scorecardresearch

ദിനോസർച്ചിരിയുളള കൂട്ടുകാരൻ

"ഏട്ടിലോ ഒമ്പതിലോ പഠിക്കേണ്ട പ്രായമുണ്ടായിരുന്ന അവനെ അദ്ധ്യാപകർ നാലാം ക്ളാസ്സിൽ പലതവണ തോൽപ്പിച്ചത് ഉപ്പുമാവ് ഉണ്ടാക്കാൻ വേറെ ജോലിക്കാർ ഇല്ലാത്തതുകൊണ്ടു തന്നെയായിരുന്നു"

"ഏട്ടിലോ ഒമ്പതിലോ പഠിക്കേണ്ട പ്രായമുണ്ടായിരുന്ന അവനെ അദ്ധ്യാപകർ നാലാം ക്ളാസ്സിൽ പലതവണ തോൽപ്പിച്ചത് ഉപ്പുമാവ് ഉണ്ടാക്കാൻ വേറെ ജോലിക്കാർ ഇല്ലാത്തതുകൊണ്ടു തന്നെയായിരുന്നു"

author-image
Sabeena Sali
അപ്‌ഡേറ്റ് ചെയ്‌തു
New Update
sabeena m.sali, memories,

വീട്ടിൽ നിന്ന് ഒരു പത്ത് മിനിറ്റ് നടവഴി ദൂരമേ ഉണ്ടായിരുന്നുള്ളു, തൈക്കൂടത്തുള്ള സെന്റ് മോനിക്കാസ് എന്ന ഞങ്ങളുടെ എൽ പി സ്കൂളിലേക്ക്. ആൺകുട്ടികൾക്കായുള്ള സെന്റ് അഗസ്റ്റിൻസ് എൽ പി സ്കൂളും ഒരേ കോമ്പൗണ്ടിൽ തന്നെ ആണ്‌. ഇന്ന് കേരളത്തിലെ ഏറ്റവും തിരക്കുള്ള ജംഗ്ഷനുകളിലൊന്നായ വൈറ്റില നാൽക്കവലയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരം. എൻ എച്ച് 47 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയം. മണ്ണ്‌ കോരിയിട്ട് പാത ഉയർത്താനും മറ്റുമായി, നാട്ടിലാദ്യമായി ജെ സി ബി കൊണ്ടു വന്നപ്പോൾ, അത് ചെകുത്താന്റെ കൈയാണെന്ന് ഞങ്ങളെ പറഞ്ഞ് പേടിപ്പിച്ച ഒരു പയ്യനുണ്ടായിരുന്നു. ഗോപാലൻ. ഏട്ടിലോ ഒമ്പതിലോ പഠിക്കേണ്ട പ്രായമുണ്ടായിരുന്ന അവനെ അദ്ധ്യാപകർ നാലാം ക്ളാസ്സിൽ പലതവണ തോൽപ്പിച്ചത് ഉപ്പുമാവ് ഉണ്ടാക്കാൻ വേറെ ജോലിക്കാർ ഇല്ലാത്തതുകൊണ്ടു തന്നെയായിരുന്നു.

Advertisment

മൂട് കീറിയ നിക്കർ ഇട്ടുകൊണ്ട് വരുന്നതിനാൽ അനിഷ്ടത്തിന്റെ കണ്ണു കൊണ്ട് നോക്കുന്നതു കൊണ്ടോ എന്തോ അവന്റെ മുഖത്തിന്‌ ഞാൻ ദിനോസറിന്റെ ഛായ കൽപ്പിച്ചിരുന്നു. മാത്രമല്ല എല്ലുന്തിയ അവന്റെ മുഖത്ത് വിടരുന്ന ചിരിയെ ദിനോസറിന്റെ കോട്ടുവായ് ആയി വിവർത്തനം ചെയ്യുകയും ചെയ്തു.

തീപ്പെട്ടിക്കുള്ളിൽ തേരട്ടയെ പിടിച്ചിട്ട് മിന്നാമിനുങ്ങേന്ന് കള്ളം പറഞ്ഞ് അവനെനിക്ക് തന്നിട്ടുണ്ട്. ശിശുദിനത്തിന്‌ സ്കൂളിൽ നിന്ന് കിട്ടിയ ബലൂൺ കൂട്ടം തട്ടിയെടുത്ത് വേലിമുള്ളുകൊണ്ട് പട പടാ പൊട്ടിച്ചു കളഞ്ഞിട്ടുണ്ട്. മഴക്കാലത്ത് വഴിവക്കിലെ മഴവെള്ളം തട്ടിത്തെറിപ്പിച്ച് എന്റെ പുത്തൻ യൂണിഫോം അഴുക്കാക്കിയിട്ടുണ്ട്.മഴ നനയായായി മനപ്പൂർവ്വം വീട്ടിൽ മറന്നു വയ്ക്കുന്ന കുടയുമായി പിന്നാലെ ഓടാറുണ്ട്. സാറ്റ് കളിക്കുമ്പോഴൊക്കെ എന്റെ ഒളിയിടങ്ങൾ എണ്ണുന്നയാളുടെ ചെവിയിൽ പറഞ്ഞു കൊടുത്തിട്ടുണ്ട്. പ്രസവിക്കുമെന്ന് കരുതി പുസ്തകത്താളുകളിലൊളിപ്പിച്ച മയിൽപ്പീലിത്തുണ്ടുകളൊക്കെയും അവൻ നഗ്നമായി ആകാശത്തേക്കുയർത്തിപ്പിടിച്ചിട്ടുണ്ട്. വികൃതിയായ അനിയത്തിക്കുട്ടി, രണ്ടാം ക്ലാസ് ബി യിലെ ബിന്ദുവിന്റെ കുട കുത്തിക്കീറിയതും, സ്ലേറ്റ് പൊട്ടിച്ചതുമൊക്കെ വൻ പാപങ്ങളായി പൊലിപ്പിച്ച് ഉപ്പയോട് പറഞ്ഞ് അടി വാങ്ങിത്തരുമായിരുന്നു. ചെയ്യാത്ത കുറ്റങ്ങൾ പോലും ആരോപിച്ച് എനിക്ക് അടി വങ്ങിത്തരുമ്പോൾ കവിളിലൂടെ എത്ര സങ്കട നദികൾ ഒഴുക്കി പോയിരുന്നു. ഒരോ തവണ വിജിഗീഷുവായി ദിനോസർച്ചിരി ചിരിക്കുമ്പോഴൊക്കെയും അവനോടുള്ള അമർഷവും പുച്ഛവും വെറുപ്പും എന്റെയുള്ളിൽ ദീപസ്തംഭം പോലെ ജ്വലിച്ചുകൊണ്ടിരുന്നു.

sabeena m.sali, memories,

ഒരിക്കൽ മൂത്രപ്പുരയുടെ ചുവരിൽ, ഹൃദയത്തിലൂടെ ഒരു അമ്പ് കടന്നുപോകുന്ന ചിത്രം വരച്ച് മേരിടീച്ചറുടേയും അച്ചുതൻ മാഷിന്റേയും പേരെഴുതിയതിന്‌ ഹെഡ്മാഷ് അവന്റെ ചെവിക്ക് പിടിച്ചപ്പോഴും, സ്കൂൾ മതിലിലെ സിനിമാ പോസ്റ്ററിൽ സുന്ദരിയായ നായികയുടെ നിറഞ്ഞ മാറിടത്തിന്‌ ചുറ്റും ഞാവൽക്കായ് കൊണ്ട് നിറം കൊടുത്തതിന്‌ ചൂരൽക്കഷായം കിട്ടിയപ്പോഴും ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ തന്നെയാണ്‌. ഗോപാലൻ എന്ന നല്ല പേരിനെ വക്രീകരിച്ച് കോവാലൻ ആക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചതും അതുവച്ച് ഇരട്ടപ്പാട്ടുണ്ടാക്കിയതും ഞാനാണ്‌.

Advertisment

“കോവാലൻ പെണ്ണ്‌ കെട്ടി, കോഴിക്കൂട്ടിൽ കൊണ്ടിറക്കി. നാണിയമ്മേ കോഴി കൊത്തല്ലേ ” എന്ന് ഈണത്തിൽ പാടുമ്പോൾ അവനെന്നെ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിക്കും.

കുളങ്ങളും കാട്ടുമരങ്ങളും നിറഞ്ഞ വഴിയിലൂടെ വേണമായിരുന്നു അന്ന് സ്കൂളിൽ എത്തിപ്പെടാൻ. ഇടം വലം നോക്കാതെ നടന്നു പോകുന്ന ഒരാൾക്ക് പത്തു മിനിറ്റ് കൊണ്ട് സ്കൂളിൽ എത്തിച്ചേരാം. പക്ഷേ എല്ലാ വേലിക്കെട്ടുകളും കയറി മറിഞ്ഞ് സർവ്വ മരച്ചുവടും പരതി ഞങ്ങൾ അങ്ങെത്തുമ്പോഴേക്ക് അസ്സംബ്ലി കഴിഞ്ഞ് ക്ലാസ്സ് തുടങ്ങിയിട്ടുണ്ടാകും. വല്യപ്പച്ചനുള്ള കാലം വരെ വെമ്മട്ടിക്കര തറവാടിന്റെ ഏക്കറ്‌ കണക്കിനുള്ള പറമ്പിൽ കാലുകുത്താൻ കുട്ടികൾക്കൊക്കെ പേടിയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ കാലശേഷം അവിടം ഞങ്ങളുടെ വിഹാരഭൂമിയായി മാറി. കാഞ്ഞിരം മുതൽ കരിവീട്ടി വരെ നാനാജാതി മരങ്ങളുടെ ശീതള ഛായയും, മുല്ലപ്പടർപ്പുകളും, കായ്കനികളും വണ്ണാത്തിപ്പുള്ളുകളുടെ പാട്ടും, നിറഞ്ഞ ഒരു ഏദൻതോട്ടം. പാരിജാതത്തിന്റേയും ഇലഞ്ഞിപ്പൂക്കളുടേയും മനം മദിപ്പിക്കുന്ന ഗന്ധം. അവിടെ നിന്ന് ശേഖരിക്കുന്ന കമ്പിളി നാരങ്ങയും, പഴുക്കടയ്ക്കയും, കശുവണ്ടിയും ശൗരിയാരുടെ കടയിൽ കൊടുത്തിട്ട് വേണമായിരുന്നു പകരം ചോക്ക് പെൻസിൽ, മിഠായികൾ, പായ്ക്കറ്റ് അച്ചാർ, ഉപ്പിലിട്ട നെല്ലിക്ക ഒക്കെ വാങ്ങാൻ. കാരയ്ക്ക, കട്ടലീന്തപ്പഴം, ഞാവൽപ്പഴം കുടം പുളി തുടങ്ങിയ ഐറ്റംസ് കൂട്ടുകാരുമായി പങ്കിട്ട് തിന്നാൻ ബാഗിൽ തന്നെ സൂക്ഷിക്കും.ഞങ്ങൾ ഏതൊക്കെ പുരയിടങ്ങളിൽ പെറുക്കാൻ കേറുന്നു എന്നുള്ള കൃത്യമായ വിവരം കോവാലൻ വീട്ടിൽ യഥാക്രമം അറിയിക്കുമായിരുന്നു.

ആയിടയ്ക്കാണ്‌ എങ്ങു നിന്നോ വന്ന ഒരു ഭ്രാന്തൻ ഇടവഴികളിൽ പതുങ്ങി നിന്ന്, പെൺകുട്ടികളെ നഗ്നത കാട്ടി പേടിപ്പിച്ചിരുന്നത്. ഭയചകിതരായ ഞങ്ങൾ ആ വിവരം വീട്ടിൽ പറഞ്ഞപ്പോൾ ഉപ്പ ഉടനെ കോവാലനെ വിളിക്കുകയും പിറ്റേ ദിവസം മുതൽ ഞങ്ങളോടൊപ്പമേ സ്കൂളിൽ പോകാവൂ എന്നു നിർദ്ദേശിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ, ഗത്യന്തരമില്ലാതെ, രാജാവിനു പിന്നാലേ നടക്കുന്ന പ്രജകളെപ്പോലെ ഞങ്ങൾ അവന്‌ അകമ്പടി സേവിച്ചു.

അലച്ചുകൊട്ടി പെയ്ത രാത്രിമഴയ്ക്ക് ശേഷം പുലർന്ന ഒരു ദിനമായിരുന്നു അന്ന്. യുറീക്ക പരീക്ഷ എഴുതാൻ രാവിലെ പത്ത് മണിക്ക് തൃപ്പൂണിത്തുറ ഗവണ്മെന്റ് സ്കൂളിൽ എത്തണം. നേരത്തേ സ്കൂളിൽ എത്തിയാൽ അവിടെ നിന്നുള്ള വണ്ടിയിൽ അദ്ധ്യാപകർ കൊണ്ടുപോകും. അതിരാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ, പതിവുപോലെ ഉമ്മ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു.

sabeena m.sali, memories,

“ ഇന്നെങ്കിലും കണ്ട മരച്ചോട്ടിലൊന്നും നിരങ്ങാതെ നേരെ സ്കൂളിൽ ചെന്നേക്കണേ...” ചുണ്ടിൽ ചെറിയൊരു മന്ദസ്മിതം പൂത്തെങ്കിലും, അത് മറച്ച് പിടിച്ച് തല കുലുക്കി സമ്മതിച്ചു. പോകുന്ന വഴി പ്രലോഭനങ്ങൾ പലതുമുണ്ടായിട്ടും, ഏകാദശി നോറ്റ നേത്യാരെപ്പോലെ സംയമനം പാലിച്ചു തന്നെ നടന്നു. പെറുക്കികളായ സ്കൂൾ കുട്ടികളൊന്നും കടന്നു പോകാനുള്ള സമയമാകാത്തതിനാൽ, മഴമരങ്ങൾക്ക് താഴെ, ഉതിർന്നു വീണ മാമ്പഴങ്ങൾ, ഞാവൽപ്പഴം, ചാമ്പയ്ക്ക, എല്ലാം ഞെട്ടറ്റു വീണ അതേ പടി.....ഒന്നും കൈ കൊണ്ട് തൊട്ടതേയില്ല. ധൃതരാഷ്ട്രപ്രതിജ്ഞ ലംഘിക്കാതെ അന്ന് സ്കൂളിന്റെ ഗേറ്റ് കടക്കാനായി എന്നത് വമ്പിച്ച അതിശയമായിരുന്നു. പോകാനുള്ള വണ്ടി എത്തിയിട്ടില്ല. പഠിപ്പിസ്റ്റുകളൊക്കെ വരാന്തയിലിരുന്ന് പുസ്തകം കാർന്നു തിന്നുന്നു. രാത്രിമഴ ഉപേക്ഷിച്ചുപോയ ചെറിയ ചാറ്റൽ മഴയുടെ ശേഷിപ്പുകൾ ഒരു ഓർമ്മത്തെറ്റുപോലെ അപ്പോഴും ചിതറിക്കൊണ്ടിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ പടിഞ്ഞാറു വശത്തുകൂടി ഒഴുകുന്ന തോട്ടിൽ വെള്ളം കുത്തിയൊഴുകുന്നതിന്റെ ശബ്ദം.കുട വരാന്തയിൽ വച്ച ശേഷം മഴ നനയുക എന്ന ഗൂഢ ലക്ഷ്യവുമായാണ്‌ പുറത്തിറങ്ങിയത്.

തോട്ടിനക്കരെ എല്ലാ വർഷവും ഭ്രാന്തമായ് കായ്ക്കാറുള്ള ഒരു നെല്ലിപ്പുളിമരമുണ്ടായിരുന്നു. ദൈവമേ തലേ ദിവസത്തെ ശക്തമായ കാറ്റിൽ, അത് കടപുഴകിയിരുന്നു.തൊട്ടടുത്ത് നിറയെ പൂക്കളുമായി നിന്നിരുന്ന കരിമുരുക്ക് മാത്രം കാറ്റത്തുലയാതെ തലയുയർത്തി നിൽപ്പുണ്ട്. കുരുക്ഷേത്ര യുദ്ധഭൂമിയിൽ അർജുനനാൽ അമ്പെയ്യപ്പെട്ട്, കവചകുണ്ഠലസമേതനായ് വീണുകിടക്കുന്ന കർണപ്പോലെ, മഞ്ഞ നിറത്തിൽ നിറയെ കായ്കളുമായി നിലം പറ്റിക്കിടക്കുന്നു ആ പുളിമരം. എന്നും ഇക്കരെ നിന്ന് കണ്ട് മോഹിച്ചിട്ടേയുള്ളു. ഇന്നുവരെ അതിലൊരു കായ് തിന്നാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. പരീക്ഷയെഴുതി തിരികെ വരുമ്പോഴേക്ക് ഒരുപക്ഷേ ആ മരം അവിടെ നിന്ന് നീക്കം ചെയ്യപ്പെടേക്കാം. ഒരു കായ് പോലും തൊടാനേ കിട്ടില്ല, അതോർത്തപ്പോൾ മഴയ്ക്കൊപ്പം മനസ്സിൽ മോഹഭംഗങ്ങളുടെ പേമാരിപ്പെയ്ത്ത്. തോട്ടിൽ കുറച്ച് ഇറങ്ങി നിന്നാൽ വീണുകിടക്കുന്ന ചില്ലയിൽ നിന്ന് കായ്കൾ പറിച്ചെടുക്കാം. പിന്നെ ഒട്ടും അമാന്തിച്ചില്ല. പുസ്തകം കക്ഷത്തു വച്ച്, അദ്ധ്യാപകരാരും അടുത്തില്ലെന്നുറപ്പു വരുത്തി പതുക്കെ വെള്ളത്തിലിറങ്ങി. തെളിഞ്ഞ വെള്ളത്തിലൂടെ ചെറുമീൻ സഞ്ചാരങ്ങൾ. രണ്ടുമൂന്നു ചുവടു വച്ചപ്പോഴേക്കും പൊടുന്നനെ കാലു തെന്നിയതും വെള്ളത്തിലേക്ക് മലർന്നടിച്ച് വീണതും ഒരുമിച്ചായിരുന്നു. പുസ്തകം നനയാതെ പൊക്കിപ്പിടിച്ചത് ഓർമ്മയുണ്ട്. ബാക്കിയെല്ലാം ഒരു പുകപോലെ.

കണ്ണു തുറക്കുമ്പോൾ, ചുറ്റിലും അദ്ധ്യാപകരും വിദ്യാർത്ഥികളും അന്ധാളിച്ച് നോക്കി നിൽപ്പുണ്ട്. തൊട്ടടുത്ത് നനഞ്ഞൊലിച്ച് കോവാലനും. ആരൊക്കെയോ ചേർന്ന് എന്റെ വയർ ഞെക്കി, കുടിച്ച വെള്ളം പുറത്തു കളഞ്ഞിരുന്നു. ആരും എന്നെ വഴക്ക് പറഞ്ഞില്ല. എന്റെ കണ്ണിൽ നിന്ന് ദയനീയമായ ഒരു നോട്ടം അവനെ ചുറ്റി വരിഞ്ഞു. ഒരു സംരക്ഷകനെപ്പോലെ അവൻ എന്റെ പിറകെ ഉണ്ടായിരുന്നു എന്ന കാര്യം ഞാനറിഞ്ഞില്ല. കുറ്റബോധത്താൽ എന്നിലെ ഘോരാഹങ്കാരം ഒരു നിമിഷം കൊണ്ട് ഉരുകിത്തീർന്നു.സങ്കടസാനുക്കളിലൂടെ അശ്രുബിന്ദുക്കൾ ഒഴുകിത്തുടങ്ങി. വീട്ടിൽ അറിയിക്കില്ല എന്ന് അവൻ എനിക്ക് ഉറപ്പ് തന്നു. നനഞ്ഞ കോലത്തിൽത്തന്നെ അന്ന് പരീക്ഷയെഴുതാൻ പോയി..

sabeena m.sali, memories,

അഞ്ചാം തരം കോൺവെന്റ് സ്കൂളിലേക്ക് മാറിയതോടെ കോവാലനെ വല്ലപ്പോഴുമൊക്കെയേ കണ്ടിരുന്നുള്ളു. കിതപ്പില്ലാതെ, ക്ഷീണമില്ലാതെ, സമയത്തെ മുന്നോട്ട് കറക്കുന്ന പെൻഡുലം കാലത്തേയും ചുമന്നുകൊണ്ട് അതിശീഘ്രം മുന്നോട്ട് പോയപ്പോൾ, ജീവിതത്തിൽ വന്ന മാറ്റങ്ങൾക്കിടയിൽ, സ്വാഭാവികമായും ഗോപാലനെ ഞാൻ മറന്നേ പോയി. നീണ്ട പ്രവാസ ജീവിതിതത്തിനിടയിലെ ഒരവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ, എന്റെ തറവാട്ടു വീടിന്റെ മുറ്റത്തു വച്ച് മീൻ കുട്ടയുമായി സൈക്കിൾ ചവിട്ടിയെത്തിയ ഗോപാലനെ ഞാൻ വീണ്ടും കണ്ടു. കുട്ടിക്കാലത്തിന്റെ താളുകളിൽ, വേർതിരിവിന്റെ വേലിക്കെട്ടുകൾക്കപ്പുറം നിർത്തിയ അതേ കോവാലൻ. സൈക്കിളിനു ചുറ്റും കൂടിയ പൂച്ചകളെ ആട്ടുന്നതിനിടയിൽ എന്റെ നേർക്ക് നിറഞ്ഞ് ചിരിച്ചു കൊണ്ട് "ബീന എപ്പോ എത്തി"യെന്നൊരു ചോദ്യം. നിറഞ്ഞു ചിരിക്കുമ്പോഴും ചുണ്ടുകളുടെ കോണിലെവിടെയോ വേദന വേവുന്നത് ഞാൻ തിരിച്ചറിഞ്ഞു. പണ്ടത്തെപ്പോലെ തന്നെ മെലിഞ്ഞ കോലം. മീൻ കച്ചോടമില്ലാത്തപ്പോൾ മൈക്കാട്ട് പണിക്ക് പോകും. ആഡംബരങ്ങളെന്തെന്നറിയാതെ നിസ്സഹായതകളുടെ നിറമില്ലായ്മകളുമായി തള്ളി നീക്കുന്ന ആ ജീവിതം കണ്ടപ്പോൾ എന്റെ ആ പഴയ തോൽവികളെയെല്ലാം സ്വയം ഉൾക്കൊണ്ടുകൊണ്ട് തലകുനിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.

Memories School Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: