വായിക്കാത്ത ഒരു ദിവസം എനിക്ക് ചിന്തിക്കാനാകില്ല. മരിച്ചു കിടന്നാല്‍ പോലും മരണവൃത്താന്തങ്ങള്‍ വായിച്ചു കൊണ്ടിരിക്കുന്ന സ്വപ്‌നം ഇടയ്ക്കിടെ ഞാന്‍ കണ്ടിട്ടുണ്ട്. പുസ്തകങ്ങളില്ലാത്ത, അക്ഷരങ്ങളില്ലാത്ത ജീവിതം! ഓര്‍ക്കുന്നതേ പേടിയാണ്. ഞാന്‍ തന്നെ, പലര്‍ക്കും വായിക്കാനുള്ള അക്ഷരത്തിന്റെ, അക്ഷരങ്ങളുടെ ഒരു മഹാമേരുവാണ് എന്ന് അഹങ്കരിച്ചു വിശ്വസിക്കുന്നു. 64 വര്‍ഷക്കാലത്തെ ജീവിതത്തില്‍ വായിച്ചു കൂട്ടിയ അക്ഷരങ്ങളും വാക്കുകളും ചില പ്രത്യേക നിറമുള്ള വേഷങ്ങള്‍ ധരിച്ച് നൃത്തമാടുന്നത് ഞാന്‍ ഭാവനയില്‍ കണ്ടിട്ടുണ്ട്. ചില പുസ്തകങ്ങള്‍ എന്നെ കരയിപ്പിച്ചിട്ടുണ്ട്. ചില വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. ചില പുസ്തകങ്ങളാകട്ടെ എന്നെ നിതാന്ത നിശ്ശബ്ദതയിലേക്ക് വലിച്ചു കൊണ്ട് പോയിട്ടുണ്ട്.
ഞാന്‍ ജീവിതത്തില്‍ ആദ്യം വായിച്ചത് പുസ്തകമല്ല, ആലങ്കാരികമായ അര്‍ത്ഥത്തില്‍. അമ്മയെയാണ്, അമ്മയെന്ന പുസ്തകത്തെയാണ് ആദ്യം വായിച്ചത്. ഒരു ബ്രഹ്മാണ്ഡത്തിലുള്ള അറിവിനേക്കാള്‍ അറിവ് അമ്മയിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷെ ആലങ്കാരികമാകാം. പക്ഷെ സത്തയില്‍ അത് ആലങ്കാരികമല്ല; യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാകാം ‘അമ്മ’ എന്ന മഹത്തായ നോവ ഇന്നും മനസില്‍ പച്ചപ്പോടെ നില്‍ക്കുന്നത്. ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍’ എന്ന നോവലില്‍ ദാഹജലമില്ലാതെ മരിക്കാന്‍ പോകുന്ന ഒരു മനുഷ്യന് മുലപ്പാല്‍ ഇറ്റിച്ചുകൊടുക്കുന്ന അമ്മയെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തത്. ഒന്നര വയസുവരെ അമ്മയുടെ ചട്ട പൊക്കി മുലകുടിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. പക്ഷെ അമ്മ അനിയനെ പ്രസവിച്ച് ആശുപത്രിയില്‍ നിന്നും മടങ്ങി ആംബുലന്‍സില്‍ വന്നപ്പോള്‍ അമ്മായി പറഞ്ഞു ‘ഇനി മോന് അമ്മിഞ്ഞയില്ല. സ്വര്‍ഗത്തിലെ മാലാഖക്കുഞ്ഞുങ്ങള്‍ക്ക് മൊല കൊടുക്കാന്‍ പോയി.’ അതൊരു പുതിയ വായനയായിരുന്നു.
അതോടെ അമ്മയെന്ന വായന എന്നില്‍ അവസാനിച്ചു. പിന്നെ എന്റെ രണ്ടാമത്തെ വായന അപ്പന്റെ പെങ്ങള്‍ പെളമാമ്മായി ആയിരുന്നു. അമ്മായിയുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടന്നപ്പോള്‍ അമ്മായി കഥയുടെ താളുകളായി മറിഞ്ഞ് എന്നെ വായിപ്പിക്കാന്‍ തുടങ്ങി. നാട്ടുകഥകള്‍, ചരിത്ര സംഭവങ്ങള്‍, പുണ്യവാളന്മാരുടേയും പുണ്യവതികളുടേയും കഥകള്‍. 16 വയസുവരെ അമ്മായി പുസ്തകമായി എന്റെ നെഞ്ചോട് പറ്റിച്ചേര്‍ന്നിരുന്നു. എന്റെ 16ാം വയസില്‍ അമ്മായി സെറിബ്രല്‍ ഹെമറേജ് വന്ന് കോമാ സ്‌റ്റേജിലായപ്പോള്‍ അമ്മായി എന്ന പുസ്തകം അതോടെ അടഞ്ഞു.
അമ്മയില്ലാത്ത കുട്ടികളുടെ ഏകാന്തതകള്‍…അമ്മായിയുടെ സ്‌നേഹവാത്സല്യ സ്വരമില്ലാത്ത ദിവസങ്ങള്‍…
ഞാന്‍ ഭൂമിയുടെ നെഞ്ചിലൂടെ പുസ്തകങ്ങളെ തേടി ഇറങ്ങി. മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ ബോബനും മോളിയില്‍ നിന്നുമാണ് പുസ്തക വായന തുടങ്ങിയത്. പിന്നെ പൈങ്കിളി നോവലുകളിലൂടെ വായന പുരോഗമിച്ചുകൊണ്ടിരുന്നു. പൈങ്കിളി നോവലില്‍ നിന്നും ഡിക്റ്റക്ടീവ് നോവലുകളിലേക്ക് മറുകണ്ടം ചാടി. ദുര്‍ഗ്ഗാ പ്രസാദ് ഖത്രി, കോട്ടയം പുഷ്പനാഥ്, നീലകണ്ഠന്‍ പരമാര… അവര്‍ എന്റെ മനസില്‍ വായനയുടെ രാജാക്കന്മാരായി ചെങ്കോലും കിരീടവും ചൂടി നിന്നു.
നാടെങ്ങും ആധുനികതയുടെ ഇടിമുഴക്കങ്ങള്‍ ഉണ്ടായപ്പോള്‍ അവിടെ നിന്നും പതുക്കെ വിദേശ ക്ലാസിക്ക് തര്‍ജ്ജമകളുടെ തിരുമുറ്റത്തേക്ക് കാലെടുത്തുവച്ചു. ടോള്‍സ്‌റ്റോയി, ദസ്‌തേയവിസ്‌കി, മാക്‌സിം ഗോര്‍ക്കി, ചെക്കോവ്, പേള്‍ എസ് ബക്ക്, ഹെമിംഗ്വേ, അതൊരു വായിച്ചാല്‍ തീരാത്ത യാത്രയായിരുന്നു. ബംഗാളിയില്‍ സുനില്‍ ഗംഗോപാധ്യായ, താരാശങ്കര്‍ ബാനര്‍ജി, ബിമല്‍ മിത്ര… ഇവരിലൂടെ സഞ്ചരിച്ച് ഒടുക്കം കാമുവിലും, കാഫ്കയിലും സാര്‍ത്രിലും ഒക്കെ കയറിപ്പറ്റി. പിന്നെ മാര്‍കേസ്, യോസേ, ഹുവാന്‍ റൂള്‍ഫോ, സാദിക് ഹിദായത്ത്, ബോര്‍ഹസ്, കോര്‍ത്തസാര്‍…
ഇതിനിടയില്‍ മലയാളത്തില്‍ ബഷീര്‍, കാരൂര്‍, ഉറൂബ്, സരസ്വതിയമ്മ, കോവിലന്‍, ടി.പത്മനാഭന്‍, എം.ടി, സേതു, മുകുന്ദന്‍, കാക്കനാടന്‍, പുനത്തില്‍, ഒ.വി വിജയന്‍, സക്കറിയ… വി.പി ശിവകുമാര്‍ ഇവരിലൂടെയായിരുന്നു വായനയുടെ ജൈത്രയാത്ര…
പിന്നെ എന്റെ തലമുറയില്‍ പെട്ടവര്‍- ഇപ്പോള്‍ പുതിയ കുട്ടികള്‍… സോകര്ട്ടീസ് വാലത്തിന്റെ മുഴുവന്‍ സമാഹാരവുമാണ് ഇപ്പോള്‍ വായന…
വാക്കുകള്‍ ഭൂമിയിലേക്ക് ജനിച്ചു വീണാല്‍ പിന്നെ മരിക്കില്ല. അവ അനശ്വരമാണ്. അവ മനുഷ്യ മനസുകളില്‍ തിരയടങ്ങാത്ത അലകള്‍ പോലെ, വീശിത്തീരാത്ത കാറ്റു പോലെ, പറഞ്ഞാല്‍ തീരാത്ത വിസ്മയം പോലെ മനുഷ്യനെ ജ്ഞാനത്തിലും സംസ്‌കാരത്തിലും, മൂല്യത്തിലും ഉറപ്പിച്ചു നിര്‍ത്തുന്നു. ആ പുസ്തകങ്ങളുടെ മഹാവിസ്മയം അനുഭവിക്കാത്തവര്‍-അയ്യോ അവര്‍ക്ക് കഷ്ടം എന്നേ പറയാനുള്ളൂ.