം ചൂട് പിടിയ്ക്കാൻ അങ്ങനെ ഒരു വിഷയം കിട്ടി . ഇതിലൊന്നും അലോസരപ്പെട്ട ഭാവമില്ലാതെ അല്ലെങ്കിൽ കേൾക്കുന്നു എന്ന് പോലും നടിക്കാതെയിരുന്ന ആ സ്ത്രീ ഇടയ്ക്കിടെ പക്ഷേ ,ആരെയോ ഭയപ്പെടും പോലെ പിന്നാമ്പുറത്തെ സീറ്റുകളിലേക്ക് ഒളിച്ചു നോക്കിക്കൊണ്ടിരുന്നു. അവർ നോക്കുന്നിടത്താകട്ടെ, ഞാനൊന്നും കണ്ടതുമില്ല. വക്കീൽ വാദം തുടരവേ/indian-express-malayalam/media/media_files/uploads/2019/01/shahina-02.jpg)
ഇടയ്ക്കെപ്പോഴോ ഒരു വിളർത്ത ചിരിയോടെ ഒച്ചയടക്കി അവർ
കെ.കെ നായരോടായിപ്പറഞ്ഞു, ''ഒന്നും തോന്നര്ദ്ട്ടോ ങ്ങക്ക് .ഇനിക്ക് ങ്ങള്ടെ അട്ത്തിരിക്കാൻ ഒര് കൊഴപ്പോല്ല.ന്റെ ഉപ്പയേക്കാൾ പ്രായംള്ള ഒരാളാങ്ങള് .ഈ വണ്ടീന്റെ പിന്നില് എവിടെയോ ന്റെ ഭർത്താവ് മറഞ്ഞിരിക്ക്ണ് ണ്ട്. ഞാൻ എന്തൊക്കെ കാട്ടണൂന്ന് നോക്കാനാ.വല്ല ആണുങ്ങളേം നോക്ക്ണ് ണ്ടോ വല്ലോരോടും മിണ്ടണ്‌ണ്ടോ വല്ലോരടേം മേത്തു തട്ടണുണ്ടോ ന്നൊക്കെ നോക്കാൻ. എത്ര മൂടിപ്പൊതച്ചിരുന്നാലും ഒരു മന്ഷ്യനീം നോക്കാതിരുന്നാലും അയാൾ എന്തേലുമൊക്കെ കണ്ടുപിടിക്കും. അത്ര സംശയാ അയാക്ക് . അങ്ങനെ കണ്ടുപിടിയ്ക്കാൻ നിന്നാ ഭൂമില് കുറ്റല്ലാത്തോരുണ്ടോ ? മനുഷ്യനല്ലേ സാറെ, കണ്ണ് നമ്മള് ഒറപ്പിച്ചോടത്തു തന്നെ നിക്ക്വൊ? ഒക്കെ കഴിഞ്ഞാ തച്ച് തച്ച് ഒരു ചതക്കല്ണ്ട് .. ന്റെ മേല് നി ഒന്നും ബാക്കീല്ല. ഇരിന്നില്ലെങ്കിലും വേണ്ട അടികൊള്ളാൻ വയ്യാഞ്ഞിട്ടാ'' അവർ ഒരു പാവം ചിരിയോടെ ഞങ്ങളെ നോക്കി.
''ഈശ്വരാ ഇനി ഞാൻ കാരണം കുട്ടിയ്ക്ക് പ്രശ്നാവ്വോ?'' എന്ന് അവരുടെ വിഷമം കണ്ട് കെ.കെ.നായർ അറിയാതെ ചോദിച്ചുപോയി .
വിടുവായൻ വക്കീൽ പിന്നിലപ്പോഴും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു . ഇതെല്ലാം കണ്ടും കേട്ടും പിൻ സീറ്റിലെവിടെയോയിരുന്ന് സംശയക്കാരൻ ഭർത്താവ് ആ പാവം സ്ത്രീക്കെതിരെ ഇന്നത്തേക്കുള്ള കുറ്റപത്രം തയ്യാറാക്കുകയാവുമല്ലോ ഇപ്പോളെന്ന് ആധിയോടെ ഞാനോർത്തു.
മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാനാ കൂനിപ്പതുങ്ങിയിരിക്കുന്ന സ്ത്രീയുടെ വലം കയ്യിൽ വെറുതെ ഒന്നമർത്തിപ്പിടിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us