”All these are readers, and their gestures, their craft, the pleasure, responsibility and power they derive from reading, are common with mine. I am not alone.”
(History of Reading / Alberto Manguel )

വ്യത്യസ്ത ഇടങ്ങളിലൂടെ കൈവന്ന വായനകളാണ് പറയാന്‍ ശ്രമിക്കുന്നത്. ഇടം,കാലം തുടങ്ങിയ മാനകങ്ങളെ ആസ്പദമാക്കി മാത്രം വിശദീകരിക്കാവുന്ന പ്രക്രിയയാണ് വായന. ഓരോ കാലവും ഓരോ വായനയാണ്. വായിച്ചവ തന്നെ വീണ്ടും വായിക്കുമ്പോള്‍ തെളിഞ്ഞ് കത്തുന്ന ചില ബിന്ദുകളുണ്ട്. നാം പരിപൂര്‍ണ്ണസമര്‍പ്പണം നടത്തേണ്ട പ്രക്രിയയായി വായന മാറുന്നത് അതിനാലാണ്. ശശിമാഷ് (എന്‍ ശശിധരന്‍ ) വായന ഒരു ഏകാന്തമായ പ്രവൃത്തിയാണ് എന്ന് പറയാറുണ്ട്. വായന ഏകാകിയുടെ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള വിമോചനത്തിനായി മനുഷ്യന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഒന്ന് മാത്രമാണ്. മരണത്തെക്കാള്‍ തീവ്രമായ ഈ ഒറ്റപ്പെട്ടലിനെ എന്തിനാലാണ് പ്രതിരോധിക്കുക. വാക്കല്ലതെ മറ്റൊരു മാര്‍ഗ്ഗമില്ല. പുസ്തകം എന്ന വസ്തു വാഗ്ദാനം ചെയ്യുന്ന വിഹായസ്സ് ഏകാന്തതയ്ക്കുള്ള ശാശ്വതപരിഹാരമാകാം അല്ലെങ്കില്‍ നിത്യമായ വിഷാദകയത്തിലേക്കും പോകുന്നു. വ്യക്തിപരമായി വായന, അനുദിനം വര്‍ധിക്കുന്ന ഒറ്റപ്പെടലിനെയും വിഷാദത്തെയും നേരിടാനുള്ള ഉപാധിയാണ്. വായന ആരംഭിച്ച നാളുകളില്‍ ഇതായിരുന്നില്ല ലക്ഷ്യം. കാലാനുസൃതമായും ദേശാനുസൃതമായും വായനയുടെ ലക്ഷ്യം മാറുന്നു. പല ഇടങ്ങളിലായി, പല കാലങ്ങളിലായി വായിച്ച ഒരു വ്യാഴവട്ടകാലത്തിന്റെ വായനാനുഭവം മാത്രമാണ് ഇവിടെ പറയുന്നത്.

1

വായനയിലേക്ക് കടന്ന് വന്നത് ഏതൊരു മലയാളിയെയും പോലെ ബാലപ്രസിദ്ധീകരണങ്ങളിലൂടെയും അമര്‍ചിത്രകഥകള്‍ അച്ഛന്‍ കൊണ്ടുവരുമായിരുന്നു. ഒാട്ടോ ഡ്രൈവറായിരുന്ന അദ്ദേഹം ജോലി കഴിഞ്ഞ് വരുമ്പോള്‍ അമര്‍ചിത്രകഥകളും, ബാലരമ,കളിക്കുടുക്ക, ബാലമംഗളം, തത്തമ്മ, പൂമ്പാറ്റ, ബാലഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളും വാങ്ങി വരുമായിരുന്നു. പാഠപുസ്തകങ്ങളെക്കാളും അക്കാലത്തെ ആനന്ദഭരിതമാക്കിയത് അച്ഛന്‍ കൊണ്ടുവരുന്ന പുസ്തകങ്ങളാണ്.അത് പകര്‍ന്ന് തന്ന ഭാവനയുടെ അപരിമേയമായ ലോകമാണ്. നാം ജീവിക്കുന്ന ചെറിയ ഇടത്തില്‍ നിന്ന് ആഹ്ലാദത്തിന്റെ വിശാലതയിലേക്ക് തുഴയാന്‍ പുസ്തകങ്ങള്‍ തുഴ തന്നു. നമ്പോലനും വൈദ്യരും കലൂപിയും കപീഷും ലുട്ടാപ്പിയും രാജുവും രാധയും നിശബ്ദനായ പപ്പൂസും ജീവിതത്തിലെ അല്ലലിന്റെ കടല്‍ നീന്താന്‍ താങ്ങായി. വീട്ടിലെ ചിത്രമാസികകള്‍ വിട്ട് പുസ്തകങ്ങളുടെ ശിഖരത്തിലേക്ക് ചേക്കേറുന്നത് അഞ്ചാം ക്ലാസ്സിന് ശേഷമാണ്. നാട്ടിലെ വായനശാല ആദ്യമായി ശ്രദ്ധിക്കുന്നത് ഇക്കാലത്താണ്.അഞ്ച് രൂപ മെമ്പർഷിപ്പിൽ ഒരു അഞ്ചാം ക്ലാസ്സുകാരൻ ഇവിടേക്ക് പ്രവേശിക്കുകയും റാക്കുകളിൽ അടുക്കിയ പുസ്തകങ്ങളും,മേശമേൽ ചിതറി
കിടക്കുന്ന മാഗസിനുകളും കണ്ട് അല്പം ഭയന്ന്, കൂട്ടി വായിച്ചപ്പോൾ നേരിയ സന്തോഷം പകർന്ന പുസ്തകവുമെടുത്ത്,
ലൈബ്രറിയേറിയന്റെ മുഖത്തേക്ക് നോക്കാതെ രജിസ്റ്ററിൽ ചേർത്ത് ,സഹജമായ ലജ്ജയാലും പരിഭ്രമത്താലും വിറച്ച്, കിളയിലൂടെ വീട്ടിലേക്ക് ഓടിയത് അല്പം മങ്ങിയെങ്കിലും ഉള്ളിൽ തെളിമ വറ്റാതെ കിടക്കുന്നു.സഖാവ് ഇ കെ നായനാർ എൺപതുകൾക്കിടയിൽ ഒരു ദിനം വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്ത നിമിഷങ്ങൾ ഹാളിലെ ചുമരിലുണ്ട്.
റാക്കുകളിൽ ബയന്റ് ചെയ്ത പുസ്തകങ്ങൾ ഉണർത്തിയ കൗതുകം ഇന്നും അണയാതെയുള്ളിലുണ്ട്. ലജ്ജയെ ഒരു പരിധിവരെയെങ്കിലും പരിഹരിച്ചത് ഈ ഇടം ഹൃദയത്തിലേക്ക് ചേർത്ത പുസ്തകങ്ങൾ തന്നെ.ശിരസ്സ് ഉയരണമെന്നും,മനസ്സ് നിർഭയമാകണമെന്നും,അറിവ് സ്വതന്ത്രമാകണമെന്നും, വായിച്ചത് ഇവിടെ ഇരുന്ന് തന്നെ.വായന എന്നൊരു പ്രവൃത്തിയിലേർപ്പെട്ടില്ലായിരുന്നെങ്കിൽ ഏകാന്തതയിൽ വീർപ്പ് മുട്ടി മരിച്ചേനെ.

മടിക്കൈ പബ്ലിക്ക് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമില്‍ നിന്ന് ആദ്യമായി എടുത്ത പുസ്തകം ഒലിവര്‍ ട്വിസ്റ്റിന്റെ കുട്ടികള്‍ക്കുള്ള സംഗൃഹീത പുനരാഖ്യാനമാണ്. ദിവസങ്ങളോളം ആ പുസ്തകം കയ്യിലുണ്ടായിരുന്നു. നാം കാണാത്ത മനുഷ്യര്‍, ജീവിതസാഹചര്യങ്ങള്‍ എന്നിവ നല്‍കിയ പുതുശ്വാസം എളുപ്പം നഷ്ടപ്പെടുത്താന്‍ തോന്നിയില്ല. പല തവണ വായിച്ചും പേജ് തുറന്ന് മണപ്പിച്ചും പുസ്തകത്തെ ഒരു കൊല്ലത്തോളം വീട്ടിലിരുത്തി. ഹക്കിള്‍ബറിബീന്റെ വികൃതികളും, ക്രിസ്ത്മസ് കരോളും,
റോബിണ്‍സണ്‍ ക്രൂസോയും, ഗളിവറുടെ യാത്രകളും തുടങ്ങി സിപ്പി പളളിപ്പുറവും എ ബി വി കാവില്‍പ്പാടും പ്രൊഫ ശിവദാസും സുമംഗലയും ബാല്യകാലത്തെ വര്‍ണ്ണാഭമാക്കി. അക്കാലം കൈയില്‍ തന്ന പുസ്തകമായിരുന്നു ‘കഥക്കുടുക്ക’. അമ്മയുടെ വായനശേഖരത്തില്‍ നിന്നാണ് ആ പുസ്തകം കിട്ടിയത്. അത് നൂറ്റിനാല്‍പത്തിനാല് ഗുണപാഠകഥകളുടെ സമാഹാരമായിരുന്നു. കുഞ്ഞുണ്ണി മാഷിന്റെ മുഖവുരയാല്‍ ആരംഭിക്കുന്ന പുസ്തകത്തില്‍ വിക്രമാദിത്യകഥകളും, സാരോപദേശകഥകളും, ഈസോപ്പ് കഥകളും, ബീര്‍ബല്‍ കഥകളും, തെന്നാലിരാമന്‍ കഥകളും, ഗുണാഢ്യനിലൂടെ സോമദേവനില്‍ എത്തിയ കഥയുടെ സാഗരമായ കഥസരിത് സാഗര കഥകളും, ചേര്‍ത്ത് കെട്ടിയ ആ പുസ്തകത്തിന്റെ മുന്നിലാണ് എത്രയോ രാത്രികള്‍ ചിലവഴിച്ചത്. വൈദ്യുതി എത്തിയിട്ടില്ലാത്ത വീട്ടില്‍ ചിമ്മിണി വിളക്കിന്റെ വെളിച്ചത്തില്‍ ആ പുസ്തകത്തിലെ ചിത്രങ്ങള്‍ നോക്കിയിരുന്നത് ജീവനുള്ള ഓര്‍മ്മയായി നിലവിലുണ്ട്. മറ്റൊരു വായനാനുഭവം സ്തോത്രപുസ്തകങ്ങളാണ്. മുത്തശ്ശിയും മുത്തച്ഛനും അത് സന്ധ്യനേരങ്ങളില്‍ വായിച്ച് അര്‍ത്ഥം പറഞ്ഞു തരുമായിരുന്നു. അത് അനേകം ഭാവനവ്യാപരങ്ങളിലേക്കുള്ള ക്ഷണക്കത്തായിരുന്നു. ആ പുരാണകഥകളുടെ ഭാവനവൈപുല്യത്തെ പരിഗണിക്കുന്നതിന് പകരം അതിനെ ചരിത്രമായി ഗണിച്ച്,ശാസ്ത്രമായി ഉറപ്പിച്ച് വികസിക്കുന്ന പ്രതിലോമകരമായ രാഷ്ട്രീയത്തിന്റെ പിടിയിലാണ് നാം.p krishnadas, reading day, iemalayalam

ജീവിതം തന്ന വേദനകളെയെല്ലാം വായന അലിയിച്ചു. വായന ലോകത്തിന്റെ പല തീരങ്ങളിലേക്കുള്ള സഞ്ചാരമായിരുന്നു. പായ്കപ്പലില്‍ കാറ്റിന്റെ നിയന്ത്രണത്തില്‍ ടോളമിയും മഗല്ലനും നടത്തിയ ലോകയാത്രകള്‍ പോലെ പുസ്തകങ്ങളുടെ കാറ്റ് ജീവിതത്തെ പല ദിശങ്ങളിലേക്ക് ചലിപ്പിച്ചു. പുതിയ തീരങ്ങളെയും മനുഷ്യരെയും ജീവിജാലങ്ങളെയും കാട്ടിതന്നു.അപരനിലേക്കുള്ള നോട്ടം പൊഴിക്കാന്‍ പ്രേരണ നല്‍കിയത് പുസ്തകങ്ങളാണ്.

2

സംഗൃഹീത പുനരാഖ്യാനങ്ങളില്‍ നിന്നും ‘കഥ ‘യുള്ള പുസ്തകങ്ങള്‍ തേടി പുസ്തകറാക്കിലൂടെയുള്ള യാത്രയില്‍ കൈയ്യില്‍ തടഞ്ഞ ഭീമന്മാരെയെല്ലാം വരുംകാലത്തേക്ക് മാറ്റിവെച്ചു. മുട്ടത്തുവര്‍ക്കിയെയും ഏറ്റുമാനൂര്‍ ശിവകുമാറിനെയും കോട്ടയം- പുഷ്പനാഥിനെയും വായിച്ച കാലമായിരുന്നു. ആ വായനകളുടെ ഭയവും ഭീതിയും വിഹ്വലതയും നിറഞ്ഞ ദിനങ്ങളെ ഓര്‍ക്കുന്നു. ബ്രാംസ്റ്റോക്കറും ആര്‍തര്‍ കോനന്‍ ഡോയലും വായനയില്‍ വന്ന കാലമായിരുന്നു. ഹാരിപോട്ടര്‍ സീരിസും അബ്ദുള്‍ കലാമും വായനയിലൂടെ കടന്ന് പോയി. ശാസ്ത്രസാഹിത്യപരിഷത്തിന്റെ ‘എന്തുകൊണ്ട് എന്തുകൊണ്ട്’, ടി ടി നീലകണ്ഠന്റെ ‘കേരളത്തിലെ പക്ഷികള്‍’, ആശാന്റെ ബാലകൃതികള്‍ തുടങ്ങിയ വായന പല വഴികളിലേക്കും നീണ്ടു. ഗുജറാത്ത് ഭൂകമ്പകാലത്തെ പത്രങ്ങള്‍ ചേര്‍ത്ത് വെച്ച വായനകള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം തുടങ്ങിയ കാലത്തെ പത്രവായനകള്‍. വായനയാല്‍ മാത്രം തീര്‍ത്ത ദിനങ്ങള്‍. എം ടി യെ ആദ്യമായി കാണുന്നത് മടിക്കൈ ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ വായനമൂലയിലാണ്. അവിടെ ചുമരില്‍ എം ടി എഴുതികൊണ്ടിരിക്കുന്ന പടമുണ്ടായിരുന്നു. തളിര്,യൂറിക്ക തുടങ്ങിയ മാസികകള്‍ കാണുന്നത് അവിടെ വച്ചാണ്. അവിടെ കുഞ്ഞുപുസ്തകശേഖരം ഉണ്ടായിരുന്നു. സരളടീച്ചറും രേണുകടീച്ചറും ലീലടീച്ചറും ആയിരുന്നു മലയാളം എടുത്തിരുന്നത്. അവര്‍ നിര്‍ദ്ദേശിച്ച പുസ്തകങ്ങളിലാണ് സ്കൂള്‍ കാലം സഞ്ചരിച്ചത്. മാത്സിലും സയന്‍സിലും മാര്‍ക്ക് കുറഞ്ഞ മലയാളത്തിലും ഇംഗ്ലീഷിലും മാര്‍ക്ക് കൂടിയ കുട്ടിയായിരുന്നു.

3

ഒന്നാം വര്‍ഷ ഡിഗ്രി ഫിസിക്സ് ക്ലാസ്സില്‍ വച്ച് ശ്രീധരന്‍ മാഷില്‍ നിന്നാണ് ആനന്ദിനെക്കുറിച്ച് കേള്‍ക്കുന്നത്. ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ എന്ന നോവലിനെക്കുറിച്ച് ഫിലോസഫി ഓഫ് സയന്‍സ് എന്ന ഭാഗം പഠിപ്പിക്കുന്നതിനിടയില്‍ മാഷ് പറഞ്ഞു. കാറ്റ് ഇലകളെയെന്ന പോലെ ശ്രദ്ധാപൂര്‍വ്വം മാഷ് വിദ്യാര്‍ത്ഥികളെ തലോടി. ജ്ഞാനത്തിന്റെ ദ്വീപ് വികസിക്കുന്തോറും അജ്ഞതയുടെ തീരരേഖയും വികസിക്കുന്നു എന്ന് പറഞ്ഞ് മാഷ് തെല്ലിട നിശബ്ദനായി. അതിനുശേഷം ആനന്ദിനെക്കുറിച്ച് പറഞ്ഞു. ആനന്ദിന്റെ നോവലുകള്‍, ലേഖനങ്ങള്‍, കഥകള്‍ തുടങ്ങി മാഷ് ഫിലോസഫി ഓഫ് സയന്‍സില്‍ നിന്ന് ഫിലോസഫി ഓഫ് ലിറ്ററേച്ചറിലേക്ക് ചാടി. ഡിഗ്രി കാലത്തെ മലയാളം ക്ലാസ്സുകളാണ് സാഹിത്യവായനയിലേക്കും രചനയിലേക്കും നയിച്ചത്. ഗൗരവമായ പാരായണങ്ങള്‍ ആരംഭിച്ച കാലമായിരുന്നു. ഉംബര്‍ട്ടോ എക്കോയുടെ ‘നെയിം ഓഫ് ദി റോസ്’ അംബേദ്ക്കര്‍ കോളേജിലെ ലൈബ്രറിയില്‍ നിന്നാണ് വായിക്കുന്നത്.പാമുക്കിനെ ആഴത്തില്‍ വായിച്ചത് സുഹൃത്തായ പ്രജീവിന്റെ ശേഖരണത്തില്‍ നിന്നെടുത്താണ്.’ഇസ്താംബുളും’,’മഞ്ഞും’, ‘ബ്ലാക്ക് ബുക്കും’ അതില്‍ പെടും. പ്രവീണിനോടും പ്രജീവിനും ഒപ്പം കണ്ണൂരും കാസര്‍ഗോഡുമുള്ള ബുക്ക് ഷോപ്പിലെല്ലാം കയറിയിറങ്ങി പുസ്തകം വാങ്ങിച്ചതും ഓര്‍ക്കുന്നു. വായനയിലൂടെ നാം പരിചയപ്പെട്ട മനുഷ്യര്‍, ഇടങ്ങള്‍,യാത്രകള്‍; പുസ്തകത്തിന് അപ്പുറം ജീവിതം സാധ്യമായത് പുസ്തകത്തിലൂടെയാണെന്ന് പറയാം. മൂന്ന് ഫിസിക്സ് വിദ്യാര്‍ത്ഥികളെ സാഹിത്യം വായിക്കാന്‍ പരിശീലിപ്പിച്ചത് രാജീവന്‍ മാഷായിരുന്നു. തട്ടകം,പാണ്ഡവപുരം,ധര്‍മ്മപുരാണം,മനുഷ്യന് ഒരു ആമുഖം തുടങ്ങി മലയാളനോവലിന്റെ ഗിരിനിരകളിലൂടെ സഞ്ചരിച്ചത് മാഷിന്റെ കൈപിടിച്ചായിരുന്നു. ഫെയ്മാന്‍ ലക്ച്ചേഴ്സ് അടക്കം ശാസ്ത്രവായനകള്‍ പ്രജീവിലൂടെയും, ഓഷോയും രമണമഹര്‍ഷിയും യതിയും ഉള്‍പ്പെടുന്ന വേറൊരു വായനമണ്ഡലം സുഹൃത്തായ പ്രവീണിലൂടെയുമാണ് തുറന്നത്. ‘സൂസന്നയുടെ ഗ്രന്ഥപ്പുര’യില്‍ മറയൂരേക്ക് പോകുന്ന അലിയെയും അഭിയെയും വായിച്ചപ്പോള്‍ ആദ്യമായി ഓര്‍ത്തത് പ്രവീണിനെയും പ്രജീവിനെയുമാണ്. ആ കാലം വായനയിലൂടെ ഏല്‍പ്പിച്ച മുറിവുകളെക്കാള്‍ ആഴത്തില്‍ മറ്റൊരു കാലവും പരിക്കേല്‍പ്പിച്ചിട്ടില്ല. ഏകാന്തതയെ തോല്‍പ്പിക്കാന്‍ നാം വായിച്ച, നമ്മുടെ വിയര്‍പ്പും ചൂടും കണ്ണീരും പാപവും പുരണ്ട അനേകം പുസ്തകങ്ങളും. നമ്മുടെ അനുഭൂതികളുടെ സൂക്ഷ്മസ്ഥലികളിലൂടെ ഒരു ദീര്‍ഘസഞ്ചാരം.p krishnadas, reading day, memories,iemalayalam

5

(ഒരു ദിന വായനാനുഭവം )

ലെെബ്രറിയിൽ,അശ്രദ്ധയിൽ ശ്രദ്ധയൂന്നി വലിച്ചിട്ട പുസ്തകങ്ങൾക്കിടയിൽ , പല പുസ്തകങ്ങളിൽ കെെകഴുകി(വായന പൊടി പിടിച്ച പുസ്തകങ്ങളെ ഹൃദയബാഷ്പത്താൽ കഴുകുന്നു എന്ന് ഉള്ളൂർ) ചിലതിൽ ഉടക്കി , പുറം ചട്ടയിൽ,പിന്നെഴുത്തിൽ കണ്ണുടക്കി, ഉള്ളം പലവുരു മറിച്ച്,ഒടുവിൽ യഥാസ്ഥാനത്ത് വയ്ക്കാതെ മറ്റൊന്നിലോട്ട് ചാഞ്ഞ് അതിനെ കയ്യിലെടുക്കുമ്പോൾ പഴയതിനെ മറ്റൊരു റാക്കിൽ പ്രതിഷ്ഠിച്ച് ….

അങ്ങനെയൊരുനാൾ തിരഞ്ഞപ്പോൾ അയ്യനേത്തിൻ്റെ ‘മനുഷ്യ നീ മണ്ണാകുന്നു’വും ജോർജ് ഇരുമ്പയത്തിൻ്റെ
‘പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാള നോവൽസാഹിത്യചരിത്രവും’ കയ്യിലോട്ടിറങ്ങുകയും ഉടനടി പറത്തിവിടുകയും ചെയ്തു.’പുളിമരത്തിൻ്റെ കഥ’യിൽ പെട്ടെന്നാണ് കണ്ണുടക്കിയത്.
ഈ ‘ഉടക്ക്’ പ്രതീക്ഷിച്ചിരിപ്പായിരുന്നു.

‘സുന്ദരസ്വാമി ‘ യെ ആറ്റൂർ വഴിയാണ് പരിചയം(ജെ ജെ ചില കുറിപ്പുകൾ ).
ആറ്റൂർ തന്നെയാണ് ഈ ‘കഥ’ യും മലയാളത്തിലേക്കുണർത്തിയത്.
നീലപത്മനാഭൻ സമാഹരിച്ച തമിഴ് കഥകളിലും (വിവർത്തനം ) സുന്ദരസ്വാമി ഉണ്ടായിരുന്നു.ദാർശനികത മുറ്റി നിൽക്കുന്ന എഴുത്താണ്.ലാളിത്യമാർന്ന ഭാഷയിൽ (ആറ്റൂരിൻ്റെ വിവർത്തനമാവാം)എന്നാൽ സങ്കീർണ്ണതയുള്ള ഘടനയിൽ (ജെ ജെ ചില കുറിപ്പുകൾ ) ചരിത്രത്തിൻ്റെ വെളിച്ചത്തിൽ ആഖ്യാനം മുന്നോട്ട് പോകുന്നു.

പുളിമരത്തിൻ കഥെെ നിന്ന നിൽപ്പിൽ വായിക്കുകയും (‘നിൽപ്പനടിച്ചപോലെ’)
പേജുകൾ പെട്ടെന്ന് മറിഞ്ഞു. ഒടുക്കം ഇരുട്ട് നിറയുന്ന നഗരമധ്യത്തിലേക്ക് വെളിച്ചം നിറഞ്ഞ അനേകർക്കിടയിലേക്ക് അല്പം ആയാസപ്പെട്ട് ഇറങ്ങി.ചില കൃതികൾക്ക് കാതങ്ങൾക്ക് അപ്പുറത്തേക്ക് കെെപിടിക്കാൻ അപൂർവ്വശക്തിയാണ്.

6

പുസ്തകങ്ങൾക്കിടയിൽ നിന്ന് ചില അപൂർവ്വ രചനകൾ കയ്യിൽ തടയുന്നതുപോലെ ദൃഢതയുള്ള സൗഹൃദങ്ങളും വന്നും ചേരും. ഒരേ ഇഷ്ടത്തിന്റെ പിറകെ സഞ്ചരിക്കുന്നവർ ദൂരം വിഷയമാകാതെ ആശയങ്ങൾ വിനിമയം ചെയ്യും. കത്തുകൾ എഴുതും. ദീർഘമായി ഫോൺ വഴി സംസാരിക്കും. വായന,പുസ്തകം എന്നിവയെ മഹത്വവൽക്കരിക്കുകയൊ, വിശുദ്ധസ്ഥാനങ്ങളിൽ ഉറപ്പിക്കുകയോ അല്ല, മറിച്ച് ചില നിമിഷങ്ങളിൽ ജീവിതത്തെക്കാൾ ചിലവഴിച്ചത് പുസ്തകത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിലാവും. മറ്റൊന്നിനും പകരാൻ സാധിക്കാത്ത എന്തോ ഒന്ന് അതിലുണ്ടെന്ന് തോന്നുന്നു. ഒരോരുത്തർക്കും ഓരോ ഭ്രാന്ത് ഉണ്ടാവുമല്ലോ അങ്ങനെയൊന്ന്.p krishnadas, reading day,memories,iemalayalam

അഖിലേട്ടനോടൊപ്പം പാളയം ലൈബ്രറി തൊട്ട് വിജെടി ഹാളിലെ പുസ്തകമേളയിൽ കേറി, സ്റ്റാച്ച്യൂവിലെ പുസ്തകാലയങ്ങളിലെല്ലാം കേറി- പലപ്പോഴും ഇഷ്ടപ്പെട്ട പുസ്തകം വാങ്ങാനുള്ള പാങ്ങില്ലാതെ, പല കുറി പേജുകൾ മറിച്ച്, പുസ്തകം അവിടെ വെച്ച് -തമ്പാനൂർ വരെ നടന്ന് പോയ ദിനങ്ങൾ വിസ്മരിക്കാൻ പറ്റുന്നതല്ല.അതെല്ലാം പല വഴി സംസാരം കടന്ന് പോയ നടത്തമായിരുന്നു.പാദത്തെക്കാൾ പദത്തിലൂന്നിയ യാത്രകൾ. തിരുവനന്തപുരത്തെ ജീവിതം പബ്ലിക്ക് ലൈബ്രറിയിലെയും, കേരളസര്‍വകലാശാല കാര്യവട്ടത്തിലെയും,ചിത്തിരതിരുനാള്‍ ഗ്രന്ഥാലയം വഞ്ചിയൂരിലെയും പഴക്കമുള്ള കവാടങ്ങള്‍ മുന്‍പില്‍ തുറന്നിട്ടു. ഇപ്പോള്‍ വായിക്കുന്ന സെബാള്‍ഡിന്റെ എമിഗ്രന്റ്സും, പോള്‍ ആസ്റ്ററിന്റെ 4321 ഉം, കുറ്റ്സിയുടെ സ്ട്രെയ്ഞ്ചര്‍ ഷോര്‍സ് എന്ന ലേഖനസമാഹാരവും തിരുവനന്തപുരത്തെ വായനയിലൂടെ ലഭ്യമായതാണ്. കാര്യവട്ടം കാമ്പസിലെ വായനചര്‍ച്ചകള്‍ വായന നിഷ്കളങ്കവൃത്തിയല്ലെന്ന ബോധ്യത്തിലേക്ക് എത്തിച്ചു.”തീര്‍ത്തും നിഷ്കളങ്കമായ വായന എന്നൊന്നില്ല.കാരണം എല്ലാ വായനയും അതിന്റെ പാഠങ്ങളിലും നിയമങ്ങളിലും യഥാര്‍ത്ഥ കുറ്റവാളിയെ ഒളിപ്പിച്ചുവെക്കുന്നു.വിഷയവസ്തുവിന് അടിസ്ഥാനമായ ജ്ഞാനസങ്കല്പങ്ങളാണത്.ജ്ഞാനം സാധ്യമാക്കുന്നത് അതാണ്” എന്ന് അല്‍ത്തൂസര്‍ മാര്‍ക്സിനെ പാരായണം ചെയ്ത വേളയില്‍ പറയുന്നുണ്ട്. പാരായണത്തിന്റെ പല വഴികളെ കാമ്പസ് ജീവിതം വഴി പരിചയപ്പെടാന്‍ സാധിച്ചു. ശാസ്ത്രവും സാഹിത്യവും തുടങ്ങി പല ജ്ഞാനമേഖലകളിലേക്കും ഈ കാലം കൊണ്ടുപോകുന്നു. അറിവിന്റെ രാഷ്ട്രീയവല്‍ക്കരണത്തെ സംബന്ധിച്ച വലിയ വിചാരങ്ങളിലേക്ക് ഈ വായനകള്‍ നയിച്ചു. വായനയെ രാഷ്ട്രീയപ്രക്രിയായി മനസ്സിലാക്കാന്‍ സാധിച്ചത് സനൂപ് മാഷിന്റെ സൗഹൃദത്താലാണ് എന്ന് ഓര്‍ക്കുന്നു. അങ്ങനെ ഓര്‍മ്മകളുടെ സഞ്ചയമാണ് വായനയുടെ വായനകള്‍. വായനയുടെ ചരിത്രം ആത്മനിഷ്ഠമായല്ലാതെ പറയാന്‍ സാധ്യമല്ല. ജീവിതത്തിന്റെ നിര്‍ണ്ണായകവേളയിലെല്ലാം പുസ്തകം ഒരു കൊളുത്തുപോലെ ഒപ്പമുണ്ട്. ആ കൊളുത്തിവലിയലില്‍ ഒരു സുഖമുണ്ട്. കെട്ട ജീവിതം ! ഉണ്ടെനിക്കെന്നാല്‍,മറ്റൊരു കാവ്യജീവിതം മന്നില്‍’ എന്ന വൈലോപ്പിള്ളിയുടെ വരികള്‍ പോലെ വായന മറ്റൊരു ലോകത്തിന്റെ നിര്‍മ്മാണമാണ്. അത് നിങ്ങളെ കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മനുഷ്യരായി മാറ്റുന്നു. ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രാപ്തരാക്കുന്നു. വിമര്‍ശനാത്മകമായ വായനയാണ് ജനാധിപത്യസമൂഹത്തിന്റെ അടിത്തറ. സാമൂഹ്യമാധ്യമങ്ങളിലും വായനഗ്രൂപ്പുകള്‍ (റീഡേഴ്സ് സര്‍ക്കിള്‍,പുസ്തപൂമ്പാറ്റകള്‍….) ഇന്ന് സജീവമാണ്. പല ഭൂഖണ്ഡങ്ങളിലെ പുസ്തകങ്ങള്‍ അതുവഴി പരിചയപ്പെടുന്നു. മഹാനായ വായനക്കാരനായ ഉംബര്‍ട്ടോ എക്കോയുടെ അവസാനഗ്രന്ഥത്തിന്റെ പേര്
‘ദിസ് ഈസ് നോട്ട് ദ എന്‍ഡ് ഓഫ് ദി ബുക്ക്’ എന്നാണ്. നമ്മുടെ രചനാലോകത്തെ നയിക്കുന്നത് ഏറ്റവും പുതിയവ കണ്ടെത്തി വായിക്കാനുള്ള എഴുത്തുകാരന്റെ മനസ്സാണ്. പാരായണയന്ത്രങ്ങളാവാട്ടെ, പൊടിനിറഞ്ഞ പുസ്തകങ്ങളാവട്ടെ; ഈ വസ്തു ചരിത്രത്തില്‍ ചെലുത്തിയ സ്വാധീനം വലുതാണ്. അലക്സാണ്ടര്‍ സാമ്രാജ്യങ്ങള്‍ കീഴടക്കിയുള്ള ജൈത്രയാത്രയില്‍ കൂടെ കരുതിയ പുസ്തകങ്ങളിലൊന്ന് ‘ഇലിയഡ്’ ആണെന്ന് മാര്‍ട്ടിന്‍ പുച്നര്‍ ദി റിട്ടേണ്‍ വേള്‍ഡ് എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. പല വിധത്തിലുള്ള വായനകാരെ അവതരിപ്പിച്ചുകൊണ്ടാണ് ഹിസ്റ്ററി ഓഫ് റീഡിംഗ് എന്ന പുസ്തകം ആരംഭിക്കുന്നത്. ഈ വേളയില്‍ വായനയില്‍ അഭിരമിച്ചൊടുങ്ങിയ എണ്ണമില്ലാത്ത മനുഷ്യരെയെല്ലാം ഓര്‍ക്കുന്നു. അവര്‍ കൂടി ചേര്‍ന്ന് പൂര്‍ത്തിയാക്കുന്നതാണ് നമ്മുടെ പാരായണങ്ങളെല്ലാം.” നാം ഒരുമിച്ച് വായിച്ച പുസ്തകം, പുസ്തകത്തെക്കാള്‍ വലുതായിരുന്നു”.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook