scorecardresearch

ഈ പെണ്ണുങ്ങള്‍ എന്താണ്‌ വായിക്കുന്നത്?

‘ആ വാരികകള്‍ വായിച്ച ഒരു പെണ്ണും ഒരു ‘രാഷ്ട്രീയ കൊലപാതക’വും നടത്തിയില്ല. അവര്‍ തങ്ങളുടെ എതിരാളികളെ കൊല്ലാന്‍ ഒരു ഇരുട്ടിലും കാത്തു നിന്നില്ല’

karunakaran, womens day, iemalayalam

ഈ പെണ്ണുങ്ങള്‍ എന്താണ്‌ വായിക്കുന്നത്? ഒരിക്കല്‍ എന്‍റിക്ക് വില്ലാ മത്താസ് (Enrique Vila-Matas) അത്ഭുതപ്പെട്ടുവത്രെ!

The Women readers of Winter എന്ന തന്‍റെ കുറിപ്പില്‍ റോബര്‍ട്ടോ ബൊലാഞ്ഞോ (Between Parentheses) കൈയ്യില്‍ ഒരു പുസ്തകവുമായി പലയിടങ്ങളിലും വെച്ച് കാണുന്ന പെണ്ണുങ്ങളെപ്പറ്റി പറയുമ്പോഴാണ് വില്ലാ മത്താസിന്‍റെ ഈ ചോദ്യം ഓര്‍ക്കുന്നത്.

പെണ്ണുങ്ങള്‍, അവര്‍ എന്താണ്‌ വായിക്കുന്നത്? അറിയില്ല. മഹത്തായ സാഹിത്യം ഒന്നും ആയിരിക്കില്ല, (അല്ലെങ്കില്‍ മഹത്തായ സാഹിത്യം എന്താണ്?) ചിലപ്പോള്‍ ചില മാസികകളാകും, ചിലപ്പോള്‍ നന്നായി വിറ്റു പോയ ചില പുസ്തകങ്ങള്‍.

വായനയെപ്പറ്റി നാം കേട്ട ഏറ്റവും മഹത്തായ വചനം, ‘വായന നിങ്ങളെ സ്വത്രന്ത്രമാക്കുന്നു’ എന്നാണെങ്കില്‍ തങ്ങളുടെ പരശതം പാരതന്ത്ര്യങ്ങളുടെ ഇടയില്‍ ഒരു വായനക്കാരിയുടെ നില്‍പ്പ് സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാപനം ആകണം. എന്നാല്‍, വായിക്കുന്നതിനാലും എഴുതുന്നതിനാലും ‘പുറത്താവേണ്ടി വന്ന’ പെണ്ണുങ്ങളും ഉണ്ടായിരുന്നു. ആ സമയം എഴുത്തും വായനയും അവയുടെ ആദിമ ഉറവകളില്‍ നിന്നും മാറി പൗരോഹിത്യത്തിന്‍റെയും അധികാരത്തിന്‍റെയും ആയുധങ്ങളാവുന്നു. താന്‍ കവിത എഴുതുന്നത് ‘വീട്ടുകാര്‍ക്ക്‌’ ഇഷ്ടമല്ല എന്ന് പറയുന്ന കവി നമ്മുടെ ഭാഷയിലും എഴുതുന്നുണ്ട്, ആ സമയം തന്‍റെ സ്വാതന്ത്ര്യത്തിന്‍റെ ആവിഷ്കാരത്തെക്കാള്‍ അവള്‍ പറയുന്നത് തന്‍റെ ജീവിതത്തിന്‍റെ ഓര്‍മ്മയാണ്. വായന, ചിലപ്പോള്‍, ‘അധികാര’ങ്ങളുടെയും ഓര്‍മ്മയാണ്.

എനിക്കൊരു പ്രിയപ്പെട്ട ചങ്ങാതിയുണ്ട്, ഗായിക, എന്നെ സംഗീതത്തിന്‍റെ എന്നേയ്ക്കുമുള്ള കേള്‍വിക്കാരനാക്കിയത് അവരാണ്. മാധവിക്കുട്ടിയുടെയും വായനക്കാരിയായിരുന്നു അവര്‍. എഴുതാത്ത വായനക്കാരി. എഴുതാത്ത വായനക്കാരികള്‍ എഴുത്തുകാരുടെ ഓര്‍മ്മയെ പലവട്ടം നിര്‍മ്മിക്കുന്നു. എങ്കില്‍, എന്‍റെ ഭാവനയും, അവരോട്‌ കടപ്പെട്ടിരിക്കുന്നു. താന്‍ വായിച്ച പുസ്തകങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട വരികള്‍ക്കും ഏറ്റവും അപ്രിയം തോന്നിയ വരികള്‍ക്കും താഴെ അവര്‍ പെന്‍സില്‍ കൊണ്ട് വരച്ചു. എന്തു കൊണ്ട് എന്ന് അവള്‍ വിശദീകരിച്ചില്ല. പ്രിയവും അപ്രിയവും ഒരു പിളര്‍പ്പ്‌ പോലെ ഒരേ പേജില്‍ വരുന്നു എന്നതിനെക്കാള്‍ വായനയില്‍ പിളരുന്ന തന്നെയാണ് കണ്ടത് എന്ന പോലെ. വീടും ബന്ധങ്ങളും പിടിച്ചു നിര്‍ത്തിയ തന്‍റെ സ്ഥലങ്ങളില്‍ നിന്നും വായന കൊണ്ടു മാത്രം കൂടുവിട്ട് പോയവര്‍.

കൊടുംതണുപ്പുള്ള ദിവസങ്ങളില്‍ കൈയ്യില്‍ പുസ്തകങ്ങളുമായി നടന്നു പോകുന്ന റഷ്യയിലെ പെണ്ണുങ്ങളെയും ബൊലഞ്ഞോ തന്‍റെ ഈ കുറിപ്പില്‍ ഓര്‍ക്കുന്നു. സ്റ്റാലിന്‍റെ കാലത്തെ സോവിയറ്റ് റഷ്യയിലെ വായനക്കാരികളായ പെണ്ണുങ്ങളെ കുറിച്ചാണ് അത്. ആ വരികള്‍ ഇങ്ങനെയാണ്:

karunakaran, womens day, iemalayalam

When I see them walking along, bundled up, buffeted by the wind, I think about the Russian women who fought the revolution and who endured Stalinism, which was worse than winter, and fascism, which was worse than hell, and they always had books with them, when suicide would have been the logical choice. In fact, many of those winter readers ended up killing themselves…

കൊടും ശൈത്യത്തെക്കാള്‍ നീണ്ടു നില്‍ക്കുന്ന രാഷ്ട്രീയ സ്വേച്ഛാധിപത്യങ്ങള്‍ക്കകത്ത് പെണ്ണുങ്ങള്‍ അനുഭവിക്കുന്ന ദുരിതം യുദ്ധങ്ങളിലും ഉള്ള പോലെ ഭീതിജനകമാണ്. എന്നാല്‍, കൈയ്യില്‍ ഒരു പുസ്ത്കവുമായി സ്വേച്ഛാധിപത്യങ്ങളുടെ കൊലനിലങ്ങളിലേക്ക് പോകുന്ന പെണ്ണുങ്ങള്‍, ബൊലാഞ്ഞോയുടെ ഈ കാഴ്ച്ച, ലോകം പങ്കു വയ്ക്കുന്ന ഒരു പേടിസ്വപ്നമാവുമ്പോള്‍ അതൊന്നും വെറുതെയായിരുന്നില്ല എന്ന് നമ്മള്‍ കണ്ടെത്തുന്നു. ആ പെണ്ണുങ്ങള്‍ വായിച്ചത് എന്തായിരുന്നു എന്ന് നാം ആലോചിക്കുന്നില്ല, അവരുടെ കൈകളില്‍ പുസ്തകങ്ങള്‍ കണ്ടിരുന്നു എന്നത് പക്ഷേ ഓര്‍മ്മ വരുന്നു. പാര്‍പ്പുറപ്പിച്ച ഭൂഖണ്ഡത്തിലെ മുഴുവനായും വിശദീകരിക്കാന്‍ കഴിയാത്ത, അപ്പോഴും പരിചിതമായ ഒരു പ്രവൃത്തിയായി, ആ സമയം, വായന മാറുന്നു.

ബൊലാഞൊയുടെ കുറിപ്പ് വായിക്കുമ്പോള്‍ ഞാന്‍ മലയാളി പുരുഷന്മാരെയും ഓര്‍ത്തു.

ഒരിക്കല്‍ മലയാളത്തിലെ ‘പൈങ്കിളി വാരിക’കള്‍ക്കെതിരെ ‘സാംസ്കാരിക വിപ്ലവം’ നയിച്ച വിപ്ലവ പുരുഷന്‍മാരായിരുന്നു അവര്‍. നമ്മുടെ സാംസ്കാരിക പരിസരത്തില്‍ അവര്‍ ‘പുരോഗമനവാദികളായ വായനക്കാരായിരുന്നു.’ തങ്ങളുടെ തന്നെ കുലത്തിലും ജാതിയിലും ജീവിക്കുമ്പോള്‍ത്തന്നെ. അവര്‍ ‘പാര്‍ട്ടി’യിലെ അംഗങ്ങളായിരുന്നു. അവരുടെ ‘പാര്‍ട്ടി’ ഭരണകൂടങ്ങള്‍ ഉണ്ടാക്കുമായിരുന്നു. ‘പൈങ്കിളി’ വാരികകളുടെ വായനക്കാര്‍ ഏറെയും പെണ്ണുങ്ങളായിരുന്നു എന്നായിരുന്നു അന്ന് ‘പാര്‍ട്ടി’ കണ്ടെത്തിയത്. അല്ലെങ്കില്‍, അത് നമ്മുടെ ‘കുടുംബ’ത്തിന്റെയും നമ്മുടെ ‘സമൂഹ’ത്തിന്റെയും ‘അധപതനം’ പോലെയാണ് അവതരിപ്പിക്കപ്പെട്ടത്. പലപ്പോഴും ഈ ചര്‍ച്ചകളില്‍ ‘ജനപ്രിയ കല’യെ പറ്റിയൊന്നും ചര്‍ച്ചയുണ്ടായില്ല.

എന്നാല്‍, പുരോഗമനകാരികളായ പുരുഷന്മാരുടെ കുരിശുയുദ്ധത്തെ അതേ ‘പൈങ്കിളി സാഹിത്യം’ നേരിട്ടത് കാലം കാത്തുവെച്ച വിജയം പോലെയായിരുന്നു. അങ്ങനെ, പിന്നൊരു നാള്‍, ആ വാരികകള്‍ വേറെയൊരു ജന്മമെടുത്തു, വേറെയൊരു രൂപത്തില്‍ നമ്മുടെ ടെലിവിഷനിലേക്ക് പറന്നും പോയി. ടെലിവിഷനില്‍ ‘പൈങ്കിളി’ സീരിയലുകള്‍ ഉണ്ടായി. അവിടെയും അവര്‍ പെണ്ണുങ്ങളെ തങ്ങളുടെ പ്രേക്ഷകരാക്കി എന്ന വാദം വന്നു. വീണ്ടും അത് നമ്മുടെ കുടുംബത്തിനും സമൂഹത്തിനും പ്രശ്നമാകുന്നു എന്ന് വാദം വന്നു.karunakaran, womens day, iemalayalam

പക്ഷേ, നമ്മുടെ സ്ത്രീകള്‍, സോവിയറ്റ് നാട്ടിലെ പെണ്ണുങ്ങളെക്കാള്‍ എന്തു കൊണ്ടും, ഭാഗ്യമുള്ളവരായിരുന്നു. എന്തെന്നാല്‍, അവരൊക്കെ ഇവിടെ ‘പാര്‍ട്ടി’യുടെ വോട്ടു ബാങ്കിലെ ആള്‍ക്കൂട്ടമായിരുന്നു. അതു കൊണ്ടു മാത്രം ആ പെണ്ണുങ്ങള്‍ വിപ്ലവപുരുഷന്മാരുടെ കൊലയ്ക്കോ കയറിനോ ഇരയായില്ല. ആ പാവം സ്ത്രീകളുടെ ഭാഗ്യം, ഇന്ത്യയില്‍ അപ്പോഴും ജനാധിപത്യം നിലനിന്നിരുന്നു.  അതു കൊണ്ടു മാത്രം, ആ പെണ്ണുങ്ങള്‍ വിചാരണ ചെയ്യപ്പെടുകയോ ‘സൈബീരിയ’യിലേക്ക് നാട് കടത്തപ്പെടുകയോ ഉണ്ടായില്ല.

എന്നാല്‍, ഈ ‘പൈങ്കിളിവട്ട’ത്തൊന്നും ഇല്ലാതിരുന്ന ആ ആണുങ്ങള്‍, ഇത്തരം മഹത്തായ സാംസ്കാരിക യുദ്ധങ്ങള്‍ നയിച്ച പുരുഷ വിപ്ലവകാരികള്‍, അവരുടെ പാരമ്പര്യം എന്തായി? അവര്‍ തങ്ങളുടെ ‘പാര്‍ട്ടി’ക്ക് വേണ്ടി കൊലപാതകങ്ങള്‍ നടത്തി. അവരില്‍ ചിലര്‍ കൊന്നും കൊലവിളിച്ചും നേതാവായും മന്ത്രിയായും മുമ്പോട്ടു പോയി. അവരെ പിന്തുണയ്ക്കാന്‍ പലപ്പോഴും പുരോഗമനവാദികളായ എഴുത്തുകാര്‍ പോലും വന്നു.

ആ വാരികകള്‍ വായിച്ച ഒരു പെണ്ണും ഒരു ‘രാഷ്ട്രീയ കൊലപാതക’വും നടത്തിയില്ല. അവര്‍ തങ്ങളുടെ എതിരാളികളെ കൊല്ലാന്‍ ഒരു ഇരുട്ടിലും കാത്തു നിന്നില്ല.

വാസ്തവത്തില്‍, പെണ്ണുങ്ങള്‍ എന്താണ് ആലോചിക്കുന്നത് എന്ന് ഓര്‍ക്കുന്നത് പോലും ശാശ്വതമായ മൂല്യവ്യവസ്ഥയെത്തന്നെ അസ്ഥിരപ്പെടുത്തുന്നു. അല്ലലില്ലാതെ കഴിയുന്ന അധികാരഘടനയെ അസ്ഥിരപ്പെടുത്തുന്നു. ഇതെല്ലാം രാഷ്ടീയ കല്‍പ്പനകളില്‍ വരുന്നതാണ്. എന്നാല്‍, വെറുതെ ഇരുന്ന് ഏതോ പുസ്തകം വായിക്കുന്ന ഏതോ പെണ്ണ് ശരിയ്ക്കും ആരാവും എന്ന് അത്ഭുതപ്പെട്ടു നോക്കൂ – സാഹിത്യത്തില്‍ നാം വായിച്ച ‘കരുത്തരായ പെണ്ണുങ്ങളെ’ മറന്നു കൊണ്ട്. അവരും വെറുതെ കടന്നു പോകുന്നില്ല. ഒരു കഫേയില്‍, തിരക്കുകള്‍ ഒന്നുമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഒരു ടേബിളിനരികില്‍ തന്‍റെ മൊബൈല്‍ ഫോണും നോക്കി ഒറ്റയ്ക്ക് വെറുതെ ഇരിക്കുന്ന സ്ത്രീയെ പറ്റിയുണ്ടാക്കാവുന്ന കെട്ടുകഥ ആലോചിക്കു – ഒന്നും വെറുതെയാവില്ല.

പുസ്കവുമായി ഒരു പെണ്ണ് നിരവധി പെണ്ണുങ്ങളുടെ ഓര്‍മ്മകളുമായി വെറുതെ കടന്നുപോയതാവുമോ?

ബൊലഞ്ഞോ പറഞ്ഞ തണുപ്പുകാലം മറ്റൊരു വിധത്തില്‍ മലയാളികള്‍ക്ക് കിട്ടി എന്ന് പറയുകയായിരുന്നു, ഞാന്‍. പുസ്തകങ്ങളുമായി നടന്ന പെണ്ണുങ്ങള്‍ നമ്മുക്കും ഉണ്ടായിരുന്നു. ഇപ്പോഴും അവര്‍ എന്താണ് വായിക്കുന്നത് എന്ന് പ്രസക്തമല്ല. പക്ഷെ ഇന്ന് മലയാളത്തിലെ നല്ല കവിതകള്‍ പലതും അവരില്‍ ചിലര്‍ എഴുതുന്നു . രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്ന ആണുങ്ങളുടെ ലോകത്ത് അതൊരു മഹത്തായ നേട്ടമാണ്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Women reading roberto bolano karunakaran

Best of Express