വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു, വിഷുവിന് വളരെ കുറച്ച് ദിവസങ്ങളേ ബാക്കിയുള്ളൂ.
ഉച്ചക്ക് ശേഷമാണെന്നാണ് ഓര്‍മ്മ. വീട്ടിലെ കോഴികളില്‍ നിന്നും വിടാതെ വച്ച രണ്ടെണ്ണത്തിനെ കാലുകെട്ടി പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി അച്ഛച്ഛന്റെ വീട്ടില്‍ കൊണ്ടു പോയി കൊടുക്കാന്‍ പറഞ്ഞ് അമ്മ എന്നെ ഏല്‍പ്പിച്ചു. അവിടെ അമ്മായിക്ക് (അച്ഛന്റെ പെങ്ങള്‍) കോഴിയെ ആവശ്യമുണ്ടെന്ന് പറഞ്ഞതിന്‍പ്രകാരമാണ് അത്തരത്തിലൊരു കോഴിക്കടത്ത്. കളിക്കാന്‍ വേണ്ടി പുതിയ ക്രിക്കറ്റ് ബാറ്റ് ഓലയുടെ തള്ളമടല് കൊണ്ടുണ്ടാക്കി, അതിന്റെ പുറംഭാഗം തോല് ചെത്തി അവിടെ ബാള്‍പേന കൊണ്ട് ‘എം.ആര്‍.എഫ്’ എന്നൊക്കെ എഴുതി വൈകുന്നേരം സച്ചിനാകാനുള്ള കാത്തിരിപ്പിനിടെയാണ് വണ്ടീംവേലം തലയില്‍ വന്നു വീണത്.
അങ്ങനെ കളി നഷ്ടപ്പെട്ടതിന്റെ മുറുമുറുപ്പില്‍ സഞ്ചിയും തൂക്കി പുറപ്പെട്ടു. ആകെയുള്ള ആശ്വാസം പാടവും കുളവും മീനൊക്കെ കാണാമെന്നാണ്… പോരാത്തതിന് അവിടെയെത്തിയാല്‍ വിഷു കഴിക്കാനുള്ള പടക്കത്തിനായി കുറച്ച് അണ്ടി വസൂലാക്കുകയും ചെയ്യാം. അച്ഛന്‍ പടക്കം വാങ്ങിയിട്ട് വീട്ടിലേതായാലും പൊട്ടൂല. അങ്ങനെ ഏകദേശം ഒന്നര കിലോമീറ്ററോളം റോഡിലൂടെ നടന്ന് പാടത്തെത്തി. പാടവരമ്പിലൂടെ നടക്കുമ്പോള്‍ വല്ലാത്ത സുഖമാണ്. ഒന്നുകില്‍ ചളിയുടെ മണമുണ്ടാകും. അതല്ലെങ്കില്‍ നെല്ല് ഉണങ്ങിയ മണം. രണ്ടും മാസ്സാണ്. അന്നൊക്കെ വരമ്പിലൂടെ നടക്കുമ്പോള്‍ ഇഷ്ടം പോലെ ഞവുഞ്ഞിയെ കാണാം. ആളെ വടിയാക്കി തുളയിലൊളിക്കുന്ന കുറുക്കന്‍ ഞെണ്ടിനെ കാണാം. തുപ്പലിനായി നുണഞ്ഞിരിക്കുന്ന നെറ്റിമപൂട്ട മീനിനേയും കാണാം.
അങ്ങനെ കാഴ്ചകള്‍ കണ്ട് നടക്കുമ്പോഴാണ് ഒരാള്‍ ഓടി വരുന്നത് കണ്ടത്. അയാള്‍ ജീവന്‍ മുറുക്കെ പിടിച്ച് കുറേ അപ്പുറത്തുള്ള വരമ്പിലൂടെ മുറുക്കി ഓടി വരികയാണ്. ഞാനാകെ അന്തം വിട്ടു. വല്ല കള്ളനുമാണോ? പെട്ടെന്ന് കൈയ്യിലെ സഞ്ചിയില്‍ നിന്നും കോഴി ഒന്നു കൊക്കി. അയാള്‍ തിരിഞ്ഞു നോക്കാതെ ഓടുക തന്നെയാണ്. പെട്ടെന്നാണ് അയാള്‍ക്ക് പിന്നിലായ് അലറിവിളിച്ച് ഇരച്ചുവരുന്ന വലിയൊരാള്‍ക്കൂട്ടം കൂടിയുണ്ടെന്ന് എനിക്ക് മനസ്സിലായത്. ആകെ ബഹളമയം. അവരെല്ലാവരും കൂടി എന്റെയരികിലേക്കെത്താന്‍ നാലോ അഞ്ചോ കണ്ടം പാടം മാത്രം ബാക്കി. പിന്നെ ഒന്നും നോക്കിയില്ല, ഞാന്‍ കുട്ടിവരമ്പിലൂടെ അയാളേയും വേഗത്തില്‍ ഇടത്തോട്ട് പാഞ്ഞ് തൊട്ടപ്പുറത്തെ പറമ്പിലേക്ക് വലിഞ്ഞുകയറി. അപ്പോഴേക്കും ആ വലിയ ആള്‍ക്കൂട്ടം ഞാന്‍ നിന്നിരുന്ന രണ്ട് കണ്ടം പാടം അപ്പുറത്തു നിന്നും അയാളെ വളഞ്ഞിട്ട് പിടിച്ചു. പിന്നെ അയാളെ കാണാന്‍ കഴിഞ്ഞില്ല. അവര്‍ ഊക്കില്‍ കൈകാലുകള്‍ ആഞ്ഞുയര്‍ത്തുന്നത് മാത്രം കാണാം. എനിക്കൊന്നും മനസ്സിലായില്ല.
അപ്പോഴേക്കും പറമ്പിലുള്ള സകലവീടുകളില്‍ നിന്നും ആളുകള്‍ പുറത്തേക്കിറങ്ങി. അവരെല്ലാം പാടത്തിനപ്പുറത്തെ പറമ്പുകളില്‍ നിന്നു കൊണ്ട് കാഴ്ചകള്‍ കണ്ടു. ചിലര്‍ പിറുപിറുത്തു. മറ്റുചിലര്‍ വാ പൊത്തിച്ചിരിച്ചു. വേറെ ചിലര്‍ ഇപ്പോ എങ്ങനെയുണ്ട് എന്ന മട്ടില്‍ പരസ്പരം നോക്കി ഊറിച്ചിരിച്ചു. ഞാനാണെങ്കില്‍ ഒന്നും മനസ്സിലാകാതെ അവരുടെയെല്ലാം മുഖത്തേക്ക് വെറുതെ നോക്കിനിന്നു. അവിടെ കൂടി നിന്ന ആളുകളില്‍ അത്ര ചെറിയ പ്രായക്കാരന്‍ ഞാന്‍ മാത്രമായിരുന്നു.
“മോനെങ്ങട്ടാ…”
ഒരു താത്ത വന്ന് ചോദിച്ചു.
ഞാന്‍ തറവാട് നില്‍ക്കുന്ന പേരു പറഞ്ഞു.
“ആഹാ, പൊല്യോടത്തെ കുട്ട്യാണോ… ന്നാ വേഗം ഇതിലൂടെ പൊയിക്കോളിട്ടോ…”
അവര്‍ സ്‌നേഹപൂര്‍വ്വം പറമ്പിലൂടെയുള്ള വഴി ചൂണ്ടിക്കാണിച്ചു തന്നു.
അപ്പോഴേക്കും പാടത്ത് പൂരത്തിന്റെ കലാശക്കൊട്ടിലെത്തിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ മെലിഞ്ഞ് അധികം ശേഷിയൊന്നുമില്ലാത്ത അയാളെ അവരെല്ലാവരും ചേര്‍ന്ന് എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ആരോ ഉടുക്കാന്‍ ഒരു മുണ്ട് വച്ച് നീട്ടുന്നുണ്ട്. ദയനീയമായിരുന്നു അയാളുടെ അപ്പോഴത്തെ അവസ്ഥ. അയാള്‍ ഇടക്കിടെ മുഖം തോളു കൊണ്ട് തുടയ്ക്കുന്നുണ്ടായിരുന്നു.
“ഇവനെന്താ നോക്കി നില്‍ക്കണത്… ഇത് ചെറിയ കുട്ടികള്‍ക്ക് കാണാനുള്ള കാഴ്ചയല്ല. പോകാന്‍ പറഞ്ഞില്ലേ?”
കുറച്ചൂടി മുതിര്‍ന്ന മറ്റൊരു ചേച്ചി വന്ന് എനിക്ക് നേരെ കണ്ണുരുട്ടി.
സഞ്ചിയിലെ കോഴി പിന്നെയും കൊക്കി.
അവിടെ കൂടിനില്‍ക്കുന്ന മുതിര്‍ന്നവരെല്ലാം നികൃഷ്ടജീവിയെപ്പോലെ നോക്കുകയാണ്. അതോടെ ഞാന്‍ സഞ്ചിയും മുറുകെ പിടിച്ച് അവര്‍ കാണിച്ച വഴിയേ നടന്നു.
അപ്പോഴൊക്കെയും എന്റെ മനസ്സ് പാടത്തായിരുന്നു. അയാളെ പിടിച്ച് നടത്തിച്ച് വരുന്ന ജനക്കൂട്ടത്തിലായിരുന്നു. അങ്ങനെ ഇടക്കിടെ തിരിഞ്ഞും മറിഞ്ഞും നോക്കി ഞാന്‍ പാടത്തിന്റെ ഇക്കരയെത്തി. ഇനി നാലഞ്ച് പറമ്പു കൂടി കഴിഞ്ഞാല്‍ അച്ഛച്ഛന്റെ വീടെത്തും. തറവാടിന് തൊട്ടപ്പുറത്താണ് അമ്മായിയുടെ വീട്. ഓലവീടാണ്.
പിന്നീട് ഞാന്‍ നോക്കുമ്പോള്‍ കാണുന്ന കാഴ്ച പാടത്തിലൂടെ നടത്തിക്കൊണ്ടു വന്ന അയാളെ പാടത്തിന്റെ തെക്കു ഭാഗത്തുള്ള ഒരു ചെറിയ വാര്‍പ്പിട്ട വീട്ടിലേക്ക് നടത്തിക്കുന്നതായിരുന്നു. അവിടേയും ഒരുപാടാളുകള്‍ കൂടി നില്‍ക്കുന്നുണ്ട്. ആരൊക്കെയോ ഉറക്കെ കൂവുന്നു. ചിലര്‍ കൈകൊട്ടി പാട്ടു പാടുന്നു. തൊട്ടപ്പുറത്തുള്ള മരത്തിന് മുകളിലും ടെറസ്സിന് മുകളിലും ആളുകള്‍ കാഴ്ച കാണാന്‍ നിരന്നുനില്‍ക്കുന്നുണ്ട്.
എന്തായിരിക്കും സംഭവം?
ഞാന്‍ ചുറ്റുപാടുകളിലേക്ക് വെറുതെ കണ്ണോടിച്ചു. ആരുമില്ല. ഒന്നു പോയി നോക്കിയാലോ..
അങ്ങനെയാണ് പോകാന്‍ തീരുമാനിച്ചത്. പക്ഷേ കൈയ്യിലെ സഞ്ചി… അതൊരു പാരയാണ്. തൊട്ടടുത്ത് കണ്ട വലിയൊരു ശീമക്കൊന്നയുടെ മരത്തിന്റെ കൊമ്പില്‍ ഞാന്‍ ആ കോഴിസഞ്ചി തൂക്കി. ആരും കാണാതിരിക്കാനായി, താഴെ കന്നുപൂട്ടി ഉണങ്ങിപ്പോയ തൊട്ടാവാടികളും ആനപ്പുല്ലുകളും വാരി അതിന് മുകളിലേക്ക് വച്ചു… എന്നിട്ട് പാടം മുറിച്ച് അപ്പുറത്തെത്തി. അപ്പോഴേക്കും ആള്‍ക്കൂട്ടം അയാളേയും കൊണ്ട് ആ വീടിന് മുറ്റത്തേക്ക് കയറിക്കഴിഞ്ഞിരുന്നു.
അവിടെ വച്ച് അയാളെ വിചാരണ ചെയ്യുന്നതാണ് പിന്നെ കാണുന്നത്. ആളുകള്‍ പല ചോദ്യങ്ങളും ചോദിക്കുന്നുണ്ടായിരുന്നു. അയാള്‍ ഒന്നും പറയാതെ തല താഴ്ത്തി നില്‍ക്കുകയാണ്.
“ഓനോട് ചോദിച്ചിട്ട് കാര്യമില്ല. ഓളെ ങ്ങട്ട് വിളിക്ക്. ഓള് പറയട്ടെ കാര്യം.”
ആരോ വിളിച്ചുപറഞ്ഞു.
“എവിടെ അവള്…”
അപ്പോഴേക്കും മുറ്റത്ത് പേരെഴുതി വച്ചിരുന്ന ആ വീട്ടുടമയായ സിദ്ധന്റെ ബോര്‍ഡ് ഇളക്കിയ ഒരു കുട്ടിക്കൂട്ടം മുന്‍വശത്തെ വാതിലിനടുത്ത് കൊണ്ടു വച്ചിരുന്നു.
“അല്ല മ്പളെ വൈദ്യനെവിടെ?”
ആരോ ചോദിക്കുന്നു.
അപ്പോഴേക്കും ആരോ ഉള്ളില്‍ കയറി വെളുത്ത് തടിച്ച് കുറുകിയ, താടിയുള്ള ആ മനുഷ്യനെ പുറത്തേക്കെത്തിച്ചു. അയാളുടെ കൈകള്‍ ഒരു തോര്‍ത്ത് ഉപയോഗിച്ച് കൂട്ടിക്കെട്ടിയിരുന്നു. അയാള്‍ക്ക് പിന്നാലെ സാരി കൊണ്ട് പുതപ്പിച്ച് ഒരു സ്ത്രീയേയും മുന്‍വശത്തേക്കിറക്കി നിര്‍ത്തി.
“ഇത്ര കാലം ഇതായിരുന്നല്ലേ പരിപാടി കള്ള ഹിമാറേ…”
അതും പറഞ്ഞ് കൂട്ടത്തിലൊരാള്‍ ആ മനുഷ്യനെ തല്ലാനോങ്ങി. ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞു.
“പോലീസിനെ വിളി…”
മറ്റൊരാള്‍ വിളിച്ചുപറഞ്ഞു.
“പോലീസ് വന്നോട്ടെ, അതിന് മുമ്പ് ഇവരെ നമുക്ക് അങ്ങാടി വരെ നടത്തിക്കണം. ഉടുതുണിയില്ലാതെ. ഇന്നാട്ടില് ഇങ്ങനത്തെ പണിയൊപ്പിച്ച ഇവനെയൊക്കെ ആളുകള് ശരിക്ക് കാണട്ടെ.”
പിന്നെ ചര്‍ച്ച അതിനെക്കുറിച്ചായി. ഉടുതുണി ഉരിഞ്ഞ് നടത്തിക്കണോ, അതോ തുണിയുടുപ്പിച്ച് നടത്തിക്കണോ… അങ്ങനെ എല്ലാവരും കൂടി അവരെ തുണിയുടുപ്പിച്ച് നടത്തിക്കാന്‍ തീരുമാനിച്ചു. നടത്തുന്നതിന് മുമ്പ് സിദ്ധന്റെ കൈയ്യില്‍ അയാളുടെ ബോര്‍ഡ് ആരോ കൊണ്ടുപോയി പിടിപ്പിച്ചു. അങ്ങനെ അവര്‍ മൂന്നു പേര്‍ മുമ്പിലും, മറ്റുള്ള ആളുകള്‍ പിന്നാലെയുമായി പാടത്തേക്കിറങ്ങി. ഒന്നും മനസ്സിലായില്ലെങ്കിലും ഏറ്റവും പിറകിലായി ഞങ്ങള്‍ കുറച്ച് കുട്ടികളും. ആരൊക്കെയോ അതിനിടയില്‍ ഈര്‍ഷ്യയോടെ ഞങ്ങളെ നോക്കുന്നുണ്ട്.
എനിക്കപ്പോഴും എന്തിനാണ് അവരെ അങ്ങനെയൊക്കെ ചെയ്യുന്നതെന്ന് വലിയ ധാരണയൊന്നുമില്ലായിരുന്നു. അങ്ങനെ പാടത്തിലൂടെ, അതു കഴിഞ്ഞ് പാടത്തിലേക്കെത്തുന്ന ചെറിയ പോക്കറ്റ് റോഡിലൂടെ, അതും കഴിഞ്ഞ് മെയിന്‍ റോഡിലൂടെ ആളുകളുടെ ഉന്തും തള്ളും ആട്ടും തുപ്പുമേറ്റ് അവര്‍ നടന്നു. അപ്പോഴേക്കും പോലീസ് വന്നു.
പോലീസ് വന്നതോടെ ആളുകള്‍ ഭയപ്പെട്ടു. അതോടെ അവരെ നടത്തിക്കുന്നത് നിര്‍ത്തി. മുതിര്‍ന്ന ആളുകളില്‍ ചിലര്‍ വന്ന് പിന്നാലെ നടന്ന ഞങ്ങളെ വിരട്ടിയോടിച്ചു.
അവരുടെ കൂട്ടത്തില്‍ നിന്നും തിരിഞ്ഞു നടക്കുമ്പോള്‍ ഞാനോര്‍ത്തത് മുഴുവന്‍ ആ സ്ത്രീയെക്കുറിച്ചായിരുന്നു. അവര്‍ ആ വീട്ടില്‍ നിന്നും ഇറങ്ങിയതു മുതല്‍ കരയുകയായിരുന്നു. സാരിത്തലപ്പ് കൊണ്ട് മുഖം പൊത്തി കരയുന്ന അവര്‍ നടക്കുന്നതിനിടയില്‍ പലപ്പോഴും വീഴാന്‍ പോയി. മനസ്സിന് വല്ലാത്ത സങ്കടം തോന്നി.
നേരം വൈകിയിരുന്നു. തിരിച്ചു വരുന്ന സമയത്ത് മതിലിനരികിലും റോഡരികിലും കാഴ്ച കാണാന്‍ കാത്തുനിന്ന പലരും അവരവരുടെ പണികളിലേക്ക് മടങ്ങാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ ഞാന്‍ കോഴിയെ തൂക്കിയിട്ട ശീമക്കൊന്നക്കരികിലെത്തി.
തലയ്ക്കടിയേറ്റതു പോലെ തരിച്ചു പോയി!
തൂക്കിയിട്ട സഞ്ചി താഴെ വീണു പിടക്കുന്നു. പാഞ്ഞു ചെന്നെടുത്തപ്പോള്‍ അതിലൊരു കോഴിയെ കാണാനില്ല. തല കറങ്ങുന്നതു പോലെ തോന്നി.
ചുറ്റുപാടും നോക്കി. പണ്ടെന്നോ കെട്ടിയിട്ട ഒരു പുരത്തറയ്ക്ക് മുകളില്‍ ചുവന്ന നായ. നായയുടെ മുഖത്ത് ചോരപ്പാടെങ്ങാനുമുണ്ടോ? എന്റെ നോട്ടം കണ്ടാകാം അത് വേഗം എഴുന്നേറ്റ് ഞാന്‍ നിന്റെ കോഴിയേയും കണ്ടില്ല, പൂഴിയേയും കണ്ടില്ല എന്ന ധ്വനിയില്‍ തലയും താഴ്ത്തി കിഴക്കോട്ട് നടന്നുപോയി. കോഴിയെവിടെ? അടിയുറപ്പായി. അച്ഛച്ഛനോടും കിട്ടും, വീട്ടീന്നും കിട്ടും. ഇപ്രാവശ്യത്തെ വിഷുവേതായാലും അടിപൊളി! എന്താണ് ചെയ്യേണ്ടതെന്നറിയാതെ കിറുങ്ങി നില്‍ക്കുമ്പോഴാണ് ഒരു കൂവല്‍ കേട്ടത്. അതാ തൊട്ടപ്പുറത്തെ മതിലിന് മുകളില്‍ അമ്മ കാലുകെട്ടി തന്നു വിട്ട കോഴി!
സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി ആദ്യം.
പക്ഷേ എങ്ങനെ പിടിക്കും?
നേരമാണെങ്കില്‍ വൈകിത്തുടങ്ങിയിട്ടുണ്ട്.
സഞ്ചി ഒരു ഭാഗത്ത് വച്ച് പതുക്കെ കോഴിയെ പിടിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. കോഴിയാണെങ്കില്‍ അതു വരെ കെട്ടിക്കൊണ്ടു വന്നതിലുള്ള എല്ലാ ഈര്‍ഷ്യയും തനിക്ക് കിട്ടിയ സ്വാതന്ത്ര്യത്തിലൂടെ പ്രഖ്യാപിക്കുന്നുണ്ട്. അതങ്ങനെ വിരാജിച്ച് നടക്കുകയാണ്. പുരത്തറയില്‍ നിന്നും പറങ്ക്യാവിലേക്കും അവിടെ നിന്നും കല്ലട്ടിക്ക് മുകളിലേക്കും തിരിച്ച് വീണ്ടും പറങ്ക്യാവിന്‍ കൊമ്പത്തേക്കും പറന്ന് ആവേശം കൊള്ളുന്നു. പഠിച്ച പണി പതിനെട്ടും പയറ്റി. ഇരുട്ടാണേല്‍ കോഴിയേക്കാളും ശത്രുതയോടെ പെരുമാറുന്നു. ഒടുവില്‍ ഞാന്‍ കോഴിയെ ഓടിക്കാന്‍ തുടങ്ങി. കോഴി പറമ്പു മുഴുവന്‍ ഓടിയോടി തൊട്ടപ്പുറത്തുള്ള കല്ലുവെട്ടുക്കുഴിയിലേക്ക് ഒരൊറ്റ ചാട്ടം. വിട്ടില്ല, ഞാനും ചാടി കല്ലുവെട്ടുക്കുഴിയിലേക്ക്. ഞാന്‍ ചാടിയെന്ന് കണ്ടപ്പോള്‍ കോഴി മുകളിലേക്കൊരൊറ്റ പറക്കല്‍… വിടാന്‍ പറ്റുമോ? ഉടനെത്തന്നെ ഞാനും മുകളിലെത്തി. എന്നെ കണ്ടതും കോഴി വീണ്ടും കുഴിയിലേക്ക് ചാടി. കോഴിക്ക് അത് നല്ല രസമുള്ള ഒരു കളിയായി തോന്നി. എനിക്കാണെങ്കില്‍ കലികൊണ്ട് കണ്ണ് കാണാന്‍ വയ്യാതെയായി.
ഞാന്‍ ഏറെക്കുറെ കിതച്ചു. ഓടാന്‍ വയ്യ എന്ന മട്ടിലായി. കോഴിയപ്പോഴും വളരെ സ്മാര്‍ട്ടായി കൂടെയോടാന്‍ എന്നെ കൊക്കി വിളിച്ചു കൊണ്ടേയിരുന്നു. പെട്ടെന്നായിരുന്നു തൊട്ടടുത്ത് നിന്നും ഉഗ്രന്‍ ശബ്ദത്തില്‍ മാലപ്പടക്കം നിര്‍ത്താതെ പൊട്ടിയത്. അത് വിഷുവിന്റെ വരവറിയിച്ചതായിരുന്നോ അതോ വ്യാജസിദ്ധനെ പിടിച്ചതിന്‍ പ്രകാരമുള്ള ആഹ്ളാദത്തില്‍ ആരെങ്കിലും ചെയ്തതാണോ എന്ന ഒരു ധാരണയുമില്ലായിരുന്നു.
പടക്കത്തിന്റെ ശബ്ദം കേട്ടതോടെ വില്ലാളിവീരനായ കോഴിയുടെ കളിയങ്ങോട്ട് നിന്നു.
പേടിച്ചു പോയ കോഴി കല്ലുവെട്ടുകുഴിയിലെ മൂലയിലെ സൂര്യകിരീടച്ചെടികളുടെ കാട്ടിലേക്ക് ചുരുണ്ടു. ഞാന്‍ ചുളുവില്‍ പോയി പിടിച്ചു. അതിന്റെ ചങ്ക് പടപടേന്ന് മിടിക്കുന്നുണ്ടായിരുന്നു. അച്ഛച്ഛന്റെ വീട്ടിലേക്ക് പിന്നെയാ സഞ്ചിയും പിടിച്ച് പോകുമ്പോള്‍ വിഷുവിന് പടക്കം വാങ്ങുന്ന ഓര്‍മ്മയൊന്നുമുണ്ടായിരുന്നില്ല. അടിയില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസമായിരുന്നു മനസ്സ് നിറയെ…
പോരാത്തതിന് ജീവിതത്തില്‍ ആദ്യമായി കണ്ട കാഴ്ചകളും.. ആ സ്ത്രീയുടെ ദൈന്യം, സിദ്ധന്റെ നിസ്സഹായത, ആലംബമറ്റ പുരുഷന്റെ നില്‍പ്പ്, ആള്‍ക്കൂട്ടത്തിന്റെ ആഘോഷം…
അങ്ങനെയങ്ങനെ…
കോഴി വീണ്ടും കൊക്കിയപ്പോള്‍ സഞ്ചിക്ക് ഒരു തട്ടുകൂടി കൊടുത്ത് ഞാന്‍ വേഗം നടന്നു. നേരം വൈകിയതെന്തു കൊണ്ടെന്നുള്ള ചോദ്യത്തിന് ഒരു കഥ മെനയേണ്ടതുണ്ടായിരുന്നു വീട്ടിലെത്തുമ്പോഴേക്കും. അല്ലെങ്കിലും എക്കാലവും ജീവിക്കാന്‍ വേണ്ടി തന്നെയായിരുന്നല്ലോ മനുഷ്യര്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നത്. അല്ലേ?