scorecardresearch

Valentines Day 2020: തീയിതളുകള്‍ മുളച്ച പ്രണയകാലം

പ്രണയകാലങ്ങളെ തിരിഞ്ഞു നോക്കുമ്പോൾ കണ്ണിൽ തെളിയുന്ന തീനാളങ്ങൾ, അതിൽ ഒരു ചുവന്ന ടെഡിബെയറും

aswathy sreekanth, valentines day, memories, iemalayalam

Happy Valentine’s Day: പന്ത്രണ്ടേ മുക്കാലിന്റെ സെന്റ് മേരീസ് മുന്നിൽ വന്നു നിൽക്കുമ്പോൾ അവൾ തിടുക്കപ്പെട്ടാണ് കയറിയത്. കാണാതെ പോന്നത് നന്നായി എന്ന ആശ്വാസം പക്ഷേ മൂന്നാമത്തെ പടിയിൽ ചവിട്ടി തിരിഞ്ഞു നോക്കുംവരയേ ഉണ്ടായുള്ളൂ. കൈയിലൊരു കുഞ്ഞിപ്പൊതിയുമായി അവൻ സ്കൂളിന്റെ ഗേറ്റ് കടന്ന് ഓടി വരുന്നുണ്ട്. എത്രയും പെട്ടെന്ന് ബെല്ലടിച്ച് ബസ്സ് മുന്നോട്ട് എടുത്തിരുന്നെങ്കിൽ എന്നാവണം അവളപ്പോൾ ആഗ്രഹിച്ചത്. ബസ്സിൽ നിറയെ പരിചയക്കാരാണ്. നാട്ടിൻപുറത്ത് നിന്ന് ടൗണിലെത്തി പഠിക്കുന്ന പെൺകുട്ടികളുടെ യൂണിഫോം ചുരിദാറിന്റെ കഴുത്തിറക്കം മുതൽ ചിരികളുടെ ഉച്ചസ്ഥായിയിൽ വരെയുള്ള അരുതായ്കകൾ കണ്ടെത്താൻ പ്രത്യേക സിദ്ധിയുള്ളവരാണ് അധികവും. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? അവനതാ അനങ്ങാതെ ബസ്സിനുള്ളിലേയ്ക്ക് ഉറ്റു നോക്കി നിൽക്കുന്നു. കണ്ടുവെന്നുറപ്പാണ്. കയറിയെങ്ങാൻ വന്നേക്കുമോ?

ഭാഗ്യം! ബസ്സ്  നീങ്ങിത്തുടങ്ങി… പതിവുകാരെ കണ്ടപ്പോൾ ബസ്സിന്റെ സ്റ്റീരിയോയിൽ നിന്ന് വേണുഗോപാൽ മധുരമായി പാടിത്തുടങ്ങി ‘ഉണരുമീ ഗാനം, ഉരുകുമെന്നുള്ളം…’ മുൻസീറ്റിൽ തിങ്ങിക്കൂടിയിരുന്ന മൂന്ന് പെൺകുട്ടികളിൽ ഒരുവളുടെ ഉള്ളിൽ തട്ടി, കണ്ണിൽ നിന്നും ആ പാട്ട് അയഞ്ഞ താളത്തിൽ മടിയിലേക്ക് ഇറ്റു വീണു. കാശിനായി കൈനീട്ടിയ കണ്ടക്ടർ അത് കാണാതിരിക്കാൻ കൂട്ടുകാരിലൊരുവൾ വിഗദ്ധമായി പണം മുൻപേ നീട്ടി… അതായിരുന്നു അവളുടെ ഓർമ്മയിലെ ആദ്യത്തെ വാലന്റൈൻസ് ഡേ. പതിനാറാമത്തെ പിറന്നാളിന് കൃത്യം പത്ത് നാൾ മുൻപ്.

അന്നവൻ കൈയിൽ കരുതിയ സമ്മാനം – ചുവന്ന കമ്പിളി നൂലുകൾക്കിടയിൽ കിടക്കുന്ന ചന്ദന നിറമുള്ള കുഞ്ഞിക്കരടി – പിന്നെയും ഒരാഴ്‍ച്ച കഴിഞ്ഞാണ് അവളുടെ കൈയിലെത്തിയത്. അരുതെന്ന സകല ഉൾവിളികളെയും അവഗണിച്ച് സ്കൂൾ ലൈബ്രറിയുടെ മുന്നിൽ നിന്നത് കൈയേൽക്കുമ്പോൾ വിറ കൊണ്ട് ശബ്ദം പോലും ഇല്ലാതായിരുന്നു. അന്ന് അറിയാതെ ഉരസിപ്പോയ വിരൽ തുമ്പുകളിലേയ്ക്ക് ഹൃദയം പാഞ്ഞെത്തി നിന്നത് എത്ര വേഗത്തിലായിരുന്നു. പിറന്നാളിന് കിട്ടിയ പല സമ്മാനങ്ങളിൽ ഒന്നെന്ന വ്യാജേന ചുവപ്പനൊരു ഹൃദയവും പേറി കുഞ്ഞൻ കരടി അവളുടെ കിടപ്പു മുറിയിലെ പതിവുകാരനും രഹസ്യങ്ങളുടെ ഡയറിക്കുറിപ്പിന് കാവൽക്കാരനും ആയത് അന്നു മുതലായിരുന്നു.

aswathy sreekanth, valentines day, memories, iemalayalam

പിന്നെ മഞ്ഞ പെയിന്റ് അടിച്ച കോയിൻ ബൂത്തുകൾ പ്രണയത്തിന്റെ ഓക്സിജൻ പെട്ടികളായ കാലം. നാരങ്ങാ വെള്ളം ഷാർജാ ഷെയ്ക്കിലേക്ക് എത്തുന്ന കുഞ്ഞു കുഞ്ഞ് ആർഭാടങ്ങൾ. നൂറ്റൊന്നാം വട്ടം മാത്രം മൂളുന്ന സമ്മതത്തിനൊടുവിൽ ഒരു വിരലു കോർക്കൽ. ആന വണ്ടിയുടെ അരികു സീറ്റിൽ ഇരുന്ന് അവൾ കൈവീശിയകലുമ്പോൾ തീരുന്ന കണ്ടു മുട്ടലുകൾ. അവർക്കു വേണ്ടി മാത്രം എഴുതപ്പെട്ട കവിതകൾ കൊണ്ട് നിറയുന്ന അവളുടെ ഡയറിത്താളുകൾ.

വാലന്റൈൻ ദിനങ്ങൾ പിന്നെയും വന്നു പോയി… അവളൊരു വിമൻസ് കോളേജിലെ രണ്ടാം വർഷക്കാരിയായിരുന്നു. അപ്പോഴേക്കും അവർ പ്രണയമെന്ന് കൃത്യമായി ഉച്ചരിക്കാൻ തുടങ്ങിയിരുന്നു. അങ്ങനെയൊരു വാലെന്റൈൻ ദിനത്തിലാണ് അവളൊരു കരിനീല സാരി ചുറ്റിയത്. അവനതൊന്നു കാണാൻ വരുന്നു. ഉറ്റചങ്ങാതി കൂടെയുള്ള ധൈര്യത്തിൽ കോളേജ് വിട്ടിറങ്ങിയവൾ ബസ് സ്റ്റാന്റിനോട് ചേർന്നുള്ള കൂൾബാറിൽ അവനെ കാത്തിരിക്കുന്നു. വൈകി വന്നവനോട് മുഖം വീർപ്പിച്ച്, മുന്നിലെത്തിയ മുന്തിരി ജ്യൂസ് കുടിച്ച് തീർക്കാതെ അവൾ വീടെത്താൻ തിടുക്കം കൂട്ടുന്നു. ചില്ലു കൊണ്ട് തീർത്ത ഇണപ്രാവുകളെ അവൻ അവളുടെ കൈവെള്ളയിൽ വയ്‌ക്കുന്നതപ്പോഴാണ്. കോളേജ് ബാഗിന്റെ ഇരുളിലേക്ക് ധൃതിയിൽ ഒളിക്കുമ്പോഴും അവ ചുണ്ടുകൾ കൊണ്ടൊരു ചുവന്ന ഹൃദയം വിടാതെ കോർത്ത് പിടിച്ചിരുന്നു. അങ്ങനെയാണവർ അന്ന് യാത്ര പറയുന്നത്.

അന്നാണ്…അന്നാണ് പക്ഷെ ലോകം കീഴ്‌മേൽ മറിഞ്ഞത്…! അന്നാണ് അമ്മ അറിഞ്ഞത്!!

കവിളുകളിൽ മാറി മാറി കൈപ്പാടുകൾ തിണർക്കുമ്പോഴും ‘എങ്ങനെ’ എന്നൊരു ചോദ്യത്തിൽ കുരുങ്ങിക്കിടക്കുകയായിരുന്നു അവൾ. അപ്പോഴുണ്ട്, അവളുടെ കുമ്പസാര രഹസ്യങ്ങൾ പോലും നിരത്തി വച്ച് കൈയൊഴിഞ്ഞ് നോക്കി നിന്നു കൊണ്ട് കൂട്ടുകാരി ഉത്തരം കൊടുക്കുന്നു… ‘നിന്റെ നന്മയെക്കരുതി ഞാൻ പറഞ്ഞു പോയെന്ന്’. ചതിയാണ്! പക്ഷേ പ്രണയിക്കുകയെന്ന കടുത്ത അപരാധം ചെയ്തവളെ ചതിക്കുക എന്നത് കുറ്റമല്ലല്ലോ. മരിച്ചു പോകണമെന്നവൾ ആദ്യമായി ആഗ്രഹിക്കുന്നത് അന്നാണ്. പക്ഷേ തൂങ്ങി മരിക്കാൻ ഒരു കഴുക്കോൽ പോലും കൊടുക്കാതെ വീട് മുഴുവൻ വെറുത്ത് മുഖം തിരിക്കുകയാണ്. ‘വേണമെങ്കിൽ തിന്നാൻ’ മുന്നിലൊരു പാത്രം എറിഞ്ഞിടുകയാണ്. പ്രേമിച്ചവളും പിഴച്ചവളും ഒറ്റവാക്കെന്ന പോലെ വീടൊരുവളെ കുടഞ്ഞെറിയുകയാണ്. പത്തൊൻപതാം പിറന്നാളിന് കൃത്യം പത്തു നാൾ മുൻപ്… അതേ വാലന്റൈൻസ് ദിനത്തിൽ.

aswathy sreekanth, valentines day, memories, iemalayalam

അന്ന് അവൾ മരിച്ചില്ലെങ്കിലും വൈകുന്നേരം വീടിന് പിന്നിലൊരു ചിത എരിഞ്ഞു. മണ്ണെണ്ണ മണമറിഞ്ഞ് ജനൽപ്പാളി തുറന്നു നോക്കിയപ്പോഴാണ് അവളത് കണ്ടത്. എണ്ണമില്ലാത്ത ഡയറി കുറിപ്പുകൾ വിറകാക്കി, ചുവന്ന കമ്പിളി നൂലുകൾ കൊണ്ട് പൊതിഞ്ഞ ചന്ദന നിറമുള്ള കുഞ്ഞിക്കരടി വെന്തുരുകുന്നു. ഇണപ്രാവുകളുടെ ചില്ലു ചിറകുകൾ മെല്ലെ മെല്ലെ ഉരുകുന്നു. ഒരു പിറന്നാൾ ദിനത്തിൽ ‘എന്റെ നിനക്കെന്ന്’ കുറിച്ച കറുപ്പു കാർഡിലെ ചുവന്ന റോസാപൂക്കൾക്ക് തീയിതളുകൾ മുളയ്ക്കുന്നു. ഇനിയൊരിക്കലും എഴുതാൻ കഴിയാത്തത്ര കവിതകൾ ഒരുമിച്ച് സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെടുന്നു. കാലം തെറ്റി നേരത്തേ പൂത്തു പോയൊരു കുറ്റത്തിനാവണം കൊന്ന മരത്തിന്റെ സ്വർണ്ണപൂക്കളിലേയ്ക്ക് നീണ്ടു പോകുന്നുണ്ടൊരു തീനാളം. ആ ഒരൊറ്റ കാഴ്ച്ചയിൽ ജനലിനിപ്പുറം ഭൂമി പിളരുന്നതും കാത്ത് വിറങ്ങലിച്ച് നിൽക്കുന്നുണ്ട് വർഷങ്ങൾക്കിപ്പുറവും അവൾ…!!

ഒന്നും സൂക്ഷിക്കാൻ പറ്റിയില്ലെനിക്കെന്ന് പിന്നീടൊരിക്കൽ അവൾ അവനോട് കരയുമ്പോഴും എനിക്കറിയാമല്ലോ ഹൃദയത്തിന്റെ വലത്തേ അറയിൽ ചുവന്ന കമ്പിളി നൂലുകൾക്കുള്ളിൽ ഇന്നുമൊരു ചന്ദനക്കരടിയുണ്ടെന്ന്. അതിനെയിപ്പോഴും അന്നത്തെ നിന്റെ നിവിയയുടെ പെർഫ്യൂം മണക്കുന്നെന്ന്, നീയില്ലാത്ത ചില രാത്രികളിൽ ഇന്നും ഞാൻ അതിനെ ഉമ്മ വച്ചുറക്കാറുണ്ടെന്ന്….!

ശ്… ഞാൻ എന്നാണോ പറഞ്ഞത്?? അല്ലെങ്കിലും അവളെക്കുറിച്ച് പറയുമ്പോഴെല്ലാം അത് ഞാൻ തന്നെയാകാറുണ്ടല്ലോ…!!

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Valentines day 2020 aswathy sreekanth