scorecardresearch
Latest News

വായിക്കാൻ എന്തെങ്കിലും ഉണ്ടോ?

“വിഷ്വല്‍, ഡിജിറ്റൽ മീഡിയ ഒക്കെ ശക്തമായതോടെ നിലച്ചു പോയ ഒരു രഹസ്യ സാഹിത്യ വിഭാഗത്തെ കുറിച്ച് കൂടി പറയണം എന്ന് തോന്നിയത് കൊണ്ടാണ് വായനാദിനത്തില്‍ ഈ പുസ്തകത്തിനെ കൂടി ഓര്‍ത്തത്.” ചിത്രകാരനായ വിഷ്ണുറാമിന്റെ വായനയുടെ അനുഭവലോകം

വായിക്കാൻ എന്തെങ്കിലും ഉണ്ടോ?

കുട്ടിക്കാലത്ത് അവധി ദിവസങ്ങളില്‍ ഞാന്‍ തെണ്ടാന്‍ ഇറങ്ങും. വായിക്കാന്‍ ഒന്നും ഇല്ലാത്തവന്‍ അതിനായി വീടുകള്‍ തോറും കയറി ഇറങ്ങുന്നതിനെ അങ്ങനെ തന്നെ പറയണമല്ലോ. എപ്പോഴും ഇതേ ആവശ്യത്തിന് ചെല്ലുന്നതില്‍ ഉള്ള മുഷിപ്പ് കൊണ്ടോ മറ്റ് ജോലികളില്‍ വ്യാപൃതര്‍ ആയവരോ ‘ ഓ ..ഒന്നുമില്ല ‘ എന്ന് മുഖം ചുളിച്ചു കാട്ടുമെങ്കിലും വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു അടുക്ക് വായന സാമഗ്രികള്‍ കയ്യില്‍ ഉണ്ടാകും.

മനോരമ, മംഗളം, വനിത, ആരോഗ്യ മാസിക മുതല്‍ മനോരമയുടെ ഞായറാഴ്ച പതിപ്പിനൊപ്പമുള്ള വാരിക മാതൃകയിലുള്ള ‘ശ്രീ” വരെ അതില്‍ ഉണ്ടാകും .അതിന്‍റെ രൂപകല്‍പന ഒക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതറിഞ്ഞു പഴയത് ഒക്കെ മാറ്റി വെച്ച് തരുന്ന ഒരു സുഹൃത്തും ഉണ്ടായിരുന്നു. കിട്ടുന്നത് എന്തും വായിക്കാനുള്ള കൊതി അന്നുണ്ട്.കടയില്‍ നിന്ന്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന പേപ്പറിലെ വായന ഒരു പേജില്‍ മുറിഞ്ഞു പോകുമ്പോള്‍ നിരാശ തോന്നിയിട്ടുണ്ട്.

ഹൈസ്കൂള്‍ കാലത്താണ് ഒരു സുഹൃത്ത് പറഞ്ഞ് ഞങ്ങളുടെ പഞ്ചായത്തിലും ഒരു വായനശാല ഉണ്ടെന്ന് അറിഞ്ഞത്. ഇന്‍റര്‍വെല്‍ സമയങ്ങളില്‍ തണല്‍ മരത്തിന്‍റെ ഉരുളന്‍ വേരുകളില്‍ ഇരുന്ന്‍ അവന്‍ തോമസ് ടി അമ്പാട്ടിനെ വായിച്ചത് ഒരു സിനിമ കഥ പോലെ പറയും.
ഞാനും വരട്ടെ?

“ഒരാള്‍ റെക്കമെന്‍റ് ചെയ്താലേ മെമ്പര്‍ഷിപ്പ് കിട്ടൂ, നീ വാ ഞാന്‍ പറയാം.” പെട്ടെന്ന്‍ അവന്‍ വല്യ ആളായി .

വായനശാലയിലേക്ക്

വായനാദിനം , VishnuRam , IE Malayalam

ആണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ അതില്‍ കൂടാതെ ഇടവഴി കേറി വായനശാലയിലേക്ക് വച്ച് പിടിച്ചത് ആവണം പൊതുസങ്കൽപ്പങ്ങളില്‍ നിന്നുള്ള എന്‍റെ ആദ്യ മാറി നടത്തം.കുട്ടി എന്ന ഇളവുകളില്‍ നിന്ന് കൂടി ഒഴിവാക്കപ്പെടുന്ന പ്രായം കൂടി ആയതിനാല്‍ ആവണം ഞാന്‍ നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. “എന്താണ് ഇങ്ങനെ?” പക്ഷേ ആ നടത്തം ആവണം ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള എന്നിലേക്കുള്ള ആദ്യ പടി.

ഒരുപക്ഷേ,അവിടെ പോയില്ലായിരുന്നു എങ്കില്‍ പുസ്തകങ്ങള്‍ക്ക് വരക്കണം എന്നുള്ള ആഗ്രഹമോ അതിന് വേണ്ടിയുള്ള പ്രയത്നമോ എന്നില്‍ ഉണ്ടാവുകയില്ലായിരുന്നു. അതിനും അപ്പുറം ഒരു വ്യക്തി എന്ന നിലയില്‍ പുറത്ത് നിന്ന് എന്നെ നോക്കി കാണാനും സമൂഹത്തിന്‍റെ വാര്‍പ്പ് മാതൃകകളില്‍ പെടാത്തത് കൊണ്ടാണ് നീ ചോദ്യം ചെയ്യപ്പെടുന്നത് എന്ന്‍ മനസിലാക്കാനും എന്നെ സഹായിച്ചത് വായനയാണ്.

മെമ്പര്‍ഷിപ്പ് ഒക്കെ ശരിയായി .ആദ്യ പുസ്തക അലമാരയിലേക്ക് അടുക്കു മ്പോള്‍ മഞ്ഞനിറംവീണ പുസ്തകങ്ങളുടെ മണം കൊതിപ്പിച്ചു. സ്വാഭാവിക മായും ആദ്യം തിരഞ്ഞെടുത്തത് തോമസ് ടി അമ്പാട്ടിനെ തന്നെ. അപസർപ്പകകഥകളിൽ ലഹരി പിടിച്ചു. പിന്നെ അത് സ്ഥിരമാക്കി. അഗത ക്രിസ്റ്റി മുതല്‍ ഡ്രാക്കുള വരെ എന്നോടൊപ്പം വീട്ടിലേക്ക് വന്നു.

വായനാദിനം , VishnuRam , IE Malayalam

അന്നത്തെ സാഹചര്യം ഇത്തരം നോവലുകള്‍ക്ക് പറ്റിയതായിരുന്നു. കറന്റ് കടന്നുവന്നിട്ടില്ലാത്ത നാട്ടില്‍ മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരി വെട്ടത്തില്‍ കുനിഞ്ഞിരുന്നു വായിക്കുമ്പോള്‍ രാത്രി ഏതെങ്കിലും പക്ഷി ചിലച്ചാല്‍ അറിയാതെ നോവലിലേക്ക് ഇറങ്ങി നില്‍ക്കും പോലെ തോന്നും. ചതുപ്പ് നിലങ്ങളില്‍ കുളമ്പടിയൊച്ച കേട്ട് തുടങ്ങി. അവന്‍ വരുന്നു . രക്തദാഹിയായ പിശാച്.

രണ്ട് കാരണങ്ങള്‍ കൊണ്ട് ആണ് അപസര്‍പ്പക നോവലുകളില്‍ നിന്ന്‍ ഞാന്‍ വിട്ടു പോന്നത്. ആദ്യത്തേത് ഒരു നൂറു പ്രേതകഥകള്‍ എന്ന പുസ്തകം എന്‍റെ ബാഗില്‍ കണ്ട് അമ്മ ഒരു ദിവസം നല്ല ചീത്ത പറഞ്ഞു .
‘ഇപ്പഴല്ലേ കാര്യം മനസിലായത്. ഇതൊക്കെ വായിച്ചിട്ട് രാത്രി കിടന്ന്‍ ഓരോപിച്ചും പേയും പറച്ചിലും കൂവലും. ഇന്നത്തോടെ നിര്‍ത്തിക്കോണം ‘

ങേ ഞാനോ…? അന്തംവിട്ടുപോയി.

എന്നെ അങ്ങനെ സങ്കല്‍പ്പിച്ചു നോക്കി. ച്ചേ, അന്ന് വൈകിട്ട് തന്നെ പ്രേതങ്ങളെ എല്ലാം വായനശാലയില്‍ തിരിച്ചേല്‍പ്പിച്ചു. പിന്നെ ഈ ടൈപ്പ് നോവലുകള്‍ക്ക് ഉള്ള ഒരു പ്രത്യേകത എല്ലാം ഏകദേശം ഒരു പോലെ തോന്നിക്കും എന്നുള്ളതാണ്.

ഇടിഞ്ഞു പൊളിഞ്ഞ കൊട്ടാരം , ‘റിസീവര്‍ ക്രാഡിലിലേക്ക് ഇട്ടു’ തുടങ്ങിയ പ്രയോഗങ്ങള്‍. പിന്നെ ഫെര്‍ണാണ്ടസ്, ലൂസി പോലുള്ള പേരുകള്‍. എന്തുകൊണ്ട് എനിക്ക് ചിരപരിചിതപ്പേരുകളായ ഷാജിയോ പ്രഭാകരനോ ശാന്തയോ ഗീതയോ ഈ കഥകളില്‍ വരുന്നില്ല. ഞാനാ ഷെല്‍ഫ് എന്നെന്നേ ക്കുമായി അടച്ചു.

ഇനി ബഷീറിന്റെ വരവാണ്

ബഷീറിന്റെ കയ്യില്‍ ഒതുങ്ങുന്ന പുസ്തകങ്ങളുമായി ചെന്ന ദിവസം അച്ഛന് വലിയ സന്തോഷം. “ഇവരെയൊക്കെയാണ്‌ നീ വായിക്കേണ്ടത്” പുസ്തകവായന ഒന്നുമില്ലാത്ത അച്ഛന്‍ പറയുകയാണ്. അന്നും ഇന്നും ഏതെങ്കിലും പുസ്തകം കണ്ടാല്‍ ഉടനെ എടുത്തു നോക്കി അഭിപ്രായം പറയും . ലോക് ഡൌണില്‍ ഓണ്‍ലൈന്‍ ആയി വരുത്തിയ ‘ തസ്കരന്‍ ‘ കണ്ട് മുഖം ചുളിച്ചു.

അന്നൊക്കെ പുസ്തകങ്ങളുടെ അവസാന പേജില്‍ ആ എഴുത്തുകാരന്റെ എല്ലാ കൃതികളുടെയും പേര് കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു .അങ്ങനെ ഒരു ദിവസം ഞാന്‍ പ്രഖ്യാപിച്ചു .ബഷീറിന്റെ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചു കഴിഞ്ഞു. എനിക്കതില്‍ ഏറ്റവും ഇഷ്ടം തോന്നിയത് ബഷീറിന്റെ വീടും പരിസരവും വര്‍ണ്ണന ആണ് . പിച്ചിയും മുല്ലയും പൂപ്പരുത്തിയും അതിര് പങ്കിടുന്ന വീട്ടില്‍ ചെമ്പരത്തികള്‍ പൂത്ത് നില്‍ക്കും .
അന്നൊക്കെ വീടിനെ കുറിച്ചുള്ള പോര എന്നുള്ള എന്റെ ചിന്തകള്‍ക്ക് ആശ്വാസം ആയിരുന്നു ബഷീറിന്റെ വര്‍ണ്ണന. ഹാ ഇതുമായി വെച്ച് നോക്കുമ്പോള്‍ ജോറാണല്ലോ. പിച്ചിയും മുല്ലയും നന്ത്യാര്‍വട്ടവും പൂപ്പരുത്തിയും ഇവിടുണ്ട്. പോരാത്തേന് ചെമ്പരത്തിയും

വായനാദിനം , VishnuRam , IE Malayalam

വായന പിന്നെ ലഹരിയായി തുടങ്ങി. കാക്കനാടന്‍, മാധവിക്കുട്ടി ഒക്കെ ബഷീറിന് പിന്നാലെ എന്‍റെ പ്രീയപ്പെട്ടവരായി.
അടിക്കടി വായനശാലയില്‍ പോകാതെ പറ്റില്ല എന്നായി.അങ്ങോട്ട്‌ പോകുന്നത് തന്നെ വലിയ സന്തോഷം ആയി. ലൈബ്രേറിയന്‍ ആയ ജയലാല്‍ സാറിന് പൊതുചടങ്ങുകളില്‍ ഒക്കെ പങ്കെടുക്കാന്‍ പോകേണ്ടി വരുമ്പോള്‍ വായനശാല തുറക്കാനുള്ള ഒരു സ്പെയര്‍ താക്കോല്‍ നിത്യസന്ദര്‍ശകനായ എനിക്ക് തരുന്നതിലേക്ക് വരെ എത്തി. ഓരോ ശനിയാഴ്ചയും ആ ആഴ്ചകളിലെ വാരികകള്‍ വീട്ടില്‍ കൊണ്ടുപോയി മതിയാകും വരെ വായിക്കാനുള്ള അനുമതിയും സാര്‍ തന്നിരുന്നു .അങ്ങനെ വീട്ടുകാര്‍ അടക്കം “സമ്പന്നരായ” വായനക്കാര്‍ ആയി മാറി.

വായനാദിനം , VishnuRam , IE Malayalam

വായനശാലയിലേക്ക് പോകുന്ന ഇടുങ്ങിയ മതിലുകള്‍ക്കിടയില്‍ ഉള്ള വഴിയില്‍ അഞ്ച് മണിവെയില്‍ കായാന്‍ കുറെ തുമ്പികള്‍ ഉണ്ടാകും.ഇടയ്ക്ക് അവരെ നോക്കി നിന്ന്‍ ഞാന്‍ കൈകള്‍ ഇരുവശത്തേക്കും വിരിച്ച് തുമ്പി എന്ന മട്ടില്‍ മതിലില്‍ പറ്റി നില്‍ക്കും. റിയാലിറ്റി എന്ന നേര്‍വരയേക്കാള്‍സങ്കൽപ്പങ്ങൾ ഒക്കെ ഉണ്ടായി തുടങ്ങിയ സമയമാണ്. ഓര്‍ക്കുമ്പോള്‍ അത് വലിയ റിസ്ക്‌ ഉള്ള കാര്യമാണ്. ഇടവഴിയിലൂടെ ആരെങ്കിലും വന്നാല്‍ മാറാൻ പറ്റില്ല . എന്ത് ചെയ്യുകയാണ് എന്ന് ചോദിച്ചാല്‍?. ഉള്ളത് പറഞ്ഞാല്‍ അവര്‍ എന്ത് പറയും.

“വട്ടാണ് ” അല്ലാതെ എന്ത് പറയാനാണ്

ഞാന്‍ ചില ചിത്രങ്ങള്‍ ഒക്കെ വരക്കുമ്പോള്‍ ആളുകള്‍ ചോദിക്കും ഇതെങ്ങ നെ തോന്നി എന്ന്. ശരിക്കും വായനയ്ക്ക് അങ്ങനെ ഉള്ള തോന്നലുകള്‍ ഉണ്ടാ ക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നു. വായനയില്‍ സജീവമായിരിക്കു മ്പോള്‍ ആണ് എനിക്ക് അങ്ങനെ ഓരോ ഐഡിയകള്‍ ഒക്കെ ചിന്തയില്‍ വരിക. തുമ്പി മതിലില്‍ ഇരിക്കുന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് അവഗ ണിച്ചു കടന്നു പോകാവുന്ന കേസാണ്. തുമ്പിക്ക് ഒപ്പം അങ്ങനെ ഇരുന്നു നോക്കാനുള്ള തരം ചെറിയ ചില ഉന്മാദങ്ങളൊക്കെ ഇല്ലെങ്കില്‍ എന്ത് ബോറാണ് ജീവിതം.

എത്രയെത്ര മദാലസ രാത്രികള്‍

വായനാദിനം , VishnuRam , IE Malayalam

എനിക്കും തരുമോ ?

“നിനക്ക് തരുന്ന പ്രശ്നമേ ഇല്ല. എന്നിട്ട് വേണം ആരെങ്കിലും പൊക്കിയാല്‍ ഞങ്ങടെ എല്ലാം പേര് പറഞ്ഞു കൊടുക്കാന്‍.”
ഇനിയൊന്നും പറയണ്ട എന്നമട്ടില്‍ ഒരു ഭാവമാണ് പ്രതികരണം .വായിച്ചവര്‍ ഒക്കെ അഭിപ്രായം പറയുമ്പോള്‍ എരിവ് കടിച്ചത് പോലുള്ള ശബ്ദപ്രതികര ണം അടക്കം എന്നെ അത് വല്ലാതെ കൊതിപ്പിച്ചിരുന്നു. പക്ഷെ എന്ത് ചെയ്യാം ഫസ്റ്റ് ബെഞ്ച്‌ ‘ഇള്ളക്കുട്ടി ‘ ഇമേജ് ആണ് ഇത് പോലെ ഉള്ള അവസരങ്ങളില്‍ വിലങ്ങുതടി ആവുന്നത്. ഒന്ന്‍ രണ്ടു വട്ടം തോറ്റ് മീശ മുളച്ചു തുടങ്ങിയവര്‍ കൊച്ചാക്കി കളയും. മൂത്രപ്പുരയുടെ ഉപ്പ് മണക്കുന്ന തണുപ്പില്‍ നാലായി മടക്കി ഇടുപ്പില്‍ തിരുകിയ കളര്‍ പടം എനിക്ക് മുന്നില്‍ നിവര്‍ത്തി ‘ എടാ എനിക്കൊരു പെങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനിവന് കെട്ടിച്ചു കൊടുത്തേനെ’ എന്ന് പറഞ്ഞ സുഹൃത്ത് ആണ് ഈ വിഷയത്തില്‍ ഇടനിലക്കാരന്‍ ആക്കാന്‍ ഇനിയുള്ള പ്രതീക്ഷ.
നിനക്ക് പെങ്ങന്മാര്‍ ഇല്ലാത്തത് കൊണ്ട് തോന്നുന്നതാ. ഞാന്‍ പടത്തിനു കുറുകെ കുരിശു വരച്ച മടക്ക് അടയാളം നോക്കി പറഞ്ഞത് അവന്‍ ഇഷ്ടപ്പെട്ടു കാണില്ലായിരിക്കുമോ. പക്ഷേ അതൊന്നും ഓര്‍ത്തു വെയ്ക്കാത്തത്‌ കൊണ്ടായിരിക്കും അവന്‍ ശ്രമിച്ചു നോക്കാം എന്ന് ഏറ്റു.
ഒടുവില്‍ കൂട്ടമണി അടിച്ചതോടെ എന്‍റെ എല്ലാ പ്രതീക്ഷയും തീര്‍ന്നു. മടങ്ങു മ്പോള്‍ പിന്നില്‍ നിന്നൊരു വിളി. പത്രപേപ്പര്‍ കൊണ്ട് പൊതിഞ്ഞു കാഴ്ചയില്‍ ഒരു നോട്ടുബുക്ക് എന്ന് തോന്നിക്കുന്ന രതിരഹസ്യം എനിക്ക് കൈമാറി അവന്‍ പറഞ്ഞു.
“എന്‍റെ ഉറപ്പിലാ തന്നത് സൂക്ഷിക്കണം”

ഉടുപ്പ് മാറുമ്പോള്‍ ഞാന്‍ പൊതി അഴിച്ചു നോക്കി.

‘എത്രയെത്ര മദാലസ രാത്രികള്‍’

വിഷ്വല്‍, ഡിജിറ്റൽ മീഡിയ ഒക്കെ ശക്തമായതോടെ നിലച്ചു പോയ ഒരു രഹസ്യ സാഹിത്യ വിഭാഗത്തെ കുറിച്ച് കൂടി പറയണം എന്ന് തോന്നിയത് കൊണ്ടാണ് വായനാദിനത്തില്‍ ഈ പുസ്തകത്തിനെ കൂടി ഓര്‍ത്തത്.

വായന നൽകുന്ന ദാർശനികമായ ഉൾക്കാഴ്ചകളുടെ ആഴക്കടലുകളല്ല എന്നെ ആ ലോകത്തേക്ക് നയിച്ചത്. വായന എനിക്ക് പുതിയ പല ലോകങ്ങൾ കാണിച്ചു തന്നിട്ടുണ്ട്. ഇപ്പോഴും പുതിയ നിരവധി കാഴ്കളിലേക്ക് വാതിൽ തുറന്നു തരുന്നുമുണ്ട്. നിരാശപ്പെടുത്തിയ വായനയും ഉണ്ട്. ആശയും നിരാശയും എല്ലാം വായനയുടെ ഭാഗമാണ്. ആദ്യവും അവസാനവുമായി വായന എന്‍റെ ആനന്ദമാര്‍ഗ്ഗം മാത്രമാണ്.

Also Read: കോവിഡ് കാലത്തെ വാക്ക് വഴികൾ

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Vayana dinam vishnu ram on reading and books that shaped his world