scorecardresearch

ഓരോ ഇലയനങ്ങുമ്പോഴും നമ്മള്‍ തേടുന്ന കുഞ്ഞു കാലൊച്ചകള്‍

കാണാമറയത്തേക്ക് ഒരു വിഷുത്തലേന്ന് താനേ നടന്നുപോയത് ഗായിക ചിത്രയുടെ മകൾ നന്ദനയാണ്. നന്ദന എന്ന കാലാകാലങ്ങളായുള്ള തന്‍റെ സ്ഥിരം വിഷു നോവിൽ തുടങ്ങി, ഇന്നലെയെന്നോ കാണാമറയത്തേക്ക് അതിക്രൂരമായി അടർത്തിമാറ്റപ്പെട്ട വയലറ്റ് ട്യൂലിപ് കാശ്മീരി പൂവോളം ചെന്ന് പടർന്നുതിരുന്ന വിഷു നോവിന്‍റെ കണിയാണ് ഈ കുറിപ്പിൽ

കാണാമറയത്തേക്ക് ഒരു വിഷുത്തലേന്ന് താനേ നടന്നുപോയത് ഗായിക ചിത്രയുടെ മകൾ നന്ദനയാണ്. നന്ദന എന്ന കാലാകാലങ്ങളായുള്ള തന്‍റെ സ്ഥിരം വിഷു നോവിൽ തുടങ്ങി, ഇന്നലെയെന്നോ കാണാമറയത്തേക്ക് അതിക്രൂരമായി അടർത്തിമാറ്റപ്പെട്ട വയലറ്റ് ട്യൂലിപ് കാശ്മീരി പൂവോളം ചെന്ന് പടർന്നുതിരുന്ന വിഷു നോവിന്‍റെ കണിയാണ് ഈ കുറിപ്പിൽ

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
priya a.s,memories

വിഷു അടുക്കുമ്പോൾ മുതൽ ഉള്ളിലൊരു അമ്മത്തേങ്ങലുയരും. അത് പാട്ടുകാരി ചിത്രയെ ഓർത്താണ്. ചിത്രയുടെ നന്ദന പോയത് വിഷുത്തലേന്നാണ്. എനിക്ക് ചിത്രപ്പാട്ടല്ലാതെ ചിത്രവ്യക്തിയെ അറിയില്ല, പക്ഷേ ചിത്രയമ്മയെ നന്നായറിയാം. പതിമൂന്നു വർഷം കാത്തിരുന്ന് എനിക്ക് മകനുണ്ടായതിനു തൊട്ടു മുൻപാണ്,  നന്ദനക്കുട്ടി ചിത്രയുടെ വാത്സല്യക്കാത്തിരിപ്പിന് ഒടുക്കം കുറിച്ചു കൊണ്ട് എത്തിയത്.

Advertisment

ഗൃഹലക്ഷ്മിയിൽ 'ചിത്രശലഭങ്ങളുടെ വീട്, കുഞ്ഞുണ്ണിയുടെയും' എന്ന് കുഞ്ഞുണ്ണി വരവിനെച്ചൊല്ലി കുറിപ്പെഴുതിയപ്പോൾ അതിൽ ഒരു വാചകമിങ്ങനെയായിരുന്നു.

"പാട്ടുകാരി ചിത്രയ്ക്കായാലും നർത്തകി മഞ്ജു ഭാർഗ്ഗവിക്കായാലും എഴുത്തുകാരി പ്രിയയ്ക്കായാലും വെറുമൊരു സാധാരണ സ്ത്രീയ്ക്കായാലും 'കാത്തിരുന്ത് കാത്തിരുന്ത് കാലങ്ങൾ പോവുതെടീ' എന്നു തന്നെയാണ് അനപത്യത്തിന്‍റെ പിടച്ചിൽക്കാലം. 'സുറുമൈ അഖിയോം മെ നന്ന മുന്ന ഏക് സപ്നാ ദേ ജാരേ' എന്നാണ് സാപത്യത്തിന്‍റെ പിടച്ചിൽക്കാലം."

ആ നന്ദനയാണ് വിഷുത്തലേന്ന് ഒരു മഞ്ഞക്കണിക്കൊന്ന മൊട്ടു പോലെ വെള്ളത്തിലേക്ക് കൊഴിഞ്ഞു വീണത്... അന്നു നടുങ്ങിയതാണ് എന്‍റെ വിഷു. പിന്നെ ഇന്നോളവും നടുങ്ങിത്തന്നെയാണ് ഞാൻ കണി കാണാറ്.

Advertisment

publive-image

ജയരാജിന്‍റെ 'ശാന്തം' സിനിമ മുതൽ ആ ജലമർമ്മരദിവസം വരെ ഞാനെന്‍റെ മകനെ ശാന്തത്തിലെ 'ആറ്റു നോറ്റുണ്ടായൊരുണ്ണി' പാടിയാണ് രാത്രിയിലുറക്കിയിരുന്നത്. അത് പാടിയിരുന്നത് നാവിൻതുമ്പിലെ സംഗീതം കൊണ്ടല്ല ആത്മാവിലെ സംഗീതം കൊണ്ടാണ്.

പക്ഷേ നന്ദന പോയ അന്നു മുതൽ എനിക്കത് പാടാൻ പറ്റാതായി. പാട്ട് ഇടറി നിന്നു. ഞാൻ മകന്, ചിത്രാമ്മേടേം ചിത്രാമ്മേടെ കുട്ടീടേം  കഥ പറഞ്ഞു കൊടുത്തു. അവനും ഞാനും കരഞ്ഞു. വലിയ സങ്കടങ്ങൾ ശമിപ്പിക്കാൻ അവന്‍റെ അമ്മ കഥ എഴുതാറുള്ളതുപോലെ, അവൻ ചിത്രാമ്മയെ ചൊല്ലിയുള്ള അവന്‍റെ അമ്മയുടെ സങ്കടം ശമിപ്പിക്കാൻ വേണ്ടി ഒരു കുഞ്ഞു കഥ മെനഞ്ഞു. ദൈവം ഒരു കുട്ടിയാണെന്നും അവന്‍റെ വൺ ഡി ക്ലാസിലെ കുട്ടികളെപ്പോലെ തന്നെ ദൈവത്താൻ കുട്ടിയും ചെലപ്പോ നല്ല കുട്ടിയും ചീത്തക്കുട്ടിയുമൊക്കെയാവും എന്നവൻ കഥ തുടങ്ങി.

"ചിത്രാമ്മേടെ കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിട്ടത് ദൈവത്താൻ കുട്ടിയല്ല, പക്ഷേ അത് കൈയും കെട്ടി നോക്കി നിന്നതാ അവൻ ചെയ്ത ആകെയൊരു തെറ്റ്, അതിലവന് സത്യായും സങ്കടമുണ്ട്" എന്ന കഥ അത്ര ഏറ്റില്ല എന്നു തോന്നിയപ്പോൾ അവൻ കഥ മാറ്റി.

കൃഷ്ണൻ അവളെ രാധയാക്കാൻ കൊണ്ടു പോയതാ എന്നൊരു കത്ത് നമക്ക് ചിത്രാമ്മക്കെഴുതാം എന്നു പറഞ്ഞ് അവനുറങ്ങിയ കഥ, 'അമ്മേ കുഞ്ഞുണ്ണീം മൂക്കുരുമ്മി, മൂക്കുരുമ്മി'  എന്ന ബാലസാഹിത്യ പുസ്തകത്തിൽ 'മഞ്ചാടിക്കുരൂന്‍റെടീല്' എന്ന കഥയായി മാറി. ആ കഥയനുസരിച്ചാണെങ്കിൽ മഞ്ചാടിക്കുരുവിന്‍റെയടിയിൽ ഒളിച്ചിരിപ്പാണ് നന്ദനയും കൃഷ്ണനും.

പക്ഷേ എനിക്കന്‍റെയാ കഥയിലെ കൃഷ്ണ പരാമർശത്തെ തൊടുമ്പോൾ രഞ്ജിത്തിന്‍റെ 'നന്ദന'ത്തിലെ 'കാർമുകിൽ വർണ്ണന്‍റെ ചുണ്ടിൽ' എന്ന പാട്ടിന്‍റെ അവസാനത്തിലെ 'കൃഷ്ണാ' വിളിയിൽ ഉരുകിയൊലിക്കുന്ന ചിത്രസംഗീതമോർമ്മ വന്ന് ശ്വാസമുരുകും. ഇത്ര വെന്തുനീറി ചിത്രയ്ക്കല്ലാതെ അത് പാടാൻ പറ്റില്ല എന്ന പണ്ടേ മുതലേയുള്ള തോന്നലിൽ ഒട്ടിപ്പിടിച്ചിരുന്ന് പ്രിയകൃഷ്ണനോട് പരിഭവിക്കുമ്പോൾ ഞാനോർക്കും, ചിത്രയും പരിഭവിക്കുന്നുണ്ടാവുമോ കൃഷ്ണനോട്.

"പൂഞ്ചേലയഴിയുന്നു, അപമാനിതയാം പാഞ്ചാലി കേഴുന്നു, ശംഖചക്രഗദാ പത്മങ്ങളോടെ രാജ സദസ്സിലുദിച്ചുയരൂ" എന്ന ഒ എൻ വി യുടെ ലളിതഗാന വരികളിലൂടെ (തരംഗിണിയുടെ ഗാനോത്സവം കാസറ്റ്) കൃഷ്ണനെ വിളിച്ചു കരഞ്ഞ പഴയൊരു പാട്ട്ചിത്രയെയും അപ്പോൾ ഞാനോർക്കും. അതു തന്നെയാണ് പാഞ്ചാലി എന്നപ്പോഴൊക്കെയും ഞാൻ കരുതിയിട്ടുണ്ട്.

ഇതു വരെ കാണാത്ത ചിത്രയുമായി ഞാൻ മനസാ അടുക്കുന്നത് വളരെ പഴയ ചില ഇന്റർവ്യൂകൾ വായിച്ചാണ്. സ്ക്രീനിൽ സ്വന്തം പേരു തെളിയുമ്പോൾ പരിസരം മറന്ന് കൈ കൊട്ടുന്ന ചിത്രയുടെ കുട്ടിത്തത്തിനോട് തോന്നിയ കുട്ടിക്കൗതുകം, ഒരു ചിത്രയിന്റർവ്യൂ തന്നതാണ്. സർവ്വ മനുഷ്യരും ഉറങ്ങാനായി പാട്ടുവയ്ക്കുമ്പോൾ, പാട്ടു കേട്ട് ഉണർവ്വ് മിഴിഞ്ഞു തെളിഞ്ഞു വരുന്ന എന്‍റെ രീതി പുറത്തു പറയാൻ നാണക്കേടു തോന്നി, "എനിക്ക് വട്ടായിരിക്കും" എന്നു കരുതിയിരിക്കുമ്പോഴാണ് ചിത്ര മറ്റൊരിന്റർവ്യൂവിൽ പറഞ്ഞത്, "പാട്ടു കേട്ടുറങ്ങാൻ പറ്റില്ല, കാരണം കാസറ്റിലെ അടുത്ത പാട്ടും അതിന്റടുത്ത പാട്ടുമൊക്കെ അറിയാവുന്നതിനാൽ മനസ്സുണർന്ന് ഉറക്കം പോകാറാണ് പതിവ്." സാക്ഷാൽ ചിത്രയ്ക്കും എന്‍റെ പ്രശ്നം തന്നെയുണ്ട് എന്നുള്ള കാര്യം അന്ന് കുറച്ചൊന്നുമല്ല എന്നെ സമാധാനിപ്പിച്ചതും ചിരിപ്പിച്ചതും. അങ്ങനെയൊക്കെയായിരുന്നു ചിത്രയോടുള്ള വിദൂരയടുപ്പത്തിന്‍റെ വഴികൾ. പിന്നെ എന്‍റെ മകനും ചിത്രയുടെ മകളും ചേർന്ന് തുന്നിയ കുട്ടിയുടുപ്പടുപ്പം.

ഒരു വിഷുത്തലേന്ന് മുതൽ നീണ്ട ഒരിടവേളയോളം സംഗീതത്തെയും ഉപേക്ഷിച്ച ചിത്രയെ വീണ്ടും പാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത് 'നായിക' എന്ന ജയരാജ് സിനിമയാണ്. ജാനകിയമ്മ സത്യാഗ്രഹമിരുന്നാണ് ചിത്രയെ വീണ്ടും സംഗീത വിഗ്രഹമാക്കി മാറ്റിയതെന്ന് കേട്ടിട്ടുണ്ട്.

ജയരാജ് സിനിമകളിലെ ഓരോ പാട്ടും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ചും താരാട്ടു പാട്ടുകൾ. താരാട്ടു പാട്ടുകളുടെ ഒരു 'താലോല' വസന്തമാണ് ജയരാജ് സിനിമകൾ.

"ചോടൊന്നു വയ്ക്കുമ്പോൾ അമ്മയ്ക്കുനെഞ്ഞിൽ കുളിരാംകുരുന്നാകുമുണ്ണി" എന്ന് ചിത്രയെക്കൊണ്ട് ശാന്തത്തിൽ പാടിച്ച ജയരാജ് തന്നെ വേണ്ടി വന്നു ചിത്രയെ അശാന്തി കുടീരത്തിൽ നിന്നുണർത്തി പാട്ടു വഴിയിലേക്ക് കൊണ്ടു വരാൻ. ആ പാട്ട് പാടിയത് ചിത്ര. എഴുതിയത് ശ്രീകുമാരൻ തമ്പി. സംഗീതം അര്‍ജ്ജുനന്‍ മാസ്റ്റര്‍.

മകൻ നഷ്ടപ്പെട്ട ഒരു അച്ഛൻ എഴുതിയ വരികൾ മകൾ നഷ്ടപ്പെട്ട ഒരു അമ്മ പാടുന്നു. ആ പാട്ടിലെ ഓരോ വരിയും ചിത്ര എങ്ങനെ പാടിത്തീർത്തു എന്നാലോചിക്കുമ്പോൾ നില കിട്ടാതെയാവാറുണ്ടെനിക്ക്.

ശ്രീകുമാരൻ തമ്പി അതെഴുതുമ്പോൾ, മകന്‍റെ അമ്മയായാണോ അച്ഛനായാണോ അതോ രണ്ടാളെയും ചേർത്താണോ കരഞ്ഞിട്ടുണ്ടാവുക എന്നോർക്കും. അക്ഷരം കൊണ്ടല്ല കണ്ണീരു കൊണ്ടാണതെഴുതിയിരിക്കുന്നത് എന്ന് സ്വയം പറയും. ഇങ്ങനൊരു പാട്ട് ലോക ചരിത്രത്തിലെവിടെയെങ്കിലും ഉണ്ടാകുമോ എന്ന ആലോചനയ്ക്കും നടുക്കത്തിനുമൊപ്പം ഓരോ തവണ ആ പാട്ട് കേൾക്കുമ്പോഴും ഞാനറിയാതെ എന്‍റെ കണ്ണ് കരയും. ആ വരികളിങ്ങനെ.

നിലാവു പോലൊരമ്മ

കിനാവു കാണുമമ്മ

സ്വന്തമെന്നോതാൻ കഴിയാത്ത

ബന്ധുരബന്ധനത്തിൽ

കേഴുമമ്മ

കാണാമറയത്തു പോയൊരു കുഞ്ഞിനെ

കാത്തു കുഴയുന്നോരമ്മ

ആറ്റിൻ കരയിലും ഹരിതാഭ തന്നിലും

ആ മുഖം തേടുന്നോരമ്മ

എവിടെക്കൊഴിഞ്ഞു നിൻ കാലടിപ്പാടുകൾ

എവിടെയാ കുളിർ മൊഴികൾ

കാറ്റിൽ ഇലയനങ്ങുമ്പോഴുമവളുടെ

കാലടി ശബ്ദമെന്നോര്‍ത്തൂ

ഉണ്ണാതുറങ്ങാതെ

പൊന്നോമനയുടെ

മന്ദസ്മിതം മാത്രമോർത്തു

എവിടെയൊളിച്ചു നിൻ നറു മലർപ്പുഞ്ചിരി

എവിടെ നിൻ കളിയൊച്ചകൾ

കൊച്ചി FM 'പാദമുദ്ര'യിൽ മാർച്ച് 8 ന് ചിത്ര പാട്ടും ജീവിതവും കൊരുത്ത് പാടി ജീവിച്ചപ്പോൾ ഈ പാട്ടോർത്ത് തുടക്കം മുതൽ ഒടുക്കം വരെ ഞാൻ കരഞ്ഞു. 'സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്കി കാലത്തിനക്കരെപ്പോയ'താണോ അതോ ഓരോ മഞ്ചാടിക്കുരുവിനിടയിലും ഒളിച്ചിരിപ്പാണോ ചിത്രയുടെ കുട്ടി എന്നൊന്നുമറിയില്ല എനിയ്ക്ക്.

publive-image

'ഓരോ ഇലയനങ്ങുമ്പോഴും' തനയയുടെയും തന്മയയുടെയും മുത്തച്ഛൻ ശ്രീകുമാരൻ തമ്പി സാറും നന്ദനയുടെ അമ്മ ചിത്രയും എന്‍റെ അച്ഛന്‍റെ അമ്മാവന്‍റെ മകൾ ഗംഗച്ചേച്ചിയും കത്തുവായിലെ എട്ടുവയസ്സുകാരി പെൺകുഞ്ഞിന്‍റെ വീട്ടുകാരും ഉലയാതിരിക്കില്ല എന്നെനിക്കറിയാം. 'ഓരോ ഹരിതാഭയിലും' അവർ തിരയുക എന്താവും എന്നുമെനിക്കറിയാം.

മക്കളെ നഷ്ടപ്പെട്ടവർ, ഓരോ ഇലയനങ്ങുമ്പോഴും ഉലഞ്ഞു കാതോർക്കുന്നത് ഒരു കാലടിയൊച്ചയ്ക്കാണ്. അവർ നഷ്ടങ്ങളുടെ തമ്പുരാക്കന്മാരും തമ്പുരാട്ടിമാരുമാണ്.

നിരന്തരമലഞ്ഞതിലൊരാൾ തേടുന്നത് താനേ അടർന്ന മഞ്ഞക്കണിക്കൊന്നക്കിങ്ങിണി മുത്തിനെയാവാം, മറ്റൊരാൾ തേടുന്നത് ആരോ തല്ലിക്കൊഴിച്ചു പിച്ചിച്ചീന്തിയ വയലറ്റ് നിറമുള്ള ട്യൂലിപ് കശ്മീരി വസന്തത്തെയാവാം. നഷ്ടങ്ങളെപ്പോഴും നഷ്ടങ്ങൾ തന്നെയാണ്, ഏതു വഴിയ്ക്ക് വന്നാലും.

വിഷുക്കണിയിൽ ഒരുരുളി മഞ്ചാടിക്കുരു വയ്ക്കുന്നത് മകന്‍റെ പതിവാണ്. കാണാമറയത്തു പോയവരൊക്കെ അതിനടിയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്നു വെറുതേ ഓരോ വിഷുക്കാലത്തും നിലാവു പോലെ കിനാവു കണ്ടു പോവുകയാണ്, വെറുതേ...

Memories K S Chithra Mother

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: