ആമ്പല്ലൂര്‍ തിയേറ്ററില്‍ രണ്ടരമണിക്ക് പാട്ട് വെയ്ക്കും. ആ പാട്ടോടെയാണ് കൊട്ടകകള്‍ ഉണരുക. ആമ്പല്ലൂര്‍ ഒരു പെണ്‍നാടാണെന്ന് തോന്നിയിരുന്നു ആ നേരങ്ങളില്‍. സിനിമ കാണാന്‍ കൂട്ടമായി കൊട്ടകയിലേയ്ക്ക് പോയിരുന്ന നട്ടുച്ചകള്‍.

പാട്ട് വെച്ചാല്‍ വലിയ കുങ്കുമപ്പൊട്ട് തൊട്ട് സെറ്റ് മുണ്ടുടുത്ത് വിശാലാക്ഷിയമ്മ ഇറങ്ങും…” പോവ് ല്ലേ കുട്ട്യോളേ? ഒരു പെണ്‍പടയും മുഖം മിനുക്കി,മുടി ചീകി പിന്നാലെ….”ദ് ആ മേനോന്‍റെ പടാത്രേ…യ്ക്കിഷ്ടാ അയാള്‍ടെ പടങ്ങള്‍..നല്ല തമാശണ്ടാവും. രസികനാ…ഇതില് നസീറും ലക്ഷ്മിയും ഉണ്ട്….പേര് മറന്നു…ഒരു കുന്ത്രാണ്ടം പേരാണ്…..വേഗം നടക്കെന്‍റെ പിള്ളേരെ…പാടത്തൂടി പോവാം…”

അങ്ങനെ ഓര്‍മ്മയില്‍ ഒരു കൊട്ടകക്കാലം വിരിയുന്നു.വിശാലാക്ഷിയമ്മ ആയിരുന്നു ആദ്യകാലത്ത് ഞങ്ങളെ കൊണ്ടുപോയിരുന്നത്. ഞാന്‍ കാണുന്ന കാലത്ത് ബാലചന്ദ്രമേനോന്‍റെ ഫാനായിരുന്നു വിശാലാക്ഷിയമ്മ. അതിസുന്ദരി. പൊന്‍നിറം. അറുപതുകളിലും അത്യുത്സാഹത്തോടെ ഞങ്ങളുടെ കൂടെ രസിച്ച് വന്നിരുന്നു. അങ്ങനെ എത്രയോ അവധിദിവസങ്ങളില്‍ പാടം മുറിച്ച് ബാലചന്ദ്രമേനോന്‍റെയും ഭരതന്‍റെയും പത്മരാജന്‍റെയും സിനിമകള്‍ കാണാന്‍ ഓടിക്കയറിയിരുന്നു.

“ശ്രീരാമ”യാണ് ആമ്പല്ലൂരിലെ കൊട്ടകക്കാരണവര്‍. ജങ്‌ഷനില്‍ തന്നെ. വരമ്പത്ത് ചാടിക്കുതിച്ച കാലുകള്‍ക്കെന്തൊരുത്സാഹമായിരുന്നു. പാട്ടുകളുടെ ഓളത്തിലലിഞ്ഞും ചറപറാന്ന് കഥകള്‍ പറഞ്ഞും പെണ്‍കുട്ടികള്‍. ആ കൂട്ടത്തില്‍ നിന്നാണ് തിരക്കഥയും സംവിധാനവും അറിഞ്ഞത്. ശ്രീരാമ തിയേറ്ററില്‍ ബാല്‍ക്കണി ഉണ്ടായിരുന്നില്ല. ”ബോക്സ്”എന്ന ഒരു കൂടായിരുന്നു.അവിടെ ഇരുന്ന് സിനിമ കണ്ട ഓര്‍മ്മ ഇല്ല. ഇടവേളകളില്‍ ചായയും കടലയും വില്‍ക്കാന്‍ ആളുകള്‍ വന്നിരുന്നു. ഭരതന്‍ ചിത്രങ്ങളിലെ മിഴിവും സത്യന്‍ അന്തിക്കാടിന്‍റെ തമാശയും ജീവിതവും ആയ സമയങ്ങളില്‍ വിശാലാക്ഷിയമ്മ അധികം വരാതെയായി. എന്നാൽ, ഞങ്ങള്‍ പെണ്‍പട കൊട്ടകയാത്രകള്‍ തുടര്‍ന്നു.

പത്മരാജന്‍റെ ”നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍”ഇറങ്ങിയത് എന്‍റെ ഹൈസ്കൂള്‍ കാലത്താണ്. അന്ന് പ്രണയത്തിന്‍റെ അഭൗമഭംഗിക്ക് പാകമല്ല ഞാന്‍ എന്ന ബോധത്തില്‍. പക്ഷേ ഈ സിനിമയിലെ പ്രണയകുറിപ്പുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. ഇത്രയും ഉദാത്തവും ഹരിതാഭവുമായ പ്രണയസന്ദേശം മറ്റെവിടെയും അതുവരെയും ഞാന്‍കണ്ടതില്ല. സോളമന്‍റെ മാതളനാരകം പൂവിടുന്ന പുലരികള്‍.കോണ്‍വെന്റില്‍ ബൈബിള്‍ വച്ചിരുന്നു. പഴയനിയമം തപ്പി ഉത്തമഗീതം വായിച്ചത് എത്രയോതവണ. എന്നും ബൈബിള്‍ വായിച്ചിട്ടും ഈ പെങ്കൊച്ച് നന്നാവുന്നില്ലല്ലോ എന്ന് കന്യാസ്ത്രീകള്‍ കരുതിക്കാണും. ഓരോ തവണയും ഇത്രയേറേ ഹരിതമോ പ്രണയംഎന്ന് ചിന്തിച്ചുപോയി.

dhanam n.p, memories

അരവിന്ദന്‍റെ സിനിമകളോട് ഞങ്ങള്‍ക്ക് പ്രത്യേകകമ്പം ആയിരുന്നു. ഞങ്ങളുടെ സ്വന്തം സി വി ശ്രീരാമന്‍ കഥകളുടെ അനുകൽപ്പനങ്ങളായ “ചിദംബര”വും “വാസ്തുഹാര”യും. സ്മിതാപാട്ടീലിന്‍റെയും മാട്ടുപ്പെട്ടിയുടെയും സൗന്ദര്യം മാത്രമല്ല ചിദംബരം ഒരുവലിയ രഹസ്യം ഒളിപ്പിച്ച അനുഭവം: അത് ഇന്നും വെളിപ്പെടാത്ത ഒന്നത്രേ. ‘ശ്രീലക്ഷ്മി’യാണ് രണ്ടാമത്തെ തിയേറ്റര്‍. കൂടുതല്‍ സിനിമകള്‍ കണ്ടതവിടെ. അതിനടുത്ത് ‘ശ്രീഭവന്‍’ ഹോട്ടലിലെ മസാലദോശ പുകഴ് കൊണ്ടകാലം. വല്ലപ്പഴും കയറിയിരുന്നു.

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിലെ ‘മഞ്ഞമന്ദാരമേ’ എന്നത് പൊതുവേ മണ്‍താരങ്ങളായ മന്ദാരങ്ങളോട് ഇഷ്ടം കൂട്ടി. തുള്ളിയുറഞ്ഞു ഞാന്‍ കാവാകെ തീണ്ടുമ്പോള്‍ എന്ന് ഭരതന്‍ എഴുതിയപ്പോള്‍ സ്വയം ഒരു കാവായിമാറി ‘ആരണ്യകം ‘ കണ്ടപ്പോള്‍ ആത്മാവില്‍ മുട്ടിവിളിച്ചത് എന്നെയല്ലേ എന്നും. അല്ലെങ്കിലും സിനിമാഗാനങ്ങള്‍ നമ്മളോരുത്തരുടെയും ആണല്ലോ. ഞാന്‍ ജനിക്കും മുമ്പ് വയലാര്‍ എഴുതിയത് വരെ എനിക്കുവേണ്ടിയത്രേ.
സിനിമകള്‍ ഞങ്ങളെ സ്വപ്നം കാണുവാനും ഉല്ലസിക്കാനും പഠിപ്പിച്ചിരിക്കണം. അതിനാലാണ് നിലംതൊടാപാദങ്ങളോടെ പലയിടത്തും അലഞ്ഞത്. സിനിമകളുടെ ഏറ്റവും തെളിച്ചമാര്‍ന്ന അനുഭവം ചെമ്മണ്‍പാതയിലൂടെ പൊടിയും നോട്ടീസും ഒന്നിച്ച് പറത്തിയ കാറുകളാണ്. അതിനാടകീയമായ ശബ്ദങ്ങളും… അത്യുഗ്രന്‍ സംഘട്ടനങ്ങള്‍, നൃത്തരംഗങ്ങള്‍, ഉദ്വേഗഭരിതമായ കഥ എന്നൊക്കെ കേട്ട് ഓടിപ്പോയ് നോട്ടീസ് എടുക്കും…”ശേഷം വെള്ളിത്തിരയില്‍” എന്നച്ചടിച്ച കടലാസുകളില്‍ എന്തൊക്കെയോ ഒളിപ്പിച്ച് വെച്ചിട്ടുണ്ട് എന്നായിരുന്നു വിചാരം.

കൗമാരത്തിന്‍റെ ഒരു വലിയ തട്ടകമായിരുന്നു ആ കൊട്ടകക്കാലം. കറന്‍റ് ഇടയ്ക്കിടെ പോവുകയും ആളുകള്‍ കൂവിയും സ്ക്രീനിലേയ്ക്ക് ടോര്‍ച്ചടിക്കുകയും ചെയ്തിരുന്ന നേരങ്ങള്‍. കറന്‍റ് വരാതെ പാതിയിറങ്ങിയ ഒന്നോ രണ്ടോ സിനിമകള്‍. ആമ്പല്ലൂരില്‍ പെണ്‍മണം അധികം ഏല്‍ക്കാത്ത ഒരേയൊരു കൊട്ടക ‘ജോളി’ യായിരുന്നു. വെണ്ടോരിലേയ്ക്ക് കേറും ഇടവഴിയില്‍. ആണ്‍കാമനകളുടെ സ്വപ്നഭൂമിക. പെണ്ണുടല്‍ നീറഞ്ഞ തിരശ്ശീല. ആകെ ‘തണ്ണീര്‍ തണ്ണീര്‍’ കാണാനാണ് അങ്ങോട്ട് പോയത്. ഇന്ന് കൊട്ടകകള്‍ രൂപം മാറി. സിനിമകള്‍ മാറിവരുന്നു. ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നു.എങ്കിലും ഒരു നഷ്ടമെന്നുള്ളില്‍ ഊറുന്നു. ആമ്പല്ലൂര്‍ വടക്കുമുറിയിലെ പെണ്‍കാഴ്ചകളോളം അതെത്തുന്നില്ല.

വിശാലാക്ഷിയമ്മയും മറ്റു പലരും വിസ്മൃതിയിലേയ്ക്കാണ്ടു. എന്നിട്ടും ആ നട്ടപ്പറ വെയിലത്ത് വെള്ളരി നട്ട പാടം ചാടിക്കടന്ന വെയിലിന്‍റെ ഉത്സാഹവും വരമ്പിന്‍റെ മണവും ചിരികളുടെ ഉന്മാദവും നിലംതൊടായക്ഷികളുടെ സ്വാതന്ത്രൃവും അകമേ അറിയുന്നു. ഒരു കാലമാകെ തിരശ്ശീല വിടര്‍ത്തുന്നു. ഏതോ മഹാരഹസ്യം ഈ മയില്‍പ്പീലിയില്‍ ഉണ്ടെന്ന് കരുതിയ ബാല്യം പോലെ എന്തൊക്കെയോ ആ തിരശ്ശീലകള്‍ എനിക്ക് ബാക്കിവെച്ചിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ