scorecardresearch
Latest News

അനീതിയുടെ കരയിൽ പിടയുന്ന ജീവിതങ്ങൾ: ബീമാപ്പളളി പൊലീസ് വെടിവെയ്പ്പിന് പതിനൊന്ന് വയസ്സ്

ബീമാപ്പളളി വെടിവെയ്പ്പ് നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാത്ത ഒരു പ്രദേശത്തെയും അവിടുത്തെ മനുഷ്യരെയും കുറിച്ചാണ് ലേഖകൻ എഴുതുന്നത്

അനീതിയുടെ കരയിൽ പിടയുന്ന ജീവിതങ്ങൾ: ബീമാപ്പളളി പൊലീസ് വെടിവെയ്പ്പിന് പതിനൊന്ന് വയസ്സ്

അറബി ഭാഷാ സമരം, കൂത്തുപറമ്പ് സമരം എന്നിവയ്ക്കു ശേഷം ഒറ്റസംഭവത്തിൽ ഇത്രയേറെ പേരെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുന്നത് ബീമാപളളിയിലാണ്. അറബി ഭാഷാ സമരത്തിൽ മൂന്നുപേരും കൂത്തുപറമ്പിൽ അഞ്ച് പേരും ബീമാപളളിയിൽ ആറ് പേരും സംഭവ സ്ഥലത്ത് പൊലീസിന്റെ വെടിവെയ്പിൽ കൊല്ലപ്പെട്ടു

തിരുവനന്തപുരം: ദിവസങ്ങളോളം പുറം കടലില്‍ ചിലവഴിച്ച് വല നിറച്ച വളളം കരയ്ക്കടുപ്പിക്കുകയായിരുന്നു പീര്‍ മുഹമ്മദ് എന്ന മത്സ്യ ബന്ധന തൊഴിലാളി. കരയോട് അടുത്തപ്പോള്‍ തീരത്ത് ആകെ ബഹളം ആളുകൾ നാലുപാടും ചിതറി ഓടുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നതിന് മുന്‍പ് തന്നെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരു വെടിയൊച്ച, വയറിന്റെ വലതു ഭാഗത്തേക്ക് തുളച്ചുകയറിയ വെടിയുണ്ട അദ്ദേഹത്തിന്റെ ബോധത്തെ മറച്ചുകളഞ്ഞു. മരിച്ചു എന്ന് ഡോക്ടര്‍മാർ വിധിയെഴുതിയ മുഹമ്മദ് ഇന്നും മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തുകയാണ്.

ഹെമിംങ് വേയുടെ “ഓള്‍ഡ് മാൻ ആൻഡ് ദ സീ” എന്ന കൃതിയെ അനുസ്മരിപ്പിക്കുന്ന ജീവിതമാണ് മുഹമ്മദിന്റേത്. മരണവുമായി നടത്തുന്ന മല്‍പിടുത്തം ഇന്നും തുടരുകയാണ്, പ്രാണവേദനയെ വെല്ലുവിളിച്ച് ജീവിതത്തെ മുന്നോട്ട് കൊണ്ടു പോവുകയാണ് മുഹമ്മദ്. എട്ട് വര്‍ഷമായി രാവും പകലും ശരീരത്തിലെ മുറിവ് ചലമായും, പഴുപ്പായും ആ ദിവസത്തെ ഓർമപ്പെടുത്തികൊണ്ടിരിക്കുന്നു.

beemapally fire, trivandrum
പീര്‍ മുഹമ്മദ്

ഇത് പീര്‍ മുഹമ്മദ് 2009 മെയ് 17 ല്‍ നടന്ന ബീമാപ്പളളി വെടിവെയ്പ്പിന്റെ ജീവിക്കുന്ന സാക്ഷി. സംഭവസ്ഥലത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന 16 കാരനായ ബാലനടക്കം ആറ് പേര്‍ക്ക് അന്ന് ജീവന്‍ നഷ്ടമായി. പൊലീസ് നരനായാട്ടിന്റെ വേദന ശരീരത്തിലും മനസ്സിലും പേറി ജീവിച്ചിരുന്നവരില്‍ ചിലർ പിന്നീട് പലപ്പോഴായി മരണത്തിന് കീഴടങ്ങി. ഇനിയും നീതി ലഭിക്കാത്തവര്‍ മുഹമ്മദിനെ പോലെ മരണത്തെ വെല്ലുവിളിച്ച് ജീവിതം തളളി നീക്കുന്നു.

ബീമാപ്പളളി വെടിവെയ്പ്പ്: നാള്‍ വഴി
അന്ന് ബീമാപ്പളളി മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു അബ്ദുള്‍ അസീസ് സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്. കൊമ്പ് ഷിബു എന്ന ഗുണ്ടാനേതാവുമായുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവിടെ ഗുണ്ടാപിരിവ് അടക്കമുള്ള സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടിരുന്ന ഷിബു സമീപവാസികള്‍ക്കും വ്യാപാരികള്‍ക്കും സ്ഥിരം തലവേദനയായിരുന്നു. ഷിബുവിനെതിരെ ചില വ്യാപാരികള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. മെയ് 16ന് ബീമാപ്പളളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ്സ് ചെറിയതുറയ്ക്ക് സമീപം ഷിബുവും സംഘവും തടഞ്ഞു. ഇത് ചോദ്യം ചെയ്യാനെത്തിയ ബീമാപ്പളളി സ്വദേശികളും, ഷിബുവിന് ഒപ്പം ഉണ്ടായിരുന്ന ഫിഷര്‍മെൻ കോളനിയിലെ തൊഴിലാളികളും തമ്മിൽ വാക്കേറ്റവും ഉണ്ടായി. എന്നാല്‍ പൊലീസും സ്ഥലം എംഎല്‍എയും അടക്കമുളളവർ ഇടപെട്ട് സംഘര്‍ഷാവസ്ഥ ഒഴിവാക്കി. ഷിബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പിന്‍മേൽ വ്യാപാരികൾ അടക്കമുളളവർ പിന്മാറി. എന്നാല്‍ തൊട്ടടുത്ത ദിവസവും ഷിബുവിനെ അറസ്റ്റ് ചെയ്യാത്തതിലുളള പ്രതിഷേധം അറിയിക്കാനെത്തിയവര്‍ക്ക് നേരെ പൊലീസ് നിറയൊഴിക്കുകയായിരുന്നു. വെടിയൊച്ചയില്‍ വിറങ്ങലിച്ച് ചിതറി ഓടിയവരെ പിന്തുടര്‍ന്നും പൊലീസ് വെടിവെച്ചു. അഹമ്മദ് ഖാനി (50), ബാദുഷ (35), സയദ് അലവി (24),അബ്ദുള്‍ ഹക്കീം (27), ഫിറോസ് (16) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കന്നി ഹാജി (63) മെയ് 19ന് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.

beemapally fire, trivandrum

വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറ് പേരുടെ കുടുബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും സര്‍ക്കാർ ജോലിയും അന്നത്തെ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാർ പ്രഖ്യാപിച്ചു. വെടിവെയ്പ്പില്‍ കാല്‍ നഷ്ടപ്പെട്ട നസീമുദ്ദിന് അഞ്ച് ലക്ഷവും, ഷംസുദ്ദീന് മൂന്ന് ലക്ഷവും നല്‍കാനും അന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പരുക്കേറ്റ മറ്റുളളവർക്ക് പരുക്കിന്റെ സ്വാഭാവമനുസരിച്ച് പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുമെന്ന ധാരണയിലും രഹസ്യവും പരസ്യവുമായ പലതരം ഭീഷണികളും ചേർത്താണ് അന്ന് പ്രതിഷേധങ്ങളുടെ വാ സർക്കാരും സംവിധാനങ്ങളും ചേർന്ന് മൂടിക്കെട്ടിയത്. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.

2009 ഓഗസ്റ്റില്‍ തന്നെ ജില്ലാ ജഡ്ജി കെ.രാമകൃഷ്ണന്‍ അധ്യക്ഷനായ കമ്മീഷൻ നിലവിൽ വന്നു. സംഭവ സമയത്തെ ജില്ലാ കലക്ടര്‍, മന്ത്രി, ഡിജിപി എന്നിവരടക്കം നിരവധി പേരില്‍ നിന്നും തെളിവ് ശേഖരിച്ച കമ്മീഷൻ 60 സാക്ഷികളേയും വിസ്തരിച്ചു. ചെറിയതുറയിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങൾ തകര്‍ക്കാനുളള ആസൂത്രിത ശ്രമം ചെറുക്കുന്നതിന്റെ ഭാഗമായാണ് വെടിവെച്ചത് എന്നായിരുന്നു പൊലീസ് ഭാഷ്യം. സംഭവത്തിന് തൊട്ടു പിന്നാലെ വെടിവെയ്പ്പിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് കമ്മീഷണർ ഇ.ഷറഫുദ്ദീനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഉടൻ തന്നെ തിരിച്ചെടുത്തു.

beemapally fire, trivandrum

2012 ജനുവരി നാലിന് കെ.രാമകൃഷ്ണൻ കമ്മീഷൻ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ടിന്‍മേൽ ആവശ്യമായ നടപടി സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് പുറത്തുവിടും എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്. എന്നാല്‍ ആ റിപ്പോര്‍ട്ട് ഇന്നും അധികാരത്തിന്റെ ഇടനാഴികളില്‍ പൊടിപിടിച്ച് ഉറങ്ങുകയാണ്. ഇതിനിടെ സർക്കാരിന് ഉൾവിളിയുണ്ടായി. ഈ​ സംഭവത്തിൽ വിദേശബന്ധമുണ്ടെന്നായിരുന്നു സർക്കാരിന്റെ ആരോപണം. അങ്ങനെ ഗുണ്ടയെ പിടിക്കാനിറങ്ങിയെന്ന പൊലീസ് വാദം അവസാനം വിദേശ ഗൂഢാലോചനയിലെത്തി, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സംഭവത്തിലെ വിദേശ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തി. പക്ഷേ മതിയായ തെളിവുകള്‍ ലഭിക്കാതെ കേന്ദ്ര സംഘവും അന്വേഷണം അവസാനിപ്പിച്ചു. ഗുണ്ടയെ പിടിക്കാനെത്തിയ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ ആറ് പേരുടെ കാര്യത്തിൽ വിദേശ ഗൂഢാലോചന എന്ന സർക്കാർ സിദ്ധാന്തം പൊളിഞ്ഞു. സർക്കാർ തന്നെ നഷ്ടപരിഹാരവും ജുഡീഷ്യൽ കമ്മീഷനും പ്രഖ്യാപിച്ച ശേഷമാണ് ഇത്തരമൊരു പ്രഹസനം നടത്തിയതെന്ന വിമർശനം ഉയർന്നു.

ഇന്നും വേദന തിന്ന് നിരവധി പേര്‍
കടലോര പ്രദേശമായ ബീമാപളളിയിലെ മനുഷ്യരുടെ അവസ്ഥ കരയിൽ പിടിച്ചിട്ട മീനുകളെ പോലെ അവരോരുത്തരും പിടയുകയാണ്, അനീതിയുടെ മുന്നിൽ നീതി തേടി. കഴിഞ്ഞ എട്ടു വർഷമായി ഒരു പ്രദേശത്തെയും അവിടുത്തെ ജീവിതങ്ങളെയും കടപുഴക്കി എറിഞ്ഞ നടപടികളിൽ നീതി തേടി. മാറി മാറി വന്ന സർക്കാരുകളും മറ്റ് ഭരണസംവിധാനങ്ങളും സാമൂഹികവും സാമ്പത്തികവും ആയി പിന്നാക്കം നിൽക്കുന്ന ​ഈ പ്രദേശത്തിനെതിരു നിൽക്കുന്നതല്ലാതെ ഇവർക്ക് നീതിനൽകാനുളള നടപടികളെടുത്തില്ലെന്ന് അവർ സാക്ഷ്യം പറയുന്നു. അറുപതാണ്ടിന്റെ ചരിത്രത്തിൽ അനീതിയുടെ രേഖപ്പെടുത്തപ്പെട്ട അടയാളമാണ് ബീമാപളളി. മനഃസാക്ഷി നഷ്ടമായ കേരള പൊതുസമൂഹത്തിന്റെ മുഖചിത്രവും.

പൊലീസ് വെടിവെയ്പ്പില്‍ ജീവന്‍ നഷ്ടമായവരുടെ കുടുബാംഗങ്ങള്‍ക്കും ഗുരുതരമായ പരുക്കേറ്റ രണ്ടു പേര്‍ക്കും ധനസഹായം നല്‍കിയതിലൂടെ സർക്കാർ തങ്ങളുടെ തെറ്റ് ഏറ്റുപറയുകയായിരുന്നു. മെയ് 17 ലെ വെടിവെയ്പ്പിൽ ഷംസുദ്ദീനും നിസ്സാമുദ്ദീനും പുറമെ മറ്റ് 50പേര്‍ക്ക് കൂടി പരുക്കേറ്റെങ്കിലും ഇവര്‍ക്കെല്ലാം തുച്ഛമായ തുക നല്‍കി താൽക്കാലികമായി വായടപ്പിച്ചു. പരുക്കിന്റെ സ്വഭാവം അനുസരിച്ച് എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. പരുക്കേറ്റ ചിലര്‍ മാസങ്ങളും വര്‍ഷങ്ങളും നരകയാതന അനുഭവിച്ച് പിന്നീട് മരണത്തിന് കീഴടങ്ങി. ഇത്തരത്തില്‍ മരിച്ചവരും മരിച്ച് ജീവിക്കുന്നവരും അവരുടെ കുടുംബങ്ങളുടെയും ഏക ആശ്രയമായിരുന്നു.

beemapally fire, trivandrum
ബീമ ഉമ്മ

പൊലീസ് വെടിവെയ്പിന്റെ അനീതിയിൽ നിന്നും നീതി തേടി അതിജീവനം നടത്തുന്ന ഒരാളാണ് ബീമ ഉമ്മ. ഓട്ടോ ഡ്രൈവറായ മകന്‍ സലീമിന് ഒപ്പം പളളിക്ക് സമീപം തന്നെയായിരുന്നു ഉമ്മ താമസിച്ചിരുന്നത്. വെടിവെയ്പ്പ് നടക്കുമ്പോള്‍ ഉമ്മ പളളിയിലായിരുന്നു. “രാവിലത്തെ ഓട്ടം കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി വീട്ടിൽ എത്തിയതായിരുന്നു സലീം. ബഹളം കേട്ട് വീടിന് പുറത്തിറങ്ങിയ സലീമിനും വെടിയേറ്റു. വലതു കാലിന് വെടിയേറ്റ സലീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒരുമണിക്കാണ് ഉമ്മ മകന് വെടിയേറ്റെന്ന് അറിയുന്നത്. വലതുകാല്‍ പൂര്‍ണമായും നഷ്ടപെട്ട സലീം മൂന്ന് മാസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയത് മൃതപ്രായനായാണ്. മഹല്ല് കമ്മിറ്റി നല്‍കിയ 5000 രൂപയും ഒരു ചാക്ക് അരിയുമാണ് ആകെ ലഭിച്ച സഹായം. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു സഹായുമുണ്ടായില്ലെന്നും” ബീമ ഉമ്മ പറയുന്നു. തുടര്‍ ചികിത്സക്കായി പിന്നെയും ഒരുപാട് പണം ചെലവായി, ഇതിനായി ആകെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. അതും തികയാതെ വന്നതോടെയാണ് പളളിയിൽ വരുന്ന ഭക്തരോട് യാചിക്കേണ്ട ഗതികേടിലായി. മൂന്ന് വര്‍ഷത്തെ ദുരിത ജീവിതത്തിന് ഒടുവില്‍ 2012 ൽ സലീം മരിച്ചു. ആകെയുണ്ടായിരുന്ന മകന്‍ കൂടി നഷ്ടമായതോടെ ഇപ്പോൾ മറ്റുളളവരുടെ കാരുണ്യത്തിലാണ് ബീമ ഉമ്മ ജീവൻ നിലനിര്‍ത്തുന്നത്. പളളിക്ക് സമീപത്ത് എവിടെയെങ്കിലും കിടന്നുറങ്ങും. ഒരു നേരത്തെ ഭക്ഷണം കഴിക്കണമെങ്കില്‍ പോലും പളളിയിലെത്തുന്നവരോട് യാചിക്കണം. ആരോഗ്യ പ്രശ്‌നങ്ങൾ​ ധാരാളമുണ്ടെങ്കിലും ചികിത്സക്കോ മരുന്നിനോ പണം കണ്ടെത്താനാകത്തിനാല്‍ ഇപ്പോൾ അതേ പറ്റി ഓര്‍ത്ത് വേവലാതി പെടാറില്ല… ഇപ്പോഴും പളളിയുടെ തിണ്ണയില്‍ കാണാം, അനുഗ്രഹം തേടിയെത്തുന്നവരുടെ കനിവിനായി കേഴുന്ന ബീമ ഉമ്മയെ.

ബീമ ഉമ്മയും പീര്‍ മുഹമ്മദുമെല്ലാം പ്രതീകങ്ങളാണ്, പൊലീസ് നരവേട്ടയുടെ നേർ ചിത്രങ്ങള്‍. കെട്ടുകഥകൾ മെനഞ്ഞ രാഷ്ട്രീയ നിറഭേദമില്ലാത്ത അടയാളങ്ങൾ കുടികൊളളുന്ന ഭരണകൂട അധികാരകേന്ദ്രങ്ങളാൽ ജീവിതം നഷ്ടമായവർ ഇനിയുമുണ്ട് അനവധി പേര്‍, ശരീരത്തിന്റെ പലഭാഗങ്ങളിലും ലോഹ തുണ്ടുകൾ പേറി, വേദന കടിച്ചമര്‍ത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്നവര്‍. ഓരോ മേയ് 17 ഉം ഇവര്‍ക്ക് വേദനയുടെ ഓർമയാണ്, ഒപ്പം നീതിക്കായുളള പ്രതീക്ഷയും.

ബീമപ്പളളി
തിരുവനന്തപുരം കോര്‍പ്പറേഷനിലെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് കടല്‍ത്തീരത്തോട് ചേര്‍ന്ന കിടക്കുന്ന വാര്‍ഡ്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഭൂരിഭാഗവും. അതിൽ തന്നെ മുസ്‌ലിം സമുദയത്തിൽപ്പെട്ടവരാണ് ജനസംഖ്യയില്‍ കൂടുതലും. മിക്ക കുടുംബങ്ങളുടേയും പ്രധാന വരുമാന മാര്‍ഗ്ഗം മത്സ്യബന്ധനമാണ്. പ്രശസ്തമായ ബീമാപളളിയിലേയ്ക്കുളള വഴിയില്‍ ഇരുവശവുമായി നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ മാത്രം ദൂരമുളള ഇവിടേക്ക് വിവിധ മതസ്തരായ വിശ്വാസികളായ ആയിരക്കണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്. ദക്ഷിണ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നായ ബീമാപ്പളളി ഉറൂസാണ് മറ്റൊരു ആകര്‍ഷണീയത.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Trivandrum beemapally police fire eight years udf ldf government