Latest News

പല ദിനങ്ങൾ,പല ദേശങ്ങൾ, പല വിശ്വാസങ്ങൾ, പല ക്രിസ്‌മസ്സുകൾ

ക്രിസ്‌മസ്സിന്രെ ആഘോഷരാവുകളൊഴിയാത്ത യൂറോപ്യൻ രാജ്യങ്ങൾ. ആഘോഷം മുതൽരാഷ്ട്രീയ ക്രിസ്‌മസ് ട്രീവരെയുളള വൈവിധ്യങ്ങൾ നിറയുന്ന യൂറോപ്യൻ ക്രിസ്‌മസ് അനുഭവങ്ങളെ കുറിച്ച്

christmas in europe

ക്രിസ്‌മസ് യൂറോപ്പിലെങ്ങും രണ്ടു മാസക്കാലം ആഘോഷിക്കപ്പെടുന്നുന്നുണ്ട്. ഒക്ടോബർ അവസാന ആഴ്ചയോടെ ക്രിസ്‌മസ്സിന്രെ കാലമായി, എന്നറിയിച്ചുകൊണ്ടുള്ള വിപണി ഉണരും. വ്യത്യസ്തതരം അലങ്കാര ബൾബുകൾ, മറ്റു അലങ്കാര വസ്തുക്കൾ, ക്രിസ്‌മസ് ട്രീ അലങ്കാരിക്കാനുള്ള ആകർഷകമായ ഡോമുകളും, വിവിധതരം മുത്തുമാലകളും, കൂടാതെ നക്ഷത്രങ്ങൾ, മറ്റു വിളക്കുകൾ. ചോക്ലേറ്റുകൾ, സമ്മാനം നൽകാനുള്ള ആയിരക്കണക്കിന് ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ളതും ഓൺലൈൻ മുഖേനയുമുള്ള മാർക്കറ്റിങ്. ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾ, തുടങ്ങി നവംബർ ആദ്യവാരത്തോടെ ക്രിസ്‌മസ്സിന്രെ സാന്നിധ്യം ഏവരിലും ഉണ്ടാക്കുന്ന തരത്തിൽ കച്ചവടം സജീവമാകും.

ഏതാണ്ട് എല്ലാവരും ആഘോഷങ്ങളിൽ പങ്കാളികളാകും. വീടുകളിലും ജോലിസ്ഥലത്തും, മറ്റു മേഖലകളിലും സമ്മാനങ്ങൾ ലഭിക്കുകയും, അതുകൊണ്ട് തന്നെ തിരിച്ചു നൽകേണ്ടിയും വരുന്നതോടെ ക്രിസ്‌മസ്സിൽ വേണ്ടത്ര താല്പര്യമില്ലാത്തവരും, അതിൽ ഭാഗമായി മാറും.

ക്രിസ്‌മസ് ക്രിസ്തുവിന്റെ ജന്മദിനമായിട്ടാണ് ക്രിസ്ത്യനികൾ ആഘോഷിക്കുന്നത്. എങ്കിലും എന്നാണ് ക്രിസ്തു ജനിച്ചതെന്ന് ചരിത്രത്തിലോ ബൈബിളിലോ ഇല്ല. ആദ്യകാലങ്ങളിൽ ജനുവരി ഏഴിനാണ് ക്രിസ്‌മസ് ആഘോഷിച്ചിരുന്നത്. മിത്ര മാസത്തിലെ സൂര്യദേവന്റെ ജന്മദിനമായിട്ടാണ് ഡിസം. 25 യൂറോപ്പിലെങ്ങും വലിയ ആഘോഷമായി കൊണ്ടാടിയിരുന്നത്. അതിനു ശേഷം വീണ്ടും 13 ആം ദിവസം ക്രിസ്‌മസ്‌ ആഘോഷിക്കുന്നതിൽ ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ജൂലിയസ് ഒന്നാമൻ മാർപ്പാപ്പയുടെ കാലത്ത് (AD.337 to 352) ക്രിസ്‌മസും സൂര്യദേവന്റെ ജന്മദിനവും ഒരു ദിവസമാക്കി ആചരിക്കാൻ ആരംഭിച്ചത്.

christmas in europe

എന്നാൽ റഷ്യൻ, ഗ്രീക്ക് ഓർത്തഡോൿസ് വിഭാഗങ്ങൾ ഇപ്പോഴും ജനുവരി ഏഴിന് തന്നെയാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത്. നേരത്തെ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഡിസംബർ 21 നായിരുന്നു ആഘോഷിച്ചിരുന്നത്, ക്രമേണ ആ രാജ്യങ്ങളിലും ഡിസംബർ 25 ലേയ്ക്ക് മാറുകയാണുണ്ടായിരുന്നത്. എന്നാൽ ഈ ചരിത്രം മഹാഭൂരിപക്ഷം വിശ്വാസികൾക്കും അറിയില്ല എന്നതും, കത്തോലിക്കാസഭ അത് വിശ്വാസികൾക്ക് പകർന്നു നൽകാറില്ലെന്നതും, ഓർമ്മിക്കാറില്ലെന്നതും കൗതുകകരമാണ്.

യൂറോപ്പിൽ ഇറ്റലി, സ്പെയിൻ, ഭാഗീകമായി പോർട്ടുഗൽ എന്നി രാജ്യങ്ങളിൽ മാത്രമാണ് വിശ്വാസം കുറച്ചെങ്കിലും ശക്തമായി നിലനിൽക്കുന്നത്. മറ്റു രാജ്യങ്ങളിൽ ക്രൈസ്തവരിൽ അഞ്ചു ശതമാനം ആളുകൾപോലും പള്ളികളിൽ പോവുകയോ, മറ്റു പ്രാർത്ഥനകൾ ജീവിതത്തിന്റെ ഭാഗമാക്കുകയോ ചെയ്യാറില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ക്രിസ്‌മസ് , ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങൾ ജീവിതത്തിന്റെ ഭാഗമായി ആദ്യകാലത്തേതുപോലെ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. എന്നാൽ പുതിയ തലമുറയിലെ ഭൂരിഭാഗം പേർക്കും ക്രിസ്‌മസ്സിന്റെ ബൈബിൾ കഥകൾ പോലും അറിയില്ലെന്നത് മറ്റൊരു സത്യം. ഒരു മാധ്യമം രണ്ടു വർഷങ്ങൾക്ക് മുമ്പ് നടത്തിയ സർവേയിൽ നിന്നും 63% യുവതി യുവാക്കൾക്കും ക്രിസ്തു ജനനത്തിന്റെ ബൈബിൾ വിവരണം അറിയില്ലെന്ന് കണ്ടെത്തി.

യൂറോപ്പിൽ ഓരോ പ്രദേശത്തെയും ക്രിസ്‌മസ് ആഘോഷങ്ങളും ആചാരങ്ങളും ലോകത്തെ മറ്റേതൊരു സ്ഥലങ്ങളെയുംപോലെ വ്യത്യസ്തമാണ്. സ്പെയിനിലെ ക്രിസ്‌മസ് ആരംഭം ഡിസംബർ എട്ടിനാണ്. ഇമ്മാക്കുലേറ്റ് കൺസപ്ഷന്റെ ദിവസം എന്ന നിലയിലാണ് അന്ന് ആരംഭിക്കുന്നത്. എന്നാൽ നെതർലൻഡിൽ നവംബർ അവസാന ശനിയാഴ്ചയാണ് ആഘോഷങ്ങളുടെ ആരംഭം. ക്രിസ്‌മസ് പാപ്പയായ സെന്റ് നിക്കോളാസ് എന്ന സാന്താക്ളോസ് നെതർലൻഡിൽ കാലുകുത്തിയ ദിവസമാണ് അന്ന്.

ക്രിസ്‌മസിന് 20 ദിവസം മുമ്പ് ഫിൻലാൻഡിലെ തുർക്ക എന്ന സ്ഥലത്ത് നടത്തുന്ന സമാധാന സന്ദേശത്തിലൂടെയാണ് ആ രാജ്യത്ത് ആഘോഷങ്ങളുടെ ആരംഭം കുറിക്കുന്നത്. ക്രിസ്‌മസ്‌ സമാധാനത്തിന്റെ സന്ദേശം, പതിമൂന്നാം നൂറ്റാണ്ടുമുതലാണ് നൽകിവരുന്നത്. സ്വീഡനിൽ സെന്റ്. ലൂസിയ ദിനമായ ഡിസംബർ 13 ന് ആചരിക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. പെൺകുട്ടികൾ തൂവെള്ള വസ്ത്രങ്ങളണിഞ്ഞു, മെഴുകുതിരികൾ കത്തിച്ചു, കൂട്ടമായി നടക്കുന്ന ചടങ്ങ് ആകർഷകമാണ്.

സാന്താക്ളോസ് ദിനമായ ഡിസംബർ ആറിനാണ് ജർമനിയിലെ ക്രിസ്‌മസ്‌ തുടക്കം. കുട്ടികൾ വീടിന് പ്രധാന വാതിലിന് പുറത്ത് ഷൂവോ ചെരിപ്പോ വയ്ക്കും, കുട്ടികൾ ഉണ്ടെന്നറിഞ്ഞാൽ ക്രിസ്‌മസ്‌ അപ്പൂപ്പൻ അവരെ വിളിക്കാൻ വരുമെന്ന വിശ്വാസത്തോടെ.
യൂറോപ്പിലേത് മിക്കവാറും ക്രിസ്ത്യൻ രാജ്യങ്ങളാണ്. നഗരങ്ങളുടെ പ്രധാന കേന്ദങ്ങളിലെല്ലാം പ്രാദേശിക ഭരണകൂടങ്ങൾ ക്രിസ്‌മസ് ട്രീകൾ വച്ചും, ദീപങ്ങളാൽ അലങ്കരിച്ചും വർണ്ണാഭമാക്കും. മിക്കവാറും എല്ലാ വീടുകളിലും ക്രിസ്‌മസ് ട്രീകൾ ഉണ്ടാകും. ട്രീകൾക്കു കീഴിൽ സമ്മാനപ്പൊതികൾ വച്ച്, ക്രിസ്‌മസ് രാത്രിയിൽ ഗൃഹനാഥൻ എല്ലാവരെയും വിളിച്ച് സമ്മാനങ്ങൾ നൽകുന്നത് മറ്റൊരു സവിശേഷതയാണ്.

ഒരു രാഷ്ട്രീയ ‘ക്രിസ്‌മസ് ട്രീ’യുമുണ്ട് യൂറോപ്പിൽ. നോർവേ എല്ലാ വർഷവും ബ്രിട്ടന് നൽകുന്ന ക്രിസ്‌മസ്‌ ട്രീയാണത്. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ നോർവേയെ സഹായിച്ചതിന്റെ നന്ദി സൂചകമായിട്ടാണ് ഈ ‘ട്രീ’ കൈമാറ്റം. ലണ്ടനിലെ ട്രഫൽഗാർ സ്‌ക്വയറിലാണ് ട്രീ സ്ഥാപിക്കുന്നത്, അതിപ്പോഴും തുടരുന്നു.

യൂറോപ്പിലെ പ്രാധാനപ്പെട്ട എല്ലാ പട്ടണങ്ങളിലും ക്രിസ്‌മസ് മാർക്കറ്റുകൾ ഉണ്ട്, നവംബർ പകുതിയോടെ തുടങ്ങുന്ന താൽക്കാലിക മാർക്കറ്റിൽ, ആഘോഷങ്ങൾക്കായുള്ള എല്ലാ തരത്തിലുമുള്ള ഉൽപ്പന്നങ്ങളും ലഭിക്കും, വിനോദങ്ങൾക്കായുള്ള പ്രോഗ്രാമുകൾ, ലോകത്തെ വിവിധ രുചികൾ പകർന്നു തരുന്ന ഭക്ഷണശാലകൾ അടക്കമുള്ള മാർക്കറ്റ് ജനങ്ങളുടെ ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ്.

ക്രിസ്‌മസ് ഭക്ഷണത്തിലുമുണ്ട് രസകരമായ ഒട്ടേറെ വ്യത്യസ്തതകൾ. പോളണ്ടിലെ പരമ്പരാഗത ക്രിസ്‌മസ് ഭക്ഷണമാണ് വിജിലിയ (Wigilia). പന്ത്രണ്ടോളം വിഭവങ്ങൾ അടങ്ങിയ ഭക്ഷണമാണ്. കാർപ്പ വിഭാഗത്തിൽപെട്ട മത്സ്യ വിഭവമാണ് പ്രധാനപ്പെട്ടത്. ആദ്യകാലത്ത് ആകാശത്ത് ആദ്യ നക്ഷത്രം കാണുന്ന ദിവസമായിരുന്നു ഇത് ഭക്ഷിച്ചിരുന്നത്. പിന്നീട് അത് സാന്തക്ളോസ് ദിനത്തിലും, ഇപ്പോൾ ക്രിസ്‌മസ് ദിനത്തിലുമായി മാറിയെന്ന് മാത്രം.

ഫിൻലൻഡിൽ ക്രിസ്‌മസ് ദിവസം രാവിലെ അരിക്കുറുക്കും പ്ലം ജൂസുമാണ്‌ കഴിക്കുക. അടുത്ത ക്രിസ്‌മസ് കാലം വരെയുള്ള ഒരു വർഷം ഭാഗ്യമുള്ളവരായി ജീവിക്കാൻ മുൻകാല വിശ്വാസികൾ തുടർന്നുപോരുന്ന ഭക്ഷണരീതിയാണിത്.

ഏകദേശം ഇതേ രീതിയിൽ തന്നെ സ്വീഡനിൽ ക്രിസ്‌മസ് രാത്രിയിൽ അരിക്കുറുക്കും തക്കാളിയും കഴിക്കുന്ന ആചാരമുണ്ട്. എന്നാൽ ഡിസംബർ 25 നു ജുൽബോർഡ് (Julbord) എന്ന ബുഫേ ഭക്ഷണമാണ് കഴിക്കുന്നത്. ചൂടുള്ള ഗ്ലൂ വൈനിൽ തുടങ്ങുന്ന ഭക്ഷണരീതിയിൽ നിരവധി ഇറച്ചി വിഭവങ്ങളടക്കം കാക്കയിറച്ചിയുമുണ്ടാകും.

ജർമ്മനിയിലാകട്ടെ ക്രിസ്‌മസ്‌ രാത്രിയിൽ മൽസ്യ, മാംസ വിഭവങ്ങൾ ഇല്ലാത്ത ഭക്ഷണവും, അടുത്ത ദിവസം ഇതൊക്കെയുള്ള സമൃദ്ധമായ ഭക്ഷണവുമാണ് കഴിക്കുക. ആട്ടിറച്ചിയിൽ തയ്യാറാക്കുന്ന ‘ഹാങിക്യോട്ട്’ എന്ന ഭക്ഷണം നിർബന്ധമായും ക്രിസ്‌തുമസ്‌ വിഭവത്തിൽ ഉൾപ്പെടുത്തിയാണ് ഐസ്‌ലൻഡുകാരുടെ ആഘോഷം.
ചില വേറിട്ട ക്രിസ്‌മസ് വിശേഷങ്ങളുമുണ്ട്.

christmas in europe

ഡിസംബർ 28 സ്പെയിൻകാർക്ക് ഏപ്രിൽ ഫൂളിന് സമാനമായ ദിനമാണ്. “Holy Innocent’s Day” എന്ന് വിളിക്കുന്ന, എല്ലാവരും പരസ്പരം തമാശ പറയുകയും, തമാശയ്ക്കുവേണ്ടി ചിലതൊക്കെ ചെയ്യുന്നതുമായ, തമാശ ദിനമാണന്ന്!!

ഫിൻലാൻഡിലെ ചില മേഖലകളിൽ ജൂലുപുക്കി (Joulupukki) എന്ന പേരിലുള്ള ആടിനെയാണ് ക്രിസ്‌മസ് ഫാദറായി കാണുന്നത്. അതിനാൽ ആ മേഖലകളിൽ കുട്ടികളും മറ്റും ആടിന്റെ മാസ്ക് തലയിൽ വച്ച് നടക്കുന്നത് കൗതുകകരമായ കാഴ്ചയാണ്.

നമ്മൾ ഓണക്കോടിയുടുത്ത് ഓണം ആഘോഷിക്കുന്നത് പോലെ, പുതു വസ്ത്രങ്ങൾ അണിഞ്ഞാണ് ഐസ് ലൻഡുകാർ ക്രിസ്‌മസ്‌ പൊടിപൊടിക്കുന്നത്.
ഗ്രീസിലാകട്ടെ, ക്രിസ്തുമസിനേക്കാൾ ഈസ്റ്ററിന് പ്രാധാന്യം കല്പിക്കുന്നതുകൊണ്ട്, ആഘോഷങ്ങൾ താരതമ്യേന കുറവാണ്. ക്രിസ്‌മസ് രാത്രിയിലെ ആടിയും പാടിയുമുള്ള കരോൾ ഇപ്പോഴും സജീവമാണ്.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ക്രിസ്‌മസ് വിശേഷങ്ങളുടെ പത്തു പതിനെട്ട് നൂറ്റാണ്ടുകളിലൂടെയാണ് കടന്നുവന്നത്. രസകരവും കൗതുകകരങ്ങളുമായ ഈ ആഘോഷങ്ങൾ യൂറോപ്പിൽ മതപരമെന്നതിൽ നിന്നും ഭിന്നമായി പരമ്പരാഗതമായ ആഘോഷങ്ങളായിട്ടാണ് നടക്കുന്നത്. അതുകൊണ്ടാണ് ജനങ്ങൾ മതിമറന്ന് ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴും, പള്ളികൾ ശൂന്യമാകുന്നതും വിശ്വാസങ്ങൾ ക്ഷയിച്ചുവരുന്നതും.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Various xmas traditions in europe

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express