പ്രിയമുളള അഷിതയ്ക്ക്,
സ്നേഹമ്പൂർണ്ണമായ കുറിപ്പ്, തുടക്കം മുതൽ ഒടുക്കം വരെയും കണ്ണീരോടെ വായിച്ചു. പണ്ടു ജീവിച്ചിരുന്ന, ചിരിക്കുന്ന ഒരു കുട്ടിയെ ഓർമ്മ വന്നു. ആ കുട്ടി ജീവിച്ചു, ജീവിച്ചു മഞ്ഞുകട്ടയായത് തിരിച്ചറിയാനും അതിങ്ങനെ അക്ഷരങ്ങളിലാക്കാനും അഷിതയ്ക്ക് മാത്രമേ കഴിയൂ.
എന്റെ ഒറ്റപ്പെടലിനോട് മറ്റാരും ഇത്രമേൽ സ്നേഹത്തോടെ അലിവ് കാണിച്ചിട്ടില്ല. മഹാരാജാസിലെ ജനൽപ്പടിമേൽ മിണ്ടാതെ അടുത്തടുത്തിരിക്കുന്ന നമ്മുടെ നിമിഷങ്ങളെയും അവയ്ക്കിടയിൽ വിമലീകരിക്കപ്പെട്ട വാക്കുകകുളേയും ഞാൻ ഇപ്പോഴും നെഞ്ചിൽ ചേർത്തു വെയ്ക്കുന്നു.
ക്ലാസ്സുകളുടെ ഇടവേളകളിൽ, ഇംഗ്ലീഷ് വിഭാഗത്തിന്റെ അരമതിലിൽ ചാരി, തനിച്ചു നിൽക്കുന്ന, ഇലം നീലനിറമുളള ഘനീഭൂതമൗനത്തിന്റെ ദൂരക്കാഴ്ചയും.
ആ മൗനവും ധ്യാനവും ഏകാകിതയും എന്റെയരുകിൽ തന്നെയുണ്ട് എന്നതും അവയെന്റെ എല്ലാ സ്പന്ദനങ്ങളും തിരിച്ചറിയുന്നു എന്നതും എന്നെ എന്നേയ്ക്കുമായി തണുപ്പിക്കുന്നു. ഇനിയെനിക്കിത്രമേൽ സാന്ത്വനമാകുവാൻ, മറ്റൊന്നിനും, മറ്റൊരാൾക്കും സാധ്യമല്ല. വ്യക്തിയേയും കവിതയേയും ഹൃദയത്തിൽ ചേർത്തുകുറിച്ച പ്രിയതയുടെ പുണ്യത്തിന് പ്രണാമം. എന്റെ വൽമീകത്തിന് മാപ്പ് ചോദിക്കുന്നു.
പ്രിയപ്പെട്ട അഷിതയ്ക്ക്, സ്നേഹാദരങ്ങളോടെ
കൂപ്പുകൈയോടെ
പഴയ വിജി
ഇതും കൂടി:(നമ്മുടെ കാലത്തെ ഏറ്റവും പ്രശസ്തനായ, ആരാധകരുടെ സ്നേഹഭാജനമായ കവിയെ, ആരുമൊരിക്കലുമെഴുതാത്തവിധം, അനായാസം, ഈ കുറിപ്പിൽ ആവാഹിച്ചത് കണ്ടപ്പോൾ, അശ്രുതപൂർവ്വമായ ധൈര്യവും നിസ്തുലമായ സത്യസന്ധതയും അഷിത എന്ന എഴുത്തുകാരിയെ മിന്നൽപ്പിണരാക്കുന്നത് അറിഞ്ഞ് മനസാ തൊഴുതു പോയി. കവിയുമായുളള ദൃഢവും ശീതളവുമായ സുഹൃത് ബന്ധത്തിന്റെ വജ്രസൗന്ദര്യം തൂണുപിളർന്ന് നരസിംഹമാനം പ്രത്യക്ഷമാകുന്നതും അസാമാന്യമായ അനുഭവമായി മാറുന്നു. നന്ദി, അഷിതാ!)
Read More: എന്റെ കവയിത്രി: വിജയലക്ഷ്മിയെ കുറിച്ച് അഷിത