scorecardresearch

‘മായ്’ മുതൽ ‘രേത് സമാധി’ വരെ ഗീതാജ്ഞലി ശ്രീ ബുക്കറിലേക്ക് നടന്ന 35 വർഷത്തെ സാഹിത്യ വഴികൾ

35 വർഷത്തെ സാഹിത്യ ജീവിതം, അഞ്ച് നോവലുകൾ രണ്ട് ചെറുകഥാ സമാഹാരങ്ങൾ, ഹിന്ദി സാഹിത്യത്തെ ലോകസാഹിത്യത്തിലേക്ക് നടത്തിയ എഴുത്തുകാരിയെ തേടിയാണ് ഇത്തവണത്തെ ബുക്കർ സമ്മാനം എത്തിയിരിക്കുന്നത്. ഗീതാജ്ഞലി ശ്രീയെ കുറിച്ചും അവരുടെ രചനകളെ കുറിച്ചും ലഘുചിത്രം

‘മായ്’ മുതൽ ‘രേത് സമാധി’ വരെ ഗീതാജ്ഞലി ശ്രീ ബുക്കറിലേക്ക് നടന്ന 35 വർഷത്തെ സാഹിത്യ വഴികൾ
Photo: andsoiread/Instagram

ഇന്ത്യയുടെയും ബുക്കറിന്റെയും ചരിത്രത്തിൽ ആദ്യമായി ഹിന്ദിയിൽ നിന്നുള്ള ഒരു രചന അവാർഡിനർഹമായി. ന്യൂ ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ഹിന്ദിയിലെ പ്രമുഖ എഴുത്തുകാരിയായ ഗീതാജ്ഞലി ശ്രീ എന്ന ഗീതാജ്ഞലി പാണ്ഡെയാണ് ബുക്കറിന്റെ പീഠത്തിൽ ഹിന്ദി സാഹിത്യത്തെ പ്രതിഷ്ഠിച്ചത്. അറുപത്തിയഞ്ചുകാരിയായ ഗീതാജ്ഞലി ശ്രീ മുപത്തിയഞ്ച് വർഷം നീണ്ട സാഹിത്യ ജീവിതത്തിൽ ഹിന്ദി സാഹിത്യത്തെ ലോക സാഹിത്യത്തിനൊപ്പം ഉയർത്തിയ രചനകളുടെ പിൻബലത്തോടെയാണ് ബുക്കറിന്റെ അവാർഡിലേക്ക് എത്തുന്നത്.

ഗീതാജ്ഞലി ശ്രീ 2018ൽ രചിച്ച ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘ടോംബ് ഓഫ് സാൻഡ്’ എന്ന കൃതിയാണ് 2022ലെ ബുക്കർ സമ്മാനം നേടിയത്. അമേരിക്കൻ വംശജയായ ഡെയ്‌സി റോക്ക്‌വെല്ലാണ് ‘രേത് സമാധി’ എന്ന ശ്രീയുടെ ഹിന്ദി നോവൽ  ‘ടോംബ് ഓഫ് സാൻഡ്’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.  

മരണം, വിഷാദരോഗം, വാർദ്ധക്യം, സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ, ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്, സ്ത്രീയുടെ അതീജീവന അനുഭവങ്ങൾ ഇവയുടെ സർഗാത്മകവും ഭാവാനത്മകവുമായ ഉൾക്കാഴ്ച നൽകുന്ന രചനയാണ് ‘രേത് സമാധി.’ ‘രേത് സമാധി’ ഇംഗ്ലീഷിന് പുറമെ നിലവിൽ ഫ്രഞ്ചിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ മെയിൻപുരിയിൽ 1957ൽ ജനിച്ച ഗീതാജ്ഞലി ശ്രീ യുടെ ബാല്യകാലം ഉത്തർപ്രദേശിലെ വിവിധ പട്ടണങ്ങളിലായിരുന്നു.സർക്കാർ ഉദ്യോഗസ്ഥനായ പിതാവിന് ലഭിക്കുന്ന സ്ഥലം മാറ്റം പല പട്ടണങ്ങളിലെ ജീവിതം പരിചയപ്പെടുന്നതിന് കാരണമായി. അവിടങ്ങളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് വിദ്യാഭ്യാസം നേടി, എന്നാൽ ഉത്തർപ്രദേശിൽ ജീവിച്ചതിനാൽ ഹിന്ദിയുമായി ഒരു ജൈവബന്ധം രൂപപ്പെട്ടു.

ഗീതാഞ്ജലി പാണ്ഡെ എന്നാണ്  ഗീതാഞ്ജലി ശ്രീ അറിയപ്പെട്ടിരുന്നത്, എന്നാൽ,  അമ്മയുടെ പേരിലെ ആദ്യപേരായ ശ്രീ സ്വന്തംപേരിനൊപ്പം ചേർത്താണ്  അവർ ഗീതാജ്ഞലി ശ്രീ ആയത്. അവാർഡ് ലഭിച്ചത് ഉൾപ്പടെ അഞ്ച് നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും ഹിന്ദിയിൽ ഗീതാജ്ഞലി ശ്രീ രചിച്ചിട്ടുണ്ട്.

അറുപത്തിയഞ്ച് കാരിയായ ഗീതാജ്ഞലി ശ്രീ തന്റെ മുപ്പതാം വയസ്സിലാണ് സാഹിത്യലോകത്തേക്ക് കടന്നു വന്നത്.  ആദ്യത്തെ ചെറുകഥയായ ‘ബേൽപത്ര’ പ്രസിദ്ധീകരിച്ചത് 1987ലായിരുന്നു. നാല് വർഷം പിന്നിട്ടപ്പോൾ 1991ൽ, ശ്രീയുടെ ആദ്യത്തെ ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചു.  1991ൽ  പ്രസിദ്ധീരിച്ച ‘അനുഗൂഞ്ച്’ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രസിദ്ധീകരണത്തോടെ ശ്രീ ഹിന്ദി സാഹിത്യരംഗത്ത് ശ്രീ ഹിന്ദി സാഹിത്യരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു.  

‘മായ്,’ ‘തിരോഹിത്,’ ‘ഹമാര ഷെഹർ ഉസ് ബരസ്,’ ‘ഖാലി ജഗഹ്’ എന്നിവയാണ് ‘രേത് സമാധി’ക്ക് മുമ്പ് രചിച്ച നാല് നോവലുകൾ. ഇതിൽ ‘മായ്’ എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെ ഗീതാജ്ഞലി ഹിന്ദി സാഹിത്യത്തിലെ മാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിലെ തന്നെ മുൻനിര പേരുകാരിലൊരാളായി എണ്ണപ്പെട്ടു.

വടക്കേ ഇന്ത്യയിലെ മധ്യവർഗ കുടുംബത്തിലെ മൂന്ന് തലമുറകളുടെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കഥ പറയുന്ന മായ്  എന്ന രചന ഇംഗ്ലീഷിന് പുറമെ സെർബിയൻ, കൊറിയൻ, ഉറുദു ജർമൻ, ഫ്രഞ്ച് തുടങ്ങി വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. അതോടെ ഇന്ത്യക്ക് പുറത്തും ശ്രീയുടെ പേര് ശ്രദ്ധേയമായി മാറി. ഇതേ കൃതിക്ക് ഇംഗ്ലീഷ് പരിഭാഷയ്ക്കുള്ള സാഹിത്യക്കാദമിയുടെ ട്രാൻസ്ലേഷൻ സമ്മാനവും ലഭിച്ചു. ക്രോസ് വേഡ് പുരസ്കാരത്തിനുള്ള  ചുരുക്കപ്പട്ടികയിൽ  മായ് എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഇടം പിടിച്ചു.

‘ഹമാര ഷെഹർ ഉസ് ബരസ്’ എന്ന ഗീതാജ്ഞലി ശ്രീയുടെ  രണ്ടാം നോവൽ ബാബറി മസ്ജിദ് തകർത്തതിന്റെ പശ്ചാത്തലത്തിലുള്ള രചനയാണ്. ‘ഖാലി ജഗഹ്’ എന്ന നാലാമത്തെ നോവൽ നിവേദിതാ മേനോനാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഈ നോവൽ ജര്‍മൻ, ഫ്രഞ്ച് ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രേംചന്ദിനെ കുറിച്ച് രചിച്ച ബീറ്റ്‌വീൻ ടു വൈൾഡ്സ് ആൻ ഇന്റലക്ച്വൽ ബയോഗ്രഫി ഓഫ് പ്രേംചന്ദ് എന്ന പുസ്തകം ഏറെ ശ്രദ്ധയേമാണ്. അവരുടെ ചെറുകഥകളും വിവിധ ഭാഷകളിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി സാഹിത്യത്തിനുള്ള സംഭാവനകൾക്ക് വിവിധ പുരസ്കാരങ്ങളും ഫെല്ലോഷിപ്പും ശ്രീക്ക് ലഭിച്ചിട്ടുണ്ട്.

Also Read: ഗീതാഞ്ജലി ശ്രീക്ക് ബുക്കർ; പുരസ്കാരം നേടുന്ന ആദ്യ ഹിന്ദി നോവലായി ‘ടോംബ് ഓഫ് സാന്‍ഡ്’

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Who is geetanjali shree booker prize winner 2022 tomb of sand

Best of Express