Happy Valentines Day: ഒരു കഥാപാത്രവും വായനക്കാരിയും തമ്മിൽ എന്തൊക്കെ തരത്തിലുള്ള ബന്ധങ്ങളാകാം? വായനയ്ക്കും എഴുത്തിനും ഇടയ്ക്ക് പൊട്ടി മുളയ്ക്കുന്ന ഏകാന്തതയിലേയ്ക്ക് വായനക്കാരി വന്നു വീഴുമ്പോൾ അവിടെ പ്രണയം പോലും മുള പൊട്ടാം. വർഷങ്ങളായി തേടി നടന്ന ആ കാമുകനെ അയാളിൽ കണ്ടെത്താം. അയാളുടെ അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്ത് വയ്ക്കുകയും അയാളെ മതിമറന്നു പ്രണയിക്കുകയും ചെയ്യാം. ‘അനുരാഗത്തിന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തോളം പ്രണയം മറ്റൊരു വായനയും നൽകിയിട്ടില്ല എന്ന് പറഞ്ഞാലതു ശരിയാകുമോ? ശരിയാകണമല്ലോ, കാരണം അതുതന്നെയാണ് സത്യവും.
നീണ്ട കത്തുകളെഴുതിയ കാമുകനായിരുന്ന ബഷീർ. പ്രണയമില്ലെങ്കിൽ പോലും ബഷീറിയൻ കാലത്തു കത്തുകളിലൂടെ, അതും പേജുകളോളം നീണ്ട കത്തുകൾ വഴിയാണ് ആശയ സംവേദനം നടന്നിരുന്നതും. ‘അനുരാഗത്തിന്റെ ദിനങ്ങൾ’ പോലും നീണ്ടതും കുറിയതുമായ പ്രണയ ലേഖനങ്ങളുടെ കൂട്ടി ചേർക്കലുകളാണ്. ഒരുപക്ഷെ ആക്ഷേപഹാസ്യവും ശബ്ദങ്ങളും പാത്തുമ്മയും ഒക്കെ എഴുതിയതുകൊണ്ടാകാം മാധവിക്കുട്ടിയെ പോലെ ബഷീർ ഒരു കാമുകൻ മാത്രമായി അറിയപ്പെടാതെ പോയത്. പക്ഷെ മലയാള സാഹിത്യത്തിൽ പ്രണയത്തെ ഇത്രത്തോളം റിയാലിസ്റ്റിക് ആയി വരച്ചു വച്ച എഴുത്തുകാർ വേറെ ഇല്ലെന്നതാണ് സത്യം. മാധവിക്കുട്ടിയുടെ ഭ്രമാത്മകത ഒരിക്കലും ബഷീറിയൻ എഴുത്തുകൾക്കില്ല, അവ കാമുകിയോട് നേരിട്ട് സംവദിക്കുന്നവയാണ്.
“പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍…… എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് .
സാറാമ്മയുടെ കേശവന്‍ നായര്‍”
റൂമിയിലായിരുന്നു ആ സഞ്ചാരം ഞാൻ തുടങ്ങിയത്. നിന്നെ തിരയാൻ വേണ്ടി മാത്രമാകാം റൂമിയുടെ ആ വരികൾ എന്റെ ബോധത്തിന്റെ മുന്നിലെത്തിയതെന്ന് വിശ്വസിക്കാനാണ് എനിക്കെപ്പോഴുമിഷ്ടം.
“ആദ്യമായി ഒരു പ്രണയകഥ
കേട്ട നിമിഷം മുതൽ
ഞാൻ നിനക്കായുള്ള തിരച്ചിൽ തുടങ്ങി.
എനിക്കറിയില്ലായിരുന്നു
എത്ര അന്ധമാണതെന്ന്!
പ്രണയികൾ ഒടുവിൽ
കണ്ടു മുട്ടുകയല്ല.
അവരെന്നേ ഒന്നായി അലിഞ്ഞവർ…”
അവിടം മുതൽ ഞാൻ കാത്തിരിക്കാൻ തുടങ്ങിയിരുന്നു. എത്ര ആർദ്രമായിരുന്നു അക്കാലങ്ങൾ. മരങ്ങൾക്ക് പിന്നിൽ മറഞ്ഞിരുന്നു നീയെന്നെ എല്ലായ്‌പ്പോഴും കബളിപ്പിക്കുന്നതായി ഞാൻ കിനാവ് കണ്ടു. ബഷീറിന്റെ ബാല്യകാല സഖിയിലെ മജീദിനെ പോലെ നീയെന്നെ ഉപേക്ഷിച്ച് പോയേക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. പിന്നെ പെട്ടെന്ന് തന്നെ ഞാനെന്നെ തിരുത്തി, ഒരിക്കൽ നീയെന്റെ അരികിലെത്തിയാൽ, എന്റെ പ്രണയം നുകർന്നാൽ നിനക്കൊരിക്കലും എന്നെയുപേക്ഷിക്കാനാവില്ല… ഞാൻ എനിക്ക് തന്നെ നൽകിയ പ്രണയത്തിന്റെ വാഗ്ദാനം. ഇതാ ഈ നിമിഷമെന്നിൽ ആ ഭക്തി പൂത്തുലയുകയാണ്. പരസ്പരം പ്രാണൻ കൊണ്ട് തൊട്ടു നിൽക്കുന്നവരായി നമ്മൾ മാറിയിരിക്കുന്നു.
ഞാനിപ്പോൾ ഓർക്കുന്നത് എം ടിയുടെ ‘വാനപ്രസ്ഥ’ത്തിലെ കരുണൻ മാസ്റ്ററുടെയും വിനോദിനിയുടെയും പ്രണയം പൂത്തുലഞ്ഞ മൂകാംബികയാണ്. കൗമാരത്തിലും യൗവ്വനത്തിലും അടുത്ത് ചേർത്ത് വയ്ക്കാനാകാതെ വിങ്ങിപ്പൊട്ടിയ അവരുടെ പ്രണയം വാർദ്ധക്യത്തിന്റെ ഗന്ധത്തിൽ പരസ്പരം കണ്ടെടുക്കുന്നു. ഉടലിനോട് മാത്രമല്ലാതെ പ്രണയം തോന്നിയ ഒരുവളെയും കൊണ്ട് പോകാൻ മൂകാംബികയാണ് ഏറ്റവും മനോഹരമായ സ്ഥലമെന്ന് ‘വാനപ്രസ്ഥം’ എന്ന കഥയെ അസ്പദമാക്കി കണ്ണൻ സംവിധാനം ചെയ്ത ‘തീർത്ഥാടനം’ എന്ന സിനിമ കാണിച്ച് തന്നു. അവിടെ ഏകാന്തത അനുഭവിച്ചു കൊണ്ട് തന്നെ ആ ഇടത്തിന്റെ ഊർജ്ജത്തെ അറിയണം. മൗനത്തിലിരുന്നു കൊണ്ട് ഉള്ളിലേയ്ക്ക് നോക്കണം. കാടിന്റെ തണുപ്പറിയണം, ഓരോ ഇലയനക്കങ്ങളുമറിയണം, മൗനത്തിന്റെ ഉന്മാദമറിയണം, പ്രണയത്തിന്റെ തീക്ഷ്ണതയറിയണം…അതുകൊണ്ട് പ്രണയിനിയ്ക്ക് ഒപ്പമല്ലെങ്കിൽ ഒറ്റയ്ക്ക് തന്നെ പോകണം. മറ്റൊരാളായി വേറിട്ടുകാണാത്ത കാലത്തോളം രണ്ടു ശരീരത്തിൽ നിൽക്കുമ്പോഴും പ്രണയികൾ ഒരേ പോലെ ഒറ്റപ്പെടും. കൈപിടിക്കുന്നുണ്ടാകും, പക്ഷെ ഒരേ പ്രാണനായി പരസ്പരം സഞ്ചരിച്ചുകൊണ്ടിരിക്കും.
ഞാനിടയ്‌ക്കൊക്കെ കൊൽക്കത്തയിൽ യാത്ര പോകാറുണ്ട്, മനസ്സുകൊണ്ട്. തീരെ വീതിയില്ലാത്ത ബോർഡറുള്ള, ഇളം നിറമുള്ള ബംഗാൾ കോട്ടൺ സാരിയുടുത്ത്, അഴിച്ചിട്ടുലയുന്ന മുടിയും വലിയ സിന്ദൂരപൊട്ടും കുത്തി നിന്റെയൊപ്പമാണ് ഞാൻ കൽക്കട്ടയിലെ തെരുവുകളിലൂടെ നടക്കുക പതിവ്. നീയാകട്ടെ വെളുത്ത മുണ്ടും നരച്ച നിറമുള്ള പരുത്തി മേൽവസ്ത്രവും.
Read more: Valentines Day 2020: തീയിതളുകള്‍ മുളച്ച പ്രണയകാലം
തെരുവിൽ നമുക്ക് നേരെ നീട്ടുന്ന മൺകോപ്പയിലെ ചായ എനിക്ക് നീ വാങ്ങി തരും. അതിന്റെ മസാല സ്വാദിൽ നമ്മളൊരുപാട് ദൂരം നടക്കും. പിന്നെ സമയം പോയ വെപ്രാളത്തിൽ സർവ്വകലാശാലയിലെ ചൂടിലേക്ക് നടന്നു മറയും. വ്യഥിതയായിപ്പോയ ഞാനോ, നീ നടന്നുപോയ വഴി നോക്കി ഏറെ നേരം നിൽക്കും, പിന്നെ തിരക്കുള്ള തെരുവിലൂടെ കാളീഘട്ട് ലക്ഷ്യമാക്കി നടക്കും. വൈകുന്നേരത്തെ ആരതി കാണും. ചുവന്ന സിന്ദൂരമണിഞ്ഞ കാളിയെ കാണും. അതിനേക്കാൾ മനോഹരമായ കാഴ്ചയെന്താണ്. കാളിയുടെ മുന്നിലെ മണ്ഡപത്തിൽ ഇരുന്ന് ഞാനൊരു പുസ്തകം വായിക്കുന്നുണ്ടാവും. രബീന്ദ്രനാഥ് ടാഗോറിന്റെ ‘തകർന്ന കൂട്’ എന്ന കഥയിൽ നിന്നും സത്യജിത് റേ കണ്ടെടുത്ത ചാരുലതയെ അടുത്ത കാലത്തായി മലയാളീകരിച്ച ആ പ്രണയവരികൾ നമുക്ക് വേണ്ടി എഴുതപ്പെട്ടതാണെന്ന് നിനക്ക് തോന്നിയിട്ടില്ലേ?
“അതിരെഴാ മുകിലേ നിൻ ഉപബോധ
മാത്രയിൽ ജല താളമാർന്നൊരീ ഹൃദയം
അതിലെഴും ലഹരികൾ
അതി ഗൂഢമോരോരോ അണുവിലും
പടരുന്ന വേഗം…
അറിയില്ല, ഞാനെത്ര നീയായി
മാറിയെന്നരികെ ഏകാകിയാം ഗ്രീഷ്മം.
പറയില്ല രാവെത്ര നിന്നെ
ഓർത്തോർത്തു ഞാൻ പുലരുവോളം
മിഴി വാർത്തു…”
ആശ്ചര്യമെന്നു പറയട്ടെ, ഞാനപ്പോൾ വായിക്കുന്ന പുസ്തകം ടാഗോറിന്റെ അതെ ചെറുകഥ പേറുന്ന പുസ്തകമായിരിക്കും,’തകർന്ന കൂട്’ എന്ന കഥ.
വിഷാദത്തിന്റെ ഇലകൾ പൊഴിഞ്ഞു വീണ മരത്തെ കുറിച്ച് എന്ത് പറയാനാണ്? പ്രണയത്തിന്റെ വയലിൻ രാഗങ്ങളെ കുറിച്ച് അതോർത്തിരിക്കുകയും പുഴയുടെ നനവുള്ള സ്നേഹത്തെ തൊടുകയും ചെയ്യും. പിന്നെ ഉള്ളിൽ നിന്ന് കിനിഞ്ഞു വരുന്ന ഊർജ്ജത്തെ ഓരോ തന്മാത്രകളിലുമേറ്റു വാങ്ങി കായ്ക്കുകയും പൂക്കുകയും ചെയ്യും. ഇത്ര പ്രണയം അതിനു മുൻപോ അതിനു ശേഷമോ ഉണ്ടാകില്ലെന്നോർമ്മിപ്പിച്ചു കൊണ്ട് മരം പൂക്കും. ഒരു കാറ്റ് തൊടുമ്പോൾ ആവോളം പൂക്കൾ നൽകുകയും സൗരഭ്യമാകുന്ന പ്രണയത്തെ ലോകമെങ്ങും പടർത്താൻ കാറ്റിൽ ലയിപ്പിക്കുകയും ചെയ്യും. വീണ്ടുമൊരു വിഷാദകാലം ഉണ്ടാകില്ലെന്ന് പറയുക വയ്യ!
നിസ്സംഗതയാണ് അപ്പോൾ ഉയിരാകെ, ജീവിച്ചിരിക്കുന്നു എന്ന് പോലും തോന്നാതെ മഞ്ഞു കാലം പോലെ മരവിച്ച്, കോച്ചി വലിച്ചു, ഞരമ്പുകൾ വലിഞ്ഞു മുറുകി, ഇപ്പോൾ കടപുഴകി വീഴാനായി കാത്തു നിൽക്കും. ഒരു മഞ്ഞു കാലവും മരങ്ങളെ കടപുഴക്കുന്നില്ല! ഭീതിപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ…
പ്രിയനേ, ഞാനാകുന്നു നിനക്ക് സൗരഭ്യവും പ്രണയവും പകരുന്ന ആ മഹാ വൃക്ഷം. കാടിനുള്ളിലെ മഹാ മൗനത്തിൽ ഞാൻ കഴിഞ്ഞു പോയ വിഷാദത്തിന്റെ മരവിപ്പ് കാലത്തിനു ശേഷം , മഞ്ഞിന്റെ പുറന്തോടുകൾ നിന്റെ പ്രണയത്തിന്റെ പ്രകാശം ഇടയ്ക്ക് പതിക്കുന്നതിനാൽ ഉരുകി പോയിരിക്കുന്നു. അതോ എന്റെ ഉള്ളിൽ നിന്നുയരുന്ന സ്നേഹത്തിന്റെ തീച്ചൂട് കൊണ്ടോ! ആ സ്നേഹത്തിലും നീ നിറഞ്ഞു നിൽക്കുന്നു.
പ്രണയത്തെ കാത്തിരിപ്പ് കൊണ്ട് അടയാളപ്പെടുത്തിയ വിമലയാണ് ഞാനിപ്പോൾ. ഞാൻ ഏകാകിയും വിഷാദിയുമാണ്. എത്ര അർത്ഥരഹിതമാണ് ഈ കാത്തിരിപ്പെന്ന് മനസിലായാൽപ്പോലും സുധീർ മിശ്ര വരുമെന്ന് തന്നെ ഞാനിന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്റെ മേൽചുണ്ടിനു മീതെയുള്ള നനുത്ത നീല വർണപ്പൊടികൾ നിന്റെ ചുംബനത്തിനു വേണ്ടി ഇടയ്ക്ക് കിനാവ് കാണാറുണ്ട്.
തടാകത്തിലെ ജലം പോലെ എന്റെ ഹൃദയമിതാ ഇവിടെ കെട്ടിക്കിടക്കുകയാണ്. ദിശയില്ലാതെ, ദിക്കറിയാതെ സുധീർ മിശ്രയെയും കാത്തിരിക്കുന്ന എനിക്ക് മറ്റെവിടേയ്ക്കാണ് അല്ലെങ്കിലും പലായനം ചെയ്യാനുള്ളത്. പ്രണയത്തിൽ ചതിയും ഉപേക്ഷിച്ച് പോകലും പതിവുകളാണെന്ന് എം ടിയുടെ ‘മഞ്ഞും,’ അതിലെ നായിക വിമലയും പറയാതെ പറഞ്ഞിട്ടുണ്ട്. പലപ്പോഴും വിമലയായി മാറിയത് എന്തിനായിരുന്നു എന്നറിഞ്ഞൂകൂടാ. പ്രണയത്തിന്റെ ആധികളിൽ നിന്നും വേർപെടുത്തി സ്വയം ദുരിതത്തിലേക്ക് വീണു പോകാനുള്ള മനസ്സിന്റെ ഒരു മസോക്കിസം ആയിരിക്കണം. നൈനിറ്റാളിന്റെ തണുപ്പിൽ, മഞ്ഞു വകഞ്ഞു മാറ്റി സുധീറിന് വരാതിരിക്കാനാവുമോ? ആവില്ല… അയാളെത്തിച്ചേരുക തന്നെ ചെയ്യും…
‘ഒരു സങ്കീർത്തനം പോലെ’ വായിച്ചു കഴിഞ്ഞ ശേഷം ഞാൻ അന്നയായി തീർന്നു. രണ്ടാം പേരില്ലാത്ത അന്ന. എന്തുകൊണ്ടാകുമോ അന്ന് ആ പേരിനെ അത്രയധികം പ്രണയിച്ച് പോയത്? ഉത്തരങ്ങളില്ലാത്ത ചോദ്യമെന്ന പോലെ അത് മിഴികൾ താഴ്ത്തുന്നു. എങ്ങനെയെങ്കിലും അന്ന എന്ന പേരിനെ സ്വന്തമാക്കിയേ കഴിയൂ, സ്വന്തം പേരിനെ വെറുത്തിട്ടൊന്നുമല്ല, പക്ഷെ അതിലും മുകളിലേയ്ക്ക് കയറി വന്ന ദസ്തേവ്സ്കിയുടെ അന്നയാണ് എല്ലാത്തിനും കാരണം. അവളുടെ പ്രണയം, അവളുടെ സ്നേഹം, അവളുടെ പ്രേമം…
ഹാ, ദൈവമേ, നീയെന്നെയും ഒരു ദസ്തേവ്സ്കിയുടെ പരിചാരികയാക്കുക! അയാൾ മദ്യപാനിയായിക്കൊള്ളട്ടെ, എല്ലായ്‌പ്പോഴും ഞാനയാളെ മദ്യത്തിന്റെ പിടിയിൽ നിന്നും മോചിതനാകാനായി ആവശ്യപ്പെടുകയും നിന്നോട് മുട്ടിപ്പായി പ്രാർത്ഥിക്കയും ചെയ്തോളാം, അയാൾ ജീവിക്കാനറിയാത്ത എഴുത്തുകാരനായിക്കൊള്ളട്ടെ, അയാളുടെ അക്ഷരങ്ങളെ ലഹരിയ്ക്കു സമം ഹൃദയത്തിലേറ്റി, അയാൾക്ക് ആവശ്യമുള്ള സമയത്ത് ചൂടുള്ള കട്ടൻ ചായകൾ നൽകുന്ന, വാക്കുകളെ രൂപപ്പെടുത്തിയെടുക്കുന്ന വെറും സഹകാരിയായിമാറിയേക്കാം. അയാൾ ഒന്നാന്തരമൊരു ചൂതാട്ടക്കാരനായിക്കൊള്ളട്ടെ, ഓരോ നിമിഷവും നഷ്ടമായിക്കൊണ്ടിരിക്കുന്ന അയാളുടെ കയ്യിലെ പണത്തിനു പകരമായി അന്നന്നത്തേയ്ക്ക് ജീവിക്കാനായി ഞാൻ കീശക്കുടുക്കയിൽ സൂക്ഷിച്ചു വച്ച എന്റെ വെള്ളി നാണയങ്ങൾ നൽകിയേക്കാം…പക്ഷെ എനിക്കെന്റെ ദസ്തേവ്സ്കിയെ നൽകൂ!
അന്നയും ദസ്തേവ്സ്കിയും നടന്ന വഴിയരികിൽ ഒരു നിഴൽ വീണുകിടന്നിരുന്നു. മദ്യം മണക്കുന്ന ആ നിഴൽ രുചി കണ്ണീരിന്റേതായിരുന്നെന്ന് മാത്രം. നഗരമൂലയിലെ ചാരായഷാപ്പിന്റെ ഇറയത്ത് പണികഴിഞ്ഞു വിയർപ്പാറ്റി സ്വന്തം കൂരകളിലേക്ക് ചിറകടിച്ച് പായുന്ന മൽസ്യ തൊഴിലാളികൾ അവനെ ക്ഷണിച്ചു “ദസ്തേവ്സ്കി, എടോ വാ വന്നു അല്പം കണ്ണീര് കുടിക്ക്.”
ചാരായ ഷാപ്പുകാരൻ പകർന്നു കൊടുത്ത നൂറു മില്ലി കണ്ണീരിൽ അവൻ കുതിർന്നു, വന്നവരും പോയവരും അവന് ആവോളം കണ്ണീർ നൽകി. അവൻ ഉന്മത്തനായി, കുപ്പായം വിയർത്തു, ചാരായ ഷാപ്പിന്റെ നെറുകയിൽ അവൻ തലകീഴായി തൂങ്ങിക്കിടന്നു. അവനൊപ്പം ജനിച്ചപ്പോൾ മുതൽ കൂട്ടുണ്ടായിരുന്ന നിഴൽപ്പറഞ്ഞു “അന്ന കാത്തിരിക്കുന്നു.”
അവൾക്ക് നൽകാൻ ഇനി എന്നിൽ ഒന്നും അവശേഷിക്കുന്നില്ലല്ലോ എന്നവൻ സങ്കടപ്പെട്ടു.
എപ്പോഴെങ്കിലും വന്ന് ആക്രമിച്ചേക്കാവുന്ന നഗരത്തെമ്മാടിക്ക് വേണ്ടി, ചാരായഷാപ്പുകാരൻ കരുതി വെച്ച കഠാര അവൻ മോഷ്ടിച്ചു, വിജനമായിക്കൊണ്ടിരിക്കുന്ന നഗരപാതയുടെ അരികുപറ്റി അവൻ നിന്ന് കിതച്ചു, അന്നക്ക് നൽകാമെന്നേറ്റ വാക്ക് പാലിച്ചേ പറ്റൂ, ഇനിയും അമാന്തിച്ചുകൂടാ…അവൻ കഠാര നെഞ്ചിലേക്കിറക്കി. കിനിയുന്ന രക്തം തെരുവുംകടന്നു റെയിൽപ്പാത വരെപ്പോയി വഴിമുട്ടി നിന്ന് കിതച്ചു. അറുത്തെടുത്ത മിടിപ്പ് നിലക്കാത്ത ഹൃദയം ആരോ വലിച്ചെറിഞ്ഞ ഒന്നുമില്ലായ്മയുടെ ഒരു പ്ലാസ്റ്റിക് കൂടിൽ കരുതിവെച്ച് അവൻ നടന്നു, അന്ന കാത്തിരിക്കുന്നുണ്ടാവും. വാക്ക് പാലിച്ചേ മതിയാകൂ, അവളെ അത്ഭുതപ്പെടുത്തണം. “ജീവിതം വെച്ച് ഞാൻ ചൂതാടിയത് ഇതാണ്. ഇത് മാത്രം എടുത്തുകൊള്ളുക ഇത് നിനക്ക്, നിനക്ക് മാത്രം അവകാശപ്പെട്ടത്…” അങ്ങനെ ദസ്തേവ്സ്കിയുടെ ഹൃദയം പേറുന്ന അന്നയുടെ ആത്മാവുമായി ഞാനിന്നും ജീവിക്കുന്നു!
അങ്ങനെ എത്രയെത്ര ജീവിതങ്ങളാണ് ഒരു ജന്മത്തിൽ അനുഭവിച്ചു തീർക്കേണ്ടത്… ഓരോ മനുഷ്യരെയും വായിക്കുമ്പോൾ, അക്ഷരങ്ങളിൽക്കൂടി അവരെ തൊടുമ്പോൾ വായനക്കാരൻ കഥാപാത്രമായിത്തീരുന്ന മാന്ത്രികത ഏത് കാലം മുതലാവും തുടങ്ങിയിട്ടുണ്ടാവുക. പ്രണയത്തിനോടുള്ള ആസക്തിയും ഉന്മാദവും ഹൃദയത്തിൽ നിലനിൽക്കുന്ന കാലത്തോളം വായനയിൽ പരിചയപ്പെടുന്ന കഥാപാത്രങ്ങൾക്ക് എന്റെ മുഖമുണ്ടായേക്കും. അതെ കഥാപാത്രമായി ജീവിച്ച്, അവരിൽ ഉണ്ടുറങ്ങി ഒരു കാലം ചിലപ്പോൾ അവസാനിച്ചു പോയേക്കാം.
ഫ്യൂസൻ എന്ന കാമുകിയുടെ സ്പർശമേറ്റ, ഓർമ്മകൾ പതിഞ്ഞ ഓരോ അടയാളങ്ങളും മോഷ്ടിച്ചുകൊണ്ടുവന്ന് കെമാൽ എന്ന യുവാവ് സ്വന്തമായുണ്ടാക്കിയ ഒരു ചിത്രശാലയുണ്ട്. അവളുടെ ചുണ്ടുകൾ തൊട്ട കാപ്പി കപ്പ്, അവൾ വലിച്ചു തീരാതെ ബാക്കി വച്ച സിഗരറ്റ് കുറ്റികൾ, തീർന്നു പോയ ലിപ്സ്റ്റിക്ക്… അങ്ങനെയങ്ങനെ പ്രണയിനിയുടെ ഓർമ്മകളുടെ ഒരു തുരുത്ത്. മരണപ്പെട്ടു പോയ പ്രിയതമയെ ഓർക്കാൻ, അവളെ ഒരിക്കലും സ്വന്തമായി ലഭിക്കാതെ പോയ ഒരു കാമുകൻ മറ്റെന്ത് ചെയ്യാനാണ്! പക്ഷെ ഒന്നോർത്ത് നോക്കൂ, പ്രണയം തോന്നിയ മനുഷ്യന്റെതായ ഓരോന്നും എത്രമാത്രം കരുതലോടെയും അടങ്ങാത്ത സ്നേഹത്തോടെയുമാണ് ഓരോ പങ്കാളിയും സൂക്ഷിച്ചു വയ്ക്കുന്നതെന്ന്…
പാമുക്കിന്റെ നിഷ്കളങ്കതയുടെ ആ ചിത്രശാല പോലെയൊന്ന് ഉണ്ടാക്കണമെന്നതാണ് എന്റെയും സ്വപ്നം. ഞാനായിത്തീർന്ന ഓരോ കഥാപാത്രത്തിന്റെയും മെഴുകു പ്രതിമകൾ എന്റെ തന്നെ മുഖത്തോടെ അവിടെയുണ്ടാകും.
എഴുതി തീർത്ത് മടക്കി വച്ച പുതിയ നോവലിന്റെ ആദ്യ ഡ്രാഫ്റ്റിന്റെ പണികൾ ആരംഭിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു അഭിമുഖ കർത്താവ് എന്നോട് എന്നെങ്കിലും ചോദിയ്ക്കാൻ പോകുന്ന ഒരു ചോദ്യം ഞാനിപ്പോഴെ മനസ്സിൽ കാണുന്നുണ്ട്, ഇത്ര ആനന്ദത്താൽ നിറഞ്ഞു പ്രണയിക്കുമ്പോഴും നിങ്ങൾക്കെങ്ങനെയാണ് ഇത്രമാത്രം ക്രൂരയാകാനും ഒരു കൊലപാതകിയെ വെറുതെ വിടാനും സാധിക്കുന്നതെന്ന്… കഥാപാത്രങ്ങളെ യാതൊരു സഹതാപവുമില്ലാതെ ഉപദ്രവിക്കാനും നശിപ്പിക്കാനും കഴിയുന്നതെന്ന്… അവരെ കൊലപ്പെടുത്താൻ കഴിയുന്നതെന്ന്…
ഹ ഹ ഹ… രസകരമായ ചോദ്യമായിരിക്കും അത്…
പ്രണയത്താൽ കുതിർന്നൊരു ചിരി മാത്രം ഞാനിതാ ഉത്തരമായി സമ്മാനിക്കുന്നു.
Read more: Valentine’s Day 2020: പ്രണയത്തിന്റെ തീവണ്ടി യാത്രകൾ