scorecardresearch

അനഗ്നോസ്ത

“എഴുത്തുകാരൻ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായ കഥകൾ കഥാപാത്രങ്ങളിൽ നിന്നും കേൾക്കുന്നു. അതങ്ങനെയാണ്: കഥാപാത്രങ്ങളുടെ കഥയല്ല കഥാകാരൻ എഴുതുന്നത്; കഥാകാരന്റെ കഥയല്ല വായനക്കാരൻ വായിക്കുന്നത്” എഴുത്തുകാരനും ചിത്രകാരനുമായ ജയകൃ,ഷ്ണൻ എഴുതുന്നു.

അനഗ്നോസ്ത

അനഗ്നോസ്ത എന്താണെന്നാലോചിച്ച് അധികം തല പുണ്ണാക്കേണ്ടതില്ല; കാരണം, ഉച്ചാരണമോ ശരിയായ അർത്ഥമോ അറിയില്ല. ആകെ അറിയാവുന്നത് ഒരു സ്ത്രീ, ഒരു കഥാപാത്രം ആ വാക്കിന് നൽകിയ വിശദീകരണം മാത്രമാണ്:

പുസ്തകം വായിച്ചുകേൾപ്പിക്കുന്നവൻ!

മഹാമാരിക്കാലം തലതിരിഞ്ഞ വായനകളുടെയും കാലമായിരുന്നു.അങ്ങനെ തലതിരിഞ്ഞ കുറെ എഴുത്തുകാരെയും കണ്ടെത്തി. അവരിലൊരുവൾ, ഫ്ലോർബേല ഇഷ്പാൻക (Florbela Espanca) ഇങ്ങനെ പറഞ്ഞു:
പുകയും മൂടൽമഞ്ഞും
നിലാവും കൊണ്ടുണ്ടാക്കിയ
എന്റെ മെലിഞ്ഞ ഗോപുരത്തിന്റെ
മേൽത്തട്ടിലേക്കു ഞാൻ കയറി.
എന്നിട്ട്, ദിവസം മുഴുവനും,
ചഞ്ചലമായ മനസ്സോടെ
മരിച്ച കവികളോട്
സംസാരിക്കാൻ തുടങ്ങി.

മരിച്ച എഴുത്തുകാരോട്, അവരുടെ കഥാപാത്രങ്ങളോട് സംസാരിക്കേണ്ടത് എങ്ങനെയാണ്?

അടച്ചുപൂട്ടലിന്റെ കാലം പുസ്തകദാരിദ്ര്യത്തിന്റെ കൂടി കാലമായിരുന്നു. ഓൺലൈൻ പുസ്തകശാലകൾ പോലും തുറക്കാതായപ്പോഴാണ് ഇ- ബുക്കുകളിലേക്കു തിരിഞ്ഞത്. താളുകൾ മറിയുന്ന ശബ്ദത്തിന്‍റെയും അവയിൽ നിന്നുയരുന്ന ഗന്ധത്തിന്റെയും ഗൃഹാതുരത്വത്തിലൊന്നും കഴമ്പില്ലെന്ന് മനസ്സിലായി. തല തിരിച്ചും മറിച്ചും പിടിക്കാവുന്ന ഇലക്ട്രോണിക്ക് പുസ്തകങ്ങളിലൂടെ തല തിരിഞ്ഞ എഴുത്തുകാർ പിന്നെയും പിന്നെയും വന്നു. അവരുടെ കൂട്ടത്തിലെ മറ്റൊരാളായിരുന്നു അഫോൺസു ക്രൂഷ് (Afonso Cruz).

അയാൾ മനഃസമാധാനം നഷ്ടപ്പെടുത്തി.

വായനാദിനം, Jayakrishnan, IE Malayalam

എങ്ങനെ നഷ്ടപ്പെടാതിരിക്കും? സൈബീരിയയിൽ നിന്നു തിരിച്ചു വന്ന് റസ്ക്കോൾനിക്കഫ് (Raskolnikov) നല്ലവനായി ജീവിച്ചുവെന്നാണ് ഇത്രയും കാലം വിചാരിച്ചിരുന്നത്. പക്ഷേ ക്രൂഷ് പറയുന്നു അങ്ങനെയല്ലെന്ന്! ജയിൽവാസം കഴിഞ്ഞു വന്ന റസ്ക്കോൾനിക്കഫിനെ അയാൾ നടത്തിയ കൊലപാതകം നിരന്തരം വേട്ടയാടി. അതിൽ നിന്ന് രക്ഷപ്പെടാൻ അയാൾ കണ്ടെത്തിയ വഴി വിചിത്രമായിരുന്നു – നിരന്തരം കൊലകൾ നടത്തുക. ദിവസവും ഒരാളെ കൊന്നാൽപ്പിന്നെ കൊല്ലുന്നത് അയാളെ സംബന്ധിച്ച് ഒരു കുറ്റമല്ല; വെറും സാധാരണ സംഭവം മാത്രം. അങ്ങനെ റസ്ക്കോൾനിക്കഫ് നിരന്തരം കൊലകൾ നടത്തി. കഥാപാത്രങ്ങൾ ചത്തൊഴിഞ്ഞ് ദൊസ്തയേവ്സ്ക്കിയുടെ നോവൽ താമസിയാതെ വിജനമായി.

അത്രയുമായപ്പോൾ ആലോചിക്കേണ്ടിവന്നു. കോവിഡ് വാർറൂം ചുമതലയ്ക്കിടയിൽ പലരും വിളിച്ചിരുന്നു: മരുന്നുകൾക്കു വേണ്ടി, ആംബുലൻസിനു വേണ്ടി, പൾസ് ഓക്ലിമീറ്ററിനു വേണ്ടി… ചിലരൊക്കെ വീണ്ടും വിളിച്ചു: തുടർ വിവരം പറയാൻ. പലരും വിളിച്ചില്ല; മറന്നു പോയതോ അതോ മരിച്ചു പോയതോ?

മരം പരാജയപ്പെട്ട ഒരു പക്ഷിയാണെന്ന് ക്രൂഷ് എഴുതുന്നു. വേരുകളാണ് അതിന്റെ പറക്കലിനെ ഇല്ലാതാക്കുന്നത്. പക്ഷേ വേരുകൾ മുറിഞ്ഞാൽ മരം നശിക്കുകയും ചെയ്യും.

ജീവിതമായിരിക്കുമോ മനുഷ്യന്റെ പറക്കലിനെ ഇല്ലാതാക്കുന്നത്?

ഏതായാലും അഫോൺസു ക്രൂഷിന്റെ ‘അച്ഛനെ തിന്നുകളഞ്ഞ പുസ്തകങ്ങൾ’ (The Books that Devoured My Father)എന്ന നോവൽ വായനക്കാരനെയും തിന്നുകളയുന്നു. (Devour എന്ന വാക്കിന് സൂക്ഷ്മമായി വായിക്കുക എന്നുകൂടി അർത്ഥമുണ്ട്; മനുഷ്യൻ പുസ്തകത്തെയല്ല, പുസ്തകം മനുഷ്യനെയാണ് വായിക്കുന്നത്.)

നോവലിലെ പ്രധാന കഥാപാത്രം പന്ത്രണ്ട് വയസ്സ് പ്രായമുള്ള എലിയെസ് ബോൻഫിം. എന്ന കുട്ടിയാണ്. അച്ഛനില്ല അവന്. എല്ലാവരും പറഞ്ഞിട്ടുള്ളത് അച്ഛൻ ഹൃദയാഘാതം വന്നു മരിച്ചു എന്നാണ്. പക്ഷേ അവന് പന്ത്രണ്ട് വയസ്സായപ്പോൾ മുത്തശ്ശി അവനാ രഹസ്യം പറഞ്ഞു കൊടുക്കുന്നു. അച്ഛൻ മരിച്ചതല്ല; കാണാതായതാണ്.

അവന്റെ അച്ഛൻ വലിയൊരു വായനക്കാരനായിരുന്നു. ടാക്‌സ് ഓഫീസിലായിരുന്നു അദ്ദേഹത്തിനു ജോലി. ഒട്ടും ഇഷ്ടമല്ലാത്ത ആ ജോലി ചെയ്യുന്നതിനിടയിൽ, ഫയലുകൾക്കുള്ളിൽ മറച്ചുവെച്ച് അദ്ദേഹം പുസ്തകങ്ങൾ വായിച്ചു. ഒരിക്കൽ അദ്ദേഹം അങ്ങനെ വായിച്ചു കൊണ്ടിരുന്നത് എച്ച്. ജി. വെൽസിന്റെ ‘ഡോക്ടർ മോഹൂവിന്റെ ദ്വീപ്’ (The Island of Dr. Moreau) എന്ന പുസ്തകമായിരുന്നു. ഇടയ്ക്കെപ്പോഴോ മേലധികാരി അദ്ദേഹത്തെ വിളിച്ചു. ആരും വിളി കേട്ടില്ല. അടുത്തുചെന്നു നോക്കിയപ്പോൾ ഓഫീസ് മേധാവി കണ്ടത് വായനക്കാരനില്ലാതെ പുസ്തകം തുറന്നു കിടക്കുന്നതാണ്.

എലിയെസിന്റെ അച്ഛൻ ആ പുസ്തകത്തിനകത്തു കയറി അപ്രത്യക്ഷനായതായിരുന്നു!

ആ രഹസ്യത്തോടൊപ്പം മറ്റൊന്നുകൂടി മുത്തശ്ശി നൽകി: അച്ഛന്റെ പുസ്തക മുറിയുടെ താക്കോൽ. അങ്ങനെ കാണാതായ അച്ഛനെ തേടി അവൻ പുസ്തകങ്ങളിലൂടെ യാത്ര തുടങ്ങി. പുസ്തകങ്ങൾക്കുള്ളിൽ അച്ഛൻ എഴുതി വെച്ച കുറിപ്പുകൾ അവന് വഴികാട്ടിയായി.

വായനാദിനം, Jayakrishnan, IE Malayalam

കപ്പൽച്ചേതം സംഭരിച്ച എഡ്വേർഡ് പ്രെൻഡിക്ക് എന്നയാൾ മൃഗങ്ങളെ മനുഷ്യരാക്കാൻ ശ്രമിക്കുന്ന ഡോ. മോഹൂ എന്ന ശാസ്ത്രജ്ഞന്റെ പിടിയിലാകുന്നതും പിന്നീട് അവിടെനിന്ന് രക്ഷപ്പെടുന്നതുമാണ് വെൽസിന്റെ ന്റെ ഇതിവൃത്തം. പ്രെൻഡിക്കിനെ കണ്ടു പിടിക്കാനായിരുന്നു ബോൻഫിം ശ്രമിച്ചത്. അയാൾ ഒരു പക്ഷേ അച്ഛനെപ്പറ്റിയുള്ള വിവരം തന്നേക്കും. (പുസ്തകത്തിലെ) ലണ്ടൻ തെരുവുകളിലൂടെ നടക്കുന്നതിനിടയിൽ അവൻ പ്രെൻഡിക്കിനെ ചികിത്സിച്ച ഡോ. സിർക്കോവിനെ കണ്ടു പിടിക്കുന്നു. അയാളുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് പ്രെൻഡിക്ക് ഒരു നായായി മാറിയെന്ന് അവൻ മനസ്സിലാക്കുന്നു. നായയെ പിന്തുടർന്ന അവൻ ചെന്നെത്തുന്നത് പണ്ട് പ്രെൻഡിക്ക് താമസിച്ചിരുന്ന വീട്ടിലാണ്. അയൽപക്കക്കാരി അവനോട് പ്രെൻഡിക്കിന്റെ കൂടെ താമസിച്ചിരുന്ന മറ്റൊരാളെപ്പറ്റി പറയുന്നു.

ഒരു അനഗ്നോസ്ത.

പുസ്തകം വായിച്ചു കൊടുക്കുന്നയാൾ!

അതു മറ്റാരുമായിരുന്നില്ല; ബോൻഫിന്റെ അച്ഛനായിരുന്നു.
.
തുടർന്ന് അച്ഛനെഅന്വേഷിച്ച് അവൻ മറ്റനേകം പുസ്തകങ്ങളിൽ ചെന്നെത്തുന്നു. എഴുത്തുകാരൻ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായ കഥകൾ കഥാപാത്രങ്ങളിൽ നിന്നും കേൾക്കുന്നു. അതങ്ങനെയാണ്: കഥാപാത്രങ്ങളുടെ കഥയല്ല കഥാകാരൻ എഴുതുന്നത്; കഥാകാരന്റെ കഥയല്ല വായനക്കാരൻ വായിക്കുന്നത്.

ഈ മഹാമാരിയും ജീവിതത്തിന്റെ, മരണത്തിന്റെയും, എഴുതപ്പെടാത്ത പുസ്തകങ്ങൾ വായിച്ചുതരുന്ന ഒരു കഥാപാത്രമായിരിക്കാം.

മറ്റൊരു അനഗ്നോസ്ത.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Vayana dinam jayakrishnan on books and reading