scorecardresearch
Latest News

എന്‍ജിനീയറിങ് ഇക്വേഷന്‍സും ബാബുക്കയുടെ പാട്ടുകളും പരസ്പരം മിണ്ടുമ്പോള്‍

പുതു കഥാകൃത്തുക്കളിൽ ഏറ്റവും പുതുതായ വിവേക് ചന്ദ്രനും പഴയ തലമുറയിലെ നിരൂപകരിൽ എന്നും മാനസിക യൗവ്വനം കാത്തു സൂക്ഷിക്കുന്ന എൻ ശശിധരനും എഴുത്തിന്റെയും ജീവിതത്തിന്റെയും അകം-പുറം ലോകങ്ങളെക്കുറിച്ച്

എന്‍ജിനീയറിങ് ഇക്വേഷന്‍സും ബാബുക്കയുടെ പാട്ടുകളും പരസ്പരം മിണ്ടുമ്പോള്‍

രണ്ടു പേർ സാഹിത്യവും ജീവിതവും ചേർത്തു പരസ്പരം സംസാരിക്കുകയാണ്. പുതിയ വിവേക് ചന്ദ്രനും പഴയ എൻ ശശിധരൻ മാഷും. തന്നെ ആവേശഭരിതനാക്കാൻ തക്ക ഒരു പുസ്തകം പോലും ഇനി വരാനില്ല എന്നുറപ്പിച്ച വായനക്കാരന്റെ പുസ്തക അറയിൽ ഇടം തേടലാണ് പുതിയ എഴുത്തുകാരന്റെ വെല്ലുവിളി എന്നു ശശി മാഷ്.

പുറമേ പ്രസാദാത്മകമെന്നു തോന്നിക്കുന്ന ജീവിതത്തിന്റെ സൂക്ഷ്മ അടരുകളിലെ പ്രക്ഷുബ്ധതയെ സ്ഥലകാല സങ്കല്പങ്ങളെ അട്ടിമറിച്ചു കൊണ്ട് ബഹുസ്വരമായ ഒരു കഥാഘടനയിലൂടെ എങ്ങനെ ഉള്ളം കൈയിലൊതുക്കാം എന്നതാണ് തന്റെ മുന്നിലുള്ള വെല്ലുവിളിയെന്ന് വിവേക്‌ ചന്ദ്രൻ.

എല്ലാ ഇന്ദ്രിയങ്ങളും തുറന്നു വച്ച് ഒരു കൃതിയെ സമീപിക്കാൻ തക്ക മാനസിക യൗവ്വനത്തിൽ ഇപ്പോഴും  മാഷ്… സങ്കീർണ്ണമായ ഭൗതിക പ്രക്രിയകളെ ഒരു വരി ഇക്വേഷനായി മനസ്സിലാക്കിത്തരുന്ന എൻജിനീയറിങ് പശ്ചാത്തലത്തിൽ നിന്ന് വിവേക്…

എന്‍. ശശിധരന്‍: മിക്കവാറും വലിയ എഴുത്തുകാരെപ്പോലും തോല്‍പ്പിക്കാന്‍ മാത്രം വായനാസമ്പത്തുള്ള, സാഹിത്യബോധമുള്ള, ആളുകള്‍ ഇന്ന് കേരളത്തിലുണ്ട്. ഇറ്റാലോ കാല്‍വിനോ ‘ദി ലിറ്ററേച്ചര്‍ മെഷീനി’ല്‍ പറയുന്നുണ്ട്, ‘ഇനിയൊരു പുസ്തകം പോലും വായിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുറപ്പിച്ച വായനാസമൂഹത്തിന്റെ മുന്നിലേക്കാണ് ഒരു എഴുത്തുകാരന്‍ തന്റെ കൃതിയുമായി ചെല്ലേണ്ടത്. അദ്ദേഹത്തിന്റെ സാങ്കല്‍പ്പികമായ പുസ്തക അറയില്‍ ഇടം നേടുക എന്നതാണ് പുതിയ എഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി’ എന്ന്.

മലയാളത്തിലെ ഫിക്ഷനെക്കുറിച്ച് പറയുകയാണെങ്കില്‍ സമ്പന്നമായ ഒരു ചരിത്രം നമുക്കുണ്ട്. ലോകനിലവാരത്തിലുള്ള കൃതികള്‍ നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടുണ്ട്, അതിനി ഉണ്ടാവുകയും ചെയ്യും. നമ്മുടെ ചരിത്രത്തിന്റെ ഗതിക്കനുസരിച്ച്, സമൂഹ്യമാറ്റങ്ങള്‍ക്കനുസരിച്ച്, സാഹിത്യത്തില്‍ ഓരോ സമയത്തും ഓരോ ധാരകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. മലയാള ചെറുകഥ ഇന്നെത്തിനില്‍ക്കുന്നത് വളരെ പുതിയ ഭാവുകത്വത്തിലാണ്. നമ്മളെ അമ്പരപ്പിക്കുന്ന വിധത്തില്‍, നമ്മുടെ ആസ്വാദന ബോധത്തെ വെല്ലുവിളിക്കുന്ന തരത്തില്‍, നമുക്ക് ചിരപരിചിതമല്ലാത്ത പാശ്ചാത്തലങ്ങളെ ആവിഷ്കരിക്കുന്ന തരത്തില്‍, ആഖ്യാനഭാഷയയിലൊക്കെ അത് ഒരുപാട് മുന്നോട്ടു പോയി.

ഇങ്ങനെ കഴിഞ്ഞ ഒരഞ്ചാറു വര്‍ഷങ്ങളില്‍ കഥയെഴുതിത്തുടങ്ങിയ ആളുകളില്‍ ശ്രദ്ധേയനാണ് വിവേക് ചന്ദ്രന്‍. ‘വന്യം’ എന്ന കഥാസമാഹാരം വായിച്ചശേഷം ഒരാള്‍ വിവേക് ചന്ദ്രനെ നേരില്‍ പരിചയപ്പെട്ടുവെന്ന് വിചാരിക്കുക, ഒരുതരം അമ്പരപ്പും അത്ഭുതവുമാണ് അയാള്‍ക്ക് ഉണ്ടാവുക. ഈ കാണുന്ന മനുഷ്യനാണോ ഇത്ര സങ്കീര്‍ണവും വിഭ്രമാത്മകവുമായ കഥകളെഴുതുന്നത് എന്നാവും അയാള്‍ ആലോചിക്കുക. ജീവിതവും സര്‍ഗാത്മകതയും തമ്മിലുള്ള ഈ വൈരുധ്യാത്മക ബന്ധത്തെ വിവേക് എങ്ങനെയാണ് വിലയിരുത്തുന്നത് ?

വിവേക് ചന്ദ്രന്‍ : ആ ഒരു വൈരുധ്യം എപ്പോഴുമുണ്ട്. ജീവിതം പുറമേ പ്രസാദാത്മകമായിരിക്കുമ്പോഴും അതിന്റെ സൂക്ഷ്മമായ അടരുകളില്‍ പ്രക്ഷുബ്ധതയുണ്ട്. ഞാന്‍ കുറച്ചൊരു അന്തര്‍മുഖനാണ്. നേരിട്ട് ഇടപെടുമ്പോള്‍, എന്നെ സ്വയം വെളിപ്പെടുത്തുന്നതില്‍ ഞാനൊരുപക്ഷേ പരാജയപ്പെടുന്നുണ്ടാവാം. അതുകൊണ്ട് കൂടിയാവാം നേരിട്ടു പരിചയമുള്ള ഒരു വായനക്കാരന് ഈയൊരു വൈരുധ്യം അനുഭവപ്പെടുന്നത്. സത്യത്തില്‍ ഞാനൊരിക്കലും ജീവിക്കാത്ത ജീവിതങ്ങളിലേക്ക് സ്വയം വിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയാണ് എനിക്ക് എഴുത്ത്. അതുകൊണ്ട്, എന്റെ ജീവിതത്തില്‍ എന്താണ് ഇല്ലാത്തത്, അതാണെന്റെ കഥകളില്‍ കാണുന്നത്.

ശശിമാഷ് സ്വയം നിർവചിക്കുന്നത് ‘ഞാനൊരു വൃദ്ധവായനക്കാരനാണ്, എന്നാല്‍ ഒരു വായനാവൃദ്ധനല്ല’ എന്നാണല്ലോ. അതില്‍ വലിയ സത്യവുമുണ്ട്, പുതിയ എഴുത്തുകാരെ മാഷിലേക്ക്‌ ആകര്‍ഷിച്ചുനിര്‍ത്തുന്നതില്‍ മാഷിന്റെ വായനാതിരഞ്ഞെടുപ്പിലുള്ള ഈയൊരു കരുതലിന് വലിയ പ്രാധാന്യമുണ്ട്. ശശിമാഷ് എന്നും അതാത് കാലഘട്ടത്തിലെ യുവാക്കളായ എഴുത്തുകാരുടെ കൂടെയായിരുന്നു. വായനക്കാരന്റെ ജീവിതത്തില്‍ തൊട്ടുകൊണ്ടാണ് മാഷുടെ ലേഖനങ്ങള്‍ നില്‍ക്കുന്നത്. ഒരു സാഹിത്യകൃതിയെ മാഷ്‌ വായിക്കുമ്പോള്‍ അതിന്റെ അടിത്തട്ടിലെ ഏകാന്തതയാണ് മാഷ്‌ കണ്ടെടുക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. അത്ര വികാരതീവ്രതയോടെയാണ് മാഷ്‌ വായിച്ച പുസ്തകങ്ങളെ ലേഖനങ്ങളില്‍ അടയാളപ്പെടുത്തുന്നത്. പുസ്തകങ്ങള്‍ മാഷെ എങ്ങനെയാണ് ബാധിക്കുന്നത് ?

n sasidharan, vivek chandran, iemalayalam
എന്‍. ശശിധരന്‍ : പുസ്തകങ്ങള്‍ എന്നെയല്ല ഞാന്‍ പുസ്തകങ്ങളെയാണ് ബാധിക്കുന്നത് എന്നാണ് തോന്നുന്നത്. പുസ്തകം വായിച്ച് നശിച്ചുപോയൊരു മനുഷ്യനാണ് ഞാന്‍. സാഹിത്യനിരൂപണത്തില്‍ എനിക്ക് താല്‍പ്പര്യമില്ല, ഞാന്‍ വളരെ ചെറുപ്പം മുതലേ പുസ്തകങ്ങള്‍ വായിക്കുന്നു. ആ വായനയില്‍ നിന്നുള്ള സംസ്കൃതി എന്നെ പ്രത്യേകതരം വായനക്കാരനാക്കി മാറ്റിയിട്ടുണ്ട്. അതിന്റെ ഗുണങ്ങളും ദോഷങ്ങളും വ്യക്തിജീവിതത്തിലും സമൂഹ്യജീവിതത്തിലും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. വലിയ വായനക്കാരന്‍ എന്ന പദവിപോലും എനിക്ക് ചേരുന്ന തൊപ്പിയായി ഇപ്പോൾ തോന്നുന്നില്ല.

ഞാന്‍ വായിച്ചു തുടങ്ങുന്നത് മലയാളത്തില്‍ പൊന്‍കുന്നം വര്‍ക്കിയും തകഴിയും കേശവദേവും ഉറൂബും ഒക്കെ ഉള്‍പ്പെട്ട വലിയ എഴുത്തുകാര്‍ ജീവിച്ചിരുന്ന കാലമാണ്. ആ കാലത്ത് താരതമ്യേനെ ചെറുപ്പക്കാരായിരുന്നു. എം.ടിയുടെയും മാധവിക്കുട്ടിയുടെയും ടി. പദ്മനാഭന്റെയും വലിയ ആരാധകനായിരുന്നു. പിന്നീട് വന്ന ആധുനികതയില്‍ ഞങ്ങള്‍, അന്നത്തെ യുവാക്കള്‍, വല്ലാതെ അഭിരമിച്ചിട്ടുണ്ട്. അതിന്റെ ഫലമായി സ്വന്തം വ്യക്തിജീവിതത്തെക്കുറിച്ച് വലിയ സങ്കല്‍പ്പങ്ങളൊന്നും സൂക്ഷിക്കാന്‍ കഴിയാത്ത വിധം വളരെ ഏകാകികളായിപ്പോയിട്ടുള്ള ഒരുപാട് മനുഷ്യരുണ്ട്‌. പിന്നീട് വന്ന എന്‍. പ്രഭാകരനും അംബികാസുതന്‍ മങ്ങാടും അടക്കം പോസ്റ്റ്‌ മോഡേണ്‍ കഥാകൃത്തുക്കളുടെ വക്താവായിരുന്നു ആ കാലത്ത് ഞാന്‍. അതുകഴിഞ്ഞ് വീണ്ടും നമ്മുടെ കഥകളില്‍ വലിയ മാറ്റമുണ്ടായി. സന്തോഷ്‌ ഏച്ചിക്കാനവും ഇ. സന്തോഷ്‌കുമാറും അടക്കം ഷാജികുമാര്‍ വരെ എത്തിനില്‍ക്കുന്ന ഒരു തലമുറയാണ് പിന്നെ വന്നത്. അപ്പോള്‍ എല്ലാ കാലത്തും ഏറ്റവും പുതിയ എഴുത്തുകാരുടെ വക്താവായി (സ്വന്തം ഇഷ്ടപ്രകാരം) നില്‍ക്കാനുള്ള ഒരു താല്പര്യം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് എനിക്കിപ്പോഴും മാനസികമായി നല്ല യൗവനം ഉണ്ട്.

വിവേകിന്റെ ബാല്യകാലം, ഗൃഹാന്തരീക്ഷം, വായനയുടെ ആദ്യാനുഭവങ്ങൾ എന്നിവയെക്കുറിച്ച് ഓര്‍മിക്കാമോ ?

വിവേക് ചന്ദ്രന്‍ : അച്ഛനും അമ്മയും അധ്യാപകരായിരുന്നു.  അധ്യാപികയായ അമ്മ സ്കൂളിലെ പുസ്തകശേഖരത്തില്‍നിന്ന് പതിവായി എടുത്തുകൊണ്ടുത്തന്നിരുന്ന പുസ്തകങ്ങളിലൂടെയാണ് വായന തുടങ്ങുന്നത്. എന്നാല്‍ ക്രിക്കറ്റോ പുസ്തകമോ എന്നൊരു തിരഞ്ഞെടുപ്പ് ഒഴിവുവേളകളിലെ ഓരോ നിമിഷവും നിലനിന്നിരുന്നതിനാല്‍ കൈയ്യില്‍ കിട്ടിയ പുസ്തകങ്ങള്‍ ഒരുപാട് സമയമെടുത്താണ് വായിച്ചുതീര്‍ന്നിരുന്നത്. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അച്ഛന്‍ സഹകരണസംഘത്തില്‍നിന്ന് തവണവ്യവസ്ഥയില്‍ വാങ്ങിച്ച് സൂക്ഷിച്ചിരുന്ന പുസ്തകങ്ങളിലേക്ക് കൈനീണ്ടു. ആ പ്രായത്തില്‍, ആദ്യപേജുകളില്‍ വലിയ ഉദ്വേഗമൊന്നും ജനിപ്പിക്കാതിരുന്ന, റഷ്യന്‍, ബംഗാളി തര്‍ജമ നോവലുകള്‍ക്കിടയില്‍നിന്നാണ് പൊടുന്നനെയൊരു ദിവസം എം.ടിയുടെ പുസ്തകങ്ങള്‍ കൈയില്‍ കിട്ടുന്നത്.

എന്നെ ആദ്യമായി സ്വാധീനത്തില്‍പ്പെടുത്തിയ നോവല്‍ ‘പാതിരാവും പകല്‍വെളിച്ചവും’ ആണ്. പിന്നെ സി.വി. ശ്രീരാമന്റെയും വൈശാഖന്റെയും കഥകള്‍ അന്ന് വായിച്ച് ഇഷ്ടപ്പെട്ടതായി ഓര്‍ക്കുന്നുണ്ട്. ഏകദേശം ആ കാലത്താണ് അച്ഛന്‍ എംഫിലിന് ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ ചേരുന്നത്. അന്ന് പതിവായി കോയമ്പത്തൂര്‍ യാത്ര കഴിഞ്ഞ് അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കൈയിൽ സെക്കൻഡ് ഹാന്‍ഡ്‌ പുസ്തകക്കടയില്‍നിന്നു ചെറിയ വിലയ്ക്ക് വാങ്ങിയ ഒരു പുസ്തകം ഉണ്ടാവും. അങ്ങനെയാണ് ഞാന്‍ ‘കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’യും ‘ട്രഷര്‍ ഐലണ്ടും’ ‘സിലാസ് മാര്‍ണറും’ ഒക്കെ വായിക്കുന്നത്.

മാഷ്‌ എന്തുകൊണ്ടാവും ഫിക്ഷനെഴുതാതിരുന്നത് ? തിരിഞ്ഞുനോക്കുമ്പോള്‍ അതില്‍ പശ്ചാത്താപം തോന്നാറുണ്ടോ ? (ഏതെങ്കിലും പ്രായത്തില്‍ എഴുതിയ അപ്രകാശിതമായ ഒരു ചെറുകഥയെങ്കിലും മാഷുടെ സ്വകാര്യശേഖരത്തില്‍ ഉണ്ടാവുമെന്ന് കരുതാനാണ്‌ എനിക്കിഷ്ടം).

n sasidharan, vivek chandran, malayalam writers, iemalayalam
വി എച്ച് നിഷാദ് , വിവേക് ചന്ദ്രന്‍ , എന്‍ ശശിധരന്‍

എന്‍. ശശിധരന്‍ : ഏഴാമത്തെ വയസ്സില്‍ ‘പാടാത്ത പൈങ്കിളി’ എന്ന പുസ്തകം വായിച്ചിട്ട് ഞാന്‍ നിലവിളിച്ച് പൊട്ടിക്കരഞ്ഞിട്ടുണ്ട്. ആ പ്രായത്തില്‍ എന്റെ ഭാവിയെക്കുറിച്ച് എനിക്കൊരൊറ്റ ബോധ്യമേ ഉണ്ടായിരുന്നുള്ളൂ, ഞാനൊരു നോവല്‍ എഴുത്തുകാരനാവുമെന്ന്. ആ ബോധ്യം ഞാന്‍ വര്‍ഷങ്ങളോളം കൊണ്ടുനടന്നു. ചെറിയ പ്രായത്തില്‍ ഞാന്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്‍. പ്രഭാകരന്‍ എന്‍.പി. എരിപുരം എന്ന പേരിലും ഞാന്‍ എന്‍.എസ്. കുറ്റ്യാട്ടൂര്‍ എന്ന പേരിലും കണ്ണൂരില്‍ നിന്നിറങ്ങുന്ന മാസികയില്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. നോവലെഴുത്തിനെക്കുറിച്ച് പലവട്ടം ഗൗരവത്തോടെ ആലോചിക്കുകയും എഴുതിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.

പന്ത്രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ എഴുതാന്‍ പോകുന്ന നോവലിന്റെ പേരുപോലും പ്രസിദ്ധപ്പെടുത്തിയിരുന്നു. ‘നായാട്ടുപാറ’ എന്നായിരുന്നു ആ പേര്. എന്നാല്‍ പിന്നീട് എനിക്ക് മനസ്സിലായി നോവല്‍ എഴുതണമെങ്കില്‍ നമ്മള്‍ വ്യക്തിജീവിതത്തില്‍നിന്നു നിശ്ചിതമായൊരു അകലം പാലിക്കണമെന്ന്. എല്ലാ എഴുത്തും അങ്ങനെയേ നടക്കൂ. അത്തരത്തിലൊരു വിശ്രാന്തി ജീവിതം ഒരുകാലത്തും എനിക്ക് നല്‍കിയിട്ടില്ല. ഞാന്‍ പ്രസിദ്ധീകരിച്ച ലേഖന സമാഹാരങ്ങള്‍, നാടകങ്ങള്‍ ഒക്കെയും എഴുത്തിന്റെ ബാഹ്യസമ്മര്‍ദങ്ങളെ അതിജീവിക്കാനാവാതെ വരുമ്പോള്‍ എഴുതിപ്പോയവയാണ്. എന്നാല്‍ നോവല്‍ അങ്ങനെ എഴുതാന്‍ സാധിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് ഇനിയേതായാലും ഞാനൊരു നോവല്‍ എഴുതുന്നുണ്ടാവില്ല.

കവിതയുടെ ഒരു അന്തര്‍ധാര വിവേകിന്റെ ആഖ്യാനഭാഷയിലുണ്ട്. ചെറുപ്പകാലത്ത് വിവേക് കവിതകള്‍ എഴുതിയിരുന്നോ ?

വിവേക് ചന്ദ്രന്‍ : ചെറുപ്പത്തില്‍ കവിതകളെഴുതിയിരുന്നില്ല. ഔദ്യോഗികമായി ഞാൻ മലയാളം പഠിച്ചിട്ടേയില്ല. മലയാളം പഠിക്കുന്നത് വായിച്ച പുസ്തകങ്ങളിലൂടെയാണ്. അങ്ങനെവരുമ്പോള്‍ ആ കാലത്ത് ഞാന്‍ വായിച്ച എഴുത്തുകാരൊക്കെ തന്നെയാണ് എനിക്ക് ഗുരുനാഥന്മാര്‍. കഴിഞ്ഞ വര്‍ഷത്തെ ഓണപ്പതിപ്പില്‍ മാഷെഴുതിയ ‘മഹാവ്യസനങ്ങളുടെ നദി’ എന്ന ലേഖനം എന്നെ കരയിച്ചിട്ടുണ്ട്‌. ഉള്ളില്‍തട്ടുന്ന ഒരു പരാജയബോധം, വിഷാദം മാഷുടെ എഴുത്തില്‍ നിന്നു ഞങ്ങള്‍ വായനക്കാര്‍ കണ്ടെടുക്കുന്നുണ്ട്. വായനക്കാര്‍ മാഷുടെ ലേഖനങ്ങള്‍ എങ്ങനെയാവും വായിക്കുകയെന്ന് ആലോച്ചിട്ടുണ്ടോ?

എന്‍. ശശിധരന്‍ : സാധാരണഗതിയില്‍ ഞാനങ്ങനെ ആലോചിക്കാറില്ല. പക്ഷെ ‘മഹാവ്യസനങ്ങളുടെ നദി’ എന്ന ലേഖനം എഴുതേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. കാരണം ഈ ലേഖനം വായിച്ചിട്ട് ഒരുപാട് പേര്‍ വിവേക് പങ്കുവച്ച അതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒരു ലേഖനം എഴുതുമ്പോള്‍ അതില്‍ എന്റേതായ ഒരു സത്യസന്ധത ഉണ്ടാവണം, ആത്മാംശം വേണം എന്ന് തോന്നാറുണ്ട്. നമ്മുടെ ഭാവുകത്വത്തിന്റെ ഒരു രീതി, അതിന്റെയൊരു തനിമ, ഞാനെഴുതുന്ന ഭാഷയില്‍, വാക്കുകളില്‍ ഉണ്ടായിരിക്കണം എന്ന ആഗ്രഹമുണ്ടാവാറുണ്ട്. അപൂര്‍വമായി മാത്രമേ ലേഖനങ്ങള്‍ ശ്രദ്ധിക്കപ്പെടൂ, അത് ലേഖനങ്ങള്‍ക്കുള്ള രീതിയാണ്. അത്തരത്തിലുള്ള ഒരു എഴുത്തിനുള്ള ആഗ്രഹം എപ്പോഴുമുണ്ട്.

വിവേക് ചന്ദ്രന്റെ കഥകളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രം പോലും യഥാര്‍ത്ഥ ജീവിതയുക്തികള്‍ക്കും വഴക്കങ്ങള്‍ക്കും ഇണങ്ങുന്നവയല്ല. സാഹിത്യത്തിന്റെ മുഖ്യധാരാ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തുള്ള കഥാപാത്രങ്ങളെ വിവേക് എങ്ങനെയാണ് കണ്ടെത്തുന്നത് ?n sasidharan ,iemalayalam

വിവേക് ചന്ദ്രന്‍ : വിചിത്രരായ മനുഷ്യരെ ശ്രദ്ധിക്കാനുള്ള താല്പര്യം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. മുന്‍പ് പാലക്കാട് ടൗണില്‍ മനസ്സിന് സുഖമില്ലാത്ത ഒരാളുണ്ടായിരുന്നു, ഞാനയാളെ കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹം നഗരത്തിലെ ചുവരുകളിലൊക്കെ മൂന്നക്ഷരമുള്ള വാക്കുകള്‍ സാമാന്യം നല്ല കൈപ്പടയില്‍ അക്ഷരത്തെറ്റുകളോടെ എഴുതിയിയിട്ടുകൊണ്ടിരുന്നു. ഒരിക്കല്‍ മലമ്പുഴ അണക്കെട്ടിന്റെ മതിലില്‍ ഒരു സാധാരണ മനുഷ്യന് എത്താത്തത്രയും ഉയരത്തില്‍ ഈ കൈപ്പടയിലുള്ള വാക്കുകള്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നി. സത്യത്തില്‍ ആ മനുഷ്യന്‍ സഞ്ചരിച്ച ദൂരങ്ങള്‍ സ്വയം അടയാളപ്പെടുത്തുന്ന രീതിയാണ് ആ ചുവരെഴുത്ത് എന്നപ്പോള്‍ തോന്നി.

കഥകളില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ഒരല്‍പ്പം പോലും എനിക്ക് പരിചയമില്ല. എനിക്കറിയുന്ന ആരുടെയും അംശം അതില്‍ ഞാന്‍ ഉള്‍പ്പെടുത്താറില്ല. അതുകൊണ്ടാണ് എനിക്ക് അവരുടെ ജീവിതത്തില്‍ സ്വാതന്ത്ര്യം എടുക്കാന്‍ കഴിയുന്നത്. ഉദാഹരണത്തിന് ഭൂമി മുപ്പുരവാസനാല്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അത് അത്രയും തീവ്രതയോടെ ഗ്രാഫിക് ആയി അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കുന്നത് യഥാര്‍ത്ഥ ജീവിതത്തില്‍ ഭൂമിക്ക് ഒരു മാതൃക ഇല്ലാത്തതുകൊണ്ട് കൂടിയാണ്.

ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ മാര്‍ക്വേസ്, യോസ, ബോലാനോ, ഫ്യുയന്തസ് എന്നിങ്ങനെയുള്ള വലിയ പേരുകള്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് മാഷ്‌ മത്തിയാസ് നെസ്‌പ്പോളോവിനെ (Seven Ways to Kill a Cat) കണ്ടെടുക്കുന്നത്. അതൊരു സൂക്ഷ്മതയുള്ള വായനക്കാരന് മാത്രം സാധ്യമാവുന്ന അടയാളപ്പെടുത്തലാണ്. എങ്ങനെയാണ് മാഷ്‌ വായനയില്‍ ഈ സൂക്ഷ്മത സൂക്ഷിക്കുന്നത് ?

എന്‍. ശശിധരന്‍ : ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ മാര്‍ക്വേസും അദ്ദേഹത്തിന്റെ സമകാലികരും മറഞ്ഞതിനു ശേഷം പുതിയതായൊന്നുമില്ല എന്ന് ലോകം പറഞ്ഞുതുടങ്ങിയ സമയത്താണ് റോബര്‍ട്ടോ ബോലാനോ വരുന്നത്. മാര്‍ക്വേസ് ഒക്കെ എഴുതിയിരുന്ന ആ നിലനില്‍ക്കുന്ന ഭാഷയെ തച്ചുടച്ചിട്ടാണ് ബോലാനോ വന്നത്. ബോലാനോയുടെ ‘സാവേജ് ഡിറ്റക്റ്റീവ്സ്’ എഴുപതുകളിലെ കേരളത്തിലെ കലാലയങ്ങളില്‍ ഉണ്ടായിരുന്ന പ്രണയവും കവിതയും രാഷ്ട്രീയവും ഒക്കെയാണ് ഓര്‍മ്മയില്‍ കൊണ്ടുവരുന്നത്. 2666 വളരെ സങ്കീര്‍ണ്ണവും ആഴവുമുള്ള, പിന്നീട് വന്ന നോവലുകള്‍ക്ക് ഒരു മാതൃകയായി നിലകൊള്ളുന്ന, ഒരു നോവലാണ്. പിന്നീട് അതിനുശേഷം വന്ന എഴുത്തുകാരും അവിടുത്തെ സ്പാനിഷ് ഭാഷയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയവരാണ്. മത്തിയാസ് നെസ്‌പ്പോളോവിന്റെ ‘Seven Ways to Kill a Cat എന്ന നോവല്‍ നിലനില്‍ക്കുന്ന നോവലിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളിലും ഘടനയിലും ആഖ്യാന രീതിയിലും പ്രക്ഷേപിക്കുന്ന ആശയങ്ങളുടെ കാര്യത്തിലും ഏറെ വ്യത്യസ്തമാണ്.

കഥയിലെ സ്ഥലകാല സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്ന ബഹുസ്വരമായ ഒരു ഘടനയിലാണ് മിക്കവാറും എല്ലാ കഥകളും വിവേക് എഴുതുന്നത്. ബോധപൂര്‍വമുള്ള തിരഞ്ഞെടുപ്പാണോ ഇത് ?

വിവേക് ചന്ദ്രന്‍ : തീര്‍ച്ചയായും അതെ. കഥ പല തരത്തിലുള്ള ആഖ്യാനങ്ങളിലൂടെ അവതരിപ്പിക്കുമ്പോള്‍ വായനക്കാരന്റെ കൂടുതല്‍ active ആയ involvement കഥയില്‍ സാധ്യമാവുന്നുണ്ട്. അത് വലിയ സന്തോഷമുള്ള കാര്യമാണ്. വായനക്കാരന് പൊട്ടും പൊടിയുമായി വിവരങ്ങള്‍ നല്‍കി അതില്‍നിന്ന് അയാള്‍ പൂര്‍ണമായ കഥ കണ്ടെടുക്കുന്നത് ആഖ്യാതാവ് എന്ന നിലയില്‍ എനിക്കും രസമുള്ള ഒരനുഭവമാണ്.

മോ-യാന്റെ ‘The Garlic Ballads’ (വെളുത്തുള്ളി ഗാഥകള്‍) എന്ന നോവല്‍ വായിക്കുമ്പോള്‍ അതിന്റെ താളുകളില്‍നിന്ന് ചീഞ്ഞ വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പ്രസരിക്കുന്നുവെന്ന് മാഷ്‌ എഴുതിയിട്ടുണ്ട്. എല്ലാ ഇന്ദ്രിയങ്ങളും തുറന്നുവച്ച് ഒരു കൃതിയെ സ്വീകരിക്കാനുള്ള കഴിവാണ് ആ വരിയില്‍ തെളിയുന്നത്. എല്ലാ ഇന്ദ്രിയങ്ങള്‍ കൊണ്ടും ആസ്വദിച്ചുകൊണ്ടുള്ള മാഷുടെ വായനയുടെ പ്രക്രിയ പങ്കുവയ്ക്കാമോ?

mo yan, books, n sasidharan, iemalayalam
എന്‍. ശശിധരന്‍ : ഞാനൊരു പരാജയപ്പെട്ട മനുഷ്യനാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രഥമമായ കാര്യം ‘ഫിക്ഷന്‍’ ആണ്. കഥയില്ലെങ്കില്‍ ഞാനില്ല. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യന്‍ സ്വന്തം ജീവിതത്തില്‍നിന്ന് അനുഭവിക്കുന്ന പല തരത്തിലുള്ള സുഖങ്ങള്‍, അവന്റെ ആഗ്രഹപൂര്‍ത്തീകരണങ്ങള്‍, അവന്റെ സ്വപ്ന സാക്ഷാത്ക്കാരങ്ങള്‍, വളരെ സ്വകാര്യമായ ആനന്ദങ്ങള്‍, ഇവയൊന്നും എനിക്ക് വ്യക്തിജീവിതത്തില്‍നിന്ന് അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. ഞാനിതൊക്കെയും അനുഭവിച്ചത് ഫിക്ഷനില്‍ നിന്നാണ്.

മോ-യാന്റെ നോവലില്‍ വെളുത്തുള്ളി ഒരു കഥാപാത്രമാണ്. പല കാലങ്ങളില്‍ വെളുത്തുള്ളിയില്‍നിന്നു പ്രസരിക്കുന്ന വ്യത്യസ്തമായ ഗന്ധങ്ങള്‍ ഞാനതില്‍നിന്ന് അനുഭവിക്കുന്നുണ്ട്. എനിക്ക് ഏറ്റവും തീക്ഷ്ണമായി പ്രവര്‍ത്തിക്കുന്ന ഇന്ദ്രിയങ്ങള്‍ മണവും രുചിയുമാണ്. പൊടുന്നനെ അനുഭവപ്പെടുന്ന മണം ചിലപ്പോള്‍ എന്നെ ജീവിതത്തിലെ അറുപതുവര്‍ഷം പുറകിലേക്ക് എത്തിക്കും.

ജീവിതാനുഭവങ്ങളെ ചരിത്രവത്കരിക്കുകയാണ് സര്‍ഗ്ഗാത്മക സൃഷ്ടികളിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നത് എന്നൊരു വാദമുണ്ട്. വിവേകിന്റെ കഥകളില്‍ ഇത് മറ്റൊരു തരത്തിലാണ് സാധ്യമാവുന്നത്. അതൊന്ന് വിശദീകരിക്കാമോ ?

വിവേക് ചന്ദ്രന്‍ : ജീവിതാനുഭവങ്ങള്‍ നമ്മുടെ സൃഷ്ടികളെ തീര്‍ച്ചയായും സ്വാധീനിക്കും. എന്നാല്‍ കഥ ജീവിതാനുഭവങ്ങളുടെ വിവരണങ്ങളാവാതെ അതിന്റെയൊരു ഗന്ധം കഥയിലുടനീളം പ്രസരിക്കുന്നത് കാണാനാണ് എനിക്കിഷ്ടം. മാഷുമായുള്ള കൂടിക്കാഴ്ചകളില്‍ ഒക്കെ വലിയ പ്രസാദാത്മക അനുഭവപ്പെടാറുണ്ട്. പഴയ പല തമാശകളും മാഷ്‌ അന്നേരം ഓര്‍ത്തെടുക്കാറുണ്ട്. വായനയില്‍ മാഷേ സ്വാധീനിച്ച നര്‍മരസമുള്ള കൃതികള്‍ ഏതൊക്കെയാണ് ?

എന്‍. ശശിധരന്‍ : എന്റെ ജീവിതത്തില്‍ നര്‍മം ഉണ്ടായിട്ടില്ല. അതുകൊണ്ട് നര്‍മം കേള്‍ക്കാനും പറയാനും വായിക്കാനുമൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ അമ്മയുടെ അച്ഛന്‍ സഞ്ജയന്റെ വലിയ ആരാധകനായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുഞ്ചന്‍ നമ്പ്യാരുടെ കവിതകള്‍ ഈണത്തില്‍ ചൊല്ലിത്തന്നിരുന്ന ഒരു അധ്യാപകനുണ്ടായിരുന്നു. നമ്മുടെ കാലത്തുണ്ടായ ഏറ്റവും വലിയ എഴുത്തുകാരിലൊരാള്‍ വി.കെ.എന്‍ ആണ്. അദ്ദേഹത്തിന്റെ കൃതികളില്‍ ഹാസ്യം ഒരു മീഡിയം മാത്രമാണ്, അതിനപ്പുറത്താണ് ആ കൃതികള്‍ നില്‍ക്കുന്നത്.

എഴുത്തുകാരനായ വിവേക് ചന്ദ്രന്റെ രാഷ്ട്രീയമെന്താണ്? ഇന്ന് ഇടതുപക്ഷത്തിന്റെ പ്രസക്തി എന്താണ് ?

വിവേക് ചന്ദ്രന്‍ : പഠിക്കുന്ന കാലത്ത് ഞാന്‍ എസ്.എഫ്.ഐയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. നമ്മളീ ജീവിക്കുന്ന സത്യാനന്തര കാലത്ത് നമ്മള്‍ ദിവസേന consume ചെയ്യുന്ന ദിനപത്രത്തിന്റെ വിശ്വസിക്കാവുന്ന ഒരേയൊരു പേജ് ഒരുപക്ഷെ ചരമപ്പേജ് മാത്രമായിരിക്കും. അങ്ങനെയൊരു സാഹചര്യത്തില്‍ സൂക്ഷ്മമായ അടരുകളില്‍ അഭിപ്രായവ്യത്യാസം തോന്നാമെങ്കിലും ഒരു ബഹുജനസംഘടന എന്ന നിലയില്‍ ഇടതുപക്ഷം അല്ലെങ്കില്‍ മറ്റെന്ത് എന്നൊരു ചോദ്യം നിലനില്‍ക്കുന്നുണ്ട്.

എന്റെ കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ വലിയ ആരാധനയോടെ വായനയില്‍ ഞാന്‍ പിന്തുടര്‍ന്നിട്ടുള്ള എഴുത്തുകാരനാണ്‌ ഇ. സന്തോഷ്‌കുമാര്‍. അദ്ദേഹത്തിനെ എഴുത്തിന്റെ ആദ്യകാലം മുതല്‍ ശ്രദ്ധയോടെ വായിച്ച് അടയാളപ്പെടുത്തിയ ആളാണ് മാഷ്‌. ആദ്യകാലത്ത് ഇ. സന്തോഷ്‌കുമാറിന്റെ കഥകള്‍ വായിക്കുമ്പോള്‍ മാഷിനുണ്ടായ അനുഭവം ഓര്‍ത്തെടുക്കാമോ ?vivek chandran, iemalayalam
എന്‍. ശശിധരന്‍ : ഇതൊന്നും ബോധപൂര്‍വം ചെയ്യുന്നതല്ല. സന്തോഷ്‌ ഏച്ചിക്കാനത്തിനെ ആദ്യം ശ്രദ്ധിക്കുന്നത് കഥാക്യാമ്പില്‍ വായിച്ച ‘ഉഭയജീവിതം’ എന്ന കഥയോടെയാണ്. പിന്നീടത് പ്രസിദ്ധീകരിക്കപ്പെട്ടു, ഏറെ വായിക്കപ്പെട്ടു. അതിനുശേഷം നിരന്തരം സന്തോഷ്‌ എനിക്ക് കത്തെഴുതുമായിരുന്നു, ‘മാഷേ, എനക്ക് ഒന്നും തിരിയുന്നില്ല, ഞാന്‍ എഴുത്ത് തുടരണോ ?’ എന്നൊരു ആശങ്കയാണ് ആ കത്തുകളില്‍ ആവര്‍ത്തിച്ചിരുന്നത്. അതിനു മറുപടിയായി ‘തീര്‍ച്ചയായും നീ എഴുത്ത് തുടരുക തന്നെ വേണം’ എന്ന് ഞാന്‍ പറയും.

അങ്ങനെ നമ്മള്‍ നേരിട്ടുള്ള പരിചയത്തിലൂടെ പ്രോത്സാഹിപ്പിച്ച, സ്നേഹിച്ച ഒരുപാട് എഴുത്തുകാരുണ്ട്‌. അതല്ലാതെ, ‘ഗാലപ്പഗോസ്’ എന്ന അസാധാരണമായ കഥയിലൂടെ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ, ഈ എഴുത്തിന് വലിയ ഭാവിയുണ്ട് എന്ന് തോന്നിപ്പിച്ച, ആളാണ്‌ ഇ. സന്തോഷ്‌കുമാര്‍. ടി.വി. കൊച്ചുബാവയുടെ ‘ഗള്‍ഫ്-വോയ്സ്’ എന്ന മാസികയില്‍ ‘വായന’ എന്ന കോളത്തില്‍ ഞാനീ കഥയെക്കറിച്ച് വളരെ വിശദമായി എഴുതിയിട്ടുണ്ട്. അതിനുശേഷമാണ് അദ്ദേഹത്തിന്റെ ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം’ വരുന്നത്. അതിന്നും മലയാളത്തിലെ ഏറ്റവും മികച്ച കഥയാണ്‌. ഇന്നത്തെ സാഹചര്യത്തിലും ഈ കഥയ്ക്ക് വലിയ സാംഗത്യമുണ്ട്. പിന്നീടും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നതും പരിചയപ്പെടുന്നതും. ഒരുപക്ഷെ വായനക്കാരന്‍ എന്ന നിലയില്‍ എന്റെ intuition ആവാം എന്നേ അതിനെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയൂ.

‘നഗരം എന്നാല്‍ നാവുകളാല്‍ കൂട്ടിയോജിപ്പിക്കപ്പെടുന്ന ഒരുപറ്റം തലച്ചോറുകളാണ്.’ ആഖ്യാനഭാഷയെ ഈ തരത്തില്‍ നവീകരിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ മറ്റ് കഥകളിലുമുണ്ട്. ആവിഷ്കൃതാനുഭവത്തെ തീക്ഷ്ണവും ബഹുമുഖവുമാക്കുന്ന ഇത്തരം ഭാഷാവിന്യാസങ്ങളിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ് ? എന്താവാം ഈ ഭാഷാഭാവുകത്വത്തിന്‍റെ ആദിമ സ്രോതസ് ?

വിവേക് ചന്ദ്രന്‍ : ഇത് ബോധപൂര്‍വം ചെയ്യുന്നതല്ല. ഇതിന്റെ അടിസ്ഥാനം എന്റെ എഞ്ചിനീയറിങ് പശ്ചാത്തലമാവും എന്ന് തോന്നുന്നു. സങ്കീര്‍ണമായ ഭൗതിക പ്രക്രിയകളെ ഒരു വരി ഇക്വേഷനായി മനസ്സിലാക്കാനുള്ള ട്രെയിനിങ്ങാണ് എഞ്ചിനീയറിങ് വിദ്യാഭ്യാസത്തില്‍ നിന്നു ലഭിക്കുന്നത്. അങ്ങനെ സംഭവങ്ങളെ ഒരടി പിന്നോട്ട് മാറിനിന്ന് abstract ആയി കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതി ആഖ്യാനത്തില്‍ പരീക്ഷിക്കാറുണ്ട്. എന്നു മാത്രമല്ല, ഭാഷയില്‍ അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാതിരുന്നതുകൊണ്ടുതന്നെ ഭാഷയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് എനിക്കധികം ആകുലതകളില്ല എന്നതാണ് സത്യം.

മാഷിത്രയും കാലം എഴുതി, വായിച്ചു. ഇനിയങ്ങോട്ട്  ജീവിതത്തില്‍നിന്ന് എന്താണ് ആഗ്രഹം ?

എന്‍. ശശിധരന്‍ : ഒരാഗ്രഹവും ഇല്ല. കുറച്ച് പുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കാനുണ്ട്. അതിനുശേഷം ‘ബ്രദേഴ്സ് കാരമസോവി’ന്റെ ഒരു കോപ്പിയും ബാബുക്കയുടെ ചില പാട്ടുകളുടെ റെക്കോർഡുകളുമായി ഞാനീ ലോകം വിട്ടുപോകും.

 

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Vivek chandran in conversation with n sasidharan

Best of Express