പൂണെയിലും അടുത്ത പ്രദേശങ്ങളിലും പഴക്കമുള്ള അനേകം കോട്ടകളുണ്ട്. ഇവയില്‍ ഏതാണ്ടൊക്കെയും ശിവജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒന്നുകില്‍ അദ്ദേഹം സ്ഥാപിച്ചത്, അല്ലങ്കില്‍ പിടിച്ചെടുത്തത്. മലകളുടെ മുകളിലാണ് മിക്കവാറും എല്ലാ കോട്ടകളുടെയും സ്ഥാനം. ബീജാപ്പൂരിലെ സുല്‍ത്താന്മാരോടും മുഗളന്മാരോടുമൊക്കെ യുദ്ധം ചെയ്യുന്നതിനായി നിര്‍മ്മിക്കപ്പെട്ട, പരിപാലിക്കപ്പെട്ട നിരീക്ഷണകേന്ദ്രങ്ങളായിരുന്നു അവയെല്ലാം. രാജാക്കന്മാരുടെ കാലത്തെ ചരിത്രം വായിക്കുകയാണെങ്കില്‍ ഇവരെല്ലാവരും എപ്പോഴും യുദ്ധം ചെയ്തു കൊണ്ടിരിക്കുകയായിരുന്നുവെന്നു തോന്നും. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന്. ആക്രമണമാവാം, പ്രതിരോധമാവാം. ഏതായാലും യുദ്ധം കഴിഞ്ഞിട്ട് ഭരണത്തിനും പ്രജാക്ഷേമത്തിനുമൊക്കെ എവിടെയാണു സമയം? ദേശസ്‌നേഹം കൊണ്ട് പ്രചോദിതരായി നിൽക്കുന്ന ജനത മറ്റു കാര്യങ്ങളെല്ലാം മറക്കുമല്ലോ. അത്തരം ഒരു മനോനില എപ്പോഴുമുണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്. രാജ്യസ്‌നേഹം എന്ന വ്രണം ഉണങ്ങാതെ കാത്തുപരിപാലിക്കുകയാണ് ഭരണകര്‍ത്താക്കളുടെ ബുദ്ധി.

സഹ്യന്റെ ഭാഗമായുള്ള മലനിരകളുടെ മുകളിലുള്ള ഈ കോട്ടകളിലേക്കു നടന്നു കയറിപ്പോവുക പൂണെനിവാസികളുടെ പ്രധാനപ്പെട്ട ഒരു വിനോദമാണ്. ഗിരിപ്രേമി എന്ന പേരില്‍ മലകയറ്റക്കാരുടെ ഒരു സംഘം തന്നെയുണ്ട് ഇവിടെ. എന്റെയൊപ്പം ജോലി ചെയ്യുന്ന വീണാ പാട്ടീല്‍ കുറച്ചുകാലം മുമ്പു വരെ എല്ലാ ഞായറാഴ്ചകളിലും പര്‍വ്വതാരോഹണത്തിനു പോകുമായിരുന്നു എന്നു പറഞ്ഞു. ഇപ്പോള്‍ കുറച്ചായി അങ്ങനെ പോകുന്നില്ല. അതിനുള്ള ശിക്ഷയായിട്ടാവണം ശരീരമൊക്കെ വല്ലാതെ തടിച്ചിരിക്കുന്നു. ഇപ്പോള്‍ കണ്ടാല്‍ അവള്‍ക്ക് പര്‍വതാരോഹണങ്ങള്‍ നിറഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു എന്ന് ആരും വിശ്വസിക്കുകയില്ല.

e santoshkumar, malayalam writer, travel,

ഫെബ്രുവരി മാസത്തിലെ ഒരു ഞായറാഴ്ച ഞങ്ങള്‍ നാലുപേര്‍ നഗരത്തില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാലെത്താവുന്ന മലയുടെ മുകളിലെ സിംഹഘട്ട് എന്നൊരു കോട്ട കാണാന്‍ പോയി. വിളിച്ചെങ്കിലും വീണ എന്തോ പറഞ്ഞു വഴുതി. മലയടിവാരത്തില്‍ ഖത്രജ് ഘട്ട് എന്നൊരു സ്ഥലത്തു നിന്നാണ് കയറ്റം. കോട്ടയ്ക്കു മുകളില്‍ ചെറിയൊരു അമ്പലമുണ്ട്. കോണ്ടനേശ്വരക്ഷേത്രം. സിംഹഘട്ടിന്റെ പഴയ പേര് കോണ്ടാന എന്നായിരുന്നു. കൗണ്ടിന്യ എന്ന പേരുള്ള മുനിയില്‍ നിന്നാണ് ആ പേരിന്റെ ഉത്ഭവം. കോവിലിലെയും സമീപത്തുള്ള ഗുഹകളിലേയും ശിലാചിത്രങ്ങള്‍ പരിശോധിച്ച് ചരിത്രകാരന്മാര്‍ കോട്ടയ്ക്ക് രണ്ടായിരം വര്‍ഷത്തെ പഴക്കം കണക്കാക്കിയിട്ടുണ്ട്. മുഗളന്മാരുമായുള്ള യുദ്ധങ്ങളില്‍ ശിവജിക്ക് കോട്ട നഷ്ടപ്പെടുകയും പിന്നീട് തിരിച്ചുകിട്ടുകയും ചെയ്തിട്ടുള്ളതായി വായിച്ചു. വളരെ തന്ത്രപ്രധാനമായ ഒരു പ്രദേശത്താണ് അതു നിലകൊള്ളുന്നത്. കോവിലില്‍ പ്രാര്‍ത്ഥനയ്ക്കായി പോകുന്നവര്‍ക്ക് നടന്നു കയറണമെന്നില്ല. മലയെ ചുറ്റി വളഞ്ഞുപോകുന്ന പാതയിലൂടെ വാഹനങ്ങള്‍ക്ക് മുകളറ്റം വരെ ചെല്ലാം. എന്നിരുന്നാലും നടന്നുകയറുന്നവരാണ് ഭൂരിഭാഗവും. മലകയറ്റത്തിനായി വെളുപ്പിനു തന്നെ ആളുകള്‍ എത്തിത്തുടങ്ങും. വൈകുന്തോറും വെയില്‍ മൂക്കും, കയറ്റം പ്രയാസമാവും. നേരത്തേത്തന്നെ എത്തണം എന്നൊക്കെ പദ്ധതിയിട്ടിട്ടും ഖത്രജ്ഘട്ടിലെത്താന്‍ വൈകി. ഞങ്ങള്‍ക്കു മുമ്പേത്തന്നെ വെയില്‍ വന്നു സ്ഥാനം പിടിച്ചിരുന്നു.

ഉഷ്ണകാലമായിരുന്നതു കൊണ്ട് പച്ചപ്പു കുറവായിരുന്നു. പാറകളുടെ മുകളില്‍നിന്നെല്ലാം പായലിന്റെ ഓര്‍മ്മകള്‍ ഉണങ്ങി അടര്‍ന്നു പോയിരിക്കുന്നതു പോലെ. മഴ വന്നു തൊടുമ്പോള്‍ ജീവന്‍വയ്ക്കാവുന്ന ഒട്ടനവധി ചെറുചെറു നീര്‍ച്ചാലുകളുടെ രൂപരേഖകള്‍ വഴിയിലെമ്പാടും കണ്ടു. ഇടയ്ക്കിടെ കുത്തനെയുള്ള കയറ്റങ്ങള്‍. ആളുകളെല്ലാവരും ഒരേ വഴിയല്ല തെരഞ്ഞെടുക്കുന്നത്, അതുകൊണ്ടുതന്നെ പലയിടത്തും വഴിത്താരകളില്ലായിരുന്നു. താരതമ്യേന എളുപ്പം കയറാവുന്നൊരു മലയായിരുന്നിട്ടും കിതച്ചു. തുടക്കത്തില്‍ ഒരേപോലെ, ഒരുമിച്ചു പോയിരുന്നവര്‍ പല വേഗങ്ങളിലേക്കു സ്വയം മാറി. ചില വളവുകളില്‍ ചെല്ലുമ്പോള്‍ കാഴ്ചയില്‍ നിന്നും ചിലര്‍ മാഞ്ഞുപോയി. അപ്പോള്‍ പക്ഷികള്‍ ശബ്ദിക്കുന്നതു കേട്ടു. മനുഷ്യര്‍ ഏകാകികളാകുമ്പോഴാണ് കുന്നുകളും അവയിലെ ജീവജാലങ്ങളും അവരോടു സംസാരിച്ചുതുടങ്ങുക.

e santosh kumar, pune, novelist, travel,

മലയുടെ മുകളില്‍ അത്രയേറെ അലങ്കാരങ്ങളൊന്നുമില്ലാത്ത കോട്ട. ചെറിയൊരു കമാനം, കരിങ്കല്‍ഭിത്തികള്‍. പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലാണെന്നറിയിച്ചുകൊണ്ടുള്ള ലിഖിതങ്ങള്‍.
ചോളവും കടലയും കരിമ്പും കരിക്കുമൊക്കെ വിൽക്കുന്ന കുട്ടികള്‍. അവയെല്ലാം കൂട്ടിക്കലര്‍ത്തി കഴിച്ചപ്പോള്‍ പ്രഭാതഭക്ഷണമായി. മുകളില്‍ നിന്നും നോക്കുമ്പോഴുള്ള പട്ടണത്തിന്റെ ദൂരക്കാഴ്ചകള്‍ കണ്ടു. ഭയന്നും ഭയപ്പെടുത്തിയും പോയ നൂറ്റാണ്ടുകളില്‍ മനുഷ്യര്‍ ഇവിടെ കാവല്‍ നിൽക്കുകയായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ചരിത്രത്തിന്റെ ചെറുതല്ലാത്തൊരു ഭാരം നമ്മെ അമര്‍ത്തുന്നതായി തോന്നും.

മനുഷ്യര്‍ എന്തിനാണ് മല കയറുന്നത് എന്നാലോചിച്ചു. എവിടെച്ചെന്നും തന്റെ വലുപ്പം സ്ഥാപിച്ചെടുക്കാനാവുമോ? വലിയ പര്‍വ്വതങ്ങളെ ‘കീഴടക്കുക’ എന്നല്ലേ പറയുന്നത്! യുദ്ധപ്രഭുക്കള്‍ മലയുടെ മുകള്‍ത്തട്ടില്‍ കോട്ട കെട്ടി സ്വയം ഔന്നത്യം കൈവരിക്കുകയാവാം. അതേ സമയം മലമുകളില്‍ ധ്യാനവിഹാരങ്ങള്‍ സ്ഥാപിക്കുന്ന ഭിക്ഷുക്കളുമുണ്ടല്ലോ. എന്താണ് അവരുടെ ഉദ്ദേശ്യം? പര്‍വ്വതസമാനമായ അഹംബോധത്തെ കീഴടക്കുകയാവാം. അഥവാ, ഏകാന്തതയുടെ ശിഖരങ്ങളെച്ചെന്നു തൊടാനാവും എന്നു മോഹിക്കുന്നതാവാം. അല്ലെങ്കില്‍ത്തന്നെ ഏതിനും കാരണമന്വേഷിക്കുന്നതെന്തിനാണ് അല്ലേ?

e santhoshkumar, novelist, travel,

അങ്ങനെയിരിക്കേ, മൂന്നുനാലു മാസം കഴിഞ്ഞ് സഞ്ജയ് ദോയ്‌ഫോഡെ എന്നൊരാളെ പരിചയപ്പെട്ടു. ഞാനിപ്പോള്‍ ജോലി ചെയ്യുന്ന ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനത്തിനു വരുന്നവരെ രണ്ടുമൂന്നു ദിവസത്തേക്ക് ഗരുഡ്മാച്ചി എന്ന പേരില്‍ വിളിക്കുന്ന മറ്റൊരു മലമുകളിലുള്ള ഹൈ പ്‌ളേസസ് ഇന്‍സ്‌ററിറ്റിയൂട്ടില്‍ കൊണ്ടു പോകാറുണ്ട്. പൂനയില്‍ നിന്നും ഏതാണ്ട് അറുപതു കിലോ മീറ്റർ ദൂരത്താണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട്. ജൂലൈ മാസമായിരുന്നു. നല്ല മഴയുണ്ട്. അല്ലെങ്കിലും ഇവിടെ മഴ കൂടുതലാണ്, മഹാരാഷ്ടത്തിലെ ചിറാപ്പുഞ്ചിയാണ് ഈ പ്രദേശമെന്ന് അവിടെയുള്ളവര്‍ പറഞ്ഞുതന്നു. വര്‍ഷത്തില്‍ മിക്കവാറും സമയത്തും മഴയുണ്ടാവും. അവിടെ എത്തിയാല്‍ ആളുകളുടെ ആദ്യത്തെ പണി ഒരു മഴക്കോട്ട് സംഘടിപ്പിക്കലാണ്. പലനിറത്തിലുള്ള കോട്ടുകള്‍ അവിടെ നിന്നുതന്നെ വാങ്ങാന്‍ കിട്ടും. പത്തോളം വരുന്ന ചെറുസംഘങ്ങളാക്കി വിവിധതരം കളികളില്‍ ഏര്‍പ്പെടുത്തുക എന്നുള്ളതാണ് അവരുടെ പരിശീലനത്തില്‍ പ്രധാനം. ഓരോ കളിക്കും അതിന്റേതായ നിയമങ്ങളുണ്ട്. ചില മാര്‍ഗങ്ങളും ലക്ഷ്യങ്ങളുമുണ്ട്. ഔദ്യോഗികജീവിതത്തെ നേരിടാന്‍ പ്രാപ്തരാക്കുക എന്ന മാനേജ്‌മെന്റ് പാഠ്യപദ്ധതിയാണ് ഈ കളികളെല്ലാം. ഒന്നുമുണ്ടായില്ലെങ്കിലും സ്ഥിരമുള്ള ഗൗരവം വിട്ട് ആളുകള്‍ വെറുതേ കളിക്കുകയെങ്കിലും ചെയ്യുമല്ലോ എന്നു വിചാരിച്ചു.

സഞ്ജയ് ആ പരിശീലനകേന്ദ്രത്തിലെ ഒരു അധ്യാപകനാണ്. 2012 ല്‍ എവറസ്റ്റു കയറിയ പൂനയിലെ സിവിലിയന്‍ സംഘത്തിലെ ഒരാളായിരുന്നു അയാള്‍. പര്‍വ്വതങ്ങളോടുള്ള പ്രണയം മൂലം അയാള്‍ തന്റെ കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ കുറേയായി ഈ സ്ഥാപനത്തിലാണ്. ഇടയ്ക്കിടെ മലകയറുന്നവരുടെ സംഘത്തോടൊപ്പം പോകും. പുതിയ ഏതൊക്കേയോ മലകള്‍ കയറാനുള്ള പദ്ധതികളിലാണ് അയാളെന്ന് ഇടയ്ക്കു വിശദീകരിച്ചു. ഗരുഡ് മാച്ചിയിലെത്തുന്ന എല്ലാവരേയും റാപ്പെളിംഗിന് (Rappelling) സഞ്ജയ് സഹായിക്കും. കുത്തനെയുള്ള കയറ്റങ്ങള്‍ കയറുന്നതിനുള്ള ഒരു പരിശീലനമാണ് സാമാന്യമായി പറഞ്ഞാല്‍ റാപ്പെളിംഗ്. ചില ഉപകരണങ്ങളും പ്രത്യേകരീതിയിലുള്ള കയറുകളും കൈയ്യുറകളുമൊക്കെ ഉപയോഗിച്ച് കയറ്റങ്ങളെ വശത്താക്കാന്‍ ഈ അധ്യയനം സഹായിക്കും. ഹൈപ്ലേസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വലിയൊരു ഗോപുരം നിര്‍മ്മിച്ചിട്ടുണ്ട്. അതിന്റെ ഉച്ചിയിലേക്കു കയറുകയും ഇറങ്ങുകയമൊക്കെയാണ് വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിന്റെ ഭാഗമായി ചെയ്യേണ്ടത്.

e santhoshkumar, trekking, malayalam writer,

അവിടെയെത്തിയതിന്റെ മൂന്നാമത്തെ ദിവസം, ഇത്തരം പരിശീലനങ്ങള്‍ക്കെല്ലാം ഒടുവില്‍ അയാളും കൂട്ടുകാരും ഞങ്ങളെ തമാഹ്നഘട്ട് എന്നൊരു മല കയറാനായി കൊണ്ടു പോയി. മലയടിവാരത്തിലേക്ക് കുറച്ചു ദൂരം സ്വന്തം വാഹനത്തില്‍ പോകണം. തുടക്കത്തില്‍ ഒരു ചെറിയ അമ്പലം കണ്ടു. സചിന്‍ തെണ്ടുല്‍ക്കറുടെ കുടുബ ദൈവമാണ് പ്രതിഷ്ഠ എന്നാരോ പറഞ്ഞു, ശരിയാണോ എന്നറിഞ്ഞു കൂടാ. കൂടെയുള്ളവര്‍ അമ്പലത്തില്‍ പോയപ്പോള്‍ അവിടുത്തെ ദൈവത്തോടും ആധുനിക ക്രിക്കറ്റിലെ ദൈവത്തോടും പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരിക്കണം എന്നു ഞാനൂഹിച്ചു.

കയറുമ്പോള്‍, അതൊരു സ്ഥിരം വനയാത്രാവഴിയാണെന്നു തോന്നി. കൃത്യമായും രൂപപ്പെട്ട വഴിത്താര. വിശ്രമ സങ്കേതങ്ങള്‍. നല്ല വഴുക്കുള്ള പാറകളില്‍ പലേടത്തും തെന്നിവീഴാതിരിക്കാനുള്ള കയറു കെട്ടിവച്ചിട്ടുണ്ട്. ഇടയ്ക്കിടെ നല്ല ഒഴുക്കുള്ള അരുവികള്‍ കടക്കേണ്ടി വന്നു. തെളിഞ്ഞ ജലത്തിനു താഴെ അനുഭവം കൊണ്ടു മിനുസപ്പെട്ടുപോയ ഉരുണ്ട കല്ലുകളുടെ നിര. കുറച്ചു മുകളിലെത്തിയപ്പോള്‍ പാറകള്‍ക്കു താഴക്ക് ഒരു വെള്ളച്ചാട്ടം രൂപപ്പെട്ടിരിക്കുന്നതു കണ്ടു. അതിന്റെ താഴെ ചമ്രം പടിഞ്ഞിരുന്നു കുളിച്ചു. അതിശീതമുള്ള ജലത്തിന്റെ പ്രഹരം അധികനേരം താങ്ങുക വയ്യ. കുളിച്ചു തലതോര്‍ത്താതെ പുറത്തുവന്നപ്പോള്‍ ഞങ്ങളുടെ സംഘത്തിലെ ഹിമാചല്‍പ്രദേശക്കാരനായ ദീപാങ്കര്‍ (അയാള്‍ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ പുതുതായി നിയമനം കിട്ടിയ ഏവിയേഷന്‍ എഞ്ചിനിയറാണ്) ഇന്ന് തന്റെ ജന്മദിനമാണ് എന്നു പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ജന്മദിനവും ഇതു തന്നെയാണന്നും അയാള്‍ പറഞ്ഞു. പ്രാണനെ പിടിച്ചുവലിക്കുന്ന തണുപ്പില്‍ കുളിച്ചുകയറിയപ്പോള്‍ പുതിയൊരു ജന്മത്തിലേക്കു നടന്നുകയറിയതു പോലെ അയാള്‍ക്കു തോന്നി.

ഒരാള്‍ ഫ്‌ളാസ്‌ക്കില്‍ കരുതിയിരുന്ന ചൂടു ചായ പകര്‍ന്നു തന്നു. ചായ കുടിക്കുമ്പോള്‍ ഞാന്‍ ദീപാങ്കറിനോടു സംസാരിച്ചു. അയാളുടെ പേര് എന്നെ മുമ്പേത്തന്നെ ആകര്‍ഷിച്ചിരുന്നു. ദീപാങ്കര്‍ എന്നു മാത്രം. അച്ഛന്റെയോ ജാതിയുടേയോ കൂട്ടില്ലാതെ, ഒറ്റപ്പേരു മാത്രമായി അത്തരത്തില്‍ ഒന്ന് ഉത്തരേന്ത്യയില്‍ അപൂര്‍വ്വമായേ കാണൂ. പറഞ്ഞുവന്നപ്പോള്‍ അയാള്‍ ദീര്‍ഘദൂര ഓട്ടങ്ങളില്‍ പങ്കെടുക്കാറുള്ള ആളാണെന്നു മനസ്സിലായി. പാതിമാരത്തോണ്‍ ഓട്ടങ്ങള്‍ക്കു പോയിട്ടുണ്ട്. ഒരു മുഴുവന്‍ മാരത്തോണിലേക്കു പോവുകയാണ് അടുത്ത ലക്ഷ്യം. ഹാരുകി മുരാകാമി ജാപ്പനീസ് എഴുത്തുകാരനെക്കുറിച്ച് ഞാന്‍ അയാളോടു പറഞ്ഞു. എഴുത്തുകാരന്‍ എന്നതിനപ്പുറം മുരകാമി ഒരു മാരത്തോണ്‍ ഓട്ടക്കാരനുമാണ്. തിരിച്ചു പൂണെയില്‍ വന്നപ്പോള്‍ മുരകാമി ഓട്ടത്തെക്കുറിച്ചെഴുതിയ മനോഹരമായ പുസ്തകം (What I Talk About When I Talk About Running) ഞാനയാള്‍ക്കു വായിക്കാന്‍ കൊടുത്തു.

തമാഹ്നഘട്ടിന്റെ മുകളില്‍ ക്ഷേത്രമോ ഗുഹകളോ ഒന്നുമില്ല. യോദ്ധാക്കള്‍ ആരുടേയും നോട്ടം അതില്‍ പതിഞ്ഞിട്ടുണ്ടാവില്ല. ഏറ്റവും ഉയര്‍ന്ന സ്ഥലം ഒരല്പം പരന്ന മുകള്‍ത്തട്ടാണ്. അവിടെയെത്തിയപ്പോള്‍ എമ്പാടും കോട വന്നു നിറഞ്ഞു. കാഴ്ചകള്‍ മാഞ്ഞു. ഇടയ്ക്കു കാറ്റടിക്കുമ്പോള്‍ മഞ്ഞുഭിത്തികളില്‍ വിള്ളലുകളുണ്ടായി, ദൂരെ താഴ്‌വാരങ്ങളും അവയ്ക്കു താഴെ ജനപ്രദേശങ്ങളും തെളിഞ്ഞു. അടുത്ത കാറ്റില്‍ അവയും മാഞ്ഞുപോയി.

e santoshkumar, malayalam writer, pune,

മലയിറങ്ങുമ്പോള്‍ സഞ്ജയിനോടൊപ്പം ചേര്‍ന്നു. 2012 ലെ എവറസ്റ്റ് ആരോഹണത്തെക്കുറിച്ച് അയാള്‍ സംസാരിച്ചു. സിവിലിയന്‍ സംഘത്തിലെ പലരും ഒന്നു രണ്ടു വര്‍ഷം മുന്നേത്തന്നെ സ്വന്തം ജോലികള്‍ ഉപേക്ഷിച്ചു പരിശീലനത്തിലായിരുന്നുവത്രേ. പരിശീലനത്തിന്റെ ഭാഗമായി അവര്‍ പല പല പര്‍വ്വതനിരകള്‍ കയറിയിറങ്ങി. സഞ്ജയിന് ഇതെല്ലാം പരിചയമുണ്ട്.് ഡെഹ്‌റാഡൂണിലെ ഹിമാലയന്‍ പര്‍വ്വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒരു കോഴ്‌സ് കഴിഞ്ഞിട്ടുള്ള ആളാണ്. എന്നിരുന്നാലും വലിയ കയറ്റങ്ങള്‍ കയറുക ഒട്ടും എളുപ്പമല്ല. പലരും അതു പൂര്‍ത്തീകരിക്കാറില്ല. 22000 അടിക്കു മുകളിലെത്തിക്കഴിഞ്ഞാല്‍ (അതിനെ ഡെത്ത് സോണ്‍ അഥവാ ചാവുതലം എന്നു വിളിക്കുന്നു) ശ്വസനം തന്നെ പ്രയാസമാണ്. ഓക്‌സിജന്‍ കുറ്റികള്‍ കരുതേണ്ടി വരും. ഓരോ ചവിട്ടടിയിലും കിതയ്ക്കും. ശരീരത്തിന് പിടിച്ചു നില്ക്കാന്‍ ഒരു ദിവസം പതിനായിരം കലോറിയൊക്കെ ഉപയോഗിക്കേണ്ടിവരും. ഭക്ഷണം കഴിക്കുകയും പ്രയാസമാണ്. രുചി തോന്നില്ല. ഷേര്‍പ്പകളാണ് കൂട്ടുവരുന്നത്. അത്ഭുതമനുഷ്യരാണ് ഷേര്‍പ്പകള്‍ എന്ന് സഞ്ജയ് പറഞ്ഞു. ഒരു ഷേര്‍പ്പ സ്വന്തം ഭാരത്തിന്റെ ആറിരട്ടിയെങ്കിലും വഹിക്കുമത്രേ.

പര്‍വ്വതങ്ങള്‍ കയറുന്നതിന്റെ രീതി, ക്യാമ്പുകള്‍, ഉപകരണങ്ങള്‍: ഇങ്ങനെ ഒരുപാടു കാര്യങ്ങള്‍ അയാള്‍ വിവരിച്ചുകൊണ്ടിരുന്നു. അചിന്തനീയമായ ദുരിതങ്ങൾ എപ്പോഴും എവിടേയും കാത്തു നിൽക്കുന്നുണ്ടാവാം. എവറസ്റ്റ് കയറുന്നത് നന്നേ വെളുപ്പിനാണ്. രണ്ടര മൂന്നു മണി മുതല്‍ മൂന്നോ നാലോ മണിക്കൂറുകള്‍. മഞ്ഞിന്റെ ധവളിമയില്‍ അപ്പോഴും എമ്പാടും വെളിച്ചമുണ്ടായിരിക്കും. സൂര്യന്‍ ഉദിച്ചു കഴിഞ്ഞാല്‍ കയറ്റം പ്രയാസമാണ്. ഹിമപാതങ്ങള്‍ സംഭവിക്കാം.

e santhoshkumar, novel, malayalam writer,

തെല്ലിട കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞു. അയാള്‍ മുന്നില്‍ നടന്നുപോകുന്നതു കണ്ടു. മനുഷ്യര്‍ ഇത്രയും സാഹസികമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ടാണെന്ന് വീണ്ടും ആലോചിച്ചു.

ഒരു ചെറിയ കുന്നു കയറിയിറങ്ങാനുണ്ടായിരുന്നു. താഴെ നിന്നും അതിന്റെ ഉയരം മനസ്സില്‍ അളക്കാന്‍ ശ്രമിച്ചു. സഞ്ജയ് ഉച്ചിയിലെത്തിയിരിക്കുന്നു. ഞാന്‍ കയറിച്ചെല്ലുമ്പോള്‍ കോട മാഞ്ഞ താഴ്‌വാരത്തിലേക്കു നോക്കിക്കൊണ്ട് അയാള്‍ അവിടെത്തന്നെ നിൽക്കുകയായിരുന്നു. പര്‍വ്വതങ്ങള്‍ കയറിയിറങ്ങിയ ഒരാളാണെന്നു തോന്നുകയേയില്ല. സൂക്ഷിച്ചു നോക്കിയപ്പോള്‍ വല്ലാത്തൊരു പ്രശാന്തത അയാളുടെ മുഖത്തു തെളിഞ്ഞുകണ്ടു. മഹാനുഭവങ്ങളുടെ കുലപര്‍വ്വതങ്ങള്‍ കയറിയിറങ്ങി ജ്ഞാനികളായിത്തീര്‍ന്ന മനുഷ്യര്‍ ഇങ്ങനെയാവാം.

മനുഷ്യര്‍ മലകയറുന്നത് വിനയം ശീലിക്കാനാണെന്ന് അപ്പോള്‍ എനിക്കു തോന്നി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ