അമ്മ യാത്ര പോയതിനു ശേഷം ആദ്യമായി എഴുതാൻ ഇരിക്കുകയാണ്. എഴുതാൻ പറ്റുമോ? അറിയില്ല. എന്നാലും തുനിയുകയാണ്.

ഈ ഭൂമിയിലേക്ക് വന്നു പെട്ടപ്പോൾ ആദ്യമായി അടുത്തറിഞ്ഞ അനുഭൂതി ആയിരുന്നു അമ്മ. ഞാൻ ഒരു കൈകുഞ്ഞിൽ നിന്നും പിച്ചവെച്ചു നടക്കുന്ന ഒരു കുട്ടിയായും, ലോകത്തെ തെല്ലു ഭയത്തോടെ വീക്ഷിച്ചിരുന്ന ഒരു കൗമാരപ്രായക്കാരിയായും, പിന്നീട് ലോകം മുഴുവൻ കാണണമെന്ന ജ്വരം തലയ്ക്കു പിടിച്ച യുവതിയായും , പ്രസവാനന്തരം സൃഷ്ടിയുടെ ഭംഗി എൻ്റെ കൈകളിൽ കിടന്ന കുഞ്ഞിൽ ദർശിച്ച് ഒരു അമ്മയായും മാറിയപ്പോൾ ഒക്കെ, എൻ്റെ അമ്മ എന്ന വ്യക്തി ഈ ഒരു പരിണാമ പ്രക്രിയക്ക് അതീതമായി നില കൊണ്ടിരുന്നു.

അമ്മ ചിലപ്പോൾ ഒരു കൊച്ചു കുഞ്ഞായിരുന്നു- ഒരുപാട് വാശി പിടിക്കുന്ന, പറഞ്ഞാൽ കേൾക്കാൻ ഇഷ്ടമല്ലാത്ത ഒരു കൊച്ചു കടുംപിടുത്തക്കാരി കുഞ്ഞ്. ചിലപ്പോൾ അതിഗാംഭീര്യത്തോടെ ജീവിത തത്ത്വങ്ങളെ കുറിച്ചും ആത്മീയതയെ കുറിച്ചും ഗൃഹസ്ഥ ആകുമ്പോഴും ജീവിതം ധ്യാനാത്മകമാക്കുന്നതിനെ പറ്റിയും ഒക്കെ പറഞ്ഞു തരുന്ന ഒരു ഗുരുവായി മാറുമായിരുന്നു. ചിലപ്പോഴോ, രസകരമായ രഹസ്യങ്ങൾ പങ്കു വെക്കുന്ന തമാശക്കാരിയായ ഒരു കൂട്ടുകാരി. ചിലപ്പോൾ അമ്മയുടെ തനതായ, ഒരു തരി അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാത്ത, സത്യമെന്ന നനുത്ത നൂൽപ്പാലത്തിലൂടെ നടക്കുമ്പോൾ, വഴി തെറ്റി നുണകളുടെ കുത്തൊഴുക്കിലേക്ക് സ്വമേധയാ ഞാൻ വീഴാൻ തുനിയുമ്പോൾ അടിസ്ഥാനം ഇളകും വരെ ശകാരിക്കുന്ന നരസിംഹമൂർത്തിയായി ഒക്കെ അമ്മ മാറുമായിരുന്നു . പറയുന്നത് ഉണ്മയായിരിക്കണം, പറച്ചിലും പ്രവൃത്തിയും തമ്മിൽ അന്തരം പാടില്ല, മനസ്സ് പോലെ തെളിഞ്ഞിരിക്കണം വാക്കുകളും, അങ്ങനെ എന്തെല്ലാം പഠിപ്പിച്ചു… എന്തിനു പറയുന്നു, ഓരോ ദിവസവും ഓരോ അദ്ധ്യായം ആയിരുന്നു. ഞാനെത്ര സ്വായത്തമാക്കി എന്നുള്ളത് കണ്ടറിയണം. എന്നാലും, എനിക്കൊരു ഗുരു എപ്പോൾ വരുമെന്നുള്ള എൻ്റെ കുഞ്ഞിലേ ഉള്ള ചോദ്യത്തിന് എപ്പോഴും ഒരു പുഞ്ചിരി മാത്രമായിരുന്നു അമ്മയുടെ ഉത്തരം. ഇന്നെനിക്കറിയാം – ആദ്യ ഗുരു അമ്മ തന്നെ ആയിരുന്നുവല്ലോ!

ashita ,uma praseeda ,memories

അഷിത, ഉമ

ഗുരു നിത്യ എന്ന എന്‍റെ സ്വാമി ഇടയ്ക്കു എഴുതിയിരുന്നു – അവിടെ അമ്മ കുഞ്ഞും മകൾ അമ്മയുമാണെന്ന്. ചിലപ്പോൾ അങ്ങിനെയും ആയിരുന്നു. ഞങ്ങൾ അനോന്യം അമ്മ- മകൾ എന്ന റോളുകൾ മാറി മാറി കളിച്ചു.

കാലചക്രം തിരിയുന്നതിനനുസരിച്ചു ഞാനും – അല്ല ഞങ്ങളും വളർന്നു. പഠിച്ചു ഉദ്യോഗം നേടി സ്വന്തം കാലിൽ നിന്നപ്പോൾ അമ്മയിലെ ഒരംശമാണ് ലോകം കൈയ്യടക്കിയതെന്ന പോലെ അമ്മയും ആനന്ദിച്ചു. ജോലിക്കായി കുറച്ചകന്നു നിന്നപ്പോഴും അമ്മയുടെയും എൻ്റേയും നടുവിൽ ദൂരം കൂടിയെന്ന് തോന്നിയില്ല. അദൃശ്യമായ ചിറകിനടിയിൽ കാത്തു സൂക്ഷിച്ചിരുന്ന എന്നെ ലോകത്തെ തൊട്ടറിയുവാനായി കൂട്ടിൽ നിന്നും പറത്തി വിടാൻ അമ്മ തെല്ലും മടിച്ചില്ല. അമ്മക്ക് കൂട്ടിനു അപ്പോഴും പുസ്തകങ്ങൾ ഉണ്ടായിരുന്നുവല്ലോ. എഴുത്തും.

അങ്ങനെയിരിക്കുമ്പോഴാണ് ഞങ്ങളുടെ ഇടയിലേക്ക് കാൻസർ എന്ന ഭീകരൻ വന്നത്.
കാൻസർ – ഏഴു കൊല്ലം മുൻപ് മൂന്ന് പേരടങ്ങുന്ന ഞങ്ങളുടെ കൊച്ചു കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്നു കയറിയ ഒരു അതിഥി; എപ്പോഴും ജീവിതചര്യയിൽ കേട്ടു എന്ന് നടിച്ചു കണ്ണടച്ചിരുന്ന ഒരു പേടിസ്വപ്നം. എന്തിന്, എന്ത് ചെയ്തിട്ട്, എന്ത് ശിക്ഷയായി വന്നു എന്ന് എല്ലാവരും നെഞ്ചത്തടിച്ചു പൊട്ടിക്കരയാറുള്ള അതേ പുരാതനമായ കാൻസർ .
കുറേ അധികം സ്ഥലങ്ങളിൽ എന്തൊക്കെയോ കാണുന്നു എന്നും സർജറി ചെയ്തു മാറ്റണമെന്നും ഡോക്ടർ പറഞ്ഞപ്പോ ഒരു ഓപറേഷൻ താങ്ങാൻ അമ്മക്കും ഞങ്ങള്കും ശക്തി കാണുമോ എന്നറിയാതെ ഞാൻ വ്യാകുലപ്പെട്ടു. ഓപറേഷൻ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുമ്പോൾ ചുറ്റുമുള്ള ശബ്ദങ്ങൾ മറഞ്ഞു ഒരിക്കലും വരാത്ത ഒരു ട്രെയിനിനായി ഒറ്റയ്ക്ക് സ്റ്റേഷനിൽ കൂട്ടാകൂരിരുട്ടിൽ കാത്തിരിക്കുന്ന പ്രതീതിയിൽ ആയിരുന്നു ഞാനും അച്ഛനും. എപ്പോഴായാലും വേണ്ടില്ല, ഡോക്ടർ വന്നിട്ട് ‘കുഴപ്പമൊന്നുമില്ല’ എന്ന വാക്ക് പറഞ്ഞാൽ മതിയെന്നായി. ഏറെ നീണ്ട സർജറിക്ക് ശേഷം വന്ന ഡോക്ടറുടെ മുഖഭാവം – എല്ലാം വ്യക്തമാക്കി. വേണ്ട വേണ്ട എന്ന് മനസ്സിൽ പ്രാർത്ഥിച്ച അതേ കാര്യം – ബയോപ്സി പിന്നെ മിക്കവാറും കീമോതെറാപ്പിയും.

ഒരു മരുഭൂമിയിലേക്ക് തള്ളി വിട്ട പോലെ ആകെ മരിച്ച മനസ്സും തളർന്ന ശരീരവും ആയി ഞാൻ കാൻസറിനെ മുഖാമുഖം കണ്ടു. എൻ്റെ തന്നെ ഏതോ ഭാഗമാണ് ഓപറേഷൻ തീയറ്ററിൻ്റെ ഉള്ളിൽ കിടന്നിരുന്നത് ! കാൻസർ ആക്രമിച്ചു കീഴടക്കിയ അമ്മ എന്ന ഭാഗം. ഒരു ഭാഗം മാത്രമാണോ? എൻ്റെ ആത്മാവ്, ജീവൻ – ഞാൻ പിറവിയെടുത്ത എൻ്റെ സൂപ്പർ സെറ്റ്. സംശയമെന്ത് – അത് എന്നിലേക്കും വ്യാപിക്കും, ശരീരത്തെ അല്ലെങ്കിലും എൻ്റെ മനസ്സിനെയും കീഴടക്കുമായിരുന്നു.

ഓപറേഷൻ കഴിഞ്ഞു ഉരുട്ടി കൊണ്ട് വന്നു കട്ടിലിലേക്ക് മാറ്റിയ അമ്മയുടെ രൂപം ഞാൻ ഒരിക്കലും കാണാത്തത് ആയിരുന്നു. യുദ്ധത്തിൽ മുറിവേറ്റ മരണാസന്നനായ ഒരു പോരാളി… ആത്മാവ് ആകെ കൂടി ആ കണ്ണുകളിൽ ഒരറ്റത്ത് ചുരുണ്ട് കൂടി കിടക്കുന്നു !
ഉമേ എന്ത് ജീവിതത്തിൽ ഇല്ലെങ്കിലും ഉണ്ടായിരിക്കേണ്ടത് നിനക്ക് ധൈര്യമാണ് എന്ന് പറഞ്ഞിരുന്ന അതേ അമ്മ !

ഒരേ റൂമിൽ രണ്ടു രോഗികളെ കിടത്തിയിരുന്നു – നടുവിൽ ഒരു കർട്ടൻ മാത്രം. ആകെ മൊത്തം സമരം… മുറി ഇല്ല, നേഴ്സ് ഇല്ല… അപ്പുറത്തെ വയസ്സായ അമ്മയെ ഒരുപാട് കുഞ്ഞു രോഗങ്ങൾ കാരണം കൊണ്ടു വന്നിരിക്കുകയാണ്. അവിടെ കാണാൻ വരുന്നവരൊക്കെ ഇങ്ങോട്ട് എത്തി നോക്കി മുഖം താഴ്‌ത്തി ദുഃഖം അനുശോചിച്ചു കടന്നു പോയ്‌ക്കൊണ്ടിരുന്നു .

ashita ,uma praseeda ,memories

കുടുംബവുമൊത്ത് അഷിത

ഒരാഴ്ചക്കുള്ളിൽ അപ്രതീക്ഷിതമായി അപ്പുറത്തെ അമ്മ മരിച്ചു. ന്യുമോണിയ അവരെ കീഴടക്കി. കാൻസർ കൊണ്ടു പോകുന്നതിലും വേഗത്തോടെ പെട്ടെന്ന് ഞങ്ങളുടെ മുറിയിലെ ഒരു പകുതി ആൾക്കാരും സാമാനങ്ങളും ഞങ്ങളുടെ കണ്മുൻപിൽ ഒഴിഞ്ഞു… ‘അമ്മേടെ അസുഖം ഭേദമാകുംട്ടോ ധൈര്യമായിരിക്ക്‌’ എന്നാശ്വസിപ്പിച്ച അപ്പുറത്തെ അമ്മയുടെ മകളെ ഞാൻ ആശ്വസിപ്പിക്കേണ്ടി വന്നു… അവർ കിടന്ന കട്ടിൽ വൃത്തിയാക്കിയ ജീവനക്കാരിയുടെ അചഞ്ചലമായ ഭാവഭേദമില്ലാത്ത മുഖം ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. നമ്മുടെ ജനനം മരണം എന്നിവ ഒന്നും ലോകത്തിനു ബാധകം അല്ല… എങ്ങിനെയായാലും അത് മുന്നോട്ടു പോകും… സമയം ആർക്കും കാക്കാത്ത പോലെ. ‘പ്പ്രെഡിക്ട്ടബിലിറ്റി’ എന്നൊന്നില്ല. പ്രത്യേകിച്ച് രണ്ടു രോഗങ്ങൾ തമ്മിൽ… ആരു ആദ്യം മരണത്തെ സല്കരിക്കും എന്നതിൽ.

അമ്മയുടെ ശരീരത്തിലെ ആ ഭീകരനെ കണ്ടുപിടിച്ച ശേഷം ഇപ്പോൾ കൊല്ലം ഏഴു തികഞ്ഞു . ഇതിനിടയിൽ എത്ര ഓപ്പറേഷനുകൾ, എത്ര കീമോകൾ, എത്ര ദുരിതങ്ങൾ. ഇന്നമ്മയുടെ മരണം കാൻസർ കൊണ്ടാണോ എന്ന് ചോദിച്ചാൽ എനിക്കുത്തരമില്ല. അവസാനത്തെ രണ്ടു ആഴ്ചകൾക്കു മുൻപ് വരെ കാൻസർ താവളം പിടിച്ച അവയവങ്ങളൊക്കെയും അതിനെ സൃഷ്‌ടിച്ച രീതിയിൽ തന്നെ, അതിൻ്റെ സ്വാഭാവികമായ രീതിയിൽ തന്നെ പ്രവർത്തിച്ചിരുന്നു. മനസ്സിലെ കരുത്തോ ? അതിനെ പറഞ്ഞറിയിക്കാൻ എനിക്കു വാക്കുകൾ കിട്ടില്ല. വേദന സംഹാരികൾ അമ്മക്ക് ഇഷ്ടമല്ലായിരുന്നു – ഒരു ഗുളികയും ഇഷ്ടമല്ലായിരുന്നു. അത് കൊണ്ട് തന്നെ വേദന എത്രയായാലും ഒരു അര പൊട്ട് പനി ഗുളിക കഴിച്ച് എല്ലാം സഹിക്കും.
ഒരു മുറിയിൽ, ഒരു കട്ടിലിൽ, ഒരു ഓരം ചേർന്നമ്മ കിടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. ക്യാൻസറിൻ്റെ ഓരോ ഘട്ടത്തിലും ഓരോ തരത്തിലുള്ള പരീക്ഷണങ്ങൾ -ഭക്ഷണത്തെ വെച്ചും ദൈനം ദിനചര്യകളെ  വെച്ചും ചെയ്തു. ‘എഴുതാനായി ഇരിക്കാൻ വയ്യ ഉമെ’ എന്ന് പറഞ്ഞപ്പോൾ ‘അമ്മക്ക് അതിനു രണ്ടു കൈ അല്ലല്ലോ നാല് കൈകൾ ഇല്ലേ… എൻ്റെ കൈകൾ ഇപ്പോഴും ചലിക്കുന്നുണ്ട്’ എന്ന് പറഞ്ഞു ചിരിച്ചതും ഇന്നലെ എന്ന പോലെ.

പക്ഷേ എനിക്കമ്മയെ നോക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അതും ഒരേ ഒരു പ്രശ്നം കൊണ്ട് മാത്രം. ആരെയും ബുദ്ധിമുട്ടിക്കില്ല എന്ന് കർണ്ണ ശപഥം എടുത്ത ഒരാൾ രോഗി ആയാൽ പിന്നെ നോക്കാൻ വെമ്പി നിൽക്കുന്നവർ പെട്ട് പോയില്ലേ… രോഗത്തിൻ്റെ അസ്വസ്ഥതകൾ, ഓരോ ടെസ്റ്റ് റിസൾട്ട് കാത്തിരിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘട്ടനങ്ങൾ… ഇടക്കിടക്ക് വഴി മുട്ടി നിന്ന് പോകുന്ന ഒരു തരം ഡെഡ് എൻറ്റുകൾ – ഇതിനേക്കാൾ ഒക്കെ പ്രശ്നമുണ്ടായിട്ടുള്ളത് എൻ്റെ ബുദ്ധിമുട്ടുകൾ ആലോചിച്ച് സ്വയം ബുദ്ധിമുട്ടാൻ തീരുമാനിക്കുന്ന അമ്മയുടെ കുട്ടി വാശികൾ കൊണ്ടാണ്.

പിന്നെയും ഓരോ തടസ്സങ്ങൾ നേരിടുമ്പോഴും അവിടുന്ന് ക്യാന്സറിനെ വെട്ടിച്ച് വീണ്ടും ജീവിതം വെട്ടിപ്പിടിച്ച ഘട്ടങ്ങൾ… ഏഴു കൊല്ലം അല്ല… ഏഴു ജന്മങ്ങൾ പോലെ ആയിരുന്നില്ലേ അത് .ashita ,uma praseeda ,memories

എപ്പോഴോ അടി തെറ്റി ഈ യുദ്ധത്തിൽ ഞാൻ വീഴുമെന്നായപ്പോൾ, ഒരു സഹായത്തിനു ദൈവത്തോട് മുട്ടുകുത്തി പ്രാർത്ഥിച്ചത് എനിക്കോർമ്മയുണ്ട്. അമ്മയെ എൻ്റെ അരികിലേക്ക് തിരിച്ചു കൊണ്ട് വരാൻ കെല്പുള്ള ഏതെങ്കിലും ഒരു ആത്മാവ് എവിടെയെങ്കിലും ഉണ്ടെങ്കിൽ എൻ്റെ ഉള്ളിൽ വന്നു ജനിക്കണേ എന്ന് ഞാൻ കെഞ്ചി. ഫലമെന്നോണം ജനിച്ച കുഞ്ഞു, അമ്മയുടെ മുഴുവൻ സമയവും എടുത്തു. അവളുടെ അവകാശം പോലെ. അമ്മൂമ്മ ഇല്ലാതെ ഉണ്ണില്ല, അമ്മൂമ്മ ഇല്ലാതെ ഉറങ്ങില്ല എന്ന് വാശിപിടിച്ച എൻ്റെ കുഞ്ഞു ! ക്യാന്സറിന് പോലും അടിയറ വയ്ക്കാൻ സമയമില്ലാതെ അമ്മ കുഞ്ഞിൽ മുഴുകി. അങ്ങനെ അവളുടെ ദാനമായി അമ്മയുടെ ആയുസ്സിലെ മൂന്ന് കൊല്ലം.

അവളെ പോലെ വാശി പിടിക്കുന്ന കുറെ വലിയ കുഞ്ഞുങ്ങളും അമ്മയുടെ അടുക്കലേക്ക് ഓടി എത്തി .

അവർ അമ്മയെ കുറിച്ച് കൃതാർത്ഥരായി ഇന്ന് എന്നോട് പറയുമ്പോൾ, എനിക്കവരോട് നന്ദി മാത്രമേ പറയാനുള്ളു . അമ്മയെ അസുഖത്തിൽ നിന്ന് പിടിച്ചു നിർത്താൻ, അമ്മയെ വേണം എന്ന് പറയുന്ന അവരില്ലെങ്കിൽ, എന്നേ എൻ്റെ അമ്മ കർപ്പൂരം പോലെ ഒന്നും അവശേഷിപ്പിക്കാതെ മറഞ്ഞു പോയേനെ. ജീവിതവും മരണവും മുറി മാറൽ മാത്രമാണെന്ന് അറിയുന്നവരെ എന്ത് ചെയ്തിട്ടാണ് ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുക ! കാന്സറുമായുള്ള യുദ്ധത്തിൽ എൻ്റെ വശത്തു അണിനിരന്നവർ അങ്ങിനെ അനവധി. അവരോടൊക്കെയുള്ള കടം ഞാൻ എങ്ങിനെ വീട്ടുമെന്ന് എനിക്ക് തന്നെ അറിയില്ല.

ഇന്ന് ഇവിടെ വരെ എഴുതി എത്തുമ്പോൾ അമ്മയുടെ യാത്ര തുടങ്ങിയ ദിവസങ്ങൾ മുന്നിൽ തെളിയുന്നു. ശാരീരികമായ ബുദ്ധിമുട്ടുകൾ കൂടുമ്പോൾ ഒരു വേദന സംഹാരി പോലും കഴിക്കാതെ, എനിക്ക് പഴയ മോഡിൽ തിരിച്ചെത്തണം എന്ന് വാശി പിടിക്കുന്ന ഒരു യോദ്ധാവ്. ആ ഹൃദയം നിറച്ച് അത്രക്കും അതിജീവിക്കാനുള്ള ത്വര ആയിരുന്നു. ജീവിതം തന്നെ അതിജീവനമായിരുന്നവർക്ക് അങ്ങിനെ ആയിരിക്കുമോ ? അറിയില്ല.

ദേഹം വല്ലാതെ തളരുമ്പോൾ ‘അമ്മെ കൊണ്ടാവില്ല’’എന്ന് ഞാൻ പറയുമ്പോഴൊക്കെ ചുട്ട നോട്ടത്തിൽ എന്നെ ദഹിപ്പിച്ചിരുന്ന ധൈര്യത്തിൻ്റെ കെടാത്ത തിരിനാളം ഉണ്ടായിരുന്നു അമ്മയുടെ ഉള്ളിൽ. ശരീരത്തിൽ ക്യാന്സറിന്റെ ചുഴലിക്കാറ്റുകൾ എത്ര നാശം വിതച്ചിട്ടും അണയാത്ത ആ വെളിച്ചം. അത് എത്ര എന്നെ ഉരുക്കി ! അമ്മയുടെ ബുദ്ധിമുട്ടുകൾ താങ്ങാനാവാതെ ഓടിയകന്നു ഒളിച്ച് വിങ്ങി പൊട്ടിക്കരഞ്ഞു തീർത്തിട്ടുണ്ട്. ഒരു നുള്ളു വേദന പോലും എനിക്കെടുക്കാനായില്ലല്ലോ എന്നോർത്ത് . ശ്വാസകോശമോ കരളോ പകുത്ത് തരാൻ കഴിയാഞ്ഞിട്ട്… ഇനി ആ ശരീരത്തിൽ അമ്മക്ക് തുടരുക സാധ്യമല്ലാതായി തുടങ്ങി എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അവസാനത്തെ രണ്ടു ദിവസങ്ങളിൽ വേദന അസാധ്യമാകുമ്പോൾ അമ്മ, ‘ഉമേ എനിക്ക് പോകേണ്ടി വരും, താങ്ങാൻ പറ്റുന്നില്ല’ എന്ന് പറയുമായിരുന്നു. ചിലപ്പോൾ കുഞ്ഞുങ്ങളെ പോലെ ‘എന്നോട് ദേഷ്യമാണോ’ എന്നും അമ്മ ചോദിച്ചിരുന്നു. ‘സാരല്യ സാരല്യ’ എന്ന് മാത്രമേ എൻ്റെ നാവ് ചലിച്ചുള്ളു. ഞാൻ ആലോചിച്ചു – വിയോഗം അനിവാര്യമാണ്. താങ്ങാനാകുമോ ? എങ്ങിനെ ?ashita ,uma praseeda ,memoriesഅവസാനം ബോധം ഇടയ്ക്കു മറഞ്ഞു പോകാൻ തുടങ്ങിയപ്പോഴും ആരെ കണ്ടാലും ഞാനാണെന്ന് അമ്മ തെറ്റിദ്ധരിക്കാൻ തുടങ്ങി. ബോധത്തിനും അബോധത്തിനും ഇടയിലുള്ള ആ വഴി തെറ്റി നടക്കലിലും അമ്മ എന്നെ ഓർത്തുവല്ലോ ! അതിനും നിറഞ്ഞൊഴുകി കണ്ണുകൾ. അപ്പോഴും ഉള്ളിൽ നിന്നും ‘സാരല്യ’ എന്നല്ലാതെ ഒന്നും വന്നില്ല. ഇരുട്ടത്തും അമ്മയുടെ ആ വിറയ്ക്കുന്ന കൈകൾ ഉയർന്നു ചുറ്റിനുമുള്ള കൈകൾ തൊട്ടു നോക്കിയിരുന്നു… എൻ്റെ കൈകൾ തപ്പുകയായിരുന്നോ ? അറിയില്ല. അവസാനം മിടിപ്പ് കുറയുന്നത് കണ്ടു ആശുപത്രിയുടെ ആംബുലൻസിലേക്ക് താങ്ങി കയറ്റുമ്പോൾ ആണ് ആശുപത്രി കാണാൻ ഇഷ്ടമല്ലാത്ത ആ കണ്ണുകൾ ‘ഇനി ഒന്നും കാണണ്ട’ എന്ന ശാഠ്യത്തോടെ ദേഷ്യത്തോടെ അനന്തതയിലേക്ക് തുറിച്ചു നോക്കുവാൻ തുടങ്ങിയത്.

ഉറ്റവർ അടുത്തിരിക്കാൻ പാകത്തിന് അടിയന്തിര ശ്രുശൂഷക്കേ സാധ്യതയുള്ളൂ എന്ന് തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടർ പറഞ്ഞപ്പോൾ ലോകത്തിലെ പ്രത്യാശയുടെ അവസാനത്തെ മഞ്ഞുമല ഉള്ളിൽ മുങ്ങി തീരുന്നതു ഞാൻ അറിഞ്ഞു. ശ്വാസം കിട്ടാൻ എളുപ്പത്തിനു ഓക്സിജൻ മാസ്ക് വെച്ച് കൊടുത്തപ്പോൾ അബോധാവസ്ഥയുടെ ആഴങ്ങളിൽ നിന്ന് നീന്തി കുതിച്ചുയർന്നു വിറയ്ക്കുന്ന കൈകൾ കൊണ്ട് കൃത്യമായി ഉന്നം പിഴക്കാതെ അത് വലിച്ചൂരി എറിയാൻ അമ്മ ശ്രമിക്കുന്നത് ഞാൻ കണ്ടു.

‘അമ്മെ’ എന്ന് കാതിൽ മന്ത്രിച്ചപ്പോൾ ഉള്ളിൽ ഏതോ ഗുഹയിൽ നിന്നെന്ന പോലെ മൃദുലമായി ‘ആ’ എന്ന് വിളി കേട്ടു അമ്മ. ശ്വാസം നേരെ ആക്കാനാണ് ആശുപത്രിയിൽ കൊണ്ട് വന്നതെന്നും ശരിയായി കഴിഞ്ഞാൽ തിരിച്ചു പോകാമെന്നും അവസാനമായി ഞാനൊരു കല്ല് വച്ച നുണ പറഞ്ഞു. കല്ല് വച്ച നുണകൾ ഞങ്ങൾ തമ്മിൽ ആദ്യമായൊന്നുമായിരുന്നില്ലല്ലോ ! അത് മനസ്സിലായിട്ടും അമ്മ വീണ്ടും മൂളി, എന്നെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം.

അധിക നേരം പിടിച്ചു നിൽക്കാനുള്ള അവസ്ഥ ഉണ്ടാവില്ല എന്ന് സിസ്റ്റർമാർ പറഞ്ഞപ്പോഴും ഞാൻ അമ്മയുടെ ബുദ്ധിമുട്ടുകൾ കുറയുന്നതറിഞ്ഞ് ശാന്തയായി. വെള്ളം പകർന്നു കൊടുത്തിറക്കാൻ പറഞ്ഞപ്പോൾ അമ്മ അനുസരണയോടെ ഇറക്കി. ദേഹം എന്നെന്നേക്കുമായി പണിമുടക്കിലേക്ക് ഇറങ്ങുകയാണ് എന്നറിഞ്ഞെങ്കിലും ആരുമില്ലാത്തപ്പോൾ സ്വാർത്ഥതയുടെ കൊള്ളിയാൻ മനസ്സിനെ കീറിമുറിച്ചപ്പോൾ ഒരു ദുർബ്ബല നിമിഷത്തിൽ കാതിൽ ചെന്ന് ഞാൻ മന്ത്രിച്ചു: ‘അമ്മെ , തിരിച്ചു വരാമോ ? എനിക്ക് വേണ്ടി ? എൻ്റെ അടുത്തിത്തിരി സുഖമായിരിക്കാൻ ?’ കാലൊന്നു അനങ്ങി. കുറച്ചൊക്കെ മിടിപ്പും ശ്വാസകോശത്തിലേക്കുള്ള ഓക്സിജൻ്റെ അളവും കൂടി. പ്രഷർ അളക്കാം എന്നായി. പിന്നെ ആ കണ്ണുകൾ നോക്കിയപ്പോൾ ഞാൻ അറിഞ്ഞു, ലോകത്തിൽ ഉള്ള എല്ലാ സങ്കടങ്ങളും നിറച്ച് അകലേക്ക് നോക്കി കിടക്കുന്ന അവയിൽ ജീവസ്സു കുറഞ്ഞു തുടങ്ങി എന്ന്. ‘അമ്മെ’ എന്ന് വിളിക്കുമ്പോൾ ഹൃദയം കേൾക്കുന്നുണ്ടെങ്കിലും, ചൈതന്യം മെല്ലെ വിട വാങ്ങുകയായിരുന്നു. രാത്രി വരെ പ്രഷറും ഓക്സിജൻ അളവും ഒക്കെ വ്യതിയാനമില്ലാതെ നോർമൽ ആയി തുടർന്നു.ashita ,memories, priya a s

കുറെ ദിവസങ്ങളായി ഉറങ്ങാത്തതു കൊണ്ട് ഉറങ്ങിയില്ലെങ്കിൽ വീഴുമെന്ന ഗതി ആയിരുന്ന ഞാൻ ഒരു മണിക്കൂറിലേക്ക് അലാറം വച്ച് അർധരാത്രി ഉറങ്ങാൻ പോയി, ഒബ്സെർവഷൻ വാർഡിൻ്റെ അടുത്തുള്ള മുറിയിൽ. അലാറം അടിക്കാതെ ഉണരുന്ന പ്രശ്നമുണ്ടായിരുന്നില്ല. അത്ര തളർന്നിരുന്നു ഞാൻ. മരണം വരുന്നുണ്ട് വരുന്നുണ്ട് എന്ന ചുവന്ന സിഗ്നലുകൾ ചുറ്റിനും. വെളുപ്പിന് ഒരു മണിക്ക് അലാറം വെച്ച് അന്തം വിട്ട് ഉറങ്ങിയ ഞാൻ പന്ത്രണ്ടേ മുക്കാൽ ആയപ്പോൾ ചാടി എഴുന്നേറ്റു. മെല്ലെ വസ്ത്രങ്ങൾ മാറി, അമ്മയുടെ അടുക്കലേക്കു ചെന്നു. മനസ്സിൽ ഒരു ആന്തലും ഉണ്ടായിരുന്നില്ല. ചെന്നപ്പോഴും അമ്മ അതേ അവസ്ഥ തന്നെ. കണ്ണുകളിൽ ജീവനില്ല. പിന്നെവിടൊക്കെയോ ഉണ്ട് താനും. വിളിച്ചു നോക്കി, കേൾക്കുന്നില്ല. കസേരയിൽ പോയിരുന്നപ്പോൾ ഒരു അഞ്ചു മിനിറ്റിനുള്ളിൽ ശ്വാസം എടുക്കുന്ന അളവ് കുറഞ്ഞു തുടങ്ങി. വേണ്ടാതെ ശ്വസിക്കുന്ന പോലെ ഓരോ ശ്വാസനിശ്വാസങ്ങൾ തമ്മിലുള്ള ദൈർഘ്യവും അമ്മ കൂട്ടി കൊണ്ട് വന്നു. നഴ്സുമാർ ജീവൻ്റെ എല്ലാ സിഗ്നലുകളും കാണുന്ന യന്ത്രങ്ങൾ ഘടിപ്പിച്ചു തുടങ്ങി. അഞ്ചു മിനിറ്റിനുള്ളിൽ ഓരോ മുറിയിലെയും ലൈറ്റ് ഓഫ് ആക്കി വീട് പൂട്ടി പോകുന്ന പോലെ, അമ്മ യാത്രയായി. ഒരു വലിവുമില്ലാതെ, ഒരു ബഹളവുമില്ലാതെ… ഒരു പൂവ് കൊഴിഞ്ഞു വീഴുന്ന അതേ ലാഘവത്തോടെ, അതേ ഭംഗിയോടെ …

ജനനം പോലെ മരണവും ഇത്ര സുന്ദരമാണെന്നു ആദ്യമായി ഞാൻ കണ്ടു. കാതിൽ ‘ഓം’ ചൊല്ലി കാൽക്കൽ തല വെച്ച് അനുഗ്രഹം വാങ്ങി അവിടെ നിന്നിറങ്ങുമ്പോൾ, ഞാൻ ശാന്തയായിരുന്നു. അമ്മ ശാന്തതയിലേക്ക് പോകുന്നത് നേരിൽ കണ്ടത് കൊണ്ടാവാം. അമ്മയുടെ ബുദ്ധിമുട്ടുകൾ കണ്ടു പൊട്ടി കരഞ്ഞിരുന്ന എൻ്റെ കണ്ണുകളിൽ നിന്ന് പിന്നീട് കണ്ണുനീർ തുള്ളികൾ ഉതിർന്നു വീഴാതെ ആയി. അമ്മ എന്തോ തന്നിട്ട് പോയി എന്ന് തോന്നുന്നു. ശാന്തത, മനക്കരുത്ത്- അങ്ങിനെ എന്തോ.

എപ്പോഴും അമ്മ പറയുമായിരുന്നു :’എന്തൊക്കെയായാലും ശരി, ഞാൻ പോകുമ്പോൾ നീ അലമുറയിട്ട് കരഞ്ഞ് എന്നെ തിരിച്ചു വിളിക്കരുത്… നീ വിളിച്ചാൽ എനിക്ക് വരേണ്ടി വരും.’ എന്നിൽ നിന്ന് അങ്ങനൊരു വാക്ക് വാങ്ങിച്ചതു കൊണ്ടാണ്, പതിയെ കാതിൽ ഒരിക്കൽ തിരിച്ചു വിളിച്ചെങ്കിലും ഞാൻ പോയി വീണ്ടും കാതിൽ മാപ്പു ചോദിച്ചത്. തിരികെ എന്തിലേക്കാണ് ഞാൻ വിളിക്കുക ! രഥം ചളിയിൽ അകപ്പെട്ട കർണ്ണനെ പോലെ ദേഹം എന്ന വാഹനം തകർന്നു തരിപ്പണമാകുകയല്ലേ… ആ ആത്മാവിന്റെ

സംസ്ക്കാരത്തിന് തൊട്ടു മുൻപ് ജീവൻ്റെ ജീവനായ അമ്മുമ്മയെ ആ വിധത്തിൽ കണ്ട എൻ്റെ കുഞ്ഞ് പതറുമെന്നു കണ്ടപ്പോൾ ‘നീ അമ്മയുടെ കണ്ണുകളിൽ നോക്ക്… അമ്മ പതറുന്നുണ്ടോ, കരയുന്നുണ്ടോ എന്ന്, ഉണ്ടെങ്കിൽ മാത്രം നീയും കരഞ്ഞാൽ മതി’ എന്ന് ഞാൻ പറഞ്ഞത് അമ്മ എന്നിൽ നിറച്ചു പോയ ആ എന്തോ ഒന്ന് കൊണ്ട് മാത്രമാണ്.

അഗ്നിപ്രവേശം ചെയ്ത അമ്മയുടെ ദേഹം ആളിക്കത്തി ഭസ്മമായി തീരുമ്പോൾ പശ്ചാത്തലത്തിൽ രാമായണത്തിലെ ശബരീ മോക്ഷത്തിനു മുൻപുള്ള കബന്ധഗതിയാണ് വായിച്ചു തീർന്നതെന്നു സാക്ഷികൾ പറഞ്ഞു.ashita,memories, priya a s

പിന്നീട്, അതിഭയങ്കരമായ വേദനകൾ താണ്ടിയിട്ടും വിള്ളൽ വീഴാത്ത അസ്ഥികളും , സങ്കടങ്ങൾ അമർത്തി പിടിച്ച് കത്തി ചാമ്പലായ ദേഹത്തിൻ്റെ ചാരവും സമുദ്രത്തിലേക്ക് ഒഴുകി പോകുമ്പോൾ, അമ്മയുടെ ഹൈക്കു ഞാൻ ഒരു മാത്ര ആലോചിച്ചു:

യാത്രാമൊഴി
———————
എനിക്ക് സമയമാകുമ്പോൾ
‘ഓം’ എന്ന പ്രണവാക്ഷരമേറി
ശൂന്യതയിലേക്ക് ഞാൻ കുതിക്കുമല്ലോ

ചിലപ്പോൾ എനിക്ക് തോന്നാറുള്ളത് ബന്ധം ബന്ധനമാകുമെന്ന് തോന്നി, ബന്ധം മുറിച്ച് രണ്ടു പേർക്കും സ്വാതന്ത്ര്യം തന്നു, അനന്തതയിലേക്ക് ധൃതിയിൽ കുതിച്ചു ഉയർന്നു പോയതാണ് അമ്മ എന്ന് ഞാൻ വിളിച്ച ആ അസാധാരണയായ ആത്മാവ് എന്ന്.

അമ്മക്കൊരു സന്ദേശം

അമ്മെ ഇന്ന് മഴ പെയ്തു. കോരിക്കൊട്ടി പെയ്തു. ഈ കൊടും ചൂടിൽ അമ്മ കാത്തു കാത്തു കിടന്നില്ലേ ഒരു തുള്ളി മഴയ്ക്ക്?ഇ ന്നൊരുപാട് മഴ പെയ്തു.

അമ്മ ഇല്ലാത്ത എന്‍റെ ആദ്യത്തെ മഴ അല്ലെ ഇത് ? അമ്മക്കോർമ്മയുണ്ടോ ഓരോ വേനലിനും നമ്മൾ ഒരുമിച്ചുള്ളപ്പോൾ ആദ്യത്തെ മഴക്കായി കാർമേഘം നോക്കി നോക്കി ഇരുന്നിരുന്നത്… ഒരു കറുത്ത പൊട്ടെങ്ങാനും ആകാശത്തു കണ്ടാൽ ഉള്ളിൽ ഒരു പ്രത്യാശയുടെ നീരുറവ പൊട്ടും, നമ്മൾക്ക് രണ്ടാള്ക്കും. ഇടി വെട്ടിയാലോ, കൊച്ചു കുഞ്ഞുങ്ങളെ പോലെ സോഫയുടെ മറവിൽ ഒളിക്കും. ഇത്ര സങ്കടങ്ങൾ ഇടി വെട്ടി തോരാമഴയായി ഉള്ളിൽ പെയ്തിട്ടും അമ്മക്ക് ഇടിയെ പേടിയായിരുന്നല്ലോ. എനിക്ക് പേടി കുറവായിരുന്നു. എന്തെന്നെറിയാമോ ?

കൊള്ളിയാൻ മിന്നുന്ന പോലെയല്ലേ ഓരോ കഥയും അമ്മയുടെ ഉള്ളിൽ നിന്നു കടലാസിലേക്ക് മിന്നി മറയുന്നത് ഞാൻ കണ്ടിട്ടുള്ളത് ! ആ അക്ഷരങ്ങൾ ആദ്യമായി വായിക്കാൻ കിട്ടുമ്പോഴോ, എത്ര എത്ര ഇടിവെട്ടലുകൾ എന്‍റെ കുഞ്ഞു ഹൃദയത്തെ അന്ന് കീറി മുറിച്ചിട്ടുണ്ട് ! അത് കൊണ്ടാണോ എന്‍റെ പേടി എല്ലാം പോയത്?! ഓരോ അക്ഷരങ്ങളും ഇടി വെട്ടൽ പോലെ ഗർജ്ജിക്കുകയായിരുന്നല്ലോ എന്‍റെ ഉള്ളിൽ !

പണ്ട് ഒരു കോട്ടേജിൽ താമസിച്ചിരുന്നപ്പോൾ, ഓർമ്മയുണ്ടോ, മഴയുടെ ആദ്യത്തെ തുള്ളികൾ മണ്ണിനെ പുണർന്ന് തെറിച്ചു തുളുമ്പുമ്പോൾ കൈ കാട്ടി ഇരിക്കാൻ നമ്മൾ ഓടി ചെന്നു പടിക്കൽ ഇരുന്നിരുന്നത് ! അന്ന് എന്നെക്കാൾ ബഹളം വെച്ചത് അമ്മയായിരുന്നല്ലോ ആ കൊച്ചു മഴ തുള്ളി കൈകളിൽ വീണു തെറിക്കുമ്പോൾ !

ലോകത്തു ഏറ്റവും അമൂല്യമായവ സമ്പത്ത്, ആഡംബരം തുടങ്ങിയവെക്കാൾ മഴ, മണ്ണ്, കാറ്റ് നിലാവ് ഒക്കെയാണെന്ന് കാട്ടിത്തന്നത് അമ്മയല്ലേ… ആർക്കും വേണ്ടാത്ത ചിലത്… അല്ലെ? അങ്ങനെ നമ്മൾ എത്ര ധനികരായി മാറി!… ലോകത്തിലെ അങ്ങനെ ആർക്കും വേണ്ടാതെ കിടക്കുന്ന മഴ, മണ്ണ് കാറ്റ് , നിലാവ് , മരങ്ങൾ , മനുഷ്യർ എല്ലാവരെയും നമ്മൾ അകത്തു,   ഉള്ളിൻ്റെ ഉള്ളിൽ പ്രതിഷ്ഠിച്ചില്ലേ.

അത് കൊണ്ട് തന്നെ… ഒരു കുഞ്ഞു ചാറ്റൽ മഴ മതിയായിരുന്നു നമ്മുടെ കുഞ്ഞു ഹൃദയങ്ങൾ തുള്ളി ചാടുവാൻ ! സ്നേഹം തിരസ്കരിക്കപ്പെട്ട, നമ്മളിൽ നിന്നുതിർന്ന ഒരു സ്നേഹത്തിൻ്റെ കണിക വീണ, ഒരു മനുഷ്യാത്മാവിൻ്റെ കൃതജ്ഞതയുടെ ഒരു തുള്ളി കണ്ണുനീർ മതിയായിരുന്നു ഉള്ളിൽ ഒരു ഇടവപ്പാതിക്ക്! ജീവിതം ലളിതമാക്കിയും ഗംഭീരമാക്കാമെന്ന് അങ്ങിനെയാണ് എനിക്ക് മനസ്സിലായത്.

ഇപ്പോൾ ഈ മഴ നോക്കി ഞാൻ ഒറ്റയ്ക്ക് ഇരിക്കുകയാണ്. മഴയായി പെയ്തെന്നെ പുൽകുന്നത് അമ്മ തന്നെ അല്ലെ ? ഞാൻ ഒറ്റക്കല്ല. ഇനി എന്‍റെ ജീവിതത്തിലുള്ള ഓരോ കാറ്റും മഴയും നിലാവും എല്ലാം അമ്മ തന്നെ. അത്ര മാത്രം അമ്മയിൽ ലയിച്ചിരിക്കുന്നു എന്‍റെ ആത്മാവ്!

അമ്മയിൽ
ഉമ

Read More: അഷിത പ്രിയം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook