scorecardresearch

ചിത്രവേല ചെയ്യുന്ന വായനക്കാരൻ

ചിത്രവേലകള്‍ ചെയ്ത വലിയ പരവതാനി കുടഞ്ഞുവിരിക്കാന്‍ ശ്രമിക്കുന്ന സ്ത്രീ, പുലർച്ചയിലെ എന്റെ അതിഥി, അവളും ഒരു വായനക്കാരിയാണ്. എന്നോടൊപ്പം വയസ്സാവുന്നവൾ, മറ്റൊരു നാട്ടുദേവത എന്ന് ഞാൻ ആ പഴയ ആൺകുട്ടിയോട് മന്ത്രിക്കുന്നു.

വായനാദിനം , Karunakaran, IE Malayalam

അപ്പാര്‍ട്ട്മെന്റിന്‍റെ വാതില്‍ തുറക്കുമ്പോള്‍ ചിത്രവേലകള്‍ ചെയ്ത ഒരു വലിയ പരവതാനി കുടഞ്ഞുവിരിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയെ ചുറ്റും ഉയരുന്ന പൊടികള്‍ക്കിടയില്‍ മായുന്നപോലെ കണ്ടുകൊണ്ടാണ് പുലര്‍ച്ചെ ഉറക്കം ഉണര്‍ന്നത്. ഒരു പകല്‍ മുഴുവനും രാത്രി ഏറെനേരവും നിന്ന ചെന്നിക്കുത്ത് പിന്‍വാങ്ങുന്നതിന്‍റെ അടയാളം, ഞാന്‍ വിചാരിച്ചു. പക്ഷെ ആ സ്ത്രീ ആരായിരുന്നിരിക്കും?

ഓരോ പുലർച്ചെയും ഓരോ സ്വപ്നം പറയുന്ന ആളാണ്‌, അല്ലെങ്കിൽ എന്തെങ്കിലും ഒന്ന്‌ ഉണ്ടാക്കി പറയും. വായനയുടെ ദോഷമാണത്. വായിച്ചുകൊണ്ട് ഉറങ്ങുന്നത്തിന്റെ ദോഷം, പുസ്തകങ്ങളുടെയും വായനയുടെയും പരിസരത്ത് ജീവിക്കുന്ന ഓരോ ആളും കുറെ പേരുടെ ജീവിതത്തിനകത്താണ്‌ എന്ന് പറയുന്നത് വെറുതെയല്ല. ചിലപ്പോൾ അതുവരെയും പരിചയമില്ലാത്ത ഒരു ജീവിതത്തിനകത്ത്, മറ്റൊരാളുടെ ജീവിതത്തിനകത്ത് കുടുങ്ങിപോവുന്നതുപോലെ, പ്രവേശിക്കുന്നു.

ഒരിക്കൽ, കുവൈറ്റ്‌ വിമാനത്താവളത്തിൽ സുരക്ഷാ സൈനികർ ഏറെ നേരം എന്നെ പിടിച്ചു വെച്ചു, എന്റെ ലഗേജിൽ പത്തോ പന്ത്രണ്ടോ പുസ്തക ങ്ങൾ കണ്ടത് അവർക്ക് സംശയമായി. പുസ്തകം വിനാശകാരിയായ ഒരാളെ പ്പോലെയാവുകയാണ് അപ്പോൾ. എന്റെ ജോലിയും ആ രാജ്യത്തെ എന്റെ പാർപ്പും പുസ്തകങ്ങൾക്ക് പറഞ്ഞതല്ല എന്ന മട്ടിലായിരുന്നു, ചെറുപ്പക്കാരായ സൈനികർ. ചുറ്റും ശത്രുക്കൾ ഉള്ളിടത്തോളം ഒരു രാജ്യം അവിടെ വരുന്നവ രെയും പോവുന്നവരെയും സംശയിക്കുക സാധാരണ മാണ്. അതിനാൽ ഇത് ഏതു തരം പുസ്തകങ്ങൾ എന്ന് അവരുടെ ചോദ്യത്തിന് പല ഉത്തരങ്ങളും ഞാൻ നൽകുകയാണ്.

വായനാദിനം , Karunakaran, IE Malayalam

സാഹിത്യം, ഞാൻ പറഞ്ഞു.

കവിതകൾ, ഞാൻ പറഞ്ഞു.

കഥകൾ, ഞാൻ പറഞ്ഞു.

പുസ്തകങ്ങൾക്കിടയിൽ ഞാൻ ഒളിച്ചു കടത്തുന്ന അജ്ഞാത കൊലകളോ മുടിഞ്ഞ പ്രണയങ്ങളോ തെറ്റായ രതികളോ, തീർച്ചയായും കാൾ മാർക്സിനെ പറ്റിയോ എനിക്ക് പറയാൻ പറ്റില്ല.

മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകംങ്ങൾ അതേപൊലെ ബാഗിലേക്ക് തിരിച്ചിട്ട് അവർ എന്നോട് മാറി നിൽക്കാൻ പറഞ്ഞു.

ഇവിടെ കാത്ത് നിൽക്ക്. അതിലൊരാൾ പറഞ്ഞു.

പുസ്തകങ്ങൾക്കുവേണ്ടിയും പുസ്തകങ്ങൾക്ക് മുമ്പിലും ഞാൻ എത്ര വേണമെങ്കിലും ഞാൻ നിൽക്കും, എന്തോ മറക്കാതിരിക്കാനോ എന്തോ ഓർമ്മിപ്പിക്കാനോ എന്നപോലെ.

തീർച്ചയായും, ഞാൻ കൂടുതൽ വിനയം ഭാവിച്ച് പറഞ്ഞു. എനിക്ക് വേണ്ടത് എന്റെ പുസ്തകങ്ങളാണ്.

കുട്ടിക്കാലത്ത് എല്ലാ ആഴ്ചയും ഞാൻ അങ്ങനെ, വിനയം കാണിച്ച്, പോയി നിൽക്കുന്നത് ഞങ്ങളുടെ ഗ്രാമത്തിലെ പോസ്റ്റ്‌മാസ്റ്ററുടെ ഓഫീസ് ജനാലയിലാണ്. അയാൾ മാതൃഭൂമിയുടെ ഏജന്റ് ആണ്, മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ഒരു കോപ്പി അവിടെ നിന്ന് ആർക്കോ പോസ്റ്റലായി പോവുന്നുണ്ട്, അയക്കുന്നതിന് മുമ്പ് മാസ്റ്റർ എനിക്കത് ഒന്ന്‌ നോക്കാൻ തരും.

അവിടെ, എന്റെ കൺവട്ടത്ത് ഉണ്ടാവണം, മാസ്റ്റർ പറയും. തൊട്ടതിന്റ പാടോ പോറലോ വേണ്ട.

ഞാൻ വാരിക വാങ്ങി, മാസ്റ്റർ കാണുന്ന ജനാലക്കൽ നിൽക്കും. അന്ന് അങ്ങനെ നോക്കി നിന്നതിനാലാണ് ഞാൻ ചിത്രകാരൻ എ. എസിനെ പിന്നൊരിക്കലും മറക്കാതിരുന്നത്. ഇളംകണ്ണുകളിൽ എ. എസ് വരച്ച കറുത്ത രൂപങ്ങൾ പേര് വെളിപ്പെടുത്താത്ത ദേവതകളായി, മനുഷ്യരല്ല, കുടിയേറിയത് അങ്ങനെയാണ്.

വായനാദിനം , Karunakaran, IE Malayalam

ഇപ്പോൾ സുരക്ഷാസൈനികരുടെ അടുത്തേക്ക് അവരുടെ മേലുദ്യോഗസ്ഥൻ വന്നു. അയാൾ എന്നോട് ബാഗിൽ നിന്നും പുസ്തകങ്ങൾ എടുത്തു പുറത്ത് വെയ്ക്കാൻ പറഞ്ഞു. അതിലൊന്ന് അയാൾ കയ്യിൽ എടുത്തു. ചട്ട നോക്കി. പേജുകൾ മറിച്ചു.

നിനക്ക് എന്തിനാണ് ഇത്രയും പുസ്തകങ്ങൾ, നീ കോളേജിൽ പഠിപ്പിക്കാൻ വന്നതാണോ, അയാൾ എന്നെ, എന്റെ കണ്ണുകളിൽ നോക്കി നിന്നു.

സർ, ഞാൻ പുസ്തകം വായിക്കാൻ ഇഷ്ടമുള്ള ആളാണ്‌. ഞാൻ പറഞ്ഞു. അയാളെ നോക്കി പുഞ്ചിരിച്ചു.

സന്തോഷത്തോടെ വായിക്കു, അയാൾ കൈയ്യിൽ പിടിച്ചിരുന്ന പുസ്തകം ഇപ്പോൾ എനിക്ക് തിരികെ തന്നു.

അല്ലെങ്കിൽ, മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ നാട് വിട്ടുള്ള എന്റെ ജീവിത ത്തിന്റെ ആത്മകഥ പുസ്തകങ്ങളോട് ബന്ധപ്പെട്ടതാവണം. ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയപ്പോഴും ഞാൻ വായനയുടെ ഓർമ്മക്കാരനാവുന്നു. യാത്രയി ല്‍, മുഷിപ്പിൽ, ഉറങ്ങാൻ പോകുമ്പോൾ, ഞാൻ പുസ്തകം വായിക്കുന്നു. ഒരു പുസ്തകം വായിക്കുമ്പോൾ,ഞാന്‍ മറ്റൊരു പുസ്തകം ഓര്‍ക്കുന്നു. പിന്നെ ആ പുസ്തകം ഓര്‍ക്കുന്ന മറ്റൊരു പുസ്തകത്തിന്‍റെ പുറംചട്ട മനസ്സില്‍ തെളിയുന്നു. പുസ്തകങ്ങൾക്ക് ഒപ്പം രാഷ്ട്രങ്ങൾ ഉണ്ടാക്കുന്നു. ചിലപ്പോൾ ഉപേക്ഷിക്കുന്നു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ കൊണ്ടുവരാനായി എടുത്തുവച്ച കുവൈത്തിലായിരിക്കെ വാങ്ങിയ പുസ്തകങ്ങൾ

ആദ്യമായി ചുണ്ടിലുരഞ്ഞ പ്രണയത്തെ ഓര്‍ത്തിരിക്കുമ്പോഴാണ് എനിക്ക് വയസ്സായത് എന്ന് തീര്‍ച്ചയാണ്. വയസ്സാവാനുള്ള പല വഴികള്‍ ഉണ്ടായി രുന്നിട്ടും. പുസ്തകങ്ങള്‍ വായിക്കുമ്പോഴാണ് വയസ്സായത് എന്നൊരിക്കല്‍ ഞാന്‍ എഴുതിയത് നുണയാവില്ല . അല്ലെങ്കില്‍, രാത്രി മുഴുവന്‍ കടലിന്‍റെ ശബ്ദം കേട്ട് കിടക്കുന്ന കവാബാത്തയുടെയും മാർക്കേസിന്റെയും ആ നായകനെ ഓര്‍ത്തു നോക്കു, ആ വൃദ്ധനെ. അയാളുടെ അരികില്‍ സ്വസ്ഥയാ യി ഉറങ്ങുന്ന കന്യകയെ ഓര്‍ത്തുനോക്കു, അവരെ അതേപോലെ ഓര്‍ത്ത് അതേ കടല്‍ക്കരയില്‍ ഉറക്കമൊഴിക്കുന്ന രണ്ട് എഴുത്തുകാരെ അവരറിയാ തെ കണ്ടു നോക്കു : കഥയില്‍ മാത്രമേ നമ്മള്‍ ജീവിച്ചിട്ടിള്ളൂ എന്ന് ഉറപ്പാവും.

എനിക്കത് പുസ്തകങ്ങളുടെ സ്മാരക കഥയും.

ചിത്രവേലകള്‍ ചെയ്ത വലിയ പരവതാനി കുടഞ്ഞുവിരിക്കാന്‍ ശ്രമിക്കുന്ന സ്ത്രീ, പുലർച്ചയിലെ എന്റെ അതിഥി, അവളും ഒരു വായനക്കാരിയാണ്. എന്നോടൊപ്പം വയസ്സാവുന്നവൾ, മറ്റൊരു നാട്ടുദേവത എന്ന് ഞാൻ ആ പഴയ ആൺകുട്ടിയോട് മന്ത്രിക്കുന്നു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Vayana dinam karunakaran on books and reading

Best of Express