scorecardresearch

ഓർമ്മകൾ കണികാണും നേരം

മിഴിയിലും മനസ്സിലുമായി ഒരു കുടന്ന കൊന്നപ്പൂവുമായി ഇതാ വീണ്ടുമൊരു വിഷുക്കാലം!

മിഴിയിലും മനസ്സിലുമായി ഒരു കുടന്ന കൊന്നപ്പൂവുമായി ഇതാ വീണ്ടുമൊരു വിഷുക്കാലം!

author-image
Usha S
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഓർമ്മകൾ കണികാണും നേരം

കത്തുന്ന വേനൽച്ചൂട്. മകരക്കൊയ്ത്തുകഴിഞ്ഞ പാടത്ത് നിറഞ്ഞുകിടക്കുന്ന വേനൽക്കാല പച്ചക്കറികൾ. ഏത് വറുതിയിലും വിഷുക്കഞ്ഞിക്കായ് മാറ്റിവയ്ക്കുന്ന ഇത്തിരി നെൽമണികൾ!കളിയും ചിരിയുമായി കുളത്തിലും മാഞ്ചുവട്ടിലും പിന്നെ വെയിലാറിയാൽ വെളിമ്പ്രദേശത്തും പറമ്പിലുമായി ഒരു വേനലവധിക്കാലം.

Advertisment

മുമ്പൊക്കെ ഓണവും വിഷുവും കാത്തുകാത്ത് പറഞ്ഞ് പറഞ്ഞ് ഒരുങ്ങിയൊരുങ്ങിയാണെത്തുക. കുംഭച്ചൂടിലേ വിഷുവൊരുക്കം തുടങ്ങുകയായി. ഓണത്തിനെന്നപോലെ വിഷുവിനും തേങ്ങയാട്ടിക്കൽ പ്രധാന ചടങ്ങാണ്. ഓണം മുതൽ മച്ചിൻപുറത്ത് ശേഖരിച്ചുവെയ്ക്കുന്ന നല്ല ഉണക്കതേങ്ങകൾ പൊതിച്ച് വെട്ടി ഉണക്കാൻ വയ്ക്കുകയായി. അടുത്ത ഒരുക്കം കുളംവെട്ടാണ്. തേക്കുപാട്ടയിൽ ആഞ്ഞുളള വെളളംതേകൽ കാണാൻ തന്നെ ഞങ്ങൾ കൊച്ചുകുട്ടികളുടെ പടയായിരിക്കും. വല്ലത്തിൽ കൂടി പാത്തി വഴി ഓരോ തെങ്ങിൻ ചുവട്ടിലേയ്ക്കും ആ വെള്ളം ഒഴുകിപ്പോകും. ആ വെള്ളത്തിൽ പിടയ്ക്കുന്ന ചെറുമീനുകളും തവളകളും. ഇടയ്ക്ക് ആൾക്കാരുടെ കണ്ണുവെട്ടിച്ച് ലോകസഞ്ചാരത്തിന് കരയിലേയ്ക്കു കയറുന്ന ആമക്കുട്ടന്മാർ.

പണ്ടൊക്കെ കുളംവെട്ടും പുരമേയലുമൊക്കെ ഉത്സവങ്ങളാണ്. കുളംവെട്ടുകാരും അയൽക്കാരുമൊത്തുളള ചക്കക്കുഴയും കൂട്ടിയുളള ചൂടുകഞ്ഞികുടി! പുറത്ത് മീനവെയിൽ അപ്പോൾ തിളയ്ക്കുകയാവും.

വിഷുക്കണിയ്ക്കും പാൽക്കഞ്ഞിക്കുമൊക്കെയായി പത്തായത്തിൽനിന്ന് നെല്ലു പുറത്തേയ്ക്കെടുക്കുകയായി. സദ്യയ്ക്കുളള അരി പുഴുങ്ങിക്കുത്തിയെടുക്കുമ്പോൾ പാൽക്കഞ്ഞിയ്ക്കുളളത് പുഴുങ്ങാതെ പച്ചനെല്ല് കുത്തിയെടുക്കും. കുംഭത്തിലേ അടിമുടി പൂത്ത 'കളളികൊന്നകൾ' പൂമുഴുവൻ പൊഴിച്ച് നാണിച്ചു നിൽക്കുന്നുണ്ടാവും. ഓരോ കൊന്നമരത്തിലും വിഷുവിനായി ഒരുകുടന്ന പൂവെങ്കിലും കാണുമെന്ന പ്രതീക്ഷയിൽ കുട്ടികളും.

Advertisment

അടിമുടി സ്വർണ്ണവർണ്ണമാർന്ന് പൂത്തുനിൽക്കുന്ന കൊന്ന കാണാനെന്താ ഭംഗി! ആരേയും കൊല്ലാതെ കൊന്നയെന്ന പേരു വന്നതിൽ പരിഭവിക്കുന്ന കൊന്നയെ ചില സന്ദേശങ്ങളിൽ കണ്ടു. രാമൻ കൊന്നയെ മറയാക്കിയാണത്രേ ബാലിയെ ഒളിഞ്ഞ് അമ്പെയ്തത്. അങ്ങനെ 'കൊന്ന'മരമെന്ന പേരുകിട്ടിയ മരത്തിന് ഉണ്ണിക്കണ്ണൻ ശാപമോക്ഷം കൊടുത്തത്രേ! ഒരു ദരിദ്രനായ ഇല്ലത്തെ ഉണ്ണിയ്ക്ക് കൂട്ടുകാരനായ സാക്ഷാൽ ഉണ്ണിക്കണ്ണൻ കൊടുത്ത കിങ്ങിണിഅരഞ്ഞാണം. എല്ലാരുമവനെ കളളനാക്കി. ഊരിയെറിഞ്ഞ കിങ്ങിണി അടുത്തുള്ള കൊന്നമരത്തിൽ സ്വർണ്ണകിങ്ങിണി രൂപമാർന്ന കൊന്നപ്പവായ് മാറി. കൊന്നപ്പൂവ് കണ്ണന് കണിക്കൊന്നയായി.

usha s., vishu ,memories

കുട്ടികൾക്കും വിഷുവിനൊരുങ്ങാനുണ്ട്. പ്രധാനം കശുവണ്ടി ശേഖരണമാണ്. വേനലവധിക്കാലം പഴമാങ്ങയുടേയും ആഞ്ഞിലിച്ചക്കയുടേയും കശുമാങ്ങയുടേയും കൂടി കാലമാണ്. അണ്ടിച്ചൊനയും കറയും കലർന്ന ബാല്യം! ആഞ്ഞിലിചക്കയുടെ മുള്ളു നീക്കിയാൽ എന്തു ഭംഗിയാണ് കാണാൻ. സ്വർണ്ണവർണ്ണമാർന്ന് തുടുത്ത നിരനിരയായ ചെറുതങ്കമുത്തുകൾ പോലുള്ള പഴങ്ങൾ! ആഞ്ഞിലിചക്കേടെ സ്വാദറിയാത്ത ബാല്യമോ? ആഞ്ഞിലിക്കുരു വിഴുങ്ങിയാൽ വയറ്റിൽ ആഞ്ഞിലിത്തൈ കിളിർക്കുമത്രേ! ആഞ്ഞിലിപ്പഴം തിന്ന് രാത്രിയിൽ വയറുവേദന പറയുന്ന കുട്ടികളെ അത് തിന്നാതിരിക്കാനായി അമ്മമാർ പേടിപ്പിക്കാൻ പറയുന്നതാണ്. വയറ്റിൽ ആഞ്ഞിലിത്തൈ കിളിർത്ത് വലുതായി വായിൽകൂടി മരമായി പുറത്തുവരുന്നത് ഞാൻ സ്വപ്നം കണ്ട് അതിശയിക്കുകയും ഒപ്പം പേടിക്കുകയും ചെയ്തിരുന്നു

പടക്കം കത്തിക്കാനായി ആഞ്ഞിലിത്തിരി (ചക്കത്തിരി) സൂക്ഷിച്ചു വയ്ക്കുന്നത് കുട്ടികളുടെ ജോലിയാണ്. ആഞ്ഞിലിത്തിരി കത്തിച്ചാൽ നീറി നീറി നിൽക്കും. കത്തിത്തീരില്ല. കശുവണ്ടി കുട്ടികളുടേയും വീട്ടമ്മമാരുടേയും പ്രധാന വരുമാന മാര്‍ഗ്ഗം. കുറെ കശുവണ്ടി കൂട്ടാൻവയ്ക്കാനും ചുടാനുമായി എടുക്കും. ബാക്കിയേ വിൽക്കുകയുള്ളു. വിഷുവിന്റെ ചക്കയവിയലിന് പച്ചകശുവണ്ടി പ്രധാനം. പിന്നെ അണ്ടി ചുട്ടുതല്ലൽ അന്നത്ത പ്രധാന പരിപാടിയാണ്. ശ്രദ്ധിച്ചില്ലേൽ കരിഞ്ഞുപോകും. സൂക്ഷ്മതയോടെ ചുട്ടുതല്ലി നന്നാക്കി വയ്ക്കും പായസത്തിനും വൈകുന്നേരത്തെ ചായവട്ടത്തിനുമായി.

വിഷുവിന് പിന്നിൽ ഐതിഹ്യങ്ങൾ പലത്. കൃഷ്ണൻ നരകാസുരവധം വധിച്ചതിന്റെ ഓർമ്മപുതുക്കൽ എന്നൊരു കഥ. കിഴക്കുദിക്കുന്നതിൽനിന്ന് സൂര്യനെ രാവണൻ തടഞ്ഞിരുന്നു. രാമൻ രാവണനെ കൊന്ന് സൂര്യനെ മോചിപ്പിച്ചു. അങ്ങനെ സൂര്യൻ വീണ്ടും കിഴക്കുദിച്ച ദിവസം. ഏതായാലും തിന്മയ്ക്കുമേൽ നന്മ വിജയം കണ്ട ദിനം! മുമ്പ് പുതുവർഷാരംഭം മേടമാസമായിരുന്നു. ഇന്നും വിഷുഫലം പ്രധാനം. രാവും പകലും തുല്യമായ ദിവസം.

usha s.,vishu ,memories

വിത്ത് വിതയ്ക്കാനായി പുറത്തേയ്ക്കെടുക്കുന്നതും പുതിയ തെങ്ങിൻതൈ വയ്ക്കുന്നതും പച്ചക്കറി വിത്തുകൾ പാകുന്നതുമൊക്കെ മുൻകാലങ്ങളിൽ വിഷുദിനത്തിലെ പ്രധാന ചടങ്ങുകളായിരുന്നു. ഇനി വിഷുക്കണിയൊരുക്കാൻ നേരമായി.

"നിറയും നാഴിയിടങ്ങഴി പറയും

ഉരുളിയിലരിയും ഫലമൂലം

വാൽകണ്ണാടി

അലക്കിയമുണ്ടും സ്വർണ്ണ വെള്ളി നിറകിണ്ടി."

തേച്ചുമിനുക്കിയ ഓട്ടുരുളിയിൽ ഉണക്കലരിയും നെല്ലും കണിവെള്ളരി, ചക്ക, മാങ്ങ, മാമ്പഴം, പഴം, വാൽക്കണ്ണാടി, കണിക്കൊന്ന, അലക്കുവസ്ത്രം, ഗ്രന്ഥം, കൺമഷി, കുങ്കുമച്ചെപ്പ്, വെറ്റിലയും അടയ്ക്കയും വെളളിനാണയങ്ങളുംസ്വർണ്ണം, നിറകിണ്ടി, സ്വർണ്ണനിറമാർന്ന നിലവിളക്ക് എണ്ണയൊഴിച്ച് തിരിയിട്ടത്, കണ്ണന്റെ മനോഹരരൂപം(ഫോട്ടോ, പ്രതിമയോ). കണിയൊരുക്കാൻ വേണ്ടതൊക്കെയായി.

കണിവെളളരിയ്ക്ക മുത്തശ്ശിമാർ കണ്ണൊക്കെയെഴുതി പൊട്ടു കുത്തി കസവുമുണ്ടോക്കെ ചാർത്തി ഭഗവത് സങ്കൽപ്പത്തിൽ വയ്ക്കുമായിരുന്നു. വാൽക്കണ്ണാടി നേര്യത് ഞൊറിഞ്ഞു വയ്ക്കുന്നു ഭഗവതീ സങ്കല്പത്തിൽ. തേങ്ങാമുറിയിൽ തിരി കത്തിച്ചുവയ്ക്കും. കൊന്നപ്പൂകൊണ്ട് കണ്ണനെ അലങ്കരിച്ചിരിക്കും.വിളക്കത്തും ഉരുളിയിലും കൊന്നപ്പൂക്കൾ വിതറും.വിഷുസംക്രാന്തി(വിഷുത്തലേന്ന്)രാത്രി പടക്കം പൊട്ടിക്കും.

വിഷുത്തലേന്ന് രാത്രി ഉറക്കം വരികേയില്ല. ഉണ്ണിക്കണ്ണന്റെ ചിരിക്കുന്ന രൂപം, കണികാണിയ്ക്കൽ, പടക്കം പൊട്ടിക്കൽ, കൈനീട്ടം, സദ്യ, കളികൾ എന്തൊക്കെയാണ്. ഓർത്തോർത്തു മയങ്ങിവരുമ്പോൾ അമ്മയുടെ വിളിയുയരുകയായി. കണ്ണു തുറക്കാൻ പാടില്ല. ഇറുക്കിയടച്ച കണ്ണുകൾ പൊത്തി അമ്മ ഓരോരുത്തരെയായി കണി കാണിക്കുകയായി. കണ്ണുതുറക്കുമ്പോൾ കത്തിനിൽക്കുന്ന നിലവിളക്കിന്റെ മുന്നിൽ കൊന്നപ്പൂവിലാറാടി കളളകണ്ണന്റെ മോഹനരൂപം! കിണ്ടിയിലെ വെള്ളം കണ്ണിൽ തൊടും. പിന്നെ നാണയം, സ്വർണ്ണം, ഫലങ്ങൾ ഒക്കെ തൊടുകയും കാണുകയും ചെയ്യണം. ഇനി കണികാണിയ്ക്കലായി.

നേരത്തെ തയ്യാറാക്കിവച്ച ചൂട്ടുകറ്റ കത്തിച്ച് വീശി കുട്ടികൾ ഇറങ്ങുകയായി. പശുവിനെ കണികാണിയ്ക്കൽ അമ്മുമ്മയും വരും. ഇല്ലെങ്കിൽ കുട്ടിപട്ടാളം തൊഴുത്തിന് തീ വെച്ചാലോ?

"തെങ്ങോ മാവോ കണി കണ്ടോ

മാവോ തെങ്ങോ കണി കണ്ടോ"

എന്നുറക്കെ പാടി ഓരോവൃക്ഷങ്ങളുടേയും പേരെടുത്തു പറഞ്ഞ് ചൂട്ടുവീശി ആവേശത്തിൽ എല്ലാ വീട്ടിലേയും കുട്ടിസംഘങ്ങൾ. വെളുപ്പിനെയുളള കുട്ടികൂട്ടങ്ങളുടെ ഒത്തുകൂടൽ. ചൂട്ടുകൊണ്ട് അന്തരീക്ഷത്തിൽ ചേട്ടന്മാരുടെ കലാപ്രകടനങ്ങൾ. ചിലപ്പോൾ പരസ്പരം വീശലിലേൽക്കുന്ന പൊളളലുകൾ, പരസ്പരം പടക്കങ്ങളെയും കിട്ടാൻ പോകുന്ന കൈനീട്ടത്തെയും പറ്റിയുള്ള പൊങ്ങച്ചങ്ങൾ. പിന്നെ എല്ലാവരും കൂടി ചൂട്ടിന്റെ വെളിച്ചത്തിൽ പഴംമാങ്ങാ പെറുക്കുകയായി. അവസാന കിണറിനെ കാണിച്ച് കിണറ്റുകരയിൽ ചൂട്ടുകറ്റ കുത്തിക്കെടുത്തും. സകലചരാചരങ്ങളേയും കണികാണിയ്ക്കൽ എന്റെ കൗമാരനാളുകളിലെങ്ങോ നിന്നുപോയി. പകരം കണിയുമായി കുട്ടികളുടെ വരവായി.

usha s., vishu, memories

ഇനി പടക്കം പൊട്ടിക്കലായി. അടുത്ത വീട്ടിലെക്കാളും ഒച്ച വരുന്നതിന് എന്തൊക്കെ പ്രയോഗങ്ങൾ. ഓലപ്പടക്കം കുടത്തിലിട്ട് പൊട്ടിക്കും. അപ്പോഴുളള ഭയങ്കര ശബ്ദം! മാലപ്പടക്കം കെട്ടിയിട്ട് ഒരറ്റത്ത് തിരികൊളുത്തും. അതു കത്തിപ്പടർന്നുളള പൊട്ടൽ. വടിയിൽ ഓലപ്പടക്കം വെച്ചുകൊടുതത് തീ കൊളുത്തിയാണ് കുട്ടികളുടെ പേടി മാറ്റുന്നത്. കുട്ടികൾക്ക് ഇടിച്ചു പൊട്ടിക്കുന്ന തോട്ടാപ്പടക്കവും കമ്പിത്തിരിയും മത്താപ്പും. വർണ്ണപ്രപഞ്ചം തീർത്ത് ലാത്തിരിയും പൂത്തിരിയും. ചക്രം തിണ്ണയിൽ കത്തിച്ചുവെച്ച് കാലുകൊണ്ടുതട്ടി മുറി മുഴുവൻ വർണ്ണം.

ഇതാ കൈനീട്ടത്തിനു സമയമായി. അന്നൊക്കെ കുട്ടികൾ കൊച്ചുപണക്കാരാകുന്നത് വിഷുദിനത്തിലാണ്. മിക്കവാറും ഒരു വെളളി രൂപയായിരിക്കും ഏറ്റവും വലിയ കൈനീട്ടം.

കൈനീട്ടം കഴിഞ്ഞാൽ വിഷുക്കഞ്ഞിക്കുളള സമയമായി. പച്ചനെല്ലുകുത്തിയ അരി പേറ്റി കൊഴിച്ച് വേവിച്ച് കുറുകിയ തേങ്ങാപ്പാലൊഴിച്ച് ചുക്കും ജീരകവും ഏലയ്ക്കയും ഇടും(ഏലയ്ക്ക പിന്നീട് വന്നതാണ്) കൂട്ടാനായി നല്ലൊന്നാന്തരം കശുവണ്ടി ചേർത്ത ചക്കയവിയലും ഇഞ്ചിക്കറിയും പപ്പടം കാച്ചിയതും. ഇന്ന് വെള്ളം ചേർക്കാതെ രണ്ടാംപാലും പശുവിൻപാലും ചേർത്ത് അരി വേവിച്ച് ഒന്നാം പാലൊഴിച്ച് ഞാൻ ഉണ്ടാക്കുന്ന പാൽക്കഞ്ഞിയ്ക്ക് ആ വിഷുക്കഞ്ഞിയുടെ സ്വാദില്ലാത്തതെന്തേ? ചിലയിടങ്ങളിൽ വിഷുസംക്രാന്തിയ്ക്കാണ് പാൽക്കഞ്ഞി. ചിലയിടങ്ങളിൽ അരിപ്പൊടിയും ശർക്കരയും ചേർത്ത വിഷുക്കട്ട.

ഉച്ചയാകുമ്പോൾ വിഷുസദ്യ. വിളക്കത്ത് ഇലവെച്ച് സദ്യ വിളമ്പുകയായി. പഴംമാങ്ങാ പുളിശ്ശേരിയാണ് പ്രധാനം. ചക്കയവിയലിന്. ചക്കയോ മത്തങ്ങയോ കൊണ്ടുള്ള എരിശ്ശേരി, കടലയും ചേനയും കായും കൊണ്ട് കൂട്ടുകറി, കുമ്പളങ്ങകൊണ്ട് ഓലൻ. അങ്ങനെ രുചിമേളം! ചക്കയും ശർക്കരയും ചേർത്തുവരട്ടി തേങ്ങാപ്പാലുച്ചേർത്ത ചക്കപ്രഥമനായിരിക്കും കൂടുതലും വിഷുപായസം. ചക്കയുപ്പേരി വിഷുക്കാലത്തെ പ്രധാന വിഭവം തന്നെ.

പശുക്കളെ രാവിലെ തന്നെ കുളിപ്പിച്ച് കുറി തൊടീക്കും. പാൽക്കഞ്ഞിയുടെ പങ്കും സദ്യയുടെ ഉരുളയുമൊക്കെ അവർക്കും അന്നുണ്ട്. ഇനി കുട്ടികളുടെ കളിമേളം! വൈകുന്നേരമായാൽ ഞങ്ങളുടെ നാട്ടിലെ അമ്മമാർ തങ്ങൾക്ക് കിട്ടിയ കൊച്ചുസമ്പാദ്യവുമായി പൂരപ്പറമ്പിലേയ്ക്കൊരു പോക്കുണ്ട്. ചേർത്തലയിൽ പൂരം കഴിഞ്ഞ അമ്പലപ്പറമ്പിൽ കലച്ചട്ടിക്കച്ചവടക്കാർ പോയിക്കാണില്ല. എത്ര കലച്ചട്ടി കിട്ടിയാലും അമ്മമാർക്ക് മതിയാവില്ല. ഓരോ കൂട്ടാനും ഓരോ സമയത്തുവയ്ക്കാൻ ഓരോ കലച്ചട്ടി.

usha s., vishu, memories

പത്താമുദയത്തിന്റെ അന്ന് ആദിത്യപൂജ(ഉദയം പുജ)യോടെ വിഷുവാഘോഷം കൊടിയിറങ്ങും. കരപ്പുറത്തുകാരുടെ ആഘോഷമാണ് ഉദയംപൂജ. കൊയ്ത്തുക്കഴിഞ്ഞ പാടങ്ങളിലാണ് പൂജ നടക്കുക. മീനംമേടമാസത്തിലെ ഞായറാഴ്ചകളിലും പത്താമുദയത്തിനുമാണ് പൂജ നടക്കുക.

ലക്ഷണമൊത്ത കൊടിമരം മുറിച്ച് നിലംതൊടാതെ കൊണ്ടുവന്ന് പൂജപ്പാടത്ത് നാട്ടുന്നതോടെ ആഘോഷം തുടങ്ങുകയായി. പൂജകൊട്ടിലിൽ സന്ധ്യക്ക് കെടാവിളക്ക് തെളിയിക്കും. പിറ്റേന്ന് സ്ഥലം അടിച്ചു തളിച്ച് ഗണപതിയ്ക്കു വെച്ചതിനുശേഷം ഉണക്കലരി പൊടിച്ചെടുക്കുകയായി. പൊടിയും ഇളനീരും മധുരവും ചേർത്ത് കലക്കിവയ്ക്കും. സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം അടുപ്പുകൾ കൂട്ടി ഉരുളിയിൽ അപ്പം വാർക്കും. തേങ്ങയുരുക്കിയ വെളിച്ചെണ്ണയാണ് ഉപയോഗിക്കുക. അലങ്കരിച്ചു വെയ്ക്കുന്ന അപ്പം. താലം കത്തിച്ച് ചന്ദ്രനെകാണിക്കാനായി താലം ഉയർത്തും. രാവിലെ തളിച്ചുകൊടയ്ക്കുശേഷം പന്ത്രണ്ടുമണി യോടെ താലം സൂര്യന് സമർപ്പിക്കും.

പൂജകഴിച്ച താലം ഓരോവീട്ടിലേയ്ക്കും കൊണ്ടുവരുമ്പോൾ മുറ്റമൊക്കെ തൂത്ത് തളിച്ച് ശുദ്ധമാക്കി പൂമുഖത്ത് നിലവിളക്കു കൊളുത്തി കുരവയോടെയാണ് സ്വീകരിക്കുക. താലം അറയിലേയ്ക്കെടുത്തുവയ്ക്കും. അറതുറന്ന് പൂജയപ്പം കിട്ടാനുള്ള കാത്തിരുപ്പ്! അപ്പത്തിന്റെ കിനിഞ്ഞിറങ്ങുന്ന ആ തേൻമധുരം ദാ നാവിൽ വരുന്നു.

ഒരു വിഷു കൂടി മറയുകയായി.

"വിത്തും കൈക്കോട്ടും

കള്ളൻ ചക്കേട്ടു

കണ്ടാൽ മിണ്ടേണ്ട

ചക്കയ്ക്കുപ്പുണ്ടോ" ദാ മനസ്സിൽ വിഷുപക്ഷി പാടുന്നു.

Memories Vishu Festival

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: