scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

ശാന്ത എന്നു പേരുള്ള മഴ

“പട്ടിണിയും ദാരിദ്ര്യവും പ്രാരാബ്ധങ്ങളും എന്നു വേണ്ട, ജീവിതം ഒരിക്കലും അവരോടു ദയയോ സ്നേഹമോ കാട്ടിയിട്ടില്ല. അവരോ ശാന്തമായും സൗമ്യവുമായി മാത്രം ജീവിതത്തോട് ഇടപെട്ടു. ഒരിക്കൽ പോലും മുഷിഞ്ഞ മുഖത്തോടെ ശാന്തമ്മയെ ഞാൻ കണ്ടിട്ടില്ല അവസരോചിതമല്ലാത്ത ഒരു വാക്കും ഞാൻ അവരിൽ നിന്ന് കേട്ടിട്ടില്ല…” അടുപ്പത്തിന്റെ കണ്ണടയിൽ വസുജ വാസുദേവന്‍‌ എഴുതുന്നു

vasuja , memories, iemalayalam

അടുപ്പം കൊണ്ടു മാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന ചില വശങ്ങളുണ്ട് ഓരോ വ്യക്തിത്വത്തിനും. ആ വായിച്ചെടുക്കലും കൂടിയായാലേ ആ വ്യക്തിചിത്രങ്ങള്‍ പൂര്‍ണ്ണമാവൂ. ദൂരെനിന്നു കണ്ടതൊന്നുമായിരുന്നില്ല ശരിക്കുള്ള ചിത്രമെന്ന് അപ്പോള്‍ മാത്രമാണ് മനസിലാവുക. രക്തബന്ധം കൊണ്ടുവരുന്ന തുടര്‍ച്ച, നിരന്തര സാമീപ്യം കൊണ്ടുണ്ടായ ഇഴയടുപ്പം, ഒപ്പം വച്ച കാല്‍ച്ചോടുകള്‍ പൂഴ്ന്നുണ്ടായ മനസിലാക്കലുകള്‍, അങ്ങനെ ഏതുമാവാം അടുപ്പത്തിനു കാരണങ്ങള്‍. അടുപ്പത്തിന്‍റെ നടുമുറ്റത്തുനിന്ന് ഒരാള്‍ മറ്റൊരാളെ വായിക്കുകയാണ്, ആ വായനയില്‍ മറ്റാരും കാണാത്ത ചില അളന്നുകുറിക്കലുകള്‍ ഉണ്ടാവും, തീര്‍ച്ച.

കേള്‍വിക്കാരും വായനക്കാരും കാഴ്ചക്കാരും അറിയാതെ പോകുന്ന പ്രകാശഗോപുരങ്ങള്‍, പൊട്ടിച്ചിരികള്‍, വേവലുകള്‍, ആന്തലുകള്‍, ഒറ്റപ്പെടലുകള്‍, ഉത്സവങ്ങള്‍, ഈരടികള്‍, രസച്ചരടുകള്‍, കളിക്കമ്പങ്ങള്‍ ഒക്കെയുണ്ട് ഓരോരുത്തരുടെയും ഉള്ളില്‍. അതെല്ലാം അടുപ്പത്തിന്‍റെ കണ്ണടയിലൂടെ മാത്രം കാണാവുന്ന ചിലതാണ്…

ശാന്ത എന്നു പേരുള്ള മഴ

“ഏറ്റ- വെയിലിനെയെല്ലാം
ഒപ്പിയെടുക്കുന്ന
നനവിന്റെ നൂലുകൾ.
ആരോ വലിയ വീഴ്ചകളെ
എടുത്ത് തലനാരുവണ്ണം പകുത്ത്
തലയെടുപ്പിൽ തൂവൽക്കനമായി
വച്ചുതരുന്നുണ്ട്.

അകത്തു മഴയുള്ള
ആരോ…”
(മഴയുടെ കനം- വീരാൻകുട്ടി)

ഉള്ളിൽ മഴയുള്ള ഒരാൾ. അങ്ങനെ ഒരാളുണ്ട് എനിക്ക്. ആകാശത്തല്ല, ഇങ്ങ് ഭൂമിയിൽ. ആമിയുടെ നാല് വയസ്സുമുതൽ ലോക്ക്ഡൗണിന് മുൻപു വരെ കൂടെയുണ്ടായിരുന്ന ആ മഴയുടെ പേര് ശാന്ത എന്നാണ്.
ശാന്തമ്മയെ പറ്റി പറയും മുമ്പ് ഞാൻ എന്നെക്കുറിച്ച് പറയാം.

28-ാമത്തെ വയസിൽ പ്രണയ വിവാഹത്തിന് തുനിഞ്ഞിറങ്ങിയപ്പോ, ‘നിനക്ക് പറ്റിയ പണിയല്ലിത്’ എന്ന് പറഞ്ഞവർ ഉണ്ടായിരുന്നു. കൂട്ടുപ്രതിയായ ശ്രീയോട് ‘നീ തീർന്നെടാ തീർന്നു’ എന്ന് പലരും പരിതപിച്ചു. അത്രയ്ക്കായിരുന്നു എന്റെ അനാരോഗ്യം. ആദ്യത്തെ രണ്ട് വർഷം നാട്ടിൽ.

ആമി ജനിച്ചപ്പോൾ, അവൾ വളരേണ്ടത് അവിടെയല്ല എന്ന് തീരുമാനിക്കാൻ എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ അഞ്ച് മാസക്കാരിയേയും കൊണ്ട്, ട്രാൻസ്ഫർ വാങ്ങി, ഞാൻ ശ്രീയോടൊപ്പം എറണാകുളത്ത് എത്തി.

ശ്രീയുടെ, ജോലിത്തിരക്കുള്ള ജീവിതത്തെ പരമാവധി പിന്തുണച്ച്, ആമിയേം വീടിനേം അപ്പാടെ എടുത്ത് ചുമലിൽ വെച്ചുള്ള ഉത്തമഭാര്യ ജീവിതം. ആമിക്കുഞ്ഞിന്റെ അസുഖങ്ങളും അടിക്കടിയുള്ള ആശുപത്രി വാസവും ഒട്ടും സന്തോഷകരമല്ലാത്ത ഔദ്യാഗിക ജീവിതവും ഒക്കെ കൂടി ഞാനെന്ന വഞ്ചി ആകെ ഉലഞ്ഞു വലിഞ്ഞ് എങ്ങാണ്ടൊക്കെയോ നീങ്ങുന്ന കാലം.

ആമിക്കുട്ടിയുടെ നാലാം പിറന്നാൾ കഴിഞ്ഞ സമയം. രണ്ട് മാസം പ്രായമുള്ള ഒരു ഗർഭ കാലവും, ശ്രീയുടെ അച്ഛന്റെ മരണവും,അബോർഷനും എല്ലാം കൂടി തന്ന കടുത്ത ശാരീരിക, മാനസിക പ്രശ്നങ്ങളും വെച്ച് വീട്ടുദ്യോഗവും ബാങ്കുദ്യോഗവും കൊണ്ട് പെടാപ്പാട്പെടുന്ന കാലം, സഹായിക്കാൻ ആരെയെങ്കിലും കിട്ടുമോ എന്ന അന്വേഷണത്തിനിടയിലാണ് ശാന്തമ്മയെ കിട്ടുന്നത്.

ചിതറികിടക്കുന്ന ആമികളിപ്പാട്ടങ്ങളും എച്ചിൽപാത്രക്കൂനകളും അഴുക്കു തുണികളും ഒക്കെ നിറഞ്ഞ ഞങ്ങളുടെ ട്ടാവട്ട വാടക ഫ്ലാറ്റിനെ ആകെ പാടെ ഒന്നു നോക്കി, ‘കുറെ വീട്ടില് പണിയുണ്ട്, ന്നാലും, വിശ്വാസമുണ്ടെങ്കിൽ മോള് കീ താ… നാളെമുതൽ, എപ്പോഴെങ്കിലും ഞാൻ വന്നു വൃത്തിയാക്കാം,’
ശാന്താമ്മ കൈ നീട്ടി. വിശ്വസിക്കുക എന്ന് മാത്രമേ എനിക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. പിറ്റേന്ന് മുതൽ എണ്ണിചുടുന്ന അപ്പത്തിന്റെ ഒരു ഭാഗം ഞാൻ അവർക്കായി മാറ്റി വച്ചു.

പതിയെ പതിയെ ആമികുട്ടിയെ വൈകിട്ട് ഡേ കെയറിൽ നിന്നു കൂട്ടി കൊണ്ടു വരവും അവളെ നോക്കലും ഒക്കെ ശാന്തമ്മ ഏറ്റെടുത്തു.

‘പുള്ളേനെ നോക്കി എനിക്ക് വല്യ ശീലമൊന്നുമില്ല,’ന്ന് ഇടയ്ക്കിടക്ക് എന്നെ ഓർമ്മിപ്പിച്ചു. എന്റെ ആമിയുടെ അമ്മയും അമ്മൂമ്മയും ഒക്കെ ആയി, പെറുക്കിയടുക്കിയും കഴുകിത്തുടച്ചും അവർ, എന്റെ ജീവിതത്തിലേക്ക് വെളിച്ചത്തെ കൂട്ടികൊണ്ടുവന്നു.

vasuja , memories, iemalayalam

ഒരിക്കൽ പോലും അവരെന്നോട് എന്റെ ജീവിതം എന്തെന്ന് ചോദിച്ചില്ല, ഞാൻ പറഞ്ഞിട്ടുമില്ല. പകരമോ വീണു കിട്ടുന്ന സമയമൊക്കെ, സ്വന്തം കഥ പറഞ്ഞു. 70-ാം വയസ്സിന്റെ വക്കത്ത് കാൽ നീട്ടിയിരിക്കുമ്പോഴും, ‘അന്ന് കുഞ്ഞേട്ടൻ…’ എന്ന് ജീവിതം പറഞ്ഞു തുടങ്ങുമ്പോൾ ശാന്തമ്മയുടെ ടോൺ മാറും, ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി വിടരും. (എന്റെ ഉള്ളിലെ പ്രണയക്കനലിനെ അറിയാമട്ടിൽ ഊതി ജ്വലിപ്പിക്കും ആ ചിരി). ഏതു കനൽ വഴിയുടെ ഓർമയാണെങ്കിലും പറയുമ്പോഴൊക്കെ ആ ചിരിയങ്ങനെ പറ്റി പിടിച്ച് നിൽക്കും. തോറ്റു പിന്മാറുന്നവർക്കുള്ളതല്ല ഈ ജീവിതം എന്ന്, അവരെന്നെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.

എറണാകുളം കണ്ണാടിക്കാടാണ് ശാന്താമ്മയുടെ ജന്മദേശം. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ എട്ട് മക്കളിൽ മൂത്തയാൾ.

“എളേത്തുങ്ങളെ നോക്കണ്ടേ.അതോണ്ട് പഠിക്കാനൊന്നും പോയില്ലാ. പട്ടിണി കൂടിയപ്പോ പതിനാറാം വയസ്സിൽ പണിക്ക് പോയി തുടങ്ങി. ഒരു രൂപയാ അന്ന് കൂലി.”

20-ാം വയസ്സിൽ വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെ കളമശ്ശേരിക്കാരൻ കുഞ്ഞൻ ചേട്ടനുമായി പ്രണയ വിവാഹം. “പിന്നെയാരുന്നു പുള്ളേ ശരിക്കുമുള്ള അങ്കം. അടുത്തടുത്തുള്ള നാലുപിള്ളേര്. രണ്ടാമത്തെ പ്രസവത്തിൽ ഇരട്ടകൾ. എല്ലു മുറിയെ പണിതാലും കൊടും ദാരിദ്ര്യം. അടുത്ത വീട്ടീന്നു വാങ്ങികൊണ്ടു വരുന്ന കഞ്ഞിവെള്ളം മാത്രം കുടിച്ച് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാ ഒരു വറ്റു കളയുന്നത് എനിക്ക് ഇഷ്ടമില്ലാത്തത്.”

vasuja , memories, iemalayalam

ശാന്തമ്മയുടെ ജീവിതകഥകൾ കേട്ട് പലപ്പോഴും ഞാൻ തല കറങ്ങി ഇരുന്നിട്ടുണ്ട്.

” ഇരട്ടകളെ പ്രസവിക്കുന്ന സമയത്ത്‌ യൂണിവേഴ്‌സിറ്റിയിൽ കെട്ടിടം പണിയാ. മെറ്റൽ ചുമട്. രാവിലെ പണി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേ ചെറുതായി വയറു വേദന. സംഗതി പന്തിയല്ലല്ലോന്നു തോന്നി. എറണാകുളത്തേക്കൊരു കെഎസ്ആർടിസി ബസ് ഉണ്ട്, യൂണിവേഴ്സിറ്റീന്ന്. അതി കേറി എങ്ങനെയോ ജനറൽ അശൂത്രിയിൽ എത്തി. അകത്ത് കയറിയതും പെറ്റു. എണീക്കാൻ തുടങ്ങിയപ്പോ ഡോക്ടർ പറഞ്ഞു, എണീക്കല്ലേ ശാന്തേ, ഒന്നൂടെ ഒണ്ടെന്ന്. ന്റെ പുള്ളേ അന്നേരമാ വയറ്റി രണ്ടെണ്ണം ഒണ്ടാരുന്ന കാര്യം ഞാൻ അറിയുന്നെ!”

“വൈകുന്നേരം ആയപ്പോ കുഞ്ഞേട്ടനും അമ്മേം കൂടി തെരക്കി പിടിച്ചു വന്നു. പിറ്റേന്ന് രാവിലെ പേരും വെട്ടിച്ച് പോര്വേംചെയ്തു. പിന്നോ? പിന്നെന്താ. ഒരാഴ്ച കഴിഞ്ഞപ്പോ വീണ്ടും പണിക്കു പോയി തുടങ്ങി…” എന്ന് പറഞ്ഞുനിർത്തി ശാന്തമ്മ വീണ്ടും ജോലിയിലേക്ക് തിരിയുമ്പോൾ, രണ്ട് കുഞ്ഞുങ്ങളേം വയറ്റിലിട്ട് പ്രസവ ദിവസം പോലും മെറ്റൽ ചുമന്ന അവരെ ഞാൻ അത്ഭുതാദരങ്ങളോടെ നോക്കിയിരുന്നു. എന്റെ ഗർഭ ദിനങ്ങളിലെ രാജകീയ ജീവിതമോർത്ത് ദൈവത്തോട് വീണ്ടും വീണ്ടും കടപ്പെട്ടു.

കെട്ടിടം പണിയാണെങ്കിൽ, ആദ്യ ദിവസങ്ങളിൽ കൈയൊക്കെ പൊള്ളി തൊലി പോകുമായിരുന്നത്രേ.
‘വൈകിട്ടു വന്ന് ഉപ്പും മുളക്കുംകൂടി അരച്ച് തേക്കും.’ അയ്യോന്ന് ഞാൻ നിലവിളിച്ചപ്പോൾ “ങാ ആ നീറ്റലാണ്‌ മരുന്ന്”ന്ന് ചിരിക്കും ശാന്തമ്മ. ജീവിതം എത്രപൊള്ളിച്ചിട്ടും ഊതിക്കാച്ചിയ പൊന്നുപോലെ തെളിഞ്ഞു ചിരിക്കുന്ന സ്ത്രീ!

ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ കണക്കു പറഞ്ഞില്ല. കൊടുക്കുന്നത്, അത്രേം തൃപ്തിയോടെ കൈനീട്ടി വാങ്ങും, എണ്ണി നോക്കാതെ പേഴ്സിൽ വെക്കും.

എനിക്ക്, ഒരുപാട് ആവശ്യങ്ങളുള്ള മാസമാണെങ്കിൽ, രശ്‌മീടെ കയ്യിൽ കാശുണ്ടേ മതി, ഇല്ലേ പിന്നെ വാങ്ങിക്കോളാംന്ന് ചിരിക്കും.

പട്ടിണിയും ദാരിദ്ര്യവും പ്രാരാബ്ധങ്ങളും എന്നു വേണ്ട, ജീവിതം ഒരിക്കലും അവരോടു ദയയോ സ്നേഹമോ കാട്ടിയിട്ടില്ല. അവരോ ശാന്തമായും സൗമ്യവുമായി മാത്രം ജീവിതത്തോട് ഇടപെട്ടു. ഒരിക്കൽ പോലും മുഷിഞ്ഞ മുഖത്തോടെ ശാന്തമ്മയെ ഞാൻ കണ്ടിട്ടില്ല, അവസരോചിതമല്ലാത്ത ഒരു വാക്കും ഞാൻ അവരിൽ നിന്ന് കേട്ടിട്ടില്ല.

vasuja , memories, iemalayalam

വീട് വാങ്ങാൻ തീരുമാനിച്ച സമയം.കുസാറ്റിന്റെ ചുറ്റുവട്ടത്ത് തന്നെ നോക്കാം എന്നു തീരുമാനിക്കാൻ കാരണം, കുസാറ്റിനോടുള്ള ഇഷ്ടം മാത്രമായിരുന്നില്ല, ശാന്താമ്മ കൂടി ആയിരുന്നു. കണ്ടിഷ്ടപ്പെട്ട വീടെല്ലാം ശാന്തമ്മയെയും കൊണ്ടു കാണിക്കും. ശാന്തമ്മയ്ക്ക് വരാൻ പറ്റില്ലല്ലോ ഇങ്ങ് കങ്ങരപ്പടി വരെ’ എന്ന് വേവലാതിപ്പെട്ടപ്പോൾ “സാരമില്ല രശ്‌മീ, ആഴ്ചല് രണ്ട് ദിവസമെങ്കിലും ഞാൻ വന്നോളാം, ആ വീട് മതി ആമിക്ക്,” എന്നായി ശാന്തമ്മ.

‘ഫാന്റസ്‌മിന്റ’യിൽ പാലുകാച്ചിയ ദിവസം വീടിന്റെ താക്കോൽ കൂട്ടം അപ്പാടെ ആ കയ്യിൽ വെച്ചു കൊടുത്തു ഞങ്ങൾ. പുതിയ ആഫ്റ്റർ സ്കൂളും ആമിയും പൊരുത്തപ്പെടാത്ത വന്നപ്പോൾ, “ഇനി ബാങ്കി കൊണ്ടിരുത്തി പുള്ള കോലം കെടുമല്ലോ ഭഗവാനെ”ന്ന് പറഞ്ഞ്, അഴ്ചയിൽ രണ്ടുദിവസം എന്ന പടി നിർത്തി, ശാന്തമ്മ ദിവസവും കങ്ങരപ്പടിക്ക് വണ്ടി കേറാൻ തുടങ്ങി. അതോടെ ‘ഫാന്റസ്‌മിന്റ’ ശരിക്കും ഞങ്ങളുടെ ഫാന്റസ്‌മിന്റ ആയി.

ഞങ്ങളുടെ കുമിളവീടിനെ തൂത്തും തുടച്ചും കണ്ണാടി പോലെ മിനുക്കി വെച്ചു എപ്പോഴും ശാന്തമ്മ. ഞങ്ങൾ കളിയാക്കും, ശാന്തമ്മ റോഡിൽ എത്തുമ്പോഴേ ഇവിടെ വീട് തനിയെ തന്നെ അടുക്കിപ്പെറുക്കൽ തുടങ്ങുമെന്ന്, പൊടിയൊക്കെ എങ്ങോട്ടെങ്കിലും പാറിപോകുമെന്ന്.

വീട്ടിലുള്ള സമസ്ത സാധനങ്ങൾക്കും, എന്തിന് കടുകിന് വരെ ശാന്താമ്മക്ക് കൃത്യം കണക്കാണ്. കാശിന്റെ വില അറിഞ്ഞോർക്കെ വെറുതേ കളയാൻ പാടാന്ന് കണ്ണുരുട്ടും എന്നെ.

ആമിക്ക്‌, അടുത്തില്ലാതെ പോകുന്ന പ്രിയപ്പെട്ടവർക്കൊക്കെ പകരമായിയുന്നു ശാന്തമ്മ. എന്തു പ്രശ്നത്തിനും പരിഹാരമറിയുന്ന, ലോകത്തുള്ള എല്ലാ കളികളും അറിയുന്ന ഒരാൾ. “സംശയമുണ്ടങ്കിൽ ശാന്തമ്മയോട് ചോദിക്കൂ,” എന്ന് ഒരു കാലത്ത് ആമിയുടെ സ്ഥിരം ഡയലോഗ് ആയിരുന്നു.

എഴുപത് വയസോളം ഉണ്ടാകും ശാന്തമ്മയ്ക്ക്. പേരക്കിടാങ്ങൾക്കും കുട്ടികളായി.

‘ആമിയെ ഓർത്ത് മാത്രമാണ് അമ്മയെ ഞങ്ങൾ അങ്ങോട്ട് വിടുന്നത്. പ്രായം കുറേ ആയില്ലേ… ഇനി വീട്ടിലിരിക്കട്ടേ,’ എന്ന് മക്കളൊക്കെ പറയും ഇടക്കിടെ.

ഒറ്റ വളപ്പിനുള്ളിൽ മൂന്നു മക്കളും പേരക്കുട്ടികളും അവരുടെ കുട്ട്യോളും ഒക്കെയുണ്ട്. വേണമെങ്കിൽ ശാന്താമ്മക്കിനി വിശ്രമിക്കാം. പക്ഷേ, വീഴുന്നേടം വരെ പണിയെടുത്ത് കഴിയണം എന്നാണ് ആളുടെ ഇഷ്ടം.

എന്റെ അമ്മയും ശ്രീയുടെ അമ്മയും ഒക്കെ പറയും ‘കഴിഞ്ഞ ജന്മത്തിൽ ഇവർ നിന്റെ അമ്മ ആയിരിക്കും,’ എന്ന്. ആ, ആർക്കറിയാം. പക്ഷേ, ഈ ജന്മത്ത് എനിക്ക് അവരോട് ഉള്ളത്ര കടപ്പാട് മറ്റാരോടുമില്ല.

അക്ഷരാഭ്യാസമോ,ലോകപരിജ്ഞാനമോ ഒന്നുമില്ലാതിരുന്ന അവർ, ചിതറി വീണു കിടന്ന എന്റെ ജീവിതപുസ്തകം, (ഒരുവേള,കുറച്ചു നാൾ കൂടി അങ്ങനെ പോയാൽ ഏതെങ്കിലും ചവറ്റു കുട്ടയിലേക്ക് അത് ഞാൻ തന്നെ വാരിക്കളഞ്ഞേനെ) എത്ര തന്മയത്വത്തോടെയാണ് അടുക്കിപെറുക്കി എടുത്തത്, തുന്നി കൂട്ടിയത്!

ആരോരുമായിരുന്നില്ല ഞാൻ. എന്നിട്ടും അവരാണ് ഒരു ജീവിതം അണഞ്ഞു പോകുന്നത് തിരിച്ചറിഞ്ഞത്. തന്നെക്കൊണ്ട് ആവുമ്പോലൊക്കെ അത് അണയാതെ കാത്തത്.
കുഞ്ഞുറുമ്പിന് കിട്ടിയ കൽക്കണ്ട തുണ്ടു പോലെ ഞാനീ ജീവിതവും കൊണ്ട് തളർന്നിരുന്നപ്പോൾ
‘നോക്കൂ എത്ര മധുരമുള്ളതാണ് കുഞ്ഞേ നിന്റെ ജീവിതം,’ എന്നെന്നെ കൂടെ കൂടെ ഓർമ്മിപ്പിച്ച്, എന്റെ കൂടെ നടന്നത്. എത്രയോ കാലം എന്റെ ഭാരം പകുത്തത്.

പ്രിയപ്പെട്ട ശാന്തമ്മേ, ഇപ്പോഴും,നിങ്ങളെ ഓർക്കുമ്പോൾ, നന്ദിയും കടപ്പാടും സ്നേഹവും കൊണ്ടൊക്കെ എന്റെ കണ്ണ് നിറയുന്നുണ്ട്. വല്ലാത്ത കാറും കോളും ഉള്ളൊരു കാലത്താണ് ഞാൻ ആവശ്യപ്പെടാതെ തന്നെ നിങ്ങളെന്റെ ജീവിത പങ്കായം ഏറ്റെടുത്തത്. ആ കൈ വിരൽ തുമ്പിൽ പിടിച്ച് പൊന്തിയാണ് ഞാൻ ജീവശ്വാസം എടുത്തത്. നിങ്ങളാണ് എന്നിൽ ജീവിക്കാനുള്ള ആത്മവിശ്വാസം വീണ്ടും വീണ്ടും നിറച്ചു വച്ചത്.

പ്രിയ എ എസ് പറഞ്ഞപോലെ, നന്ദി പ്രകടിപ്പിക്കാൻ മറ്റൊരു മാർഗവും ഇല്ലാതെ വരുമ്പോൾ കൈയിലുള്ള അക്ഷരങ്ങളെ ഇങ്ങനെ തിരിച്ചും മറിച്ചും ചേർത്തു വച്ച്‌, ശാന്തമ്മേ ഞാൻ നിങ്ങളെ എന്റെ ജീവിതത്തോട് അത്രമേൽ ചേർത്ത് വെക്കുന്നു. അങ്ങേയറ്റം സ്നേഹത്തോടെ കടപ്പെടുന്നു.
മുന്നിൽ മുട്ടുകുത്തി ആ കൈ മുത്തുന്നു.

വായനക്കാർക്കും എഴുതാം

അടുപ്പത്തിന്‍റെ കണ്ണട’യിലൂടെ കണ്ടു കണ്ടെഴുതുന്ന കുറിപ്പുകള്‍ ആരെക്കുറിച്ചുമാവാം. മകളെ /മകനെക്കുറിച്ചാവാം, ഭാര്യയെ/ഭര്‍ത്താവിനെക്കുറിച്ചാവാം, അയല്‍പക്കക്കാരന്‍ /കാരിയെക്കുറിച്ചാവാം, സഹപ്രവര്‍ത്തകനെ/കയെക്കുറിച്ചാവാം, സന്തതസഹചാരിയെ/എതിരാളിയൈക്കുറിച്ചാവാം, ജീവിച്ചിരിക്കുന്നതോ മണ്‍മറഞ്ഞതോ ആയ ഒരാളെ കുറിച്ചാവാം, ചുറ്റുവട്ടത്തുനില്‍ക്കുന്നതോ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്നതോ ആയ ആളെക്കുറിച്ചാവാം. ദിശ പിരിഞ്ഞുപോയ ഒരാളെക്കുറിച്ചാവാം, ആരെ കുറിച്ചുമാവാം. അടുപ്പം ഒരു കണ്ണടയാവണം എന്നു മാത്രം.

‘അടുപ്പത്തിന്റെ കണ്ണട’യിലെ മറ്റു കുറിപ്പുകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Vasuja vasudevan santha cusat