ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാന റിപ്പബ്ലിക്കിലെ ഛോബെ വനചാരുതയിലലിഞ്ഞ് സഫാരിയുടെ സുഖം നുകരുമ്പോഴായിരുന്നു സാംബിയയിലേക്കുള്ള വിസ കിട്ടിയെന്നുളള വിവരം ലഭിക്കുന്നത്. ഉടന്‍ പോയില്ലെങ്കില്‍ അന്നത്തെ ഫെറി സര്‍വീസിന്റെ സമയം തീരുമെന്നും ബോട്‌സ്വാനയുടെ മൂന്നാമത്തെ വലിയ നഗരമായ കസാനെയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ജോലി ചെയ്യുന്ന സുഹൃത്ത് മധു എന്നോട് പറഞ്ഞത്. ബോട്‌സ്വാനയെക്കുറിച്ചും സാംബിയയെക്കുറിച്ചും പറയാനേറെയുണ്ടെങ്കിലും രണ്ടാഴ്ച നീണ്ടു നിന്ന ആഫ്രിക്കന്‍ യാത്രയില്‍, ഗോഹാ ഹില്‍സ് എന്ന ആകാശം തൊടുന്ന ഗിരിശൃംഗത്തിലേക്കുള്ള സഞ്ചാരമാണ്, ഇപ്പോഴും മനസ്സിനെ നിസ്സങ്കോചം ഹോണ്ട് ചെയ്ത് കൊണ്ടിരിക്കുന്നത്.
അറ്റം കാണാത്ത കാടും കാടിനെ പൊതിഞ്ഞ ഇരുട്ടും വകഞ്ഞുമാറ്റി ഛോബെ വനയാത്ര മുഴുമിക്കുംമുമ്പേ അവസാനിപ്പിക്കേണ്ടി വന്ന നിരാശ മനസ്സിലുണ്ടായിരുന്നു. പക്ഷേ സാംബിയയിലേക്കുള്ള അന്നത്തെ ഒടുവിലത്തെ കൂറ്റന്‍ ചങ്ങാടത്തില്‍ കയറിപ്പറ്റി വിക്‌ടോറിയാ വെള്ളച്ചാട്ടം കാണാനുള്ള സുവര്‍ണാവസരം കൈവന്നപ്പോള്‍ ഛോബെ കാഴ്ചയില്‍ ബാക്കി നിന്ന നഷ്ടബോധമത്രയും അകന്നു. സ്വപ്നങ്ങളിലേക്ക് തുഴയുന്ന സ്‌നേഹ നൗക പോലെയായിരുന്നു ഛോബെ നദിയെ പകുത്ത് നീങ്ങിയ ചങ്ങാടം.
ബോട്‌സ്വാനയിലെ കസാംഗുള എന്ന ചെറുനഗരത്തില്‍ നിന്നാണ് ചങ്ങാടത്തില്‍ കയറിയത്. വാഹനങ്ങള്‍ ആദ്യം കയറ്റിയ ശേഷമാണ് യാത്രക്കാരെ കയറ്റുക. സാംബിയന്‍ പോലീസുകാര്‍ കൈക്കൂലിയുടെ ഉസ്താദുമാരാണ്. 80 ഡോളറിന് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. പെട്ടെന്ന് പാസ്‌പോര്‍ട്ട് തിരികെക്കിട്ടാന്‍ ഒരാള്‍ക്ക് ബോട്‌സ്വാനാ കറന്‍സിയായ 20 പുല ( ഒരു പുല സമം ഒരു ഡോളര്‍) കൈക്കൂലി. സാംബിയന്‍ പോലീസ് കൈക്കൂലി നേരിട്ട് ചോദിക്കും. എന്നിട്ടും മൂന്ന് മണിക്കൂര്‍ നീണ്ട എമിഗ്രേഷന്‍ ഫോര്‍മാലിറ്റിക്ക് ശേഷമാണ് സാംബിയ വിസ അടിച്ചുകിട്ടിയത്. കെന്നത്ത് കൗണ്ടയുടെ ആ പഴയ സാംബിയ തന്നെ. ലിവിംഗ്സ്റ്റണ്‍ നഗരമാണ് ലക്ഷ്യം. നാല്‍പത് കിലോമീറ്റര്‍ ഇപ്പുറത്ത് എത്തിയപ്പോഴേ ലോകത്തിലെ ഏറ്റവും നീളം കൂടിയ വിക്‌ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഭീകരാരവമുയര്‍ന്നു. സ്‌കോട്ടുലാന്റുകാരനായ മതപ്രചാരകന്‍ ഡേവിഡ് ലിവിംഗ്സ്റ്റണാണ് 1855 ല്‍ ഈ വെള്ളച്ചാട്ടത്തിന്റെ മുഴക്കം ആദ്യം കേട്ടതത്രേ. അദ്ദേഹമാണ് ഈ വെള്ളച്ചാട്ടം കണ്ടുപിടിച്ചത്. ആ ഓര്‍മയ്ക്ക് ലിവിംഗ്‌സറ്റന്രെ വലിയൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ലിവിംഗ്‌സറ്റന്റെ പേരുള്ള നഗരത്തിലിറങ്ങി.സാംബിയയേയും സിംബാബ്‌വേയെയും പ്രചണ്ഡതാളത്താല്‍ വിറപ്പിക്കുന്ന വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം അവിസ്മരണീയ ദൃശ്യം. 400 മീറ്റര്‍ ഉയരവും 20 കിലോമീറ്റര്‍ നീളവുമുള്ള ഈ വെള്ളച്ചാട്ടത്തെ ഭൂമിയിലെ ഏഴ് വിസ്മയങ്ങളിലൊന്നായാണ് സി.എന്‍.എന്‍ വിശേഷിപ്പിക്കുന്നത്. ഇടിമുഴക്കുന്ന വെള്ളപ്പുക അഥവാ ‘മോസി ഓന്‍ തുയ’ എന്നാണ് സാംബിയക്കാരും സിംബാബ്‌വെക്കാരും വിക്‌ടോറിയാ വെള്ളച്ചാട്ടത്തെ വിളിക്കുന്നത്. തലസ്ഥാനമായ ലുസാക്കയാണ് ഇനി സാംബിയയില്‍ കാണാനുള്ളത്.
രണ്ടാം നാളിലെ ഞങ്ങളുടെ ഷെഡ്യൂള്‍ ലുസാക്കയാണ്. പക്ഷേ മുമ്പില്‍ ഒരു പകലിന്റെ പാതിയും ഒരു മുഴുവന്‍ രാത്രിയും അവശേഷിക്കുന്നുണ്ടല്ലോ. അത് ഗോഹാ ഹില്‍സിലേക്കുള്ള രാത്രിസഞ്ചാരത്തിന് മാറ്റി വെച്ചത് അങ്ങനെയാണ്. സാംബിയയുടേയും ബോട്‌സാനയുടെയും അതിര് പങ്കിട്ടാണ് ഗോഹാ കുന്നുകള്‍ നീണ്ടു നിവര്‍ന്ന് ശയിക്കുന്നത്.
പന്ത്രണ്ടു നാള്‍ നീണ്ട ആഫ്രിക്കന്‍ സഞ്ചാരക്കാഴ്ചകളില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ദൃശ്യഭംഗിയാണ് ഗോഹാ ഹില്‍സിന്റെ ഭൂപ്രകൃതി സമ്മാനിച്ചത്. കാവിമ്പ, കാച്ചിക്കാവ് തുടങ്ങി കേരളീയ സ്പർശമുളള പേരുകളുള്ള ഗ്രാമങ്ങളും ഗോത്രവര്‍ഗക്കാരുടെ കുടിലുകളും പിറകിലാക്കി കാടും മലയും പങ്കിട്ട നീണ്ട ഊടുവഴികളിലൂടെയാണ് ഞങ്ങളെയും കൊണ്ട് സഫാരി നീങ്ങിയത്. വലിയ തോതില്‍ ആള്‍പാര്‍പ്പില്ലെങ്കിലും അങ്ങിങ്ങായി ചെറിയ ചില ചെക്‌പോസ്റ്റുകളും തോക്ക് ചൂണ്ടിയ സുരക്ഷാഭടന്മാരും നിലയുറപ്പിച്ചിരുന്നു. സംശയമുള്ള വാഹനങ്ങള്‍ മാത്രമേ പരിശോധിക്കൂവെന്ന് ഡ്രൈവര്‍ സിംബാബ്‌വെക്കാരന്‍ മോസസ് പറഞ്ഞു.
ഇടതൂര്‍ന്ന് കിടന്ന ഛോബെ കാടുകളില്‍ കണ്ട കാഴ്ചയില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഗോഹാ ഹില്‍സിലേക്കുള്ള കാട്ടുവഴിയില്‍ ഇല്ലെങ്കിലും 180 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മാനം മുട്ടുന്ന മലമുടിയുടെ മനോഹാരിത തീര്‍ത്തും അവിസ്മരണീയാനുഭവമായി. സീബ്രകള്‍ വഴിയോരങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. സീബ്ര ബോട്‌സ്വാനയുടെ ദേശീയ മൃഗമാണ്. പരിസ്ഥിതി ഇത്രയും സൂക്ഷ്മതയോടെ പരിപാലിക്കുന്ന നാട്ടുകാരും ഭരണകൂടവും കുറവായിരിക്കുമെന്ന് ഓരോ ചെടിയും മരവും ഭൂനിരപ്പിന്റെ ആവാസ വ്യവസ്ഥിതിയും കണ്ടാല്‍ വ്യക്തമാകും. അക്കേഷ്യകള്‍ക്കിടയിലൂടെ നാട്ടുപാത നീളുന്നത് മലമുകളില്‍ ടൂറിസ വികസനത്തിന്റെ ഭാഗമായി പണിതുയര്‍ത്തിയ മനോഹരവും അത്യാധുനികവുമായ ഹട്ടുകളിലേക്കാണ്. കയറിച്ചെല്ലുമ്പോള്‍ വാദ്യഘോഷത്തോടെയാണ് എന്നെയും സുഹൃത്ത് റഷീദിനേയും ഗോഹാ ഹില്‍സിലെ സവുട്ടി ലോഡ്ജ് അധികൃതര്‍ വരവേറ്റത്. ദക്ഷിണാഫ്രിക്കക്കാരായ നാനെറ്റ്, ഭര്‍ത്താവ് അബ്രഹാം എന്നിവരാണ് ലോഡ്ജിന്റെ നടത്തിപ്പുകാരെങ്കിലും യഥാര്‍ഥ ഉടമസ്ഥന്‍ ഗുജറാത്തില്‍ നിന്ന് പണ്ട് കേപ്ടൗണിലേക്ക് കുടിയേറിയ ഹനീഫ് മുഹമ്മദാണ്.
കസാനെ പട്ടണത്തില്‍ നിന്ന് ഇരുന്നൂറോളം കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിക്കുന്നതിനു പകരം സവുട്ടി എയര്‍സ്ട്രിപ്പില്‍ ചെറുവിമാനത്തിലിറങ്ങി ഗോഹാ ഹില്‍സിലെത്താം. എയര്‍ സ്ട്രിപ്പില്‍ നിന്ന് നാല്‍പത് മിനുട്ട് കൊണ്ട് ഈ മലമുകളിലെത്താം. പക്ഷേ അന്നേരം വനനീലിമയുടെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാനാവില്ല. തണല്‍മരങ്ങള്‍ക്ക് താഴെ പ്രകൃതി ഹരിതചാമരം ചൂടി നില്‍ക്കുകയാണ് ഗോഹാ കുന്നുകളില്‍. അത്യപൂര്‍വമായ ദൂരക്കാഴ്ച. അകലെ സാംബെസി നദിയുടെ ഒരു ഭാഗം കാണാം. ഞങ്ങള്‍ ഇരുവര്‍ക്കും പുറമെ പത്ത് മുപ്പത് ടൂറിസ്റ്റുകള്‍ ഇതേ ഹട്ടുകളിലുണ്ട്. എല്ലാവരും വെള്ളക്കാര്‍. അമേരിക്കക്കാരും ഫ്രഞ്ചുകാരും ഇറ്റലിക്കാരും. തനിച്ച് ലോകം കാണാനിറങ്ങിയ ബ്രിട്ടീഷുകാരിയുമുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരായ സ്വിസ് കമിതാക്കള്‍ ഗിറ്റാര്‍ മീട്ടി. രാവുദിച്ചതോടെ എല്ലാവരും പുറത്തിറങ്ങി. പക്ഷിക്കരച്ചിലുകളടങ്ങി. നിതാന്തനിശ്ശബ്ദതയില്‍ വിനോദസഞ്ചാരികളുടെ ആട്ടവും പാട്ടും. കാടിന് നടുവിലെ കുടിലുകള്‍ക്ക് മുമ്പില്‍ ക്യാമ്പ് ഫയര്‍. പതിനാലു ഡിഗ്രി സെല്‍ഷ്യസിന്റെ താപനിലയില്‍ ക്യാമ്പ് ഫയര്‍ ആവേശമായി. ആഫ്രിക്കന്‍ സംഗീതവും മുഴങ്ങി. ആതിഥേയ നാനെറ്റ് വെള്ളക്കാരായ വിനോദസഞ്ചാരികള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വെച്ചപ്പോള്‍ മുഖ്യപാചകക്കാരി അന്നത്തെ മെനുവിനെക്കുറിച്ച് ലഘു വിവരണം നല്‍കി. പിന്നാലെ ഹേയ്ക്ക് ഫില്ലെറ്റും സലാഡും ബീഫ് സാന്‍ഡ്‌വിച്ചുമായി വെയിറ്റര്‍മാര്‍ അണി നിരന്നു. സംഗീതസാന്ദ്രമായ അത്താഴവിരുന്ന്. (ബീഫ് സാംബിയയുടേയും ബോട്‌സ്വാനയുടേയും ഒഴിവാക്കാനാവാത്ത വിഭവമാണ്. ലോകത്തിലെ ഏറ്റവും സ്വാദേറിയ ബീഫ് ഇവിടെയാണ് കിട്ടുകയെന്ന് ബോട്‌സ്വാനാ ടൂറിസം ഗൈഡ് അവകാശപ്പെടുന്നു).
അവാച്യമായ അനുഭൂതി പകര്‍ന്ന ഈ രാത്രിയില്‍ പക്ഷേ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് ഗോഹാ കുന്നുകളെ ഉമ്മ വെച്ച് നീണ്ടു കിടക്കുന്ന ആകാശത്തില്‍ പൊട്ടിവിരിഞ്ഞ,എണ്ണിയാലൊടുങ്ങാത്ത നക്ഷത്രക്കൂട്ടത്തെയാണ്. ഇത് ചില രാജ്യങ്ങളിലെ. ചില കാലത്തെ ആകാശക്കാഴ്ചയുടെ മാത്രം സവിഷേതയാണെന്ന് ജ്യോതിശാസ്ത്രത്തില്‍ അറിവുള്ള അബ്രഹാമും നാനെറ്റും പറഞ്ഞു. അവര്‍ തന്ന ടെലിസ്‌കോപ്പില്‍ ആഫ്രിക്കന്‍ ആകാശത്ത് വിരിഞ്ഞ ഗാലക്‌സി വലുതായി കാണ്‍കെ, പ്രകൃതിയുടെ അനുഗൃഹീതമായ വരദാനം എത്രമേല്‍ വിശാലവും വൈവിധ്യപൂര്‍ണവുമാണെന്ന് വ്യക്തമായി.
ആകാശ പ്രതലത്തില്‍ അത്യുജ്വലമായി വെട്ടിത്തിളങ്ങുന്ന നക്ഷത്രത്തെ ചൂണ്ടി അബ്രഹാം പറഞ്ഞു: “സൂര്യനെക്കാള്‍ പതിനായിരമടങ്ങ് വലുപ്പമുള്ള ജൂപിറ്ററാണത്. താരനിബിഡ രാവുകളില്‍ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്ന ജൂപിറ്റര്‍.”
(ആയിരിക്കാം. സത്യമെന്തായാലും സൂര്യന്റേയും ചന്ദ്രന്റേയും പ്രഭയെ പിന്നിലാക്കുന്ന തരത്തിലാണ് അന്നത്തെ രാത്രിയില്‍ ആ ഒറ്റത്താരകം കത്തിനിന്നത്. മനോഹരമായി മിഴി തുറന്ന നക്ഷത്രക്കൂട്ടങ്ങള്‍ക്ക് മുഴുവന്‍ വഴികാട്ടിയായി അത് പ്രകാശം പൊഴിച്ചു നിന്നു. കാട്ടുമരച്ചില്ലകളില്‍ നക്ഷത്രവെളിച്ചം വെളുത്ത ചില്ലുകഷണങ്ങളെപ്പോലെ പ്രതിബിംബിച്ചു നിന്നു).
രാവേറെച്ചെല്ലും വരെ പരിചാരികമാരായ ആഫ്രിക്കന്‍ യുവതികള്‍ ക്യാമ്പ് ഫയറിനു ചുറ്റും താളച്ചുവടുകള്‍ വെച്ചു. പ്രസിദ്ധ ആഫ്രിക്കന്‍ ഗായകന്‍ ആല്‍ഫ്രെഡോ മോസിന്റെ സംഗീതത്തിനനുസരിച്ചാണ് നൃത്തരാത്രി പൂത്തുലഞ്ഞത്. (ഗലഗാഡി എന്ന പേരില്‍ ഈ കാടിന്റെ മറുകരയില്‍ ഒരു നൃത്തഗ്രാമം തന്നെയുണ്ടത്രേ).
പിറ്റേന്ന് പുലരിയില്‍ നാനെറ്റിന്റെ വെയ്ക്അപ് കോള്‍.
അവര്‍ ചോദിച്ചു: “ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് നമ്മുടെ ഹട്ടിന് താഴെ ഒരതിഥി വന്നിരുന്നു. നിങ്ങളൊക്കെ നല്ല ഉറക്കമായത് കൊണ്ട് ആ കാഴ്ച നഷ്ടപ്പെട്ടു.”
ആകാംക്ഷയോടെ കാര്യം തിരക്കിയപ്പോള്‍ നാനെറ്റ് പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു:
“ഒരു പെണ്‍സിംഹമായിരുന്നു അത്.”
ഞങ്ങള്‍ താമസിച്ച ഹട്ടില്‍ നിന്ന് വിളിപ്പാടകലെയാണ് സിംഹം വന്നു നിന്നതെന്നും അലര്‍ച്ച കേട്ട് പുറത്ത് വന്ന ഹട്ടിലെ താമസക്കാരി ബ്രിട്ടീഷുകാരിയായ ജുഡിത്ത്, സിംഹത്തിന്റെ പടമെടുത്തിട്ടുണ്ടെന്നും നാനെറ്റ് പറഞ്ഞു. ബോട്‌സ്വാനാ ടൂറിസത്തെക്കുറിച്ച് തടിച്ചൊരു സചിത്ര ഗ്രന്ഥം നാനെറ്റ് എനിക്ക് തന്നു.
ഗോഹാ ഹില്‍സില്‍ നിന്നുള്ള മടക്കയാത്രക്കൊരുങ്ങുകയായിരുന്നു ഞാനും സുഹൃത്തും.
നാനെറ്റ് സ്‌നേഹപൂര്‍വം കൈത്തലമര്‍ത്തി. അബ്രഹാം, പുലര്‍ച്ചെ തന്നെ നഗരത്തിലേക്ക് പോയിരുന്നു. അദ്ദേഹത്തിന് നഗരത്തില്‍ സാമാന്യം വലിയൊരു കാറ്റ്ല്‍ഫാം ഉണ്ട്- അറുന്നൂറോളം പശുക്കുട്ടികളുള്ള ഫാം. അങ്ങോട്ടാണ് അബ്രഹാം പോയിരിക്കുന്നത്.
കാടുകള്‍ക്കും ഉള്‍ക്കാടുകള്‍ക്കുമകലെ, ഉഷ:സൂര്യന്‍ വീണ് പിടഞ്ഞ് തിളങ്ങുന്ന സാംബെസി നദിയുടെ ഒരു ഭാഗം മടക്കയാത്രയില്‍ ഞങ്ങള്‍ക്ക് കാണാനായി. ഡ്രൈവര്‍ മോസസ് വണ്ടി നിര്‍ത്തി. അത്യന്തം മനോഹരമായിരുന്നു ആ ദൃശ്യം. പുഴയോരം ചേര്‍ന്ന് സാംബിയയുടേയും ബോട്‌സ്വാനയുടെയും അതിര് കടന്ന് നമീബിയയുടെ വനാതിര്‍ത്തിയിലേക്ക് കൂട്ടം കൂട്ടമായി നീങ്ങുന്ന നിരവധി ആനകളും കാട്ടുപോത്തുകളും. (ബോട്‌സ്വാനയിലെ ജനസംഖ്യ ഇരുപത് ലക്ഷം. അവിടെയുള്ള ആനകളുടെ എണ്ണം ഏതാണ് രണ്ടു ലക്ഷം). അതെ, ആനകളുടേയും ഡയമണ്ടിന്റേയും നാടാണ് ദക്ഷിണാഫ്രിക്കയുടെ വജ്രഖനിയായ ബോട്‌സ്വാന. സാംബിയയില്‍ കുറ്റകൃത്യങ്ങളുണ്ടെന്ന് കേള്‍ക്കുന്നു. എന്നാല്‍ നൂറു ശതമാനവും സുരക്ഷിതമാണ് ബോട്‌സ്വാന എന്ന് അനുഭവസ്ഥരുടെ വിവരണം.
കാടുകളുടേയും നദിയുടേയും മൃഗങ്ങളുടേയും ആഫ്രിക്കന്‍ താളമേളങ്ങളുടേയും അതീവഹൃദ്യമായ ദൃശ്യവിരുന്ന് സമ്മാനിച്ച ആ രാത്രിയെക്കുറിച്ചുള്ള ഓര്‍മ മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ല. ഒരു വേള ചില ചിത്രങ്ങള്‍ക്ക് കാലാന്തരത്തില്‍ മങ്ങലേറ്റാലും, ഇരുണ്ട
ഭൂഖണ്ഡത്തെയാകെ വെളിച്ചത്തില്‍ കുളിപ്പിച്ച ഗോഹാ കുന്നുകളുടെ ആകാശത്തേയും ആ ഒറ്റ നക്ഷത്രത്തേയും പക്ഷേ ഒരിക്കലും മറക്കാനാവില്ല.