അമ്മുമ്മ നഗരത്തിൽ നിന്നായിരുന്നിട്ടും, സ്വപ്നത്തിൽ പോലും ഒരു നഗരജീവിതം ഉണ്ടാവുമെന്ന് വിചാരിച്ചിരുന്നില്ല. നഗരത്തിലേക്കൊരിക്കൽ പോകാനാകുമെന്ന് പ്രതീക്ഷിക്കാവുന്ന ഒന്നും യൗവ്വനാരംഭം വരെ ജീവിതത്തിലുണ്ടായിരുന്നുമില്ല. ചുറ്റും മലകളാലും വനങ്ങളാലും നിബിഡമായ ഒരു പ്രദേശത്തിന്റെ താഴ് വരയിലായിരുന്നു ജനിച്ചതും വളർന്നതും. അമ്മച്ചിയുടെ ജോലിയും സ്ഥലം മാറ്റവും പിന്നെയും ഗ്രാമങ്ങളിലേയ്ക്കു തന്നെയാണ് കൊണ്ടു ചെന്നെത്തിച്ചത്.

ഏതെങ്കിലും തരത്തിൽ പ്രതീക്ഷയുണ്ടാകാമായിരുന്ന വിവാഹത്തിലും പക്ഷേ, തനി വയനാടൻ ഗ്രാമത്തിലേക്കാണ് പറിച്ചു നട്ടത്. എന്നിട്ടും സ്വപ്നങ്ങൾക്കും വിചാരങ്ങൾക്കുമപ്പുറം നഗരത്തിലേയ്ക്ക് ചേക്കേറി. കൂട്ടുകാരന് ജോലി കിട്ടിയതോടെ, തുടർന്നു പഠിക്കുന്നതിനായി ഞാനും. ആദ്യവർഷങ്ങളിൽ നഗരാതിർത്തിയിൽ പൂർണ്ണമായും ഗ്രാമമെന്നു തോന്നുന്നിടത്തായിരുന്നു താമസം. നഗരത്തിരക്കുകൾക്കിടയിൽ പെട്ടത് പകൽ മാത്രമായിരുന്നതുകൊണ്ട് വിശേഷിച്ച് കൗതുകങ്ങളൊന്നുമില്ലായിരുന്നു.

പരസ്പരാനുരാഗത്താൽ ഉന്മാദികളായി ജീവിക്കാൻ സ്വസ്ഥമായ ഇടം കൂടിയായിരുന്നു അന്ന് ഞങ്ങൾക്ക് നഗരം. ഒരു ഇടത്താവളം മാത്രമാക്കാൻ ആഗ്രഹിച്ച നഗരം, ക്രമേണ ഞങ്ങളെ അതിനുള്ളിലേക്ക് കൂടുതൽ വലിച്ചടുപ്പിച്ചു.

അധികം വൈകാതെ നഗരഹൃദയത്തിലേക്ക് താമസം മാറ്റി.

ഗ്രാമത്തിന്റേയും നഗരത്തിന്റേയും ഘടികാരങ്ങൾ വ്യത്യസ്തമായിരുന്നു. പ്രകൃതിയിലെ അതിസ്വഭാവികമായ ഘടികാരമായിരുന്നു ഗ്രാമത്തിലെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത്. സമയമറിയാൻ വാച്ചുകളോ മറ്റെന്തെങ്കിലുമോ ആവശ്യമില്ലായിരുന്നു. അത്രയേറെയൊന്നും സമയത്തെപ്പറ്റി വ്യാകുലപ്പെട്ടുമില്ല. തണുപ്പുകാലത്ത് ജൈവഘടികാരം ഞങ്ങളെ മയങ്ങിയിരിക്കാൻ പ്രേരിപ്പിച്ചു. മഴയത്ത് തണുത്തു വിറച്ചു. വേനലിൽ ഉല്ലാസത്തോടെ തുള്ളിച്ചാടി. മുതിർന്നവർ ആ നേരത്ത് രക്തം തിളപ്പിച്ച് പണിയെടുത്തു. നഗരത്തിൽ പക്ഷേ, കൃത്രിമമായ ഘടികാരമാണുണ്ടായിരുന്നത്. എല്ലാം സമയം നിശ്ചയിച്ചു. കൃത്യസമയങ്ങൾക്ക് വേണ്ടി ഉഴറി – ശീലം കൊണ്ട് മറ്റൊന്നായിരുന്നു ഞാൻ.

ഓരോ അംശത്തിലും ഗ്രാമീണയായിരുന്ന എന്നിലെ ജൈവഘടികാരം പലപ്പോഴും പിണങ്ങി. മനസ്സുകൊണ്ട് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ ശരീരം അതിനൊത്ത് വഴങ്ങിയില്ല.

ഏറ്റവും വലിയ നഷ്ടം രാത്രികളായിരുന്നു. ഞങ്ങൾ ഉറങ്ങിയിരുന്നത് പുഴയുടെ ഒഴുക്കിന്റെ താരാട്ടു കേട്ടാണ്. ഉണർന്നതും ആറൊഴുക്കിന്റെ സംഗീതത്തിലാണ്. ഒരു പാട് പക്ഷികളുടെ പാട്ടുകൾ, ഇലകളുടെ മർമ്മരങ്ങൾ, മണ്ണിന്റെ തണുപ്പ്, വെയിലിന്റെ ഇളംചൂട്…

പക്ഷേ,നഗരത്തിൽ എറ്റവും വലിയ സങ്കടം ഇരുട്ടത്തല്ല ഉറങ്ങുന്നത് എന്നതായിരുന്നു. രാത്രി പോലും കൃത്രിമമായി ഉണ്ടാക്കേണ്ടിയിരുന്നു. വെളിച്ചം സർവ്വത്ര വെളിച്ചം! പകൽ പോലെ വെളിച്ചം!

maina umaiban, memories

മുമ്പ് ജീവിച്ച വർഷങ്ങളത്രയും ജൈവഘടികാരം പഠിപ്പിച്ചുവെച്ചത് രാത്രിയിൽ ഉറങ്ങാനാണെങ്കിൽ ഇവിടെ രാത്രിയെവിടെ? കുട്ടിക്കാലത്ത് സന്ധ്യയ്ക്ക് വിളക്കു വെച്ചാൽ (മണ്ണെണ്ണ വിളക്കായിരുന്നു. വൈദ്യുതിയില്ലാക്കാലം) അധികം വൈകാതെ ഭക്ഷണം കഴിച്ചുറങ്ങിയിരുന്നു.

രാത്രിയിൽ പുറത്തെ വൈദ്യുത വിളക്കുകളുടെ പ്രകാശത്താൽ ഉറക്കം വന്നതേയില്ല. ഒരുതരം മയക്കം മാത്രമായിരുന്നു ഏറെയും.

രാത്രി പുഴയുടെ കള കള സംഗീതവും വാവലുകളുടെ ഒരു ചിറകടി, നത്തുകളുടെ മൂളൽ ഒക്കെയാണ് കേട്ടിരുന്നത്. അതും ഇടയ്ക്കെങ്ങാനും. പൂർണ്ണ നിശബ്ദതയായിരുന്നു എങ്ങും.

വാഹനങ്ങളുടെ തുരുതുരെയുള്ള ഇരമ്പിപ്പായൽ, ഹോണടി ശബ്ദങ്ങൾ, യന്ത്രശാലകളിൽ നിന്നുള്ള ശബ്ദങ്ങൾ, ഏതൊക്കെ ശബ്ദങ്ങളെന്ന് തിരിച്ചറിയാനാവാത്ത വിധം കൂടിക്കുഴഞ്ഞു കിടക്കുന്നു. കൂടെ കൊതുകുകളുടെ രാഗ വിസ്താരവും കടിയും കൂടി.  ഹോ! ഈ രാത്രി എങ്ങനെ കഴിച്ചുകൂട്ടും?

ഗ്രാമത്തിൽ നടക്കുന്ന വഴിയിൽ എത്രയെത്ര നീർച്ചാലുകൾ, അതിൽ നീന്തിക്കളിക്കുന്ന പൊടിമീനുകൾ… ഇവിടെ കരിവാരിയൊഴിച്ചതു പോലെ മാലിന്യ മൊഴുകുന്ന, ദുർഗന്ധം വമിക്കുന്ന ഓടകൾ.

അന്തരീക്ഷം പലപ്പോഴും പുകയിലും പൊടിയിലുമാകുമ്പോൾ അവിടെ മഞ്ഞു പെയ്യുകയായിരുന്നു.

Read More: വീർപ്പയുണ്ടോ? ഫോൺ തരുപ്പിലാണോ?

ഞങ്ങളുടെ അകത്തെ ഗന്ധം സുഗന്ധവ്യഞ്ജനങ്ങളുടേതായിരുന്നു. കാപ്പിയും, കുരുമുളകും, ഇഞ്ചിയും, ഗ്രാമ്പുവുമൊക്കെ വിളവെടുത്തത് ചാക്കിൽ കെട്ടിവെച്ചത് പലവിധ രസഗന്ധങ്ങളോടെ ഞങ്ങളെ ഉറക്കി. കൊതുകുതിരിയുടെ രൂക്ഷഗന്ധമായിരുന്നു നഗര മുറിയ്ക്ക്.

മലകൾ, പാറകൾ, മരങ്ങളമൊക്കെയായിരുന്നു ഞങ്ങളുടെ കാഴ്ചകളെ ഭ്രമിപ്പിച്ചതെങ്കിൽ ഇവിടെ അംബരചുംബികളായ എടുപ്പുകൾക്കിടയിൽ ഒരു കീറാകാശം മാത്രമേ ഉണ്ടായിരുന്നുള്ളു.

maina umaiban, memories

ഗ്രാമത്തിലെ ശബ്ദങ്ങളും ചലനങ്ങളും ഒരു നേരം കഴിഞ്ഞാൽ പേടിപ്പിച്ചു. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പേടിയായിരുന്നു. പിശാചുകൾ അലഞ്ഞു നടന്നു. വീടിനു ചുറ്റും ചേങ്ങില കൊട്ടിക്കൊണ്ട് ഏതോ ഒരുവൾ നടന്നു. ചിലമ്പൊലികൾ, മുറ്റത്തിനു കുറുകെ ചെന്തെങ്ങിൽ തൊട്ടു തൊട്ടു പോകുന്ന ഗന്ധർവ്വത്തേര് എന്ന് അമ്മുമ്മ പറഞ്ഞപ്പോഴൊക്കെ പേടിച്ചു. പ്രേത കഥകൾ കേൾക്കുമ്പോൾ അടുക്കളയിലേക്ക് എന്തിന് തൊട്ടടുത്ത മുറിയിലേക്ക് വരെ പോകാൻ പേടിയായിരുന്നു. എന്നാൽ കൃത്രിമമായ ചലനങ്ങളും ശബ്ദങ്ങളും നഗരങ്ങളെ എപ്പോഴും സജീവമാക്കുകയും പേടിയെ കുറയ്ക്കുകയും ചെയ്തു. ഞാൻ നഗരത്തെ ഇഷ്ടപ്പെട്ടു. ആൾക്കൂട്ടത്തിൽ ആരാലും തിരിച്ചറിയാതെ നടക്കാൻ, എന്തിനോടും പ്രതികരിക്കുവാനുള്ള ധൈര്യം, ഗ്രാമത്തിലേക്കാൾ കൂടിയ സ്വാതന്ത്ര്യം നഗരം തന്നു. ഏതു രാത്രിയിലും വേണ്ടി വന്നാൽ യാത്ര ചെയ്തു മടങ്ങാൻ പേടിയില്ലായിരുന്നു. പെൺ യാത്രകളിൽ കൂടുതൽ സുരക്ഷിതം നഗരയാത്രകളിലായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് എപ്പോഴും ഓട്ടോ പിടിച്ച് വീടെത്താൻ ധൈര്യമായിരുന്നു. ഗ്രാമം പക്ഷേ, പരിമിതികൾ നൽകി, പ്രത്യേകിച്ച് സ്ത്രീക്ക്. പ്രകൃതി കൊണ്ടും ആളുകളെക്കൊണ്ടും.

നല്ല വായു, വെള്ളം, ആഹാരം, നല്ല കാഴ്ചകൾ ഒക്കെയുണ്ടെങ്കിലും നഗരം നൽകുന്ന അവസരങ്ങൾ, പുതിയ തരം കാഴ്ചകൾക്കൊപ്പമെത്താൻ സാധ്യമല്ല ഗ്രാമത്തിന്. അതിലേറെ ഗ്രാമ നഷ്ടങ്ങളും ഓർമകളുമാവണം എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്.

ജനനം മുതൽ ഏറിയ പങ്കും എന്റെ ജീവിതത്തെ നിർണ്ണയിച്ചത് ഗ്രാമത്തിന്റെ ജൈവഘടികാരമായിരുന്നെങ്കിലും , മനസ്സ് എത്രമാത്രം നഗര ജീവിതത്തെ ഉൾക്കൊള്ളാൻ ശ്രമിച്ചാലും ശരീരം അതിനൊത്തു നിൽക്കില്ല എന്നറിയാമായിരുന്നു. കൂടെപ്പിറപ്പായ ജലദോഷം ഒരു ശ്വാസം മുട്ടുകാരിയിലേക്കെത്തിച്ചത് അതുകൊണ്ടല്ലേ എന്നു സംശയിക്കുന്നു. മെലിഞ്ഞുണങ്ങിയിരുന്നവൾ സ്ഥൂല ശരീരിണിയാവാൻ തുടങ്ങിയതും ഘടികാര ചലനങ്ങളെ അസ്വസ്ഥപ്പെടുത്തിയതുകൊണ്ടല്ലേ എന്നോർക്കുന്നു.

എങ്കിലും,സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലാത്ത ആകാശം കാത്തുവെയ്ക്കുന്നതു കൊണ്ടു തന്നെ ഞാൻ നഗരത്തെ സ്നേഹിക്കുന്നു!

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ