ഭൂമിയിലെ എല്ലാ വീഴ്ചകൾക്കും കാരണം ഗുരുത്വാകർഷണം ആണെന്നു പറഞ്ഞത് ഐസക് ന്യൂട്ടനാണ്, മനുഷ്യൻ പ്രണയത്തിൽ വീഴുന്നതിനു ഒഴികെ എന്നുതിരുത്തിയത് ആൽബർട്ട് ഐൻസ്റ്റീനും. വീഴ്ചകളെല്ലാം മണ്ണിനെ ചെന്നുതൊടലാണ്. തുടങ്ങിയിടത്തേക്കുള്ള മടക്കം. ചിറകുകൾ ഇല്ലാതെയുള്ള പറന്നിറങ്ങൽ. കാലുപൊള്ളുന്ന യാഥാർഥ്യങ്ങളിലേക്കുള്ള കാലത്തിന്റെ തള്ളിയിടൽ.

എന്നാൽ, പ്രണയം നിലംതൊടാതെയുള്ള പറന്നുപൊങ്ങലാണ്. മഴയാകാശങ്ങളിലേക്കുള്ള വരണ്ടമണ്ണിന്റെ വേരുപൊട്ടൽ. ഇല്ലാത്തചിറകുകൾ പൊട്ടിമുളയ്ക്കും, വ്യഥിതരാത്രികളുടെ കൂരാക്കൂരിരുട്ടിൽ പൊടുന്നനെ നിലാവിന്റെ സൂര്യൻ ഉദിക്കും, നിന്നനില്പിൽ വന്മരങ്ങളായി പുൽക്കൊടിത്തുമ്പുകൾ പൂക്കും. ഈ ലോകത്തെ ഇതുവരെ എഴുതപ്പെട്ട എല്ലാ പ്രണയഗാനങ്ങളും നമ്മളെ കുറിച്ചായിരുന്നു എന്നുപോലും പരസ്പരം തള്ളിപ്പോകുന്ന അന്ധവിശ്വാസത്തിനും ആത്മവിശ്വാസത്തിനും രണ്ടുപേർ കൂടി അടിമപ്പെടും. കല്ലുവച്ച നുണകളെല്ലാം അതിമനോഹരങ്ങളായ സത്യങ്ങളാവും. എല്ലാ ഈണങ്ങളും ഇമ്പമുള്ളതാവും. വീട്ടുംതോറും കടം ഏറുന്നതായി വെറുതെ കുറ്റബോധപ്പെടും. ഏകാന്തതകളെല്ലാം മധുരിക്കാൻ തുടങ്ങും. തനിച്ചായിരിക്കുമ്പോഴും തനിച്ചല്ലെന്നൊരു തോന്നൽ വന്നു ഇറുകെ കെട്ടിപ്പിടിക്കും.

ഞാൻ പറഞ്ഞതൊക്കെ നുണയും നീ പറഞ്ഞതൊക്കെ നുണയും ആയിത്തീരുന്ന ഒരുനിമിഷമുണ്ട്. അതിനെ പരമാവധി വച്ചുതാമസിപ്പിക്കുന്നതിന്റെ പേരാണ് പ്രണയമെന്നു പ്രണയിച്ചവർക്കിടയിൽ തന്നെ ഒരു അഭിപ്രായമുണ്ട്. എങ്കിലും അവരുടെ പ്രണയാന്വേഷണങ്ങൾ വിരാമപ്പെടുന്നില്ല. കാലം എവിടെനിന്നു പിടിച്ചുതള്ളി താഴെയിട്ടാലും അവർ പിന്നെയും എഴുന്നേറ്റു നടക്കും. വഴിതെറ്റിപ്പോയ ഒരു നാവികൻ തന്റെ പായിക്കപ്പലുമായി കൊടുങ്കാറ്റിലേക്കു പിന്നെയും ഇറങ്ങിപ്പുറപ്പെടുന്നതുപോലെ അവർ തുറമുഖങ്ങളിലേക്കു തുഴയെറിയും. കടന്നുവന്ന കരകളിലെല്ലാം കണ്ണീരുപ്പിന്റെ നനവ് തലതല്ലിച്ചാവും.shibu gopalakrishnan, valentinesday

ആരോ ഒരാൾക്ക് മാത്രം ഏൽപ്പിക്കാൻ കഴിയുന്ന ഒരു മുറിവിനു വേണ്ടി അവർ പിന്നെയും കാത്തിരിക്കും. ആരോ ഒരാൾക്ക് മാത്രം പൂവിടാൻ കഴിയുന്ന ചെടിത്തുമ്പുപോലെ അവർ വസന്തങ്ങളെ ഒളിപ്പിച്ചുവയ്ക്കും. അവരുടെ മൗനംകൊണ്ടു കൂർത്ത മുള്ളുകളിൽ വാക്ക് ശബ്ദമില്ലാതെ മരിച്ചുകിടക്കും. മറ്റാർക്കും കൂടുവയ്ക്കാനാവാത്ത ഒരു ചില്ല അവരിൽ എപ്പോഴും ഒഴിഞ്ഞുകിടക്കും. ഇനിയും വന്നുകഴിഞ്ഞിട്ടില്ലാത്ത ഒരാൾക്കുവേണ്ടി ഇലകൾ അവരിൽ പിന്നെയും ബാക്കിയാവും.

ഒരിക്കലും പറയപ്പെടാതെ, ആരാലും പങ്കുവയ്ക്കപ്പെടാതെ, പുറപ്പെടുന്നതിനു മുൻപേ യാത്ര അവസാനിപ്പിക്കുന്ന ചില പ്രണയങ്ങൾ ഉണ്ട്. ഉച്ചരിക്കപ്പെടും മുൻപേ നിശബ്ദമാക്കപ്പെട്ട വാക്ക്. ആരുമറിയാതെ ഇറങ്ങിപ്പോക്കു നടത്തിയ ചില ഇഷ്ടങ്ങൾ. ആരാലും തിരിച്ചറിയപ്പെടാതെ വഴിയിൽ വീണുകിടന്ന പൂവുകൾ. ആരാലും ആഘോഷിക്കപ്പെടാതെ അടക്കിപ്പിടിച്ചുവച്ച ചിത്രശലഭച്ചിറകുകൾ. ഇപ്പോഴും ജീവൻ വെടിയാതെ ഓർമയുടെ അറകളിൽ സുഭദ്രമായ ചില ചിരകാല സ്പന്ദനങ്ങൾ.

വഴിപിരിഞ്ഞു മറുകരയിലേക്കു നടന്നുപോയ പ്രണയത്തെ പിന്നീടൊരിക്കൽ കൂടി നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടോ. നഷ്ടപ്പെട്ടുപോയ മറ്റൊരുകാലത്തിനു നിങ്ങൾ മുഖാമുഖം നിന്നിട്ടുണ്ടോ. വാക്കുകൾ തൊണ്ടയിൽ ശ്വാസംകിട്ടാതെ പിടഞ്ഞുവീഴും. ചുണ്ടുകളിൽ നിന്നും പൂർത്തിയാക്കാനാവാത്തൊരു ചിരി പാതിയിൽ അടർന്നുവീഴും. നടന്നുതീർത്ത വേനലുകൾ മുഴുവൻ അവർക്കിടയിൽ ഒരുമിച്ചു നിന്നു വിയർക്കും. കരഞ്ഞുതീർത്ത കടലുകൾ ഒരിക്കൽക്കൂടി കരകവിയും. അവർക്കു മാത്രം കണ്ടെത്താനാവുന്ന ചില സ്മാരകങ്ങൾ അപ്പോഴും അവരിൽ ജീവിച്ചിരിക്കും.

പ്രണയം അപ്പോഴത്തെ ഏറ്റവും വലിയ ശരിയാണ്. വരുംകാലം കൊണ്ട് അതിനെ തെറ്റെന്നു വിധിയെഴുതാം. പക്ഷെ, പ്രണയത്തിനു ഭൂതവും ഭാവിയും ഇല്ല, വർത്തമാനം മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് എല്ലാ പ്രായത്തിലും ഉള്ള പ്രണയിതാക്കളും അവരുടേതാണ് ഏറ്റവും മികച്ചതും മിഴിവാർന്നതുമായ പ്രണയമെന്നു അനുദിനം ആവർത്തിക്കുന്നത്. തർക്കിക്കരുത്, അവരും പ്രണയിക്കുകയാണ്. എങ്കിലും പറയുകയാണ്, മാദക മധ്യവയസ്സിലെ മാമ്പഴപ്രണയം മാത്രമല്ല, മധുരപ്പതിനേഴിലെ മാമ്പൂപ്രണയവും മനോഹരമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ