തിരികെ തിമ്പുവിലെത്തുമ്പോൾ ലോഡ്ജിന് മുന്നിലെ മുഖ്യ നഗരപാത മനുഷ്യരാൽ ഉപേക്ഷിക്കപ്പെട്ട് തെരുവു നായ്ക്കളാൽ കയ്യടക്കപ്പെടുന്ന നേരമെത്തിയിരുന്നു. തലേ രാത്രിയിലേത് പോലെ തന്നെ അന്ന് രാത്രിയും നായ്ക്കളുടെ കൂട്ടക്കുരയും കൊതുകുകളുടെ വായ്ത്താരിയും ചേർന്ന് ഉറക്കത്തെ കുറച്ചൊക്കെ അസ്വസ്ഥമാക്കി .വെളുപ്പിനുണർന്ന് പതിവുള്ള പ്രഭാത സവാരിക്കിറങ്ങും മുൻപ് തെരുവിലെ സ്ഥിതിയൊന്നറിയാൻ താഴേക്ക് നോക്കി .
തീർത്തും വിജനമായ വഴിയിലെ ഫുട്പാത്തിൽ ഉറക്കമിളച്ച് കുരച്ച നായ്ക്കൾ ഒരുമിച്ചു കൂട്ടം കൂടി നിൽക്കുന്നു. അവരിൽ ഒന്നൊഴിയാതെ എല്ലാവരും നിരുപദ്രവികളായിരിക്കുമോ എന്ന കാര്യത്തിൽ തീർച്ചയില്ലാതിരുന്നത് കൊണ്ട് ആൾസഞ്ചാരം കണ്ടുതുടങ്ങും വരെ സവാരി വേണ്ടെന്ന് വച്ചു .
തിമ്പുവിൽ മാത്രമല്ല ഭൂട്ടാനിൽ പോയിടത്തെല്ലാം കണ്ട നായ്ക്കൂട്ടങ്ങളുടെ വൻസാന്നിധ്യം ഭൂട്ടാനീസ് ജനത ആ സാമൂഹിക പ്രശ്നത്തെ എങ്ങനെയാണ് കാണുന്നതെന്നറിയാനുള്ള കൗതുകമുണർത്തിയിരുന്നു. തെരുവു നായ്ക്കളുടെ പെരുപ്പം ഇക്കാലം നമ്മുടെ നാട്ടിലും ഏതാണ്ട് കാലാവസ്ഥയോട് ഒപ്പം നിൽക്കുന്ന പൊതു സംഭാഷണവിഷയമായി മാറിയിട്ടുള്ളത് കൊണ്ട് കൂടിയായി രുന്നു യാത്രയ്ക്കിടയിൽ അങ്ങനെയൊരു ഗവേഷണകൗതുകം പിടികൂടിയത് എന്ന് കൂട്ടിക്കോളൂ.
Read More: ഒരു പർവ്വതദേശത്തിന്റെ പാർശ്വ ദൃശ്യങ്ങൾ-ഭൂട്ടാൻ യാത്രാനുഭവങ്ങൾ ഒന്നാം ഭാഗം
തെരുവുനായ്ക്കൾ ഇന്ന് ഭൂട്ടാൻ അഭിമുഖീകരിക്കുന്ന പ്രധാന ദേശീയ പ്രശ്ങ്ങളിലൊന്ന് തന്നെയാണ്. തെരുവുനായ്ക്കളുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ പാതിയോളം വരുമെന്നാണ് ഭൂട്ടാനിലെ ദേശീയ പത്രമായ ‘കുൻസേൽ’ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഒരു മുഖപ്രസംഗത്തിൽ എഴുതിയത്. അതിനൊക്കെ വളരെ മുൻപ് തന്നെ ഭൂട്ടാൻ ഭരണകൂടം നായ്ക്കളുടെ എണ്ണപ്പെരു പ്പത്തെ ഒരു പൊതുവിപത്തായി തിരിച്ചറിഞ്ഞ് പല പ്രതിരോധനടപടികളും തുടങ്ങി വയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ, കടക്കാൻ വിലങ്ങുതടികൾ പലതുണ്ടായിരുന്നു .ജനസംഖ്യയുടെ മുക്കാൽ ഭാഗത്തോളം പുനർജന്മത്തിൽ വിശ്വസിക്കുന്ന ബുദ്ധമതാനുയായികളായതിനാൽ ജീവജാലങ്ങളെല്ലാം നരജന്മത്തിനും വിധേയമാണെന്നാണ് ഭൂട്ടാനിലെ അടിസ്ഥാന സാമൂഹ്യവിശ്വാസം. അത് കൊണ്ട് ജന്തുജാലങ്ങളോട് കാരുണ്യപൂർവം ഇട പെടുന്നത് അവനവന്റെ തന്നെ മോക്ഷപ്രാപ്തിക്ക് ഗുണം ചെയ്യുന്ന കാര്യമായിട്ടാണ് അവിടുത്തെ ജനത പൊതുവെ കരുതിപ്പോരുന്നതും .
പുനർജന്മത്തിന്റെയും മോക്ഷപ്രാപ്തിയുടെയുമൊക്കെ കാര്യം വിട്ട് ഭൂട്ടാന്റെ ഭൂതകാലത്തിലേക്ക് നോക്കിയാലും അവരങ്ങനെ നായ്ക്കളോട് കരുണ കാട്ടാൻ കടപ്പെട്ടവരാണ്. കാരണം പൂർവ്വകാലങ്ങളിൽ നായ്ക്കൾ അവിടുത്തെ മനുഷ്യർക്ക് ഒഴിവാക്കാനാവാത്ത സഹചാരികളായിരുന്നു . യാക്കുകളെ മേയ്ച്ച് നടന്ന ഇടയന്മാർക്ക് നായ്ക്കൾ അവരുടെ മൃഗസമ്പത്തിന്റെ സംരക്ഷകരായിരുന്നെങ്കിൽ വനമേഖലകളിൽ പാർത്തിരുന്ന ഇതരർക്ക് വന്യമൃഗങ്ങളുടെ സാന്നിധ്യം വിളിച്ചറിയിച്ചിരുന്ന പ്രവാചകരുമായിരുന്നു. പരിഷ്കാരത്തിന്റെ കടന്നുവരവോടെ നായ്ക്കളെ വീടുകളിൽ ഓമനിച്ചു വളർത്തുന്ന രീതി വിട്ട് ഒരു പ്രദേശത്തെ നായ്ക്കളെ പ്രാദേശികരായ മനുഷ്യർ ഒന്നിച്ചോമനിച്ചു വളർത്തുന്ന രീതിയിലേക്ക് മാറിയെന്ന് മാത്രം ഏതെങ്കിലും സാഹചര്യത്തിൽ അഗതികളാകുന്ന നായ്ക്കൾക്ക് ബുദ്ധ വിഹാരങ്ങൾ അഭയകേന്ദ്രങ്ങളുമാണ്. അതിസുന്ദരന്മാരായ നായ്ക്കൾ ഭൂട്ടാനിലെ മാത്രമല്ല സന്ദർശിച്ചിട്ടുള്ള എല്ലാ ബുദ്ധവിഹാരങ്ങളിലെയും പ്രത്യേകം ശ്രദ്ധിച്ച സാന്നിധ്യങ്ങളായിരുന്നുവെന്നുമോർക്കുന്നു. സദാ ഊർജസ്വലരായ ആ നായ്ക്കൾ ലാമമാരുമായി പലവിധ കായികവിനോദങ്ങളിൽ ഏർപ്പെടുന്നതും കൗതുകത്തോ ടെ നോക്കി നിന്നിട്ടുള്ളതാണ്.
പക്ഷേ, നൂറ്റാണ്ടിന്റെ തിരിവിൽ വച്ച് ലോകഗതി മാറിയയതോടൊപ്പം ഭൂട്ടാനും അവരുടെ നാട്ടിലേക്ക് ടൂറിസത്തിന് വാതിൽ തുറന്നു കൊടുത്തതിന്റെ ഫലമായി അവിടുത്തെ മാംസത്തിന്റെ ഉപഭോഗം ക്രമാതീതമായി വർധിക്കുകയും ഉപേക്ഷിക്കപ്പെടുന്ന മാംസാഹാരം നായ്പ്പെരുപ്പത്തിന് കാരണമാകുകയും ചെയ്തു . കാലം മുന്നോട്ട് പോകെ അങ്ങനെയുണ്ടായ നായ്പ്പെരുപ്പത്തിനെതിരെ ടൂറിസ്റ്റുകൾ തന്നെ വ്യാപകമായി പരാതിപ്പെടാൻ തുടങ്ങി എന്നതാണ് ഈ ഭൂട്ടാൻ നായചരിത്രത്തിലെ ഏറ്റവും രസകരമായ വിപര്യയം. നായ്പ്പെരുപ്പം ഏറെയും നഗരകേന്ദ്രിതമാകുകയും തിമ്പുവിനെ നായ്ക്കളും തലസ്ഥാനമായി സ്വീകരിക്കുക യും ചെയ്തതോടെ സ്ഥിതിഗതി കൂടുതൽ വഷളായി. വലിയ കാശുമുടക്കിൽ വന്നെത്തുന്ന വിദേശടൂറിസ്റ്റുകൾ തിമ്പുവിലെ നായ്ക്കൾ അവരെ ഒരു പോള കണ്ണടയ്ക്കാൻ സമ്മതിക്കുന്നില്ല എന്ന് പരാതിപ്പെടാൻ തുടങ്ങി. അമേരിക്കയിൽ ചെന്നാൽ അവിടുത്തെ വാഹനക്കൂട്ടങ്ങളും സൈറൺ മുഴക്കങ്ങളുമൊക്കെ തനിക്കും നിദ്രാഭംഗം വരുത്താറുണ്ടെന്ന് മറുപടി നൽകി ഒരു മുതിർന്ന സർക്കാർ പ്രതിനിധി പരാതിയോട് ഉചിതമായി പ്രതികരിച്ചെങ്കിലും ഭൂട്ടാൻ ഭരണകൂടത്തിന് ടൂറിസ്റ്റുകളുടെ ഉറക്കക്കെടുത്തിയാൽ ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുകൾക്ക് നേരെ കണ്ണടയ്ക്കാൻ കഴിയാതെയായി. കാരണമെന്തെന്നാൽ, കാർഷികവൃത്തി കുറയുകയും കാലാവസ്ഥാവ്യതിയാനം ജലവൈദ്യുത പദ്ധതികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നുള്ള കണ്ടെത്തലുകളുണ്ടാകുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ ടൂറിസം ഭൂട്ടാനിൽ പൂർവാധികം പോഷിപ്പിച്ച് വളർത്തേണ്ട മേഖലയായി മാറിയിട്ടുണ്ട് എന്നത് തന്നെ.
അങ്ങനെയിരിക്കെ 2008 ൽ ഇപ്പോഴത്തെ രാജാവിന്റെ കിരീടധാരണം നടന്നതി ന്റെ മുന്നോടിയായി നടത്തപ്പെട്ട തെരുവു ശുചീകരണനടപടികളുടെ ഭാഗമായും നായ്ക്കളെ അകറ്റേണ്ടത് ആവശ്യമായി വന്നു .അങ്ങനെയാണ് ഭൂട്ടാൻ മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ എന്ന വിദേശ ഏജൻസിയുടെ സഹായം തേടിയത്. നായ്ക്കളെ സർക്കാർ മേൽനോട്ടത്തിൽ വലിയ പൗണ്ടുകളിൽ അടച്ച് പരിപാലിക്കുക എന്ന ആശയമായിരുന്നു ഭൂട്ടാൻ സൊസൈറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചത്. പ്രസ്തുത നിർദ്ദേശം അവർ സ്വീകാര്യമായി കണ്ടില്ലെങ്കിലും ഭൂട്ടാൻ ഭരണകൂടം അതിനിടെ അത് നടപ്പാക്കിക്കഴിഞ്ഞു. പക്ഷെ പരീക്ഷണം വലിയ പരാജിതമായത്രേ. ആയിരക്കണക്കിന് നായ്ക്കൾ ആ വഴി ജീവൻ വെടിയാനിടയായി. മാത്രവുമല്ല നായ്ക്കളെ ഉന്മൂലനം ചെയ്തതോടെ പ്രദേശമാകെ എലികളാൽ നിറഞ്ഞു. നായ്ക്കളുടെ സാന്നിധ്യം ഭൂട്ടാന്റെ പ്രകൃതിവ്യവസ്ഥയിലെ ഒഴിവാക്കരുതാത്ത ഘടകമാണെന്നും അവയുടെ ഉന്മൂലനം എലികളുടെ വ്യാപനത്തിലാകും ചെന്നവസാനിക്കുകയെ ന്നും ഹ്യൂമൻ സൊസൈറ്റി ഭൂട്ടാൻ ഭരണകൂടത്തെ ബോധ്യപ്പെടുത്തി. അതേത്തുടർന്നാണ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി ഇന്ത്യൻ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയത്. ഒപ്പം എഴുപത്തോരായിരത്തോളം നായ്ക്കൾക്ക് പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനും കുത്തി വച്ചു .
അത്രയൊക്കെച്ചെയ്തിട്ടും ഒരു ദശാബ്ദത്തിന് ശേഷം പ്രശ്നം പൂർവാധികം വിപത്കരമായിരിക്കുന്നു എന്ന വസ്തുതയാണ്അവരുടെ ദേശീയപത്രം മുഖപ്രസംഗത്തിൽ എടുത്ത് കാട്ടിയത്. ഇനി കാത്തിരിക്കാതെ തെരുവു നായ്ക്കൾക്കിടയിൽ ദയാവധം നടപ്പാക്കി അവയുടെ പെരുപ്പത്തെ നിയന്ത്രണ വിധേയമാക്കണം എന്ന ആഹ്വാനമാണ് പത്രം നടത്തിയത്. അത് ബുദ്ധിസത്തിന് നിരക്കുന്നതല്ല എന്ന് മുറവിളി കൂട്ടിക്കൊണ്ടുള്ള എതിർപ്പുകൾ മുൻകൂട്ടിക്കാണു ന്നുണ്ടെന്നും അത്തരം എതിർപ്പുകൾ പ്രശ്നപരിഹാരത്തിന് സഹായകമല്ലെന്നും കൂടിപ്പറഞ്ഞ് പത്രം നിലപാട് കൂടുതൽ വ്യക്തമാക്കുന്നു. ഇനി നമുക്ക് ഹിപ്പോക്രാറ്റുകളായി തുടരാൻ കഴിയില്ല: തെരുവുനായകളുടെ പെരുപ്പം നിയന്ത്രിച്ചേ മതിയാവൂ എന്ന് ഊന്നിപ്പറഞ്ഞാണ് ഭാഗികമായി സർക്കാർ ഉടമസ്ഥത കൂടിയുള്ള ആ ദേശീയപത്രം മുഖപ്രസംഗം അവസാനിപ്പിച്ചിട്ടുള്ളത്.
ടൂറിസം ഒരു രാജ്യത്തിന്റെ തനത് പരമ്പരാഗത സാംസ്കാരിക ജീവിതത്തിൽ എങ്ങനെയൊക്കെയാണ് ഇടപെടുകയും അതിനെ മാറ്റി മറിക്കുകയും ചെയ്യുന്നത് എന്ന ചോദ്യത്തിന്റെ ശരിയുത്തരങ്ങളോട് ചേർത്ത് വായിക്കാവുന്ന ഒരു ഗുണപാഠകഥ കൂടിയാണ് ഭൂട്ടാൻ തെരുവുകളിലെ നായ്ക്കൂട്ടങ്ങളുടെ ഈ ലഘുചരിത്രം.
തിരികെ തിമ്പുവിലെ പ്രഭാതത്തിലേക്ക് മടങ്ങുമ്പോൾ തെരുവിൽ ചെറിയ തോതിൽ ആൾസഞ്ചാരമുണ്ട്. എല്ലാവരും തന്നെ ഒറ്റയ്ക്കായിരുന്നു. നായ്ക്കൾ അവരിലാരെയും ശ്രദ്ധിക്കുന്നു പോലുമില്ലായിരുന്നു.
Read More: പാറോ താഴ്വരയിലെ വാൻഗോഗ് ചിത്രങ്ങൾ-ഒരു പർവ്വതദേശത്തിന്റെ പാർശ്വദൃശ്യങ്ങൾ -ഭാഗം 2
നടകളിറങ്ങി തെരുവിലെത്തിയിട്ട് ആദ്യം നടന്നത് മുറിയിൽ നിന്ന് നേരത്തെ പല വട്ടം കണ്ട് പരിചയിച്ച ബുദ്ധപ്രതിമയെ ലക്ഷ്യം വച്ചാണ്. അതിന് തെരുവിനെതിരെയുള്ള സ്റ്റേഡിയത്തിനപ്പുറത്തേക്ക് കടന്നു ചെല്ലേണ്ടിയിരുന്നു. അപ്പുറം കടക്കാനുള്ള വഴി ചോദിക്കാൻ ഒരാളെയെങ്കിലും നടന്നടുത്ത ഭാഗത്ത് കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ സ്റ്റേഡിയത്തിനുള്ളിലേക്ക് ഒരു വഴി കണ്ടപ്പോൾ അതിലൂടെ അതിക്രമിച്ച് കയറിച്ചെന്ന് അവിടുത്തെ ഏതോ കോൺക്രീറ്റ് പണിക്കായി കമ്പി മുറിച്ചു കൊണ്ടിരുന്ന ബംഗാളി പണിക്കാരെ കണ്ടെത്തി വഴി അന്വേഷിച്ചു. വഴി പറഞ്ഞു തന്ന ചെറുപ്പക്കാരൻ സൗഹാർദം കാട്ടി പരിചയപ്പെട്ടു. കേരളത്തിന്റെ ഭൂമിശാസ്ത്രവും തനിക്ക് നന്നായി വശമുണ്ടെന്ന് പറഞ്ഞിട്ട് അതിനു തെളിവായി മലയാളവാക്കുകളിൽ ചിലത് ചെറുചിരിയോടെ പറഞ്ഞു കേൾപ്പിക്കുകയുമുണ്ടായി. ഫുൻഷോലിങ് വിട്ടു പോന്ന ശേഷം സഹയാത്രികരിൽ നിന്നല്ലാതെ മറ്റൊരാളിൽ നിന്ന് മലയാളം കേട്ട ആദ്യസന്ദർഭം അതായിരുന്നു.
ബുദ്ധപ്രതിമ അടുത്ത് പോയിക്കണ്ടിട്ട് ലോഡ്ജിലേക്ക് തിരികെ നടന്ന് പോകുന്ന വഴിക്കാണ് തിമ്പുവിലെ അന്നത്തെ കാഴ്ചയായി ദോർജി തലേന്ന് തന്നെ സൂചിപ്പി ച്ചിരുന്ന കൂറ്റൻ ബുദ്ധപ്രതിമ അകലെ ഒരു കുന്നിൻമുകളിലായി കണ്ടത്. അത് കൂടി കണ്ടിട്ട് ആ വഴി തന്നെ ഫുൻഷോലിങ്ങിലേക്ക് മടങ്ങുന്ന വിധത്തിലായിരു ന്നു യാത്രാപദ്ധതി. അഥവാ ആ പ്രതിമയുടെ മഹാ മൗനത്തിന് മുന്നിലായിരുന്നു ഞങ്ങൾക്ക് ഭൂട്ടാനോട് യാത്രാമൊഴി ചൊല്ലേണ്ടിയിരുന്നത് .
അന്യനാടുകളിൽ നിന്നെത്തുന്ന ടൂറിസ്റ്റുകൾക്ക് ഭൂട്ടാനിലെ കാഴ്ചകൾ കാട്ടിക്കൊടുക്കാൻ അടങ്കൽതുകയ്ക്ക് കരാറിലേർപ്പെടുന്ന ടാക്സി ഡ്രൈവർമാർക്ക് മറ്റേത് കാഴ്ചയും അവരിൽ നിന്ന് ഒളിച്ചു പിടിക്കാൻ കഴിഞ്ഞേക്കാം .പക്ഷെ അതിനൊട്ടും കഴിയാത്ത വിധം തിമ്പു പട്ടണത്തിൽ എവിടെ നിന്നും കാണാവുന്ന വിധത്തിലാണ് ഈ പ്രതിമ സ്ഥാപിതമായിട്ടുള്ളത് .

ദോർജി പതിവ് പോലെ പറഞ്ഞ സമയത്തു തന്നെ ഉല്ലാസവാനായി എത്തി. ആദ്യലക്ഷ്യസ്ഥാനമായ കുൻസേൽ ഫൊർട്രാങ്ങ് എന്നറിയപ്പെടുന്ന ആ ബുദ്ധപ്രതിമയുടെ കുന്നിലേക്ക് പട്ടണത്തിൽ നിന്ന് എട്ട് കിലോമീറ്റർ ദൂരമുണ്ട്. അങ്ങോട്ട് പോകും വഴി തിമ്പുവിലെ മ്യൂസിയത്തിലും ഒന്നോടിക്കയറി. പാറോയിലെ മ്യൂസിയത്തിന്റെ കാര്യത്തിലെന്ന പോലെ ഇവിടെയും അകം കാഴ്ചകളല്ല പുറം കാഴ്ചയാണ് കൂടുതൽ ആകർഷിച്ചത്. പാറോയിൽ പട്ടണക്കാഴ്ചയെങ്കിൽ ഇവിടെയത് പൂക്കാഴ്ചയായി എന്നൊരു വ്യത്യാസം മാത്രം. മ്യൂസിയത്തിന് മുന്നിലെ റോസാച്ചെടികളിൽ വിടർന്ന് നിന്ന വലിയ പൂക്കുലകളിലായിരുന്നു സന്ദർശകരിൽ ഒട്ടു മിക്കവരും കൂടുതൽ കൗതുകം പൂണ്ടത്. വണ്ടുകൾ അതിൽ നിന്ന് മധു നുകരുന്നതിനൊപ്പം അവരുടെ മൊബൈലുകൾ കാഴ്ചാഭംഗിയും നുകർന്നെടുത്തു കൊണ്ടേയിരുന്നു.
അവിടെയെന്നല്ല വഴിയോരങ്ങളിൽ ഉൾപ്പെടെ ഭൂട്ടാനിലെവിടെയും സുലഭമാണ് അത് പോലുള്ള പൂക്കാഴ്ചകൾ. അവിടുത്തെ പ്രവേശനകവാടങ്ങൾ പലതിന്റെയും മുന്നിൽ ദ്വാരപാലകരെപ്പോലെ നിൽക്കുന്നത് ഡാലിയാച്ചെടികളുമാണ്. ഭൂട്ടാനിൽ പരമ്പരാഗതമായിത്തന്നെ അതങ്ങനെയായിരുന്നുവെന്ന് തോന്നുന്നു. അറുപതോളം വർഷങ്ങൾക്ക് മുൻപ് ഇവിടെയെത്തി ഇവിടുത്തെ പൂക്കാഴ്ചകളു ടെ സൗന്ദര്യത്തിൽ ഏറെക്കാലം അഭിരമിച്ച ജി .ബാലചന്ദ്രൻ ‘ഹിമാലയത്തിൽ ഒരു കേരളീയൻ ‘എന്ന തന്റെ ഓർമ്മക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത് തന്നെ എടുത്തെഴുതട്ടെ:

“എഴുതാനിരുന്നപ്പോൾ മുറ്റത്ത് നിൽക്കുന്ന ഡാലിയാപ്പൂക്കളിൽ മഴത്തുള്ളികൾ വീണു തുടങ്ങി. അവയുടെ ദളങ്ങൾ മാറി മാറി താഴുകയും ഉയരുകയും ചെയ്യുന്നു. ഒരു പെൺകുട്ടി നൃത്തം ചെയ്യുന്നത് പോലെ. എത്ര സുന്ദരമായ പൂക്കൾ! ഇവ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. എവിടെയൊക്കെ അലഞ്ഞു നടന്നു! ഒരു സ്ഥലത്തും ഉറച്ചില്ല. അസ്വസ്ഥമായ മനസ്സ്. കടിഞ്ഞാണില്ലാത്ത ചിന്തകൾ. അവസാനമാണ് അദ്ഭുതകരമായ ഈ വിദ്യ കണ്ടു പിടിച്ചത്. മനസ്സ് ഉഴറി നടക്കുമ്പോൾ പൂക്കളുടെ ഇടയിലേക്ക് ചെല്ലുക. അവയെ സ്നേഹിക്കുക, സംസാരിക്കുക, താലോലിക്കുക എത്ര പെട്ടെന്ന് മനസ്സ് ശാന്തമാകുന്നു. ചെടികളെയും പൂക്കളെയും സ്നേഹിക്കാൻ കഴിയാത്തവന് ഒരിക്കലും ശാന്തി ലഭിക്കുകയില്ല.”
പൂക്കൾ പോലുള്ള വാക്കുകളിൽ എഴുതപ്പെട്ട, ഒരു തലമുറയിലെ മലയാളി വായനക്കാരുടെ ഓർമ്മകളിൽ ഇന്നും വാടാതെ നിൽക്കാനിടയുള്ള ജി. ബാലചന്ദ്രന്റെ മേൽപ്പറഞ്ഞ കുറിപ്പിൽ നിന്നുള്ള ഈ വായനാശകലം പരിഭാഷ പ്പെടുത്തി ഒരു ഫലകത്തിലാക്കി തിമ്പുവിലെ ആ മ്യൂസിയത്തിന് മുന്നിലെ പൂച്ചെടികളുടെ അരികിൽ സ്ഥാപിക്കാവുന്നതാണ്.
പുതിയകാല ബുദ്ധപ്രതിമ ഉയർത്തിയിരിക്കുന്ന കുന്നിൻമുകളിൽ പക്ഷേ, ഒരൊറ്റ ചെടിക്കോ പൂക്കൾക്കോ സ്ഥാനമില്ല. ഒരു കാക്കക്കാലിന്റെ തണൽ പോലുമില്ലാത്തവിധം കുന്നിന്റെ മുകൾത്തട്ട് വെട്ടി നിരത്തി ടൈലിട്ട് വെടിപ്പാക്കി യിരിക്കുകയാണ്.എങ്കിലും കുന്നിനെ ചുറ്റിയ എണ്ണൂറോളം ഏക്കർ വനഭൂമി പ്രത്യേകം സംരക്ഷിക്കപ്പെടുന്നുണ്ടെന്നുള്ളത് ആശ്വാസകരം .
വിസ്താരമേറിയ ടൈൽ മുറ്റം മുന്നിലാക്കി 177 അടി ഉയരത്തിൽ നിർമ്മിക്കപ്പെട്ട വെങ്കല ബുദ്ധപ്രതിമ മുൻ രാജാവായ ജിഗ്മേ സിംഗ്യേ വാങ്ചൂക്കിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് നിർമ്മിക്കപ്പെട്ടതാണ് .2006 ൽ പണി തുടങ്ങി 2015 ൽ പ്രധാന നിർമ്മാണങ്ങൾ പൂർത്തീകരിച്ചെങ്കിലും അനുബന്ധ നിർമ്മാണങ്ങൾ പലതും ഇനിയും പൂർത്തീകരിക്കാനിരിക്കുന്നതേയുള്ളൂ. പണി തീരുമ്പോൾ ഇതിനുള്ളിൽ 1,25,000 ചെറുബുദ്ധപ്രതിമകൾ കൂടി നിർമ്മിതമാകു. അഞ്ച് നിലകൾ ഉൾക്കൊള്ളുന്ന പ്രതിമയുടെ ഉൾഭാഗത്തെ താഴത്തെ നില ഒരു പ്രാർത്ഥനാലയമാണ് എല്ലാ നിലകളിലും മ്യൂറൽ പെയിന്റിങ്ങുകളും മറ്റ് കലാസൃഷ്ടികളും പ്രദർശിപ്പിക്കപ്പെടുന്നു. തിമ്പു പട്ടണത്തിന്റെയും പരിസരങ്ങളു ടെയും ആകാശക്കാഴ്ചയും കുൻസേൽ ഫൊർട്രാങ്ങിൽ നിന്ന് ലഭിക്കുന്നു . ചൈനയുടെ നിർമ്മാണസഹായത്തോടെയും സിംഗപ്പൂരിലെ ഒരു ഭൂട്ടാൻ വ്യവസായിയുടെ മുഖ്യ പങ്കാളിത്തത്തോടെയും വൻമുതൽമുടക്കിൽ നടപ്പിലാക്കിയ ഈ സ്മാരക പദ്ധതിയിലേക്ക് ലോകമാസകലമുള്ള ബുദ്ധമത വിശ്വാസികൾ സഹായധനം എത്തിക്കുകയുണ്ടായി. പ്രതിമയുടെ കൃഷ്ണമണി കൾക്ക് തിളക്കമേകുന്നത് ‘അമ്മ മഹാറാണി വാങ്ങി നൽകിയ വജ്രക്കല്ലുകളാ ണെന്നും അറിയാൻ കഴിഞ്ഞു .

സമീപകാലത്ത് ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിൽ പ്രതിമാനിർമ്മാണ ങ്ങളോട് പ്രതിപത്തിയേറിവരുന്നതിന് പിന്നിൽ ചരിത്രവും രാഷ്ട്രീയവും പല വിധം പ്രവർത്തിക്കുന്നുണ്ടാവാം. ആ ബഹുമുഖതാല്പര്യങ്ങൾ എന്തുതന്നെ ആയാലും ടൂറിസത്തിലേക്ക് നോക്കുന്ന ഒരു കണ്ണ് ഈ പ്രതിമകൾക്കെല്ലാമുണ്ട് എന്നതാണെന്ന് തോന്നുന്നു അവയെ ഒന്നിപ്പിക്കുന്ന മുഖ്യ ഘടകം.
Read More:അടിക്കാതെ പോയ ഭൂട്ടാൻ ലോട്ടറി -ഒരു പർവ്വതദേശത്തിന്റെ പാർശ്വ ദൃശ്യങ്ങൾ-ഭാഗം നാല്
ജീവിതത്തിന്റെ അന്തഃസാരം തേടിയ ശ്രീ ബുദ്ധന്റെ ശാന്തനയനങ്ങൾക്ക് രാജാധികാരം നൽകിയ വജ്രത്തിളക്കത്തിലേക്ക് ഒരിക്കൽ കൂടി കണ്ണുകൾ പായിച്ച് തിമ്പുവിനോട് യാത്ര പറയുമ്പോൾ സൂര്യൻ ആ കുന്നിന് മേലെ എത്തിക്കഴിഞ്ഞിരുന്നു. ഫുൻഷോലിങ്ങിൽ മടങ്ങിയെത്തുവാൻ ആറു മണിക്കൂറോളം വണ്ടിയോടേണ്ടതുണ്ട്. ഇരുട്ടും മുൻപ് അടിവാരത്തിലെത്തു വാനുള്ള തിടുക്കത്തോടെ ദോർജി പതിവിലുമേറെ വേഗതയിൽ വണ്ടിയോടിച്ചു
ചുസോമിലേക്കുള്ള ഇറക്കങ്ങൾ ഇറങ്ങിപ്പോകുമ്പോൾ വഴിയരികിൽ പലയിടങ്ങളിലും പറിച്ചെടുത്തിട്ട് ചുവട്ടിലെ ഇലപ്പച്ച വാടിയിട്ടില്ലാത്ത ആപ്പിൾപഴങ്ങൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. ഉച്ചഭക്ഷണം ആപ്പിൾപഴങ്ങൾ മാത്രമാക്കിയാലോ എന്ന നിർദ്ദേശത്തോട് എല്ലാവർക്കും യോജിപ്പായിരുന്നതി നാൽ ഞങ്ങൾ വയറ് നിറയെ ആപ്പിൾപഴങ്ങൾ വാങ്ങിത്തിന്നു.
Read More: അയ്മനം ജോൺ എഴുതിയ മറ്റ് രചനകൾ ഇവിടെ വായിക്കാം