നീണ്ട മുപ്പത്തൊമ്പത് വര്‍ഷത്തെ പ്രവാസത്തിന് വിരാമമിട്ട് മലപ്പുറം ഇരുമ്പുഴി സ്വദേശി വടക്കേതലയ്ക്കല്‍ ഉമര്‍ (62) മറ്റന്നാള്‍ നാട്ടിലേക്കു മടങ്ങുമ്പോള്‍, കാഴ്ചയ്ക്കപ്പറുമുളള ഒരു പ്രവാസ ചരിത്രമാണ് എഴുതപ്പെടുന്നത്. ഒരു സാധാരണ പ്രവാസിയുടെ ജീവിതത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ, നിരവധി സവിശേഷതകള്‍ ചൂഴ്ന്നു നില്‍ക്കുന്ന അസാധാരണമായ ഒരു ഗള്‍ഫ് അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.
രണ്ടു കണ്ണിന്റേയും കാഴ്ച നഷ്ടപ്പെട്ട്, ജീവിതം പൂര്‍ണമായി ഇരുട്ടിലായിട്ടും കഴിഞ്ഞ നാലു പതിറ്റോണ്ടോളം ഒരേ സ്‌പോണ്‍സറുടെ കീഴില്‍, കാഴ്ചയുള്ളവരെപ്പോലും അമ്പരപ്പിക്കും വിധം ജോലി ചെയ്ത ശേഷമാണ്, ഉമര്‍ തിരിച്ചുപോകുന്നത്. അന്ധതയെ അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് കീഴടക്കി ഉമര്‍, തന്റെ കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ട 1987 മുതല്‍ ജിദ്ദ ദന്തൽ മെറ്റീരിയല്‍ സ്‌റ്റോറില്‍ (ഡി.എം.എസ്) ജോലി ചെയ്യുന്നു. കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഉമറിന്റെ കഴിവില്‍ വിസ്മയം തോന്നുക സ്വാഭാവികം.
കണ്ണുള്ളവരെപ്പോലും അത്ഭുതപ്പെടുത്തുന്ന അനായാസ വേഗതയിലും ചടുലതയോടുമാണ് ഉമര്‍ ജോലി ചെയ്ത് പോന്നത്. അത് കൊണ്ട് തന്നെ സ്‌പോണ്‍സര്‍ മഹ്‌റൂഫ് മൂസ ബുഖാരിയും അദ്ദേഹത്തിന്റെ മരണശേഷം മകന്‍ മാസിന്‍ മൂസ ബുഖാരിയും ഉമറിനെ സ്വന്തം കുടുംബാംഗത്തെപ്പോലെ ആവോളം സ്‌നേഹവാല്‍സല്യങ്ങള്‍ ചൊരിഞ്ഞ് പരിചരിച്ചുപോന്നു. പലപ്പോഴും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനമെടുക്കുമ്പോഴും സ്‌പോണ്‍സറും സഹ പ്രവര്‍ത്തകരും ഉമറിനെ പിന്തിരിപ്പിച്ചു. കാഴ്ചാപരിമിതിയിലും തന്നെ വീണ്ടും ഇവിടെ പിടിച്ചുനിര്‍ത്തിയത് ഇവരുടെയൊക്കെ ആത്മാര്‍ഥത സ്ഫുരിക്കുന്ന, വിവരണാതീതമായ സ്‌നേഹമാണെന്ന് ഉമര്‍ പറയുന്നു.
ഇരുമ്പുഴി പുളിയേങ്ങല്‍ വടക്കേതലയ്ക്കല്‍ അബ്ദുറഹ്മാന്‍ ഹാജിയുടേയും കുന്നുമ്മല്‍ തറയില്‍ ഫാത്തിമയുടേയും മകനായ ഉമര്‍ മലപ്പുറം ഗവ. കോളേജിലെ പഠന ശേഷം നാട്ടില്‍ നില്‍ക്കുമ്പോഴാണ് ജിദ്ദയിലുള്ള ജ്യേഷ്ടന്‍ ഖാലിദ് അയച്ചുകൊടുത്ത വിസയില്‍ ഇവിടെയെത്തുന്നത്. 1978 ജൂലൈയിലായിരുന്നു അത്. ഖാലിദ് അതിനും ഒരു വര്‍ഷം മുമ്പ് ജിദ്ദയിലെത്തി അറേബ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഫോര്‍ ട്രേഡ് ആന്റ് ഷിപ്പിംഗ് കമ്പനിയില്‍ ജോലി നേടിയിരുന്നു. ഖാലിദ് പാര്‍ട്ട്‌ടൈമായി ജോലിക്ക് പോയിരുന്ന കമ്പനിയായിരുന്നു ഡി.എം.എസ്. അവിടേക്ക് ഒരാളെ വേണമെന്ന് പറഞ്ഞപ്പോള്‍ സഹോദരനെ ആ വിസയില്‍ കൊണ്ടു വരികയായിരുന്നു. അന്നത്തെ ശമ്പളം വെറും 800 റിയാല്‍. (1000 ഇന്ത്യന്‍ രൂപയ്ക്ക് 440 റിയാല്‍ കൊടുക്കണമായിരുന്നു അന്ന് എന്നോര്‍ക്കുക).
ഏതായാലും നാട്ടില്‍ വെറുതെ നില്‍ക്കണ്ടല്ലോ എന്ന് കരുതി ഉമര്‍ ഇവിടെയെത്തി ജിദ്ദ ബലദിലുള്ള ഡി.എം.എസില്‍ ജോലിക്ക് ചേര്‍ന്നു. മലയാളികള്‍ വളരെ കുറവ്. സാമൂഹിക സാംസ്‌കാരിക സദസ്സുകളൊന്നുമില്ല. അത്യാവശ്യം സംഗീതവും സാഹിത്യവുമൊക്കെയുണ്ടായിരുന്നു ഉമറിന്. ജ്യേഷ്ടന്‍ ഖാലിദ് പാട്ടുകാരനും സംഘാടകനുമായിരുന്നു. പിന്നീട് ജിദ്ദയിലെത്തി ഇവിടെത്തെ മാധ്യമലോകത്ത് ശ്രദ്ധയേനായ, എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമൊക്കെയായ ഉസ്മാന്‍ ഇരുമ്പുഴി, ഉമറിന്റേയും ഖാലിദിന്റേയും ഇളയ സഹോദരനാണ്. ഇവരും മറ്റു സുഹൃത്തുക്കളുമൊക്കെ ചേര്‍ന്നാണ് പിന്നീട് അരങ്ങ് എന്ന ജിദ്ദയിലെ ആദ്യത്തെ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മക്ക് 1984 ല്‍ രൂപം നല്‍കിയത്. 1980 – ല്‍ ഉമര്‍ ആദ്യത്തെ അവധിക്ക് നാട്ടില്‍പ്പോയി.
ജനനത്തില്‍ത്തന്നെ രണ്ടു കണ്ണുകളിലും ചെറിയ രണ്ടു വെളുത്ത പുള്ളികള്‍ ഉമറിനുണ്ടായിരുന്നു. പക്ഷേ അത് കാഴ്ചയെ ബാധിച്ചിരുന്നില്ല. സ്‌കൂള്‍, കോളേജ് കാലങ്ങളിലൊക്കെ കണ്ണുകളിലെ പുള്ളി ഉമറിനൊരു ആകര്‍ഷണവുമായിരുന്നു.
1982 ല്‍ ഉമറിന്റെ കല്യാണം കഴിഞ്ഞു. മലപ്പുറം വള്ളിക്കാപറ്റ കരങ്ങാടന്‍ സുഹ്‌റയാണ് ഭാര്യ. കല്യാണശേഷം സുഹ്‌റയും ജിദ്ദയിലെത്തി. അതിനിടെ ഒരു കണ്ണിന് വേദന അനുഭവപ്പെട്ട ഉമര്‍ നാട്ടില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയനായി. കണ്ണൂരില്‍ ഡോ. ഉമ്മനായിരുന്നു തിമിര ശസ്ത്രക്രിയ നടത്തിയത്. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച ഉമറിന് ആദ്യത്തെ ആറുമാസം പ്രശ്‌നമൊന്നുമുണ്ടായില്ല. പക്ഷേ പിന്നീട് വലത് കണ്ണില്‍ ഒരു കറുത്ത പുള്ളി കൃഷ്ണമണിക്കു മുമ്പില്‍ മൂടലായി നിന്നത് പോലെ. അത് ക്രമേണ വലുതാവുന്നതായും പിന്നീട് കാഴ്ചയെ അത് മറയ്ക്കുന്നതായും തോന്നി. വീണ്ടും ജിദ്ദ മഗ്‌രിബി ഹോസ്പിറ്റലില്‍ വിദഗ്ധ പരിശോധന. പാക്കിസ്ഥാനിയായ ഡോ. അന്‍വര്‍ ഉപദേശിച്ചു: ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരും.

ഉമറിന് ഇത് വല്ലാത്ത വിഷമമായി. ആറുമാസം മുമ്പ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തി വീണ്ടുമൊരു സര്‍ജറി. ഏതായാലും ഡോക്ടറുടെ ഉപദേശപ്രകാരം ശസ്ത്രക്രിയ നാട്ടില്‍ നിന്ന് ചെയ്യാമെന്ന തീരുമാനത്തില്‍ മദ്രാസ് ശങ്കരനേത്രാലയയില്‍. അതിനു ശേഷം വീണ്ടും ആറുമാസം പിന്നിട്ടപ്പോള്‍ കാഴ്ചയ്ക്ക് വീണ്ടും പ്രശ്‌നമായി. വലത് കണ്ണ് പൂര്‍ണമായും അന്ധമായി. അധികം താമസിയാതെ ഇടത് കണ്ണിനേയും ഇത് ബാധിക്കുകയും ആ കണ്ണിന്റേയും കാഴ്ച പൂര്‍ണമായി നഷ്ടപ്പെടുകയും ചെയ്തു. സാധാരണഗതിയില്‍ ഏത് മനുഷ്യനും തളര്‍ന്നു പോകുന്ന അവസ്ഥ. അന്നോളം ജീവിതത്തില്‍ കണ്ട എല്ലാ സൗന്ദര്യങ്ങളും അസ്തമിച്ചുപോയ ദുരന്തം. ചേതോഹരമായ ഈ ജീവിതത്തിനു മുന്നില്‍ ഇരുട്ട് പരന്നു. ഇനി വെളിച്ചത്തിന്റെ വാതില്‍ തനിക്കു മുമ്പില്‍ തുറക്കപ്പെടില്ലെന്ന് ഉറപ്പായ ഉമര്‍ പക്ഷേ നിശ്ചയദാര്‍ഢ്യം കൈവിട്ടില്ല. അല്ലാഹുവിന്റെ അലംഘനീയമായ വിധി ഏറ്റുവാങ്ങാന്‍ തയാറായി. നാട്ടില്‍തന്നെ നില്‍ക്കാം എന്ന തീരുമാനത്തെ മാറ്റി മറിച്ചത് ജ്യേഷ്ഠന്‍ ഖാലിദ് തന്നെയായിരുന്നു. റി എന്‍ട്രിയുടെ കാലാവധി, സ്‌പോണ്‍സര്‍ പുതുക്കിക്കൊടുത്തു. ഖാലിദ് പറഞ്ഞു: ഒരു ഉംറ ചെയ്ത് മടങ്ങിപ്പൊയ്‌ക്കോളൂ.
വീണ്ടും ജിദ്ദയിലിറങ്ങുമ്പോള്‍ ഉമറിനു മുന്നില്‍ ഇരുട്ട് നിറഞ്ഞ നഗരവും നഗരത്തിന്റെ ശബ്ദങ്ങളും മാത്രം. പൂര്‍ണമായും അന്ധത ബാധിച്ച അവസ്ഥയില്‍ അല്ലാഹുവിന്റെ തിരുഭവനത്തിനു മുന്നില്‍ പ്രാര്‍ഥിക്കെ, ആ മിഴികളില്‍ നിന്ന് കണ്ണീര്‍ ധാരധാരയായി പെയ്തിറങ്ങി. സാമീപ്യം കൊണ്ട് ആള്‍സാന്നിധ്യം അനുഭവിക്കേണ്ടി വന്ന ഈ പ്രവാസിയുടെ കണ്ണും കരളുമായി വര്‍ത്തിച്ചത് ഭാര്യ സുഹ്‌റ.
നല്ലവനായ സ്‌പോണ്‍സര്‍ മഹ്‌റൂഫ് ബുഖാരി പറഞ്ഞു: ഉമര്‍ ഇവിടെത്തന്നെ നിന്നോളൂ. ഇത് ഉമറിന്റെ കൂടി കമ്പനിയാണ്. സഹായത്തിന് ഒരാളെ വെച്ച് തരാം. എന്താണ് പറയേണ്ടതെന്നറിയാതെ ഉമര്‍ വീണ്ടും കരഞ്ഞു- ചെറുപ്പത്തിലേ പിതാവ് നഷ്ടമായ ഉമര്‍ തന്റെ സ്‌പോണ്‍സറെ കെട്ടിപ്പിടിച്ചു. പിതൃതുല്യമായ സ്‌നേഹത്തോടെ സ്‌പോണ്‍സര്‍ ഉമറിന്റെ നെറ്റിയില്‍ ഉമ്മ വെച്ചു. ഇവിടെത്തന്നെ തുടരാന്‍ ഉമര്‍ തീരുമാനിച്ചു.
മലപ്പുറം കൊടിഞ്ഞി സ്വദേശി മൊയ്തീന്‍ മാസ്റ്ററെ, ഉമറിനെ സഹായിക്കാന്‍ വേണ്ടി കമ്പനിയില്‍ നിയമിച്ചു. ദന്തചികില്‍സാലയങ്ങളിലേക്ക് ആവശ്യമുള്ള സാമഗ്രികള്‍ ഇംപോര്‍ട്ട് ചെയ്ത് വിതരണം നടത്തുന്ന ഈ കമ്പനിയിലെ എല്ലാ കത്തിടപാടുകളും ( ഫാക്‌സ്, ഇ മെയില്‍) മൊയ്തീന്‍ മാസ്റ്ററുടെ സഹായത്തോടെ ഉമര്‍ നടത്തിപ്പോന്നു. കാഴ്ചക്ക് കുഴപ്പമില്ലാത്ത പതിനഞ്ചോളം ജീവനക്കാരുള്ള കമ്പനിയില്‍, കാഴ്ചയില്ലാത്ത ഉമര്‍ ഒരനിവാര്യഘടകമായി. എല്ലാതരം ഇലക്ട്രിക്, ഇലക്‌ട്രോണിക് റിപ്പയറിംഗ് ജോലികളും ഉമറിന് ചെയ്യാനാവും. കണ്ണില്ലെങ്കിലും കൈയും ബുദ്ധിയുമുപയോഗിച്ച് എല്ലാതരം ജോലികളും ചെയ്യാന്‍ വല്ലാത്തൊരിഷ്ടവുമാണ്. കാഴ്ചയില്ലാത്ത മുപ്പത് വര്‍ഷത്തെ ജോലിക്കിടയില്‍ മില്യണ്‍ കണക്കിന് റിയാലിന്റെ ഇടപാട് ഉമറിന്റെ കൈയിലൂടെ നിര്‍വഹിക്കപ്പെട്ടു. അഞ്ഞൂറോളം ടെലിഫോണ്‍ നമ്പറുകള്‍ ഉമറിന് കാണാപ്പാഠമാണ്. വിരല്‍ചലനത്തിലൂടെ അതിദ്രുതം ഉമര്‍ ഫോണ്‍ നമ്പറുകള്‍ ഡയല്‍ ചെയ്യുന്നത് ആശ്ചര്യം നിറഞ്ഞ ദൃശ്യമാണ്.
അറബി അനായാസം സംസാരിക്കുന്ന ഉമറിന് ഉര്‍ദുവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനാകും. ശ്രുതിമധുരമായി ഖുര്‍ആന്‍ ആലപിക്കുന്ന ഉമറായിരിക്കും കമ്പനിയിലെ നിസ്‌കാരങ്ങളിലൊക്കെ ഇമാമായി നില്‍ക്കാറുള്ളത്.
അരങ്ങ് കലാസാഹിത്യവേദി ആയിടയ്ക്ക് പുറത്തിറക്കിയ ചക്രം എന്ന ഇന്‍ലന്റ് മാഗസിനില്‍ ‘എന്തെങ്കിലുമൊക്കെ’ എന്ന പേരില്‍ ഒരു ചെറിയ കോളവും ഉമര്‍ എഴുതിയിരുന്നു. പറഞ്ഞ് കൊടുത്താണ് എഴുതിച്ചിരുന്നത്. നാലുവര്‍ഷത്തോളം തുടര്‍ച്ചയായി ചെയ്തിരുന്നു, സാമൂഹ്യ ആക്ഷേപഹാസ്യം നിറഞ്ഞ ഈ കോളം.
ഓഫീസില്‍ മൊയ്തീന്‍ മാസ്റ്റര്‍, വീട്ടില്‍ ഭാര്യ എന്നത് പോലെ കണ്ണില്ലാത്ത ഉമറിന്റെ ‘കരം പിടിച്ച കണ്‍മണി’യായിരുന്നു അമ്മാവന്റെ മകനായ തറയില്‍ മുഹമ്മദലി. കഴിഞ്ഞ മുപ്പത് വര്‍ഷവും മുഹമ്മദലിയാണ് ഉമറിന്റെ കണ്ണ്. ഓഫീസില്‍ കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും പല പരിപാടികള്‍ക്കും അനുഗമിക്കുന്നതുമൊക്കെ മുഹമ്മദലി. നാട്ടില്‍ പോകുമ്പോള്‍ സഹയാത്രികനും മുഹമ്മദലിയായിരുന്നു. പക്ഷേ ആദ്യം മൊയ്തീന്‍ മാസ്റ്ററും പിന്നീട് മുഹമ്മദലിയും പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതോടെ ഉമറിന് ഇടംവലംകൈകള്‍ നഷ്ടമായത് പോലെ.
“എന്തായാലും ജിദ്ദയാണ് എനിക്ക് ഇങ്ങനെയൊരു സംതൃപ്ത ജീവിതം സമ്മാനിച്ചത്. കണ്ണില്ലാത്ത അവസ്ഥയില്‍ നാട്ടില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ഈ വിധത്തിലാകുമായിരുന്നില്ല എന്റെ ജീവിതം. ഇപ്പോള്‍ അല്‍ഹംദുലില്ലാ.. ഞാന്‍ പൂര്‍ണമായും ഹാപ്പി. സന്തോഷത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.” ഉമര്‍ പറഞ്ഞു.

ഉമര്‍ -സുഹ്‌റ ദമ്പതികള്‍ക്ക് രണ്ടു പെണ്‍മക്കള്‍. മൂത്ത മകള്‍ നൂര്‍ബാനു കാനഡയില്‍ ഭര്‍ത്താവ് അനസിനോടൊപ്പം. ഇവര്‍ക്കൊരു പെണ്‍കുഞ്ഞ്- മിശായില്‍. രണ്ടാമത്തെ മകള്‍ നൂറയും ഭര്‍ത്താവ് സജീറും ജിദ്ദയില്‍.
കണ്ണുള്ളവര്‍ കാണുക, ഈ കണ്ണിന്റെ വലുപ്പം
ചില ജീവിതങ്ങള്‍ അങ്ങനെയുണ്ട്. നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു ജീവിത മാതൃക സമ്മാനിച്ചുകൊണ്ടാണ് ഇരുമ്പുഴി സ്വദേശി ഉമര്‍ പ്രവാസ ലോകത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നത്.
കഴിഞ്ഞ കാലത്തെ ത്യാഗോജ്വല ജീവിത മാതൃകകളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് നാം പൊതുവെ പറയാറുണ്ട്. ചരിത്രത്തിലേക്കുളള തിരിഞ്ഞുനോട്ടത്തിന്റെ ആവശ്യകതയും അതു തന്നെയാണ്.
ഒരിക്കലും അവസാനിക്കാനിടയില്ലാത്ത മലയാളി പ്രവാസത്തിന് മുന്നില്‍ ഒരു ഡോക്യുമെന്ററി പോലെ പ്രകാശിപ്പിക്കേണ്ടതാണ് ഈ ഉമറിന്റെ ജീവിതം. അതിനുള്ള ശ്രമമുണ്ടാകുമെന്നും പ്രതീക്ഷിക്കാം. കാഴ്ചയുള്ളവര്‍ക്ക് പോലും പിടിച്ചുനില്‍ക്കാനാവാത്ത പ്രവാസത്തില്‍ എങ്ങനെ കണ്ണുകളുടെ പിന്‍ബലമില്ലാതെ ഒരാള്‍ ജീവിതത്തെ ആഘോഷിച്ചുവെന്നത് പ്രസക്തമായ ചോദ്യമാണ്. ആഘോഷം ഇവിടെ മനഃപൂര്‍വം പ്രയോഗിച്ചതാണ്. അല്‍പനേരം കണ്ണടച്ചു പിടിച്ചാല്‍ മതി കണ്ണില്ലാത്തതിന്റെ നൊമ്പരം അനുഭവിച്ചറിയാം. അതിനു മറ്റൊരാളുടെ ജീവിതം പകര്‍ത്തേണ്ടതില്ല. കാഴ്ച ശക്തി തിരിച്ചു തരുമെങ്കില്‍ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ ത്യജിക്കാന്‍ നാം തയാറാവുകയും ചെയ്യും. പ്രവാസം ഒരിക്കലും ആഘോഷത്തിന്റേതല്ല. മടക്കയാത്ര പ്രതീക്ഷിച്ചുകൊണ്ട് അതിജീവനത്തിലൂടെയുള്ള അനുഭവിച്ചു തീര്‍ക്കല്‍ മാത്രമാണ്. ഇവിടെ സര്‍വസൗകര്യങ്ങളോടെ ജീവിക്കുന്നവര്‍ക്കുമുന്നിലും മടക്കം ഒരു അനിവാര്യതയാണ്. അടിച്ചേല്‍പിക്കപ്പെട്ടതായിരിക്കും മിക്കവരുടേയും പ്രവാസം. അതുകൊണ്ടുതന്നെ ചെറിയ അസ്വസ്ഥതകള്‍ പോലും മുഖത്തു പ്രകടമാവുക സ്വാഭാവികം. സമ്മര്‍ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമിടയില്‍ സമാധാനത്തോടെ പ്രവാസം അനുഭവിക്കാന്‍ സാധിക്കുന്നവര്‍ മഹാഭാഗ്യവാന്മാരാണ്.
ഉമറിനോട് സംസാരിച്ചപ്പോഴൊക്കെ, ലഭ്യമായ ജീവിതം ആഘോഷിക്കുന്ന ഒരാളായിട്ടാണ് കാണാന്‍ കഴിഞ്ഞത്. കാഴ്ചയില്ലാത്തവരുടെ ലോകത്ത് ജന്മനാ എത്തിപ്പെട്ടയാളല്ല ഇദ്ദേഹം. കാഴ്ചയുടെ ലോകത്തുനിന്ന് കാഴ്ചയില്ലാത്തവരുടെ ലോകത്തേക്ക് എടുത്തെറിയപ്പെട്ടയാളാണ്. കണ്ണുകളെ കുറിച്ച് നാം വര്‍ണിക്കാറുണ്ട്. പലരും അസൂയപ്പെട്ടിരുന്ന കണ്ണുകളുടെ ഉടമയായിരുന്നു ഉമറും. അസൂയക്ക് കാരണമായിരുന്ന കണ്ണുകളിലെ ആ സൗന്ദര്യം തന്നെയാണ് പിന്നീട് അത് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നത് മറ്റൊരു കാര്യം. എന്താണ് നിരാശയുടെ ചെറിയ സൂചന പോലുമില്ലാത്ത ജീവിത രഹസ്യമെന്ന് ചോദിക്കാന്‍ ഞാന്‍ മുതിര്‍ന്നിട്ടില്ല. കാരണം അദ്ദേഹത്തിന്റെ ഓരോ വാക്കുകളും സമൂഹത്തെ കുറിച്ചും സ്വന്തത്തെ കുറിച്ചുമുള്ള വിലയിരുത്തലുകളും മതി അതു മനസ്സിലാക്കാന്‍. ഉമര്‍ ഒരു വിശ്വാസിയാണ്. കാരുണ്യവാനായ ദൈവത്തില്‍ അങ്ങേയറ്റത്തെ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു വിശ്വാസി.

കരുത്തും കാഴ്ചയുമുള്ളവര്‍ പോലും പുറന്തള്ളപ്പെടുന്ന പ്രവാസലോകത്ത് ഒരാള്‍ കാഴ്ചയില്ലാതെ മൂന്ന് പതിറ്റാണ്ടിലേറെ കാലം ഒരേ സ്ഥാപനത്തില്‍ എങ്ങനെ ജോലി ചെയ്തുവന്നതു മാത്രമല്ല, അദ്ദേഹം എങ്ങനെ സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് സ്വീകാര്യനായി എന്നതും എക്കാലത്തേക്കും പ്രവാസികള്‍ക്ക് പഠനാര്‍ഹമാണ്. ഗള്‍ഫിലെ ശൈഖുമാര്‍ക്ക് ഇപ്പോള്‍ മലയാളികളില്‍ പണ്ടത്തെ പോലെ വിശ്വാസമില്ലെന്ന പരാതി വ്യാപകമാണ്. അനേകം സാമ്പത്തിക തിരിമറികളിലൂടെയും ഒളിച്ചോട്ടത്തിലൂടെയും നാം നേടിയെടുത്തതാണിത്.
ജിദ്ദ ഖാലിദ്ബ്‌നു വലീദ് റോഡില്‍ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വില്‍ക്കുന്ന ഡെന്റല്‍ മെഡിക്കല്‍ സ്റ്റോറിലാണ് ഉമറിന്റെ ജോലി. അവിടെ ചെന്നപ്പോള്‍, കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകാനിരുന്ന ഉമറിനെ ജിദ്ദയില്‍തന്നെ പിടിച്ചുനിര്‍ത്തിയ കഫീലിന്റെ മകന്‍ മാസിം മഅ്‌റൂഫിനയാണ് കണ്ടത്. ഉമറിനെ കുറിച്ച് ചോദിച്ചപ്പോള്‍ അറബിയിലും ഇംഗ്ലീഷിലുമായി വിവരിക്കാന്‍ അദ്ദേഹത്തിനു നൂറു നാവ്. അതൊക്കെ ശരിവെച്ചുകൊണ്ട് മറ്റൊരു ഉദ്യോഗസ്ഥനായ സുഡാന്‍ സ്വദേശി അന്‍വറും.
വിസ്മയ ജീവിതം നയിക്കുന്ന ഉമര്‍ എന്റെ ചിന്തകളിലേക്ക് കടന്നുവന്നതും എന്നെ പ്രചോദിപ്പിച്ചതും മറ്റൊരു സംഭവത്തിലൂടെയാണ്. ജിദ്ദയിലെ അരങ്ങ് കലാസാഹിത്യവേദി എനിക്ക് നല്‍കിയ പുരസ്‌കാരം സമ്മാനിച്ചത് ഇദ്ദേഹമായിരുന്നു. സര്‍ഗ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നതും അന്നു തന്നെ.
കലാസാഹിത്യ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം ഇഷടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉമര്‍ വായനയുടെ നഷ്ടത്തെ എങ്ങനെയാവും ഇപ്പോള്‍ അതിജീവിക്കുന്നുണ്ടാവുക. ചോദ്യം ന്യായമാണ്. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരക ശിലകളാണ് അദ്ദേഹം അവസാനമായി വായിച്ച പുസ്തകം. ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യുന്ന ടി.വി പരിപാടികള്‍ കേള്‍ക്കുന്നു. പ്രത്യേകിച്ച് പ്രകൃതിയും ചരിത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍. വാര്‍ത്താധിഷ്ടിത പരിപാടികള്‍ കുറവാണെങ്കിലും അദ്ദേഹം ഉന്നയിക്കുന്ന ഒരു ചോദ്യം പ്രവാസി സമൂഹത്തിനുനേരെ തുറന്നുവെച്ചിരിക്കുന്ന മനസ്സിന്റെ പ്രതിഫലനമാണ്.
“ഇവിടെ മരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ എന്തുകൊണ്ട് വിമാനക്കമ്പനികള്‍ ഭീമമായ ഈടാക്കുന്നു? എന്തുകൊണ്ട് നമ്മുടെ സംഘടനകള്‍ ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരുന്നില്ല?”
കാഴ്ചയുടെ ലോകവും കാഴ്ചയില്ലാത്ത ലോകവും കണ്ടയാളാണ് ഉമര്‍. അദ്ദേഹത്തോട് അതൊന്നു താരതമ്യം ചെയ്യാന്‍ പറഞ്ഞുനോക്കി. അതൊരിക്കലും സാധ്യമല്ലെന്ന് മറുപടി. ശരിയാണ്, ജന്മനാ കാഴ്ചയില്ലാത്തയാളുമായി പിന്നീട് കാഴ്ച നഷ്ടപ്പെടുന്നയാളെ ഒരിക്കലും താരതമ്യം ചെയ്യാനാവില്ല. അതറിയാന്‍ നമ്മള്‍ ഒരു മിനിറ്റ് കണ്ണടച്ചു പിടിച്ചാല്‍ മാത്രം മതി.
സൗദിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസിന്റെ എഡിറ്ററാണ് ലേഖകൻ