scorecardresearch

ഇന്നെനിക്ക് സ്വന്തമായി ഒരു ഖസാക്ക് ഉണ്ട്, വീണ്ടും വീണ്ടും പോകുവാൻ

പാഠ്യപുസ്തകം സ്വന്തമായി വാങ്ങാൻ കഴിയാതെ കടന്നുപോയ കുട്ടിക്കാലത്ത് നിന്നും ഖസാക്കിൻറ ഇതിഹാസം എന്ന ഇഷ്ട നോവൽ സ്വന്തമാക്കിയതിനെ കുറിച്ച് അതിലെ കഥാപാത്രങ്ങളെ വരച്ചതിനെ കുറിച്ച് ചിത്രകാരൻ വിഷ്ണുറാം എഴുതുന്നു.

ഇന്നെനിക്ക് സ്വന്തമായി ഒരു ഖസാക്ക് ഉണ്ട്, വീണ്ടും വീണ്ടും പോകുവാൻ

ഇപ്പോ എനിക്ക് സ്വന്തമായിട്ട് ഒരു ”ഖസാക്കിന്‍റെ ഇതിഹാസം” ഉണ്ട്. ഈ പുസ്തകം എപ്പോ കണ്ടാലും വായിച്ചാലും ഒരു മനഃസാക്ഷിക്കുത്ത് അനുഭവപ്പെടാറുണ്ട്. കാര്യം പണ്ട് എന്‍റെ ചേച്ചി ബിഎ മലയാളം പഠിക്കുന്ന സമയത്ത് അവള്‍ക്ക് ഈ പുസ്തകം വാങ്ങി തരാന്‍ പറഞ്ഞു വീട്ടില്‍ എന്നും വൈകിട്ട് ബഹളം ഉണ്ടാക്കും. സന്ധ്യ സമയത്ത് കാപ്പി കുടിക്കുന്പോഴാണ് പരിഭവക്കെട്ട് അഴിക്കുക.  ”എല്ലാവര്‍ക്കും ഉണ്ട്.. എത്ര വട്ടം അവരോടൊക്കെ വാങ്ങി വായിക്കും ”. പിന്നെ വാങ്ങിക്കാം.. ഓരോ ദിവസോം ഓരോന്ന് പറഞ്ഞാ എങ്ങനാ.. അവള്‍ ചേച്ചി ആയത് കൊണ്ട് ആ മറുപടിയിലൊക്കെ മിണ്ടാതാവും. ഞങ്ങളെ പോലെ വീണ്ടും വാശി പിടിക്കില്ല. അങ്ങനെ ഒരു ദിവസം അവള്‍ ഒരുപായം കണ്ടെത്തി.

” ഡാ നീയിനി പഞ്ചായത്തീ (ലൈബ്രറി) പോകുമ്പോ അവിടെ ഈ ബുക്ക് ഉണ്ടോന്ന് നോക്കുമോ? ഉറപ്പായിട്ടും ഉണ്ടാവും. ഉണ്ടെങ്കി സാറിനോട് പറയണം ‘സാറേ എന്‍റെ ചേച്ചിക്കു ഈ പുസ്തകം പഠിക്കാനുണ്ട്.. അതുകൊണ്ട് കുറച്ചു നാളത്തേക്ക് ഇതൊന്നു തരാമോ.. വാങ്ങിക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ടാണ്. ഒന്നു സഹായിക്കണം” അവള്‍ എന്നെ ഡയലോഗ് പഠിപ്പിച്ചു.

ഞാന്‍ തലകുലുക്കി. പിറ്റേന്ന് ലൈബ്രറിയില്‍ പോയപ്പോള്‍ അവിടെ ഇതിഹാസം ഉണ്ട്. ഞാന്‍ ഡയലോഗ് ഒന്നും പറയാതെ വേറെ ഒരു ബുക്കിനൊപ്പം അത് എടുത്ത് റജിസ്റ്ററില്‍ എഴുതി ഒപ്പും വെച്ച് വീട്ടിലെത്തി. അവള്‍ എന്നെയും കാത്തു ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും

” ഉണ്ടോ ” എന്നു ചോദിച്ചു. ഞാന്‍ നിരാശാഭാവത്തില്‍ മറ്റേ ബുക്ക് പുറത്തു കാണത്തക്ക രീതിയില്‍ അവളുടെ കയ്യിലേക്ക് കൊടുത്തു. ഇതിഹാസം കണ്ടെടുത്ത് അവള്‍ ചിരിച്ചു ” ഞാന്‍ പറഞ്ഞില്ലേ ഉണ്ടാകുമെന്ന്. നല്ല ബുക്കാ നീയും വായിക്കണം കേട്ടാ.. അപ്പുക്കിളി എന്നൊക്കെ ഒരു കഥാപാത്രം ഉണ്ട്.. രസാണ് … ”

രണ്ടു മൂന്നു ആഴ്ച കഴിഞ്ഞപ്പോൾ ഞാന്‍ ഇതിഹാസം തിരിച്ചു തരാന്‍ പറഞ്ഞു. കാര്യം എനിക്ക് ലൈബ്രറിയില്‍ പോകാന്‍ മുട്ടിയിട്ട് വയ്യ. അവിടെ പോയാല്‍ മാതൃഭൂമി, മലയാളം ഒക്കെ വായിക്കാം. അതും ഒരു കാര്യമാണ്. അവള്‍ അപ്പോഴേക്കും ഇതിഹാസം സ്വന്തം എന്ന പോലെ ആക്കിയിരുന്നു . ഡാ.. ഞാന്‍ പഠിച്ചിട്ടു കൊടുക്കാന്നു പറഞ്ഞില്ലേ… ഒരു മാസം എങ്കിലും.. അതൊന്നും അവര്‍ സമ്മതിക്കില്ല.. നീ താ … അവള്‍ തരാതിരുന്നിട്ടും ഞാന്‍ പുസ്തകം തട്ടി പറിച്ചു. അവള്‍ കരഞ്ഞു . നീ ദുഷ്ടനാണ് …
khasakkinte ithihasam, ov vijayan

ഞാന്‍ ലൈബ്രറിയിലെ സാറിനോട് ചോദിച്ചാല്‍ ഉറപ്പായും ആ പുസ്തകം തന്നേനെ. എനിക്കറിയം. പക്ഷേ എന്‍റെ ചേച്ചി പഠിക്കാന്‍ പുസ്തകം വാങ്ങിക്കാന്‍ കാശില്ലാത്തവളാണെന്ന് ആരും അറിയുന്നത് എനിക്കിഷ്ടമല്ലായിരുന്നു. അത് ആരും അറിയാതെ എന്‍റെ ഉള്ളില്‍ തന്നെ ഇരുന്നു. അവള്‍ സങ്കടം തീരും വരെ എന്നെ പ്രാകി, പിണങ്ങി. പക്ഷേ അതിനും മുന്‍പേ തന്നെ ഒരു ക്ലാസില്‍ പോലും പുതിയ പുസ്തകം വെച്ച് ഞാന്‍ പഠിച്ചിട്ടില്ല. എല്ലാം ആരോടെങ്കിലും വാങ്ങും പഴയത്. അവരുടെ പേരെഴുതിയ ആദ്യ പേജിന്‍റെ മുകളറ്റത്ത് നെയിം സ്ലിപ്പ് ഒട്ടിച്ച് എന്‍റെ പേരെഴുതി ആ നാണക്കേട് മറക്കാതെ തരമില്ലായിരുന്നു. മുതിര്‍ന്ന ക്ലാസില്‍ എത്തിയപ്പോള്‍ അത് കണ്ടെത്തുന്നവരോട് ഞാന്‍ വേദാന്തം പറഞ്ഞു ”പുതിയതില്‍ എന്താണ് കൂടുതല്‍ ഉള്ളത്. ഇത് തന്നെയല്ലേ അതും.

”പ്ലസ് ടു പഠിക്കുമ്പോ എല്ലാ ഇംഗ്ലിഷ് ക്ലാസിലും ഞാന്‍ പുറത്തു നില്‍ക്കേണ്ടി വരുമായിരുന്നു. കാര്യം പുസ്തകമില്ല.

എന്നിട്ടും ഈസും വാസും ഒക്കെ ഒപ്പിച്ച് എഴുതി ഇംഗ്ലിഷ് പരീക്ഷ വലിയ മാര്‍ക്കില്ലാതെ ജയിക്കുമ്പോ എനിക്കതിശയം തോന്നുമായിരുന്നു. അവളുടെ ശാപം ആയിരിക്കുമോ എന്നും പുറത്തു നിന്ന്‍ എന്താ കാര്യം എന്ന്‍ ചോദിക്കുന്നവരോടു ” വീട്ടീന്ന് പുസ്തകം വാങ്ങിക്കാന്‍ തന്ന കാശിന് പുട്ടടിച്ചു.. ഇനി ഇതേ രക്ഷയുള്ളൂ ” എന്ന്‍ കള്ളം പറഞ്ഞു വളിച്ച ചിരിയും ചിരിച്ചു നിക്കേണ്ടി വന്നത്.

ആദ്യം ഞാന്‍ വായിച്ച ഒ.വി.വിജയന്‍ പുസ്തകം ധര്‍മ്മപുരാണം ആണ്. ഒരു വേനലവധി കാലത്ത് അമ്മയുടെ വീട്ടില്‍ വിരുന്ന്‍ പാര്‍ക്കാന്‍ പോയപ്പോള്‍ എന്‍റെ കസിന്‍ കലയാണ് ബുക്ക് എനിക്കു തന്നത്. പിന്നെ അവള്‍ ചിരിയോടെ പുസ്തകം തുറന്ന്‍ ”പ്രജാപതിക്ക് തൂറാന്‍ മുട്ടി” എന്ന വരിയില്‍ തൊട്ടു. ഞങ്ങള്‍ കുറെ നേരം ചിരിച്ചു. അന്ന്‍ ആ പുസ്തകം വായിച്ചിട്ട് എനിക്കൊന്നും മനസിലായില്ല. പിന്നീട് അത് മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിരുന്നു എന്നൊക്കെ വായിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെ ഖസാക്കിന്‍റെ ഇതിഹാസവും ആദ്യവായനയില്‍ പൂർണമായി ഉള്‍ക്കൊള്ളാന്‍ എനിക്കായിരുന്നില്ല. പിന്നീട് അത് എന്‍റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമായി മാറി. ഇപ്പോള്‍ വല്ലാതെ മുഷിയുമ്പോ ഞാന്‍ വീണ്ടും വീണ്ടും ഖസാക്കിലേക്ക് പോകും രവിയെയും മൈമുനയേയും അപ്പുക്കിളിയെയും ഒക്കെ കണ്ട് പരിചയം പുതുക്കും.khasakkinte ithihasam, ov vijayan

നമ്പൂതിരിയെയും മദനനെയും ഒക്കെ പോലെ വരക്കണം എന്ന മോഹം അധികരിച്ച് നില്‍ക്കക്കള്ളിയില്ലാതായപ്പോ ഞാന്‍ വായിച്ചു ഇഷ്ട്ടപ്പെട്ട കഥാപാത്രങ്ങളെ വരക്കാന്‍ തുടങ്ങി. ആദ്യം തിരഞ്ഞെടുത്തത് മാധവിക്കുട്ടി, ബഷീര്‍, ഒ.വി.വിജയന്‍ തുടങ്ങിയ പ്രമുഖരുടെ കഥാപാത്രങ്ങളെയാണ്. ചന്ദനമരങ്ങളും പ്രേമലേഖനവും കഴിഞ്ഞു വരച്ചത് തുമ്പികളെ നൂലില്‍ കെട്ടി പറപ്പിക്കുന്ന അപ്പുക്കിളിയെ ആണ്. പിന്നെ നന്ത്യാര്‍വട്ടങ്ങളുടെ തണലില്‍ അരക്കുകുഴമ്പു തേച്ച് വെയില്‍ കായുന്ന നൈജാം അലിയെ.. പിന്നെ ശിന്നുമ്മയുടെ കുത്തുവാക്കുകള്‍ കേട്ട് വിഷമിച്ച് അരശുകളുടെ താഴ്‌വരയില്‍ വന്നിരിക്കാറുള്ള ആബിദയെ…. പിന്നെ ഇവരുടെയൊക്കെ സൃഷ്ടാവായ കണ്ണട വച്ച താടിക്കാരനെ…
khasakkinte ithihasam, ov vijayan

കിളിയേ, ഖകമേ, പഞ്ചവര്‍ണ്ണമേ.. എന്നെല്ലാം മാധവന്‍ നായര്‍ വിളിക്കുന്ന അപ്പുക്കിളി, എലിമ്പുംകൂടെ എന്ന്‍ മറ്റുള്ളവര്‍ കേള്‍ക്കെ വിളിച്ച് മൈമൂന നാണംകെടുത്തുന്ന ആബിദ, മൈമുനയുടെ കല്യാണം ഉറപ്പിച്ചതിന്‍റെ പിറ്റേ കൊല്ലം ജഡ നീട്ടി കൂമങ്കാവിറങ്ങി വന്ന്‍ ”എല്ലാ രാജിയങ്കളിലിയും ഒഷപ്പാളികളെ സങ്കടിക്കുവിന്‍” എന്ന്‍ മുഷ്ടി ചുരുട്ടിയ നൈസാമലി ഇവരെയൊക്കെയാണ് ഞാന്‍ ഖസാക്കില്‍ ഏറെ ഇഷ്ടപ്പെടുന്നത്. ഇപ്പോ ചിന്തിക്കുമ്പോ ഇവരുടെയൊക്കെ കദനകഥയാണോ ആ ഇഷ്ടത്തിന് കാരണം എന്നു തോന്നുന്നുണ്ട്.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Vishnu ram on visualising ov vijayans khasakinte ithihasam and other works