ജീവിതത്തിലെ ചില വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു പശ്ചിമ ബംഗാളിൽ പോവുകയെന്നത്.  2016 ഡിസംബറിൽ അത് സാധ്യമായി. ഒരു നാടകവുമായാണ് 16 പേരടങ്ങുന്ന സംഘം ബംഗാളി ഗോബർധംഗയിൽ ഇറങ്ങുന്നത്. നോർത്ത് 24 പർഗാന ജില്ലയിലെ ഒരു സ്ഥലം. കൊൽക്കത്ത നഗരത്തിൽ നിന്നും ഏതാണ്ട് മൂന്ന് മണിക്കൂർ യാത്ര ചെയ്യണം ഈ​ സ്ഥലത്ത് എത്താൻ. ഹൗറയിൽ ട്രെയിൻ ഇറങ്ങി ഞാനാ പൗരാണിക നഗരത്തെ സാകൂതം വീക്ഷിച്ചു. നഷ്ടപ്രതാപങ്ങളുടെ ഓർമ്മയിൽ പൊടിമൂടിയ, നരച്ച കെട്ടിടങ്ങൾ, നഗരമധ്യത്തിലെ ട്രാമിന്റെ പാതകൾ..( ഇന്ന് നഗരത്തിലൂടെ ട്രാം ഓടുന്നില്ല) മഞ്ഞ പെയിന്റടിച്ച ടാക്സികൾ, ഓട്ടോ റിക്ഷയുടെ ചെറിയ പതിപ്പായ ടോട്ടകൾ, ഓട്ടോറിക്ഷകൾ, പിന്നെ ഇപ്പോഴും മനുഷ്യർ ചവിട്ടുന്ന റിക്ഷകൾ. എല്ലുന്തിയ,കറുത്ത് കരുവാളിച്ചും ശ്വാസംമുട്ടിയും മനുഷ്യരെ കയറ്റി ചവുട്ടിപോകുന്ന റിക്ഷാക്കാർ. ആധുനിക ഇന്ത്യയിലേയ്ക്ക് ഇനിയും എത്ര ദൂരം?

jolly chiryath, bengal, travel,

ഹൗറയിൽ നിന്നും ഗോബർ ധംഗയിലേയ്ക്ക് സബർബൻ ട്രെയിൻ വരേണ്ടതുണ്ടായിരുന്നു. ഹൗറയിൽ നിന്നും വിലപേശി ടാക്സിപിടിച്ച് ഞങ്ങൾ സിയാൽദ സ്റ്റേഷനിലെത്തി. പൗരാണിക നഗരത്തിന്റെ മുഖം പതുക്കെ പതുക്കെ ആധുനികമാകുന്നത് കാണാമായിരുന്നു. വലിയ കെട്ടിടങ്ങൾ, പാലങ്ങൾ, ഷോപ്പിങ് മാളുകൾ- പക്ഷേ, താഴെ തെരുവുകൾ വഴിവാണിഭക്കാരുടേയും തൊഴിലാളികളുടേയും ഓട്ടോ, സൈക്കിൾ റിക്ഷാക്കാരുടെയും അങ്ങനെ പല ദിക്കലിലേയ്ക്കും ജീവിതം തേടിയോടുന്നവരുടെ വിയർപ്പിനാലും വിളികളാലും ശബ്ദമാനമായിരുന്നു. നഗരത്തിൽ പലയിടത്തും നടപ്പാതകളിൽ പോലും മനുഷ്യമലം അങ്ങിങ്ങായി കിടക്കുന്നുണ്ടായിരുന്നു. വൃത്തിയെന്നത് ഇല്ലാത്തൊരു ആർഭാടമാണെന്ന് തോന്നിച്ചിരുന്നു പലയിടങ്ങളും.

ഗോബർധംഗയിൽ 24 ന് ആയിരുന്നു ഞങ്ങളുടെ നാടകം. ഗോബർധംഗ എന്ന ചെറുപട്ടണത്തിലെ നാടക, കലാ പ്രേമികൾ സംഘടിപ്പിക്കുന്ന നാടകോത്സവമായിരുന്നു അത്. ഇപ്റ്റയിലെ ആളുകൾ മുതൽ ഈ തലമുറയിലെ ചെറുപ്പക്കാർ വരെ ഉൾപ്പെടുന്ന ഒരു നാടകക്കൂട്ടായ്മ.
ഗോബർധംഗ  എന്ന പ്രദേശത്തെ  ഒരു മധ്യവർഗ കുടുംബത്തിലേയ്ക്കാണ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. പൊതുവിൽ ഗോബർ ധംഗ മധ്യവർഗ ജന്മിമാരുടെ ഇടമാണ്. വലിയ പറമ്പും വലിയ വീടും നിറയെ കുളങ്ങളും പശുവും പണിക്കാരും നിറഞ്ഞ ഫ്യൂഡൽ സ്വഭാവം നിലനിൽക്കുന്ന ഗ്രാമം. അടുക്കള ഭാഗങ്ങൾ പൊതുവിൽ വിശാലമായ ഇടങ്ങളായിരുന്നു. അടുക്കളയോട് ചേർന്ന വർക്ക് ഏരിയകളിൽ സ്ത്രീകൾ സംസാരിച്ചും പൊട്ടിച്ചിരിച്ചും മുറുക്കിയും ജോലിക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയും വല്ലാത്തൊരു സജീവത നിലനിർത്തിയിരുന്നു. ജോലിക്കാർ അങ്ങേയറ്റം വിധേയത്വത്തിന്റെ ശരീരഭാഷയിൽ അവരുടെ ആവശ്യങ്ങൾ നിവർത്തിച്ച് കൊടുക്കാൻ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നുണ്ടായിരുന്നു. വീടുകൾക്ക് പൊതുവിൽ​ മതിലുകൾ ഉണ്ടായിരുന്നില്ല. കവുങ്ങുകൊണ്ടും ഈറ്റകൊണ്ടുമുളള വൃത്തിയുളള വേലികളാണ് ഉണ്ടായിരുന്നത്. മിക്കവാറും എല്ലാ വീട്ടിലും ഒന്നോ അതിലധികമോ കുളങ്ങൾ ഉണ്ട്.
മീൻ വളർത്തൽ, തെങ്ങ്, മാവ് കൃഷികളാണ് അവരുടെ പ്രധാന സംരഭങ്ങൾ. ഏതു വിശേഷാവസരത്തിലും മീൻ മുഖ്യ വിഭവവും. ജനനം മുതൽ അടിയന്തിരം വരെയുളള എല്ലാ കാര്യങ്ങളിലും മീൻ ചേർത്ത മുഖ്യ വിഭവം ഉണ്ടാകും. ബ്രാഹ്മണരായ പൂജാരികൾക്കും മീൻ പഥ്യമാണ്. അതിഥികളെ സൽക്കരിക്കുന്നതിലും പരിചരിക്കുന്നതിലും വല്ലാത്ത ശുഷ്ക്കാന്തി ഉളള ജനത. കലാ സാംസ്കാരിക കൂട്ടായ്മകളുടെയും ക്ലബ്ബുകളുടെയും ചുക്കാൻ പിടിക്കുന്നത് ഈ​ മധ്യവർഗം തന്നെയായിരുന്നു. സോഷ്യലിസവും ഫ്യൂഡലിസവും സമാസമം ചേർത്തൊരു മിശ്രതമാണ് ഇവിടുത്തെയും മധ്യവർഗം.

jolly chirayath, travel, benga, vishnuram

കേരളത്തെ അപേക്ഷിച്ച് ഫ്ലക്സ് വളരെ കുറവാണ്. പ്രത്യേകിച്ച്, രാഷ്ട്രീയ നേതാക്കളുടെയോ നടീ നടന്മാരുടെയോ ഫ്ലക്സുകൾ കാണാനേയില്ലായിരുന്നു. അതേ സമയം രുദ്രാക്ഷമണിഞ്ഞ സ്വാമിമാരുടെ, ആൾദൈവങ്ങളുടെ, ജന്മനക്ഷത്രകല്ലുകളുടെ, ഏലസ്സുകളുടെ തുടങ്ങിയുളള​ പരസ്യങ്ങൾ ഒരുപാട് കാണാനുമുണ്ടായിരുന്നു. കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും ടെന്റു കെട്ടി അലങ്കരിച്ച് ഉച്ചഭാഷിണിയിൽ ​പ്രസംഗങ്ങൾ കേൾക്കാമായിരുന്നു. അതെന്താണ് എന്ന് ചോദിച്ചപ്പോൾ സ്വാമിമാരുടെ പ്രഭാഷണങ്ങളും പ്രാർത്ഥനകളുമാണെന്ന് അറിഞ്ഞു. മഞ്ഞുകാലം ഇതിന്റെയൊരു സീസണാണ്. ഓരോ രണ്ടോ മൂന്നോ കിലോമീറ്റർ ചുറ്റളവിൽ, സാമുദായികാടിസ്ഥാനത്തിലുളള ടെന്റുകൾ, പ്രഭാഷണങ്ങൾ, ഭജനകൾ എന്നിവ കാണാമായിരുന്നു. ആളുകളുടെ തിരക്കും!

കേരളത്തിൽ നിന്നും വണ്ടി കയറുമ്പോൾ ഞാൻ അന്നുവരെ കണ്ടിട്ടില്ലെങ്കിലും ഫെയ്‌സ് ബുക്കിലൂടെ എനിക്കേറെ പ്രിയപ്പെട്ട സേതുചേച്ചി ( സേതു ഹെന്റട്രി) അവിടെയുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, കൊൽക്കത്തയിലെത്തിയ ചിത്രം എഫ് ബിയിൽ ഇട്ടപ്പോഴാണ് പഴയ ഒരു സുഹൃത്ത്, നാട്ടിൽ​വർഷങ്ങൾക്ക് മുമ്പ് പശ്ചിമഘട്ട സംരക്ഷണവും കൂടംകുളം ​ആണവവിരുദ്ധ സമിതിയുമായി ഒക്കെ ബന്ധപ്പെട്ട് ഉണ്ടായിരന്ന അബ്ദുൾനാസർ അവിടെ ഉണ്ടെന്ന് അറിഞ്ഞത്. അവൻ ഗോബർ ധംഗയിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ അകലെയുളള ഹരിംഗോള എന്ന ഗ്രാമത്തിലായിരുന്നു. കേരളത്തേക്കാൾ എത്ര പുറകിലാണ് ഈ നാട് എന്ന് ഞാൻ അവനോട് പറഞ്ഞപ്പോഴാണ്, ആ ഗ്രാമവും അവിടുത്തെ ജീവിതവും കാണാനും മനസ്സിലാക്കാനും അവിടം വരെ ചെല്ലാൻ ആവശ്യപ്പെട്ടത്. അങ്ങനെ അവന്റെ ക്ഷണമനുസരിച്ച് ഞാൻ ആ ഗ്രാമത്തിലേയ്ക്ക് പുറപ്പെട്ടു.ഉൾഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ കേരളത്തിലേത് പോലെ ലോക്കൽ ബസ്സുകളില്ല. പകരം ഷെയർ ഓട്ടോകളും വാനുകളും സൈക്കിൾ റിക്ഷകളും മാത്രമേയുള്ളൂ. സിറ്റിയിൽ നിന്നും വരുന്ന ദീർഘദൂര ബസ്സുകൾ ആ വഴിക്ക് പോകുമെന്ന് മാത്രം. സാധാരണക്കാർക്ക് ആശ്രയമാകുന്നത് ഷെയർ​ഓട്ടോയാണ്. നമ്മുടെ നാട്ടിലെ അതേ ഓട്ടോറിക്ഷ.എന്നാൽ ഡ്രൈവറുടെ സീറ്റിന്റെ ഇരുവശവും ഓരോ ചെറിയ സീറ്റുകൾ ഉറപ്പിച്ചിട്ടുണ്ട്. ഡ്രൈവറടക്കം മൂന്നുപേർക്ക് മുന്നിലും ഇരിക്കാം. പിന്നിൽ നാലും അഞ്ചും പേരെ കുത്തിനിറയ്ക്കും. വലിയ സഞ്ചിയോ ബാഗോ എന്തെങ്കിലും ഉണ്ടെങ്കിൽ മുകളിലത്തെ ക്യാരിയറിൽ ചേർത്ത് കെട്ടിവെയ്ക്കും. പുറകിലെ സാധാരണ ബാഗ് വെയ്ക്കുന്ന ഇടത്തിലും മൂന്നും നാലും മനുഷ്യർ ഇരിക്കും. അങ്ങനെ ഡ്രൈവറടക്കം പത്തുപേരെവരെ ഉൾക്കൊണ്ടാണ് ഒരു ഓട്ടോ സവാരി. പോകുന്നവഴിയിൽ ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യും.

ഗ്രാമമടുക്കന്തോറും വഴി പൊട്ടിപൊളിഞ്ഞു വന്നു. പൊടിയെപ്പോഴും അന്തരീക്ഷത്തിൽ തങ്ങി നിന്നു. മഞ്ഞയും ചാരവും നിറമാർന്ന്  അവിടം കാണപ്പെട്ടു. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ലക്ഷണങ്ങൾ കാണിച്ചുകൊണ്ട് വീടുകളും മനുഷ്യരും. തെരുവുകൾ അധികവും വിജനമായിരുന്നു. കൃഷിയിടങ്ങളിൽ അധ്വാനം മാത്രം അണച്ചുകൊണ്ടിരുന്നു. ആ കഠിനമായ തണുപ്പിലും ആവശ്യത്തിന് വസ്ത്രങ്ങൾ ഇല്ലാത്ത കുട്ടികൾ അങ്ങുമിങ്ങും ഓടിക്കളികുന്നുണ്ടായിരുന്നു. ചാക്ക്പുതച്ച് വൃദ്ധരും കുട്ടികളും ഇളംവെയിൽ കായുന്നു. ഞാൻ സഞ്ചരിക്കുന്ന വണ്ടിയിൽ ഇടയിൽ ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അതിജീവിനലക്ഷ്യങ്ങൾക്കപ്പുറം ആർത്തികളൊന്നുമില്ലാത്ത മനുഷ്യർ കയറിയും ഇറങ്ങിയും പൊയ്ക്കൊണ്ടിരിന്നു. വൃദ്ധർ, സ്ത്രീകൾ, കുട്ടികൾ, ചെറുപ്പക്കാർ- മൈലാഞ്ചിയിൽ .ചുവന്ന ആണും പെണ്ണും- കൈകുഞ്ഞുങ്ങളെ എടുത്ത് സ്ത്രീകൾ ഒട്ടും ആവലാതിയില്ലാതെ ആ ചെറിയ ഓട്ടോയ്ക്കകത്ത് ഡ്രൈവറുടെ അടുത്ത് ഇരിപ്പിടങ്ങൾ കണ്ടെത്തി. ആരും ഒന്നും മിണ്ടിയില്ല.​ഓരോരുത്തരും അവരവരുടെ ലോകങ്ങളിൽ നഷ്ടപ്പെട്ടിരുന്നു.

അവന്റെ ഗ്രാമത്തിലേയ്ക്ക് അടുക്കുന്തോറും കടുക് പാടങ്ങൾ കാണാറായി. വിശുദ്ധികളുടെയും വിരക്തിയുടെയും നിറമാർന്ന മഞ്ഞ നേർത്ത മഞ്ഞ് അതിന് മേലെ പ്ലാസ്റ്റിക്ക് ചാക്കുകൊണ്ടും ഈറ്റയും ചണവും കൊണ്ടും ഒക്കെ മറച്ച് ചെറിയ കുടിലുകൾ. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ വൃദ്ധജനങ്ങൾ, മുറുക്കാൻ പോലെയെന്തോ ഒന്ന് ചവച്ചുതുപ്പി മുറ്റത്തും വഴിയരികലും ഇരിക്കന്നുന്നുണ്ടായിരുന്നു. ദാരിദ്ര്യത്തിലും കെട്ടടങ്ങാത്ത ഉത്സാഹവുമായി കുട്ടികൾ പാറിപറന്ന് കളിക്കുന്നുണ്ടായിരുന്നു.
നഗരത്തിന്റെ മാലിന്യം പേറുന്നവരാണല്ലോ എന്നും ഗ്രാമങ്ങൾ. കുളം പോലെയോ വെളളക്കെട്ടുപോലെയോ തോന്നിച്ച ഇടങ്ങളിൽ മാലിന്യം കുന്നുകൂട്ടിയിട്ടിരുന്നു. ഇവിടുത്തെ പോലെ ജലസ്ത്രോതസ്സുകളും നീർച്ചാലും മാലിന്യം നിക്ഷേപിക്കാനുളള ഇടങ്ങൾ​ തന്നെയായിരുന്നു അവിടെയും. ഗ്രാമീണ പ്രദേശങ്ങളിൽ ആടുമാടുകളും മനുഷ്യരും ഈ വൃത്തിഹീനമായ വെളളം തന്നെയാണ് ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. മാലിന്യകൂമ്പാരങ്ങൾ ഉളളയിടങ്ങളിൽ ചെറിയ വെയിൽ മറയുണ്ടാക്കി സ്ത്രീകളും കുട്ടികളും വെറും കൈകൊണ്ട് സാധനങ്ങൾ വേർതിരിച്ച് ചാക്കുകളിൽ നിറയ്ക്കുന്നുണ്ടായിരുന്നു. ഒരു കൂട്ടർ ഉപേക്ഷിച്ചതിൽ നിന്നും വീണ്ടും ജീവിതം കരുപിടിപ്പിക്കുന്നവർ… ഈ കാഴ്ചകളിൽ നിന്നും എന്റെ സുഹൃത്ത് ജീവിക്കുന്ന ഇടത്തെ കുറിച്ചും മനുഷ്യരെ കുറിച്ചും എനിക്ക് ഏകദേശ ധാരണ കിട്ടി.

jolly chirayath, vishnu ram, travel,

ഞാൻ പെട്ടെന്ന് അവനെ കുറിച്ച് ആലോചിക്കാൻ തുടങ്ങി. ഈ ചെറുപ്പക്കാരൻ എന്തിനായിരിക്കാം ഇവിടെ വന്നത്? ഈ പ്രായക്കാർ പൊതുവിൽ നഗരത്തിന്റെ വർണ്ണങ്ങളിൽ അഭിരമിക്കുന്പോൾ ഇത്രയും വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത് എന്തിനാവും? സ്വപ്രേരണ? അതോ മറ്റെന്തെങ്കിലുംൽ ഇങ്ങനെ ആലോചിച്ചിരിക്കെ ഞാൻ ഗ്രാമത്തിലെ ചക്ല എന്ന ഒരു പ്രധാന കവലയിൽ എത്തി. അതായിരന്നു അവസാനത്തെ സ്റ്റോപ്പും. നാസർ എന്നെ പ്രതീക്ഷിച്ച് അവിടെ തന്നെയുണ്ടായിരുന്നു.ലോകനാഥബാബയുടെ മന്ദിരവും അതിനോട് അനുബന്ധിച്ച് രൂപപ്പെട്ട ചന്തയും ഉൾപ്പെട്ട അൽപ്പം തിരക്കാർന്ന സ്ഥലം. ഞങ്ങളെ കണ്ടപ്പോൾ ആളുകൾ അവനെ അഭിവാദ്യം ചെയ്യുകയും എന്തൊക്കയോ ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എല്ലാവരും ബന്ധു (ചങ്ങാതി) എന്നാണ് അവനെ വിളിക്കുക. ആ പേര് അവൻ ബോധപൂർവ്വം സ്വീകരിച്ചതാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ അങ്ങനെയാണ് അവനെ വിളിക്കുന്നത്. പ്രായഭേദമില്ലാതെ എല്ലാവർക്കും വിളിക്കാൻ വേണ്ടിയാണ് അങ്ങനെയൊരു പേര് സ്വീകരിച്ചതെന്ന് അവൻ എന്നോട് പറഞ്ഞു. വണ്ടികൾ പാർക്ക് ചെയ്യാനുളള ഒഴിഞ്ഞ സ്ഥലത്തിന് ചുറ്റും ചെറിയ തട്ടുകടകൾ ഉണ്ടായിരുന്നു. അതിലൊന്നിൽ നിന്നും അവർ ‘ലിക്കർ’ എന്നു വിളിക്കുന്ന പൊടിക്കട്ടൻ കഴിച്ചു. ഈ കടകൾക്ക് മുമ്പിൽ ഒന്നോ രണ്ടോ മരബെഞ്ചുകൾ ഉണ്ടാകും. സ്ഥലത്തെ പ്രധാനികളും (പ്രധാനികൾ എന്നാൽ അത്യാവശ്യം ചട്ടമ്പിത്തരം ഉളളവർ എന്നർത്ഥം) സിവിലിയൻ​ ഡ്രസ്സിലെ പൊലീസുകാരും ഒക്കെയുണ്ടാവും. തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടുന്നത് എടുത്ത് ബാക്കി ​മിച്ചം വന്ന പച്ചക്കറികൾ ആണ് ചന്തയിൽ അധികവും. പിന്നെ കൈനോട്ടക്കാർ, ലൊട്ടുലൊടുക്ക് സാധനങ്ങളുടെ വിൽപ്പനക്കാർ. എല്ലാം അങ്ങേയറ്റം പ്രാചീനമായ ഒരു ചന്തയെ ഓർമ്മിപ്പിച്ചു.

ബാബയുടെ മന്ദിരത്തോട് ചേർന്ന ഒരാൽത്തറയിൽ വിശ്വാസികളുടെ ആഗ്രഹങ്ങളെ കല്ലിൽ നൂല് കെട്ടി മരത്തിൽ കെട്ടയിടുന്ന ഒരമ്മയുണ്ടായിരന്നു. കൈനോട്ടക്കാർ, പാമ്പ് പിടുത്തക്കാർ, ദുർഗ്ഗ മാതാവിന്റെ വരംകിട്ടി ആൽത്തറയിൽ വന്നിരിക്കുന്ന സന്യാസിമാർ, പലതരം ലഹരികളിൽ ഉന്മാദികളായവർ… അങ്ങനെ ഓരോ മനുഷ്യരേയും എനിക്കവൻ പരിചയപ്പെടുത്തി തന്നു. ലോകനാഥ ബാബയുടെ മന്ദിരത്തെ കുറിച്ച് – നവോത്ഥാന നാകനായ ബാബ എങ്ങനെ ബിംബ പ്രതിഷ്ഠയിലേയ്ക്ക്, മറ്റൊരു കച്ചവട സാധ്യതയിലേയ്ക്ക് ചുരുങ്ങിയെന്നവൻ പറഞ്ഞുതന്നു. മന്ദിരത്തിലേയ്ക്കുളള തിരക്ക് അത് ശരിവച്ചു. അവിടെയും രണ്ടു തരം ഭക്തർ​ ഉണ്ടായിരുന്നു. ഉയർന്ന മൂല്യത്തിന് ഫാനിനടിയൽ ഇരുന്ന് കസേരയും ഡെസ്‌കുമിട്ട് വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാവുന്നവർ, ചെറിയ കാശിന് വെറും തറയിലിരുന്ന് പൂരിയും കിഴങ്ങ് കറിയും മാത്രം കഴിക്കുന്നവർ. എവിടെയും കൂപ്പൺ എടുക്കാനുളള നീണ്ട ക്യൂ. മറ്റുജില്ലകളിൽ നിന്നും വിദൂര പട്ടണങ്ങളിൽ നിന്നും ആളുകൾ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ഗ്രാമവാസികളെ സംബന്ധിച്ചടത്തോളം ഭക്തിയേക്കാളും അത് ഒരു ഉപജീവനമാർഗ്ഗമാണ്.

ഈ​ ഗ്രാമത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രമോ എൽ പി സ്കൂളുപോലുമോ ഇല്ല. കഷ്ടിച്ച് ഇംഗ്ലീഷ് വായിക്കാനറിയുന്ന പത്താംതരം വരെ പഠിച്ചിട്ടുളള ആർക്കും ഇവിടെ “ഡോക്ടർ” ആവാം. ചെറിയ മെഡിക്കൽ ഷോപ്പ് പോലെ തോന്നിച്ച ഒരിടം. ഒരു ഡോക്ടറുടെ ഡിസ്പെൻസറിയായിരുന്നു. വീണ് മുറിവേറ്റ ഒരു കുട്ടിയെ ആളുകൾ അവിടെ കൊണ്ടുവന്നു. വളരെ പ്രാകൃതമായ രീതിയിലാണ് അയാൾ ആ മുറിവ് വൃത്തിയാക്കിയതും തുന്നിയതും. പെട്ടെന്ന് പത്തു പതിനഞ്ച് വർഷം മുമ്പ് കശ്‌മീരിലെ മിലിട്ടറി ആശുപത്രി ഓർമ്മ വന്നു. അരമുറി ബ്ലേഡ് കൊണ്ടാണ് അന്ന് ബാൻഡേജ് മുറിച്ചതും മരവിപ്പിക്കാതെ വലിയ മുറിവ് തുന്നിയതും ഓർത്തു. കുട്ടിക്കാലത്ത് മഹാരാഷ്ട്രയിലെ സമാനമായ ഡിസ്‌പെൻസറികൾ… ഹോ സ്വച്ഛഭാരത്. എല്ലാവർക്കും വീട്, എല്ലാവർക്കും ആരോഗ്യം. സുന്ദരസുരഭില ഇന്ത്യ!
നോട്ടുനിരോധനത്തിന്റെ ഭാഗമായി ആ ദരിദ്രജനതയുടെ ആകെ സമ്പാദ്യങ്ങൾ ഈ​ സ്ഥലത്തെ പ്രമാണിമാർ മാറ്റികൊടുത്ത കഥ ബന്ധു പറഞ്ഞു. ഒരു സഹകരണ ബാങ്കല്ലാതെ മറ്റൊന്നും തന്നെയിവിടെയില്ല. സ്വാഭാവികമായും നിരക്ഷരായ ഗ്രാമവാസികൾ, ഇതറിഞ്ഞ് വന്നപ്പോഴേയ്ക്കും സമയം വൈകിയിരുന്നു. ഈ പ്രമാണിമാർ അവരെ വിളിച്ചു കൂട്ടി നിങ്ങളടെ കൈവശമുളള കാശിന് കടലാസിന്റെ വില പോലുമില്ലെന്നും ഞങ്ങൾക്ക് തരികയാണെങ്കിൽ 500 രൂപയുടെ നോട്ടിന് നാന്നൂറ് രൂപ തരാമെന്ന് പറഞ്ഞാണ് അവരുടെ തുച്ഛസമ്പാദ്യങ്ങൾ മാറ്റികൊടുത്തത്. പക്ഷേ ബാർബർഷോപ്പിലെ പേ ടി എം പരസ്യബോർഡ് എന്നിൽ വല്ലാത്ത നീറ്റൽ ഉളവാക്കി. ഇപ്പോഴും ആ ഗ്രാമത്തിലെ ഇരുന്നോറളം വീടുകളിൽ നാലിലൊന്നിൽപോലും ടെലിവിഷൻ പോലും എത്തിയിട്ടില്ല. ടാറിട്ടതല്ലെങ്കിലും വഴികളുണ്ട്. പരിമിതമായ തോതിൽ വൈദ്യുതിയും. പക്ഷേ ഈ ഗ്രാമത്തിൽ നിന്നും പത്തു പതിനഞ്ച് കിലോമീറ്റർ പോയാൽ വഴിയോ വെളളമോ വൈദ്യുതിയോ ഇല്ലാതെ ജീവിക്കുന്ന ഗ്രാമവാസികളാണ് അധികവും. ഇവർക്കിടിയിൽ ആരോഗ്യമേഖലയിലും പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ടാണ് നാസർ ജോലി ചെയ്യുന്നത്. അടുത്ത ദിവസം നടക്കേണ്ടുന്ന മെഡിക്കൽ ക്യാംപുമായി ബന്ധപ്പെട്ട് ചില പ്രചാരണ പരിപാടികൾ ഉണ്ടായിരുന്നു. പിറ്റേദിവസം എനിക്ക് തിരികെ പോരേണ്ടതിനാൽ​ അന്ന് തന്നെ ആ സ്ഥലവും മനുഷ്യരേയും ആവുന്നതും കാണാൻ ഞാൻ തീരൂമാനിച്ചു. എം ബി ബി ​എസ് കഴിഞ്ഞ പ്രായം ചെന്ന ഒരു ഡോക്ടറും മലയാളിയായ ഒരു നഴ്സും അവിടുത്തുകാരിയായ ഒരു ലാബ് ടെക്‌നീഷ്യനും ചേർന്ന ഒരു ക്ലിനിക്കാണ് അവിടെ ആകെ ഉളളത്.

കൗമാരത്തിൽ തന്നെ വിവാഹിതയാവുകയും യുവത്വത്തിലേയ്ക്കെത്തുമ്പോഴേയ്ക്കും മൂന്നു നാല് കുട്ടികളുമായി വാർദ്ധക്യം നേടുന്ന സ്ത്രീകൾ. ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളിലെ ജീവിതവും അടിസ്ഥാന ആവശ്യങ്ങൾ അതിൽ ജീവിക്കുന്നതിന്റെ സ്വസ്ഥ്യം ഇതൊന്നുമറിയാതെ നരകതുല്യമായ ജീവിതം തളളി നീക്കുന്ന ഒറുപറ്റം മനുഷ്യർ. കേരളത്തിനേക്കാൾ മുപ്പത് മുപ്പത്തിയഞ്ച് വർഷമെങ്കിലും പുറകിൽ സഞ്ചരിക്കുന്ന സാമൂഹിക​ജീവിതം. ഭൗതികമായ യാഥാർത്ഥ്യങ്ങൾ അത്രയും രൂക്ഷവും അസഹനീയവും ആകുമ്പോഴായിരിക്കാം മനുഷ്യർ അന്ധവിശ്വാസത്തിൽ​ അഭയം പ്രാപിക്കുന്നത്. ലോകമേ നിങ്ങളുടെ ശാസ്ത്രീയമായ നേട്ടങ്ങൾ, കുതിപ്പുകൾ, ബുദ്ധിപരമായ വികാസങ്ങൾ, ഇതൊന്നും സഹജീവികളുടെ കൂട ഉന്നമനത്തില്ലായെങ്കിൽ അവർ അന്ധമായ വിശ്വാസത്തിലേയ്കും പാരമ്പര്യത്തിന്റെും ഭക്തിയുടെയും തിരുശേഷിപ്പുകളിലും അഭയം തേടുന്നതും നിങ്ങൾക്കു നല്ലതു തന്നെ. കാരണം. ഒരു യുദ്ധമുഖം ഒഴിവാക്കി, സ്വന്തം മുഖം മിനുക്കി നമുക്ക് സായൂജ്യമടയാം. വിപ്ലവപരമായി ജീവിക്കാം.

രോഗത്തിന്റെയും ദാരിദ്രത്തിന്റെയും അനാഥത്വത്തിന്റെയും പതിപ്പുകളായി കുട്ടികൾ മുതൽ വൃദ്ധർവരെയുളള അനേകം മനുഷ്യരെ എനിക്കവൻ പരിചയപ്പെടുത്തി. പൂത്തുമ്പികളെ പോലെ പാറിപറന്ന് കളിക്കുകയും പഠിക്കുകയും ചെയ്യേണ്ട പ്രായത്തിൽ കുട്ടികൾ ചെറിയ, ചെറിയ ജോലികളിൽ ഏർപ്പെട്ടു. പെൺകുഞ്ഞുങ്ങളെ എത്രയും പെട്ടെന്ന് ആർക്കെങ്കിലും പിടിച്ചുകൊടുക്കും. ഒരു മരപ്പെട്ടിയോ, കട്ടിലോ പറ്റിയാൽ സ്ത്രീധനമായി കൊടക്കും. സ്വർണ്ണം വല്ലാത്തൊരു ആർഭാടമാണ്. സ്വർണമാണെങ്കിൽ തന്നെ ഒരു മൂക്കുത്തിയോ കമ്മലോ. പിന്നീടുളള സ്വർഗ,നരകങ്ങൾക്ക് ആരും ഉത്തരവാദിയായിരിക്കുന്നതല്ല. കല്യാണസദ്യപോലും ഒരു കോഴിയെ കറിവച്ച് കുറച്ച് ചപ്പാത്തിയോ അൽപ്പം ചോറോ ആയിരിക്കും. ഒരു കുട്ടിക്ക് ഒരു മുഴുവൻ ചപ്പാത്തി കിട്ടുക എന്നതുതന്നെ ധാരാളമായിരിക്കും. ഇങ്ങനെ മുന്നിൽ വന്നുപെടുന്ന ഓരോ മനുഷ്യനും ജനാധിപത്യമെന്ന് പ്രക്രിയയോ, കമ്മ്യൂണിസമെന്ന പാവങ്ങളുടെ പ്രത്യയശാസ്ത്രത്തെയോ ഇഴ കീറിപരിശോധിക്കാൻ, അതിലുപരി ഒരാളിലെ നീതിബോധത്തെ, മാനവികതയെ ഒക്കെ വെല്ലുവിളിക്കാൻ പോന്ന ഭീഷണികളാണ്. ആ രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. കടുക് പാടങ്ങളിൽ മഞ്ഞ് പൊഴിയുന്നുണ്ടായിരുന്നു. ദൂരെയെവിടെയോ ജൽസ നടക്കുന്നുണ്ടായിരുന്നു. ജൽസകളിലും മേളകളിലും അതിനോട് അനുബന്ധിച്ച സർക്കസുകളിലും, ഖവ്വാലികളിലും മനുഷ്യർ അഹ്ലാദം കണ്ടെത്തുന്നു. പുതുതായി ഒന്നും സംഭവിക്കാത്ത, ആശയറ്റ കാലം കറങ്ങിക്കൊണ്ടിരിക്കുന്നു.

jolly chirayath, travel, bengal,

പിറ്റേന്ന് ഞാനവിടെ നിന്നും തിരിച്ചു. കൊൽക്കത്തയിൽ താമസിക്കുന്ന സേതുചേച്ചിയെ കണ്ടു, യേശുവിൽ വിശ്വസിക്കുകയും പൗരോഹിത്യം മുതൽ ഏതു അധികാരഘടനയെയും ചോദ്യം ചെയ്യുകയും നീതിയുടെ വഴികളെ തേടുകയും സ്വകാര്യ, സുഖ ദുഃഖമെന്നതിലപ്പുറം സമിഷ്ടിയിൽ നിൽക്കുന്ന, ഒരു വ്യക്തിത്വം. നിറഞ്ഞ ചിരി, ഊഷ്‌മളമായ പരിചരണം. ചേച്ചിയുണ്ടാക്കിയ രുചികരമായ ഭക്ഷണം കഴിച്ച് ഞാനവിടെ നിന്നും വീണ്ടും ഹൗറയിലേയ്ക്കു പുറപ്പെട്ടു. പാതിരാത്രി 1.05 ന് ആയിരുന്നു ട്രെയിൻ. ചേച്ചിയുടെ അടുത്തുളള ഒരു ടാക്സിയാണ് പിടിച്ചത്. ആ ടാക്സിക്കാർക്കിടയിലും ചില ഇടനിലക്കാർ ഉണ്ടായിരുന്നു. അവരാണ് നിരക്ക് നിശ്ചയിക്കുക. ഭാഷയറിയാതെ അപരിചിതമായ ഒരിടത്തേയ്ക്ക്, ആ വൈകിയ വേളയിൽ ഒറ്റയ്ക്ക് പറഞ്ഞയ്ക്കുന്നതിന്റെ ഭീതിയിലാണ് ചേച്ചിയെന്നെ യാത്രയാക്കിയത്. പതിവ് പോലെ ഭീതിയകറ്റാനായി ഞാൻ അറിയാവുന്ന ഹിന്ദിയിൽ ഏറ്റവും സൗഹാർദ്ദപരമായി ആ ടാക്സിക്കാരനോട് സംസാരിക്കാൻ തുടങ്ങി. അപ്പോഴാണ് പലായനത്തിന്റെയും ചൂഷണത്തിന്റെയും മറ്റൊരു മുഖം മനസ്സിലായത്. ബംഗ്ലാദേശിനോട് അടുത്ത പ്രദേശങ്ങളിലെ മിക്കവാറും മനുഷ്യർ നോ മാൻസ് ലാൻഡിൽപ്പെട്ടവരെ പോലെയാണ്. ഒരിക്കൽ ഇങ്ങോട്ട് വന്നാൽ പിന്നീട് അങ്ങോട്ട് തിരിച്ചുപോക്ക് അസാധ്യം. ഇവിടെ അങ്ങേയറ്റം തൊഴിൽചൂഷണത്തിലും മറ്റുളളവരുടെ ആജ്ഞാനുവർത്തികളുമായി കഴിയേണ്ടിവരുന്നു. അതുകൊണ്ട് ടാക്സി ഓടിക്കുന്ന കാശ് അവരുടെ പോക്കറ്റിൽ എത്തില്ല. ഇടനിലക്കാർ, പൊലീസുകാർ ഇവരുടെ പിടുത്തം കഴിഞ്ഞ് ബാക്കി തുക മാത്രമാണ് ഇവർക്ക് കിട്ടുക. ഡ്രൈവർ കുറച്ച് മദ്യപിച്ചിട്ടുണ്ടായിരുന്നു. വായിൽ തംബാക്കും. ഞാൻ അതേപറ്റി ചോദിച്ചപ്പോൾ, ” സഹോദരീ, നിങ്ങൾ പേടിക്കണ്ട, ഞങ്ങൾ വൃത്തികെട്ട മനുഷ്യരല്ല, നാട്ടിൽ, അമ്മയും സഹോദരിമാരും ഭാര്യയും കുട്ടികളും ഉളളവരാണ്” എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. “സഹോദരി നിങ്ങളെ ഞാൻ സുരക്ഷിതമായി എത്തിക്കാം. പേടിക്കണ്ടായെന്ന്” ഒരു കരച്ചിൽ പോലെ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. ആ നിമിഷം, ജീവിതമെന്ന പടുവൃക്ഷത്തിലെ ഇനിയും കൊഴിയാത്ത ഒരില പോലെ പ്രാണൻ വേദനയാൽ പിടച്ചു. എനിക്കൊന്ന് ഉറക്കെ കരയണമെന്നും അയാളെ കെട്ടിപ്പിടിച്ച്, സുഹൃത്തേ എനിക്ക് നിങ്ങളെ ഒട്ടും പേടിയില്ലെന്ന് ആശ്വസിപ്പക്കണമെന്നും തോന്നി. അയാൾ പറഞ്ഞതുപോലെ സുരക്ഷിതമായി എന്നെ കൊണ്ടിറക്കി. പക്ഷേ, അപ്പോഴേയ്ക്കും അയാളെ ഒരു പൊലീസുകാരൻ വണ്ടി മാറ്റിയിടാൻ അങ്ങോട്ടേയ്ക്ക് വിളിക്കുന്നുണ്ടായിരുന്നു. ആയാളോട് ഒന്ന് യാത്രപറയാൻ പോലും കഴിയുന്നതിന് മുമ്പ് ആ പൊലീസുകാരൻ വിളിച്ചുകൊണ്ടുപോയി. ഞാൻ കരഞ്ഞു കൊണ്ടാണ്  പ്ലാറ്റ്‌ഫോമിലേയ്ക്ക് കയറിയത്.

jlly chirayath, bengal, travel, yatra,

അവിടെ ആസാമിൽ നിന്നും പുറപ്പെട്ട ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ​കിടന്നിരുന്നു. രണ്ട് മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ടിക്കറ്റ് അപ്പോഴും കൺഫേം ആയിരുന്നില്ല.കമ്പാർട്ട്മെന്റുകളൊക്കെ സൂചികുത്താൻ ഇടമില്ലാത്തവിധം തിങ്ങിനിറഞ്ഞ് മനുഷ്യർ! എ സി കോച്ചുകളും ഫസ്റ്റ് ക്ലാസും മാത്രമാണ് ലിസറ്റ് വന്നത്. സ്ലീപ്പർ ക്ലാസിന്റെ ലിസ്റ്റ് വന്നിട്ടില്ല. ടി ടി ഇ യോട് ചാർട്ട് ഇട്ടോ എന്ന് ചോദിക്കുമ്പോൾ ഇട്ടിട്ടില്ല, അറിയില്ല എന്നാണ് മറുപടി. അപ്പോഴാണ് മനസ്സിലാകുന്നത് ആ ബോഗിയിലുളളവരെല്ലാം 800 രൂപ മുതൽ 1500 രൂപവരെ കൊടുത്ത് കയറിയിരിക്കുന്നവരാണെന്ന്. നമ്മുടെ ഇന്ത്യൻ റയിൽവേയുടെ മറ്റൊരു കാപട്യവും ചൂഷണവും കക്കൂസിലും സീറ്റിനടിയിലും എന്തിനേറെ വാഷ്ബേസിന് താഴെ പോലും മനുഷ്യർ ചുരുണ്ടുകൂടി കിടക്കുകയും ഇരിക്കുകയും ചെയ്താണ് യാത്ര ചെയ്യുന്നത്. ടി ടി ക്ക് പുറമെ റയിൽവേ സ്ക്വാഡ് ടിക്കറ്റ് പരിശോധനയ്ക്കെത്തി. മനുഷ്യരെ ഉറക്കത്തിൽ നിന്നും ഇരിപ്പിടങ്ങളിൽ നിന്നും പിടിച്ചെഴുന്നേൽപ്പിച്ച് അങ്ങോട്ടുമിങ്ങോട്ടും ആട്ടിത്തെളിച്ചു. ആ ഇടങ്ങളിൽ ബാർഗൈനിങ് പവറുളളവരെ പ്രതിഷ്ഠിച്ചു. അസാമിൽ നിന്നും ബംഗാളിൽ നിന്നുമുളള മനുഷ്യരെ ഞാൻ പരിചയപ്പെട്ടു. 16 നും 23 നും ഇടയിൽ പ്രായം. ഇവരിൽ അധികവും ഇവിടെയുണ്ടായിരുന്നവർ. നോട്ട് നിരോധനം മൂലം താൽക്കാലികമായി സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചവർ. രണ്ടുമാസത്തിനു ശേഷം ജോലി തേടി തങ്ങളുടെ സ്വപ്നഭൂമിയായ കേരളത്തിലേയക്ക്. പാന്ററി സർവീസ് ഉണ്ടായിരുന്നിട്ടും ഭക്ഷണമോ വെളളമോ ആ ബോഗികളിലേയ്ക്ക് എത്തിയിരുന്നില്ല. ഒറ്റ ടാപ്പിലും വെളളമില്ലായിരുന്നു. പക്ഷേ പ്രകൃതിയുടെ വിളി നിർബാധം നടന്നു. മലവും മൂത്രവും മണത്ത് വെളളവും ഭക്ഷണവും ഇല്ലാതെ വൃത്തിയാക്കിയിട്ട് വർഷങ്ങളായി എന്നു തോന്നുന്ന ബോഗികളിൽ സ്വച്ഛഭാരത നിവാസികൾ യാത്ര ചെയ്തു.

jolly chirayath, bengal, film,

രണ്ടു നേര കുളിയുടെ ധാരാളിത്തത്തിൽ മാത്രം വൃത്തി കണ്ടെത്തിയ മലയാളി, രോഗം പരത്തുന്നത് അന്തർ സംസ്ഥാന തൊഴിലാളികളാണെന്നും അവർ പകർച്ചവ്യാധികളും കവർച്ചയും സദാചാരപ്രശ്നങ്ങളും കൊണ്ടുവരുമെന്നും ഉത്കണ്ഠപ്പെടുന്നത് ഞാനപ്പോൾ ഓർത്തു. ചെന്നൈയിൽ നിന്നും കയറിയ ചില റയിൽവേ ഉദ്യോഗസ്ഥർ,” അയ്യോ, ഈ​ അലവലാതികളുളള ട്രെയിനിൽ മനുഷ്യരായവർ കയറരുത് എന്ന് അമർഷം കൊണ്ടു.” അപ്പോൾ ആരൊക്കെയാണ് നമുക്ക് മനുഷ്യർ? എന്താണ് ജന്മാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, ഭരണഘടനാപരമായ ഉത്തരവാദിത്വത്തങ്ങളും അവകാശങ്ങളും സാമൂഹിക നീതി, അവസര സമത്വം, തുല്യത, നിയമനിർവ്വഹണം, ജനാധിപത്യം. ഒരു ചർച്ചയ്ക്കു പോലും ആവതില്ലാതെ ഞാൻ തകർന്നു. ഒരു വാഗൺ ട്രാജഡി ഒഴിവാക്കാനെന്നവണ്ണം തീവണ്ടി അപ്പോഴും കൂകി പായുന്നുണ്ടായിരുന്നു. ഇനിയും ജീവിക്കാത്ത മനുഷ്യരുടെ കണ്ണീരും ശാപവും പോലെ ഭൂമിക്ക് മേലെ ഈർപ്പവും ചൂടും തങ്ങി നിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook