പത്തു ദിവസം മുൻപ് ഒരു ശരാശരി മലയാളിയോട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നു പറഞ്ഞാൽ അയാൾക്കുണ്ടാകുമായിരുന്ന കൗതുകത്തിന്റെ അളവിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. എന്നാൽ ഇന്നത്തെ നിലയോ?
ഫോൺ തുറന്നാൽ വാരിയംകുന്നൻ വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും വില്ലടിച്ചാമ്പാട്ടും വല്യപെരുന്നാളും മാത്രം. വിവാദപ്പെരുപ്പത്തിൽ കമ്പളത്ത് ഗോവിന്ദൻ നായരുടെയും പി ഭാസ്കരന്റെയും പഴയ പാട്ടുകൾ വരെ ഉറക്കം വിട്ടുഷാറായി അരങ്ങിൽ എത്തിയിട്ടുണ്ട്.
‘അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില്
ഒന്നുചേർന്ന് വെള്ളയോടെതിർത്തു നല്ല മട്ടില്
ഏറനാട്ടിൽ ധീരമക്കൾ ചോരചിന്തിയ നാട്ടില്
ചീറിടും പീരങ്കികൾക്ക് മാറ് കാട്ടിയ നാട്ടില്
വാരിയൻകുന്നത്ത് വീര കുഞ്ഞഹമ്മദാജിയും
വാശി മൂത്ത മൂപ്പരുടെ കൂടെ കൂട്ടമായിയും
കോഴി കൊത്തും പോലെയന്ന് ബാപ്പമാർ എളാപ്പമാർ
കോഴിക്കോട്ടിന്നപ്പുറം
പൊരുതിയെ മൂത്താപ്പമാർ
ഞമ്മളെത്തറ ബാപ്പമാരെ കാട്ടിയ തൂക്കിന്ന്
ഞങ്ങളുമ്മ പെങ്ങന്മാരെ കാട്ടിയ ഹലാക്കിന്
ഉപ്പാപ്പമാരെ താടി നുള്ളി സൂചി കേറ്റി കാലില്
അപ്പുറം കടൽക്ക് കൊണ്ടോയാക്കി അന്തമാനില്
പോല ചിപ്പം പോലെ അട്ടിക്കിട്ട് തീവണ്ടിയില്
ആലയത്തിനുള്ളിലിട്ടു കരിച്ചവർ പല നാട്ടില്
മക്കളെ നിരത്തിനിർത്തി ബാപ്പമാരുടെ നെഞ്ചില്
തോക്കിനാൽനിറയൊഴിച്ചു രസിച്ചവർ കേമത്തില്
നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെത്തീറ്റുവാൻ
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ’
ഇങ്ങനെ കമ്പളത്തിന്റെ പാട്ട് ഒരു വശത്ത് പൊരിക്കുമ്പോൾ മറുവശത്ത് ജാഥയിലെ മുദ്രാവാക്യം തൊണ്ട പൊട്ടിപ്പൊളിഞ്ഞു പുറത്തു ചാടുന്നു.
‘വാരിയംകുന്നേന്നൂരിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല,’ മോയിൻകുട്ടി വൈദ്യരുടെ ഉഹദ് പാട്ടൊക്കെ ചർച്ചക്ക് എടുത്താൽ വിഷയത്തിന്റെ സ്വഭാവം തന്നെ മാറാനും സാധ്യതയുണ്ട്.
കുമാരനാശാനെപ്പോലുള്ളവർ കവിതയിൽ കുറ്റപ്പെടുത്തിയ ‘ക്രൂരമഹമ്മദരുടെ’ ലിസ്റ്റിൽ പെട്ടയാളാണ് കുഞ്ഞഹമ്മദ് ഹാജി എന്ന് ചിലർ. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ കാര്യങ്ങൾ പരിശോധിച്ചാൽ പഴശ്ശിരാജയ്ക്കും പൊക്കത്തിൽ പ്രതിഷ്ഠിക്കേണ്ടയാളെന്ന് മറ്റു ചിലർ. എല്ലാവരും കൂട്ടുപിടിക്കുന്നതാകട്ടെ ചരിത്രത്തെയും.
Also Read: വാരിയംകുന്നത്ത്, രഹനാ ഫാത്തിമ എന്നിവരെ ആർക്കാണു പേടി?
ഇന്നത്തെ മുഴക്കോലും മൂല്യക്കോലും വെച്ച് നൂറ്റാണ്ടുകാലം മുൻപുള്ള ആളെയും ആൾക്കൂട്ടത്തെയുമൊക്കെ അളന്നെടുക്കുമ്പോൾ ചരിത്രപരമായ പിഴവുകളനവധി വന്നു ഭവിക്കാം. മലയാളികളുടെ എരിഞ്ഞു നിൽക്കുന്ന ചരിത്രബോധമൊന്നുമല്ല അംബേദ്കറെയും ആനി ബസന്റിനെയും കുഞ്ഞഹമ്മദ് ഹാജിയെയും കൊല്ലങ്ങൾക്കു മുൻപ് നടന്ന കലാപത്തെയുമൊക്കെ കൂട്ടുപിടിച്ചുള്ള കൂട്ടപ്പൊരിച്ചിൽ നടക്കാനിപ്പോൾ കാരണമായത്. ഒരു സിനിമയുടെ അനൗൺസ്മെൻറ് ആയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാനിരിക്കുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമയെപ്പറ്റി ഇനി അറിയാൻ ആരും ബാക്കിയില്ല. തട്ടിപ്പോയാലും ശരി കൊട്ടകയിൽ പോയൊരു പടം കാണില്ലെന്നു ശപഥമെടുത്ത ചലച്ചിത്രവിരോധികൾ വരെ അറിഞ്ഞു കഴിഞ്ഞിരിക്കുന്നിപ്പോൾ ‘വാരിയംകുന്നന്റെ’ വരവിനെപ്പറ്റി.

കേരള ചരിത്രം പഠിക്കാനിടയായ ഒരു വിദ്യാർത്ഥിയാണെങ്കിലും ഞാനാദ്യമായിട്ടീ പേര് കേൾക്കുന്നത് ഒരു സിനിമയിൽ നിന്നാണ്. ഐ വി ശശി-ടി ദാമോദര- മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ‘1921’ എന്ന സിനിമയിൽ നിന്ന്. ഇരിക്കാൻ സീറ്റ് കിട്ടാതെ, ഒരു നാടൻ കൊട്ടകയിൽ മുഴുവൻ സമയവും നിന്ന് കാല് കഴച്ചാണ് ആ സിനിമ കണ്ടു തീർത്തത്. മധുവിന്റെ നേതൃത്വത്തിൽ കുറേപ്പേർ അങ്ങോട്ട് നടക്കും, ടി ജി രവിയുടെയൊപ്പം കുറച്ചുപേർ ഇങ്ങോട്ട് നടക്കും. മമ്മൂട്ടിയുടെ ഖാദർ എന്ന കഥാപാത്രം ഇടയ്ക്കൊക്കെ വന്ന് എന്തെങ്കിലും വീരകൃത്യമോ കൈയ്യടി ഡയലോഗോ പാസാക്കിയിട്ടു പോകും. ബ്രിട്ടീഷുകാർ ഒടുവിൽ എല്ലാവരെയും പിടികൂടി വെടിവെച്ചിടുമ്പോൾ ശുഭം. സോറി അശുഭം. ഇതിൽ കവിഞ്ഞൊന്നും കാര്യമായിട്ടു പിടികിട്ടിയില്ലെങ്കിലും ആ സിനിമയാണ് പള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ സാമൂഹ്യ പാഠപുസ്തകത്തെക്കാൾ മലബാർ കലാപം എന്ന ചരിത്ര സംഭവത്തെ മനസ്സിൽ പതിപ്പിച്ചു വച്ചത്. അതുകൊണ്ട്, സിനിമ കണ്ടല്ല ചരിത്ര ബോധം ഉണ്ടാകുന്നത് എന്ന വാദത്തെ തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും ഈയുള്ളവൻ തയ്യാറല്ല. ചില അബദ്ധ ധാരണകളെ പൊതുസമൂഹത്തിൽ ഊട്ടിയുറപ്പിക്കുന്നതിൽ ചിലപ്പോഴൊക്കെ സിനിമയ്ക്കും വലിയ പങ്കുണ്ട്.
ഡിഗ്രിക്ക് പഠിക്കുമ്പോൾ ശ്രീധരമേനോനും എസ് കെ വസന്തനും രാജൻ ഗുരുക്കളും രാഘവ വാര്യരും പറഞ്ഞതിനപ്പുറമൊന്നും അറിയില്ലായിരുന്നു കേരളചരിത്രത്തെക്കുറിച്ച്. സിനിമകളും പഠിച്ച പുസ്തകങ്ങളും പറഞ്ഞു തന്നത് മാത്രമല്ല ചരിത്രമെന്ന് പിടികിട്ടിത്തുടങ്ങിയതുതന്നെ എം എ സമയത്താണ്. അക്കാലം മുതൽ ഈ കുറിപ്പ് എഴുതിത്തുടങ്ങുന്നതു വരെ വാങ്ങുകയും വായിക്കുകയും ചെയ്ത ചില പുസ്തകങ്ങളുണ്ട്. കെ മാധവൻ നായരുടെയും എം ഗംഗാധരന്റെയും കെ എൻ പണിക്കരുടെയും കെ ടി ജലീലിന്റെയും മലബാർ കലാപം, മോഴിക്കുന്നത്തിന്റെ ഖിലാഫത്ത് സ്മരണകൾ, ശിഹാബ് പൂക്കോട്ടൂരിന്റെ ആലി മുസ്ലിയാർ, ഇതിലൊക്കെ ഉദ്ധരിച്ചിരിക്കുന്ന റിപ്പോർട്ടുകൾ, ‘ദ ഹിന്ദു’ പത്രത്തിൽ കുഞ്ഞഹമ്മദ് ഹാജി എഴുതിയ കത്തടക്കമുള്ള ചരിത്രരേഖകൾ…

ഇവയിലൂടെയൊക്കെ കടന്നു പോയതിന്റെ വെളിച്ചത്തിൽ സോഷ്യൽ മീഡിയയിലെ ഗോഗ്വാ വിളികളും ചാനൽ ബഹളങ്ങളുമൊക്കെ നിരീക്ഷിക്കുമ്പോൾ എന്റെ എളിയ ബുദ്ധിയിൽ പലപ്പോഴും ഒരു സംശയം പൊന്തി വരുന്നുണ്ട്. ‘മഹേഷിന്റെ പ്രതികാരത്തിലെ’ ജിംസിക്ക് തോന്നിയ അതേ സംശയം. പലർക്കും ‘ഇതിനെപ്പറ്റിയൊന്നും വല്യ ധാരണയില്ലല്ലേ’ എന്ന ന്യായമായ സംശയം. ചില്ലറ ധാരണയുള്ള ചിലർക്കാകട്ടെ ആരുടെയൊക്കെയോ പക്ഷം പിടിച്ച് എതിർവാദക്കാരുടെ കിറിയ്‌ക്കിട്ട് കുത്തിയാലേ സമാധാനമാകൂ എന്നൊരു മട്ടും.
എന്റെ പരിമിതമായ അറിവിൽ ചരിത്രവും ചരിത്രത്തിലെ മനുഷ്യരും പൂർണ്ണമായും കറുപ്പുമല്ല പൂർണ്ണമായും വെളുപ്പമല്ല. ഒറ്റക്കളറിലുള്ള ഒരു മനുഷ്യ ജീവിയെയും ഞാനിതുവരെ കണ്ടിട്ടുമില്ല. അനിഷേധ്യമായ ചരിത്രസത്യം എന്നൊന്നു തന്നെ നിലനിൽക്കുന്നില്ല, ചരിത്ര വ്യാഖ്യാനങ്ങൾ മാത്രമേയുള്ളൂ എന്നാണല്ലോ ഒരു കാഴ്ചപ്പാട്. കാഴ്ചയെ നിർണയിക്കുന്നത് തന്നെ കാഴ്ചപ്പാടുകളാണല്ലോ. നിലവിലാരെങ്കിലും മലബാർ കലാപത്തെക്കുറിച്ച് ഒറ്റ വാചകത്തിലൊന്ന് പറയാനാവശ്യപ്പെട്ടാൽ കുഴഞ്ഞു പോവുകയേയുള്ളൂ ഞാൻ.
‘ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ല സർ ഒരു ജന്മസത്യം.’ പിന്നെയല്ലേ ചരിത്രസത്യം. ഒരു വാചകത്തിൽ ചുരുക്കാനാകാത്ത വിധത്തിൽ കുഴഞ്ഞുമറിഞ്ഞൊരു ചരിത്രപ്രശ്നമാണത് എന്നതാകും സെൻസിബിളായ മറുപടികളിലൊന്ന്.
എം എൻ കാരശ്ശേരി മാഷ് ചുരുക്കിപ്പറഞ്ഞതിന്റെ പൊരുളും ഏതാണ്ട് അതൊക്കെത്തന്നെയാണ്.
Also Read: വാരിയംകുന്നനിൽനിന്ന് പിന്മാറുന്നു; നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് തിരക്കഥാകൃത്ത്
‘ബ്രിട്ടീഷ് വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി പടരുകയും ചിലയിടത്ത് ഹിന്ദു വിരുദ്ധമായി വഴി തെറ്റുകയും ചെയ്ത ഒരു കലാപമാണ് 1921- 22 കാലത്ത് നടന്നത്.’
അതേസമയം തന്നെ മതപരിവർത്തനം എന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഒരു പരിപാടിയായിരുന്നു എന്ന് ഉറപ്പിച്ചു പറയുന്നതിനുള്ള തെളിവുകളില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. കാരശ്ശേരി മാഷിന്റെ വാക്കുകളിൽ നിന്ന് വിഷയത്തിലെ സങ്കീർണത ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ അതിന്റെ വായനകളും വൈവിധ്യമുള്ളതാകും. ഓരോരുത്തർക്കും അവരവരുടെ സൗകര്യത്തിന് വ്യാഖ്യാനിക്കാനും വിശദീകരിക്കാനും വളച്ചൊടിക്കാനും വൃത്തികേടാക്കാനുമൊക്കെയുള്ള അവസരങ്ങളും അതിലടങ്ങിയിട്ടുണ്ടെന്ന് സാരം. കലയുടെ കാര്യവും അങ്ങനെ തന്നെയാണല്ലോ. ഒരേ തടി കൊണ്ട് പ്രതിമയും പണിയാം, പട്ടിക്കൂടും തട്ടിക്കൂട്ടാം. അതിലെ ക്രിയേറ്റിവിറ്റിയെ കാലം വിലയിരുത്തട്ടെ.

ചരിത്ര സിനിമകൾ എന്ന ലേബലൊട്ടിച്ചു വന്ന ചിത്രങ്ങളൊക്കെത്തന്നെ കാലാകാലങ്ങളിൽ വിമർശന വിധേയമായിട്ടുണ്ട്, കേസിലും കുഴപ്പത്തിലും പെട്ടിട്ടുണ്ട്, സെൻസർ കുരുക്കുകളിൽ കുഴഞ്ഞിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ ചരിത്ര സിനിമ എന്ന് പറയാവുന്ന ‘മാർത്താണ്ഡവർമ’ മുതൽ സഞ്ജയ് ലീലാ ബൻസാലിയുടെ ‘പദ്‌മാവത്’ വരെ എത്രയെത്ര ഉദാഹരണങ്ങളുണ്ട് നമുക്ക് മുൻപിൽ. പദ്‌മാവതി കേസിൽ ഫ്രീഡം ഓഫ് എക്സ്പ്രഷനെക്കുറിച്ച് സുപ്രീം കോടതി പറഞ്ഞ കാര്യവും ഇവിടെ ഓർക്കേണ്ടതുണ്ട്.
Also Read: ‘നാട് വിപത്തിലേക്കാണ്! സിനിമയെ ആർക്കാണ് പേടി?’ വാരിയംകുന്നന് പിന്തുണയുമായി സിനിമാ ലോകം
വാരിയംകുന്നന്റെ കാസ്റ്റ് ആൻഡ് ക്രൂ പ്രഖ്യാപിച്ചപ്പോൾത്തന്നെ വന്നു തുടങ്ങി ചില കൂർത്ത കമന്റുകൾ
- സംവിധാനം – ആഷിഖ് അബു
- നിർമ്മാണം – സിക്കന്ദർ, മൊയ്ദീൻ
- തിരക്കഥ – ഹർഷദ്, റമീസ് മുഹമ്മദ്
- ഛായാഗ്രഹണം – ഷൈജു ഖാലിദ്
- കോ ഡയറക്ടർ – മുഹ്സിൻ പരാരി
- മുഖ്യകഥാപാത്രം – കുഞ്ഞഹമ്മദ് ഹാജി
എങ്കിൽപ്പിന്നെ നായകനടന്റെ മാത്രം മതം മാറ്റിപ്പിടിച്ചത് എന്തിന് എന്നായിരുന്നു ഒരു ചോദ്യം. പ്രിയദർശന്റെയും മുഹ്സിൻ പരാരിയുടെയും സൗബിൻ ഷാഹിറിന്റെയും സിനിമകളിലെ കഥാപാത്രങ്ങളുടെയും പിന്നണി പ്രവർത്തകരുടെയുമൊക്കെ ജാതിമതങ്ങൾ കോർത്തിണക്കിയ ട്രോളുകളുടെ പരമ്പരയ്ക്കു ശേഷം വന്നതു കൊണ്ട് ‘ഫ്രഷ് ‘ എന്നു പറയാൻ പറ്റില്ല അതിനെ.
പിന്നെ വന്നത് കുത്തിപ്പൊക്കലിന്റെ കളിയാട്ടമായിരുന്നു. തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസ് മുഹമ്മദിന്റെ മുൻകാല ഫേസ്ബുക്ക് പോസ്റ്റുകൾ ആയിരുന്നു അതിൽ പ്രധാനം. പൊളിറ്റിക്കൽ കറക്റ്റ്നസ് ഇല്ലാത്തതും പെൺവിരുദ്ധവുമായ തന്റെ നിലപാടുകളിൽ മാപ്പ് പറഞ്ഞു കൊണ്ട് പഴയ പോസ്റ്റുകൾ എല്ലാം റമീസ് ഡിലീറ്റ് ചെയ്തപ്പോൾ അതിന് മുൻപേ തന്നെ അതൊക്കെ സ്ക്രീൻ ഷോട്ടായി ശേഖരിച്ച് സൂക്ഷിച്ചവർ കൃതാർത്ഥരായി. പടം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴാണോ പൊടുന്നനെ പുരോഗമന ബോധോദയമുണ്ടായത് എന്നായിരുന്നു മറ്റൊരു ചോദ്യം.
എന്തായാലും സമൂഹത്തെ തന്റെ നിലപാട് ബോധ്യപ്പെടുത്തും വരെ വാരിയംകുന്നന്റെ തിരക്കഥാകൃത്ത് എന്ന പദവിയിൽ നിന്ന് മാറി നിൽക്കാനാണ് റമീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. റമീസിന്റെയും തന്റെയും രാഷ്ട്രീയ നിലപാടുകൾ തമ്മിൽ വൈരുദ്ധ്യം ഉണ്ടാകാമെന്ന് ആഷിഖ് അബുവും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതെക്കുറിച്ചുള്ള നാടകീയമായ ചർച്ചകൾ ഇനിയും നടന്നേക്കാം. സംവാദങ്ങളും സംഭാഷണങ്ങളും നടന്നുകൊണ്ടേയിരിക്കട്ടെ.
കമ്മ്യൂണിസത്തിന്റെ തോലിട്ട മൗദൂദിസമാണ് ഇതിനു പിന്നിലെന്നത് കുറച്ചുകൂടി രാഷ്ട്രീയ മാനങ്ങളുള്ള ഒരു വിമർശനം ആയിരുന്നു. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരിൽ ജമാ അത്തെ ഇസ്ലാമിക്കാരുണ്ടോ എന്നൊന്നും എനിക്കറിയില്ല. കോൺഗ്രസുകാർക്കും കമ്യൂണിസ്റ്റുകാർക്കും ബി ജെ പിക്കാർക്കും സിനിമയിൽ പ്രവർത്തിക്കാമെങ്കിൽ ജമാ അത്തെ ഇസ്ലാമിക്കാർക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ഉണ്ടാകണമല്ലോ. വ്യക്തിപരമായി ഒരിക്കലും യോജിക്കാത്ത വിശ്വാസക്രമങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും തുടരുന്ന ഒരു പാട് ആൾക്കാരോട് നമുക്ക് മനുഷ്യരെന്ന നിലയിൽ ഇടപഴകേണ്ടി വരുമല്ലോ. അതിൽ തെറ്റൊന്നുമില്ല. ആഷിഖ് അബു, പൃഥ്വിരാജ് എന്നിവരെയാണ് ‘വാരിയംകുന്നന്റെ’ സിനിമാസംഘത്തിൽ പ്രധാനമായി എനിക്ക് അടുത്തറിയാവുന്നത്. ഷൈജു ഖാലിദുമായും ഒരു ചലച്ചിത്രത്തിൽ ജോലി ചെയ്തതിന്റെ പരിചയമുണ്ട്.

ആഷിക്കിനെക്കുറിച്ച് പറഞ്ഞു വന്നപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് മഹാരാജാസ് കോളേജിലെ പഴയൊരു യൂണിയൻ തിരഞ്ഞെടുപ്പ് കാലമാണ്. ‘മീറ്റ് ദി കാൻഡിഡേറ്റ്’ നടക്കുമ്പോൾ എസ് എഫ് ഐ യുടെ ചെയർമാൻ സ്ഥാനാർഥിയായ ആഷിഖ് പി എ, മൈക്കിന് മുന്നിൽ നിന്ന് ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളോടും ഇങ്ങനെ സംസാരിച്ചു.
‘എന്റെ ഞരമ്പിൽ ഓടുന്നത് മുസ്ലിമിന്റെ രക്തമല്ല, മനുഷ്യന്റെ രക്തമാണ്. അതു കൊണ്ടു തന്നെ ഒരു മുസ്ലിമിന് നൽകുന്ന വോട്ട് എനിക്ക് ആവശ്യമില്ല. നിങ്ങളൊരു കമ്മ്യൂണിസ്റ്റുകാരന് നിറഞ്ഞ മനസ്സോടെ തരുന്ന അംഗീകാരം മതിയെനിക്ക്.’
സ്റ്റുഡൻറ് ഇസ്ലാമിക് ഓർഗനൈസേഷനിലെ എതിരാളികളോട് മത്സരിച്ചു ജയിച്ച ആ ചെയർമാൻ ഇന്നും ഒരു ഇടതുപക്ഷക്കാരൻ ആണെന്നാണ് എന്റെ വിശ്വാസം. ഇടതുപക്ഷത്ത് തന്നെ തുടരണോ വേണ്ടയോ എന്നത് അയാളുടെ മാത്രം വ്യക്തിപരമായ കാര്യമാണ് താനും. അങ്ങനെ ഒരാളുടെ സിനിമയിൽ നിന്ന് ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമല്ല ഞാൻ പ്രതീക്ഷിക്കുന്നത്. ഇനി പ്രതീക്ഷകൾ തെറ്റിയെങ്കിൽ പോലും തൂങ്ങിച്ചാകാനും തിരുമ്മി ചങ്കുപൊട്ടിക്കാനുമൊന്നും പോകുന്നില്ല ഞാൻ. എന്തു സിനിമ ഇറക്കണം എന്നത് എടുക്കുന്നവരുടെ ഇഷ്ടമല്ലേ. ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം പോലും കുറ്റമായിട്ടുള്ള ഒരു പരിഷ്കൃത സമൂഹത്തിൽ ജീവിക്കുന്ന ഞാൻ എപ്പോഴോ ഇറങ്ങാൻ പോകുന്ന ഒരു സിനിമയുടെ ഭാവി പ്രവചിക്കാനും ജാതകമെഴുതാനും മെനക്കെടുന്നില്ല. ചാപിള്ളയാണെങ്കിൽ കുഴിച്ചിടുന്ന കാര്യം പ്രസവം കഴിഞ്ഞിട്ട് ആലോചിച്ചാൽ മതിയല്ലോ. അല്ലെങ്കിൽത്തന്നെ ഒരു സിനിമയുടെ ഭാഷയെയും രാഷ്ട്രീയത്തെയും വിമർശിക്കാൻ ജനാധിപത്യപരമായ എന്തെല്ലാം വഴികളുണ്ട്.
സിനിമയുടെ രാഷ്ട്രീയ ശരിയെക്കുറിച്ചാണല്ലോ ഇപ്പോൾ ചർച്ചയധികവും നടക്കുന്നത്. അങ്ങനെ നോക്കിയാൽ രാഷ്ട്രീയമായി ശരിയായ എത്ര സിനിമകളാണ് ഇവിടെ ഇറങ്ങുന്നത്? ഒരാളുടെ ശരി എത്ര പേരുടെ തെറ്റായിരിക്കാം? ഒരാളുടെ തെറ്റ് എത്രപേരുടെ ശരിയായിരിക്കാം? ആരാണീ ശരിതെറ്റുകളുടെ അന്തിമ വിധി പറയാൻ അധികാരപ്പെട്ടവർ? ചരിത്രത്തിലെയും ചരിത്ര സിനിമകളിലെയും കുമ്മായം തേക്കലുകളെപ്പറ്റിയും കരി ഓയിലടികളെപ്പറ്റിയും എള്ളിട കീറിയുള്ള ചർച്ചകൾ നടക്കുക തന്നെ വേണം. വാരിയംകുന്നനെ പല പല ആംഗിളുകളിൽ പരിശോധിക്കുന്ന പടങ്ങളും പുസ്തകങ്ങളും പുറത്തു വരട്ടെ. നമുക്ക് വീക്ഷിക്കുകയും വായിക്കുകയും വിലയിരുത്തുകയും വിമർശിക്കുകയുമൊക്കെ ചെയ്യാമല്ലോ.
തർക്കം വരുമ്പോഴൊക്കെ തല്ലിത്തകർക്കുന്നതിനെയല്ല ജനാധിപത്യം എന്ന് പറയുന്നത്. വിയോജിപ്പ് തോന്നിയാൽ വാധ്യാരുടെ അടക്കം വലം കൈ വാഴത്തട പോലെ വെട്ടിയിടുന്നതിനും ജനാധിപത്യം എന്നല്ല പേര്. ‘മിന്നൽ മുരളി’യുടെ ഫിലിം സെറ്റ് പൊളിച്ചവരെ മാത്രമല്ല നാം എതിർക്കേണ്ടത്. ടി ജെ ജോസഫ് സാറിന്റെ കൈ വെട്ടിയിട്ടും കുടുംബം കോഞ്ഞാട്ടയാക്കിയിട്ടും മതിവരാതെ അതിനെ ന്യായീകരിച്ച് ഇപ്പോഴും വർത്തമാനം പറഞ്ഞ് ഞെളിയുന്നവരെക്കൂടിയാണ്. അങ്ങേരെ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പണിയിൽ നിന്ന് പറഞ്ഞു വിട്ടവരെക്കൂടിയാണ്. ജയകൃഷ്ണൻ മാഷിനെക്കുറിച്ച് പറയുമ്പോൾ സുധീഷിനെക്കുറിച്ചും ഓർക്കേണ്ടതുണ്ടെന്ന് സാരം.
നമ്മളിലൊക്കെത്തന്നെ ഒരു മൗലികവാദി മറഞ്ഞിരിപ്പുണ്ടാകാം. അവനവന്റെ/ അവളവളുടെ അഭിപ്രായം മാത്രമാണ് ആത്യന്തികസത്യമെന്ന് അറഞ്ഞു വിശ്വസിക്കുന്ന ഒരു മിനി ആതംഗവാദി. അവനെ/അവളെ സ്വയം ചങ്ങലക്കിടുന്നവരുടെ എണ്ണം കൂടുമ്പോഴാണ് ജീവിക്കാൻ കൊള്ളാവുന്ന ഒരു സമൂഹം ഉണ്ടാകുന്നത്. പക്ഷേ കഷ്ടകാലത്തിന് ചങ്ങല പൊട്ടിച്ചു കൂട്ടയോട്ടം നടത്തുന്നവരുടെ പേട്ടകെട്ടാണിപ്പോൾ കാണുന്നതെന്ന് മാത്രം.

പൃഥ്വിരാജിന്റെ പോസ്റ്റിന് അടിയിൽ ഒരു പെൺകൊടിയാൾ നടത്തിയ പേ പിടിച്ച പ്രതികരണമാണ് ഇത്രയുമെഴുതാൻ പ്രധാനമായുമെന്നെ പ്രേരിപ്പിച്ചത്. പൃഥ്വിരാജ് ഒരു താരമായതു കൊണ്ടോ എഴുതിയ സിനിമയിലഭിനയിച്ച നടനായതു കൊണ്ടോ കാണുമ്പോഴൊക്കെയും കരുതലോടെ പെരുമാറുന്ന സുഹൃത്തായതു കൊണ്ടോ അല്ല ഞാനിതു പറയുന്നത് മറിച്ച് അയാൾ ഒരു മനുഷ്യജീവിയായതു കൊണ്ടാണ്. ഒരു മനുഷ്യ ജീവിക്ക് ലഭിക്കേണ്ടുന്ന അന്തസ്സ് അയാളും അയാളുടെ കുടുംബവും അർഹിക്കുന്നതു കൊണ്ടാണ്.
പൃഥ്വിരാജിന്റെ തള്ളയ്ക്കും പിണറായിയുടെ തന്തയ്ക്കുമൊക്കെ വിളിക്കുന്ന ഭാരതാംബികമാർ ഒന്നോർക്കുന്നത് നല്ലതാണ്. ഇത്തരം തരംതാണ തെറിവിളികൾ കൊണ്ടുണ്ടാകുന്ന മെച്ചം വിശദമായി ചർച്ച ചെയ്യപ്പെടേണ്ടുന്ന പല വിഷയങ്ങളും പറയപ്പെടാതെയും അറിയപ്പെടാതെയും പോകുമെന്നത് മാത്രമാണ്. പുലഭ്യം പറച്ചിലിന്റെയും പള്ളു വിളിയുടെയും പൂര വെടിക്കെട്ടിൽ അഭിരമിക്കുന്നവർക്ക് പല ലക്ഷ്യങ്ങളും നേടാനുണ്ടാകാം. അതിലവർ വിജയിക്കുകയും ചെയ്യുന്നുണ്ടാകാം. പക്ഷേ പെർവേർട്ടുകളുടെ പൊറാട്ടു നാടകം കണ്ടു കണ്ണു മിഴിച്ചു നിൽക്കുന്ന പലരും തങ്ങൾക്കു നഷ്ടമാകുന്ന വിലപ്പെട്ട സമയത്തെക്കുറിച്ച് മാത്രം അറിയുകയേയില്ല.
‘അനന്തമായ സമയം അള്ളാഹുവിന്റെ ഖജനാവിൽ മാത്രമെന്ന്’ എഴുതിയ കൈ കൊണ്ട് തന്നെ ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നെഴുതിയ ബഷീറിനെയൊക്കെ വീണ്ടും വീണ്ടും ഓർക്കേണ്ട കാലമാണിത്. പുള്ളിയൊക്കെ പണ്ടേ മയ്യത്തായത് നന്നായി. ഇല്ലെങ്കിൽ ‘അനൽഹഖ്’ എന്നതിനൊപ്പം ‘അഹം ബ്രഹ്മാസ്മി’ എന്നു കൂടി പറഞ്ഞതിന് ഏതെങ്കിലും വിവരദോഷികൾ അങ്ങേരുടെ തൊണ്ടയ്ക്കു കുത്തിപ്പിടിച്ചേനെ. ഒരുത്തൻ മുറ്റത്തു മുള്ളിയത് മോശമെന്ന് പറയുമ്പോൾ മറ്റവൻ തിണ്ണയിൽ തൂറിയത് മറന്നതെന്തേ എന്നു മുടക്ക്ചോദ്യവും ഉടക്ക്ന്യായവുമായി വരുന്ന സുഹൃത്തേ, രണ്ടും വൃത്തികേടാണെന്ന് പറഞ്ഞ് മനസ്സിലാക്കാനുള്ള വിവേകമല്ലേ വിവരമുള്ളവർ പുലർത്തേണ്ടത്?
ഹിന്ദി ഭാഷ പഠിക്കുമ്പോൾ ഉള്ള പ്രശ്നത്തെപ്പറ്റി ഒരു രസികൻ കൂട്ടുകാരൻ പറഞ്ഞതിങ്ങനെയാണ്. എല്ലാ വാക്കിന്റെയും തുണി പൊക്കി നോക്കി, ആണാണോ പെണ്ണാണോ എന്ന് ഉറപ്പിച്ചിട്ട് വേണം പിന്നിൽ ‘കാ’ യും ‘കീ’ യും ഒക്കെ ഫിറ്റ് ചെയ്യാൻ. ഓരോ വിഷയത്തിലും മതം പൊക്കി നോക്കി മാത്രം പ്രതികരിക്കാൻ പഠിച്ചവർക്ക് ഈ പടത്തിന്റെ പ്രശ്നത്തിലും അങ്ങനെയൊക്കെയേ നിലപാടെടുക്കാൻ കഴിയൂ. എന്തായാലും കത്തിപ്പിടിച്ചു പടരാനുള്ള വിവാദ വെടിമരുന്ന് ‘വാരിയംകുന്നനി’ലുണ്ട്. ആളുന്ന തീയിലേക്ക് പുഷ്ടിക്ക് പെട്രോളൊഴിച്ചു കൊടുക്കാൻ പരുവത്തിൽ എത്ര കന്നാസുകളാകുമിപ്പോൾ അണിയറയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. വൈരുധ്യാത്മക ഭൗതികവാദത്തിനെന്നല്ല ലോകത്തെ മൊത്തം വിറപ്പിച്ചു കൊണ്ടിരിക്കുന്ന വൈറസിനു പോലും ചില തരം വിഷജീവികളെ വിരട്ടാനുള്ള ശേഷിയില്ല. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം പാലൂട്ടി വളരുന്ന സഹോദരങ്ങളാണെന്ന് വിളിച്ചു പറയാൻ ആവതുള്ള അധികം പേരിവിടില്ലാത്തത് എന്തു കൊണ്ടാണ്? അങ്ങനെ പറയാൻ തന്റേടം കാണിക്കുന്ന ഒരു മനുഷ്യന്റെ വാചകങ്ങൾ കൊണ്ടാണ് കഴിഞ്ഞ കുറിപ്പിന്റെ കർട്ടൻ പൊക്കിയത്. ആ മനുഷ്യന്റെ വാക്കുകൾ കൊണ്ടു തന്നെ ഈ ലക്കത്തിന്റെ തിരശ്ശീല താഴ്ത്തട്ടെ.
‘ഒന്ന് ഉള്ളിലേക്ക് നോക്കുമ്പോൾ നമുക്കു മനസ്സിലാകും എത്ര അക്രമോത്സുകരാണ് നമ്മളെന്ന്… മതം, വിശ്വാസം എന്നീ സംഗതികൾ വരുമ്പോൾ അതിൽ അക്രമം inherent ആണ് എന്നാണ് ഞാൻ പറയുന്നത്. കാരണം അത് വിഭജനത്തിലൂടെയാണ് തുടങ്ങുന്നത്. ഞാൻ ശരിയും മറ്റുള്ളവർ തെറ്റും എന്ന സങ്കൽപ്പത്തിൽ നിന്നാണ് അതു തുടങ്ങുന്നത്. വിഭജനം ഇങ്ങനെ പോയിപ്പോയി ഒരു ഘട്ടത്തിൽ ‘യൂ ആർ മൈ എനിമി’ എന്ന തലത്തിൽ എത്തുന്നു.’
ആനന്ദ്, ഭൂമി ശവക്കോട്ടയാകുന്ന കാലം