“സെൻ പഠിക്കാൻ വേണ്ടി ഏറെ വർഷങ്ങൾ ചെലവഴിച്ച പ്രശസ്തനായ ഒരു തത്വചിന്തകൻ, അവസാനം ബോധോദയം ലഭിച്ച അയാൾ ആദ്യം ചെയ്തത് തന്റെ പുസ്തകങ്ങളെല്ലാം എടുത്ത് വീട്ടുമുറ്റത്ത് കൂട്ടിയിട്ട് തീ കൊടുക്കുകയായിരുന്നു.”
സെൻ ചിന്തകളിൽ ബോധോദയത്തെ സതോരി എന്നാണു പറയുക. സതോരിക്കു മുമ്പുള്ള ആത്മശുദ്ധീകരണത്തിന്, സ്വയം പുതുക്കലിന്, നിരന്തര പഠനത്തിന് പുസ്തകങ്ങൾ കൂടിയേ കഴിയൂ. അത് അനുസ്യൂതമായ ആത്മാന്വേഷണമാണ്. പക്ഷേ ഒടുവിൽ
സതോരിയിലെത്തിയാൽ പിന്നെ അവന് പുസ്തകങ്ങൾ ആവശ്യമില്ല, എല്ലാ ചോദ്യങ്ങൾക്കും യുക്തി ഭദ്രമായ ഉത്തരം കണ്ടെത്തിക്കഴിഞ്ഞു, എല്ലാ ജ്ഞാനവും ആർജ്ജിച്ചു കഴിഞ്ഞു.
ഈ സെൻകഥ പരമമായ ബോധോദയത്തെക്കുറിച്ചുള്ളതല്ല, അവിടേക്കുള്ള വഴിയെക്കുറിച്ചുള്ള താണ്. പുസ്തകങ്ങൾക്ക് ഒരു മനുഷ്യന്റെ ചിന്തകളിൽ, അനുഭവങ്ങളിൽ, അനുഭൂതികളിൽ എങ്ങനെയൊക്കെ ഇടപെടലുകൾ നടത്താനാവുമെന്നേറ്റവും ഒതുക്കത്തിൽ പറയുന്ന കഥ. ഒന്നുമറിയാനവശേഷിക്കാത്ത ബോധോദയങ്ങളിലേക്കെത്തുന്നവർ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. അല്ലാത്തവർക്ക് പുസ്തകങ്ങൾ കൂടിയേ കഴിയൂ. അറിവിന്, ആനന്ദത്തിന്, പരസ്പര വിനിമയത്തിന്, ജീവിതത്തെ അർത്ഥവത്താക്കുന്നതിന്.
ഏതായിരിക്കും ആദ്യം വായിച്ച പുസ്തകം? ചെറിയ കുട്ടിയായിരിക്കുമ്പോൾ ഉച്ചനേരങ്ങളിൽ പശുവിനെ പുല്ലുള്ള പറമ്പിൽ കെട്ടിയിട്ട് അവിടെത്തന്നെയിരുന്ന് അമ്മ വായിച്ചു തന്നിരുന്ന ചിത്രകഥകൾ നിറഞ്ഞ പുസ്തകങ്ങളാണ് ഓർമ്മയിലാദ്യമുള്ളത്. പഠിച്ചു തുടങ്ങിയ അക്ഷരങ്ങൾ വെച്ച് ബാലരമയെന്നും പൂമ്പാറ്റയെന്നുമൊക്കെയുള്ള വലിയ അക്ഷരത്തലക്കെട്ടുകൾ വായിച്ചെടുക്കുന്നതിലെ കൗതുകം, കോങ്കണിയായതുകൊണ്ടു പരിഹസിക്കപ്പെട്ട പെൺകുട്ടിയുടെ കോങ്കണ്ണ്, ദേവത മാന്ത്രിക വടി കൊണ്ട് മാറ്റിക്കൊടുക്കുന്ന ചിത്രകഥയിലെ പെൺകുട്ടിയുടെ സുന്ദരമായ മുഖം ഒക്കെ ഇന്നും തെളിഞ്ഞ ചിത്രങ്ങളായി മനസിലുണ്ട്. അമർ ചിത്രകഥകളിലെ മെലിഞ്ഞു നീണ്ട സുന്ദരിമാർ, അവർക്ക് പാർവ്വതിയെന്നും വിദ്യുത് ലതയെന്നും അമ്രപാലിയെന്നും ദ്രൗപദിയെന്നുമൊക്കെ പല പേരുകളായിരുന്നെങ്കിലും എല്ലാവരും കാഴ്ചയ്ക്ക് ഒരു പോലെയിരുന്നു. നീണ്ട തലമുടി, വള്ളികൾ പോലെ ഒഴുകിക്കിടക്കുന്ന കൈകൾ, ഭംഗിയുള്ള ആഭരണങ്ങൾ, വേഷം ,കഥകളുടെ വിസ്മയലോകങ്ങളിലേക്ക് ആ സുന്ദരിമാർക്കൊപ്പം നടന്നു കയറാൻ എന്തൊരു രസമായിരുന്നു. അമ്പിളി അമ്മാവൻ എന്ന കുട്ടിപ്രസിദ്ധീകരണവും കഥകളുടെ ധാരാളിത്തം കൊണ്ടു കൊതിപ്പിച്ചു. വേതാളത്തെ തോളിലിട്ടു നടക്കുന്ന വിക്രമാദിത്യന്റെ ചിത്രമാണ് ഇന്നും ഓർമ്മയിലുള്ളത്. ഇല്ലന്റ് മാഗസിന്റെ സ്വഭാവമുള്ള ഗുണപാഠകഥകൾ മാത്രമുള്ള സ്നേഹസേന ഇരുപത്തഞ്ചു പൈസ വരിസംഖ്യ കൊടുത്തവർക്കെല്ലാം സ്കൂളിൽ നിന്നു തന്നിരുന്നു. ക്ലാസ് സമയത്താണ് ടീച്ചറതു വിതരണം ചെയ്യുക. ബെല്ലടിക്കുന്നതു വരെ കാത്തിരിക്കാൻ വയ്യ. പുസ്തകത്താളുകൾക്കിടയിൽ മറച്ചുവെച്ച് ടീച്ചററിയാതെ വായിച്ചു തീർക്കണം, കുറച്ചൊക്കെ സാഹസികമായ വായന. പിന്നെയുമെത്രയോ പ്രസിദ്ധീകരണങ്ങൾ,
ലാലുലീല, ബോബനും മോളിയും, കുട്ടികളുടെ ദീപിക, ബാലമംഗളം… പല കൈ മറിഞ്ഞ്, ധാരാളമാളുകൾ വായിച്ച് പഴകിയും മുഷിഞ്ഞുമാണ് കൈയ്യിൽക്കിട്ടുന്നതെങ്കിലും ഏറ്റവും പുതുമയുള്ളവ. എന്നും കൊതിപ്പിക്കുന്നവ. ആനന്ദങ്ങൾക്ക് ഇന്നത്തെപ്പോലെ ഒട്ടനവധി വഴികളൊന്നുമില്ലാത്ത ഒരു കാലത്ത് കുട്ടികൾക്ക് വായന ഏറ്റവും വലിയ വിനോദോപാധിയായിരുന്നു. പുസ്തകങ്ങൾക്കു വേണ്ടി വഴക്കുകൾ നടന്നു. ചിലപ്പോൾ മിണ്ടാതെ പിണങ്ങിപ്പിരിഞ്ഞു. വായിക്കുന്നതിനിടെ തട്ടിപ്പറിച്ചോടുന്ന സാമർത്ഥ്യം വലിയ കലഹങ്ങളുണ്ടാക്കി.
കുട്ടിപ്പുസ്തകങ്ങൾക്കൊപ്പം മുതിർന്നവർക്കുള്ള പുസ്തകങ്ങളും വളരെ വേഗം വായനയിൽ ഇടം പിടിച്ചു. പുസ്തകങ്ങൾ കിട്ടാത്തതായിരുന്നു ഏറ്റവും വലിയ സങ്കടം. പാഠപുസ്തകത്തിനിടയിൽ കഥപ്പുസ്തകം ഒളിപ്പിച്ചു വായിക്കുന്ന സാമർത്ഥ്യം കൂടുതൽ മികവോടെ പരിശീലിച്ചു.സാധനങ്ങൾ പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസുകൾ മുതൽ അക്ഷരങ്ങൾ പതിഞ്ഞ എന്തും ലഹരിയാവുന്ന കാലം. കുട്ടിക്കാലത്തെപ്പോഴോ ,ലാസ്റ്റ് ബസിന് പാലക്കാടു നിന്ന് തിരിച്ചു വരുമ്പോൾ അച്ഛന്റെ കൈയ്യിൽ രണ്ട് ഓണപ്പതിപ്പുകളുണ്ടായിരുന്നു. ആദ്യമായാണ് അത്തരമൊന്ന് കാണുന്നത്. നിറയെ കഥകൾ. രാത്രി ഉറക്കമൊഴിഞ്ഞു വായിച്ചിട്ടും തീരാതെ പിന്നെയും കഥകൾ… ടി പത്മനാഭന്റെയും ഹരികുമാറിന്റെയും മുകുന്ദന്റെയുമൊക്കെ കഥകൾ മനസ്സിലേക്ക് തണുപ്പോടെ കിനിഞ്ഞിറങ്ങി. അതുപോലെ എഴുതാൻ പറ്റണേയെന്നായിരുന്നു ഏറെക്കാലത്തെ മോഹം. പിന്നെ ഓരോ വർഷവും ഓണപ്പതിപ്പുകൾക്കു വേണ്ടി മാത്രം ഓണക്കാലം കാത്തിരുന്നു. വേറെ വലിയ ആനന്ദങ്ങളൊന്നും ഓണത്തിനുണ്ടായിരുന്നുമില്ല.
അച്ഛന്റെ ജോലിസ്ഥലങ്ങൾ മാറുന്നതനുസരിച്ച് താമസം മാറുമ്പോഴൊക്കെ അവിടെ വായനാശീലമുള്ള അയൽക്കാരുണ്ടോ എന്നാശങ്കപ്പെട്ടിരുന്നു. എങ്കിൽ ആഴ്ചപ്പതിപ്പുകളും പുസ്തകങ്ങളും കൈമാറി വായിക്കാമല്ലോ. അതേപോലെ മറ്റൊരാകാംക്ഷയായിരുന്നു പുതിയ സ്ഥലത്ത് വായനശാലയുണ്ടോയെന്നത്. ഭാരതപ്പുഴയുടെ തീരത്തെ മാന്നനൂരിലെ മഹാത്മജി വായനശാല, വല്ലപ്പോഴും മാത്രം തുറക്കുന്ന സ്കൂൾ ലൈബ്രറി, ഇംഗ്ലീഷ് പുസ്തകങ്ങളല്ലാതെ ഒന്നും തരാത്ത മേഴ്സി കോളേജ് ലൈബ്രറി, പുസ്തകം തെരഞ്ഞെടുക്കാൻ അനുമതിയില്ലാത്ത വിക്ടോറിയ കോളേജ് ലൈബ്രറി, പാലക്കാടെ ശാരദ കൃഷ്ണയ്യർ ലൈബ്രറി, ഇരുട്ടു പുതച്ച താലൂക്ക് ലൈബ്രറികൾ, പഴക്കം മാത്രം മണക്കുന്ന ജില്ലാ ലൈബ്രറി, പുസ്തകങ്ങളുടെ വിസ്മയ പ്രപഞ്ചം കാട്ടി പ്രലോഭിപ്പിച്ച യൂണിവേഴ്സിറ്റിലൈബ്രറികൾ, എന്നെങ്കിലും സ്ഥിരതാമസമാക്കുന്നത് തിരുവനന്തപുരത്താകണമെന്നു കൊതിപ്പിച്ച നഗരത്തിലെ ലൈബ്രറികൾ… ഇങ്ങനെ ജീവിതത്തിൽ വായനയെ പ്രോത്സാഹിപ്പിച്ച, സഹായിച്ച എത്രയെത്ര ഇടങ്ങൾ… തീക്ഷ്ണമായ പീഢാനുഭവം പോലെയും വാക്കുകൾക്കതീതമായ ആനന്ദലഹരി പോലെയും വായന ആവേശിച്ച നാളുകൾ. സ്കൂളിലേക്കും കോളേജിലേക്കും ഹോസ്റ്റലിലേക്കുമൊക്കെയുള്ള ട്രെയിൻ യാത്രകളിൽ എന്നും പുസ്തകങ്ങളും, ആഴ്ചപ്പതിപ്പുകളും കൂട്ടുവന്നു. ഓരോ വായനാനുഭവവും വേറെ വേറെയായിരുന്നു. ഒന്നുപോലെ വേറൊന്നുണ്ടായിരുന്നില്ല. പ്രേമകഥകൾ ,പ്രേത കഥകൾ ,അപസർപ്പക കഥകൾ ,വായിക്കരുതെന്നു വിലക്കപ്പെട്ട കഥകൾ ,കവിതകൾ, നാടകങ്ങൾ , അന്യഭാഷാ കൃതികൾ ,ലേഖന സമാഹാരങ്ങൾ, തുടർക്കഥകൾ ……
വായിച്ചു തീർന്നു പോവുമെന്നു കരുതി മെല്ലെ മെല്ലെ വായിക്കണമെന്നു കൊതിക്കുകയും അതിനു സാധിക്കാതെ അതിവേഗം വായിച്ചു തീർന്നു പോകുകയും ചെയ്ത ആരണ്യക് ,പഥേർപാഞ്ജലി ,
യയാതി ,നിറം പിടിപ്പിച്ച നുണകൾ… ഇപ്പോൾ വായിക്കണ്ട എന്നു മുതിർന്നവർ തടയുമോ എന്നു പേടിച്ചു വായിക്കാൻ തുടങ്ങിയ ഖസാക്കിന്റെ ഇതിഹാസം, നീറ്റലായി ഉള്ളിൽ പടർന്ന നിന്ദിതരും പീഡിതരും ,കുറ്റവും ശിക്ഷയും …. എത്രയെത്ര പുസ്തകങ്ങളാണ്!!
കാലം തെറ്റി മഴ പെയ്ത ഒരു ഡിസംബറിലെ പനിക്കിടക്കയിൽ കിടന്നു വായിച്ചു തീർത്ത ആൾക്കൂട്ടം ,ജൂലായിലെ പെരുമഴയത്ത് വായിച്ച അന്നാ കരേനീന ,ഹോസ്റ്റൽ മുറിയിലിരുന്നു പരീക്ഷക്കാലത്തു വായിച്ച ആരോഗ്യനികേതനം ..
ഓരോ വായനയും അതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളോടും കൂടി ഓർത്തിരിക്കുന്നു.
ആദ്യമായി കാണുമ്പോൾ അവൾ എന്നെക്കാൾ രണ്ടു വയസ് താഴെയായിരുന്നു. മുക്കുത്തിയും കമ്മലും പാദസരവുമണിഞ്ഞ് 8 മുഴം നീളമുള്ള സാരിയണിഞ്ഞ് സത്യവതി. ആശാപൂർണാദേവിയുടെ പ്രഥമ പ്രതിശ്രുതിയിലെ നായിക. അവൾക്കു വേണ്ടി ഓരോ ആഴ്ചയും കാത്തിരുന്നു. എ.എസിന്റെ വരകളിൽ അവൾ മിഴിവോടെ വളർന്നു. വലുതായി ,കുടുംബിനിയായി. സ്വന്തം ജീവിതം സ്വയം നിർമ്മിച്ചു. എല്ലാ പ്രതികൂലസാഹചര്യങ്ങളോടും പോരാടി. അവൾ ഇന്ത്യയിലെ വിശേഷിച്ചു ബംഗാളിലെ ലക്ഷക്കണക്കിനു സ്ത്രീകളുടെ പ്രതിരൂപമായിരുന്നു. സത്യവതിയുടെ അവസാനത്തേതും നിർണായകവുമായ പരാജയം അന്ന് കരയിപ്പിച്ചതിനു കണക്കില്ല. ഇന്നും ഓർക്കുമ്പോഴൊക്കെ അത് മനസ്സു നീറ്റും.മാരകമായി മുറിവേറ്റ മൃഗത്തിന്റെ ഒരു ജോഡി കണ്ണുകളുമായി ഒൻപതു വയസുകാരി സുവർണ്ണലതയെ വിവാഹ വേഷത്തിൽ കണ്ട ആ നിമിഷം .തന്റെ അഭിരുചികൾക്കനുസരിച്ച് മെനഞ്ഞെടുത്ത് സ്വതന്ത്രയായി വളർത്തണമെന്നാഗ്രഹിച്ച മകൾ എന്നെന്നേക്കുമായി കൈവിട്ടു പോകുന്നത് നിസഹായതോടെ നോക്കി നിൽക്കേണ്ടി വന്ന അമ്മ .സുവർണ്ണലതയുടെ കഥ വലുതായപ്പോഴാണ് മനസിലായത്. പൊരുത്തപ്പെടാനാവാത്ത കുടുംബ സാഹചര്യങ്ങൾ സ്ത്രീയുടെ പ്രതിഭയെ ,ജീവിതത്തെ എങ്ങനെയൊക്കെ തകർത്തു തരിപ്പണമാക്കുന്നു. ബകുളിന്റെ കഥയിലൂടെ കടന്നു വന്ന ആധുനിക വനിത ,അവളുടെ വിമോചനകാംക്ഷ എത്രയെത്ര വർഷങ്ങളാണ് ആ നോവൽത്രയം വായനയെ ത്രസിപ്പിച്ചത്.
എന്നും ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായിരുന്നു ജഹ നാരയുടെ ആത്മകഥ. ആഗ്രകോട്ടയിൽ തടവിലായിരുന്ന ഷാജഹാൻ ആ സൗധത്തിലിരുന്ന് മരണം വരെയും നിലാവിൽ കുളിച്ച ശുഭ്ര രത്നം പോലെ, സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന രത്നക്കട്ട പോലെ പല ഭാവത്തിൽ രൂപം മാറുന്ന താജ് മഹൽ കണ്ടു കൊണ്ടിരുന്നു.
പിതാവിനു കൂട്ടായി തടവുജീവിതം വരിച്ച ജഹനാര അവിടെയെവിടെയോ ഇരുന്നാണ് തന്റെ ആത്മകഥയിലൂടെ മുഗൾ രാജവംശത്തിന്റെ ചോര പുരണ്ട നീതിബോധങ്ങളെക്കുറിച്ചെഴുതിയ
ത്.ദു:ഖത്തിന്റെ ,വ്യർത്ഥതാബോധത്തിന്റെ നിശ്വാസങ്ങൾ കൊണ്ടു കനം തൂങ്ങുന്ന ജഹനാരയുടെ ആത്മകഥ ജീവിതത്തെ ,ചരിത്രത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നു.
” ഞാൻ എന്റെ കഥ എന്നോട് തന്നെ പറയാനാഗ്രഹിച്ചു ,ആ കഥ അവസാനിച്ചു. പക്ഷേ എന്റെ ദു:ഖം അവസാനിച്ചില്ല. .. എന്റെ ഈ കഥ ഞാൻ വിജനതയ്ക്കു സമർപ്പിച്ചിട്ടു പോകും.വിജനത, സ്മരണ വഹിച്ചുകൊണ്ടേയിരിക്കും… ”
ക്ഷണഭംഗുര ജഹനാര ,വിനീത ജഹനാരയെന്ന് മുഗൾ രാജകുമാരി തന്റെ ജീവിതത്തെ എത്ര കൃത്യമായാണsയാളപ്പെടുത്തുന്നതെന്ന് അത്ഭുതം തോന്നാം.
ഇഷ്ടപ്പെട്ട പുസ്തകങ്ങളെത്രയോ ഉണ്ട്. ഒരു പക്ഷേ നാല്പതുകളിലെത്തിയ എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ പുസ്തകങ്ങളുമായി ബന്ധപ്പെട്ട ഓർമ്മകൾക്ക് ഒരു പഞ്ഞവുമുണ്ടാവില്ല. പുസ്തകങ്ങൾക്കായുള്ള പിടിവലികൾ അവരുടെ മധുരമായ കുട്ടിക്കാല ഓർമ്മകളായിരിക്കും. പുറത്തിരുന്ന് പൂമ്പാറ്റ വായിക്കുന്ന അയൽ ക്വാർട്ടേഴ്സിലെ കുട്ടികളെ ഇപ്പോഴും ഓർമ്മിക്കുന്നു. അവരത് വായിച്ചു തീർത്തിട്ട് തരുമെന്നു കരുതി കാത്തു നിൽക്കുമ്പോഴായിരിക്കും അതുമെടുത്ത് അകത്തേക്ക് കയറി വാതിലടക്കുന്നത്.വീണ്ടുമവരെ കാണുമ്പോൾ കെഞ്ചി ചോദിക്കണം, ചിലപ്പോൾ പകരമായി ചില്ലറ പ്രതിഫലങ്ങളും ഉപഹാരങ്ങളും ആവശ്യപ്പെട്ടെന്നു വരാം. ഇതൊന്നും മുതിർന്നവർ അറിഞ്ഞു കൊണ്ടുള്ള വിനിമയങ്ങളല്ല. പുസ്തകശാലകൾ വിരളമായിരുന്ന ,ഉണ്ടെങ്കിൽത്തന്നെ പണം കൊടുത്ത് പുസ്തകം വാങ്ങുന്ന ശീലം അപരിചിതമായിരുന്ന , പുസ്തകോത്സവങ്ങളെന്ന സങ്കല്പം പോലും ഇല്ലാതിരുന്ന അക്കാലത്ത് ,വായന ക്ലേശകരം തന്നെയായിരുന്നു. പക്ഷേ ഭൂരിപക്ഷം പേരും വായിച്ചിരുന്നു താനും.വായനയായിരുന്നു അന്നത്തെ വിനോദം .വിജ്ഞാനത്തിനുള്ള പ്രാഥമികസ്രോതസും അതു തന്നെയായിരുന്നു. പിന്നെ വായിക്കാതിരിക്കുന്നതെങ്ങനെ.. ?
വായന എഴുത്തിനെയും ചിന്തകളെയും ചിന്തേരിട്ടതു പോലെ മിനുക്കി ,മൂർച്ചയുള്ളതാക്കി ,ചിലപ്പോൾ മയപ്പെടുത്തി. എഴുതാനാഗ്രഹിക്കുന്നവർക്കെല്ലാം സുലഭമായി കിട്ടിയ ഉപദേശമായിരുന്നു നിരന്തരമായി വായിക്കുകയെന്നത്. പ്രശസ്തരായ വായനക്കാരാണ് പ്രഗല്ഭരായ വാഗ്മികളായും എഴുത്തുകാരായും വിമർശകരായും ചിന്തകരായും വളർന്നത്. വായിക്കുന്ന പുസ്തകങ്ങൾ അവരെ രൂപപ്പെടുത്തി ,അവരെന്താകണമെന്നു തീർപ്പു കല്പിച്ചു.
എല്ലാ പുസ്തകങ്ങളും കൂട്ടിയിട്ടു കത്തിക്കുന്ന ബോധോദയത്തിന്റെ പരമാവസ്ഥയിലേക്കുള്ള വളർച്ചയാണ് ഓരോ പുസ്തകവായനയും. വായിക്കുന്നതെന്തുമാകട്ടെ ,നിങ്ങൾ വായിക്കുന്നുവെന്നതു തന്നെ നിങ്ങളെ ബോധത്തിലേക്കും ബോധോദയത്തിലേക്കും ഉണർത്തും.