ഇപ്പോൾ കുടുംബത്തിലെ കുട്ടികള്‍ വിഷു ആഘോഷിക്കുമ്പോഴും മതിയാകുവോളം പടക്കം പൊട്ടിക്കുമ്പോഴും അതിലൊന്നും കൂടാതെ ഏതെങ്കിലും പുസ്തകം നോക്കി കുനിഞ്ഞിരിക്കുന്ന എന്നെ പലരും പരിഹസിച്ചിട്ടുണ്ട്.

“എന്താ പേടിയാണോ പടക്കം പൊട്ടിക്കാന്‍.. നീയെന്തൊരു ബോറനാണ് നല്ല ഒരു ദിവസമായിട്ടും അതിലൊന്നും കൂടാതെ ഇങ്ങനെ പുസ്തകം തിന്നിരിക്കാന്‍..”

ഞാന്‍ അതിനു മറുപടി ഒന്നും പറയില്ല. പക്ഷേ അപ്പോ ഓര്‍ക്കുന്ന ഒരു കുട്ടിയുണ്ട്. അയലത്തെ നിലാത്തിരി വെട്ടങ്ങള്‍ പുര പൊക്കത്തില്‍ വന്നു എത്തി നോക്കുമ്പോ അവന്‍റെ കവിളുകള്‍ തിളങ്ങും. കരഞ്ഞു കരഞ്ഞു പശ പോലെ ഒട്ടുന്ന മുഖം മുറ്റത്തെ കണിക്കൊന്നയില്‍ ചേര്‍ത്തു വെച്ചു വഴിയില്‍ പിന്നേയും കാക്കും, പടക്കം വാങ്ങാന്‍ പോയ അച്ഛനെ. പ്രതീക്ഷിക്കുന്ന സാധനം വാങ്ങാന്‍ കഴിയാതെ അന്ന് കുറെ രാത്രിയാകുമ്പോഴാകും അച്ഛന്‍ വരിക. അപ്പോഴേക്കും ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നിട്ടുണ്ടാകും. പക്ഷേ ഉറക്കം വരില്ല. ചീനചട്ടിയില്‍ കടുക് പൊട്ടും പോലെ ദൂരെ ദൂരെ വരെ പടക്കം പൊട്ടുന്ന ഒച്ചകള്‍ കാതോര്‍ത്തു പിന്നെയും തലയിണ നനയും.

അപ്പോള്‍ പുറത്തെ ഇരുട്ടില്‍ ചില അടക്കംപറച്ചിലുകള്‍ കേള്‍ക്കാം. പലക ചുമരിന്‍റെ വിടവിലൂടെ മുറ്റത്തെ മഞ്ഞവെളിച്ചം കണ്ട്… കണ്ണുകള്‍ ഇറുക്കി എണീക്കില്ല എന്ന് ഉറപ്പിച്ച് കിടക്കും. അപ്പോഴേക്കും ഇരുട്ടില്‍ പാത്തിരിക്കുന്ന ഗായകസംഘം പാട്ട് തുടങ്ങും.

“കണി കാണും നേരം
കമലാനേത്രന്‍റെ നിറമേറും …”

ഡാ… എണീക്ക്… എണീക്ക്… ദേ കണി വന്നു… അമ്മ കുലുക്കി വിളിക്കും. ഞാന്‍ അനങ്ങാതെ കിടക്കുമ്പോൾ മണ്ണെണ്ണ വിളക്കുമായി ചേച്ചിമാര്‍ ബലം പ്രയോഗിച്ച് എന്‍റെ മുഖം വെളിച്ചത്തു കാട്ടും. കണ്‍കോണുകളില്‍ നിന്നും താഴേക്കു ഒഴുകുന്ന വിഷമം തുടച്ച് അവര്‍ എന്നെ ആശ്വസിപ്പിക്കും, ”കണി കാണ് ഇല്ലേ ദോഷം കിട്ടും.. അടുത്ത വിഷൂനു നമുക്ക് ഒത്തിരി പടക്കം മേടിക്കാം ”

ഒറ്റ മുറി വീടിന്‍റെ കതക് തുറക്കപ്പെടുമ്പോ എന്‍റെ പ്രതിഷേധം തോറ്റുപോകുമായിരുന്നു. കര്‍പ്പൂരചന്ദന സുഗന്ധം പുകയുന്ന മഞ്ഞ വെളിച്ചത്തില്‍ ചിരിച്ചു നില്‍ക്കുന്ന കൃഷ്ണന്‍റെ മുന്നിലേക്ക് അറിയാതെ ഇറങ്ങി ചെല്ലും. അമ്മ തരുന്ന നാണയം കണിയില്‍ വെച്ച് എല്ലാവരും തൊഴുത് നില്‍ക്കും. അങ്ങനെ അഞ്ചോ ആറോ കണിക്കാര്‍ വരും. ആദ്യം കണിയുമായി വരുന്നവര്‍ക്ക് അഞ്ചു രൂപ കൊടുക്കും പിന്നെ അത് രണ്ട് ഒന്ന് ഒക്കെയായി ചുരുങ്ങും.

ഒരിക്കല്‍ നാട്ടിലെ പ്രധാന രണ്ട് കുടിയന്‍മാര്‍ കണി വഴി ധനസമാഹരണം നടത്താന്‍ ഒരു ശ്രമം നടത്തി. കൈപ്പത്തിയോളം വലിപ്പമുള്ള ഒരു ചെറിയ കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ ഒരു തേങ്ങാമുറിയില്‍ എണ്ണയൊഴിച്ച് പന്തം പോലെ കത്തിച്ച് ഒരു വലിയ ബോര്‍ഡ് കണിക്കൊപ്പം അവര്‍ നാട്ടുകാരുടെ മുറ്റത്ത് നാട്ടി. “മിനിമം അഞ്ച് രൂപ എങ്കിലും ഇടുക” പക്ഷേ അത് ഗംഭീരമായി പരാജയപ്പെട്ടു.

പിറ്റേന്ന് നാട്ടുവര്‍ത്തമാനങ്ങളില്‍ പ്രധാന തലക്കെട്ട് ആ വാര്‍ത്തയ്ക്കായിരുന്നു. “ഞങ്ങള്‍ വരുന്ന കണിക്കെല്ലാം അഞ്ചോ പത്തോ കൊടുക്കും. ആ ബോര്‍ഡ് കണ്ടത് കൊണ്ട് ഇരുപത്തഞ്ച് പൈസ ഇട്ടു.. അല്ല പിന്നെ… ” പ്രമാണിമാര്‍ വരെ ആ വിഷയത്തില്‍ പ്രതികരിച്ചു.

വീട്ടില്‍ വിഷുക്കണി വെക്കുന്ന പതിവില്ല. ഒരിക്കല്‍ അതിനായി ആഗ്രഹം പറഞ്ഞ എന്നോടു ”എന്തിനാടാ ഇവിടെ കണി… ഇതുപോലൊരു കണി ഈ പഞ്ചായത്തിലാരും കാണുന്നുണ്ടാകില്ല”, എന്ന് പറഞ്ഞു കൊണ്ട് അച്ഛന്‍ മുറ്റത്ത് നില്‍ക്കുന്ന കണിക്കൊന്ന മരത്തിലേക്ക് നോക്കി.

അത് ശരിയാണ്. ഒരു ചെമ്പകവും പൂവിലഞ്ഞിയും കണിക്കൊന്നയും ഒരു ചുവട്ടില്‍ നിന്നെന്ന പോലെ വളര്‍ന്ന് പൂവിട്ടിരുന്നു. വേനലായാല്‍ മുറ്റത്ത് മഞ്ഞ പട്ട് വിരിച്ച പോലെ കണിക്കൊന്ന പെയ്തിറങ്ങും. വിഷു തലേന്നു ഒരുപാട് ആളുകള്‍ വീട്ടില്‍ വന്നു കണിക്കൊന്ന പൂവുകള്‍ കൊണ്ടു പോകും.

വിഷു പുലരിയില്‍ അംബുജാക്ഷി എന്ന് ഞാൻ ഏറെ സ്നേഹത്തോടെ വിളിക്കുന്ന അച്ഛന്‍റെ അമ്മായി എന്നെ കാണാന്‍ വരും. കണ്ണും മുഖവും നനച്ച് വാ… എന്ന് പറഞ്ഞു അവര്‍ വടക്കേ പുളിമരത്തിന്‍റെ ചുവട്ടില്‍ കിഴക്കോട്ട് തിരിഞ്ഞു നില്‍ക്കും. ഞാന്‍ ചെല്ലുമ്പോ ശരീരം മുന്നോട്ട് കുനിച്ച് ചിരിയോടെ ഒരു രണ്ടു രൂപ നാണയം എന്‍റെ കയ്യില്‍ തന്നു നിറുകയില്‍ കൈ വെക്കും. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അവര്‍ മരിക്കും വരെ ആ കൈനീട്ടം എനിക്ക് കിട്ടിക്കൊണ്ടിരുന്നു. ഇപ്പോള്‍ പഴയതിനൊപ്പം ചേര്‍ത്തുവെക്കാവുന്ന മറ്റൊരു വിഷു വിഷമമായി എന്‍റെ അംബുജാക്ഷിയും മാറി.

പില്‍ക്കാലത്ത് ജോലിചെയ്തു തുടങ്ങിയപ്പോഴൊക്കെ വിഷു ആഘോഷിക്കാന്‍ വേണ്ടി ഞാന്‍ ഒട്ടും പണം ചിലവാക്കിയില്ല. പടക്കകടകള്‍ക്ക് മുന്നിലൂടെ പോകുമ്പോ വെറുതെ പോലും അങ്ങോട്ട് ഒന്നു നോക്കിയില്ല. ആഗ്രഹിച്ച സമയത്ത് കിട്ടാത്തത് ഇനി വേണ്ട എന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. അത് മണ്ടത്തരം ആയിരിക്കാം എങ്കിലും അങ്ങനെ മതി എന്നാണ് എനിക്ക് .

എന്‍റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട് അവരുടെ കുട്ടിക്കാലത്ത് ദാരിദ്രം കൊണ്ട് കഞ്ഞി വെക്കാന്‍ പോലും പറ്റാത്ത സ്ഥിതി ആയിരുന്നു, അപ്പോ എങ്ങനെ പടക്കം വാങ്ങാനാണ്.

അച്ഛന്‍ അന്ന് പേപ്പറുകള്‍ കീറി പടക്കം എന്ന് സങ്കല്‍പ്പിച്ച് അതിന്‍റെ അറ്റം കത്തിച്ച് മുറ്റത്തേക്ക് എറിഞ്ഞു, ഒരു തകര പാട്ടയില്‍ വടി കൊണ്ട് അടിച്ചു ശബ്ദം ഉണ്ടാക്കി വിഷു ആഘോഷിക്കുമായിരുന്നു എന്ന്.

ഞങ്ങളുടെ അടുത്ത തലമുറ വിഷുവിനെ കുറിച്ച് നല്ല വര്‍ത്തമാനങ്ങള്‍ പറയുമായിരിക്കും. അവരൊക്കെ നന്നായി ആഘോഷിക്കുന്നുണ്ട്. സത്യം പറയട്ടെ എനിക്ക് വിഷു വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മയാണ്. ഞാന്‍ ഒന്നും മറക്കാതെ കൂടെ കൊണ്ടു നടക്കുന്ന ഒരാള്‍ ആയതുകൊണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook