കുന്നിന്റെ മുകളിലായിരുന്നു വീട്. പൊടിപറത്തി ബസ്സുകള്‍ പോവുന്ന ടാര്‍ ചെയ്യാത്ത റോഡിന്റെ അരികില്‍ ‌താഴ്‌വാരം തുടങ്ങുന്നത്‌ ഞങ്ങളുടെ വീടോടെയായിരുന്നു. മൂന്നുഭാഗത്തും വയലുകളുള്ള ഗ്രാമം. പടിഞ്ഞാറു കുന്നിറങ്ങി ആശാരി വളവുതിരിഞ്ഞുവേണം കടകളിലേയ്ക്കും മറ്റും പോകുവാന്‍. ഗ്രാമത്തിന്റെ അറ്റത്താണ് കുംഭത്തില്‍ ഉത്സവം നടക്കുന്ന കാവ്. ഉത്സവത്തിനു പോകുമ്പോള്‍ രാത്രി നാടകമോ കഥാപ്രസംഗമോ ഉണ്ടെങ്കില്‍ അമ്പലപ്പറമ്പ് ഞങ്ങള്‍ നടന്നെത്തുമ്പോഴേക്കും നിറഞ്ഞു കവിഞ്ഞിട്ടുണ്ടാവും. നിറയെ കോളാമ്പി മൈക്കുകള്‍ വച്ചിട്ടുള്ളതു കാരണം ദൂരെയെവിടെ ഇരുന്നാണെങ്കിലും കേള്‍ക്കാമെന്നതുകൊണ്ട് അമ്മ ഞങ്ങളെയും കൊണ്ട്‌ അറ്റത്ത് കടവിനടുത്തുള്ള ഡിസ്പെന്‍സറിയുടെ വരാന്തയില്‍ ഇരിപ്പുറപ്പിക്കും. അമ്മയുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി താമസിയാതെ അവിടവും നിറഞ്ഞു കവിയും. ഗ്രാമീണ ഡിസ്പെന്‍സറിയ്ക്ക് മരത്തില്‍ അച്ചുപോലെ കൊത്തിയ അക്ഷരങ്ങളുള്ള വെയിലേറ്റ് കരുവാളിച്ച ഒരു ബോര്‍ഡ് ഉണ്ടായിരുന്നു. മുളയില്‍ക്കെട്ടിയ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ അതിന്റെ ബോര്‍ഡ് ഞാന്‍ കൊച്ചു സഹോദരങ്ങള്‍ക്ക് വായിച്ചു കൊടുക്കും. വലുതായാല്‍, ഒരു പ്ലാന്‍ ബി പോലുമില്ലാതെ, ഡോക്ടറാവണമെന്ന് അന്നേ തീരുമാനിച്ചുറച്ചതായിരുന്നു ഞാന്‍.

അതുവരെയുള്ള കുത്തിവയ്പ്പുകളൊക്കെ കന്യാസ്ത്രീ മഠത്തിലെ ഡിസ്പെന്‍സറിയില്‍ വച്ചാണ് ഞങ്ങള്‍ക്ക് തന്നുകൊണ്ടിരുന്നത്. ഒന്നാം ക്ലാസില്‍ ചേരുന്നതിനു മുന്‍പ് ഡി.പി.ടി വാക്സിന്‍ എടുക്കാന്‍ അമ്മയുടെ കൈയും പിടിച്ച് സർക്കാർ ഡിസ്പെൻസറിയിലേക്ക് ചിരിച്ചുകൊണ്ട് പോയതും ‌ കരഞ്ഞുകൊണ്ട് തിരികെ വന്നതും ഓര്‍മ്മ. ഇരുട്ടുള്ള കുടുസ്സുമുറിയിൽ മരത്തിന്റെ തന്നെ അഴികളുള്ള അടയാത്ത വലിയ ജനലും, ജനലിനരികിലെ ഷെൽഫിൽ പഞ്ഞിയിട്ടു വയ്ക്കുന്ന നിറയെ തുളകളുള്ള തിളങ്ങുന്ന സ്റ്റീൽ പാത്രവും (സ്റ്റെറിലൈസേഷൻ ബിൻ) ഒരു ചൂടിക്കയറിൽ കഴുകിയുണക്കാനിട്ട കൈയുറകളും. കുത്തിവയ്പ്പുകഴിഞ്ഞു വിങ്ങുന്ന എന്നെ സമാധാനിപ്പിക്കാൻ കൈയിൽ മിഠായികളൊന്നുമില്ലാത്തതിനാൽ കുണ്ഠിതപ്പെട്ട്,‌ അന്നവിടെ ഉണ്ടായിരുന്ന, അമ്മയുടെ പരിചയക്കാരിയായ വയറ്റാട്ടി, നഴ്സിനോട്‌ പറഞ്ഞ്‌ ലേശം മധുരമുള്ള മരുന്ന് (കാർമ്മിനേറ്റീവ്‌ മിക്സ്ചർ) വായിൽ ഒഴിച്ചു തന്നതും ഓർമ്മയിൽ മായാതെ. മഠത്തിലെ നഴ്സ് സിസ്റ്റര്‍മാരുടെ ചങ്ങാത്തം കാരണം, അറിയാവുന്ന വിധത്തില്‍, സംക്രമിക രോഗങ്ങളെക്കുറിച്ചും കുത്തിവയ്പ്പുകളെക്കുറിച്ചും അമ്മ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. വസൂരിയുടെ ഭീകര ചിത്രം അമ്മയുടെ കുട്ടിക്കാലത്തോ അമ്മമ്മ പറഞ്ഞോ അറിഞ്ഞത് അങ്ങനെ തന്നെ പകര്‍ന്നു തന്നിരുന്നുവെന്നാണ് ഓര്‍മ്മ.

vaccination, anti vaccination campaign, kerala, doctors,

ഒരാളില്‍ നിന്നു വേറൊരാളിലേക്ക് പകര്‍ന്ന് സമൂഹമൊട്ടാകെ പടര്‍ന്നുപിടിച്ച് ആള്‍നാശം വരുത്തിയും സ്വതവേ ദരിദ്രമായ നാട്ടിന്‍പുറത്തെ തകിടം മറിച്ചും, പേമാരിയോ ഉരുൾപൊട്ടലോ പോലെ, തകര്‍ത്തെറിഞ്ഞു പോവുന്നവയായിരുന്നു മിക്ക സാംക്രമിക രോഗങ്ങളും. അസുഖം വന്നു ചികിത്സതേടാന്‍ പറ്റിയ സാമ്പത്തിക ചുറ്റുപാടുകള്‍ തീരെയില്ലാത്തതുകൊണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്‌ അമ്മ എന്നും പ്രാധാന്യം കൊടുത്തിരുന്നു. ആരോഗ്യമുള്ള ശരീരവും മനസ്സുമുണ്ടെങ്കില്‍ നേടാന്‍ പറ്റാത്തതായി ലോകത്തൊന്നുമില്ലെന്നു തന്നെയായിരുന്നു ആദ്യ ബാലപാഠം. കൈകഴുകല്‍ തൊട്ട് നഖം കടി നിര്‍ത്തുന്നതു വരെയും കാലാകാലം വിരഗുളികകള്‍ മക്കള്‍‍ക്കു നല്‍കുന്നതി‍ലുമൊക്കെ അമ്മ ശ്രദ്ധാലുവായിരുന്നു. പഴയ കലണ്ടറില്‍ അടയാളപ്പെടുത്തി സൂക്ഷിച്ചുവച്ചോ പിന്നിയ ഡയറിയിലോ വരയന്‍ നോട്ടുപുസ്തകത്തിലോ കുറിച്ചു വച്ചോ ഒക്കെ തീയതികള്‍ തെറ്റാതെ തന്നെ ഞങ്ങളെല്ലാവരേയും വാക്സിനേറ്റു ചെയ്തിട്ടുമുണ്ടായിരുന്നു.

പിന്നീട്‌ കോഴിക്കോട്‌ മെഡിക്കൽ കോളിജിൽ മൈക്രോബയോളജി പഠിക്കുമ്പോഴാണു വാക്സിനുകളെക്കുറിച്ച്‌ ആധികാരികമായ അറിവു ലഭിക്കുന്നത്‌. വസൂരി വടുക്കൾ തൊലിയിൽത്തൊടീച്ചും പൊറ്റകൾ പൊടിച്ച്‌ മൂക്കിൽ വലിപ്പിച്ചും തുടങ്ങി, രോഗാണുക്കളെ കുതിരയിൽ കുത്തിവച്ച്‌ ആന്റി ടോക്സിനുകൾ ഉൽപ്പാദിപ്പിച്ചിരുന്നയിടത്തു നിന്നും ടെക്നോളജിയുടെ വികാസം കൊണ്ട്‌ വാക്സിൻ ഉൽപ്പാദനത്തിൽ സമൂലമായ മാറ്റങ്ങൾ വന്നു. തികച്ചും സുരക്ഷിതവും കാര്യക്ഷമവുമായ വാക്സിനുകൾ കൊണ്ട്‌ വസൂരിയും ഡിഫ്തീരിയയും വില്ലൻ ചുമയും പോളിയോയുമെല്ലാം വരുതിയിലായി എന്നത് ചരിത്രം.

Read More: വാക്സിനേഷന് ഞങ്ങളും തയ്യാർ: വാക്സിൻ വിരുദ്ധരെ നേരിടാൻ മക്കളെ സാക്ഷി നിർത്തി ഒരു ഡോക്ടർ

സംസ്ഥാനത്ത് മീസില്‍സ്, റുബെല്ല എന്നീ രോഗങ്ങള്‍ക്കെതിരായ വാക്സിനേഷന്‍ ക്യാംപെയിൻ നടക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ മേല്‍ നോട്ടത്തില്‍ 150 രാജ്യങ്ങളില്‍ നടപ്പിലാവുന്ന പദ്ധതിയാണിത്. ഒന്‍പതു മാസത്തിനും പതിനഞ്ചുവയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ കൊടുക്കുക. രാജ്യത്ത് ഒന്നാം ഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ തമിഴ്നാട്, കര്‍ണ്ണാടക, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ള 3.3 കോടി കുട്ടികള്‍ക്ക്(97%) വാക്സിന്‍ കൊടുത്തു കഴിഞ്ഞു. കേരളമുള്‍പ്പെട്ട എട്ടിടങ്ങളിലെ ലക്ഷ്യമായ 3.4 കോടി കുട്ടികളില്‍ നമ്മുടെ സംസ്ഥാനത്ത് എഴുപത്തിയാറു ലക്ഷം കുട്ടികളാണുള്ളത്.

ഏറെക്കുറെ സമാനമായ, താരതമ്യേന അപകടകാരികളല്ലാത്ത വൈറല്‍ രോഗങ്ങളാണ് മീസില്‍സും (അഞ്ചാം പനി) റുബെല്ലയും (ജെര്‍മന്‍ മീസില്‍സ്); എന്നാല്‍ ഗുരുതരമായ കോമ്പ്ലിക്കേഷനുകള്‍ മരണത്തിനു തന്നെ കാരണമാവും. ഇന്ത്യയില്‍ ഒരുവര്‍ഷം 49,000 കുട്ടികള്‍ അഞ്ചാം പനി പിടിപെട്ട് മരണമടയുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്; വയറിളക്കം, ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവയാണ് അതില്‍ പ്രധാന‍ വില്ലന്മാര്‍. ഗര്‍ഭിണികള്‍ക്കു റുബെല്ല ബാധിക്കുന്നതു മൂലം ഒരുവര്‍ഷം 40,000 ശിശുക്കളാണ് വൈകല്യങ്ങളോടെ നമ്മുടെ രാജ്യത്ത് ജനിക്കുന്നത്. അന്ധത, ബധിരത, ഹൃദയവൈകല്യങ്ങള്‍, വളര്‍ച്ചയിലും ബുദ്ധിവികാസത്തിലുമുള്ള വൈകല്യങ്ങള്‍ എന്നിവയാണ് കണ്‍‌ജെനിറ്റല്‍ റുബെല്ല സിന്‍ഡ്രോം എന്നറിയപ്പെടുന്നതില്‍ പ്രധാനപ്പെട്ടവ.

vaccination, anti vaccination campaign, kerala,

ഇന്ത്യയില്‍ എണ്‍പതുകള്‍ മുതല്‍ ഉപയോഗത്തിലുള്ളവയാണ് ഇവയ്ക്കെതിരെയുള്ള വാക്സിനുകള്‍; ഒട്ടുമിക്ക സ്വകാര്യാശുപത്രികളിലും പണ്ടുമുതല്‍ക്കേ നല്‍കിപ്പോരുന്നവയും. ഞങ്ങളുടെ രണ്ടു കുട്ടികൾക്കും എം എം ആര്‍ വാക്സിന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഈ കാമ്പെയ്നിന്റെ ഭാഗമായി ഒരു ബൂസ്റ്റര്‍ ഡോസെന്ന രീതിയില്‍ അവരും വാക്സിന്‍ എടുക്കും. സ്വയ രക്ഷയ്ക്കു വേണ്ടി മാത്രമല്ല, സമൂഹ രക്ഷയ്ക്കു കൂടിയാണ് കുത്തിവയ്പ്പെന്ന് അവരോടു പറഞ്ഞിട്ടുണ്ട്.

രോഗങ്ങളെ ഉന്മൂലനം ചെയ്യണമെങ്കില്‍ സമൂഹത്തിനും പ്രതിരോധ ശക്തിയുണ്ടാവണം (Herd immunity). അപ്പോഴേ രോഗാണുവിന് പുതിയ ആളുകളില്‍ രോഗമുണ്ടാക്കാന്‍ സാധിക്കാതെ വരികയും തന്മൂലം അത് ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റപ്പെടുകയും ചെയ്യുകയുള്ളൂ. രോഗ പ്രതിരോധ ശക്തി കുറഞ്ഞവരോ, സ്റ്റിറോയ്ഡ് ഗുളിക കഴിക്കുന്നവരോ, അവയവ സ്വീകര്‍ത്താവോ കാന്‍സര്‍ രോഗികളോ ഒക്കെ ആയവരെ ഒഴിവാക്കി 95% കുട്ടികളെയും വക്സിനേറ്റ് ചെയ്യിച്ചാലേ അങ്ങനെ നിര്‍മ്മാര്‍ജ്ജനം സാധ്യമാവൂ.  ഗർഭിണികളെ ബാധിക്കുന്ന രോഗം തടുന്നതിന് പെൺകുട്ടികൾക്ക് മാത്രം വാക്സിൻ നൽകിയാൽ പോരാ, ആൺകുട്ടികൾക്കും നൽകിയാൽ മാത്രമേ അവർ രോഗവാഹകരായി അസുഖം പകരുന്നത് തടയാനാവൂ.

പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക്, സ്കൂള്‍ ഹെല്‍ത്ത് എജ്യൂക്കേഷനുവേണ്ടി, അവരുടെ അമ്മ തയ്യാറാക്കിയ സ്ലൈഡുകള്‍ മക്കളെ കാണിച്ചിട്ടുണ്ട്. സ്കൂളുകളില്‍ പോയി അവരും അവരുടെ ഭാഷയില്‍ കൂട്ടുകാരോട് വാക്സിനെക്കുറിച്ച് പറയുമായിരിക്കും!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ