അലസമായി മടി പിടിച്ചിരുന്ന ഫെബ്രുവരി ദിവസങ്ങളിലൊന്നില്‍ ‘കടക്കു പുറത്ത്’ എന്ന് ഞാന്‍ എന്നോട് തന്നെ അതിശക്തമായി പറഞ്ഞു. ഒട്ടും ആലോചിക്കാതെ പെട്ടെന്ന് തുടങ്ങി ഒരു യാത്രാപദ്ധതി. ശിവരാത്രി അവധി വരുന്നു. രണ്ടു ദിവസം ലീവെടുത്താല്‍ നാല് ദിവസം കിട്ടും. സന്തോഷമായി.

കടക്കാം പുറത്ത് പരിപാടി കേട്ടതോടെ സഹയാത്രിക വീണയും ഉഷാര്‍. ഞങ്ങളുടെ കൊച്ചു യാത്രക്കാരന്‍ മൊബൈലില്‍ ഗൂഗിളെടുത്തു. ദക്ഷിണ കര്‍ണാടകൻ ഗ്രാമങ്ങള്‍ കണ്ട് കൊതിതീരാത്തതിനാല്‍ അങ്ങോട്ട് തന്നെ പോകാന്‍ പ്‌ളാനിട്ടു. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഞങ്ങള്‍ ഹംപിയില്‍ മങ്കി ടെംപിളിന്‍റെ പടികള്‍ ചവിട്ടി കയറിയതും തിരികെയിറങ്ങവെ ഒരു വലിയ കരിങ്കുരങ്ങ് ഞങ്ങളെ പിന്തുടര്‍ന്നതും നാട്ടുകാരനായ ഒരു യുവാവിന്‍റെ സഹായത്തോടെ രക്ഷപെട്ടതും ഞാന്‍ പേടിയോടെ ഓര്‍ത്തു.

ഹൊയ്‌സാല ശില്പകലയിലൂടെ ലോകപ്രശസ്തമായ ബേലൂര്‍, ഹാലേബീഡ് ക്ഷേത്രങ്ങള്‍ വരെ പോയി വരാമെന്ന് തീരുമാനിച്ചു. പക്ഷെ യാത്രയ്ക്ക് ത്രില്ല് വേണം, അതിനാല്‍ അത്ര പ്രശസ്തമല്ലാത്ത റൂട്ടിലൂടെ, പശ്ചിമഘട്ടത്തിലൂടെ ഒരു ഓഫ്‌റോഡ് ഡ്രൈവ് നടത്താം. ഗൂഗിളില്‍ നോക്കി മാപ്പ് തയ്യാറാക്കി.

കണ്ണൂരിലെ വീട്ടില്‍ നിന്നിറങ്ങി മംഗലാപുരത്തു നിന്നും തുടങ്ങി ധര്‍മ്മസ്ഥല, കുദ്രേമുഖ്, കളസ, ചിക്കമംഗളൂര്‍, ബേലൂര്‍, ഹാലേബീഡ് വരെ പോയി ശൃംഗേരി വഴി മംഗലാപുരത്തെത്താവുന്നതും അവിടെ നിന്നും കണ്ണൂരില്‍ തിരിച്ചെത്താവുന്നതുമായ യാത്ര പ്‌ളാന്‍ ചെയ്തു.

മംഗലാപുരം, മലയാളികളുടെ പ്രത്യേകിച്ച് മലബാറുകാരുടെ ഹെല്‍ത്ത് ടൂറിസം ഡെസ്റ്റിനേഷനാണ്. ഒപ്പം എജ്യൂക്കേഷൻ കേന്ദ്രവും. ട്രെയിനുകളില്‍ കണ്ടുമുട്ടുന്ന നാല് പെൺകുട്ടികളില്‍ മൂന്ന് പേരും നഴ്‌സിങ് പഠിക്കുന്നവരായിരിക്കും. മംഗലാപുരത്തെ പ്രധാന ബിസിനസ് ചികിത്സയാണ്. മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ രോഗികളായ പാവപ്പെട്ട മലയാളികള്‍ക്ക് അഭയ സങ്കേതമാണ്, അതേ സമയം കച്ചവടകേന്ദ്രവും.

തീവണ്ടി ഇറങ്ങിയപ്പോള്‍ തന്നെ ഈ ആശുപത്രി നഗരത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വലിയ ആശുപത്രികളുടെ പരസ്യപ്പലകകള്‍ കണ്ണുതൊട്ടു. ടാക്‌സി സ്റ്റാന്‍ഡിലെത്തി. കളസയിലേക്ക് പോകാനുളള കാര്‍ കൂലി ആദ്യം കണ്ട ടാക്‌സിക്കാരനോട് തിരക്കി. ഹില്‍സ്‌റ്റേഷനാണ്, കാട്ടുവഴിയാണ്, മൂപ്പര്‍ക്കൊരു താൽപര്യം തോന്നിയില്ല. അപ്പോഴാണ്, പാന്‍ ചവച്ച് തനി കന്നഡിഗ സ്റ്റെലില്‍ കടുക്കനിട്ട് ബാബു ഷെട്ടി ചേട്ടന്‍ ഞങ്ങള്‍ക്കു മുമ്പില്‍ അവതരിച്ചത്. വിടര്‍ന്ന ചിരി, സൗഹൃദത്തോടെയുളള ഹസ്തദാനം. പറഞ്ഞ റേറ്റിന് സമ്മതം. ഷെട്ടി ചേട്ടനെപ്പോലെ മധ്യവയസ്‌കനാണ് ടാറ്റ ഇന്‍ഡിക്കയും.

കൂറ്റന്‍ ആശുപത്രി കെട്ടിടങ്ങളെയും നഗരത്തെയും പിന്നിലാക്കി ഞങ്ങള്‍ ധര്‍മ്മസ്ഥലയ്ക്കുളള വഴിപിടിച്ചു. മഞ്ജുനാഥ ശിവക്ഷേത്രത്തിന്‍റെ പേരില്‍ പ്രശസ്തമാണ് ധര്‍മ്മസ്ഥല.

jecob abraham,karnataka,memories

ജൈനമതത്തിന്‍റെയും തീര്‍ത്ഥങ്കരന്മാരുടെയും നീളുന്ന പാതകള്‍ കര്‍ണാടകത്തിലെമ്പാടും കാണാം. ഇതേ സമയത്ത് ഞങ്ങളുടെ യാത്രാപഥത്തില്‍ തന്നെയുളള ഇന്ത്യയിലെ ജൈനമതവിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ  ശ്രാവണബലഗൊളയില്‍ പന്ത്രണ്ട് വര്‍ഷങ്ങളിലൊരിക്കല്‍ നടക്കുന്ന ബാഹുബലി മഹാമസ്തകാഭിഷേക മഹോത്സവം കൊണ്ടാടപ്പെടുകയാണ്. അത്ഭുതകരമായ തിരക്കാണ് ആ പ്രദേശങ്ങളില്‍. കുറനാളുകള്‍ക്ക് മുമ്പ് സുഹൃത്തായ തോമസിന്‍റെ അനുജന്‍ ജോര്‍ജിക്കൊപ്പം ബാംഗളൂരില്‍ നിന്നും കാര്‍ മാര്‍ഗം ശ്രാവണബലഗൊളയില്‍ പോയിട്ടുണ്ട്.

ഇത്തവണത്തെ മഹാമസ്തകാഭിഷേകത്തിന്‍റെ ഭാഗമായി ഉയര്‍ത്തിയ 100 ല്‍പരം തുറസ്സ് കക്കൂസ് വൃത്തിയാക്കാനായി ഹസനില്‍ നിന്നും യുപിയില്‍ നിന്നും കൊണ്ടുവന്ന 600 ല്‍ പരം ദലിതരായ മനുഷ്യരുടെ അവസ്ഥ പത്രവാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. ജൈനമഠമാണ് ഈ തോട്ടികരാര്‍ നേരിട്ടു കൊടുത്തത്. ഇതിന്‍റെ പേരില്‍ സര്‍ക്കാരും ജൈനമഠവും തമ്മില്‍ ഏറ്റുമുട്ടി. ഈ ഹീനമായ മാനുവല്‍ സ്‌കാവഞ്ചിംഗിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ പ്രക്ഷോഭമുയര്‍ത്തി. ‘അകലങ്ങളിലെ ഇന്ത്യ’ എത്ര ദരിദ്രമാണെന്ന സത്യം ഒന്നു കൂടി തിരിച്ചറിഞ്ഞു.

കുദ്രേമുഖ് നാഷനല്‍ പാര്‍ക്ക് കയറുന്നതിന് ചെക്ക്‌പോയിന്റില്‍ പാസ്സെടുക്കാനായി ഷെട്ടിച്ചേട്ടൻ കാറൊതുക്കി. ഒരു കോട്ടയം ലുക്ക് ആന്‍ഡ് ഫീലുളള സ്ഥലമാണ്. കരിക്ക് കുടിക്കാനുളള പ്‌ളാനിലറങ്ങിയപ്പോഴാണ് തൊട്ടടുത്ത് നല്ല പഴുത്ത പൈനാപ്പിള്‍ ചെത്തിയൊതുക്കി മുളകും ഉപ്പും ടോപ്പിങ്സിന് കൊടുക്കുന്നത് കണ്ടത്. പൈനാപ്പിള്‍ സ്‌ളൈസാക്കുന്നതിനിടയില്‍ കടക്കാരന്‍ ഞങ്ങള്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞു.

ഇവിടമിപ്പം ഒരു കൊച്ചു കേരളമാണെന്ന് പുളളി പറഞ്ഞു. കുടിയേറ്റം ഇപ്പോഴും സൗത്ത് കാനറയിലേയ്ക്ക് തുടരുന്നു. ഞാന്‍ സക്കറിയയുടെ ഭാസ്‌ക്കരപട്ടലരെയും തൊമ്മിയേയുമോര്‍ത്തു. ചുറ്റും നോക്കിയപ്പോള്‍ ശരിയാണ്, റബ്ബറും തെങ്ങും കാറ്റിലാടി നില്‍ക്കുന്നു. പാസ്സുമായി ഞങ്ങള്‍ കാടുകയറിത്തുടങ്ങി.

jecob abraham,karnataka,memories

പകുതിയും കാട്ടുവഴിയാണ്, മലമ്പാതകളാണ്. പശ്ചിമ ഘട്ടത്തിലെ രണ്ടാമത്തെ നാഷനല്‍ പാര്‍ക്കാണ് കുദ്രേമുഖ് എന്ന കുതിരമുഖ്. കടുവാ പ്രേമികള്‍ക്കിടയിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയിലും ഏറെ പ്രശസ്തമായ ആവാസ വ്യവസ്ഥയാണ് ഇവിടുത്തേത്.

ദക്ഷിണ കര്‍ണാടകത്തില്‍ ചിക്കമംഗലൂര്‍, ഉഡുപ്പി ജില്ലകള്‍ക്കിടയിലാണ് 48 കിലോമീറ്റര്‍ വിസ്താരമുളള പുല്‍പ്പരപ്പുകള്‍ക്കും വനപംക്തികള്‍ക്കും പേരുകേട്ട കുദ്രേമുഖ് ഒരു കുതിരയുടെ മുഖത്തിന്‍റെ രൂപത്തില്‍ അലസം കാറ്റില്‍ അയവെട്ടി കിടക്കുന്നത്.

ഇങ്ങനെ ഒരു യാത്രാപദ്ധതി കര്‍ണാടകയിലെ സുഹൃത്തായ അഭിനന്ദനോട് പറഞ്ഞപ്പോള്‍ ഈ വഴി ഗംഭീരമാണെന്നുറപ്പ്  കിട്ടിയിരുന്നു. ചില യാത്രാ ടിപ്‌സ് വാട്‌സാപ്പിലിട്ട് തന്നു. അങ്ങനെ പ്‌ളാന്‍ ഫിക്‌സ് ചെയ്തു. ജേണലിസ്റ്റ് കുപ്പായമൂരി വെച്ച് ഇന്‍ഷുറന്‍സ്‌കാരന്‍റെ കുപ്പായമിട്ടിരിക്കുന്ന അവന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കളസയില്‍ റൂമെടുക്കാന്‍ തീരുമാനിച്ചത്. ഓൺലൈനില്‍ നോക്കിയപ്പോള്‍ ചെറിയ തുകയ്ക്ക് തരക്കേടില്ലാത്ത ഒരു ചെറിയ റിസോര്‍ട്ട് കിട്ടി.

കളസ ഹൊരനാഡ് അഥവാ കര്‍ണാടകയുടെ മലനാടായ ചിക്കമംഗലൂര്‍ ജില്ലയിലെ ഉറങ്ങിക്കിടക്കുന്ന ക്ഷേത്ര നഗരമാണ്. സ്‌കന്ദപുരാണത്തില്‍ പരാമര്‍ശമുളള ആയിരം കൊല്ലത്തെ പഴക്കമുളള കളസേശ്വര ക്ഷേത്രത്തിന്‍റെ പേരിലാണ് ഈ ചെറു പട്ടണം അറിയപ്പെടുന്നത്. ഭദ്രനദിയുടെ തിരത്ത് സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രത്തില്‍ ഞങ്ങളെത്തുമ്പോള്‍ ശിവരാത്രിയ്ക്കു വേണ്ട തയ്യാറെടുപ്പിലായിരുന്നു ഈ പൗരാണിക ക്ഷേത്രം.

പട്ടണത്തെ വീക്ഷിച്ചുനില്‍ക്കുന്ന ക്ഷേത്രത്തിന്‍റെ നിര്‍മ്മിതി മനോഹരമാണ്. ഇന്ത്യയിലെ പല പ്രധാന ക്ഷേത്രങ്ങളും നഗരത്തെ വീക്ഷിച്ചു നില്‍ക്കുന്നവയാണ്. മധുര മീനാക്ഷിയും ശ്രീപത്മനാഭനെയുമൊക്കെപോലെ പട്ടണത്തെ പരിപാലിച്ചു നില്‍ക്കുന്നു കളസേശ്വരന്‍.

ഷെട്ടി ചേട്ടന്‍ ഞങ്ങളെ ഹോട്ടലിലെത്തിച്ച ശേഷം തിരികെ മംഗളൂരൂവിലേയ്ക്ക് തിരിച്ചു. ഇനി ഈ കാട്ടുപാത അയാള്‍ക്ക് തനിയെ ഡ്രൈവ് ചെയ്ത് പോകണം. ഹെബ്ബാലെയിലെ തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്ന മനോഹരമായ സ്ഥലത്താണ് ഞങ്ങളുടെ സത്രം. അടയ്ക്കാത്തോട്ടങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും നടുവില്‍ ഭദ്രയുടെ തീരത്ത് തികച്ചും ശാന്തമായ വാസസ്ഥലം.

jecob abraham,karnataka,memories

കളസയിലെ മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീ അന്നപൂര്‍ണ്ണേശ്വരി അഥവാ ശ്രീക്ഷേത്ര ഹോരനാഡ് ടെംപിള്‍, എട്ടാം നൂറ്റാണ്ടില്‍ അഗസ്ത്യമഹര്‍ഷി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം. കളസേശ്വരന്‍റെ നല്ലപാതിയായ പാര്‍വ്വതിയാണ് അന്നപൂര്‍ണ്ണേ ശ്വരി. നാന്നൂറ് വര്‍ഷങ്ങളായി ധര്‍മ്മകാര്‍തെറു കുടുംബാംഗങ്ങളാണ് ക്ഷേത്രത്തിന്‍റെ പരിപാലനം.

അന്നപൂര്‍ണ്ണേശ്വരിയെ വണങ്ങുവര്‍ക്ക് അന്നത്തിന്‍റെ മുട്ടുണ്ടാവില്ലയൊണ് വിശ്വാസം. പൂര്‍ണ്ണമായും കനകത്തില്‍ തീര്‍ത്തതാണ് അന്നപൂര്‍ണ്ണേശ്വരി.

കര്‍ണാടക ടൂറിസത്തിന്‍റെ പരസ്യ വാചകമായ ‘One State. Many Worlds’ എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് കര്‍ണാടകം ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ചിക്കമംഗളൂരിലേക്ക് ബാംഗളൂരില്‍ നിന്നും ഐ ടിക്കാരുടെ ഒഴുക്കാണ് പലപ്പോഴും. കാപ്പിത്തോട്ടങ്ങള്‍ക്കു നടുവിലെ വാരാന്ത ഏകാന്ത പ്രകൃതി ജീവിതം ആസ്വദിച്ച് അവര്‍ മടങ്ങുന്നു. കണ്ണൂരിലെ കൊടും ചൂടില്‍ നിന്നെത്തിയ ഞങ്ങള്‍ക്ക് ഊട്ടിയ്ക്ക് സമാനമായ തണുപ്പാണ് കളസയിലെ രാത്രി സമ്മാനിച്ചത്. രാത്രിയില്‍ കമുകുതോട്ടങ്ങള്‍ക്കിടയിലൂടെ മുളങ്കാടുകള്‍ക്കിടയിലൂടെ കാപ്പിപ്പൂത്തമണം കാറ്റിലെത്തി നിദ്രയ്ക്ക് ഉന്മത്തമായ കാപ്പിപ്പൂമണം സമ്മാനിച്ചു. നിലാവില്‍ തണുത്ത് ഭദ്ര ഒഴുകുന്നു. കരിമ്പടം പുതച്ച് സുഖമായുറങ്ങി.

ഹെബ്ബാലെയിലെ ഈ വാസസ്ഥലത്തിന്‍റെ പ്രധാന പരിമിതി വാഹന സൗകര്യമില്ലായ്മയാണ്. യുവാവായ മാനേജര്‍ മഹേഷ് പറഞ്ഞതനുസരിച്ച് വീണ്ടും ഒരു ടാറ്റാ ഇന്‍ഡിക്കയും ഒരു സുരേഷേട്ടനും രാവിലെ റെഡി. അത്യാവശ്യം നല്ല റെസ്റ്റോറന്റാണ് ഹോട്ടലിനുളളത്.

കര്‍ണാടകക്കാരുടെ ലളിതജീവിതം പോലെയാണ് അവരുടെ ലളിതമായ ഭക്ഷണങ്ങളും. ഈ പ്രദേശങ്ങളില്‍ നീര്‍ദോശ വളരെ പ്രശസ്തം.

നാടന്‍ കടകളുടെ പ്രധാന ആകർഷണം നീര്‍ദോശയാണ്. പക്ഷെ ഞങ്ങള്‍ക്കത് ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായില്ല പകരം നല്ല ഒന്നാന്തരം വെണ്ണ ചപ്പാത്തിയും പഞ്ചസാരിയിട്ട മധുരമുളള ഉരുളക്കിഴങ്ങ് കറിയും കിട്ടി. കര്‍ണാടകക്കാരുടെ കറികളിലെ ഈ മധുരം നമുക്ക് ചിലപ്പോള്‍ അരുചിയായി തോന്നാം.

jecob abraham,karnataka,memories

ബാബു ഷെട്ടി ചേട്ടനെപ്പോലെ സുരേഷേട്ടനും മധ്യവയസ്സാണ്. പാന്‍ ചവയ്ക്കുന്നയാളാണ്, അടയ്ക്ക സുലഭമായാതിരിക്കാം കന്നഡിഗരുടെ മുറുക്കാന്‍ പ്രേമത്തിനു പിന്നിലെ രഹസ്യം. താംബൂലത്തിന് മാത്രമല്ല പെയിന്റ് നിര്‍മ്മാണത്തിലെ ഒരു അസംസ്‌കൃത വസ്തുവായും അടയ്ക്ക ഉപയോഗിക്കുന്നുണ്ട്. ഞങ്ങള്‍ കാട്ടുപാത കയറി. ചിക്കമംഗലൂരു പോയി വേണം ഞങ്ങള്‍ക്ക് ബേലൂരിലെത്താന്‍.

‘ദി ഹിന്ദു’വില്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ പക്ഷികളെയും കുരുവികളെയും സംരക്ഷിക്കുന്നതില്‍ ഈ പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളും വനങ്ങളും പൊയ്കകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

അത് സത്യമാണ്. പക്ഷി നിരീക്ഷകരുടെയും പ്രകൃതി സ്‌നേഹികളുടെയും ഇഷ്ട സ്ഥലമാണിവിടം. അടയ്ക്കാത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും വനപംക്തികളുമുളള ഈ പ്രദേശങ്ങളില്‍ നിരവധി അപൂര്‍വ്വപക്ഷികളെയും കാണാമെന്ന് സുരേഷേട്ടനും പറഞ്ഞു.

ബൈക്ക്, കാര്‍ റൈഡേഴ്‌സിസ് ഇഷ്ടപ്പെട്ട സാഹസികപാതയാണ് ഇത്. കണ്ണാടുന്ന കാടുകളില്‍ . കാര്‍ സ്റ്റീരിയോയില്‍ കന്നഡയിലുളള ഭക്തിഗാനങ്ങള്‍. അസാധാരണമായ പ്രകൃതി ഭംഗിയുളള ഡ്രൈവാണ് കളസിയില്‍ നിന്നും ചിക്കമംഗളുരിവിലേയ്ക്ക്. വനപാതകളും പൂത്ത് തളിര്‍ത്തുകിടക്കുന്ന കാപ്പിച്ചെടികളും നീര്‍പൊയ്കകളും മനസ്സില്‍ നിറയുന്നു. റോഡില്‍ അപൂര്‍വ്വമായി മാത്രമെ  ആളുകളെ കാണാനുളളു. നടക്കുന്നവരാകട്ടെ, കാപ്പിത്തോട്ടങ്ങളിലോ കൂപ്പുകളിലോ പണിയെടുക്കുന്നവരായിരിക്കും.

പാതയോരങ്ങളില്‍ മനോഹരങ്ങളായ കാപ്പിക്കടകളുണ്ട്, ചിക്കമംഗലൂര്‍ കാപ്പിയുടെ രുചി ആസ്വദിക്കാനായി അവസരമൊരുക്കുന്നു. ഈ ചെറിയ കാപ്പിക്കടകള്‍ പലതും തീം ബെയ്‌സ്ഡാണ്. മരത്തിലും മുളങ്കുറ്റികളിലും മുതല്‍ മനോഹരമായ ഏറുമാടം സ്‌റ്റെലില്‍ വരെ കാപ്പിക്കടകളുണ്ട്. ഒരു ചെറിയ കാപ്പിക്കടയില്‍ കയറി ഞങ്ങളും ചിക്കമംഗലൂര്‍ കാപ്പി രൂചിച്ചു പൂത്ത കാപ്പിച്ചെടികള്‍ക്ക് നടുവില്‍.

ഉച്ചയോടുകൂടി ഞങ്ങള്‍ ബേലൂരിലെത്തി. വളരെ ചെറിയൊരു പട്ടണമാണ് ബേലൂര്‍. ഹൊയ്‌സാല രാജവംശത്തിന്‍റെ ആദ്യകാല തലസ്ഥാനമായിരുന്നു ഇവിടം. 1117 ല്‍ തലക്കാട് വെച്ച് ചോളന്മാരെ തോല്‍പിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി വിഷ്ണുവര്‍ധനന്‍ പണി കഴിപ്പിച്ചതാണ് ക്ഷേത്രം. രാജാവിന്‍റെ പേരമകനായ വീരബെല്ലാള രണ്ടാമന്‍റെ കാലത്താണ് 103 വര്‍ഷങ്ങളെടുത്ത് ഈ ചെന്നകേശവ ക്ഷേത്രത്തിന്‍റെ പണിതീര്‍ന്നത്.

അതിസുക്ഷ്മമായ ശില്പവൈദഗ്ധ്യമാണ് ഓരോ കല്ലിലും തെളിഞ്ഞു നില്‍ക്കുന്നത്. ഈ പുരാതന ക്ഷേത്രം അത്ഭുതത്തോടെയല്ലാതെ കാണാന്‍ കഴിയില്ല. വാസ്തുവിദ്യയും ശിലപ്കലയും ഒന്നിനൊന്നോട് ഇണങ്ങും രീതിയിലാണ് നിര്‍മ്മിതി. തറയില്‍ നിന്നും ഉയര്‍ത്തിയ നക്ഷത്രത്തിന് സമാനമായ ഒരു പ്‌ളാറ്റ്‌ഫോമി്‌ന് മുകളില്‍ ക്ഷേത്രം പണിയുന്നതാണ് ഹൊയ്‌സാലരീതി. ഈ ക്ഷേത്രത്തിലെ ദേവതകളെ വിജയനഗരരാജാക്കന്മാര്‍ കുലദേവതകളായി ആരാധിച്ചിരുന്നു.

വിഷ്ണുവര്‍ധനന്‍റെ രാഞ്ജിയായ ശന്തളാദേവിയുടെ രൂപത്തിലാണ് നൃത്തം ചെയ്യുന്ന ദേവതകളെ കൊത്തി വെച്ചിരിക്കുതെന്ന് പറയപ്പെടുന്നു. ഉത്സവസമയത്തും മറ്റ് വിശേഷ അവസരങ്ങളിലും ശന്തളാദേവി ഈ മണ്ഡപങ്ങളില്‍ നൃത്തമാടിയിരുതായും ശ്രീനാഥ് എന്ന ഗൈഡ് പറയുന്നു. കുറച്ചെങ്കിലും മനസ്സിലാവണമെങ്കില്‍ ഗൈഡിന്‍റെ സേവനം ആവശ്യമാണ്. മൂന്നൂറ് രൂപയാണ് ഗൈഡിന് ഫീസ്.

jecob abraham,karnataka,memories

മറ്റ് പൗരാണിക ശിൽപ്പ കലാക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ബേലൂരിലെയും ഹാലേബീഡിലെയും കലാകാരന്മാര്‍ തങ്ങളുടെ പേരുകള്‍ ശിൽപ്പങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. രുവാരി മല്ലിത്തമ്മയ്യ, ദസോജ, മല്ലിയണ്ണ തുടങ്ങിയ കലാകാരന്മാരുടെ പേരുകള്‍ കാണാം.

വിഷ്ണുവര്‍ധനനും ശന്തളാദേവിയുമാണ് ശില്പങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതിസുന്ദരമായ സ്ത്രീരൂപങ്ങളാണ് ചെന്നകേശവക്ഷേത്രം നിറയെ. ദര്‍പ്പണസുന്ദരി ( The Lady with a Mirror), ശുകഭാഷിണി (The lady with a parrot), വസന്തസുന്ദരി (Spring season beauty) , ശുകവാണിസുന്ദരി (Parrot & Betel Lady), കോടികൂപിതെ ( The Provoked Lady), ശിക്കാരി സുന്ദരി (The Hunting Lady), കേശസുന്ദരി ( Lady Dressing her hair), ഇങ്ങനെ മുപ്പത്തിയെട്ടോളം അതിസുന്ദരമായ സത്രീശിൽപ്പങ്ങളാണ് മുഖപ്പുകള്‍ അലങ്കരിക്കുന്നത്. ഈ ശിൽപ്പങ്ങളെയെല്ലാം ശിലാബാലിക എന്ന പേരിലാണ് വിളിക്കപ്പെടുന്നത്.

സിംഹത്തിനെ മല്ലയുദ്ധത്തില്‍ കീഴപ്പെടുത്തുന്ന വിഷ്ണുവര്‍ധന രാജാവും ശിവന്‍റെ ഗജാസുര നിഗ്രഹവുമെല്ലാം ഇവിടെ കാണാം. പല്ലവ രീതിയിലാണ് ക്ഷേത്രത്തിന്‍റെ പ്രധാന ഗോപുരം. രതിശില്പങ്ങളാണ് ഗോപുരത്തില്‍ കൊത്തിയിരിക്കുന്നത്.

ബേലൂരിലെയും ഹാലേബീഡിലെയും ക്ഷേത്രങ്ങളുടെ മറ്റൊരു പ്രത്യേകത കൊത്തിയെടുത്ത മാര്‍ബിള്‍പോലെ തിളങ്ങുന്ന മനോഹരമായ ഭീമന്‍ കല്‍ത്തൂണുകളാണ്. ഓരോ തൂണും വ്യത്യസ്തമാണ്. പണ്ട് വിഗ്രഹത്തിന് മുമ്പിലുളള ഭീമന്‍ കല്‍തൂൺ കൈ കൊണ്ട് കറക്കാമായിരുന്നുവെന്ന്  ശ്രീനാഥ് പറഞ്ഞു. ഇരുട്ടില്‍ ഗൈഡ് മച്ചിലേക്ക് കയ്യിലുളള ചെറിയ ലൈറ്റ് മിന്നിച്ചപ്പോൾ കാണാം ഉള്‍മച്ചിലെ ശിൽപ കലാവൈദഗ്ധ്യം. അത്രയ്ക്ക് എഞ്ചിനിയറിംഗ് വൈദഗ്ധ്യം തികഞ്ഞത്. തൂണുകളില്‍ കവിള്‍ചേര്‍ത്തു നോക്കിയാല്‍ തണുത്ത ഐസില്‍ തൊട്ട അനുഭവം. ബേലൂരിലെ കൊടുംചൂടിലും ക്ഷേത്രത്തിനകത്ത് എസി യിലെ പോലെ കുളിര്‍മ്മ.

ബേലൂരില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് ഹാലേബീഡ്. പഴയ പട്ടണം, തകര്‍ന്ന നഗരം എന്നിങ്ങനെയാണ് ഹാലേബീഡ് എന്ന വാക്കിനര്‍ത്ഥം. ദോരസമുദ്ര എന്ന പേരിലും ഈ ഹൊയ്‌സാല തലസ്ഥാനം അറിയപ്പെട്ടിരുന്നു.

ഒമ്പതാം നൂറ്റാണ്ടില്‍ രാഷ്ട്രകൂട രാജാവായ ധ്രുവ നിരുപമ ധ്രുവണധോര വലിയൊരു തടാകം ഇവിടെ പണിതു. ആ തടാകത്തിന്‍റെ പേരാണ് പിന്നീട് പട്ടണത്തിന് കിട്ടിയത്. ബേലൂര്‍ വികസിക്കുന്നതിന് മുമ്പ് ഹൊയ്‌സാലന്മാരുടെ പ്രധാനകേന്ദ്രമായിരുന്നു ഇവിടം. വിനയാദിത്വ എന്ന രാജാവിന്‍റെ കാലത്ത് ബേലൂരും ഹാലേബീഡും ഒരുപോലെ തിളങ്ങുന്ന ഇരട്ട തലസ്ഥാനങ്ങളായി വികസിച്ചു. മുമ്മദി ബല്ലാല്ല എന്ന ബല്ലാല മൂന്നാമന്‍റെ കാലത്താണ് ഹാലേഡീഡ് ഇന്ന് കാണുന്ന ഈ ശിൽപ കലാമഹാത്മ്യത്തിലേക്കുയരുന്നത്.

പൗരാണിക കാലത്തെ ഭാരതത്തിലെ ചക്രവര്‍ത്തിമാരെപ്പോലെ ഹൊയ്‌സാലന്മാരും ക്ഷേത്ര നിര്‍മ്മാണത്തിലൂടെയും ശിൽപ കലയിലൂടെയും തങ്ങളുടെ കാലത്തെ അടയാളപ്പെടുത്താനാണ് ശ്രമിച്ചത്. ബേലൂരിനും ഹാലേബീഡിനും പുറമെ സോമനാഥപുരത്തും അവര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. ഈ മൂന്നു കേന്ദ്രങ്ങളും ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കലയുടെ കേദാരഭൂവാണ്.jecob abraham,karnataka,memoriesഹൊയ്‌സാലേശ്വര-ശന്തളേശ്വര എന്ന ഇരട്ട ക്ഷേത്രമാണ് ഹാലേബീഡിലെ പ്രത്യേകത. ഗത്താഡ ഹളളി എന്ന സമീപ ഗ്രാമത്തില്‍ നിന്നും ലഭിച്ച തെളിവുകള്‍ പ്രകാരം 1121 എഡിയില്‍ വിഷ്ണുവര്‍ധനന്‍റെ മുഖ്യമന്ത്രിയായ കേതല്ലയാണ് രാജാവിനും രാഞ്ജിയ്ക്കും വേണ്ടി ക്ഷേത്രം പണികഴിപ്പിച്ചത്. ശിവക്ഷേത്രമാണ് ഇതും.

ഗൈഡ് പറഞ്ഞത് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ നന്ദികളിലൊന്ന് ഹാലേബീഡിലാണ്. രാമായണത്തിലെയും മഹാഭാരത്തിലെയുമൊക്കെ പുരാണസന്ദര്‍ഭങ്ങളാണ് ശിൽപ്പങ്ങളിലേറെയും.

ഈ പ്രദേശങ്ങളില്‍ അക്കാലങ്ങളില്‍ ലഭ്യമായിരുന്ന സോപ്പ്‌ സ്റ്റോൺ എന്ന കല്ലിലാണ് അച്ചിലെ പോലെയുളള ശിൽപ്പങ്ങള്‍ കരവിരുതിനാല്‍ സൂക്ഷ്മമായി കൊത്തിയെടുത്തിരിക്കുന്നത്. ശ്രീരാമ സപ്തസാല ചേഡ (Sri Rama’s arrow pierced through seven trees), അഭിമന്യുചക്രവ്യൂഹ (Abhimanyu in Chakravyuha), ഉമാമഹേശ്വര സംഗമം, രാവണന്‍ തലയിലെ കൈലാസം, ബ്രഹ്മ-മഹേശ്വര-വിഷ്ണു, മോഹിനി ഇങ്ങനെ കണ്ടാലും കണ്ടാലും തീരാത്ത അതിമനോഹരമായ ശിലപങ്ങളുടെ കേന്ദ്രമാണ് ഹാലേബീഡ്.

ഹൊയ്‌സാലേശ്വര ക്ഷേത്രവും ശന്തളേശ്വര ക്ഷേത്രവുമാണ് ഹാലേബീഡിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇവിടെയും ഗൈഡ് ഫീസ് 300 രൂപയാണ്. ഹൊയ്‌സാലരാജവംശത്തിന്‍റെ കാലത്താണ് കര്‍ണാടകം വിശ്വ പ്രസിദ്ധിയിലേക്കുയര്‍ന്നത്. വിഷ്ണുവര്‍ധനന്‍ തന്നെയാണ് ഈ ക്ഷേത്രവും നിര്‍മ്മിച്ചത്. ഒരായുഷ്‌ക്കാലത്തേക്ക് കാഴ്ചകളുടെ സമൃദ്ധിയാണ് ബേലൂരും ഹാലേബീഡും സമ്മാനിക്കുന്നത്.

ഞങ്ങള്‍ വീണ്ടും കളസയിലെത്തി. ഇനി യാത്രയുടെ അവസാനഘട്ടമാണ്. ശൃംഗേരി. നാഗാഗിരിയോട് വിട പറഞ്ഞു. വളരെ സ്‌നേഹമുളള ഹോട്ടല്‍ സ്റ്റാഫാണ്. ഈ ഓഫ് സീസണില്‍ ഞങ്ങളെ കൂടാതെ ഒരു വിദേശ സഞ്ചാരി മാത്രമായിരുന്നു. അവിടെയുണ്ടായിരുന്നത്. അയാളാവട്ടെ ബുളളറ്റില്‍ രാവിലെ എങ്ങോട്ടെക്കെയോ പോയി രാത്രിയില്‍ മടങ്ങിയെത്തും.

റിസോര്‍ട്ടിന്‍റെ ഉടമമയായ യുവാവിനെ രാത്രിയില്‍ പരിചയപ്പെട്ടു. ആള് ന്യുജെനാണ്. സംഘമായി വന്നാല്‍ ഓഫ് റോഡ് ട്രെക്കിംഗ്, റാഫ്റ്റിംഗ്, ആനസവാരി ഇതൊക്കെ ഏര്‍പ്പാടാക്കാമെന്ന് അയാള്‍ പറഞ്ഞു. ബെംഗളൂരിലെ ആമസോണിലെ ജോലി മതിയാക്കിയാണ് ന്യുജെന്‍  ഈ പ്രൊജക്ട് തുടങ്ങിയത്. പല ഐടി കമ്പനികളും ടീംബ്രേക്കിന്‍റെ ഭാഗമായി ഇവിടെ വരാറുണ്ടത്രെ.

jecob abraham,karnataka,memories

ശൃംഗേരി വഴി മംഗലാപുരത്തേക്ക് സുരേഷേട്ടന്‍ കാര്‍ സ്റ്റാര്‍ട്ടാക്കി. വീണ്ടും ദക്ഷിണ കര്‍ണാടകന്‍ ഗ്രാമപാതകളിലൂടെയാണ് സഞ്ചാരം. ഇടയ്ക്ക് ഒരു ഷോര്‍ട്ട്കട്ട് പറഞ്ഞ് വനപാലകര്‍ പോകുന്ന പാതയിലൂടെ ഉള്‍ക്കാട്ടിലൂടെ ഞങ്ങള്‍ ഏകദേശം നാൽപ്പത് കിലോമീറ്ററോളം സഞ്ചരിച്ച് ശൃംഗേരി-മംഗലാപുരം പാതിയിലെത്തി.

ഇവിടങ്ങളിലൊക്കെ ആള്‍പ്പാര്‍പ്പ് കുറവാണ്.പാതകളിലൊക്കെ ഒരാളെ കണ്ടുമുട്ടാന്‍ നമ്മള്‍ കൊതിക്കും. കാപ്പിപ്പൂക്കള്‍, കാട്ടുപൂക്കള്‍, കാടുകാണണമെങ്കില്‍ കര്‍ണാടകം കയറയണമൊണ് തോന്നുന്നത്.

ശൃംഗേരി ശാരദാമഠം മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. ബേലൂരും ഹാലേബീഡും സന്ദര്‍ശിച്ചെത്തിയവര്‍ക്ക് ശൃംഗേരി ഒരു ഭക്തി കേന്ദ്രമാണ്. ബ്രാഹ്മണിസത്തിന്‍റെയും വേദാന്ത പാഠശാലയുടെയും കേന്ദ്രമായ ശൃംഗേരി എഡി എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളില്‍ ഏറെ പ്രശസ്തം. പൗരാണികമായ ഭംഗിയുണ്ടെങ്കിലും കലയെക്കാളുപരി ഭക്തിയ്ക്കാണ് ശൃംഗേരിയില്‍ പ്രസക്തി. ആയിരക്കണക്കിനാണ് സന്ദര്‍ശകര്‍.

തുംഗാനദിയിലേക്കുളള പടികെട്ടിറങ്ങവെ സുരേഷേട്ടൻ ഞങ്ങളെ മീന്‍കുളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആയിരക്കണക്കിന് തടിയന്‍ മത്സ്യങ്ങള്‍, വെട്ടിത്തിളങ്ങുന്നു. ഭക്തര്‍ വാരി വിതറുന്ന മലരും അവലുമൊക്കെ അവർ കഴിക്കുന്നു. തീര്‍ത്ഥാടന ടൂറിസത്തിന്‍റെ കേന്ദ്രമായ ശൃംഗേരിയോട് ഞങ്ങള്‍ ഉച്ചതിരിഞ്ഞ് വിട പറഞ്ഞു. തിരികെ പോരുമ്പോള്‍ അകുംബെയിലേക്കുളള പാത കണ്ടു.

ഒരു ദിവസം കൂടിയുണ്ടായിരുന്നെങ്കില്‍ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അകുംബ കൂടി സന്ദര്‍ശിക്കാമായിരുന്നു. പക്ഷെ യാത്രകള്‍ അവസാനിക്കുന്നില്ലല്ലോ… ഈ പാതകളിലേക്ക് വീണ്ടും വരണം… നാലു ദിവസങ്ങള്‍ കൊണ്ട് നാല് നൂറ്റാണ്ടുകള്‍ കണ്ടപോലെ…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ