ഒരു സിദ്ധാന്തത്തിനും ശോഷിപ്പിക്കാനാവാത്ത ജീവിതം ജീവിക്കുന്ന ടി എന്‍ ജോയ് എന്ന നജ്മല്‍ ബാബു എന്ന വ്യക്തിത്വത്തെ എങ്ങിനെയാണ് മറ്റൊരാള്‍ക്ക് പരിചയപ്പെടുത്തുക? രാഷ്ട്രീയചിന്തകന്‍? മുന്‍ നക്‌സലൈറ്റ് നേതാവ്? സാമൂഹ്യ പ്രവര്‍ത്തകന്‍? ദാര്‍ശനികന്‍? നിതാന്തവിദ്യാര്‍ഥി? സംഗീത  രസികന്‍? പുസ്തകപ്പുഴു? ബ്യൂട്ടി കണ്‍സള്‍ട്ടന്റ്? അറിയില്ല, ഇതിലേതെങ്കിലും ഒരൊറ്റ ഇഴയെ ജോയില്‍ നിന്ന് ഒഴിവാക്കാനോ ഒന്നിലേക്ക് ജോയിയെ ചുരുക്കാനോ കഴിയില്ല. അനുനിമിഷം ഇതിലേതുമാകാവുന്ന, അല്ലെങ്കില്‍ ഇതെല്ലാമായിക്കൊണ്ടിരിക്കുന്ന ഒരാളാണ് ഇയാള്‍.

നിരന്തരമായ ‘ആയിക്കൊണ്ടിരിക്കലാണ്’ ജോയിയുടെ ജീവിതം, ദര്‍ശനം, ഹരം; അവിടെ ആയിരിക്കലില്ല, ആയിക്കഴിയലുമില്ല…

ഒന്നിലും തന്നെ ‘നിക്ഷേപി’ക്കാതെ, എന്നാല്‍ ഇവയെല്ലാറ്റിലും എപ്പോഴും താൽപ്പര്യപ്പെടുന്ന, താൽപ്പര്യപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരാള്‍… അങ്ങിനെ നോക്കുമ്പോള്‍ തീവ്രയാനങ്ങളുടെ ഒരു സഞ്ചയമോ പരമ്പരയോ ആണ് ജോയി. അത്തരമൊരാളെക്കുറിച്ചുളള ചിത്രത്തിനും നിയതവും നിര്‍വ്വചിതവുമായ ഒരു രൂപം/രീതി ഉണ്ടാവുക എളുപ്പമോ സ്വാഭാവികമോ അല്ല.

വി കെ ശ്രീരാമന്‍ ഒരുക്കിയ ‘ലോകത്തെ സൗന്ദര്യപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍’ എന്ന ചിത്രത്തെ ഒരു ജീവചരിത്ര ചിത്രമെന്നോ, സാമ്പ്രദായിക രേഖാചിത്രമെന്നോ ഒന്നും വിശേഷിപ്പിക്കാനാവില്ല… ജോയിയുടെ ജീവിതത്തിലൂടെ, സംഭവങ്ങളിലൂടെ, വായനകളിലൂടെ, ചിന്തകളിലൂടെ, ഭാവനകളിലൂടെ, പ്രവര്‍ത്തനപഥങ്ങളിലൂടെ, താൽപ്പര്യങ്ങളിലൂടെയുള്ള ഒരു വര്‍ത്തമാനസഞ്ചാരമാണിത്..

എഴുത്തുകാരും ദാര്‍ശനികരും രാഷ്ട്രീയക്കാരും ഒപ്പം ഓര്‍മ്മകളും സംഭവങ്ങളും ഉദ്ധരണികളും ചിന്തകളും ഇവിടെ കടന്നു വന്നു കൊണ്ടേയിരിക്കുന്നു.. .

അബ്ദുള്‍ റഹ്മാന്‍ സാഹിബ്, മാര്‍ക്‌സ്, മാവോ, ഏ കെ ജി, കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍, സാര്‍ത്ര്, കമ്യൂ, ചെഗുവേര, കൊഹേന്‍, ക്ലീവര്‍, ആര്‍ ഡി ലെയിംഗ്, രമേഷ് നാരായണ്‍, ചാലക്കുടി ഗണപതി അയ്യര്‍, സോള്‍സെനിറ്റ്‌സെന്‍, ഫിലിപ് എം പ്രസാദ്, ട്രോട്‌സ്‌കി, ലോറ, പോള്‍ ലഫാര്‍ഗ്, ക്രുപ്‌സ്‌ക്കായ, ലെനിന്‍, അങ്ങിനെ പലരും ഇവിടെ ചിരപരിചിതരെപ്പോലെ എത്തിനോക്കുന്നു, കണ്ണിറുക്കുന്നു, കടന്നുപോകുന്നു…

ജീവിതത്തിലും ചിന്തയിലും ഭാവനയിലും ‘അനുഭവങ്ങളെ അനുഭവിക്കുന്നതില്‍’ ഇത്രയും അടങ്ങാത്ത ആര്‍ജ്ജവവും അങ്ങേയറ്റത്തെ ആര്‍ഭാടവും ‘പാലിക്കുന്ന’ ഒരാള്‍ നമ്മുടേതു പോലുള്ള എല്ലാം കണക്കു കൂട്ടുന്ന, എല്ലാറ്റിനെയും ദരിദ്രമാക്കി തനിക്കാക്കുന്ന ഒരു ലോകത്തില്‍ അപൂര്‍വ്വമാണ്; ജോയിയെ സംബന്ധിച്ചിടത്തോളം ഉള്ള ലോകത്തിലേക്കും തനിക്ക് നല്‍കപ്പെട്ടതിലേക്കും ചുറ്റും നിലനില്‍ക്കുന്നതിലേക്കും, ഉള്ളതായ സാധ്യതകളിലേക്കും ഒതുങ്ങുക എന്നതല്ല ജീവിതം, മറിച്ച് അവയുടെ പരിധികളെ പരിമിതികളെ നിരന്തരം ഭേദിക്കുക, അതില്‍ നാണമില്ലാതെ അഭിരമിക്കുക എന്നതാണ്, അതിനയാള്‍ എല്ലാ വിധ പരിമിതികളേയും ധനം, മാനം, നാണം, പാരമ്പര്യം, അസുഖം, സൗഹൃദം നിരന്തരം ലംഘിക്കുന്നു.. അതുകൊണ്ടായിരിക്കണം അപ്പോഴും ഇപ്പോഴും എപ്പോഴും തികച്ചും സ്വന്തവും സ്വച്ഛവുമായ വ്യവസ്ഥകളോടെ മാത്രം ലോകത്ത്, സ്ഥലത്ത്, കാലത്ത് ജീവിക്കുവാന്‍ ഈ മനുഷ്യന് സാധിക്കുന്നത്.

വികെ ശ്രീരാമന്‍റെ ‘ലോകത്തെ സൗന്ദര്യപ്പെടുത്താൻ ശ്രമിച്ച ഒരാൾ’ എന്ന ചിത്രം ഇവിടെ കാണാം.

 

ഈ ചിത്രത്തിലെ അഭിമുഖങ്ങള്‍ കൗതുകകരമാണ്: ജോയിയുടെ ആത്മഭാഷണ സമാനമായ പറച്ചിലുകള്‍, നിരീക്ഷണങ്ങള്‍, ഉദ്ധരണികള്‍, ഓര്‍മ്മിച്ചെടുക്കലുകള്‍ എന്നിങ്ങനെ അത് എപ്പോഴും ടാന്‍ജെന്‍ഷ്യല്‍ ആയി നീങ്ങുന്നു.

ജോയിയുടെ ജീവിതം പോലെ ഹൈപ്പര്‍ലിങ്ക്ഡ് ആണ് എന്തും.. അതു കൊണ്ട് നേര്‍വഴികളോ ഉത്തരങ്ങളോ ഒന്നിനുമില്ല, പ്രതികരണങ്ങളെല്ലാം ഒരു ചോദ്യത്തെ, പ്രശ്‌നത്തെ, സമസ്യയെ അതിന്‍റെ ലളിതയുക്തിയില്‍ നിന്ന് മോചിപ്പിച്ച്, ഏതൊന്നിനും അവകാശപ്പെട്ട അല്ലെങ്കില്‍ സ്വാഭാവികമായി ഉള്ള അതിന്‍റെ ജൈവ സങ്കീര്‍ണതയെ തിരിച്ചു നല്‍കുന്നു; അങ്ങിനെ എപ്പോഴും ചെരിയുന്ന, വക്രമായ ഉത്തരങ്ങളാണവ; ഈ ഉത്തരങ്ങള്‍ ഒന്നിനെയും താങ്ങിനിര്‍ത്തുന്നില്ല, എന്നാല്‍ അവ കൂടുതല്‍ ചോദ്യങ്ങളിലേക്കും, അവനവനിലേക്കും നമ്മെ തിരിച്ചുനിര്‍ത്തിക്കൊണ്ടേയിരിക്കുന്നു.

ജോയിയുടെ ചിതറിയ ആത്മഭാഷണത്തോടൊപ്പം സഞ്ചരിക്കുന്നവയാണ് കെ ജി എസ്, സച്ചിദാനന്ദന്‍, സക്കറിയ തുടങ്ങിയവരുടെ ജോയിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍… അവിടെ ജോയി പല രീതിയില്‍, വെളിച്ചങ്ങളില്‍, കാഴ്ച്ചപ്പാടുകളില്‍ വെളിപ്പെടുന്നു; യൂറോപ്യന്‍ ഏഷ്യന്‍ ബ്ലെന്റുള്ള ഒരു ഗഹനത, മുനി, ഏകാകിയായ നേതാവ്, മാര്‍ക്‌സിസ്റ്റ് ചിന്തയുടെ സമകാലികതയെ പിന്തുടര്‍ന്ന, പകര്‍ന്ന ഒരു ചിന്തകന്‍, ലോകത്തിന്‍റെ ഏതു ഭാഗത്തുമുള്ള സംഗീതം പിടിച്ചെടുക്കാന്‍ കഴിയുന്ന സ്വനഗ്രാഹി, ഇന്ത്യന്‍ അവസ്ഥയില്‍ അസാധ്യമായ വിപ്ലവസ്വപ്നങ്ങളെ പിന്തുടര്‍ന്ന രാഷ്ട്രീയ കാല്പനികന്‍ എന്നിങ്ങനെ.

‘ആന്‍ ഇങ്കൊറിജിബിള്‍ റൊമാന്റിക്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജോയി ഒരിക്കലും അവനവനെ അനാസക്തമായി നോക്കിക്കാണാനുള്ള കഴിവ് നഷ്ടപ്പെടുത്തിയില്ല, അതുകൊണ്ടുതന്നെ ആളുകള്‍ക്ക് അവനവനായിരിക്കാന്‍ അനുവദിക്കാത്ത ഒരു രാഷ്ട്രീയത്തോടും ജോയിക്ക് താല്പര്യവുമില്ല.

അതു തുറന്നു പറയുവാന്‍ ഒരു നേതാവും ആകേണ്ട കാര്യമില്ല എന്നും ജോയ് പറയുന്നുണ്ട്. അയാള്‍ അന്വേഷിക്കുന്നത് സ്ഥാനമോ, ‘മാനമോ’, സ്വസ്ഥതയോ അല്ല, വ്യവസ്ഥകളുടെ ഉറപ്പോ, കണ്ടെത്തിക്കഴിഞ്ഞതിന്‍റെ സംതൃപ്തിയോ അല്ല, മറിച്ച്, ചിന്തയുടെ, അനുഭവത്തിന്‍റെ കലയുടെ ഏതൊരു ക്ഷണവും തന്നില്‍ ഉണ്ടാക്കുന്ന വിറച്ചില്‍, അല്ലെങ്കില്‍ പിടച്ചില്‍ ആണ്; അതാണ് ജോയിക്ക് ഹരം.., അതാണ് ഈ മനുഷ്യന്‍റെ ജീവിതത്തെ നവനവോന്മേഷശാലിയായി നില നിര്‍ത്തുന്നതും, സൗന്ദര്യപ്പെടുത്തുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook