ഓരോ ഋതുവിലും പ്രകൃതി എത്ര വ്യത്യസ്തമാണ്. വേനലിൽ ഭൂമി മുഴുവൻ കരിഞ്ഞ് നിലം വിണ്ട്, ജലനിരപ്പ് താണു.  പാടം വിണ്ടു പുഴ മണൽപ്പരപ്പു മാത്രമായി. വരൾച്ചയുടെയും ഉഷ്ണകാറ്റിന്റെയും പൊരിയുന്ന നാളുകൾ. കിണറുകളിലും കുളങ്ങളിലും കൊഴുത്ത പച്ച നിറമുള്ള വെള്ളം നക്ഷത്ര നിബിഡമായ ആകാശം. അതിനിടയിലും പൂത്തു നിൽക്കുന്ന വേലി കൊന്നങ്ങളും മുരിങ്ങയും വേനൽ തിളക്കവുമായി കൊന്നപ്പൂ. ചക്കയുടെയും മാങ്ങയുടെയും കാലം വരണ്ടുണങ്ങി കിടക്കുന്ന ഭൂമിയിലേക്ക് ആദ്യ മെത്തുന്ന മഴതുള്ളികൾ മണ്ണിന്റെ ഗന്ധമുയർത്തും. വെയിലിൽ വാടി നിന്നിരുന്ന ചെടികളും പൂക്കളും മഴയിൽ നനഞ്ഞ് നാണിച്ച് കൂമ്പി ഇടിയോടും മിന്നലോടും കൂടിയ മഴ പെയ്ത്തിൽ കുളങ്ങളും കിണറുകളും നിറഞ്ഞു കവിയും. ആകാശം മേഘങ്ങൾ മൂടി കറുത്തിരുളും ശക്തമായ മഴയിൽ മുറ്റവും തൊടിയും പുഴയായി മാറും. ശക്തമായ ഇടിയോടു കൂടിയ മഴയിലും കാറ്റിലും പെട്ട് സംഹാരരുദ്രയായ പ്രകൃതി വസന്തമെത്തുന്നതോടെ കോരി ചൊരിയുന്ന മഴയിൽ ആലസ്യം പുണ്ട കുന്നുകളും തൊടികളും എത്ര പെട്ടെന്നാണ് ഉണർന്നെണീക്കുന്നത് ചെത്തിയും ചെമ്പരത്തിയും അരളിയും മുതൽ നിലംപറ്റി വളരുന്ന പേരില്ലാ ചെടികൾ വരെ പു വാരി ചൂടി നിൽക്കുന്നു ഓണത്തെ വരവേൽക്കാൻ. സ്വഛന്ദമായ നീലാകാശം സ്നിദ്ധമായ ഇളം കാറ്റ്. കാറ്റിലിളകുന്ന പൂവള്ളികൾ. അവയിൽ തേനുണ്ണാണാനെത്തുന്ന കരിവണ്ടുകൾ. മരക്കൂട്ടങ്ങൾക്കിടയിലൂടെ വീഴുന്ന നിലാവ്. പ്രകൃതിക്ക് സംഭവിക്കുന്ന രൂപപരിണാമങ്ങൾ. ഈ പൂവായ പൂവൊക്കെ ഏതു ഇല ചാർത്തുകൾക്ക് പിന്നിൽ ഒളിച്ചു നിന്നു.

ശൈത്യകാലം എത്തുന്നതോടെ മഞ്ഞിന്റെ വെള്ളപുതപ്പു പുതച്ചഭൂമി. വീടിന് താഴേക്ക് നോക്കിയാൽ കാണാം വെളുത്ത പുക മുടിയപോലെ മഞ്ഞ് മഞ്ഞിന്റെ വിരലുകൾ ജനലഴികൾക്കിടയിലൂടെ നുഴഞ്ഞു വരും. തണുപ്പകറ്റാൻ കത്തിക്കുന്ന കരിയിലകളുടെ ഗന്ധം പേറുന്ന പ്രഭാതങ്ങൾ. അടുക്കളയിലെ അടുപ്പിനരികിൽ ചൂളിയിരിക്കുന്ന പൂച്ച, മുറ്റത്തെ അടുപ്പിലെ ചാരത്തിൽ നിന്നെഴുന്നേറ്റു വരുന്ന നായ, ഇളം വെയിൽ കായുന്ന മുത്തശ്ശി പ്രഭാതങ്ങളിൽ കാണുന്ന കാഴ്ചയാണ്. ആലസ്യമാർന്ന ക്ഷീണിച്ച ഉച്ചകൾ. ഏകാന്തമായ സന്ധ്യകളിൽ അമ്പലങ്ങളിൽ നിന്നുയരുന്ന ഭജന ശീലുകൾ ഡിസംബർ ഓർമ്മകൾക്കെന്ത് തണുപ്പാണ് ഇറ്റുവീഴുന്ന മഞ്ഞുതുള്ളികളുടെ തണുപ്പ്.

രാത്രി ഓർമ്മകളാണ് അധികം. ഉത്സവങ്ങളുടെ, ആഘോഷങ്ങളുടെ മാസം. ഡിസംബറിൽ എത്തുന്ന തിരുവാതിരയും ക്രിസ്തുമസ്സും. മണ്ഡല കാലം തുടങ്ങുന്നതോടെ ഉയരുന്ന ഭക്തരുടെ ശരണം വിളികൾ തുടർന്നു വരുന്ന ഉത്സവകാലം.latha mohanachandran, memories

മതിലുകളും ഡോർ ബെല്ലുകളുമില്ലാത്ത എപ്പോഴും ആർക്കും കയറി ചെല്ലാവുന്ന വീടുകളുള്ള നിറയെ പച്ചപ്പുള്ള ഒരു ഗ്രാമത്തിലെ തിരുവാതിര. ഇന്നത്തെപ്പോലെ അടുത്തടുത്തു വീടുകളില്ല. ഏതെങ്കിലും ഒരു വീട്ടിൽ കളി. അവിടേയ്ക്ക് എല്ലാവരും ഒത്തുകൂടും. രാത്രിയിൽ ആരെയും പേടിക്കാതെ അമ്മയും ചേച്ചിയുമൊത്ത് അവിടേക്ക് പോകുമ്പോൾ നിലാവ് വൃക്ഷ തലപ്പുകളിലും നിലത്തും വീണു കിടപ്പുണ്ടാകും. മെഴുകി വൃത്തിയാക്കിയ മുറ്റത്ത് കൊയ്തെടുത്ത കറ്റകൾ അടുക്കി വച്ചിട്ടുണ്ടാവും. നടുവിൽ വിളക്കും എട്ടങ്ങാടി എന്ന നേദ്യവും. സിനിമയിൽ കാണുന്നതുപോലെ മുല്ലപ്പൂവോ സാരിയോ ഇല്ല: മുണ്ടും ജാക്കറ്റുമിട്ട കളി ഒട്ടും ആകർഷകമായി തോന്നിയില്ല. കളി നടക്കുമ്പോൾ ഞങ്ങൾ കുട്ടിപ്പട്ടാളം കളിയും പാട്ടും ബഹളവുമായി ഞങ്ങളുടെ ലോകത്ത്. ഇടക്ക് എട്ടങ്ങാടിയിലേക്ക് എത്തിനോട്ടവും. പാതിരാപ്പൂ ചൂടലും തണുത്ത വെള്ളത്തിലെ തുടിച്ചു കുളിയും ഇലക്കുറിയുമൊക്കെ ഓർമ്മയിൽ. തിരുവാതിരപ്പുഴുക്കിന്റെയും ചാമകഞ്ഞിയുടെയും സ്വാദ് ഇപ്പോഴും നാവിൻതുമ്പിലുണ്ട്.

ക്രിസ്മസ് എത്തുന്നതോടെ പത്തു ദിവസത്തെ ഒഴിവുകാലവും തുടങ്ങുകയായി. പകൽ മുഴുവൻ കൂട്ടുകാരുമൊത്തുള്ള കളി. രാത്രിയായാൽ കാണാം അവിടവിടായി വീടുകളിൽ തൂക്കിയിട്ടിരിക്കുന്ന നക്ഷത്ര വിളക്കുകളിലെ മെഴുതിരി വെട്ടങ്ങൾ ഗ്രാമത്തിലെ നിശ്ശബ്ദമായ രാത്രികളിൽ താഴെയുള്ള ഇടവഴിയിലൂടെ പെടോമാക്സ് വെളിച്ചത്തിൽ അടുത്തുള്ള ക്രിസ്തീയ ഭവനങ്ങളിലേക്ക് പോകുന്ന കരോൾ സംഘത്തിന്റെ പാട്ടും കേൾക്കാം കാതോർത്താൽ ഇളം കാറ്റിൽ ഒഴുകിയെത്തും കുറച്ചകലെയുള്ള വീടുകളിൽ നിന്നും കരോൾ ഗാനങ്ങൾ. സ്കൂൾ തുറന്ന് ചെല്ലുമ്പോൾ പുൽക്കൂട്ടിൽ ഉണ്ണിയേശു ഞങ്ങൾ കുട്ടികളെ കാത്തു കിടക്കുന്നുണ്ടാകും. കൂടെ ‘ജോസഫും മറിയവും മാലാഖമാരും’ ആട്ടിടയന്മാർ വശം ചേർന്നും അടുത്തു നിൽക്കുന്നുണ്ടാവും.

ഓണത്തിനും വിഷുവിനും വേണ്ടിയുള്ള കാത്തിരിപ്പു പോലെ തന്നെയാണ് ഉത്സവം എത്താനുള്ള കാത്തിരിപ്പും വർഷത്തിൽ ഒരിക്കൽ മാത്രം വരുന്നത്. നാലു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഒരു മലയുടെ അപ്പുറത്താണ് ക്ഷേത്രം. വീട്ടിലുള്ളവരും അടുത്ത വീടുകളിൽ താമസിക്കുന്ന ചേച്ചിമാരും ചേട്ടന്മാരുമൊക്കെ കൂടി ഒരു സംഘമായിട്ട് നിലാവും കണ്ട്, മലമുകളിൽ എത്തിയാൽ കേൾക്കാം അമ്പലത്തിൽ നിന്നുള്ള കൊട്ടും മേളവും. നിരനിരയായി കത്തുന്ന ട്യൂബ് ലൈറ്റുകൾ അമ്പല പരിസരം പകൽ പോലെ ആക്കിയിട്ടുണ്ടാവും. വിശാലമായ അമ്പലപറമ്പിൽ അന്തരീക്ഷത്തിൽ ഉയർന്നു പറക്കുന്ന വിവിധ നിറങ്ങളി ലുള്ള ബലൂണുകൾ . വള, മാല കച്ചവടക്കാർ, പല നിറങ്ങളിലുള്ള കാവടി കൾ, നെറ്റിപ്പട്ടം കെട്ടിയ ആന എല്ലാം കണ്ട് ആളുകൾക്കിടയിലുടെ ചുറ്റിനടന്ന് സ്റ്റേജിൽ മുന്നിൽ പേപ്പർ വിരിച്ച് ഇരിപ്പ് പിടിക്കും. പരിപാടി തുടങ്ങേണ്ട താമസം ഉറക്കം കൺപോളകളെ വന്ന് തലോടും. പിന്നെ ആകാശവും കണ്ട് അവിടെ കിടന്നുള്ള ഉറക്കം. അമ്മ വിളിച്ചുണർത്തുമ്പോഴാണ് പിന്നെ കണ്ണു തുറക്കുക. മഞ്ഞിൽ തണുത്ത രാവിൽ തിരിച്ചു നടക്കുമ്പോൾ മുക്കും ചെവിയുമെല്ലാം തണുത്തിരിക്കും. വഴിയുടെ ഇരുവശവുമുള്ള ചെടികളിലെ വിടർന്നു വരുന്ന പുക്കളിൽ നിന്നുള്ള മണം വരുന്നുണ്ടാവും. ഉത്സവം കഴിഞ്ഞ് പൊട്ടിയ ബലൂൺ തുണ്ടുകളും ചിതറി കിടക്കുന്ന കടലാസ്സുകഷ്ണങ്ങളും ഉണങ്ങിയ ആന പിണ്ടവും നിറഞ്ഞ് ഒഴിഞ്ഞ അമ്പലപ്പറമ്പ് കാണുമ്പോൾ മനസ്സിലൊരു സങ്കടം വന്നു നിറയും. പിന്നെ അടുത്ത വർഷത്തിനായുള്ള കാത്തിരിപ്പ് . ഒപ്പം മണ്ഡലകാലം കൂടി ഓർമ്മയിൽ തെളിഞ്ഞു വരുന്നു. വൃശ്ചിക തണുപ്പിൽ കുളത്തിലെ ഐസു പോലെ തണുത്ത വെള്ളത്തിൽ കുളിച്ച് മാലയിട്ട് കറുപ്പ് വസ്ത്രമുടുത്ത് വളർന്ന താടിയുമായി നാൽപത്തൊന്നു ദിവസത്തെ വ്രതം നോറ്റ് ശരണം വിളികളോടെ കെട്ടുനിറച്ച് മലയ്ക്ക് പോകുന്ന അയ്യപ്പൻമാർ വീട്ടിൽ നിന്നും മിക്കവർഷങ്ങളിലും അച്ഛനോ ആങ്ങളമാരോ ഉണ്ടാവും. വ്രതം തുടങ്ങിയാൽ എല്ലാവരും രാവിലെ കുളിക്കണമെന്ന് നിർബന്ധം. അധികവും പോയി തിരിച്ചെത്തുക രാത്രി ആവും. സമയം ആയാൽ വീടിനോട് അടുത്തു വരുന്ന ശരണം വിളി കേൾക്കാം. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ വ്യക്തമായി ഓർമ്മയിലേക്ക്latha mohanachandran, memories

ശൈത്യകാലത്തിന്റെ കാഠിന്യം നേരിട്ടനുഭവിച്ചത് ഒരു ഇറ്റലി യാത്രയിലാണ്. മഞ്ഞിന്റെ കരിമ്പടം പുതച്ചു കിടക്കുന്ന നഗരം വശ്യസൗന്ദര്യം വഴിഞ്ഞൊഴുകുന്ന വെൺമയാർന്ന തെരുവ് മഞ്ഞുപാളികളുടെ ഭാരത്താൽ തല കുമ്പിട്ടു നിൽക്കുന്ന ചെടികൾ. തണുപ്പിൽ വിറങ്ങലിച്ചു നിൽക്കുന്ന മരങ്ങൾ. വീശിയടിക്കുന്ന കാറ്റിൽ ജാക്കറ്റിനുള്ളിലൂടെ സൂചി പോലെ തുളച്ചുകയറുന്ന തണുപ്പ്.

മിലാനിൽനിന്ന് റോമിലേക്ക് പോകാൻ സ്റ്റേഷനിൽ ഇരുന്നപ്പോൾ അനുഭവിച്ച തണുപ്പ് ഓർമ്മയിൽ വരുമ്പോൾ ഇപ്പോഴും അതേ തീക്ഷ്ണതയിൽ അനുഭവപ്പെടുന്ന പോലെ കാലങ്ങളാ യി അനുഭവിക്കുന്നതുകൊണ്ടാകാം അവിടെ ഉള്ളവർക്ക് അതൊരു പ്രശ്നമായി തോന്നിയില്ല. നോർമൽ വസ്ത്രമണിഞ്ഞ് നടക്കുന്ന അവരെ അത്ഭുതത്തോടെ നോക്കി നിന്നു. മഞ്ഞില്ലാത്ത വെനീസിൽ ബോട്ടുയാത്രയിൽ വീശിയടിക്കുന്ന കാറ്റിൽ തണുത്ത് വിറച്ച് ചൂളിയിരുന്നതും ഓർമ്മയി ലേക്ക് കയറിവന്നു.

പ്രവാസ ജീവിതത്തിലെ അബുദാബി കാലം, കടലിന് അടുത്തുള്ള വീടിന്റെ ചില്ലുജാലകങ്ങളിലേക്ക് ചുളം വിളിച്ചെത്തുന്ന കാറ്റ് ആഞ്ഞടിക്കുന്ന ശബ്ദം ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. പകൽ കുറഞ്ഞ വിന്ററിൽ മകളുമൊത്ത് പ്രകാശം വരാത്ത ആറര മണിക്ക് ഇരുട്ടിൽ തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ തണുത്ത കാറ്റിൽ ചൂളി പോകും. ദുബായ്- അബുദാബി വൈകിയ രാത്രി യാത്രകളി ൽ കാറിന് മുന്നിൽ പുക പോലെ മഞ്ഞ് വന്നു നിറയും.

ഞാനും ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് പറിച്ചു മാറ്റപ്പെട്ടു. വീണ്ടും ഒരു ശീതകാലം മഞ്ഞില്ലാത്ത, തണുപ്പില്ലാത്ത കാറ്റില്ലാത്ത ഒരു ഡിസംബർ തിരുവാതിരയുടെ, ക്രിസ്തുമസിന്റെ, ശരണം വിളികളുടെ ഡിസംബർ. കാലത്തിനനുസരിച്ച് ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും രീതികളിൽ മാറ്റങ്ങൾ വന്നു. നഗരത്തിലെ കടകളിൽ പല രൂപത്തിലുള്ള നക്ഷത്ര വിളക്കുകൾ. അടുത്ത വീടുകളിൽ തെളിയുന്ന നക്ഷത്രങ്ങൾ. എന്റെ വീട്ടിലും ഇപ്പോൾ കരോൾ ഗാനങ്ങൾ മുഴങ്ങാറുണ്ട്. നക്ഷത്ര വിളക്ക് പ്രകാശിക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook