റൊമ്പ കെട്ട എടം

തെക്കൻ നിലങ്ങളിൽ നിന്നുയരാൻ തുടങ്ങിയിരിക്കുന്ന ഉഷ്ണവായുവിൽ ചിറക് ചവിട്ടി കൂട്ടമായി അവർ പറന്നു പൊങ്ങുമ്പോൾ, ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും സുഗമമായ ആകാശപാതയുടെ രേഖാചിത്രം-വിശ്രമകേന്ദ്രങ്ങളും കാറ്റിന്റെ ഗതിയും കാലാവസ്ഥയും സഹിതം–അവരുടെയുള്ളിൽ അവരറിയാതെ തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കും

venu , travelogue ,iemalayalam

2017ൽ എനിക്കു പ്രായം അറുപതായപ്പോൾ ഞാൻ തനിച്ച് എന്റെ കാറിൽ ഇരുപത്തഞ്ചു ദിവസംകൊണ്ട് ആറായിരം കിലോമീറ്റർ ദൈർഘ്യമുള്ള ഒരു യാത്ര നടത്തി സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയിരുന്നു. അറുപതു വയസ്സുകാരനും അതു സാധ്യമാണ് എന്ന് അപ്പോഴെനിക്കു ബോധ്യമായി. അതെപ്പറ്റി ഞാൻ ‘സോളോ സ്റ്റോറീസ്’ എന്ന പേരിൽ ഒരു പുസ്തകവുമെഴുതിയിട്ടുണ്ട്. അതു കഴിഞ്ഞിട്ടിപ്പോൾ രണ്ടു വർഷമായിരിക്കുന്നു. അറുപത്തിരണ്ടാം വയസ്സിൽ വീണ്ടുമതു സാധ്യമാണോ എന്നറിയില്ല. രണ്ടു വർഷംകൊണ്ട് എനിക്കും എന്റെ കാറിനും ശാരീരികക്ഷമതയിൽ കാര്യമായി എന്തെങ്കിലും ഇടിവു സംഭവിച്ചിട്ടുണ്ടോ എന്നുമറിയില്ല. ഈ പ്രായത്തിൽ ശരീരം എപ്പോൾ, എങ്ങനെ, എത്രമാത്രം പ്രതികരിക്കുമെന്ന് കൃത്യമായി പ്രവചിക്കാനും സാധ്യമല്ല.

ശാരീരികക്ഷമതയുടെയും അനുഭവസമ്പത്തിന്റെയും അനുപാതം ഏറ്റവും അനുകൂലമായി വരുന്ന ഒരു സുവർണ കാലഘട്ടത്തിലാണ് കളിക്കാരും നർത്തകരും സഞ്ചാരികളും സാഹസികരും സാധാരണ മനുഷ്യർപോലും ആവിഷ്കാരശക്തിയുടെ പുതിയ തലത്തിലേക്കു താനേ ഉയരുന്നത് എന്നു പറയാറുണ്ട്. എന്നാൽ ആ മാന്ത്രിക അനുപാതത്തിന്റെ പ്രയോജകനാകാനുള്ള ഭാഗ്യം എനിക്കൊരിക്കലും സഞ്ചാരത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. കഴിഞ്ഞ യാത്ര നൽകിയ ആത്മധൈര്യത്തിനു സമയപരിധിയുണ്ട്. അതവസാനിക്കുന്നതിനു മുൻപു വീണ്ടുമൊന്നു കറങ്ങി വരണമെന്ന് ആഗ്രഹം തോന്നി. ഒഡീഷയാണ് ആദ്യം മനസ്സിൽ വരുന്ന സ്ഥലം. ആന്ധ്ര കടന്നു വേണം അവിടെയെത്താൻ. ഛത്തീസ്ഗഡ് അയൽ സംസ്ഥാനമാണ്.

എല്ലാം റെഡിയായി വണ്ടിയിൽ കയറിയപ്പോൾ ജനുവരി മുപ്പത്തൊന്നായി. രാവിലെ തന്നെ തിരുവനന്തപുരത്തു നിന്നു നാഗർകോവിൽ വഴി തിരുനെൽവേലി റോഡിൽ കയറി മൂലക്കരുപ്പട്ടി എന്ന സ്ഥലത്തെത്തിയപ്പോൾ കൂന്തകുളവും പാൽപാണ്ടിയും ഓർമ വന്നു. കൂന്തകുളം ഇവിടെ അടുത്താണ്. ദേശാടനപ്പക്ഷികൾ ധാരാളമായി വരുന്ന സ്ഥലമാണ്. പല പക്ഷികളും ഇവിടെ വന്നു കൂടുവച്ചു മുട്ട വിരിയിച്ചു കുഞ്ഞുങ്ങളുമായാണു തിരിച്ചു പോകുന്നത്. അതുവരെ അവരെല്ലാം ഗ്രാമവാസികളുടെ സംരക്ഷണയിലായിരിക്കും.

venu , travelogue ,iemalayalamപാൽപാണ്ടി ഈ നാട്ടുകാരനും പക്ഷിസംരക്ഷണത്തിൽ ബ്ലാക് ബെൽറ്റുമാണ്. എന്റെ കാറിലെ സന്നാഹങ്ങളൊക്കെ കണ്ടു പാൽപാണ്ടി കാര്യം തിരക്കി. ഞാൻ കാര്യം പറഞ്ഞു. സീസൺ കഴിഞ്ഞെന്നും ഇവിടുന്ന് പക്ഷികളൊക്കെ ഇക്കൊല്ലം നേരത്തേ പോയെന്നും ചുറ്റും നോക്കിയിട്ടു പാൽപാണ്ടി ആത്മഗതം പറഞ്ഞു. ഈ കേട്ട ആത്മഗതം തന്നെ മുന്നോട്ടുള്ള യാത്രയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത ഭാഷകളിൽ വീണ്ടും വീണ്ടും കേൾക്കാനിടവരും എന്നെനിക്കപ്പോൾ അറിയില്ലായിരുന്നു.

ടീക്കട പാണ്ഡ്യന്റെ കടയിൽ നിന്ന് ഞങ്ങൾ ചോറുണ്ടു. പാണ്ഡ്യന് ഇപ്പോൾ ചെവി തീരെ കേൾക്കുന്നില്ല. മുഖഭാവം നോക്കിയാണ് ഓർഡർ എടുക്കുന്നത്. കൂന്തകുളത്ത് നിന്ന് തിരുനെൽവേലി വഴി വൈകുന്നേരം തിരുച്ചിറപ്പള്ളി എന്ന തിരുച്ചിയിൽ എത്തി. കൂടുതൽ ഓടിക്കാൻ മടി തോന്നി. മടി ഒരു നല്ല ലക്ഷണമല്ല. പ്രത്യേകിച്ച് ആദ്യത്തെ ദിവസം. ഇന്നൊരു തവണ ക്ഷമിക്കാൻ തീരുമാനിച്ചു. എന്നിട്ടു തിരുച്ചിയിൽ ഒരു മുറിയെടുത്തു കിടന്നുറങ്ങി.

രാവിലെ ട്രാഫിക് തുടങ്ങുന്നതിന് മുൻപുതന്നെ തിരുച്ചി വിട്ടു. തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും ഇടയിലുള്ള പുലിക്കട്ട് തടാകമാണ് ആദ്യ ലക്ഷ്യം. 400 കിലോമീറ്റർ വിരസമായ ഹൈവേയാണ്. ചെന്നൈ നഗരത്തിന്റെ പൈത്യം പിടിച്ച പോക്കുവരവിനിടയിലൂടെ എങ്ങനെയൊക്കെയോ മുങ്ങിപ്പൊങ്ങി ആന്ധ്രയിലെത്തി. അപ്പോഴേക്കും സമയം ഉച്ചയായി.

ഇവിടെ ചൂടു തുടങ്ങിയിരിക്കുന്നു. പുലിക്കട്ട് വളരെ വലിയൊരു തടാകമാണ് എന്നു കേട്ടിട്ടുണ്ട്. ഞാൻ ധരിച്ചു വച്ചിരുന്നതുപോലെ അതൊരു സ്ഥലപ്പേരല്ല. ഒരു ആവാസവ്യവസ്ഥയുടെ പേരാണ്. ഏകദേശം 500 ചതു. കി. മീറ്ററാണ് ഇതിന്റെ വിസ്തീർണം. വലുപ്പത്തിൽ ഇന്ത്യയിൽ രണ്ടാമത്തേത്. മഹാഭൂരിഭാഗവും ആന്ധ്രയിലാണ്. ഒരു ചെറിയ വാലു മാത്രമാണ് തമിഴ്നാടിനുള്ളത്.

കടലിനോടു ചേർന്നു കിടക്കുന്ന ഈ ഉപ്പുതടാകവും ചുറ്റുമുള്ള അനന്തമായ ചതുപ്പുകളും ജൈവവൈവിധ്യത്തിന്റെ വലിയൊരു കലവറയാണ്. മീനും വെള്ളവുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്നവരാണ് ഇവിടെ മിക്കവരും. അതുപോലെതന്നെ ദേശാടനപ്പക്ഷികളുടെ ഒരു പ്രധാന സന്ദർശന സ്ഥലവുമാണിത്. വഴിയിൽ അവിടവിടെ പലതരം പക്ഷികളുടെ പടമുള്ള ബോർഡുകൾ കണ്ടു. പക്ഷേ, എന്ത്, എവിടെ, എന്നൊന്നും മനസ്സിലായില്ല.

ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽവച്ച് ആരോ പറഞ്ഞു ഇവിടെ അടുത്ത് ഒരു വലിയൊരു ഐടി സിറ്റിയുണ്ടെന്ന്. ഭക്ഷണം വിളമ്പിയ ആൾ പറഞ്ഞു, ഈ സ്ഥലത്തിന്റെ പേരു തടാ എന്നാണെന്ന്. തടാ എന്നാൽ തെലുങ്കിൽ തടാകം എന്നർഥം. പുറത്ത് സെക്യൂരിറ്റി ഗാർഡ് പറഞ്ഞു നിങ്ങൾ സുളൂർപേട്ട എന്ന സ്ഥലത്തു പോയി അന്വേഷിക്കൂ എന്ന്. സുളൂർപേട്ട ഇവിടെനിന്ന് എട്ടു കിലോമീറ്റർ ദൂരെയാണെന്ന് ആദ്യത്തെ മൈൽകുറ്റിയും പറഞ്ഞു.
സുളൂർപേട്ടയിൽ നിന്നു വലത്തോട്ടു തിരിഞ്ഞാൽ പുലിക്കട്ട് പക്ഷിസങ്കേതത്തിൽ എത്തുമെന്ന് ഒരു ബോർഡു കണ്ട് അങ്ങോട്ടു തിരിഞ്ഞു. അൽപം മുന്നോട്ടു പോയപ്പോൾത്തന്നെ വഴിയുടെ സ്വഭാവം മാറിത്തുടങ്ങി. ചതുപ്പിന്റെ നടുവിലൂടെ നീണ്ടു കിടക്കുന്നതു വിശാലമായ റബറൈസ്ഡ് റോഡാണ്. ഈ വഴി ചെന്നവസാനിക്കുന്നത് ദേശാടനപ്പക്ഷികളെക്കാളും ഒരുപാടു ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥലത്താണ്.

ആകാശത്തിനും അപ്പുറം ശൂന്യാകാശത്തേക്ക് ഇരുമ്പുപക്ഷികളെ പറത്തി വിടുന്ന ശ്രീഹരിക്കോട്ട സതിഷ് ധവാൻ സ്പേസ് സെന്റർ ഇവിടെയാണ്. ഈ ചതുപ്പുകളിൽ ചിതറിക്കിടക്കുന്ന അനേകം തുരുത്തുകളിലൊന്നായിരുന്നു ശ്രീഹരിക്കോട്ട. ഇപ്പോഴിത് ലോകപ്രസിദ്ധ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ്. സ്പേസ് സെൻററിന്റെ ഗേറ്റിനടുത്തായി കുറച്ച് ടാക്സി ജീപ്പുകൾ ഉണ്ടായിരുന്നു. സുളൂർപേട്ട ബസ് സ്റ്റാൻഡിൽനിന്ന് സന്ദർശകരുമായി വന്നു പോകുന്നവർ. അതിലൊരാളോടു പക്ഷികളെക്കുറിച്ചു ചോദിച്ചു. അയാളീ നാട്ടുകാരനല്ല. വന്ന വഴി തിരിച്ചു പോയാൽ അഞ്ചു കിലോമീറ്റർ ദൂരെ ഇടതുവശത്ത് ഫോറസ്റ്റിന്റെ ഒരു ഓഫിസ് ഉണ്ടെന്നും അവിടെ ഗാർഡ് ഉണ്ടെന്നും ഒരാൾ പറഞ്ഞു.

ഗേറ്റ് പൂട്ടിയിരിക്കുന്നു. അകത്തൊരു ബൈക്ക് ഇരിപ്പുണ്ട്. ഉച്ചത്തിൽ വിളിച്ചപ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു വശത്തുള്ള ചെറിയ ഒരു ഗേറ്റിലൂടെ അകത്തു വരാൻ ആംഗ്യം കാണിച്ചു. അവിടെയെന്തൊക്കെയോ മരാമത്ത് നടക്കുന്ന ലക്ഷണങ്ങളുണ്ട്. സിമന്റ് പക്ഷികളും മുതലകളും കോൺക്രീറ്റ് മരങ്ങളും മറ്റും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അനാഥമായി കിടക്കുന്നു. ചെറുപ്പക്കാരൻ ഗാർഡ് രാജു കൈ കഴുകി വേഗം തന്നെ വന്നു. കാര്യമായി പക്ഷികളൊന്നും ഇല്ലെന്ന് അയാൾ പറഞ്ഞു. താമസിക്കാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചപ്പോൾ അതും ഇല്ല. എന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ അയാൾ ചിരിച്ചു.

20 കിലോമീറ്ററകലെ നാലപ്പാട്ട് എന്നൊരു സ്ഥലമുണ്ടെന്നും അതും പക്ഷിസങ്കേതമാണെന്നും എന്നാൽ അവിടെയും ഒന്നും കാണാൻ സാധ്യതയില്ല എന്നും ചെറിയൊരു കുറ്റബോധത്തോടെ രാജു പറഞ്ഞു. ഫോറസ്റ്റ്‌ ഓഫിസിന്റെ മതിലിനോടു ചേർന്ന് പുതിയൊരു മണ്ണു വഴി ചതുപ്പിന്റെ കിഴക്കേ ഭാഗത്തേക്കു ചിറ പോലെ നിർമിച്ചിരിക്കുന്നതു കണ്ടു. കാർ പോകാനുള്ള സാധ്യതയുണ്ടെന്നു തോന്നിയില്ല. ഇതെന്താണെന്നു ചോദിച്ചപ്പോൾ ഗാർഡിന്റെ മുഖം തെളിഞ്ഞു. ഇതിലേ പോയാൽ അവിടെ പഴയ ഒരു ദർഗയുണ്ടെന്നും വിശ്വാസികൾ ധാരാളം വരുന്നുണ്ടെന്നും കൂടുതലും മറ്റു മതക്കാരാണെന്നും അയാൾ പറഞ്ഞു.

വഴിയോ? 12 കിലോമീറ്റർ ദൂരമുണ്ട്. വഴി അവിടം വരെ ഇങ്ങനെയൊക്കെത്തന്നെ ആണെന്നും സൂക്ഷിച്ചാൽ കാറിന്റെ അടി തട്ടാതെ പോകാം എന്നും രാജു പറഞ്ഞു. ചിലപ്പോൾ ആ ഭാഗത്ത് ഫ്ലെമിംഗോ പക്ഷികളെ ദൂരെയായി കാണാൻ സാധ്യതയുണ്ടെന്നും കൂടി കേട്ടപ്പോൾ ഗാർഡിനോടു നന്ദി പറഞ്ഞ് ഞാൻ ഗേറ്റിനു പുറത്തിറങ്ങി. എന്നിട്ട് പന്ത്രണ്ട് കിലോമീറ്റർ ചിറ ശ്രദ്ധിച്ചൊന്നു നോക്കി. കുത്തിയൊഴുകുന്ന ഒരു കാട്ടരുവി പെട്ടെന്ന് ഉറച്ചു പോയതുപോലെയാണ് പ്രതലം. ചുവന്ന മണ്ണിന്റെ ഈ തിരമാലകൾ കടന്ന് എന്റെ കൊച്ചു കാർ അവിടെയെത്താനുള്ള സാധ്യത കുറവാണെന്നെനിക്കു തോന്നി. എന്തായാലും കുറച്ചെങ്കിലും പോയി നോക്കാം എന്നു വിചാരിച്ച് ഞാൻ കാറിൽ കയറി.venu , travelogue ,iemalayalam

പെട്ടെന്ന് ഒരു വശത്തു നിന്ന് ഒരു മെലിഞ്ഞ മനുഷ്യൻ മുന്നോട്ടു വന്നു കാറിനു കൈ കാണിച്ചു. ദർഗയിലേക്കാണോ എന്നു ചോദിച്ചപ്പോൾ അതെ എന്നു പറഞ്ഞ് അയാളും കാറിൽ കയറി. വണ്ടി കുഴിയിൽ വീണാൽ തള്ളാൻ ഒരാളായല്ലോ എന്നു ഞാനും സമാധാനിച്ചു. പക്ഷേ വണ്ടി ചിറയിലേക്കു തിരിക്കുന്നതിനു തൊട്ടു മുൻപ് ഞാനങ്ങോട്ടല്ല എന്നു പറഞ്ഞ് അയാൾ വണ്ടി നിർത്തിച്ചു. അയാളെ മദ്യം മണക്കുന്നുണ്ടായിരുന്നു. എനിക്കു ദേഷ്യം വന്നു. ശരി, ഇറങ്ങിക്കോ എന്നു ഞാൻ പറഞ്ഞു. അയാൾ മുഷിഞ്ഞ പാന്റിന്റെ പോക്കറ്റിൽനിന്ന് പഴയ ഒരു മൊബൈൽ ഫോണെടുത്ത് എന്റെ നേരേ നീട്ടി. എന്നിട്ടു കുറച്ചു നേരം നാടകീയമായി എന്റെ മുഖത്തുനിന്നു കണ്ണെടുക്കാതെ നോക്കിയിരുന്നു. മദ്യപന്റെ കലങ്ങിയ കണ്ണുകൾ നിറഞ്ഞു വരുന്നതു ഞാൻ കണ്ടു. ഈ ഫോണെടുത്തിട്ട് തനിക്കു 100 രൂപ തരണം എന്നയാൾ പറഞ്ഞു. സാധ്യമല്ല എന്ന് ഞാനും. എങ്കിൽ തനിക്കു പറയാനുള്ളതു കേൾക്കണം എന്നയാൾ ആവശ്യപ്പെട്ടു.

സാംഗ്വാൻ എന്നാണു പേര്, ബംഗാളിയാണ്, ഇവിടെ പണിയില്ല, തിരികെ പോകാൻ പണമില്ല, അത് ഇത്, അങ്ങനെ ഇങ്ങനെ, പ്രശ്നങ്ങൾ പലത്. ഇതെല്ലാം കൂടെ എത്ര രൂപയ്ക്കു തീരും എന്നു ഞാൻ ചോദിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ, നാൽപതു രൂപ എന്നയാൾ പറഞ്ഞു. കാൽക്കുപ്പിക്കിവിടെ അതാണു വില. കാശ് വാങ്ങി എനിക്ക് ആയുരാരോഗ്യങ്ങൾ നേർന്ന് എന്റെ കാലിൽ തൊടാനൊരു വിഫലശ്രമവും നടത്തി സാംഗ്വാൻ അപ്രത്യക്ഷനായി.

ദർഗയിരിക്കുന്ന സ്ഥലം ഒരു തുരുത്താണ്. അങ്ങോട്ടുള്ള ഏക മാർഗം ഈ ചിറയാണ്. അതല്ലെങ്കിൽ വള്ളം മാത്രമാണ് ആശ്രയം. ഓളപ്പാത്തികളിൽ താഴ്ന്നു പൊങ്ങി മെല്ലെ മുന്നോട്ടു നീങ്ങുന്ന ഒരു ചെറിയ വള്ളത്തിൽ മുറുകെ പിടിച്ചിരിക്കുന്ന, നീന്തലറിയാത്ത ഒരു കുട്ടിയുടെ അവസ്ഥയിൽ, ഒന്നാം ഗിയറിൽ സ്റ്റിയറിങ് മുറുകെ പിടിച്ച് ഞാൻ അനങ്ങാതെ ഇരുന്നു. കാർ കുന്നും കുഴിയും കയറിയിറങ്ങി ഇഴഞ്ഞു. ചിറ ഒരു നേർരേഖയായിത്തന്നെ പോകുന്നു. ദൂരെ നിന്ന് എതിർ ദിശയിൽ ഒരു വണ്ടി വരുന്നതുപോലെ തോന്നി. അടുത്തു വന്നപ്പോൾ ഒരു മാരുതി വാനാണ്. വലിയൊരു കുടുംബം അതിലുണ്ട്. ഗൃഹനാഥനെന്ന് തോന്നുന്ന ഒരാളാണു വണ്ടിയോടിക്കുന്നത്. കൈ കാണിച്ചപ്പോൾ അയാൾ വണ്ടി നിർത്തി.

ദർഗയിലേക്ക് നേരെ ഒറ്റ വഴിയേ ഉള്ളൂ എന്ന് അയാൾ പറഞ്ഞു. വഴിയുടെ അവസ്ഥയെക്കുറിച്ചു ചോദിച്ചപ്പോൾ അയാൾ ചിരിച്ചു. ഞാനീ വഴിയിൽ എന്നും രണ്ടുനേരം അങ്ങോട്ടുമിങ്ങോട്ടും വണ്ടിയോടിക്കുന്നതാണ് എന്നയാൾ പറഞ്ഞു. ദർഗയിരിക്കുന്ന ഗ്രാമത്തിന്റെ പേര് വേണാട് എന്നാണ്. അവിടെ ഭക്ഷണം കിട്ടും. ഉറങ്ങാൻ പള്ളി തന്നെ അഭയം. ഞാൻ നന്ദി പറഞ്ഞു. മാരുതി വാൻ ഓളത്തിൽ താണുപൊങ്ങി വീണ്ടും മെല്ലെ ഒഴുകാൻ തുടങ്ങി.

വേണാടിലേക്കുള്ള ഒറ്റ വഴി നേരേ തന്നെ പോകുന്നു. ഇടയ്ക്ക് ഒന്നുരണ്ടു ബൈക്കുകൾ കടന്നുപോയതല്ലാതെ വഴിയിൽ ആരുമില്ലായിരുന്നു. അപൂർവമായി അങ്ങിങ്ങായി ചില വലിയ പക്ഷികൾ ഏകാഗ്രതാ പരിശീലനത്തിൽ വ്യാപൃതരായി അനങ്ങാതെ ഇരിക്കുന്നു. ഉയരത്തിൽ വർണക്കൊക്കുകൾ സൂര്യനു ചുറ്റും നിഴലുകളായി വട്ടം ചുറ്റുന്നു. ഒന്നുരണ്ട് ആളപ്പക്ഷികൾ വെള്ളത്തിൽത്തന്നെ ഉറ്റുനോക്കിക്കൊണ്ടു തെന്നിപ്പറന്നും വെട്ടി മാറിയും താണുവന്നു വെള്ളത്തിൽ തൊട്ടുനോക്കിയുമൊക്കെ തിന്നാനെന്തു കിട്ടുമെന്ന് അന്വേഷിച്ചു നടക്കുന്നുണ്ട്. ദേശാടനപ്പക്ഷികൾ മിക്കവാറും എല്ലാംതന്നെ പുലിക്കട്ട് വിട്ടു പോയിരിക്കുന്നു. അവശേഷിക്കുന്നവയും താമസിയാതെ സ്ഥലം വിടും. ഞാനിവിടെ എത്താൻ വൈകിപ്പോയെന്ന് ചുറ്റുമുള്ള തരിശ് പാടങ്ങൾ എന്നോടു പറഞ്ഞു. അതു സാരമില്ലെന്ന് ഞാനും പറഞ്ഞു.venu , travelogue ,iemalayalam
നാലഞ്ചു കിലോമീറ്റർ പോയിക്കഴിഞ്ഞപ്പോൾ ഇടതുഭാഗത്തു ദൂരെയായി കൃഷിസ്ഥലങ്ങൾ കണ്ടു. ഒരു ഗ്രാമത്തിന്റെ ലക്ഷണങ്ങളും കണ്ടു. ഇതു വേണാടായിരിക്കാൻ സാധ്യതയില്ല എന്നു ഞാൻ വിചാരിച്ചു. വേണാടിലേക്കു പോകാനുള്ള വഴി നേരെയാണ്. ഗ്രാമത്തിലേക്കു ചെറിയൊരു ചിറ ഇടത്തോട്ടു തിരിഞ്ഞു പോകുന്നതു കണ്ടു. ഇടതുവശത്തെ കാഴ്ചകൾ മാത്രം ശ്രദ്ധിച്ച് പോകുമ്പോൾ, വലതുവശത്ത് അന്നു രാത്രി എനിക്ക് അഭയമാകാൻ പോകുന്ന സ്ഥലം എന്റെ കണ്ണിൽ പെടാതെ കടന്നു പോയതു ഞാനറിഞ്ഞില്ല.

പരന്നു കിടക്കുന്ന മണൽകൂനകൾക്കടുത്തു ഷെഡുകൾക്കു പിന്നിൽ ദർഗ മറഞ്ഞു നിൽക്കുന്നു. മുന്നിൽ ഒഴിഞ്ഞുകിടക്കുന്ന വലിയ മൈതാനത്ത് ഒരു ടെംപോ കിടപ്പുണ്ട്. അതിൽ വന്നവരായിരിക്കണം, മൂന്നാലു പേർ മാറി നിന്നു വർത്തമാനം പറയുന്നു. അടുത്തുള്ള ചെറിയ ചായക്കടകളുടെ പുറത്ത് കടും ചുവപ്പു പ്ലാസ്റ്റിക് സ്റ്റൂളുകൾ ഇരിക്കാനാളില്ലാതെ ഇളംവെയിൽ കൊണ്ടു കിടക്കുന്നു. ഞാൻ ചെരുപ്പൂരി കാറിൽ വച്ചു ദർഗയ്ക്കുള്ളിൽ കയറി. ഇവിടുത്തെ ഖബറിന് അറുപതടി നീളമുണ്ടെന്ന് (അതോ, 140 അടിയോ?)

അവിടെയുണ്ടായിരുന്ന കാസിം ബാബ പറഞ്ഞു. ഖബറിന് 400 വർഷം പഴക്കമുണ്ട്. ഹസ്റത്ത് ശേയ്ഖ് ദാവൂദ് മാലിക് എന്ന സൂഫി ദിവ്യനാണ് ദുനിയാവിന്റെ അറ്റത്തുള്ള ഈ ഉപ്പുചതുപ്പിൽ ഉറങ്ങുന്നത്. കുട്ടികളുണ്ടാവുന്നതിനുവേണ്ടി പ്രാർഥിക്കാൻ വരുന്നവരാണ് പലരും. കുട്ടികൾ ഉണ്ടായതിനു ശേഷം അവരെക്കൂട്ടി വരുന്നവരും മക്കളുമായി ഉണ്ടാകുന്ന അസ്വാരസ്യങ്ങൾ ഇല്ലാതാവാൻ വേണ്ടി പ്രാർഥിക്കാൻ വരുന്നവരും പതിവാണെന്ന് കാസിം പറഞ്ഞു.venu , travelogue ,iemalayalam
ഒരു തമിഴ് കുടുംബം ദർഗയ്ക്കുള്ളിലേക്കു വന്നു. ഇസ്‌ലാംരീതികൾ തീരെ പരിചയമില്ലാത്തവരാണെന്ന് അവരുടെ പെരുമാറ്റം കണ്ടപ്പോൾ തോന്നി. കൂടെവന്ന ഒരാൾ അൽപം ആധികാരികമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. അവരെക്കണ്ട് കാസിംബാബയും അങ്ങോട്ട് പോയി. കുറച്ചുനേരം എന്തോ പ്രാർഥിച്ച് നേർച്ച വച്ച്‌ ദുഅ വാങ്ങി അവർ പോയി.

കൂടെ വന്നയാളെ കൂട്ടി കാസിംബാബ എന്റെ അടുത്തേക്കു വന്നു. ആളെ പരിചയപ്പെടുത്തി. ഇവിടുത്തെ കമ്മിറ്റി പ്രസിഡന്റാണ്. പേരു മണി. ഇദ്ദേഹമാണ് ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കുന്നതെന്നു കാസിം പറഞ്ഞു. മണി ഹിന്ദുവാണ്. എങ്കിലും ഈ ദർഗയാണ് മണിയുടെ കർമഭൂമി. ഇപ്പോൾ വന്നുപോയ കുടുംബം കഠിനമായ പുത്രദുഃഖം അനുഭവിക്കുന്നവരാണെന്നു മണി പറഞ്ഞു. ഏക മകൻ ശത്രുവിനെപ്പോലെയാണു പെരുമാറുന്നത്. ഇവിടെ പ്രാർഥിച്ചാൽ ഫലമുണ്ടാകുമെന്നു കേട്ടറിഞ്ഞു വന്നതാണ്. വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനും ഭാര്യയുമാണ്. ചെന്നൈയിൽ താമസക്കാരാണ്.

മണി പെട്ടെന്നു കാസിമിനു നേരെ തിരിഞ്ഞിട്ടു പറഞ്ഞു, കാസിമും ചെന്നൈക്കാരനാണെന്ന്‌. ഇവിടെ നേരത്തേ ഉണ്ടായിരുന്ന ബാബ പോയി. വളരെ ബുദ്ധിമുട്ടിയാണ് കാസിംബാബയെ ഇവിടെ പിടിച്ചു നിർത്തിയിരിക്കുന്നത്. കാസിം ചിരിച്ചു. തനിക്കു ചെന്നൈയിൽ നല്ലൊരു പണി ഉണ്ടായിരുന്നതു കളഞ്ഞിട്ട് ഇവിടെ വന്നു നിൽക്കുന്നത് ദൈവത്തിനു വേണ്ടിയാണെന്നു കാസിം പറഞ്ഞു. എന്തായിരുന്നു ചെന്നൈയിൽ ജോലിയെന്നു ചോദിച്ചപ്പോൾ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് എന്നദ്ദേഹം പറഞ്ഞു. യൂണിയൻ മെംബറാണ്. രജനികാന്തിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ ചെറുപ്പത്തിൽ എം ജി ആറിനെ വരെ കണ്ടിട്ടുണ്ടെന്നു പറഞ്ഞു. കോടമ്പാക്കത്തെ ഏതോ സ്റ്റുഡിയോ കെട്ടിടത്തിന്റെ തണൽ പറ്റി, ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഉച്ചഭക്ഷണത്തിനായി ക്ഷമാപൂർവം വരി നിൽക്കുന്ന കാസിംബാബയെ ഞാൻ മനസ്സിൽ കണ്ടു.

നേരം വൈകിത്തുടങ്ങി. എങ്ങോട്ടു പോകും എന്നായി ചിന്ത. പള്ളിപ്പരിസരത്ത് ഒരു നിവൃത്തിയുമില്ല. വണ്ടി സ്റ്റാർട്ട് ചെയ്ത് കുറച്ചു നേരം ഉള്ളിൽ വെറുതേ ഇരുന്നു. അടുത്ത ടൗൺ സുളൂർപേട്ടയാണ്. അങ്ങോട്ടു പോകണമെങ്കിൽ വന്ന വഴി തിരിച്ചു പോകണം. അതു തന്നെ ചെയ്യാൻ തീരുമാനിച്ചു. തിരിച്ചു പോകുമ്പോൾ മൺചിറയിലൂടെയുള്ള യാത്ര പഴയ പോലെ ബുദ്ധിമുട്ടായിത്തോന്നിയില്ല. അതാണോ, ഇനി ഇരുട്ടാകുന്നതിനു മുൻപേ നല്ല റോഡിലെത്താനുള്ള ആശങ്കയിൽ ഞാനങ്ങനെ സമാധാനിച്ചതാണോ എന്നും ഉറപ്പില്ല. ഏതായാലും കാറിന്റെ സ്പ്രിങ്ങുകൾ ഉച്ചത്തിൽ പ്രതിഷേധിച്ചുകൊണ്ടിരുന്നു. ദൂരെ നിന്ന് ഒരു കൂട്ടം വലിയ പക്ഷികൾ പറന്നു വരുന്നതു കണ്ടു. ഫ്ലെമിംഗോ പക്ഷികളാണ്. ഏകദേശം അമ്പതെണ്ണം വരും. രാജഹംസങ്ങൾ നേരേ പറന്നു വന്ന് വെള്ളത്തിലേക്ക് ഓടിയിറങ്ങി. അവരുടെ ചിറകുകളുടെ കടും പിങ്ക് നിറം തിരിച്ചറിയാൻ സാധിക്കുന്ന ദൂരത്തിലാണു പക്ഷികൾ.venu , travelogue ,iemalayalam

ഞാൻ വണ്ടി നിർത്തി ഇറങ്ങി. ചുവന്ന നിറമുള്ള നീണ്ട കാലുകൾ ബാലെ നർത്തകരെപ്പോലെ താളത്തിൽ വച്ച് അവർ ഭക്ഷണം തിരയാൻ തുടങ്ങി. ആഴം കുറഞ്ഞ ഉപ്പുവെള്ളത്തിൽ ധാരാളമായി വളരുന്ന ഒച്ചുകളെയും മറ്റു ചെറിയ ജീവികളെയുമാണ് അവർ തിരയുന്നത്. വെള്ളത്തിനടിയിൽ തല മുക്കി താഴത്തെ ചേറിൽ നിന്ന് തങ്ങളുടെ വിചിത്രമായ കൊക്കുപയോഗിച്ച് ജീവികളെ അരിച്ചുപെറുക്കിയെടുത്തു തിന്നുകയാണു ചെയ്യുന്നത്. ഇതു കഴിഞ്ഞാൽ രാത്രിയോടെ ചിറകിനടിയിൽ തല വച്ച് അവർ ഉറങ്ങും. ഞാനെവിടെ ഉറങ്ങും എന്ന ചിന്ത എന്നെ പെട്ടെന്നു കാറിനകത്തേക്കു വലിച്ചു കയറ്റി. കുറച്ചു ദൂരം പോയപ്പോൾ മുള്ളു മരച്ചെടികൾക്കിടയിൽ, കോൺക്രീറ്റിൽ നിർമിച്ച പോലെ എന്തോ ഒന്ന് ഇടതുഭാഗത്തു കണ്ടു. നാലു കാലിൽ പൊക്കിക്കെട്ടി രണ്ടു നിലയിൽ നിർമിച്ച ഒരു സംവിധാനമാണ്. മുൻഭാഗത്തു മുറ്റംപോലെ തുറന്ന സ്ഥലവും ഉണ്ട്. ഞാൻ വണ്ടി അങ്ങോട്ടു തിരിച്ചു കയറ്റിയിട്ടു.

പുലിക്കട്ട് പക്ഷിസങ്കേതം വക എന്നെഴുതിയ ഒരു ബോർഡ് അവിടെ കണ്ടു. ഇതു സന്ദർശകരുടെ പക്ഷിനിരീക്ഷണ സൗകര്യാർഥം ആണെന്നും മറ്റൊരാവശ്യത്തിനും ഈ സ്ഥലം ഉപയോഗിക്കാൻ പാടില്ല എന്നും അതിൽ എഴുതിക്കണ്ടു. ഇവിടെയെങ്ങും ആരുമില്ല. അങ്ങോട്ടു പോയപ്പോൾ ഞാനിതു കണ്ടില്ല എന്നെനിക്കു വിശ്വസിക്കാനായില്ല. ഇതൊരു കോൺക്രീറ്റ് ഏറുമാടമാണ്. കുത്തനെയുള്ള ഇടുങ്ങിയ പടികൾ കയറി മുകളിലത്തെ നിലയിൽ ചെന്നു നോക്കിയപ്പോൾ മുന്നിൽ പുലിക്കട്ട് തടാകം അന്തിമിനുക്കത്തിൽ തിളങ്ങി നിൽക്കുന്നു. എതിർഭാഗത്ത് ഇങ്ങോട്ടു വരുമ്പോൾ ആദ്യം കണ്ട ഗ്രാമത്തിലേക്കുള്ള മൺചിറവഴിയും കണ്ടു. സുളൂർപേട്ടയിൽ കിട്ടാൻ സാധ്യതയുള്ള ലോഡ്ജ് മുറിയെപ്പറ്റി ഞാനാലോചിച്ചു. അപ്പോൾത്തന്നെ അതു വേണ്ട എന്നു മനസ്സു പറഞ്ഞു. ഇന്നു രാത്രി ഇവിടെത്തന്നെ കിടന്നുറങ്ങാൻ ഞാൻ തീരുമാനിച്ചു.venu , travelogue ,iemalayalam

പത്തടി നീളവും വീതിയുമുള്ള ഒരു തുറന്ന തട്ടാണിത്. മൂന്നടി പൊക്കത്തിലുള്ള അരമതിലും മേൽക്കൂരയും നാലു ഭാഗത്തേക്കും ദൂരെക്കാഴ്ചയും ഉണ്ട്. ഞാനിപ്പോൾ നിൽക്കുന്ന രണ്ടാമത്തെ നിലയ്ക്കു തറയിൽ നിന്ന് ഇരുപത് അടി ഉയരം വരും. ഞാൻ സാധനങ്ങളെടുക്കാനായി താഴെയിറങ്ങി. ദൂരെ നിന്ന് ഒരു ബൈക്ക് വരുന്നുണ്ടായിരുന്നു. കൈ കാണിച്ചപ്പോൾ അയാൾ ബൈക്ക് നിർത്തി. ഒരു ചെറുപ്പക്കാരനാണ്. പേരു പാർഥിപൻ. വേണാടുകാരനാണ്. തമിഴ്‌നാട്ടിലെ റെഡ്ഹിൽസിലാണു ജോലി. പണ്ട് ഒരുപാടു സിനിമകളുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലമായിരുന്നു റെഡ്ഹിൽസ്.

ഞാൻ ദർഗ കാണാൻ വന്നതാണെന്നു പറഞ്ഞപ്പോൾ പാർഥിപൻ ചിരിച്ചു. ദർഗയിൽ നേർച്ച നേർന്നു ജനിച്ച കുട്ടിയാണ് താനെന്നും തനിക്ക് ആദ്യം പേരിട്ടതു മസ്താൻ എന്നാണെന്നും അയാൾ പറഞ്ഞു. നാട്ടിലും വീട്ടിലും എല്ലാവരും ആ പേര് പറഞ്ഞാണു വിളിക്കുന്നത്. കമ്പനിയിൽ മാത്രമാണു പാർഥിപൻ. കാരണം ഐ ഡി കാർഡിലെ പേര് അതാണ്. ഈ വഴി ഉണ്ടായത് വേണാടുകാർക്കു വലിയ സഹായമായെന്നും ഇപ്പോൾ രാവിലെയും വൈകുന്നേരവും സുളൂർപേട്ട വരെ ബസുണ്ടെന്നും മസ്താൻ പറഞ്ഞു.

ഈ വഴിയൊന്നു ടാർ ചെയ്തു കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. ടാറിങ് നടക്കാത്തതിനു സർക്കാർ പറയുന്നത് ടാറിങ് ദേശാടനപ്പക്ഷികളുടെ ആരോഗ്യത്തെ ബാധിക്കും എന്നും വഴിയരികിൽ നിന്ന് ടാറിന്റെ ചെറിയ തരികൾ കൊത്തിത്തിന്നു പക്ഷികൾ ചത്തൊടുങ്ങും എന്നുമൊക്കെയാണ്. അതു പറഞ്ഞു മസ്താൻ ചിരിച്ചു. ഇന്നു രാത്രി ഞാനിവിടെയാണ് ഉറങ്ങുന്നതെന്നു പറഞ്ഞപ്പോൾ അയാൾക്ക് അതിശയമൊന്നും തോന്നിയില്ല. രാത്രിയിൽ വലയിടാൻ പോകുന്ന ചിലർ വിശ്രമിക്കാൻ ഇവിടെ വരാറുണ്ടെന്നും എന്തെങ്കിലും ചോദിച്ചാൽ കാര്യം പറഞ്ഞാൽ മതി എന്നും പറഞ്ഞുമസ്താൻ പോയി. venu , travelogue ,iemalayalamഞാൻ വണ്ടി കുറച്ചു കൂടി ഒതുക്കി ചെടികളുടെ മറവിലേക്കു മാറ്റി പാർക്ക് ചെയ്തു. റോഡിൽ നിന്നു നോക്കിയാൽ ഇപ്പോഴതു കാണാൻ പറ്റില്ല. രാത്രിയിലേക്കു വേണ്ട സാധനങ്ങൾ ഇറക്കി വച്ചിട്ടു ഞാൻ വെള്ളത്തിന്റെ അരികിലേക്കു നടന്നു. മണൽ കലർന്ന ചെളിയാണ് എല്ലായിടത്തും. വെള്ളത്തിനടുത്തു മണ്ണിൽ പിങ്ക് നിറമുള്ള ഫ്ലെമിംഗോ തൂവലുകൾ ഒരുപാട് കണ്ടു. അതിലൊരെണ്ണം എടുത്തു മണ്ണു തുടച്ചു ഞാൻ പോക്കറ്റിലിട്ടു. നേരം സന്ധ്യയാകാറായി. അവിടെയൊക്കെ കുറച്ചു നേരം വെറുതേ അലഞ്ഞു നടന്നിട്ടു തിരികെ വന്നു കാറിൽ നിന്ന് എന്റെ മടക്കു കസേര എടുത്തു നിവർത്തിയിട്ട് അതിലിരുന്നു.

എവിടെയും ഒച്ചയും അനക്കവും ഇല്ല. ആകാശമിരുണ്ടു തുടങ്ങിയപ്പോൾ തലയ്ക്കു മുകളിലൂടെ ഉറക്കെ ചിലച്ചു കൊണ്ട് അഞ്ചാറ് കാട്ടുതാറാവുകൾ അതിവേഗത്തിൽ പറന്നു പോയി. വീണ്ടും നിശ്ശബ്ദത. അപ്പോൾ ദൂരെ നിന്ന് ഒരു ബൈക്കിന്റെ ശബ്ദം കേട്ടു. അതോടൊപ്പം ഉച്ചത്തിലുള്ള മനുഷ്യ സ്വരവും കേട്ടു. ഒരു ബൈക്കിൽ മൂന്നു പേർ ഉറക്കെ സംസാരിച്ചുകൊണ്ടു കടന്നു പോയി.

അടുത്ത ഒരു മണിക്കൂറിനകം ഇതിലെ ഓടിപ്പോകാൻ പോകുന്ന ഒരുപാടു ബൈക്കുകളിൽ ആദ്യത്തേതു മാത്രമായിരുന്നു അത്. രാത്രി എട്ടുമണിയോടെ അവസാനത്തെ ബൈക്കും പോയി. ഇടയിൽ ഒന്നു രണ്ടു ട്രാക്ടറുകളും ഒരു മിനിലോറിയും കണ്ടു. ഏറ്റവും ഒടുവിൽ വന്നത് ഒരു ബസാണ്. മൂന്നാലു പേർ അവിടെയിറങ്ങി ഗ്രാമത്തിലേക്കുള്ള വഴിയിലൂടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ നടന്നു പോയി. ബാക്കിയുള്ളവരുമായി ബസ് വേണാടിലേക്കു പോയി. ഇനി ഈ ബസ് വരുന്നത് നാളെ രാവിലെ സുളൂർപേട്ടയിലേക്കു തിരിച്ചു പോകുമ്പോഴായിരിക്കും.venu , travelogue ,iemalayalam
ചെറിയ ഒരു കാറ്റുവീശാൻ തുടങ്ങി. മങ്ങിയ നിലാവിലും തടാകവും പരിസരവും വ്യക്തമാണ്. നേരത്തേ കണ്ട ഫ്ലെമിംഗോ പക്ഷികളുടെ ശബ്ദം ദൂരെ വെള്ളത്തിനു മേലേ വീണ്ടും കേട്ടു. തണുപ്പു വീഴുന്നുണ്ട്. ഞാൻ കസേര മടക്കി വച്ച് കാറിൽ നിന്നൊരു കുപ്പി വെള്ളവും ഒരു സ്വെറ്ററും എടുത്തു രണ്ടാം നിലയിലെ എന്റെ വിശാലമായ കിടപ്പുമുറിയിലേക്കു പോയി. കഴിക്കാൻ കൈയിൽ ബിസ്കറ്റല്ലാതെ ഒന്നും ഇല്ല. രണ്ട് ബിസ്കറ്റും തിന്ന് കുറച്ചു വെളളവും കുടിച്ച് സ്ലീപ്പിങ് ബാഗിൽ കയറി കിടന്നയുടനെ ഉറങ്ങിപ്പോയി.

ഒരു സ്വെറ്ററിനും കനം കുറഞ്ഞ സ്ലീപിങ് ബാഗിനും തടയാൻ കഴിയുന്നതിലും കുടുതൽ തണുപ്പുണ്ടായിരുന്നു രാത്രിയിൽ. വെളുപ്പിനു രണ്ടു രണ്ടര മണിയോടെ തുടങ്ങിയ കാറ്റായിരുന്നു പ്രധാന വില്ലൻ. ഈ സമയത്തു താഴെയിറങ്ങിപ്പോയി കാറിൽ നിന്നു ഒരു പുതപ്പു കൂടി എടുക്കാനുള്ള മടി കൊണ്ട് ഞാനാ തണുപ്പു സഹിച്ച് ചുരുണ്ടു കൂടി വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. ഫ്ലെമിംഗോ പക്ഷികൾ ഇപ്പോൾ കൂടുതൽ അടുത്തു വന്നതു പോലെ തോന്നി. അവരുടെ വിളികളും ചിറകടി ശബ്ദങ്ങളും വെള്ളത്തിലെ അനക്കങ്ങളും ഇപ്പോൾ കൂടുതൽ വ്യക്തമായി കേൾക്കാം. എന്റെ വാച്ചിൽ സമയം മൂന്നരയായി. നിലാവു വീണ്ടും മങ്ങിയിരിക്കുന്നു.venu , travelogue ,iemalayalam
പാതിയുറക്കത്തിൽ വീണ്ടും ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. ഇത്തവണ മനുഷ്യരാണ്. നേരെ താഴെ നിന്നാണു ശബ്ദം കേൾക്കുന്നത് എന്നെനിക്ക് തോന്നി. ഞാൻ പതുക്കെ ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു പുറത്തേക്കു നോക്കി. റോഡിൽ ഒരു ബൈക്കിരിപ്പുണ്ട്. വീണ്ടും സംസാരം കേട്ടു. ആരോ പടി കയറി വരുന്നതുപോലെയും തോന്നി. എന്നാൽ ഉടനെ തന്നെ സംസാരവും കാലൊച്ചയും നിലച്ചു. എന്താണിത് എന്നു മനസ്സിലാകാതെ ഞാൻ അനങ്ങാതെ നിന്നു.

താഴെ എന്റെ കാർ പാർക്കു ചെയ്തിരിക്കുന്നത് കുറച്ചു മാറി മറവിലാണെങ്കിലും മുറ്റത്തേക്കു കയറി വരുന്ന ഒരാൾക്ക് അതു കണ്ണിൽ പെടാതിരിക്കാൻ സാധ്യതയില്ല. ഇവിടെ ആളുണ്ടെന്നു മനസ്സിലാക്കി അന്വേഷിക്കാൻ വന്നവരാണ് എങ്കിൽ അതിനവർ തിരഞ്ഞെടുത്ത സമയം തികച്ചും അസാധാരണമാണ്. താഴെ ആരോ ഒരു തീപ്പെട്ടി ഉരച്ചു. രാത്രി മീൻപിടിത്തക്കാർ വിശ്രമിക്കാൻ വരുന്ന കാര്യം ഞാനോർത്തു. വീണ്ടും കാലൊച്ച കേട്ടു. ഇപ്പോഴവർ റോഡിൽ വച്ചിരിക്കുന്ന ബൈക്കിനടുത്തേക്കു നടക്കുകയാണ്. എനിക്കവരെ കാണാം. വെള്ള ഉടുപ്പിട്ട ഒരാളും കൂടെ ഒരു ചെറുപ്പക്കാരനുമാണ്. ഇവർ വലക്കാരല്ലെന്നു വ്യക്തം. എന്തോ ധൃതിയിൽ പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവർ ഇടതുഭാഗത്തേക്ക് ഓടിച്ചു പോയി.

സമയം നാലരയായി. ഞാൻ വീണ്ടും പോയി കിടന്നു. അപ്പോൾ വീണ്ടും ബൈക്കിന്റെ ശബ്ദം കേട്ടു. ഗ്രാമത്തിലേക്കുള്ള വഴിയിലൂടെ ദൂരെ നിന്ന് ഒരു ബൈക്ക് വരുന്നുണ്ട്. ബൈക്ക് റോഡിൽ വന്നു നിന്നു. ഒരു ചെറിയ പയ്യനാണ് ഓടിക്കുന്നത്. പിന്നിലിരുന്ന ഒരു സ്ത്രീ ഇറങ്ങി. പയ്യൻ ബൈക്കിൽ തന്നെ ഇരുന്നു. അധികം വൈകാതെ വേണാട് നിന്നുള്ള ആദ്യത്തെ ബസ് വന്നു. ആ സ്ത്രീ അതിൽ കയറിപ്പോയി. പയ്യൻ തിരിച്ചു ഗ്രാമത്തിലേക്കും പോയി. പെട്ടെന്ന് എല്ലാം ശാന്തമായി. അല്ലെങ്കിൽ എനിക്കങ്ങനെ തോന്നി.

ആ സമയത്ത് ആദ്യം വന്ന ബൈക്ക് വീണ്ടും വന്നു. ഇത്തവണ അവർ വഴിയിൽത്തന്നെ നിന്നു. ഇടയ്ക്കിടെ വെള്ള ഉടുപ്പിട്ടയാൾ എന്റെ കാർ കിടക്കുന്ന ഭാഗത്തേക്കും ഞാൻ മറഞ്ഞു നിൽക്കുന്ന ഭാഗത്തേക്കും മാറി മാറി നോക്കുന്നതും കണ്ടു. ഞാൻ ഇരുട്ടിൽ അനങ്ങാതെ നിന്നു. ഇങ്ങനെയുള്ള ഒളിച്ചുകളികൾ ചിലപ്പോൾ അനാവശ്യമായ സംശയങ്ങൾക്കും അക്രമത്തിനും വരെ കാരണമാകാറുണ്ട്. പോരാത്തതിന് ഞാനിവിടെ അനുവാദമില്ലാതെ കടന്ന് കയറിയ ആളുമാണ്. ആരാണെന്ന് അന്വേഷിച്ച് അവരിേങ്ങാട്ടു വരുന്നതിനു മുൻപ് ഇവിടെയൊരാളുണ്ടെന്ന വിവരം ആദ്യം അങ്ങോട്ട് പറയുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി.

ഞാനെന്റെ ടോർച്ചെടുത്ത് അവർ നിൽക്കുന്ന ഭാഗത്തേക്ക് തെളിച്ച് ‘ഹലോ’ എന്ന് ഉച്ചത്തിൽ പറഞ്ഞു. രണ്ടു പേരും ഞെട്ടിത്തിരിഞ്ഞ് നോക്കി. ഞാൻ ‘ഇങ്കെ ഇക്കടെ’ എന്നൊക്കെ പറഞ്ഞു വീണ്ടും ടോർച്ച് മിന്നിച്ചു. ആരാണെന്നു ചോദിച്ച് ഒരാൾ മുന്നോട്ടു വന്നു. ഞാൻ സംശയിച്ചതുപോലെ എന്റെ സാന്നിധ്യത്തെപ്പറ്റി അവർക്കു യാതൊരു ധാരണയുമില്ലായിരുന്നു എന്ന് വ്യക്തം. ദർഗ കാണാൻ വന്നതാണെന്നും വൈകിപ്പോയതുകൊണ്ട് രാത്രി ഇവിടെ കിടന്നതാണെന്നും ഞാൻ പറഞ്ഞു. നിങ്ങൾ ചെയ്തത് ശരിയായില്ല എന്നയാൾ പറഞ്ഞു. ‘ഇത് റൊമ്പ കെട്ട എടം,’ ആണെന്നും ഉടനെ തന്നെ സ്ഥലം വിടണം എന്നും എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞങ്ങൾ നാട്ടുകാർ വേണം ഉത്തരം പറയാൻ എന്നുമൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. venu , travelogue ,iemalayalamഎന്തായാലും നേരം വെളുക്കട്ടെ എന്നു ഞാനും പറഞ്ഞു. അവർ തമ്മിൽ എന്തോ അടക്കം പറഞ്ഞിട്ട് അയാൾ കുറച്ചു കൂടെ മുന്നോട്ടു വന്ന്, ഇപ്പോൾ പോയ ബസിൽ ഒരു ‘ലേഡീസ്’ കയറുന്നത് കണ്ടോ എന്നു ചോദിച്ചു. കണ്ടില്ല എന്ന് ഞാൻ കള്ളം പറഞ്ഞു. അതിൽ തൃപ്തനാവാതെ ‘ശീഘ്രം ഇങ്ക നിന്നു പോയിടുങ്കെ,’ എന്ന് ആജ്ഞാപിച്ച് അവർ പോയി.

ആകാശത്ത് ആദ്യ വെളിച്ചം കണ്ടപ്പോൾ ഫ്ലെമിംഗോ പക്ഷികളുടെ ചിറകടിയും വിളിയും വീണ്ടും കേട്ടു. ഇപ്പോഴവർ കൂടുതൽ ദൂരത്തേക്കു മാറിപ്പോയിരിക്കുന്നു. എനിക്കും ഇവിടെ നിന്നു പോകാനുള്ള സമയമാകുന്നു. സാധനങ്ങളൊക്കെ തിരിച്ചു കാറിൽ എടുത്തു വച്ച് തയാറായപ്പോൾ ചെറിയ വെളിച്ചം വീണു തുടങ്ങി.

മങ്ങിയ വെളിച്ചത്തിൽ ചിറയുടെ ഇരുഭാഗത്തും വെളുത്ത നിറത്തിൽ കാണുന്നത് ആകാശത്തേക്ക് ആവിയായിപ്പോയ വെള്ളം ഭൂമിക്കു സൂക്ഷിക്കാൻ കൊടുത്തിട്ടു പോയ ഉപ്പാണ്. അടുത്ത മഴയ്ക്ക് അവരതു തിരികെ വാങ്ങിക്കൊള്ളും. മൂടിക്കെട്ടി നിൽക്കുന്ന ചതുപ്പിനപ്പുറം നിറം മങ്ങിയ സൂര്യൻ കണ്ണു തിരുമ്മി എഴുന്നേറ്റു വന്നു.

ചിറ കടന്നു ഞാൻ ടാർ റോഡിലെത്തി ഫോറസ്റ്റ് ഓഫിസും കടന്ന് ഇടത്തേക്കു തിരിഞ്ഞു. കുറച്ചു പോയപ്പോൾ ഒരു വശത്ത് നിരവധി വർണക്കൊക്കുകളും പെലിക്കൻ പക്ഷികളും ഒരുമിച്ചു സംഘമായി വെള്ളത്തിൽ തീറ്റ തേടുന്നതു കണ്ടു. പെലിക്കൻ പക്ഷികളിൽ ചിലതു പൂർണ വളർച്ച എത്താത്തവരായിരുന്നു. താമസിയാതെതന്നെ അവസാനത്തെ അതിഥിയും പുലിക്കട്ട് വിട്ടു പോകും.

തെക്കൻ നിലങ്ങളിൽ നിന്നുയരാൻ തുടങ്ങിയിരിക്കുന്ന ഉഷ്ണവായുവിൽ ചിറക് ചവിട്ടി കൂട്ടമായി അവർ പറന്നു പൊങ്ങുമ്പോൾ, ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും സുഗമമായ ആകാശപാതയുടെ രേഖാചിത്രം-വിശ്രമകേന്ദ്രങ്ങളും കാറ്റിന്റെ ഗതിയും കാലാവസ്ഥയും സഹിതം–അവരുടെയുള്ളിൽ അവരറിയാതെ തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കും.

  • മനോരമ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന വേണുവന്റെ ‘നഗ്നരും നരഭോജികളും’ എന്ന പുസ്തകത്തില്‍ നിന്ന്

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Venu book nagnarum narabhojikalum excerpt

Next Story
DYFI ഡയറീസ്: മുറ്റത്തെ മുല്ലയും ഷ്രൂസ്‌ബെറി ബിസ്ക്കറ്റുംShrewsbury Biscuits Pune
The moderation of comments is automated and not cleared manually by malayalam.indianexpress.com