ഒരു പ്രതീതിയാഥാർഥ്യം പോലെ നാം പറഞ്ഞു കൊണ്ടിരുന്ന ‘തൊണ്ണൂറ്റിയൊമ്പതിലെ’ വെള്ളപ്പൊക്കത്തിന്റെ ഭീകരത എന്തായിരിക്കുമെന്ന് രണ്ടായിരത്തി പതിനെട്ടിലെ പ്രളയം പഠിപ്പിച്ചു. ഒരിക്കൽ അനുഭവച്ചതിന് ശേഷം വീണ്ടും അതേ പോലെയുള്ള അനുഭവത്തിലൂടെ കടന്നു പോകേണ്ടി വരുന്നു എന്നത് നിർഭാഗ്യകരമാണ്. മനുഷ്യന്റെ ആവാസ വ്യവസ്ഥയെയും ജീവനെയും അവൻ തന്നെ യുദ്ധമുഖത്തേക്ക് എറിഞ്ഞു കൊടുക്കുന്ന പോലത്തെ അവസ്ഥാ വിശേഷമാണിത്. മനുഷ്യവംശം ആഗോളാടിസ്ഥാനത്തിൽ നാശത്തിന്റെ ഭൂപടങ്ങൾ വരച്ചു കൊണ്ടിരിക്കുകയാണ്.
ആന്ത്രോപൊസീൻ എന്ന പേരിൽ അറിയപ്പെടുന്ന ‘മനുഷ്യയുഗം’ ഭൂമിയിൽ ആരംഭിച്ചുവെന്നു രണ്ടായിരമാണ്ടിൽ ശാസ്ത്രലോകം വിലയിരുത്തി തുടങ്ങി. ഒരു സംഘം ശാസ്ത്രജ്ഞർ ഇതിന് ഔദ്യോഗിക ഭാഷ്യം നൽകിക്കൊണ്ട് രണ്ടായിരത്തിപ്പതിനാറിൽ രംഗത്ത് വന്നു. അതിനും മുൻപ് പാരിസ്ഥിക ശാസ്ത്രജ്ഞരായ പോൾ ക്രൂട്സനും യൂജിൻ സ്റ്റോമറും ചേർന്നെഴുതിയ രണ്ടായിരാമാണ്ടിലെ ഒരു രേഖയിൽ ആണ് ആന്ത്രോപൊസീൻ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ഇതോടനുബന്ധിച്ച് രണ്ടായിരത്തി രണ്ടിൽ നേച്ചർ മാസികയിൽ പോൾ ക്രൂട്സന്റെ ലേഖനവും പ്രസിദ്ധികരിച്ചിരുന്നു. ജി മധുസൂദനൻ ആന്ത്രോപൊസീൻ സംബന്ധിച്ച വിശദമായ ലേഖനം മലയാളത്തിൽ എഴുതിയിരുന്നു. അങ്ങനെ ഭൂമിയുടെ ഇതു വരെയുള്ള ചരിത്രത്തിന്റെ വിച്ഛേദമായി ആന്ത്രോപൊസീൻ യുഗം അവതരിച്ചിരിക്കുകയാണ്. അതോടൊപ്പം ശാസ്ത്രലോകം മനുഷ്യയുഗത്തിന്റെ നാശത്തെ വിശകലനം ചെയ്യാനുള്ള യത്നങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇത്തരമൊരവസ്ഥയെ നേരിടാൻ എല്ലാ തരത്തിലും നാം സജ്ജമാകേണ്ടതുണ്ട്. വിപിൻ വിജയ് സംവിധാനം ചെയ്ത ‘Anthropocene Relooked’ എന്ന ഡോക്യുമെന്ററി പ്രസക്തമാവുന്നത് ഇക്കാരണം കൊണ്ടാണ്.
ഭൂമിയുടെ ചരിത്രത്തിലേക്ക് ആന്ത്രോപൊസീൻ എന്ന പദം എല്ലാവിധ കരുത്തോടെയും നിലയുറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. നാളിതു വരെ മനുഷ്യൻ പ്രകൃതിയോട് ചെയ്ത അസന്തുലിത പ്രവൃത്തികളുടെ പരിണതഫലമാണ് മനുഷ്യയുഗത്തിന്റെ നാശം കുറിക്കുന്ന ഇക്കാലം. ഇതിന്റെ ആപത്കരമായ അലയൊലികൾ മുമ്പേ തന്നെ കേട്ടു തുടങ്ങിയിട്ടുണ്ട്. ആഗോളതാപനവും പ്രളയവും മണ്ണൊലിപ്പും എല്ലാം പ്രത്യക്ഷലക്ഷണങ്ങളാവുന്ന ഒരു കാലയളവിനെയാണ് മനുഷ്യരാശി ഇപ്പോൾ അഭിമുഖീകരിക്കുന്നത്. കണക്കുകൾ പ്രകാരം ഭൂമിയിലെ ശരാശരി താപനില വർഷംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകത്തിന്റെ നിഗമനപ്രകാരം ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സ്ഥിതി അപകടത്തിലാണെന്ന ബോധ്യപ്പെടലും ഉണ്ടാവുന്നുണ്ട്. 1945 മുതൽ തന്നെ ആന്ത്രോപോസിൻ യുഗം നിലനിൽക്കുന്നുണ്ടെന്ന വാദഗതിയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.
പ്രകൃതിയുടെ ഘടനാപരമായ പ്രകൃതത്തെ ഉല്ലംഘിച്ചു കൊണ്ടുള്ള രീതികൾ സമകാലത്ത് പ്രത്യക്ഷപ്പെട്ട് തുടങ്ങി. പരിസ്ഥിതിയെ ഹീനമായി സമീപിക്കുന്ന മനുഷ്യന് പ്രത്യാഘാതങ്ങൾ വഴി മുന്നറിയിപ്പും ലഭിച്ചു തുടങ്ങി. മനുഷ്യന്റെ ഹീനമായ കടന്നു കയറ്റം പ്രകൃതിയെ പല വിധത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമാക്കുകയാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ പല വിധത്തിലുള്ള പാളികളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. വിവിധ തരത്തിലുള്ള വളങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം കാരണം മണ്ണിലെ നൈട്രജന്റെയും ഫോസ്ഫറസിന്റെയും അളവും ക്രമാതീതമായി കൂടിയിട്ടുണ്ട്. വിനാശത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരം ആരംഭിച്ചിട്ട് നാളുകൾ അധികമായെങ്കിലും പൊതുസമൂഹം അങ്ങനെയൊന്നില്ല എന്ന മൗഢ്യത്തിലാണ്. പരിസ്ഥിതി പരിഗണിച്ചു കൊണ്ടുള്ള വികസനത്തിന് ശ്രദ്ധ കൊടുക്കുന്ന നമ്മുടെ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപത്‌സൂചനകൾ അത്യന്തം ഗൗരവകരമായി കണ്ടേ തീരൂ. ഈ പശ്ചാത്തലത്തിൽ സുന്ദർബൻ ദ്വീപ് സമൂഹവുമായി ബന്ധപ്പെട്ട പാരിസ്ഥിതികപ്രശ്നത്തിനെ മുന്നിൽ നിർത്തി ആഗോളതാപനത്തെ സൂക്ഷ്മമായി അപഗ്രഥിക്കാനുള്ള ശ്രമമാണ് ‘Anthropocene Relooked’ എന്ന ഡോക്യുമെന്ററി.
മധ്യകാലഘട്ടത്തിൽ യൂറോപ്പിലും മറ്റും മൃഗങ്ങളെ കോടതിയിൽ വിചാരണ ചെയ്യുമായിരുന്നു. ഇന്നത്തെ പൊതുസമൂഹം ഇത് ഗൗരവകരമായ വ്യവഹാരമായി കാണുമെന്നു തോന്നുന്നില്ല. പ്രകൃതിയെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്ന നമ്മിൽ പലരും ഇപ്രകാരം സ്വയം വിചാരണയ്ക്ക് വിധേയമായാൽ മനുഷ്യനിർമ്മിത ദുരന്തങ്ങളിൽ നിന്ന് അൽപ്പമെങ്കിലും മോചനം ലഭിക്കും എന്ന് കരുതാം. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പരാതികളും ഈ ഒരർത്ഥത്തിൽ പരിശോധിക്കേണ്ട ആവശ്യമുണ്ട്. തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തുന്നതും മറ്റും എത്ര കണ്ട് അഹിതമായി പരിസ്ഥിതിയെ ബാധിച്ചു എന്നതും താമസിയാതെ തന്നെ മനസിലാക്കാൻ സാധിക്കും. ശാസ്ത്രീയ യുക്തിയുടെ ഉരകല്ലിൽ ഉരച്ചു നോക്കിക്കൊണ്ട് വേണം ആന്ത്രോപൊസീൻ എന്ന മനുഷ്യയുഗത്തിന്റെ പ്രശ്നങ്ങളും കാതലും മനസ്സിലാക്കേണ്ടത്. നിര്‍ണ്ണായകമായ തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കാൻ മനുഷ്യനുള്ള സ്ഥാനം പ്രധാനമാണ്. ആഗോളതാപനം മൂലം ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദികൾ ബംഗാൾ ഉൾക്കടലിനെ പെരുപ്പിക്കുകയും സമീപസ്ഥമായ സുന്ദർബൻ ദ്വീപിനെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സുന്ദർബൻ ദ്വീപ് സമൂഹത്തിൽ പെട്ട ഘോരമാരാ (Ghoramara) ദ്വീപിലാണ് വിപിൻ വിജയ് ‘Anthropocene Relooked’ ൽ ശ്രദ്ധയൂന്നുന്നത്. സുന്ദർബൻ ദ്വീപ് സമൂഹത്തിലെ പല ദ്വീപുകളും വെള്ളത്തിലാഴ്‌ന്നു തുടങ്ങിയതിന്റെ പശ്ചാത്തലത്തെ ലഘുവായി കാണാനാവില്ല. വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുന്നത് പോലെ കര വെള്ളത്തിൽ അപ്രത്യക്ഷമാവുകയും പിന്നീട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന പ്രതിഭാസം അവിടെ നടക്കാറുണ്ട്.
പ്രകൃതിയിൽ നിന്നും വേറിട്ട് നിൽക്കുന്ന, പ്രാചീനതയുടെ ഗന്ധം തളം കെട്ടി നിൽക്കുന്ന ഇടത്തിന്റെ ഇപ്പോഴത്തെ രൂപഭാവങ്ങളാണ് ഡോക്യൂമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്. പ്രകൃതിയുടെ വന്യതയെ ഏകതാനമായ കണ്ണുകളോടെ വീക്ഷിക്കുന്ന ദ്വീപുവാസിയുടെ ദൃശ്യം ഭാവിയെ ഉത്കണ്ഠയോടെ നോക്കുന്ന മനുഷ്യന്റെ അടയാളപ്പെടുത്തലാണ്. ക്ഷുഭിത പ്രകൃതിയുടെയും കടുവകളുടെ ആക്രമണത്തെയും ദ്വീപിലുള്ളവർക്ക് നേരിടേണ്ടി വരുന്നു. പുരുഷന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾ, അവരെ കുറിച്ച് ഒന്നുമറിയാതെ കാത്തിരിക്കുന്നു. അഞ്ചു കൊല്ലത്തോളം ഒരറിവും ഇല്ലെങ്കിൽ സ്ത്രീകളെ വിധവകളായ പ്രഖ്യാപിക്കുകയാണ് അവിടുത്തെ പതിവ്.
നിഴലുകളില്ലാത്ത സ്ഥലത്ത് മനുഷ്യൻ നിഴലുകളായി അപ്രത്യക്ഷരാവുകയാണോ എന്ന് സംശയിക്കുന്ന വിധത്തിലാണ് പ്രകൃതിയും മനുഷ്യനുമായുള്ള ദ്വീപിലെ വിനിമയം. ആധുനികതയുടെ (Modernity) നിയതക്രമം തെറ്റിക്കുന്ന പ്രതിഭാസമായി കാലാവസ്ഥാമാറ്റത്തെ, അമിതാവ് ഘോഷ് നിരീക്ഷിക്കുന്നുണ്ട്. തീർത്തും പ്രസക്തമായ ഈ കാഴ്ചപ്പാടിന്റെ പ്രകരണങ്ങൾ സുന്ദർബനിലുണ്ട്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട വിളുമ്പുകളിൽ ജീവിക്കുന്നവരാണ് ഭൂമിയിലെ കാലാവസ്ഥയുടെ മാറ്റങ്ങൾ ഏറ്റവും വേഗം തിരിച്ചറിയുന്നത് അവരാണ് പരിസ്ഥിതിയുടെ സൂക്ഷ്‌മസംവേദനക്ഷമത എത്രത്തോളമാണെന്ന് ബോധ്യമുള്ളവരും; ദ്വീപുവാസികളായ പരേഷ് ദാസിനെയും കവിയായ തുഷാർ കാന്തി ഹൽദാറിനെയും പോലെയുള്ളവർ.
കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി സംഭവിക്കുന്ന മാറ്റങ്ങൾ പൊതുസമൂഹം മനസിലാക്കാൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും തങ്ങൾ തന്നെയാണ് അതിന്റെ ഉത്തരവാദികളെന്ന വസ്തുത അവർ പൂർണമായും അംഗീകരിച്ചിട്ടില്ല.കാലാവസ്ഥയുടെ ഉല്‍ക്കണ്‌ഠ നിറഞ്ഞ പുതിയ പ്രവണതകളെ സാംസ്കാരിക പരിസരത്ത് നിന്ന് കൊണ്ട് കാണാൻ ശ്രമിക്കുന്നവരുമുണ്ട്. മനുഷ്യനിർമ്മിതമായ ദുരന്തങ്ങളുടെ പട്ടികയിൽ പ്രളയവും ആഗോളതാപനവും എല്ലാം പെടുമെങ്കിലും ശാസ്ത്രീയമായ യുക്തികളിൽ നിന്ന് കൊണ്ട് അവയെ നിർവചിക്കാൻ സമൂഹം ഇപ്പോളും മടി കാണിക്കാറുണ്ട്. നമ്മളിൽ ഭൂരിപക്ഷവും അങ്ങനെ ഒക്കെ തന്നെയാണ്. പ്രധാനപ്പെട്ട ചില വ്യവഹാരങ്ങളെ ഗൗരവത്തോടെ നോക്കിക്കാണണമെന്നുള്ള ബോധ്യം നമുക്ക് ഉണ്ടാവണമെന്നില്ല. അതിനാലാണ് മലകളിൽ നിന്ന് തുടങ്ങുന്ന പുഴയുടെ സഞ്ചാരപഥവും പ്രവാഹത്തിന്റെ പ്രവേഗവും കണക്കുകൂട്ടലിനും അപ്പുറമാണ്. പ്രകൃതിയിലെ പ്രതിഭാസങ്ങൾ നമ്മുടെ ബോധമണ്ഡലത്തിൽ നിന്നും എത്രയോ കാതം അകലെയാണെന്നു തീർച്ചയാണ്. കാട് ഒറ്റ മരമായി അവശേഷിക്കുന്നത് പോലെ ഏകനായ മനുഷ്യൻ മരണമെത്തുന്ന നേരവും കാത്തിരിക്കുന്നതായി ഡോക്യൂമെന്ററിയിലെ ദൃശ്യം സൂചിപ്പിക്കുന്നതും ഇതോടൊപ്പം ചേർത്തു വായിക്കണം.
ജോഡിയില്ലാത്ത ചെരുപ്പ് ലക്ഷ്യമില്ലാതെ വെള്ളത്തിലൂടെ ഒഴുക്കുന്ന രംഗം കാണിച്ചു കൊണ്ട് കൂട്ടില്ലാതെ ഒറ്റപ്പെടുന്നവരുടെ അലക്ഷ്യമായ ജീവിതയാത്രയാണ് വ്യംഗ്യമാക്കുന്നത്. റാന്തലും കത്തിച്ചു വെച്ച് പകൽവെളിച്ചത്തിൽ ദൈവത്തെ തേടിനടക്കുന്ന നീറ്റ്‌ഷെയുടെ ഭ്രാന്തനെ ഓർമയിൽ കൊണ്ട് വരുന്ന ഒരു കഥാപാത്രത്തെ ഡോക്യുമെന്ററിയിൽ അവതരിപ്പിക്കുന്നുണ്ട്. ഈ ഭ്രാന്തൻ തനിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ അയാളിൽ തന്നെ വിലയം കൊള്ളുന്ന ദൈവം മരിച്ച മനുഷ്യരെ അന്വേഷിക്കുകയാണ്. കാരണം, ലോകത്തിന്റെ പൊതുസത്ത തന്നെ മനുഷ്യനിൽ കുടിയിരിക്കുന്നുവെന്ന കരുതുന്ന അയാൾ, മനുഷ്യന്റെ തിരോധാനം മാനവരാശിയുടെ അസ്തിത്വത്തെ ബാധിക്കുമെന്ന് ഭയക്കുന്നു.
കാലാവസ്ഥാവ്യതിയാനത്തെ ദൈനംദിന ജീവിതത്തിലെ ഒരു ‘ഗതിമാറ്റം’ മാത്രമായി ഗണിക്കുന്ന പൊതുസമൂഹത്തിന്റെ നിലപാട് ആശങ്കയുണ്ടാ ക്കുന്നതാണ്. ആഗോളതാപനം കാരണം ജനിച്ചു വളർന്ന ദേശം ഇല്ലാതാ യിക്കൊണ്ടിരിക്കുന്ന ദുര്യോഗമാണ് വിപിൻ വിജയ് പറയുന്നത്. തദ്ദേശീയരുടെ ആന്തരികവ്യഥയെ അവരുടെ കാഴ്ചപ്പാടിൽ അവതരിപ്പിച്ചു കൊണ്ട് മാനവരാശിയെ തന്നെ പ്രതിരോധത്തിലാക്കുന്ന വിഷയത്തെ പ്രശ്നവൽക്കരിക്കുകയാണ് സംവിധായകൻ. ഘോരമാരയിൽ നിന്നും അതിജീവനത്തിനായി പുറംനാടുകളിലേക്ക് പോകുന്നവരെ പറ്റിയുള്ള പരാമർശമുണ്ട് ‘ Anthropocene Relooked’ ൽ. ദ്വീപ് വീട്ടു പോകുന്നവർ തിരിച്ചു വരുമ്പോഴ്യക്കും ദ്വീപ് നിലനിൽക്കുമോ എന്ന ഭീതി വാക്കുകളിൽ വിവരിക്കാനാവില്ല. ദ്വീപിൽ നിന്നും ബക്രീദ് ദിനത്തിൽ കാണാതായ ഇസ്മായേൽ എന്ന ബാലൻ തിരിച്ചു വന്നതിന്റെ അടിസ്ഥാനത്തിൽ ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങളെ ആഖ്യാനത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇസ്മായേലിന് പകരം ബലിയാകേണ്ടി വന്ന ആടിനെ കുറിച്ചാണോ അതോ എന്നന്നേക്കുമായി നഷ്ടപ്പെട്ട തന്റെ സ്വത്വബോധ ത്തെയാണോ അബ്രഹാമിന്റെ മകനായ ഇസ്മായേൽ ചിന്തിക്കുക എന്ന ചോദ്യം ഗൗരവമുള്ളതാണ്. ഉറ്റവരെന്ന പോലെ ജന്മനാടും മനുഷ്യന്റെ രക്തളിൽ അലിഞ്ഞു ചേർന്ന വികാരമാണ്. ഇവിടെ പ്രകൃതി തന്നെ പൊക്കിൾക്കൊടി മുറിഞ്ഞു വീണ മണ്ണിനെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാക്കുകയാണ്.
മനുഷ്യവർഗ്ഗത്തിന്റെ കൈക്കുറ്റപ്പാടുകൾക്ക് ദ്വീപുവാസികളെ രക്തസാക്ഷികളാക്കി കൊണ്ട് പ്രകൃതി അവരെ ശിക്ഷിക്കുകയാണ്. സാംസ്കാരികവിനിമയത്തിൽ പ്രകൃതി നടത്തുന്ന അന്യവൽക്കരണ ത്തിന്റെ അംശങ്ങൾ സ്വദേശത്ത് തിരിച്ചെത്തുന്നവരിൽ ഉണ്ടാകുന്നതായി കരുതാം. സംരക്ഷണയത്നം വരെ ദിശ തെറ്റുന്ന ഉപജാപ പ്രവർത്തനം പരിസ്ഥിതി തന്നെ നടത്തുന്ന സ്ഥിതിയാണ് സംജാതമാവുന്നത്. ഇത്തരം സാഹചര്യത്തെ മറികടക്കാൻ സാഹിത്യത്തിന് എന്ത് ചെയ്യാൻ സാധിക്കും എന്നാരായുന്നു എഴുത്തുകാരനായ അമിതാവ് ഘോഷ്. The Great Derangement: Climate Change and the Unthinkable എന്ന പുസ്തകത്തിൽ ഘോഷ് പ്രകൃതിയും സംസ്കാരവും തമ്മിലുള്ള അന്തരം വ്യാപിക്കുന്നതിനെ കുറിച്ചു പരാമർശിക്കുന്നുണ്ട്. ഇംഗ്ലീഷ് കവിയായ വില്യം ബ്ലേക്ക് ഇരുന്നൂറു കൊല്ലം മുൻപ് തന്നെ ഇത്തരമൊരു സാഹചര്യത്തെ കുറിച്ച അങ്കലാപ്പോടെ അഭിപ്രായപ്പെട്ടിരുന്നുവെന്നത് ഓർമിക്കേണ്ടതാണ്.
തുരുത്തുകളുടെ ആവിർഭാവത്തെ പറ്റി രസകരവുമായി ഒരു കഥ പറഞ്ഞു കൊണ്ടാണ് ഡോക്യുമെന്ററി തുടങ്ങുന്നത് നദീതീരത്തുള്ള ദ്വീപിൽ ജാലകങ്ങളില്ലാത്ത ഒരു വീടുണ്ടായിരുന്നു. ഒരു ദിവസം കാറ്റ് വന്നു വീടിന്റെ ഉടയോനോട് ആ വീടിന് ഒരു വാതിൽ ഉണ്ടാകാമോ എന്ന് ചോദിച്ചു. അത് വഴി കാറ്റിന് വീട്ടിലേയ്ക്ക് പ്രവേശിക്കാൻ കഴിയുമെന്നും പറഞ്ഞു. എന്നാൽ അയാൾ അതിനു സമ്മതിച്ചില്ല. ദുഃഖിതയായ കാറ്റ് നദിയോട് പരാതി പറഞ്ഞു. നദി വേലിയേറ്റം സൃഷ്ടിച്ചു കൊണ്ട് വീട് നശിപ്പിച്ചു. വാതിലുകൾ നാലുഭാഗത്തും ഉള്ള വീടായി അത് മാറി. നദിയെ പേടിച്ചായിട്ട് ആളുകൾ ദ്വീപിന്റെ ഉള്ളിലേയ്ക്ക് പോയി വാതിലുകളില്ലാത്ത വീടുകൾ നിർമിച്ചു തുടങ്ങി. അന്ന് മുതൽ നദി ദ്വീപിന്റെ കരഭാഗത്തെ കവർന്നെടുക്കാൻ ആരംഭിച്ചു. അങ്ങനെയാണ് തുരുത്തുകൾ ഉണ്ടായത്.
സുന്ദർബനിൽ പ്രചരിക്കുന്ന ഒരു കെട്ടുകഥയുണ്ട്. ബോൺബിബി എന്ന വനദേവതയുമായി ബന്ധപ്പെട്ടാണത് . വനം ഭരിച്ചിരുന്ന ഡോകിന്റായി എന്ന നീചനായ രാജാവിൽ നിന്നും വനഭൂമിയുടെ പകുതി മനുഷ്യർക്കായി വ്യവസ്ഥപ്പെടുത്തിയത് ബോൺബിബി ആയിരുന്നു. തുടർന്ന് ദേവത അവിടെയുള്ളവരെ സംരക്ഷിച്ചു പോരുകയും ചെയ്യുന്ന്. എന്നാൽ പ്രേതഭൂതങ്ങളെയും തിന്മകളുടെയും വിളനിലമായിരുന്നു മറ്റേ പകുതി. മനുഷ്യരക്തത്തിനായി ആർത്തി പൂണ്ടിരിക്കുന്ന അവരുടെ രാജാവിന്റെ കയ്യിൽപ്പെട്ടാൽ ജീവൻ തിരിച്ചു കിട്ടുകയില്ലെന്നും ആളുകൾ വിശ്വസിച്ചു. അതേ പോലെ ചതുപ്പ് നിലത്തിൽ രാത്രിനേരങ്ങളിൽ കാണുന്ന വെളിച്ചം ദുർമരണമടഞ്ഞ മുക്കുവരുടേതാണെന്ന് ദ്വീപുവാസികളുടെ വിശ്വാസം. അത്തരത്തിൽ ഒരു രംഗം ഡോക്യൂമെന്ററിയെ ഒരു ഭ്രമാത്മകതയിലേയ്ക്ക് എത്തിക്കുന്നു. ദ്വീപിലെ സൈക്കിൾ യാത്രികനായ മനുഷ്യൻ പറയുന്നത് പോലെ ദുരന്തങ്ങൾ സർവവും നശിപ്പിക്കുന്നു. അവ ആരെയും കൈ പിടിച്ചു നടത്തുന്നില്ല.അവ എന്നെ ഭയപ്പെടുത്തുകയല്ല, മറിച്ച് ഒറ്റപ്പെടുത്തുകയാണ്. പുറമെ നിന്ന് വരുന്ന അപരിചിതരെ പോലെയാണവ. അതു കൊണ്ട് തന്നെ നമുക്ക് ദോഷം ചെയ്യുന്ന ദുരന്തങ്ങൾക്ക് ഭാവിയും ഉണ്ടാകരുത്. ശബ്ദം നഷ്ടപ്പെട്ടു പോകുന്ന കവിയുടെ നിസ്സഹായാവസ്ഥ പോലെ ദുരന്തങ്ങൾ അഭിശപ്തമാക്കുന്ന ഭൂമി ശ്മശാനതുല്യമാവുകയാണ്.
പ്രളയത്തിന് ശേഷം കേരളത്തിലെ മിക്ക ജലാശയങ്ങളുടെ കരയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടിയത് വാർത്തയായിരുന്നു. സുന്ദർബാന്റെ ചുറ്റുപാടുകളിലും ഇതേ സ്ഥിതി തന്നെയാണെന്ന് വ്യക്തമാക്കുന്ന രംഗം ഡോക്യൂമെന്ററിയിലുണ്ട്. വെള്ളപ്പൊക്കവും പേമാരിയും സൃഷ്ടിക്കുന്ന അലോസരങ്ങളുടെ കഥ പറയുന്ന നൂറു വയസ്സെത്തിയ വൃദ്ധൻ, പണ്ട് അവിടത്തെ തടാകങ്ങളിൽ വെള്ളം കുടിക്കാനെത്താറുള്ള മാനുകളെ കുറിച്ച് ഓർക്കുന്നുണ്ട്. ജീവജാലങ്ങളും വനപ്രദേശങ്ങളും മനുഷ്യരും ഒരേ പോലെ ഇരകളായി കൊണ്ടിരിക്കുന്ന അവസ്ഥയെ കുറിച്ച് ഗൃഹാതുരത കലർന്ന വിഷാദത്തോടെയാണ് അയാൾ വിശദീകരിക്കുന്നത്. മഴ തോരുമ്പോൾ പുൽച്ചാടികൾ ഇലകളിലേക്ക് എത്തി നോക്കുന്നത് നാം കാണാറുണ്ട്. ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകൾ സംഭവിച്ചോ എന്നറിയാനുള്ള ഉൽക്കണ്ഠയാണ് ആ ജീവിയിൽ നിഴലിക്കുന്നത്.

ആഗോളതാപനവും മറ്റും പ്രകൃതിയിലെ അദ്ഭുതകരമായ ചില പരിണാമപ്രക്രിയകളെ വരെ ഇല്ലാതാക്കും എന്ന ആശങ്ക അനുനിമിഷ യാഥാർഥ്യമായി കൊണ്ടിരിക്കുകയാണ്. മുട്ടയിൽ നിന്ന് വിരിഞ്ഞ കടലാമകൾ കിലോമീറ്ററുകൾ സഞ്ചരിച്ച് വൻകരകൾ ചുറ്റി പ്രായപൂർത്തി നേടുന്നു. പതിനഞ്ചോളം കൊല്ലം കഴിഞ്ഞാൽ അതേ കടപ്പുറത്തേക്ക് മടങ്ങി പെണ്ണാമ്മകൾ മുട്ടയിടാൻ തയ്യാറാവുന്നു, പ്രകൃതി ഒരുക്കി വെച്ചിട്ടുള്ള ഇങ്ങനെയുള്ള വിസ്മയങ്ങൾ വരെ അവസാനിക്കുകയാണോ? ചരിത്രാതീതവും സമകാലികവുമായ മനുഷ്യവംശത്തിന്റെ ചിന്തകളുടെ അന്തരത്തെ രേഖപ്പെടുത്താൻ പുരാവസ്‌തുശാസ്‌ത്രത്തിന് സാധിക്കുമോ എന്ന ആശയത്തിന്റെ ഭാഗമായിട്ടാണ് പ്രസ്തുതശാഖയെ സംവിധായകൻ സംയോജിപ്പിക്കുന്നത്. നഷ്ടപ്പെട്ടവ തിരിച്ചു ലഭിക്കാൻ പുരാവസ്തുശാസ്ത്രത്തെ ആശ്രയിക്കാമോ എന്ന ആലോചനയ്ക്ക് പ്രാധാന്യമുണ്ട്. മനുഷ്യനും ആവാസവ്യവസ്ഥയും തമ്മിലുള്ള പൊരുത്തം നശിക്കുന്ന ചുറ്റുപാടിൽ പുരാവസ്തുശാസ്ത്രം ഓർമകളെ തിരികെ ലഭിക്കുന്നതിന് സഹായകമാവുമോ? നാട് വിട്ടു പോകുന്ന ആളുകളുടെ നാടിനു സ്വത്വനഷ്ടം സംഭവിക്കുന്നതിൽ അത്ഭുതമില്ല. അങ്ങനെയുള്ള നാടിന്റെ സംസ്കൃതിയെ ഖനനം ചെയ്തു മടക്കി കൊണ്ട് വരാമോ എന്ന സംവാദത്തിലേക്ക് ക്ഷണിക്കുകയാണ് വിപിൻ വിജയ്. പ്രാചീനമായ സംസ്കാരങ്ങളുടെ വൈവിധ്യത്തെ കുഴിച്ചെടുക്കുന്നതിലൂടെ ഓർമകളുടെ നിക്ഷേപത്തെയാണ് തിരികെ കൊണ്ടു വരുന്നത്. പഴയ ഓർമകളും അനുഭവങ്ങളും വസ്തുക്കളും പുനർനിർമ്മിച്ചു കൊണ്ട് പുതിയ ഒരു ലോകത്തിന്റെ പടിവാതിൽക്കൽ എത്താൻ സാധിക്കുമോ എന്ന ചിന്തയാണിവിടെ പങ്കു വെയ്ക്കുന്നത് ഇത്തരം സന്ദർഭങ്ങളെ ഒരു കലാകാരൻ എങ്ങനെയാണ് ആവാഹിക്കുക എന്നതിന്റെ ഗഹനവും സൂക്ഷ്മവുമായ അധ്യായമാണ് ഈ ഡോക്യുമെന്ററി. എന്താണ് ഇവിടെ സംവിധായകൻ ഡോക്യുമെന്റ് ചെയ്യുന്നത് എന്നത് പരമപ്രധാനമാണ്. അതീവ സങ്കീർണമായ പ്രശ്നത്തെ ദൃശ്യങ്ങൾ ഭാവനയിൽ തുന്നിവെക്കുന്ന ഒരാൾ എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് ‘Anthropocene Relooked.’