scorecardresearch
Latest News

ക്വിയര്‍ പ്രൈഡ്: ലൈംഗിക സ്വാഭിമാനത്തിന്റെ കാർണിവൽ

പ്രണയിക്കുന്നതിലോ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലോ സാമൂഹിക സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങാതെ വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാൻ സാധ്യമായ, പരമ്പരാഗതരീതിയിലുള്ള ആൺ-പെൺ വിവാഹബന്ധങ്ങൾ ആരുടേയും മേൽ അടിച്ചേൽപ്പിക്കപ്പെടാത്ത ഒരു നാളെക്കായുള്ള ഒരുക്കങ്ങളാണ് ഓരോ ലൈംഗിക സ്വാഭിമാന ഘോഷയാത്രകളും.

ക്വിയര്‍ പ്രൈഡ്: ലൈംഗിക സ്വാഭിമാനത്തിന്റെ കാർണിവൽ

കേരളത്തില്‍ വിമതലൈംഗികതയുടെ രാഷ്ട്രീയം സജീവമായും മൂര്‍ത്തമായും നിലനിര്‍ത്താനും LGBTIQ വിഭാഗത്തില്‍ പെട്ട ലൈംഗികന്യൂനപക്ഷങ്ങളുടെ ദൃശ്യത കൈവരിക്കുന്നതിലും കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ ക്വിയര്‍ പ്രൈഡ് കേരളത്തിന്‍റെ പ്രവർത്തനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേര്‍ തങ്ങളുടെ ലൈംഗികത ഹെട്രോണോമികളില്‍ അല്ല അടയാളപ്പെടുത്തേണ്ടത് എന്നു പറഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നു എന്നതിനോടൊപ്പം തന്നെ. ലൈംഗികചായ്‌വും (Sexual Orientation ) ലിംഗതന്മയും (Gender Identity) ബൈനറികളില്‍ തളയ്ക്കപ്പെടേണ്ടവയല്ല എന്നൊരു ബോധം നിര്‍മിച്ചെടുക്കുന്നതില്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ ക്വിയര്‍ പ്രൈഡ് വഹിച്ച പങ്കും സന്നദ്ധ സംഘങ്ങളുടെ പരിശ്രമങ്ങളും ഏറെ പ്രശംസനീയമാണ്.

എന്താണ് എല്‍ ജി ബി ടി ഐ ക്യു ?

എല്‍ ജി ബി ടി ഐ ക്യൂ വിലെ ലെസ്ബിയൻ , ഗേ , ബൈസെക്ഷ്വൽ എന്നത് ലൈംഗികചായ്­വിനെ സൂചിപ്പിക്കുന്നതാണ് എങ്കില്‍ ട്രാന്‍സ്ജെണ്ടര്‍ , ഇന്റർസെക്സ് എന്നിവ ലിംഗതന്മയിലതിഷ്ടിതമാണ്. ഇതിനുപുറമേ ലൈംഗികേതരായി തിരിച്ചറിയുന്നവരും ഉഭയപ്രേമികളും അടക്കം ഒരു കുടക്കീഴില്‍ വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് അണിനിരക്കുമ്പോള്‍ അത് ക്വിയറാവുന്നു. ലൈംഗികചായ്­വിലും ലിംഗതന്മയിലും ഉള്ള വൈവിദ്ധ്യങ്ങളെ അങ്ങനെതന്നെ തിരിച്ചറിഞ്ഞും നിലനിര്‍ത്തിക്കൊണ്ടും തന്നെ സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ക്വിയര്‍ ഗ്രൂപ്പുകളുടെ ഉദ്ദേശലക്‌ഷ്യം. അതിന്‍റെ ഭാഗമായാണ് ക്വിയര്‍ പ്രൈഡ് എന്ന പേരില്‍ ലോകമെമ്പാടും ലൈംഗിക സ്വാഭിമാന യാത്രകള്‍ സംഘടിപ്പിച്ചു പോരുന്നത്.

കേരളത്തില്‍ ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ രാഷ്ട്രീയ പ്രവർത്തനങ്ങളും സാംസ്കാരിക അടയാളപ്പെടുത്തലുകളും 2010 മുതല്‍ നടന്നുപോരുന്നതാണ്. 2009 ജൂലൈ മാസത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 377ആം വകുപ്പിന് ഡൽഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനർവായനയുടെ ഓർമ്മ പുതുക്കാനും, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (Gender-Sexuality Minorities) പൊതു സമൂഹത്തിനും ഒന്നിച്ചു വരാനും, നമ്മുടെ സാന്നിദ്ധ്യം രാഷ്ട്രീയപരമായിതന്നെ അറിയിക്കാനും വേണ്ടിയാണ് കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ രാഷ്ട്രീയ പ്രവർത്തനങ്ങളും സാംസ്കാരിക അടയാളപ്പെടുത്തലുകളും ആരംഭിക്കുന്നത്.

Read More : എട്ടാമത് കേരള ക്വിയർ പ്രൈഡ് നാളെ കൊച്ചിയില്‍

ട്രാന്‍സ്ജെണ്ടര്‍ പൊളിസിയും വിരോധാഭാസങ്ങളും

ട്രാന്‍സ്­ജണ്ടര്‍ വ്യക്തികള്‍ക്ക് വേണ്ടി ഒരു നയം തന്നെ രൂപപ്പെടുത്തുകയും പ്രസ്തുത നയം വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്ത ആദ്യ സംസ്ഥാനമാണ് കേരളം. എന്നാല്‍ ട്രാന്‍സ്ജെണ്ടര്‍ ബില്‍ കൂടുതലും ട്രാന്‍സ്- വുമണിന്‍റെ പ്രശ്നങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നതാണ് എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ട്രാന്‍സ് വുമണായ ഒരാള്‍ക്ക് പുറത്തേക്ക് വരുവാനും ജോലികളില്‍ ഏര്‍പ്പെടുവാനും ഏറെ കടമ്പകള്‍ കടക്കേണ്ടി വരും എന്നാണു ആക്റ്റിവിസ്റ്റ്കൂടിയായ സോനു (35) അഭിപ്രായപ്പെടുന്നത്.

പതിനാലുവര്‍ഷം മുമ്പ് തന്‍റെ ലൈംഗികതയെക്കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ കുടുങ്ങി കേരളം വിട്ടുപോയയാളാണ് സോനു. ബാംഗ്ലൂരില്‍ എത്തി ക്വിയര്‍ ഗ്രൂപ്പുകളില്‍ ഇടപെട്ടുതുടങ്ങിയപ്പോഴാണ് ലൈംഗികതകളെക്കുറിച്ച് അവബോധം വരുന്നതെന്ന് സോനു പറയുന്നു . കണക്കുകളും സാങ്കേതികതകളും എങ്ങനെയാണ് പോളിസി നിര്‍മാണങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് എന്നു സോനു ചൂണ്ടിക്കാണിക്കുന്നു.
” ട്രാന്‍സ്ജണ്ടര്‍ ബില്‍ പ്രകാരം വെറും ഒരുശതമാനം മാത്രമാണ് ട്രാന്‍സ്- മെന്‍ ഉള്ളത്. ഭാക്കിയുല്ലവരൊക്കെ ട്രാന്‍സ്-വുമണ്‍ ആണെന്നാണ്‌ പറയുന്നത്. ഒരു തൊഴിലാളി കുടുമ്പത്തിന്‍റെ പശ്ചാത്തലത്തിലുള്ള, ഇല്ലെങ്കില്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയില്ലാത്തോരാള്‍ ഒരിക്കലും പുറത്തേക്ക് വരില്ല. ഈ കണക്കുകളില്‍ വരാത്തവര്‍ മറ്റെവിടെയെങ്കിലും താത്പര്യമില്ലാത്ത വിവാഹബന്ധങ്ങലിലോക്കെ കുടുങ്ങി ജീവിതം തള്ളി നീക്കുകയാവും” സോനു പറഞ്ഞു.

ട്രാന്‍സജെണ്ടര്‍ വ്യക്തികള്‍ക്കായി പോളിസി രൂപീകരിക്കുമ്പോഴും ആ വിഭാഗത്തിലുള്ളവരുടെ ലൈംഗിക സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നു എന്നു മാത്രമല്ല കുറ്റകരമാക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ആം വകുപ്പ് നിലനില്‍ക്കുന്നു എന്നതും മറ്റൊരു വിരോദ്ധാഭാസമാണ്. “വ്യക്തികളുടെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്ന ഒരു നിയമമാണ് 377. ഗുദരതി ചെയ്‌തൊരാള്‍ ക്രിമിനല്‍ ആവുന്നയിടത്ത് ട്രാന്‍സ്ജെണ്ടരുടെ സാമൂഹ്യ ഉന്നമനം മാത്രം മതിയോ അവരുടെ ലൈംഗികതന്മ ഉള്‍ക്കോള്ളുവാന്‍ സാധിക്കില്ലേയെന്നും ആലോചിക്കേണ്ടതുണ്ട്.” എഴുത്തുകാരനായ കിഷോര്‍ കുമാര്‍ പറഞ്ഞു. കിഷോര്‍ കുമാര്‍ എഴുതിയ ‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍’ മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളുമാണ്.

ഈയടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശശി തരൂര്‍ എം പി. സ്വവർഗാനുരാഗം കുറ്റവിമുക്തമാക്കി കേരളം ഇന്ത്യയ്ക്ക് മാതൃകയാവണമെന്നു ആവശ്യപ്പെട്ടിരുന്നു. 1861ലെ ബ്രിട്ടീഷ് നിയമമായ 377എ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടതാണ്. “സംസ്ഥാന നിയമനിര്‍മാണ സഭയ്ക്ക് അതില്‍ ഭേദഗതി വരുത്താവുന്നതാണ്. പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരം വേണം എന്നു മാത്രം. ഇത്തരം കാര്യത്തില്‍ ഇന്ത്യയ്ക്ക് മാതൃക കാണിക്കേണ്ടത് കേരളമാണ്.” കിഷോര്‍കുമാര്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ നയങ്ങള്‍ നിലനിൽക്കുമ്പോൾ തന്നെയും പൊതുസ്ഥലങ്ങളില്‍ ട്രാൻസ്-സ്ത്രീകൾക്ക് നേരെ നടക്കുന്ന പോലീസിന്‍റെ അക്രമങ്ങൾക്ക് കുറവുകളില്ല എന്നാണ് സോനു പറയുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഗുണപരമായ മുന്നോട്ടു പോക്കിന് പോലീസ് മേധാവികൾ , മാധ്യമപ്രവർത്തകർ മുതലായവക്കർക്കു വിഷയസംബന്ധിയായ ബോധവൽക്കരണം അത്യന്താപേക്ഷിതമാണ്. “പോലീസുകാര്‍ക്ക് ഇത്തരം ബോധവത്കരണങ്ങള്‍ നല്‍കിയിട്ടും അവരുടെ ഭാഗത്ത് നിന്നും അതിക്രമങ്ങള്‍ തുടരുന്നുണ്ട്”- സോനു സാക്ഷ്യപ്പെടുത്തുന്നു.

Read More : കേരളത്തിലെ നവോത്ഥാന വനിതകൾ ‘ആ നിലവാരത്തിൽ’ നിന്നും ഉയരേണ്ടതുണ്ട്

ബോധവത്കരണവും മറ്റു പ്രവര്‍ത്തനങ്ങളും
ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്ജെണ്ടര്‍ എന്നിവരടങ്ങുന്ന കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളില്‍ നിരന്തരം ഇടപെടുക, സമൂഹത്തെ ക്വിയര്‍ വിഷയങ്ങളില്‍ ബോധവത്കരണം നല്‍കുക, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ‘ക്വിയരള’ എന്ന സംഘടന ആരംഭിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് റെജിസ്റ്റര്‍ ചെയ്ത സംഘടന സെമിനാറുകളും ബോധവത്കരണങ്ങളും നടത്തിപോരുന്നു. ലൈംഗികതയെക്കുറിച്ചും ലിംഗഭേദങ്ങളെക്കുറിച്ചും കേരളം ഇനിയും ഒരുപാട് മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നാണു ക്വീരളയുടെ പ്രവര്‍ത്തകയായ രാജശ്രീ രാജു ചൂണ്ടിക്കാണിക്കുന്നത്.

” സ്കൂള്‍ തലം മുതല്‍ അത് ആരംഭിക്കേണ്ടതായുണ്ട്. ഒരു കുട്ടി ഗേ ആണ്, ലെസ്ബിയന്‍ ആണ്, അല്ലെങ്കില്‍ രണ്ടുലിംഗങ്ങളോടും ഒരുപോലെ ആകര്‍ഷണമുള്ള ആളാണ്‌ എന്ന് പറയുകയാണ്‌ എങ്കില്‍ അവനെ/അവളെ ഇല്ലാതാക്കുന്നതും നാവടക്കുന്നതുമായ ഒരു വിദ്യാഭ്യാസപരിസ്ഥിതിയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ പലരും പുറത്ത് വരാന്‍ മടിക്കുന്നു. കഴിഞ്ഞ ഒരുകൊല്ലത്തെ ക്വീരള അനുഭവത്തില്‍ അമ്പതിനു മുകളില്‍ പേരാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും മാത്രം തങ്ങളുടെ ലൈംഗികചായ്‌വ് രഹസ്യമായെങ്കിലും പറയുന്നത്. ” ബോധവത്കരണങ്ങളിലൂടെ മാത്രമേ ഹെട്രോണോമസല്ലാത്ത ലൈംഗികചായ്‌വുള്ളവര്‍ പുറത്തേക്ക് വരൂ എന്ന് രാജശ്രീ പറയുന്നു.
ഇന്ന് കേരളത്തിൽ നാം നേടിയെടുത്ത മുഴുവൻ അവകാശങ്ങളും ദൃശ്യതയും ലെസ്ബിയൻ , ഗേ , ബൈസെക്ഷ്വൽ , ക്വിയര്‍ , ഇന്റർസെക്സ് വിഭാഗങ്ങളിൽപ്പെടുന്നവർക്കും കൂടി ലഭ്യമാകുന്നതിനും ക്വിയർ പ്രൈഡ് കേരളം നിലകൊള്ളുന്നു. ഇത്തരം ഇടപെടലുകളിലൂടെ സ്വന്തം ലിംഗ/ലൈംഗിക സ്വത്വം തുറന്നു പറയാൻ കഴിയാതെ പോകുന്ന അനേകമാളുകൾക്ക് ആത്മധൈര്യം പകരാൻ കഴിയുമെന്നാണ് ക്വിയര്‍ ഗ്രൂപ്പുകള്‍ പ്രത്യാശിക്കുന്നത്.

ലിംഗഭേദത്തിന്‍റെയും ലൈംഗികതയുടെയും സ്വാഭാവികതകളെ ചുറ്റുമുള്ളവർ സാധാരണമായി കാണുന്ന ഒരു നാളെയാണ് ക്വിയര്‍ ഗ്രൂപ്പുകള്‍ ലക്‌ഷ്യംവെക്കുന്നത്. പൊതുബോധങ്ങളുടെ ഇടപെടലുകള്‍ അതിനെ നിര്‍ണയിക്കാതിരിക്കുക എന്നത് ഏറെ ദൂരമുള്ള ഒരു സ്വപ്നം തന്നെയാണ്. പ്രണയിക്കുന്നതിലോ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലോ സാമൂഹിക സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങാതെ വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാൻ സാധ്യമായ, പരമ്പരാഗതരീതിയിലുള്ള ആൺ-പെൺ വിവാഹബന്ധങ്ങൾ ആരുടേയും മേൽ അടിച്ചേൽപ്പിക്കപ്പെടാത്ത ഒരു നാളെക്കായുള്ള ഒരുക്കങ്ങളാണ് ഓരോ ലൈംഗിക സ്വാഭിമാന ഘോഷയാത്രകളും. അത്തരമൊരു നാളേയ്ക് നിയമനിർമ്മാണം മാത്രം മതിയാവില്ല. സാമൂഹിക അവബോധവും ലിംഭേദമന്യെ ഏവരെയും ഉള്‍കൊള്ളുന്നത്തിനുള്ള സൗഹാർദ്ദപരമായ ഒരന്തരീക്ഷം ഉണ്ടാവേണ്ടതുണ്ട് എന്ന് ക്വിയര്‍ പ്രൈഡുകള്‍ ഓര്‍മപ്പെടുത്തുന്നു. അതിനുള്ള കാര്‍ണിവലാവട്ടെ ഓരോ ക്വിയര്‍ പ്രൈഡും !

 

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Why queer pride march explained lgbtiq