scorecardresearch
Latest News

അത് മോഷണമല്ല, ഡോക്ടർ

“ഒഴിവു ദിവസത്തെകളി” എന്ന കഥ മോഷണാമാണെന്ന ഡോ. എം രാജീവ് കുമാറിന്റെ ആരോപണം വെറും ഭാവനാവിലാസം മാത്രമെന്ന് ഫ്രിഡറിക്ക് ഡ്യൂറൻമ്മാറ്റിന്‍റെ നോവൽ ഉദ്ധരിച്ച് ലേഖകൻ വിശകലനം ചെയ്യുന്നു

അത് മോഷണമല്ല, ഡോക്ടർ

മലയാളത്തിൽ എഴുത്തിന്‍റെ മൗലികതയെ ചോദ്യം ചെയ്യൽ (plagiarism) ഏറെ വ്യാപകമായിട്ടല്ലെങ്കിലും എല്ലാകാലത്തും നിലനിന്നിരുന്ന ഒന്നാണ്. ബഷീറിനും ചങ്ങമ്പുഴയ്ക്കും ഒ. വി. വിജയനും പുനത്തിലും എം.പി. നാരായണപിളളയും ഒക്കെ നേരിടേണ്ടി വന്ന ആരോപണം ഇന്ന് ആർ. ഉണ്ണി എന്ന കഥാകൃത്തിൽ എത്തി നിൽക്കുന്നു. ഉണ്ണി എഴുതിയ “ഒഴിവു ദിവസത്തെ കളി” എന്ന കഥ ജർമ്മൻ നോവൽ എന്ന ശീർഷകത്തിൽ ഡോ. എം. രാജീവ് കുമാർ മുന്നോട്ടുവയ്ക്കുന്നതാണ് പുതിയ ആരോപണം. കലാകൗമുദി ആഴ്ചപതിപ്പിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഏകദേശം പതിനേഴു വർഷം മുൻപ് പ്രസിദ്ധീകരിച്ച “ഒഴിവു ദിവസത്തെ കളി” എന്ന കഥ, ആർ. ഉണ്ണി, ജർമ്മൻ നോവലിസ്റ്റായ ഫ്രിഡറിക്ക് ഡ്യൂറൻമ്മാറ്റിന്‍റെ Die Pfanne എന്ന പേരിൽ 1956 ൽ പുറത്തിറങ്ങിയ നോവലിന് 1960 ൽ പുറത്തിറങ്ങിയ “A Dangerous Game” എന്ന ഇംഗ്ലീഷ് പരിഭാഷയുടെ, രാജീവ് കുമാറിന്റെ തന്നെ ഭാഷ കടമെടുത്താൽ, അഭൂതപൂർവ്വമായ സാമ്യതയോടെയുള്ള “പകർപ്പ്” ആണെന്നാണ്

ഇതിനു പുറമേ ആർ. ഉണ്ണി തന്നെ സനൽകുമാർ ശശിധരനു വേണ്ടി എഴുതിയത് എന്ന് രാജീവ്കുമാർ പറയുന്ന അതേ പേരിലുള്ള സിനിമയ്ക്കും വലിയ സാമ്യമുണ്ടത്രേ. (ഇവിടെ സാങ്കേതികമായി ഒരു പിശക് രാജീവ്കുമാറിനു സംഭവിച്ചിട്ടുണ്ട്. സനലിന്റെ സിനിമ ഉണ്ണിയുടെ കഥയെ അവലംബിച്ച സ്വതന്ത്രാവിഷ്കാരമാണ്. തിരക്കഥ, സനൽ തന്നെയാണെന്ന് ടൈറ്റിൽ കാർഡിൽ പറയുന്നുണ്ടെന്നു മാത്രമല്ല സാഹചര്യങ്ങളും ക്ലൈമാക്സും കഥാപാത്രങ്ങളുമടക്കം എല്ലാം തുലോം വ്യത്യസ്തവും സനലിന്‍റെ കൈയ്യൊപ്പ് പതിഞ്ഞവയുമാണ്)

മലയാള ചെറുകഥയുടെ പുതിയ തലമുറയിലെ പ്രതിഭാധനനെന്ന് വിലയിരുത്തപ്പെടുന്ന എഴുത്തുകാരിലൊരാൾക്കെതിരായാണ് മോഷണം ആരോപിക്കപ്പെട്ടിരിക്കുന്നത്. മലയാള സാഹിത്യ രംഗത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കും ആരോപണ കൊടുങ്കാറ്റുകൾക്കുമാണ് ലേഖനം വഴി വച്ചത്. കഥാകാരൻ കൂടിയായ രാജീവ്കുമാറാകട്ടെ അസാമാന്യമായ കയ്യടക്കത്തോടെ പഴുതുകൾ ഒന്നുമില്ലാത്തതെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ ലേഖനം എഴുതിയിരിക്കുന്നതും.

എന്നാൽ, ഏറെ പരിശ്രമത്തിനു ശേഷം കണ്ടെത്തിയ നോവലിന്റെ ഒരു കോപ്പി വിശദമായി വായിച്ചതോടെയാണ് മനോഹരമായി, സൃഷ്ടിച്ചെടുത്ത തികച്ചും ഭാവനാത്മകമായ ഒരു ആരോപണം എന്നതിനപ്പുറം ഒന്നുമില്ല ഈ ലേഖനത്തിൽ എന്ന സത്യം മനസ്സിലാവുന്നത്.

ഇവിടെ ഈ വിഷയത്തെ പരിശോധിക്കുന്നത് പ്രധാനമായും രണ്ടു വീക്ഷണ കോണുകളിലാണ്. ഒന്ന്, രാജീവ്കുമാർ തന്റെ ലേഖനത്തിൽ പറയുന്ന കാര്യങ്ങളിൽ എത്ര സത്യമുണ്ട് എന്നത്. രണ്ട്, ഇവിടെ പരാമർശിക്കുന്ന നോവൽ വായിക്കാതെ തന്നെ ഒരാൾക്ക് “ഒഴിവു ദിവസത്തെ കളി” പോലുള്ള ഒരു കഥയിലേക്കെത്താൻ പറ്റുമോ എന്നത്.

ഡ്യൂറമ്മറ്റിന്റെ നോവലും രാജീവ്കുമാറിന്റെ വ്യാഖ്യാനവും

നാൽപത്തിയഞ്ചു വയസ്സുള്ള ആൽഫ്രഡോ ട്രാപ്സ് ആണ് നോവലിലെ നായകൻ. ജീവിതത്തിന്‍റെ അനേകം യാദൃശ്ചികതകളിലൊന്നിൽ അയാളകപ്പെടുന്ന സവിശേഷമായ ഒരു സാഹചര്യവും അയാളുടെ മരണവുമാണ് നോവലിന്റെ കഥാഭൂമിക.

ട്രാപ്സ്, ആരും ഇഷ്ടപ്പെട്ടു പോകുന്ന രൂപത്തിനും ബാഹ്യ പ്രകൃതത്തിനും ഉടമയും, തൊഴിലിന്‍റെ ഭാഗമായി തന്റെ ചെറു കള്ളത്തരങ്ങളെല്ലാം സമർത്ഥമായി ഒളിപ്പിച്ചു വയ്ക്കാൻ പരിശീലനം ലഭിച്ചവനുമായ ഒരു സെയിൽസ് മാനേജറാണ് എന്ന് നോവലിസ്റ്റ് തുടക്കത്തിൽ തന്നെ പറഞ്ഞു വയ്ക്കുന്നു. ട്രാപ്സിനെ നോവലിസ്റ്റ് വിശേഷിപ്പിക്കുന്നതു തന്നെ നമ്മുടെ സഹപൗരൻ (our fellow citizen) എന്നാണ്.

unni r, sanalkumar sasidharan, ozhivu divasathe kali, m rajeev kumar
ഒരു വേള മുതലാളിത്തം സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങൾ നിശ്ചയിക്കുന്ന യൂറോപ്യൻ മധ്യവർഗ്ഗത്തിന്‍റെ കൃത്യതയാർന്ന പ്രതിരൂപം തന്നെയാണ് ട്രാപ്സ്.

Novel, Page 13: //An accident too, though a minor one: a simple breakdown. Alfredo Traps, connected with textile industry, forty-five years of age, still far from stout, of likable exterior and adequate manners ( though these somehow betrayed mechanical training so that, beneath the veneer, the salesman – a certain underlying element of crudity- showed through) – this fellow citizen of ours had just been sailing down one of our great national highways in his Studebaker//

മറ്റൊരിടത്ത് ട്രാപ്സ് സ്വന്തം ജീവിതകഥ പറയുന്നിടത്ത്, നോവലിൽ, അയാളെ വിവരിക്കുന്നത് ഇപ്രകാരമാണ്. ഫാക്ടറി തൊഴിലാളിയായിരുന്ന ഒരു മാർക്സിസ്റ്റിന്റേയും (മാർക്സിന്‍റെ തെറ്റായ കാഴ്ചപ്പാടുകളുടെ അടിമ എന്നാണ് പിതാവിനെപ്പറ്റിയുള്ള മുതലാളിത്ത പ്രതിനിധിയായ സെയിൽസ് മാനേജർ ട്രാപ്സിന്‍റെ വീക്ഷണം) അലക്കു തൊഴിലാളിയുടെയും മകനായി ജനിച്ച ട്രാപ്സ്, വിദ്യാഭ്യാസം കുറവായിട്ടും സ്വന്തം പരിശ്രമത്താൽ ജീവിതത്തിന്റെ പടവുകൾ ചവിട്ടിക്കയറി ഇന്ന് അതിസമ്പന്നനും ആഢംബര കാറുകളുടെയും മറ്റും ഉടമയും ആയിത്തീർന്നത് ഏറെ അഭിമാനത്തോടെയാണ് സ്വയം പറയുന്നത്. അയാൾ തന്റെ ബാങ്ക് ബാലൻസ് എത്രയെന്നറിയാമോ എന്നും മറ്റുമുള്ള വലിയ വാചകമടി തന്നെ നടത്തുന്നുണ്ട്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണയാൾ.

 

Novel, Page 33: // He had buffeted his way through a hard youth, His father had been a factory worker- a proletarian led astray by the false doctrines of Marx and Engels: an embittered, joyless man who had never paid any attention to his only child His mother had been a washerwoman, and had come to an early end.

“I never went farther than elementary school” There were tears in his eyes; he was torn between bitterness and deep sentimentality over his own meagre lot “No farther than elementary school”

They raised their glasses and toasted one another in Reserve des Marechaux.

“Remarkable” the prosecutor said “Remarkable, no farther than elementary school. You certainly have worked your way up in the world, haven’t you?”

“I should think I have” Traps Boasted; heated by the Marechaux and inspired by the conviviality of the occasion and the serene beauty of countryside outside the windows. “I should think I have. Only ten years ago, I was nothing but a door-to-door salesman, trudging round with a little suitcase full of odds and ends. Hard work it was, tramping the roads, spending the night in haylofts and low-class inns. I started at the bottom of my trade, at the very bottom. And now, gentlemen, you ought to see my bank account. I don’t want to brag, does any one of you own a Studebaker?”//

അതേസമയം രാജീവ്കുമാർ ട്രാപ്സിനെ വിവരിക്കുന്നത് നോക്കൂ. ലേഖനത്തിലെ വാചകം ഇതാണ്

“അധമബോധത്തിന്‍റെയും നിഷ്കളങ്കതയുടേയും പ്രതീകാത്മകമായ കഥാപാത്രമാണ് ആൽഫ്രഡോ ട്രാപ്സ്. പൊക്കം കുറഞ്ഞ കറുമ്പൻ. പരുത്തിക്കച്ചവടവുമായി ബന്ധപ്പെട്ട ആൾ. അലക്കുകാരിയുടെയും ദരിദ്രത്തൊഴിലാളിയുടേയും മകനാണ് അയാൾ. മറ്റുള്ളവരെ അപേക്ഷിച്ച് ചെറുപ്പക്കാരനും താഴ്ന്നവനുമാണയാൾ”

Read More:ആനിമല്‍ പ്ലാനറ്റ്- സുദീപ് ടി ജോർജ് എഴുതിയ കഥ

ഒന്നു ശ്രദ്ധിച്ചു നോക്കൂ. സനൽകുമാർ ശശിധരന്‍റെ ഒഴിവു ദിവസത്തെ കളി സിനിമയിലെ ദാസിന്റെ രൂപത്തെയല്ലേ രാജീവ്കുമാർ വർണ്ണിക്കുന്നത്.

ഒരു കാര്യം ഇവിടെ മറ നീക്കി പുറത്തു വരികയാണ്. ബോധപൂർവ്വം രാജീവ്കുമാർ ലേഖനത്തിൽ സനലിന്റെ സിനിമയിലെ ദാസിന്റെ രൂപം ട്രാപ്സിലേക്ക് മോർഫ് ചെയ്ത് വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്നു. ഇവിടെയാണ് കഥ മോഷണമെന്നു വരുത്തുന്നത്. അതെത്ര ഭംഗിയായാണ് രാജീവ്കുമാർ നിർവ്വഹിച്ചിരിക്കുന്നതെന്ന് തുടർന്നുള്ള ഭാഗം കൂടി വിശകലനം ചെയ്യുമ്പോൾ നമുക്കു മനസ്സിലാകും.

നമുക്ക് നോവൽ വായന തുടരാം.

ഒരു സായാഹ്നത്തിൽ, തന്റെ ആഢംബര കാറിൽ ട്രാപ്സ് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ കാർ കേടാവുകയും ആ പട്ടണത്തിൽ എവിടെയെങ്കിലും രാത്രി തങ്ങാം എന്നയാൾ തീരുമാനിക്കുകയും ചെയ്യുന്നു. ട്രെയിനിൽ തിരിച്ചു പോകാമെന്നുള്ള സാധ്യത ഉണ്ടായിട്ടും അയാൾ ആദ്യം കാണുന്ന ബംഗ്ലാവിലേക്ക് കയറിച്ചെല്ലുന്നു. എങ്ങാനും വീണുകിട്ടിയേക്കാവുന്ന രാത്രിയിലേക്കുള്ള ഒരു പെൺകൂട്ടിന്റെ സാധ്യത അയാളെ മോഹിപ്പിക്കുന്നുമുണ്ട്.

അവിടെ അയാളെ കർട്ട് എന്ന 86 -കാരനായ റിട്ടയേർഡ് ന്യായാധിപനാണ് സന്തോഷത്തോടെ സ്വീകരിക്കുന്നത്. കുടുബസ്ഥനല്ല അയാൾ. സഹായത്തിന് ഒരു വേലക്കാരിയുണ്ട്. അൽപ്പം കഴിയുമ്പോൾ മറ്റു മൂന്നു പേർ കൂടി അവിടെയെത്തുന്നു. 77 കാരനായ പില്ലെറ്റ് (മുൻ ആരാച്ചാരും ഇപ്പോൾ വൈൻ കച്ചവടക്കാരനും), 72 കാരനായ കുമ്മർ (റിട്ടയേർഡ് ഡിഫൻസ് വക്കീൽ. പ്രതികളെ രക്ഷിച്ചെടുക്കുന്നതിൽ വിദഗ്ദ്ധൻ), 88 കാരനായ സോൺ (റിട്ടയേർഡ് പ്രോസിക്യൂട്ടർ ആണിയാൾ. ക്രോസ് വിസ്താരത്തിൽ അഗ്രഗണ്യൻ). രസകരമായ ഒരു കാര്യം ഇവിടെ രാജീവ്കുമാറിന്‍റെ ലേഖനത്തെപ്പറ്റി പറയട്ടെ. ലേഖനത്തിൽ അദ്ദേഹം ഈ മൂന്നു പേരേയും ഹെർപില്ലറ്റ്, ഹെർകുമ്മർ, ഹെർസോൺ എന്നാണ് വിശേഷിപ്പിക്കുന്നത്. Mr എന്ന അഭിസംബോധനയുടെ ജർമ്മൻ രൂപമായ Herr എന്നത് ചേർത്ത് നോവലിലെഴുതിയിരിക്കുന്നത് രാജീവ്കുമാറിനറിയാതെ പോയതാവില്ല. ടൈപ്പ് സെറ്റിംഗിന്‍റെ കുഴപ്പമാവണം.

r unni, sanal kumar sasidharan, m, rajeev kumar,

ഇനി രാജീവ്കുമാർ എഴുതിയിരിക്കുന്നത് പകർത്താം

“ഒഴിവു സായാഹ്നത്തിൽ ഇവർ ഒത്തുകൂടി മദ്യപിക്കുകയും ഓരോ കളികളിൽ ഏർപ്പെടുകയും ചെയ്യുന്നു. വീട്ടിൽ ഒരു പരിചാരികയുമുണ്ട്. വിശ്രമജീവിതം വിരസമാവുന്നതിൽ നിന്ന് രസകരമാക്കുന്നവരാണ് ഇവിടെ എത്താറുള്ള നാലുപേരും. ആ വീടുള്ളത് നന്നായി. അവിടെ വഴിതെറ്റി വരുന്നവരെ പ്രതിയാക്കിക്കൊണ്ടുള്ള കള്ളനും പോലീസും കളിയാണ് അവർക്ക് പ്രധാനം”

വേറൊരിടത്ത് രാജീവ് കുമാർ ഇത് ആവർത്തിക്കുന്നുമുണ്ട്

“സായാഹ്നത്തിൽ അവരെല്ലാവരും സൗഹൃദത്തിലാവുന്നു. അതിഥിയായെത്തിയ ട്രാപ്സുമായിരുന്ന് മദ്യപാനം തുടങ്ങുന്നു. അന്നവർ കള്ളനും പോലീസും കളിയാണ് കളിക്കാൻ പോകുന്നത്. എന്നും ഇത്തരം കളി കളിക്കാറുണ്ട്”

രാജീവ് കുമാർ നടത്തുന്ന ഭാവനാത്മകതയുടെ രണ്ടാം ഭാഗം ഇവിടെയാണ്. ഏറെ ശ്രദ്ധിക്കേണ്ടുന്ന ഇതിലെ വസ്തുതയെന്തെന്നാൽ കള്ളനും പോലീസും എന്ന കളി രാജീവ് കുമാർ ഇവിടെ വിദഗ്ധമായി തിരുകിക്കയറ്റുന്നു എന്നതാണ്. ഒഴിവു ദിവസത്തെ കളിയിൽ നാലുപേർ കളിക്കുന്നത് പണ്ടുകാലത്ത് നമ്മളെല്ലാം നാട്ടിൻപുറങ്ങളിൽ കളിച്ചിരുന്ന കള്ളനും പോലീസും നറുക്കെടുപ്പു കളിയാണെന്ന കാര്യം ഇത്തരുണത്തിൽ വായനക്കാർ ഓർക്കുമല്ലോ.

ഇനി നോവലിൽ ഉള്ളതെന്തെന്നു നോക്കാം.

നോവലിലെ, വിരമിച്ച കോടതിത്തൊഴിലാളികൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു കളി തന്നെയാണ് കളിക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ അതു കളി പോലുമല്ല. അതൊരു സാങ്കൽപിക കോടതിയാണ്. ലോകം മാറ്റിമറിച്ച കേസുകൾ അവർ അവിടെ വീണ്ടും വിചാരണ ചെയ്യും. ക്രിസ്തുവിന്റെയും, സോക്രട്ടീസിന്റെയും, ജോവാൻ ഓഫ് ആർക്കിന്റെയും വരെ വിചാരണകൾ അവർ പുനരാവിഷ്കരിക്കും. ചില ദിവസങ്ങളിൽ അവർക്ക് ശരിക്കുമുള്ള ആളുകളെ വിചാരണ ചെയ്യാൻ അവസരം കിട്ടും. വൈകുന്നേരങ്ങൾ ഏറെ രസകരമാവുന്നത് അപ്പോഴാണ്.

Novel, Page 20:// “A drink?” the host asked.

“Yes; thank you’ Traps replied, dropping into an armchair. The lank cadaverous fellow eyed him with interest through the monocle. “I trust Herr Traps will take part in our game?” he asked.

“Why, of course. I always like games“

The old parties smiled rocking their heads.

‘Our game is possible a little strange,” his host confessed cautiously. “what we do these evening is to play at our old professions.”

The guests smiled again, politely, discreetly.

Traps was perplexed. How was he to interpret that?

“I used to be a judge.” His host explained, “Herr Zorn was a prosecuting counsel, and Herr Kummer a lawyer of defense. And we play at holding court”

“Ah, I see” Traps said. The idea struck him as not bad. Perhaps the evening wasn’t altogether lost after all.

His host regarded him solemnly. In general, he explained in a gentle voice, they did revivals of famous historical Trials.; the Trial of Socrates, the Trial of Jesus, the Trial of Joan of Arc, the Trails of Dreyfus. Recently they had held the Reichstag Fire Trial, and once they had found Frederick the Great non compos mentis.

Traps was fascinated. “Do you play this every evening?” he asked.

The judge nodded. But of course he continued, it was most fun when they were able to play with living materials, which frequently resulted in especially piquant situations.//

ഇതിലെവിടെയാണ് കള്ളനും പോലീസും കടന്നുവരുന്നത്? ഒഴിവു ദിവസത്തെ കളിയിൽ കളിക്കുന്നത് കുട്ടിയും കോലുമായിരുന്നെങ്കിൽ ഈ കോടതിക്ക് രാജീവ് കുമാർ കുട്ടിയും കോലും എന്നു പേരിടുമായിരുന്നോ?

തുടർന്ന് രാജീവ്കുമാർ, വിചാരണ തുടങ്ങി ട്രാപ്സിനെ പ്രതിയാക്കുന്നിടത്ത് എല്ലാവരും ചേർന്ന് കള്ളനായി തിരഞ്ഞെടുക്കുന്നു എന്നാണ് ലേഖനത്തിൽ പറയുന്നത്. രാജീവ്കുമാർ എഴുതിയിരിക്കുന്ന വാക്കുകളിലേക്ക്.

“തീനും കുടിയുമായി ചർച്ച പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ കള്ളനായി ട്രാപ്സിനെ തിരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പായിരുന്നില്ല കളിക്കിടയിൽ ട്രാപ്സിനെ കുറ്റക്കാരനായി ആരോപിക്കുന്നു.”

“ഞാൻ നിന്‍റെ വക്കീൽ, നീ കുറ്റം സമ്മതിക്കണം. ഞാൻ നിന്നെ പുറത്തു കൊണ്ടുവരും”

“ഏത് കുറ്റം? ഞാനെന്ത് കുറ്റമാണ് ചെയ്തത്?”

“നീയൊരു മോഷ്ടാവാണ്”
ഇങ്ങനെയാണ് രാജീവ് കുമാർ എഴുതിയിരിക്കുന്നത്. എന്നാൽ സത്യത്തിൽ നോവലിൽ ട്രാപ്സിൽ മോഷണം ആരോപിക്കപ്പെടുന്നതേയില്ല.

നോവലിലേയ്ക്കു നോക്കാം 

വിചാരണക്കു മുമ്പ് ഡിഫൻസ് കൗൺസൽ കുമ്മർ ട്രാപ്സിനോട് താനും ജഡ്ജും ചേർന്ന് പലരേയും രക്ഷിക്കുന്നതിൽ ജയിച്ച കഥ പറയുന്നു. എന്നാൽ ഒരിക്കൽ ഒരു വലിയ കളവും തുടർന്നുള്ള കൊലപാതകവും മാത്രമാണ് രക്ഷപെടുത്താൻ കഴിയാതെ പോയത്. ഒരു വേള കുമ്മർ ട്രാപ്സിന്‍റെ ജീവിതവഴിയിൽ അതിനുള്ള സാധ്യത ഇല്ലായെന്നു മനസ്സിലാക്കുന്നു. തുടർന്ന് ബിസിനസ്സുകാരനായതു കൊണ്ട് ചെറിയ ബിസിനസ് തട്ടിപ്പുകൾ സമ്മതിച്ചാൽ മതിയെന്നും അതാവുമ്പോൾ തട്ടിപ്പല്ല ബിസിനസ്സ് അഡ്ജസ്റ്റ്മെന്റുകളായി വാദിച്ചെടുക്കാൻ കഴിയുമെന്നും നിർദ്ദേശിക്കുന്നുമുണ്ട്.

Novel, Page 27: // Kummer explains //As for the judge, their host, unfortunately, he was inclined to strictness, and possibly even to pedantry – traits which had worsened with age: after all, the good man was eighty seven. All the same time, he and the counsel for the defense, had succeeded in saving most of his clients, or at least preserving them from the worse; and as a matter of fact, only in one case – that of a robbery accompanied by homicide – had he been unable to do anything to save his client. But then he would guess the robbery with homicide was hardly in Herr Trap’s line. Or was it?//

Novel, Page 28: // Kummer says //It is sheer recklessness- to put it mildly- to feign innocence before our court. On the contrary, the most prudent thing is to accuse oneself of a crime right off. A good choice for businessmen, for example, is fraud. It may always turn out in the course of trial that the defendant is exaggerating, that he really has not committed any actual fraud but has only, say, suppressed a few facts , as is customary in business//

എത്ര വിദഗ്ധമായിട്ടും ഭാവനാത്മകമായിട്ടുമാണ് രാജീവ് കുമാർ ഇവിടെ ഒഴിവു ദിവസത്തെ കളിയിലെ കള്ളൻ എന്ന അവസ്ഥയെ നോവലിലെ ട്രാപ്സിലേക്ക് വച്ചു ചേർക്കുന്നത്.

നോവലിലൊരിടത്ത് ജഡ്ജ് പറയുന്നുണ്ട്. ഞങ്ങൾ വിചാരണ ചെയ്ത് ചിലപ്പോൾ വധശിക്ഷ പോലും വിധിച്ചു കളയുമെന്ന്. ഈ രാജ്യത്ത് വധശിക്ഷ നിരോധിച്ചതല്ലേ എന്ന ട്രാപ്സിന്‍റെ ചോദ്യത്തിന് അത് ഇവിടെ ഞങ്ങൾ വിധിക്കാറുണ്ടെന്ന് മറുപടി. കഴിഞ്ഞയാഴ്ച ഒരു ജനറലിനെ ഇരുപതു വർഷത്തേക്ക് ശിക്ഷിച്ചു. ഇതിൽ നിന്നെല്ലാം അവിടെ വെറും കളി മാത്രമാണ് എന്ന ബോധ്യം ട്രാപ്സിലും വായനക്കാരിലും ഉറയ്ക്കുന്നു. ഇടയ്ക്ക് ആരാച്ചാരെയും മറ്റും കാണുമ്പോൾ ഭയം ട്രാപ്സിനു തോന്നുന്നുണ്ടെങ്കിലും ഇതു കളി തന്നെയാണെന്നതിൽ അയാൾക്ക് സംശയമില്ല. അതു കൊണ്ടു തന്നെ വിചാരണയിലുടനീളം അയാൾ ഭയമേതുമില്ലാതെ പങ്കെടുക്കുന്നുണ്ട്.

ഇനിയുള്ള നോവൽ കുറച്ചിട രാജീവ്കുമാർ പറയുന്നതിന് സമമാണ്. ലേഖനത്തിന്‍റെ വാക്കുകളിലേക്ക്.

“തുടർന്ന് ട്രാപ്സിനെ ചോദ്യം ചെയ്യുകയാണ്. കുടംബസ്ഥനാണ് അയാൾ. തുണിക്കച്ചവടക്കാരനായി ഒരു സ്ഥാപനത്തിൽ ജോലി നോക്കി. പിന്നീട് സൂപ്പർവൈസറാകുന്നു. പഴയ സൂപ്പർവൈസർ ഹൃദയസ്തംഭനം മൂലം മരിച്ചതു കൊണ്ടാണ് ട്രാപ്സിന് ആ ജോലി കിട്ടുന്നത്. മരണകാരണം ഹൃദയസ്തംഭനം അല്ലയെന്നും ഗിഗാസ് എന്ന സൂപ്പർവൈസറുടെ ഭാര്യ സുന്ദരിയായിരുന്നെന്നും ട്രാപ്സിന് അതിസുന്ദരിയായ അവളിൽ ഒരു കണ്ണുണ്ടെന്നും അതാണ് ഗീഗാസിന്‍റെ മരണത്തിനു കാരണമെന്നും കുറ്റം ആരോപിക്കുകയാണ്”

തുടർന്ന് കോടതിയാണ് ഏകപക്ഷീയമായി ട്രാപ്സിനുമേൽ കുറ്റം ആരോപിച്ച് അടിച്ചേൽപ്പിച്ച് വധശിക്ഷയ്ക്ക് വിധിക്കുന്നതെന്ന് രാജീവ് കുമാർ വിശദീകരിക്കുന്നു.
നിങ്ങൾ ഇതു വായിച്ചിട്ട് നോവൽ വായിച്ചാൽ അത്ഭുതപ്പെട്ടു പോകും. സത്യത്തിൽ ട്രാപ്സിന് ഗൈഗസിന്‍റെ ഭാര്യയുമായി അവിശുദ്ധ ബന്ധം ഉണ്ടായിരുന്നുവെന്ന് ട്രാപ്സ് തന്നെയാണ് സമ്മതിക്കുന്നത്. അയാളതിൽ തെറ്റൊന്നും കാണുന്നില്ല. ലോകത്തിത്തരം ബന്ധങ്ങൾ സാധാരണയാണെന്നും അതിലെന്തു തെറ്റ് എന്നുമാണ് അയാളുടെ പക്ഷം.
ഈ രഹസ്യ ബന്ധവിവരം ഗൈഗസിന് ഒരു അറ്റാക്ക് കഴിഞ്ഞ ദുർബലമായ ഹൃദയം ഉണ്ടെന്നറിഞ്ഞു കൊണ്ടു തന്നെ അയാളുടെ കൂട്ടുകാരനോടു പറഞ്ഞു കൊടുത്തതായും ട്രാപ്സ് വിചാരണക്കിടയിൽ പ്രഖ്യാപിക്കുന്നുണ്ട്. ഇതെല്ലാം ഇങ്ങനെ തുറന്നടിക്കുന്നതിൽ നിന്നയാളെ തടയാൻ ഇടക്ക് ശ്രമിക്കുന്ന കുമ്മറെ അയാൾ വിലക്കുന്നുമുണ്ട്. എന്താണിതിൽ തെറ്റ് എന്നാണയാളുടെ പക്ഷം.

പോകെപ്പോകെ, വിചാരണക്കിടയിൽ ട്രാപ്സ് താൻ കൊലപാതകം തന്നെയാണ് ചെയ്തതെന്ന് സ്വയം വിശ്വസിച്ചു തുടങ്ങുന്നു. തുടർന്ന് അയാൾ ഓരോന്നായി തന്നിൽ തന്നെ ആരോപിക്കുകയാണ്. ഒടുവിൽ വിചാരണയുടെ അവസാനം അയാൾ താൻ കൊലപാതകം ചെയ്ത കുറ്റവാളിയാണെന്നും തന്നെ ശിക്ഷിക്കണമെന്നും വരെ ആവശ്യപ്പെടുന്നു.

വിചാരണയുടെ അവസാനം പ്രതിഭാഗം വക്കീൽ കുമ്മർ തന്റെ വാദത്തെ മൊത്തം സംഗ്രഹിച്ചു കൊണ്ടു നടത്തുന്ന പ്രസംഗ ഭാഗം നോവലിൽ ഇങ്ങനെ വിവരിക്കുന്നു.

“എന്റെ എതിർ ഭാഗം വക്കീൽ അസാമാന്യ വാക്ചാതുരിയോടെ നടത്തിയ എല്ലാ വാദങ്ങളേയും ഞാൻ സന്തോഷത്തോടെ കേൾക്കുന്നു. കൃത്യതയോടെ, അളന്നു കുറിച്ച ആംഗ്യങ്ങളോടെ കുമ്മർ തുടർന്നു. ഗൈഗസ് എന്ന തെമ്മാടി മരിച്ചു കഴിഞ്ഞു. എന്റെ കക്ഷി അവനാൽ അടിച്ചമർത്തപ്പെട്ടിരുന്നു എന്നു ഞാൻ സമ്മതിക്കുന്നു. എന്റെ കക്ഷിക്ക് അതുമൂലം അവനോട് വിരോധവും ജനിച്ചിരുന്നുവെന്ന് മാത്രമല്ല അവൻ തകർന്നു കിട്ടാൻ എന്റെ കക്ഷി ആഗ്രഹിച്ചിരുന്നുവെന്നും ഞാൻ സമ്മതിക്കുന്നു. ഞാനൊന്നു ചോദിക്കട്ടെ, ലോകത്ത് ബിസിനസ് രംഗത്ത് എവിടെയാണ് ഇതൊന്നും സംഭവിക്കാത്തത്. ഇതിന്‍റെ പേരിൽ മൃദുല ഹൃദയനായ ഒരാളുടെ സ്വാഭാവിക ഹൃദയസ്തംഭനം എന്റെ കക്ഷിയുടെ പേരിൽ കൊലപാതകമായി ആരോപിക്കുന്നത് അത്യന്തം ഭാവനാത്മകമാണ് എന്നു മാത്രമേ എനിക്കു പറയാനുള്ളൂ (അതിനിടയിൽ “പക്ഷെ അവനെ ഞാൻ കൊല്ലുകയായിരുന്നു” എന്ന് ട്രാപ്സ് ശക്തിയുക്തം പ്രതിക്ഷേധിച്ചു വിളിച്ചു പറയുന്നുണ്ട്) കുമ്മർ തുടർന്നു. ബഹുമാനപ്പെട്ട പ്രൊസിക്യൂട്ടർ പറഞ്ഞതിനെ എതിർത്തു കൊണ്ട് ഞാൻ പറയുന്നു എന്റെ കക്ഷി നിരപരാധി മാത്രമല്ല ഇത്തരം ഒരു കുറ്റം ചെയ്യാൻ കെൽപില്ലാത്തവൻ കൂടിയാണ് (തന്നെ ന്യായീകരിക്കുന്നതും വില കുറച്ചു പറയുന്നതും കേട്ട് കോപാകുലനായി അത്യന്തം അപമാനിതനായ മട്ടിൽ ട്രാപ്സ് വിളിച്ചു പറയുന്നു “ആ കുറ്റം ഞാൻ ചെയ്തതാണ്.. ഞാനാണതു ചെയ്തത്..”)

Novel, Page 84: //He had listened with pleasure, said Herr Kummer, to his esteemed opponent’s ingenious oration. Herr Kummer lifted his pince-nez from the florid, swollen, shapeless lump of his nose, and made his points with short, precise, geometrical gestures. Granted, the old crook Gygax was dead. Granted, his client has smarted under his domination, had worked up a veritable animosity against the man, had tried to bring about his downfall. No one in his senses would deny this. And where, one might ask, where in the world of business such things does not occur? But it was utterly fantastic to represent a murder the death of a businessman with weak heart (“But I did murder him” Traps protested valiantly). Unlike the prosecutor, he considers the defendant not only innocent, but even incapable of guilt. (Embittered, insulted, Traps interjected “But I am guilty, I am”)//

നോവലിലെ വിചാരണയുടെ ഈ ഭാഗത്തിന്‍റെ അവസാനം രാജീവ് കുമാർ ഒഴിവു ദിവസത്തെ കളി എന്ന സിനിമയ്ക്കു സമാനമാക്കാൻ എങ്ങിനെയാണ് മാറ്റിമറിച്ചിരിക്കുന്നത് എന്നു നോക്കാം. രാജീവ് കുമാർ പറയുന്നു:

“വിഷം കൊടുത്തോ കാറിടിച്ചോ എങ്ങനെയാണ് കൊന്നത് എന്ന ചോദ്യത്തിലേക്കായി പിന്നെ.
ഒടുവിൽ കൊല ചെയ്യപ്പെട്ടതു തന്നെ എന്ന ബോധ്യത്തെ സ്ഥിരീകരിച്ച് ട്രാപ്സിനെ കൊലയാളിയാക്കുന്നു. എല്ലാവരും കൊലയാളിയായി മുദ്രകുത്തുന്നു. പരിചാരിക പോലും അയാൾക്ക് കൊലക്കയർ കൊടുക്കാൻ ആക്രോശിക്കുന്നു.
ചന്ദ്രൻ തിളങ്ങുന്നു
ഷാംപെയിൻ വന്നു
മെഴുകുതിരി താണു
ട്രാപ്സ് തളർന്നു
മദ്യലഹരിയിലായിരുന്നു സർവ്വരും. എല്ലാവരും ട്രാപ്സിന്റെ കവിളിൽ അന്ത്യത്തലോടൽ അർപ്പിച്ചു. ഒടുവിൽ പില്ലറ്റ് എന്ന കഷണ്ടിത്തലയൻ ട്രാപ്സിനെ തൂക്കിയെടുത്ത് മുകളിലത്തെ നിലയിലേക്ക് കോണി കയറി. പിറ്റേന്ന് പ്രഭാതത്തിൽ രണ്ടാം നിലയിലെ ജനൽപടിയിൽ ട്രാപ്സ് തൂങ്ങി നിൽക്കുന്നതോടെയാണ് നോവൽ അവസാനിക്കുന്നത് ”
തുടർന്ന് രാജീവ് കുമാർ വായനക്കാരന്‍റെ മുന്നിലേക്ക് ഒരു ചോദ്യം എറിയുന്നു. ആർ. ഉണ്ണി എഴുതി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സിനിമയും ഇങ്ങനെയല്ലേ അവസാനിക്കുന്നത് .
സനലിന്റെ സിനിമ ഏകദേശം ഇങ്ങനെയാവാം അവസാനിക്കുന്നത്. എന്നാൽ നോവൽ ഇങ്ങനെയല്ല. സിനിമയുടെ അവസാനം എടുത്ത് രാജീവ്കുമാർ നോവലിൽ ചാർത്തുന്നത് എന്ത് കാരണം കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

നോവലിന്റെ അവസാനം നമുക്കു നോക്കാം.
“വിചാരണ അവസാനിക്കുന്നു. കാവ്യാത്മകമായി ന്യായാധിപൻ വളരെ നീണ്ട വിധി വായിക്കുന്നു. (കാവ്യാത്മകത അമിതമായി, ചുറ്റും നിന്നവർ “വിധി വേഗം പ്രസ്താവിക്കൂ” എന്നുറക്കെ ആവിശ്യപ്പെടുന്നു) വിധി വായന തുടരുകയാണ്. “ഈ ന്യായവിധി വിലയില്ലാത്തതും, കാലഹരണപ്പെട്ടതും, ചിരിക്കാൻ വക നൽകുന്നതും എല്ലാം ആകാം എന്നാലും ന്യായം ന്യായം തന്നെയാണ്. (“വിധി പറയൂ , വേഗം”) ആയതിനാൽ ഏറ്റവും പ്രിയപ്പെട്ടവനും, നന്മ നിറഞ്ഞവനും, മിടുക്കനുമായ ആൽഫ്രഡോയെ ഞാൻ വധശിക്ഷക്കു വിധിക്കുന്നു” (വക്കീലൻമാരും, ആരാച്ചാരും എന്തിന് പരിചാരിക സിമോൺ പോലും ആർപ്പുവിളിച്ചു. എങ്ങലടിച്ചു കൊണ്ട് വിങ്ങുന്ന മനസ്സോടെ ട്രാപ്സ് പറഞ്ഞു “നന്ദി.. പ്രിയ നീതിപീഠമേ.. നന്ദി”)
Novel, Page 90: //(Growing impatient over this lapse into the poetry, the others howled: “The verdict, the verdict”) – this justice was indeed grotesque, crotchety, pensioned-off justice, but as such it was still and nevertheless and in spite of everything, justice (“The verdict, the verdict”) in whose name he now sentenced their dearest, their best, their noblest, Alfredo to death (the lawyer, the prosecutor, the executioner and Mlle Simone shouted huzzas, and Traps, now sobbing with emotion cried: “Thank you, dear Judge, thank you”)//

തുടർന്ന്, ഏവരും ഒന്നിച്ച് ചിരിച്ചുല്ലസിച്ച് കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. വക്കീലൻമാരും ന്യായാധിപനും ചേർന്ന് വൃത്തിയായി ന്യായവിധി പകർത്തിയെഴുതി ട്രാപ്സിനു കിടക്കാനുള്ള കട്ടിലിൽ കൊണ്ടുവയ്ക്കുന്നു. എല്ലാം കഴിഞ്ഞ് പിറ്റേന്നു പോകുമ്പോൾ തലേന്നത്തെ കളിയുടെ ഓർമ്മക്കായി അയാൾക്കതെടുക്കാം.

പക്ഷെ ട്രാപ്സ് അപ്പോഴേക്കും അമിതമായ മദ്യത്താലും ആത്മനിന്ദയാലും അവശനായി കഴിഞ്ഞിരുന്നു. ആരെങ്കിലും തന്നെയൊന്നു മുകളിലത്തെ നില വരെ എത്താൻ സഹായിക്കാമോ എന്നയാൾ ചോദിക്കുന്നു. പില്ലറ്റാണ് സഹായിക്കാൻ തയ്യാറാവുന്നത്. രണ്ടു പേരും വേച്ചു വേച്ച് പടികയറുന്നു. പകുതി വഴിയിൽ പില്ലറ്റ് കുഴഞ്ഞു വീഴുന്നുണ്ട്. ട്രാപ്സ് ഒരു വിധത്തിൽ മുകളിലേക്കു പോകുന്നു.

പാതി ബോധത്തിൽ പില്ലറ്റ് ഒരു സ്റ്റൂൾ മറിഞ്ഞു വീഴുന്ന ശബ്ദം കേൾക്കുന്നു. അയാളെക്കടന്ന് മറ്റുള്ളവർ മുകളിലേക്ക് പോകുന്നത് അയാളറിയുന്നു. നേരം വെളുത്തു തുടങ്ങിയിരുന്നു. ജനൽപടിയിൽ ആത്മഹത്യ ചെയ്ത ട്രാപ്സിന്റെ ആടി നിൽക്കുന്ന മൃതശരീരം കണ്ട് പ്രോസിക്യൂട്ടർ സോൺ ഉറക്കെ നിലവിളിക്കുന്നു. “പ്രിയ ആൽഫ്രെഡോ… നിന്റെ ഉള്ളിൽ എന്തായിരുന്നു ചിന്തിച്ചിരുന്നത്. ഏറ്റവും മനോഹരമായിരുന്ന ഒരു സായാഹ്നം നീ നശിപ്പിച്ചു കളഞ്ഞല്ലോ …”

മലയാളത്തിൽ ഏറെ കോപ്പിയടി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി മൂലകഥയെ മലയാളത്തിലെ കൃതിയെപ്പോലെ മാറ്റി വായിച്ചവതരിപ്പിച്ച ആദ്യത്തെ ആരോപണമായി രാജീവ്കുമാറിന്‍റെ ലേഖനം അറിയപ്പെടും. സ്വന്തം ഭാവന മൂലകഥയിൽ ചേർത്ത് വിളമ്പിയതിന് രാജീവ്കുമാറിന് കാലമോ ഇതിനിരയായവരോ മാപ്പു നൽകട്ടെ.

ഖസാക്കിനെകുറിച്ച്   കെ.പി. അപ്പൻ എഴുതിയ “നിരാനന്ദത്തിന്‍റെ ചിരി” എന്ന ലേഖനത്തിൽ ലോറൻസ് ഡ്യൂറലിന്റെ ബിംബങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിൽ ഖസാക്കിൽ വിഷയാസക്തിയും യോഗാനുഭൂതിയും പരസ്പരം കലരുന്നുണ്ടെന്നും തുടർന്ന് “ലിറിക്കൽ കൊമേഡിയൻ” എന്ന ഡ്യൂറലിന്റെ വിശേഷണം വിജയനും ചേരും എന്നെഴുതുകയുണ്ടായി. എങ്കിലും പിന്നീട് അപ്പൻ തന്നെ പറയുന്നത്, ലോകമനുഷ്യനെ നിർവ്യാജമായി പ്രതിഫലിപ്പിച്ച വിജയനിൽ അനുകരണം ആരോപിക്കുകയായിരുന്നില്ലെന്നും ഡ്യൂറലിലും വിജയനിലും കാണുന്നത് പ്രതിഭയുടെ ഏകരൂപകമായ പ്രവർത്തനങ്ങളാണെന്ന് താൻ വിശ്വസിച്ചു എന്നാണ്‌. ലോകാതീത രഹസ്യങ്ങളുടെ അപാരതയിലെവിടേയോ ഉള്ള മഹാ ബിംബസംഭരണിയിൽ നിന്നാണ്‌ എല്ലാ എഴുത്തുകാരുടേയും സാഹിത്യ അബോധം ബിംബാവലികൾ സ്വീകരിക്കുന്നത്. അത് എഴുത്തുകാരുടെ ലോകത്തിൽ ശിരസ്സിൽ നിന്ന് ശിരസ്സിലേക്ക് സഞ്ചരിക്കുന്നു. മൗലികമായി ഉത്പാദിപ്പിക്കുന്ന ഈ സാംസ്കാരിക സംഭരണിയാണ്‌ എഴുത്തുകാരന്‌ അപൂർവ്വ വസ്തുനിർമാണത്തിനുള്ള അബോധപ്രേരണയായിതീരുന്നത്. ഇതാണ്‌ എഴുത്തുകാരുടെ ആന്തരിക പ്രത്യക്ഷങ്ങളെ ഒരേപോലെ രൂപപെടുത്തുന്നത്. ഈ വിധമാണ്‌ സാഹിത്യ നിർമിതികളിൽ പ്രതിഭയുടെ ഏകരൂപകമായ പ്രവർത്തനം ഉണ്ടാകുന്നത്.
ഇതു തന്നെയാവണം ആദ്യ പതിപ്പിന്‍റെ അവതാരികയിൽ “ബാർത്ത് കളിപ്പാട്ടങ്ങളിലും ഡ്യൂറമ്മറ്റ് അപായക്കളിയിലും എറിക് ബേൺ ആൾക്കാർ കളിക്കുന്ന കളിയിലും ഫാബ്രി നരകത്തിലെ രണ്ട് നേരങ്ങളിലും അതു കണ്ടു” എന്നു പറഞ്ഞപ്പോൾ പ്രതിഭാധനനായ കെ.ജി ശങ്കരപ്പിള്ളയും പറഞ്ഞത്.

മനുഷ്യൻ എത്തിപ്പെടുന്ന യാദൃശ്ചിചികതകളിലൊന്നിൽ അവൻ നിശിതമായ വിചാരണക്കിരയാവുകയും തനിക്കു ചുറ്റും മുതലാളിത്തം സൃഷ്ടിച്ച മധ്യവർഗ്ഗബോധത്തിന്റെ ഇരയായി, ചെയ്തതു മുഴുവൻ തെറ്റായിരുന്നുവെന്ന ഉള്ളുരുകലിന്റെ പാരമ്യത്തിൽ അവൻ സ്വയം ഒടുക്കുന്ന ഡ്യൂറമ്മറ്റ് നോവലും, നവോത്ഥാനോത്തര കേരളത്തിൽ ജാതി അതിന്റെ പ്രകടരൂപത്തിൽ നിലനിൽക്കുമ്പോഴും ബ്രാഹ്മണനേയും ദളിതനേയും ഒന്നിച്ചിരുന്നു മദ്യപിക്കാനും കളിക്കാനും ഭക്ഷണം കഴിക്കാനും അനുവദിക്കുന്നുണ്ടെങ്കിലും അധികാരം ഒരു കളിയുടെ രൂപത്തിലെങ്കിലും കയ്യിലെത്തുമ്പോൾ ജാതി അതിന്റെ ദംഷ്ട്രങ്ങൾ പുറത്തെടുത്ത് ബ്രാഹ്മണനെക്കൊണ്ട് ദളിതനെ തച്ചു കൊല്ലിക്കുന്ന ഉണ്ണിയുടെ കഥയും തമ്മിൽ, മലയാളിക്ക് നിലവിൽ വായനയ്ക്ക് അപ്രാപ്യമായതെന്നു കരുതി, നോവലിന്റെ കഥയെത്തന്നെ മാറ്റിയവതരിപ്പിച്ച് സാമ്യപ്പെടുത്തുന്ന രാജീവ്കുമാറിന്റെ മാന്ത്രികദണ്ഡ് ഇതാ താഴെ വീണു കിടക്കുന്നു. ആരെങ്കിലും അതെടുത്ത് കാണാദൂരത്തേക്ക് വലിച്ചെറിയൂ. ഇനിയും അതവിടെ കിടന്ന് ദുർഗന്ധം വമിപ്പിക്കാൻ അനുവദിക്കരുത്.

 

ഖത്തറിൽ പെട്രോകെമിക്കൽമേഖലയിൽ ബിസിനസ്സ് അനലിസ്റ്റാണ് കെമിക്കൽ എൻജിനിയറും കഥാകൃത്തുമായ ലേഖകൻ

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Unny r ozhivudivasathe kali plagiarism accusations m rajeev kumar sanal kumar sasidharan

Best of Express