വായനശാലയിലെ പൊടി പിടിച്ച അലമാരയില്‍ നിന്നും പിന്‍പുറം വായിച്ചു നോക്കാതെ എടുത്തിരുന്ന പുസ്തകങ്ങള്‍ ബഷീറിന്റെ ആയിരുന്നു .ചില പുസ്തകങ്ങള്‍ മറിച്ചു നോക്കിയാല്‍ തന്നെ പേടിയാകും .ഇതൊന്നും വായിക്കാന്‍ എന്നെ കൊണ്ടാവില്ല എന്ന്‍ കരുതി വിരലുകള്‍ അടുത്തതിലേക്ക്, അടുത്തതിലേക്ക് പരതും .അപ്പോഴാണ്‌ തടിയന്മാര്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ചെറിയ ബഷീര്‍ പുസ്തകങ്ങള്‍ കണ്ണില്‍ പെടുക. അത് മറിച്ചു നോക്കുമ്പോൾ കൊക്കിലൊതുങ്ങുന്നത് കൊത്താനായ ഒരു പക്ഷിയെ പോലെ ഞാന്‍ സന്തോഷ ചിറകുകള്‍ വീശി. അതുകൊണ്ടു തന്നെയാകും ബഷീര്‍ ഇത്ര വലിയ മഹാനായ ഒരു എഴുത്തുകാരന്‍ ആയതെന്നു എനിക്ക് തോന്നിയിട്ടുണ്ട്. വല്യ വായനക്കാർ എന്ന കട്ടിക്കണ്ണട ഇല്ലാത്തവര്‍ക്കും വായിക്കാനാവുന്ന കഥകള്‍.രസിപ്പിക്കുന്ന പരിസരങ്ങള്‍, പേരുകൾ, എവിടെയോ കണ്ടതാണല്ലോ എന്ന്‍ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങള്‍.
ഏത് വായനക്കാരനൊപ്പവും ഉയരുകയും ഒപ്പം കൂട്ടുകയും ചെയ്യുന്ന എഴുത്തുകാർ ബഷീറിനെപ്പോലെ ആരെങ്കിലുമുണ്ടോ എന്ന് എനിക്കറിയില്ല. ഉൾക്കനമുളള ഉളളടക്കത്തെ ലളിതമായ, തെളിമായർന്ന വാക്കുകളുടെ ഒഴുക്കോടെ വായനക്കാരുടെ ഉളളിലേയ്ക്ക് എത്തിച്ചേരുന്നു ബഷീർ കൃതികളിൽ. ഏത് വാതിലുകളിലൂടെയും ബഷീറിലേയ്ക്ക് കയറാം. സാധാരണ വായനക്കാരനായും കയറാം. സാഹിത്യത്തിന്റെ, തത്ത്വശാസ്ത്രത്തിന്റെ, പല അളവുകോലുകളിലും ബഷീറിനെ വായിക്കാം വായിക്കുന്നവരുമുണ്ട്. അതെല്ലാം വലിയ വലിയ കാര്യങ്ങൾ. അതവിടെ നിൽക്കട്ടെ. എന്റെ ബഷീറിലേയ്ക്കു പോകാം.

basheer

പഴയ പുസ്തകങ്ങളുടെ പിന്നില്‍ എഴുത്തുകാരന്‍ അത് വരെ എഴുതിയ പുസ്തകങ്ങള്‍ എണ്ണമിട്ടു നിരത്തുന്ന ഒരു ഏര്‍പ്പാട് ഉണ്ടായിരുന്നു .ഒരു വൈകുന്നേരം ഞാന്‍ വലിയ അഭിമാനത്തോടെ ഒരു പ്രഖ്യാപനം നടത്തി ”ബഷീര്‍ എഴുതിയ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചു കഴിഞ്ഞു ” അച്ഛന്‍ ചിരിച്ചു . ഹൈസ്കൂളില്‍ എത്തിയ ഞാന്‍ അന്ന് ലൈബ്രറിയില്‍ നിന്ന്‍ വരുമ്പോ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ വാങ്ങി നോക്കുന്ന പതിവ് അച്ഛനുണ്ട്‌. ഒരു നൂറു പ്രേതകഥകള്‍ എന്ന പുസ്തകം കണ്ടു ദേഷ്യത്തോടെ ” എന്തിനാണ് ഇതൊക്കെ വായിക്കുന്നത് ” എന്ന്‍ ചോദ്യം ചെയ്യുമായിരുന്നു . ബഷീറിന്റെ പുസ്തകങ്ങള്‍ കാണുമ്പോ ഒരു ചിരി മുഖത്ത് വരികയും ” ഇതൊക്കെ വായിക്കണം ..നല്ലതാ … അങ്ങേരൊക്കെ എന്തൊരു മനുഷ്യനായിരുന്നു .. ഹൊ … ” എന്ന് അതിശയപ്പെടുകയും ചെയ്യും .

Read More: ബഷീറിന്റെ ആദ്യ ചുംബനം

basheer

വര്‍ണ്ണനകളില്‍, വേലിയിലെ പൂപ്പരുത്തിയില്‍ പിച്ചീം മുല്ലേം പടര്‍ത്തീട്ടുളള​ വീടും പരിസരവും.ഞാന്‍ അത് പോലെ ഒരു വീട് കൊതിച്ചിട്ടുണ്ട് .പിന്നെ എല്ലാ കാര്യത്തിലും എന്ന പോലെ എന്നാല്‍ കഴിയുന്ന പോലെ അതിനു വേണ്ടി ശ്രമിച്ചു. വീട്ടിലെ കുളക്കരയില്‍ അന്ന് രാവിലെ മഞ്ഞച്ചു പൂത്ത് നാല് മണി കഴിയുമ്പോള്‍ ചുവന്ന് സന്ധ്യയോടെ കൊഴിയുന്ന പൂപ്പരുത്തി ഉണ്ടായിരുന്നു.മുറ്റത്ത് മുല്ലയും ശംഖുപുഷ്പങ്ങളും പടര്‍ന്നു. പിന്നെയും ഒരുപാട് ഒരുപാട് ചെടികള്‍ പൂക്കള്‍ . വീടിനു പകിട്ടില്ലെങ്കിലും പൂന്തോട്ടത്തിന്റെ നിറ സ മൃദ്ധിയില്‍ അതിഥികള്‍ ”എന്ത് രസാ” എന്ന്‍ കണ്ണ്‍ വിടര്‍ത്തി .ചിലര്‍ പങ്ക് പറ്റി . നീലിച്ചു പൂത്തു മറിയുന്ന ശംഖുപുഷ്പങ്ങളും തത്തകളെപ്പോലെ ചുറ്റിച്ചിരുത്തി ഇതള്‍ വിടര്‍ത്തുന്ന എരിക്കിന്‍ പൂക്കളും കണ്ട് ഒരു അമിത വിശ്വാസി ഭയഭക്തിയോടെ കണ്ണുകള്‍ മേല്‍പ്പോട്ടു മറിച്ച് ”ഇവിടെ ശിവന്‍റെ സാന്നിധ്യം ഉണ്ട് ” എന്ന്‍ വരെ പറഞ്ഞു.ബഷീറിന്റെ വീട് വര്‍ണ്ണന കോപ്പിയടിക്കാന്‍ ശ്രമിച്ചത് മാത്രം ആരും കണ്ടുപിടിച്ചില്ല.

basheer

2015 ല്‍ കണ്ണൂരിലെ സൈക്കിള്‍ ബുക്സ് ആര്‍ട്ട് കഫേ നടത്തിയ 50 ബഷീര്‍ എന്ന ചിത്രപ്രദര്‍ശനത്തില്‍ കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം എന്‍റെ ബഷീര്‍ ചിത്രവും പ്രദര്‍ശിപ്പിച്ചു . എഴുത്തുകാരന്‍ വി.എച്ച്. നിഷാദ് ആണ് എനിക്ക് ആ അവസരം ഒരുക്കി തന്നത് . ഏറ്റവും വലിയ സന്തോഷം ആദ്യമായി ഒരു പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായതും ബഷീറിനെ വരയ്ക്കാന്‍ കഴിഞ്ഞതും ആണ് .

basheer

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ