scorecardresearch
Latest News

ആതെൻസിലെ നിശാവിഹാര കേന്ദ്രങ്ങൾ

ഗ്രീക്കുകാർ രാത്രിയുടെ വശ്യമനോഹരീയത ആസ്വദിക്കുന്നത് ആയാസരഹിതമായാണ്. ബോധം കെടുന്നതുവരെയുള്ള മദ്യപാന രീതികൾ ഇവിടെ ഇല്ല

ആതെൻസിലെ നിശാവിഹാര കേന്ദ്രങ്ങൾ

യൂറോപ്പിലെ ദൈർഘ്യമേറിയ വേനൽക്കാലം അനുഭവപ്പെടുന്നത് ഗ്രീസിലാണ്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന സന്ദർശകരുടെ ചെറുതും വലുതുമായ കൂട്ടങ്ങൾ പൗരാണികത ഘനീഭവിച്ച ആതെൻസിലെ പലയിടങ്ങളിലുമായി പകൽ സമയം ചെലവഴിക്കും.

പകലന്തിയോളം പൗരാണികത ആസ്വദിച്ച സന്ദർശകർക്ക് ആതെൻസിലെ രാത്രിയുടെ വശ്യമനോഹാരിത അനുഭവിച്ചറിയാൻ നിരവധി ഇടങ്ങളുണ്ട്. നഗരത്തിലെ തുറസ്സായ ചത്വരങ്ങളിലെ ഭക്ഷണശാലകളും പഴമയുടെ അടയാളങ്ങൾ നിലനിർത്തികൊണ്ട് സജ്ജീകരിച്ചവയും ആധുനിക ശൈലിയിൽ സജ്ജീകരിച്ച ഭക്ഷണ ശാലകളും നിശാക്ളബ്ബുകളും മദ്യശാലകളും കാസിനോകളും നൃത്തവേദികളടങ്ങുന്ന ക്ലബുകളും വേശ്യാലയങ്ങളും തുടങ്ങി സ്വവർഗ്ഗപ്രണയികൾക്കുള്ള ക്ലബുകളും കൊണ്ട് സജ്ജീവമാണ് ആതെൻസിലെ രാത്രികൾ.

രാത്രികൾ ഉല്ലാസകരമാക്കുവാൻ പതിനെട്ട് വയസ്സ് പൂർത്തിയായ ആർക്കും ലിംഗ വിവേചനമില്ലാതെ ഇഷ്ടാനുസരണം വേണ്ടത്ര മദ്യം സൂപ്പർ മാർക്കറ്റിൽ നിന്നോ കൊച്ചു കടകളിൽ നിന്നോ വാങ്ങാം. മദ്യക്കമ്പനികൾ നേരിട്ട് സൂപ്പർ മാർക്കറ്റ് വഴി വിൽപന നടത്തുന്നതിനാൽ ഇവിടെ ഇടനിലക്കാരനോ ദല്ലാളുകളോ ഇല്ല. അതുപോലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഇനം വൈനുകളും ബിയറും മുന്തിരിയിൽ നിന്നും വാറ്റിയെടുക്കുന്ന ഗ്രീക്ക് മൗലിക മദ്യമായ ഊസൊയും (Ouzo) രാക്കിയും സൂപ്പർ മാർക്കറ്റിൽ ലഭ്യമാണ്.

എന്നാൽ ബോധം കെടുന്നതുവരെ മദ്യപിക്കുന്നവരോ പൊതു ഇടങ്ങളിൽ വീണുകിടക്കുന്നവരോ വളരെ വിരളമാണിവിടെ. രാക്കി എന്ന ദേശീയ വാറ്റ് നിർമ്മിക്കുവാൻ പ്രത്യേകം ലൈസൻസ് വേണം. ഭക്ഷണത്തിന് മുൻപോ ശേഷമോ ദഹന പ്രക്രിയയെ സുഗമമാക്കുവാനാണ് പൊതുവെ രാക്കി സേവിക്കുന്നതെങ്കിലും സൗഹൃദം പങ്കിടുമ്പോഴും തണുപ്പ് കാലത്തു ശരീരത്തെ ഉത്തേജിപ്പിക്കുന്നതിനും രാക്കി കഴിക്കാറുണ്ട്. johns mathew, memories, iemalayalam

നഗരത്തിലെ നിശാവിഹാര കേന്ദ്രങ്ങളുടെ വശീകരണ ഇരമ്പൽ അനുഭവിച്ചറിയുവാൻ പ്രസിദ്ധമായ ഇടങ്ങളാണ് പ്ലാക്ക, തിസിയോൺ, എക്സാർഹിയ, മൊണാസ്തിരാക്കി, സിന്റാഗ്മ, കൊളോണാക്കി, ഗാസി എന്നീ ഇടങ്ങൾ. ഇവയിലെ ഓരോ ഇടങ്ങളും വ്യത്യസ്ത ശൈലികളിൽ വിവിധ തരം ആസ്വാദകരെ മുൻനിർത്തി രൂപകൽപ്പന ചെയ്തവയാണ്.

പൗരാണിക റോമൻ കമ്പോളമായിരുന്ന പ്ലാക്ക അന്താരാഷ്ട്ര സന്ദർശകർ കൂടുതലായി ചേക്കേറുന്ന ഇടമായതിനാൽ തുറസ്സായ ഭക്ഷണ ശാലകളുടെ നീണ്ട നിരയാണിവിടെയുള്ളത്. ഭക്ഷണ ശാലകളിൽ വിവിധ തരം ഭക്ഷണങ്ങൾക്ക് പുറമെ കാപ്പി, ശീതള പാനീയങ്ങൾ, വ്യത്യസ്ത തരം ബീയറുകളും മദ്യവും ലഭിക്കും.

തിസിയോൺ മെട്രോ സ്റ്റേഷനരികിൽ നിന്നും തുടങ്ങുന്ന ദീർഘദൂര നടപ്പാതയോരത്തു തുറസ്സായ ബാറുകളും ബീയർ പാർലറുകളും ഹോട്ടലുകളും നിരയായുണ്ട്. പാതയോരത്ത്‌ സൗകര്യപ്രദമായി സജ്ജീകരിച്ച ഇരിപ്പിടങ്ങളിൽ വൈകുന്നേരങ്ങളിൽ ഇരുന്നു ബിയർ നുണഞ്ഞുകൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന പൗരാണിക മാർബിൾ നിർമ്മിതിയായ അക്രൊപൊളിസിൻറെ നിർമ്മാണ സൗന്ദര്യം കൃത്രിമ വെളിച്ചത്തിൽ ആസ്വദിക്കാം.

ആതെൻസ് നഗരാതിർത്തിയോട് ചേർന്നുള്ള എക്സാർഹിയക്കു (Exarcheia) രാഷ്ട്രീയപരമായ ചെറുത്തു നിൽപ്പിന്റെ നീണ്ടൊരു ചരിത്രമുണ്ട്. 1973 നവംബർ 17 ന്പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ പൊളിടെക്നിക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെ പട്ടാള ടാങ്കുകൾ ഉപയോഗിച്ച് നിഷ്കരുണം അടിച്ചമർത്തിയത് ഭരണകൂടത്തിന് മരണസർട്ടിഫിക്കറ്റ് നൽകിയ ഓർമ്മകൾ വസിക്കുന്ന ഇടമാണ് എക്സാർഹിയ. മുൻകാലത്തെ പ്രതിഷേധ ചരിത്രം നിലനിൽക്കുന്ന ഇവിടെ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന ലഹളകളെ നിയന്ത്രിക്കുവാൻ സജ്ജരാക്കിയ പട്ടാളത്തെ പലപ്പോഴും കാണാം. എങ്കിലും കലാപരമായി സജ്ജീകരിച്ച ഭക്ഷണ ശാലകൾ. ഹോട്ടലുകൾ, മദ്യശാലകൾ തുടങ്ങി നാഗരികതയുടെ വ്യത്യസ്ത സമകാലീന തുടിപ്പുകൾ ത്രസിക്കുന്നത് ഇവിടെയുള്ള തുറസ്സായ ചത്വരത്തിൽ അനുഭവിക്കാം. സാംസ്‌കാരിക മിശ്രിതമായ ആതെൻസിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നായ
എക്സാർഹിയയിൽ ബീയർ നുണഞ്ഞു കൊണ്ട് രാത്രിയിൽ ചത്വരത്തിൽ അപ്രതീക്ഷിതമായി രൂപം കൊള്ളുന്ന സംഘനൃത്തത്തിൽ പങ്കുചേരുകയോ നിശാക്ലബുകൾ സന്ദർശിക്കുകയോ ആവാം.

ഇതുപോലെ ആതെൻസിലെ ഓരോ രാത്രി കാല ഉല്ലാസ ഇടങ്ങൾക്കും വ്യത്യസ്തവും മൗലികവുമായ സവിശേഷതകളുണ്ട്.johns mathew, memories, iemalayalam

ആതെൻസിലെ നിശാവിഹാര കേന്ദ്രങ്ങൾ ആസ്വദിക്കുവാൻ സുഹൃത്തു ലിയോണിദാസ് ഒരിക്കൽ ക്ഷണിച്ചു. ആഴ്ചയിൽ എല്ലാ ദിവസവും ജോലി ചെയ്‌തതിന്റെ പിരിമുറുക്കം കുറക്കുന്നതിനും സുഹൃത്തുക്കളോടൊപ്പം കൂട്ടം കൂടുന്നതിനും ഇവിടെ ശനിയാഴ്ചകളാണ് പൊതുവെ തിരഞ്ഞെടുക്കുന്നത്.

രാത്രി പുറത്തു പോകുന്നതിന് മുൻപായി സുഹൃത്തുക്കളായ സ്പിറോസിന്റേയും ആരിസിന്റെയും വീട്ടിൽ ഒത്തുകൂടി. ഇങ്ങിനെ ഒത്തുകൂടുമ്പോൾ പൊതുവെ മദ്യമാണ് നൽകുക. ചില ബോളിവുഡ് സിനിമകളിൽ കണ്ട മദ്യപാന സീനുകൾ അവരെ അതിശയിപ്പിച്ചിരുന്നതും ഇന്ത്യയിലെ മദ്യപാന ശീലത്തെക്കുറിച്ചുള്ള ആകാംഷയും അവർ പങ്കുവെച്ചു.

മദ്യശാലയിൽ മദ്യത്തിന്റെ വില വളരെ കൂടുതലായതിനാൽ വീട്ടിൽ വെച്ച് ഒന്നോ രണ്ടോ പെഗ്ഗ് മദ്യം കഴിച്ചതിന് ശേഷം ബാറിലേക്ക് പോകുന്നതാണു ഇവരുടെ രീതി. സൗഹൃദ സംഭാഷണത്തിനൊടുവിൽ ഗാസി സന്ദർശിക്കുവാനാണ് അവർ തീരുമാനിച്ചത്. ആതെൻസ് നഗരത്തിലെ നിശാവിനോദ കേന്ദ്രങ്ങൾ സുപരിചിതനായ സ്പിറോസിനോടൊപ്പം ഞാനും ലിയോണിദാസും ടാക്സിയിൽ കൊളൊണുവിലേക്കു (Kolonou) ടാക്സിയിൽ യാത്രയായി.

നല്ല വസ്തങ്ങളണിഞ്ഞു സുഗന്ധദ്രവ്യങ്ങളുടെ പരിമളവുമായി കയറിയ ടാക്സി ഡ്രൈവർ ഞങ്ങൾക്ക് നല്ല രാത്രി ആശംസിച്ചു.

ഗ്രീക്കുകാർ ശനിയാഴ്ച രാത്രിയുടെ വശ്യമനോഹരീയത ആസ്വദിക്കുന്നത് ആയാസരഹിതമായാണ്. ബോധം കെടുന്നതുവരെയുള്ള മദ്യപാന രീതികൾ ഇവിടെ ഇല്ല. നാട്ടിലെ മദ്യപാന കൂട്ടായ്മകളിലെ മദ്യപാന രീതികളെ കുറിച്ചു വിവരിച്ചപ്പോൾ സാമൂഹികമായി അടക്കിവെച്ച തൃഷ്ണകളും ആഗ്രഹങ്ങളുമുള്ള മനുഷ്യരാണ് ഈ രീതിയിൽ മദ്യം ഉപയോഗിക്കുന്നതെന്ന് മുൻ മദ്യശാലയിലെ ജോലിക്കാരനായിരുന്ന സ്‌പിറോസ് പ്രതികരിച്ചു.

johns mathew, memories, iemalayalam

ഗാസിയിലേക്ക് പോകുന്നതിനു മുൻപായി കൊളൊണു റോഡരികിലെ പാതയോരത്ത്‌ ആധുനിക രീതിയിൽ സജ്ജമാക്കിയ ദ് അപാർട്മെന്റ് ക്ളബ്ബിന് (The Apartment Club) മുൻവശത്തുള്ള ഉയർന്ന ഇരിപ്പിടങ്ങളിൽ ഞങ്ങൾ ഗ്രീക്ക് ബിയറുകൾക്ക് ഓർഡർ നൽകി. പാതയോരത്തെ ഇരിപ്പിടങ്ങളിൽ യുവതീ യുവാക്കൾ ആധുനിക വേഷങ്ങളിൽ മദ്യം ആസ്വാദിച്ചു ഉല്ലസിക്കുന്നുണ്ടായിരുന്നു. ആതെൻസിൽ പ്രത്യക്ഷമായി ലിംഗ വിവേചനം മുൻനിർത്തിയുള്ള സമീപനം കുറവായതിനാൽ ഇവിടെയുള്ള ബാറുകളിൽ പലതരത്തിലുമുള്ളവരെ കാണാം.

ബാറിന്റെ ഉൾവശത്തു നിന്നും ഡിജെയുടെ കരവിരുതുകളാൽ സംഗീതവീചികൾ മദ്യപനെപോലെ ചുവടുവെച്ചു പുറത്തേക്ക് ഇഴഞ്ഞു. യൂറോപ്പിലെ പ്രസിദ്ധരായ സംഗീത ഡിജെകൾ ഇവിടെയുള്ള നിശാ ക്ലബുകളിലും മദ്യശാലകളിലും സംഗീത രാത്രികൾ നടത്താറുള്ളത് പ്രസിദ്ധമാണ്.

സമയം രാത്രി പത്തുമണിയായതോടെ യുവതീ യുവാക്കളുടെ ചെറു കൂട്ടങ്ങൾ ക്ളബ്ബിൽ നിറഞ്ഞു. സംഗീതം ഇടക്ക് ഉച്ചസ്ഥായിയിലേക്കു കടന്നപ്പോൾ ചില യുവ മിഥുനങ്ങൾ സംഗീതത്തോടൊപ്പം പതിയെ ചുവടുവെച്ചത് ബാറിലുള്ളവർ ആസ്വദിക്കുന്നത് കണ്ടു.

നൃത്തം ചെയ്യുന്നവരുടെ ശരീരം സംഗീതാത്മകമാകുന്നത് അവരുടെ ശരീരഭാഷയിൽ പ്രകടമായിരുന്നു. നർത്തകരെ കളിയാക്കുകയൊ ശല്യപ്പെടുത്തുകയോ ചെയ്താൽ ദൃഢഗാത്രരായ ബൗൺസേർസ് പ്രശ്നക്കാരെ നിഴലോടുകൂടി ബാറിന് പുറത്തേക്ക് വായുമാർഗ്ഗം എത്തിക്കുന്നത് ഒരിക്കൽ ഇവിടെ കാണാനിടയായിട്ടുണ്ട്.

സമയം പതിനൊന്നു മണിയോടടുത്തപ്പോൾ ബാർ യുവതീ യുവാക്കളാൽ തിങ്ങി നിറഞ്ഞു. ഉച്ചസ്ഥായിയിലുള്ള സംഗീതം സൗഹൃദ സംഭാഷണങ്ങൾ അലോസരപ്പെടുത്തിയപ്പോൾ ഗാസി മേഖലയിൽ പുതുതായി തുടങ്ങിയ ബാർ സന്ദർശിക്കുവാനുള്ള സ്‌പിറോസിൻറെ നിർദേശം അവസരോചിതമായിരുന്നു.

ആതെൻസ് നഗരത്തിലെ യുവതീ യുവാക്കളുടെ ഇഷ്ടപ്പെട്ട വ്യത്യസ്തമായ മറ്റൊരു രാത്രികാല ഉല്ലാസ ഇടമാണ് പ്സിറി (Psirri) പ്രദേശത്തെ ഗാസി (Gazi) എന്ന സ്ഥലം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ പ്രചാരത്തിലിരുന്ന വാതക ഊർജ്ജങ്ങളാൽ പ്രവർത്തിച്ചിരുന്ന യന്ത്രങ്ങൾക്കു ആവശ്യമായ വാതകോർജ്ജം വ്യാവസായികാടിസ്ഥാനത്തിൽ ഇവിടെ നിർമ്മിച്ചിരുന്നു.

അതോടനുബന്ധിച്ചു വികസിച്ച കൊച്ചു പാർപ്പിടങ്ങളും വേശ്യാലയങ്ങളും പിന്നീട് കടുത്ത സാമ്പത്തിക പ്രതിസന്ധികളാൽ വലഞ്ഞ ഗ്രീസിൻറെ വടക്കു ഭാഗത്തുള്ള ജനവിഭാഗം ഇവിടേയ്ക്ക് ചേക്കേറുവാൻ കാരണമായി. വ്യത്യസ്ത ജനവിഭാഗങ്ങൾ ഇടകലർന്ന ഇവിടെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ പ്രസരണം അനുഭവിക്കാം. മുപ്പതിനായിരം ചതുരശ്രമീറ്റർ വലുപ്പമുള്ള ടെക്നോപൊളിസ് എന്നറിയപ്പെടുന്ന വ്യാവസായിക മ്യൂസിയം പ്രമുഖനായിരുന്ന ഗ്രീക്ക് ഗാനരചയിതാവ് മാനോസ് ഹഡ്ജിദാക്കിസിന്റെ സ്‌മൃതിസ്മാരകമാണ്.

പുറമെ നിന്നും ബാറിന്റെ സൂചനകളൊന്നുമില്ലാത്ത വാതിലിനു മുൻപിലാണ് ടാക്‌സി നിർത്തിയത്. വാതിൽ തുറന്നു അകത്തു പ്രവശിച്ചപ്പോൾ ചെറിയൊരു അകത്തളത്തിലെ കൗണ്ടറിലെ ചെറുപ്പക്കാരൻ പ്രവേശന ഫീസായി അഞ്ചു യൂറോയും ജാക്കറ്റുകൾ സൂക്ഷിക്കുന്നതിന് ഒരു യൂറോയും ആവശ്യപ്പെട്ടത് ഞങ്ങളുടെ താൽപ്പര്യം കുറച്ചെങ്കിലും പ്രവേശനഫീസിനോടൊപ്പം ഓരോ ബിയർ സൗജന്യമാണെന്ന അറിയിപ്പ് സന്തോഷം പകർന്നു.johns mathew, memories, iemalayalam

മറ്റൊരു വാതിൽ തുറന്നു അകത്തു പ്രവേശിച്ചപ്പോൾ നൂതന സാങ്കേതിക വിദ്യയോടുകൂടി സജ്ജീകരിച്ച പ്രകാശ വിതാനങ്ങളാൽ തീർത്ത ആകർഷകമായ ഒരു മായാലോകത്തു എത്തിപ്പെട്ട പ്രതീതിയായിരുന്നു. നുറുങ്ങു കണ്ണാടികൾ പതിച്ച ചുമരുകളും തൂണും ആധുനിക പ്രകാശ വിതാനത്തിന്റെ മാസ്മരികത വർദ്ധിപ്പിച്ചു.

ബാർ കൗണ്ടറിലെ ചെറുപ്പക്കാരൻ മൂന്നു പേർക്കും പ്രവേശന ഫീസിനോടൊപ്പമുള്ള ബീയർ നൽകിയതോടൊപ്പം ഇലക്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള സംഗീതത്തിന്റെ ശബ്ദം ഉയർത്തി. സംഗീതത്തോടൊപ്പം ബാറിലുണ്ടായിരുന്ന മദ്യപാനാസ്വാദകരുടെ ശരീര ചലനം താളാത്മകമായത്‌ വലുപ്പം കുറവുള്ള ബാറിലെ അന്തരീക്ഷത്തെ പതിയെ ചലനാത്മകമാക്കി. വിവിധ തരംഗ വീചികളാൽ ഒഴുകിയെത്തിയ സംഗീതധാരകൾ സിരകളിലേക്ക് പകർന്നപ്പോൾ ഞങ്ങളും നൃത്തക്കാരോടൊപ്പം ചേർന്നു.

നൃത്തം ശരീരത്തിന്റെ ഭാരമില്ലായ്മയെയും മനസ്സിലെ പിരിമുറുക്കത്തെയും അയക്കുന്നതാണെന്ന് ലിയോണിദാസ് പറഞ്ഞത് തികച്ചും ശരിയാണെന്നത് അവിടെ വെച്ച് അനുഭവിച്ചു.

നൃത്തത്തിനിടയിൽ ബാറിന് മുകളിലുള്ള നിലയിലെ സ്വകാര്യ ഇടത്തെക്കുറിച്ചു സ്‌പിറോസ് സൂചിപ്പിച്ചത് എന്നിൽ കൗതുകം വർദ്ധിപ്പിച്ചു. മുകളിലെ നില ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസില്ല എന്ന് സൂചിപ്പിച്ചതു കാണുവാൻ വർദ്ധിച്ച ആകാംഷയോടുകൂടി പടികൾ കയറി മുകളിലെത്തിയപ്പോൾ കണ്ട ഘനീഭവിച്ച ഇരുട്ട് എന്നെ അന്ധനാക്കി.

സ്വന്തം കൈകൾ പോലും കാണുവാൻ കഴിയാത്തത്ര കൂരിരുട്ട് മദ്യം മൂലമാണോ എന്ന വേവലാതി എന്നിൽ പടർത്തിയപ്പോൾ പ്രണയികൾക്ക് മദ്യാസക്തിയിൽ പ്രണയിക്കുവാനുള്ള ഇടമാണിതെന്ന് ചെവിയിൽ സ്വകാര്യം പറഞ്ഞു സ്‌പിറോസ് ചിരിച്ചു. പരസ്പരം കാണാതെ പ്രണയമോ ലൈംഗിക വേഴ്ചയോ ആഗ്രഹിക്കുന്ന മനുഷ്യരെ ഉദ്ദേശിച്ചുള്ള ഇരുട്ടു മുറി എൻറെ ചില മുൻകാല ധാരണകളെ മാറ്റി തീർത്തു.

സമയം ഒരു മണിയോടടുത്തപ്പോൾ ഗാസിയിലെ മറ്റൊരു ബാർ സന്ദർശിക്കുവാനുള്ള ക്ഷണം എന്നിൽ ഉത്സാഹം വർദ്ധിപ്പിച്ചു.

വഴിയിൽ ബീയർ നുണഞ്ഞു രാത്രിയുടെ നിശബ്ദത ആസ്വദിച്ചു പ്രണയ സല്ലാപങ്ങളിൽ മുഴുകിയും തമാശ കളിച്ചും നടന്നു നീങ്ങുന്ന യുവതീ യുവാക്കളുടെ സാന്നിദ്ധ്യം ചുറ്റിലും ഊഷ്മളമായ സ്പന്ദനം പ്രസരിപ്പിച്ചു.

Read More: ജോണ്‍സ് മാത്യു എഴുതിയ കുറിപ്പുകള്‍ വായിക്കാം

ഒരു അപ്പാർട്ടുമെന്റിന് മുകളിലേക്കുള്ള ലിഫ്റ്റ് വഴി തുറസ്സായ ടെറസ്സിൽ സജ്ജീകരിച്ച ബാറിൽ യുവാക്കളെക്കാൾ കൂടുതൽ മദ്ധ്യവയസ്‌ക്കരായ പുരുഷന്മാരും സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്. അവിടെയുള്ളവരിൽ ഭൂരിപക്ഷം പേരും മദ്യപാനം ഒരു സാമൂഹിക ഉല്ലാസമായി ആസ്വദിക്കുന്നവരായി കാണപ്പെട്ടു. മാന്യമായ വസ്ത്രധാരണം ചെയ്‌ത മദ്ധ്യവയസ്ക്കരുടെ സ്വസ്ഥതയോടുകൂടിയ ശരീരഭാഷയിൽ സുഖകരമായൊരു താളം ഉണ്ടായിരുന്നു. ആതെൻസിലെ വ്യത്യസ്തമായ ബാറുകളിലെ അനുഭവം ഗ്രീക്ക് സമൂഹത്തിൻറെ നിശാവിനോദങ്ങൾ നേരിട്ടനുഭവിച്ചത് വ്യത്യസ്തമായ തിരിച്ചറിവുകളാണ് നൽകിയത്.

ഇങ്ങിനെ ഒരവസരം ഒരുക്കിയതിന് സുഹൃത്തുക്കളോട് നന്ദി പറഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ സമയം പുലർച്ചെ നാലുമണിയായിരുന്നു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Travels in greece athens culture night life