മലകയറ്റങ്ങളോളം ഉല്ലാസകരമല്ല മലയിറക്കങ്ങൾ. പ്രത്യേകിച്ചും മടക്കയാത്രകളുടേതാകുമ്പോൾ അത് മനസ്സിനെ കൂടുതൽ മ്ലാനമാക്കാറുണ്ട്. കയറിപ്പോയ മലകൾ തിരിച്ചിറങ്ങി അവ ഓരോന്നോരോന്നായി കണ്ണിൽ നിന്ന് മാഞ്ഞു കൊണ്ടിരിക്കെ അങ്ങനെയൊരു മ്ലാനതയോടെ ചില വിഷാദവിചാരങ്ങളിലേക്കും വീണു പോയിരുന്നു. ഈ മലമ്പാതകളിലൂടെ ഇനി മറ്റൊരു യാത്രയുണ്ടാകുമോ? ആർക്കറിയാം. ഇനി ഉണ്ടായാൽ തന്നെ ഈ പർവതദേശത്തിന് അതിന്റെ ഇന്ന് കാണുന്ന കാഴ്ചാഭംഗികൾ അന്നോളം സൂക്ഷിച്ചു വയ്ക്കുവാൻ കഴിഞ്ഞെന്ന് വരുമോ? അതോ, പുനർജന്മങ്ങളിലെ ഭൂട്ടാൻ മറ്റൊരു നാട് പോലെ കാണപ്പെടുമോ? ഇനി ഒരു കാട്ടുപ്രാവായാണ് ഞാനത് കാണാൻ ചെല്ലുന്നതെങ്കിൽ പാറോയിലെ വയലുകൾ മുൻജന്മസ്നേഹമോർത്തെങ്കിലും ഒരു കതിർക്കുല എനിക്കായി കരുതി വയ്ക്കാതിരിക്കുമോ?

Read More: ഒരു പർവ്വതദേശത്തിന്റെ പാർശ്വ ദൃശ്യങ്ങൾ-ഭൂട്ടാൻ യാത്രാനുഭവങ്ങൾ ഒന്നാം ഭാഗം

ആശങ്കപ്പെടേണ്ട സംഗതികളാണതൊക്കെയെന്ന് ഭൂട്ടാനിലെ മാധ്യമങ്ങൾ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ ഭൂട്ടാനും അനുഭവിച്ചു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. മഞ്ഞുമല വിസ്ഫോടങ്ങളാലുണ്ടാകുന്ന പ്രളയവും മഴക്കാലങ്ങളുടെ ക്രമരാഹിത്യവും പുതുകാലരോഗങ്ങളുടെ വ്യാപനവുമൊക്കെ ഇന്ന് ആ നാടിന്റെയും അനുഭവങ്ങളാണ്. ലോകത്തിലെ ഒരേയൊരു കാർബൺ നെഗറ്റീവ് രാജ്യമെന്ന് പറഞ്ഞിട്ടെന്ത് കാര്യം? അനേകകാതം അകലെയുള്ള കാർബൺ പോസിറ്റീവ് രാജ്യങ്ങളുടെ ആർഭാടജീവിതം വരുത്തി വയ്ക്കുന്ന പ്രകൃതിനാശത്തിന് നിരപരാധിയായ ഭൂട്ടാനും വില കൊടുക്കേണ്ടി വരുന്നു എന്നതാണ് യാഥാർഥ്യം.

Read More:Read More: പാറോ താഴ്‌വരയിലെ വാൻഗോഗ് ചിത്രങ്ങൾ-ഒരു പർവ്വതദേശത്തിന്റെ പാർശ്വദൃശ്യങ്ങൾ -ഭാഗം 2

അവിടുത്തെ പരമ്പരാഗത ജീവിതശൈലികളും ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. രണ്ടു ദശാബ്ദങ്ങൾക്ക് മുൻപ് രാജ്യത്തെ വാഹനങ്ങളുടെ എണ്ണം പന്തീരായിരത്തോളം മാത്രമായിരുന്നെങ്കിൽ 2015 ൽ അത് 68,700 ആയി വർദ്ധിച്ച് 11പേർക്ക് ഒരു വാഹനം എന്ന തോതിലെത്തിക്കഴിഞ്ഞു. വാഹനപ്പെരുപ്പത്തെ ചെറുക്കാൻ പാശ്ചാത്യ രാജ്യങ്ങൾ പൊതു ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കെ ഭൂട്ടാൻ ആ രംഗത്ത് വളരെ പിന്നിലുമാണ്.

aymanam john,bhutan,memories

ജനസംഖ്യയിൽ 69 ശതമാനം ഉപജീവനത്തിന് കാർഷികവൃത്തി സ്വീകരിച്ചിട്ടുള്ളവരാണെ ങ്കിലും ഉൽപ്പാദനക്ഷമതയിലെ ഇടിവുകൾ കൊണ്ട് കാർഷികരംഗം വലിയ തകർച്ചയിലാണ്. പുതുതലമുറ പൊതുവെ കാർഷികവൃത്തിയോട് അത്ര ആഭിമുഖ്യം ഇല്ലാത്തവരുമാണ്. ആരോഗ്യ രംഗത്താവട്ടെ വർധിച്ചുകൊണ്ടിരിക്കുന്ന മദ്യാസക്തി പല സങ്കീർണ്ണ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി സർക്കാർ വൃത്തങ്ങൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അയ്യായിരത്തി അഞ്ഞൂറോളം മദ്യശാലകളുള്ള രാജ്യത്തെ മദ്യത്തിന്റെ പ്രതിശീർഷ ഉപയോഗം ലോകശരാശരിയെക്കാൾ 37 ശതമാനം മുകളിലാണത്രെ. മദ്യവിതരണത്തിൽ നിന്നുള്ള വരുമാനം ഗണ്യമാണെങ്കിലും മദ്യാസക്തിയിലെ വർദ്ധനവ് വരുത്തി വയ്ക്കുന്ന ഉൽപ്പാദനനഷ്ടം, അകാലമരണങ്ങൾ, കുടുംബപ്രശ്‌നങ്ങൾ തുടങ്ങിയ സാമൂഹിക വിപത്തുകൾ അതിലേറെ സാമ്പത്തിക നഷ്ടത്തിന് കാരണമാ കുന്നുണ്ടെന്നാണ് ഭൂട്ടാനിലെ ആരോഗ്യമന്ത്രി സമീപകാലത്ത് അസ്സംബ്ലിയിൽ പ്രസ്താവിച്ചത്. അതിനൊക്കെപ്പുറമെ വ്യാപകമായ തൊഴിലില്ലായ്മയും കർഷക ആത്മഹത്യകളും, ലൈംഗികാതിക്രമങ്ങളും സൈബർ കുറ്റകൃത്യങ്ങളുമെല്ലാം വലിയ തോതിലല്ലെങ്കിലും ഭൂട്ടാനും അഭിമുഖീകരിക്കുന്ന സമകാല വിപത്തുകളാണ്.

Read More: Read More: വരച്ചു വച്ച പട്ടണത്തിൽ നിന്ന് പറിച്ചു നട്ട പട്ടണത്തിലേയ്ക്ക് – ഒരു പർവ്വതദേശത്തിന്റെ പാർശ്വദൃശ്യങ്ങൾ – ഭാഗം 3

വിദ്യാഭ്യാസസൗകര്യങ്ങളുടെ അപര്യാപ്തതയും പരിഹാരം കാണാത്ത വലിയൊരു ദേശീയ പ്രശ്നമായി അവശേഷിക്കുന്നു.വ്യവസായരംഗത്ത് സ്വകാര്യമുതൽമുടക്കിനെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയിട്ടുള്ളതിനാൽ പുതു വ്യവസായസംരഭങ്ങളുടെ വ്യാപനവും പ്രതീക്ഷിക്കാവുന്നതാണ്. തീവണ്ടി കാണാത്ത നാട്ടിലേക്ക് ഇന്ത്യയിൽ നിന്ന് തീവണ്ടിപ്പാത നീട്ടാനുള്ള പദ്ധതികൾക്കും രൂപം കൊടുത്തു കഴിഞ്ഞു. രാജ്യത്തെ രാഷ്ട്രീയരംഗവും വരും നാളുകളിൽ കക്ഷിരാഷ്ട്രീയ കിടമത്സരങ്ങൾക്ക് വേദിയാകാൻ വഴിയുണ്ടെന്നുള്ള സൂചനയാണ് ഈയിടെ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ നൽകുന്നതും. മുതിർന്ന തലമുറ രാജ്യപുരോഗതിയുടെ ഗതിവേഗത്തിൽ അമ്പരക്കുന്നവരാണെങ്കിലും പോയകാല സ്വച്ഛതകളെ പ്പറ്റി ഗൃഹാതുരതയോടെ ഓർത്ത് ഖേദിക്കുന്നവരുമാണെന്നും ഭൂട്ടാനിലെ സാമൂഹികസ്ഥിതിയവലോകനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട് .

ഇതെല്ലാം ചേർത്ത് കാണുമ്പോൾ വ്യക്തമാകുന്നത് പാശ്ചാത്യ വികസിത രാജ്യങ്ങൾ സഞ്ചരിച്ച അതേ, വികസനപാത തന്നെയാണ് ഭൂട്ടാനും സ്വീകരിച്ചു കൊണ്ടിരിക്കുന്നതല്ലേ? അത് കൊണ്ട് തന്നെ ഭൂട്ടാന്റെ ഭൂപ്രകൃതിയും ജൈവാന്തരീക്ഷവും അതു പോലെയൊക്കെത്തന്നെയുള്ള പരിണാമങ്ങൾക്ക് വിധേയമാകാതെ തരമില്ലല്ലോ.

Read More:അടിക്കാതെ പോയ ഭൂട്ടാൻ ലോട്ടറി -ഒരു പർവ്വതദേശത്തിന്റെ പാർശ്വ ദൃശ്യങ്ങൾ-ഭാഗം നാല്

പക്ഷെ അതൊക്കെക്കൊണ്ടുള്ള ആന്തരിക അസ്വസ്ഥതകളുടെ ബഹിർ സ്ഫുരണങ്ങൾക്ക് കാര്യമായ ദൃശ്യത ഉണ്ടാവാത്ത വിധത്തിലുള്ള അച്ചടക്ക സംവിധാനം ഭുട്ടാനിൽ നിലനിൽക്കുന്നുമുണ്ട്. മദ്യാസക്തിയുടെ കാര്യം തന്നെയെടുത്താൽ. അമിത മദ്യപാനശീലത്തെ തുറന്ന് കാട്ടുന്ന തരം തെരുവുകൂത്തുകളോ മറ്റ് ബഹളങ്ങളോ ഭൂട്ടാനിലെ മദ്യശാലകൾക്കകത്തോ പുറത്തോ ഇതര പൊതുസ്ഥലങ്ങളിലോ കണ്ടതേയില്ല. വാഹനപ്പെരുപ്പത്തിന്റെ കാര്യവും അങ്ങനെ തന്നെ. വാഹനസഞ്ചാരം സ്വൈര്യ ജീവിതത്തിന് വിഘാതമാകാത്ത വിധം കൈകാര്യം ചെയ്യുന്ന ശക്തമായ നിയന്ത്രണസംവിധാനങ്ങൾ അവിടെക്കണ്ടു. അവിടെ വാഹനമോടിക്കുന്നവർക്കിടയിൽ ‘ചെത്തു’കാരായ ചെറുപ്പകാരെയോ ലോറിയുടെ ഹോൺ മുഴക്കിയോടുന്ന ബൈക്കുയാത്രക്കാരെയോ കാണാനേ കിട്ടില്ല. വിജനമായ മലമ്പാതകളിൽ പോലും വാഹനങ്ങൾ മാതൃകാപരമായ വഴിയാത്രാ മര്യാദകൾ പാലിക്കുന്നു .aymanam john,bhutan,memories

തിമ്പു രാത്രികളിലെ നായ്ക്കളുടെ കൂട്ടക്കുരയുടെ ഒറ്റപ്പെട്ട അനുഭവത്തെ ഒഴിവാക്കിയാൽ സാമൂഹിക ജീവിതത്തിലെ സ്വസ്ഥതയും ശാന്തതയും ഭൂട്ടാനിലെവിടെയും തൊട്ടറിയാൻ കഴിയുന്നത് പോലുള്ള അനുഭവമായിരുന്നു. അവിടുത്തെ ആകമാന ദേശീയ സന്തോഷത്തിന്റെ തോതളക്കാൻ മാത്രമുള്ള മനുഷ്യ സമ്പർക്കം ഈ യാത്രയിൽ ഉണ്ടായില്ലെങ്കിലും ആകമാനദേശീയ ശാന്തത എന്നൊരു പുതിയ പരികൽപ്പന രൂപപ്പെടുന്നുവെങ്കിൽ അതിൽ ഉയർന്ന റാങ്ക് തന്നെ ഭൂട്ടാൻ കരസ്ഥമാക്കുമെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടായതുമില്ല .

ലോകം പക്ഷെ ദേശീയ സന്തോഷത്തിന്റെ പിന്നാലെയാണ്. ഈയടുത്ത കാലത്ത് തന്നെ ഇക്കാര്യത്തിൽ ഭൂട്ടാന്റെ മാതൃക പഠിക്കാനും സ്വന്തം സംസ്ഥാനത്ത് നടപ്പിലാക്കാനും കാലിഫോർണിയയിൽ നിന്ന് ഒരു പഠനസംഘം ഭൂട്ടാൻ സന്ദർശിച്ചിരുന്നത്രെ.

“എത്രയാണ് അങ്ങയുടെ രാജ്യത്തിന്റെ ആകമാന ദേശീയ ഉൽപ്പാദനം?” എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് “ആകമാന ദേശീയ ഉൽപ്പാദ നത്തേക്കാൾ മുഖ്യം ആകമാന ദേശീയ സന്തോഷമാണെ”ന്ന് മുൻ രാജാവ് ജിഗ്മേ സിംഗ്യേ വാങ്ചൂക്ക് 1979 ൽ ബോംബെ എയർപോർട്ടിൽ വച്ച് കൊടുത്ത ഉത്തരമാണ് രാജ്യ പുരോഗതിയെ സംബന്ധിച്ച ആ ഭൂട്ടാനീസ് കാഴ്ചപ്പാടിനെ ലോകശ്രദ്ധയിലേക്ക് കൊണ്ട് വന്നത്. എന്നൊക്കെയിരിക്കെത്തന്നെ ഭൂട്ടാന്റെ ഉദാഹരണത്തെ പിൻപറ്റിക്കൊണ്ട് ദേശീയ സന്തോഷം കണ്ടെത്താൻ പിൽക്കാലം യുഎൻ വികസിപ്പിച്ചെടുത്ത അവലോകനപദ്ധതി അനുസരിച്ച്, ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്ന രാജ്യങ്ങളുടെ വാർഷിക പട്ടികയിൽ 2018 ൽ ഭൂട്ടാന് വെറും തൊണ്ണൂറ്റിയേഴാം സ്ഥാനമേ നേടാൻ കഴിഞ്ഞുള്ളു.

Read More: കുരയ്ക്കുന്നു നായ്ക്കൾ … കുതിക്കുന്നു ടൂറിസം-ഒരു പർവ്വതദേശത്തിന്റെ പാർശ്വ ദൃശ്യങ്ങൾ -ഭാഗം അഞ്ച്

ഇക്കാര്യത്തിൽ ചരിത്രത്തിനും ചിലത് പറയുവാനുണ്ട്. മുകളിൽ പറഞ്ഞത് പോലെ ആകമാന ദേശീയ സന്തോഷം എന്ന സംജ്ഞയുടെ ഉപജ്ഞാതാവായിത്തീർന്ന ജിഗ്മേ സിംഗ്യേ വാങ്ചൂക്ക് ‘ഒരു ദേശം ഒരു ജനത’ എന്ന പേരിൽ 1985 ൽ നിർമ്മിച്ച നിയമപ്രകാരം വംശ ശുദ്ധിയുടെ പേര് പറഞ്ഞ് നേപ്പാളി സംസാരിക്കുന്നവരും ബുദ്ധമതക്കാരല്ലാത്തവരു മായ ഒരു ലക്ഷത്തോളം ഭൂട്ടാൻ നിവാസികളെ (അന്നത്തെ ആകെ ജനസംഖ്യയുടെ ആറിലൊന്ന് ) രാജ്യത്തിന് പുറത്താക്കുകയുണ്ടായി. പുറത്താക്കപ്പെട്ടവരിൽ ഒരു വിഭാഗത്തെ യു എൻ, അന്യരാജ്യങ്ങളിൽ പുനരധിവസിപ്പിച്ചപ്പോൾ ശേഷിച്ചവർ ഇന്നും നേപ്പാളിലെ അഭയാർഥി ക്യാമ്പുകളിൽ ജീവിതം തള്ളി നീക്കുന്നു. ഈ ചരിത്രയാഥാർഥ്യം കണക്കിലെടുക്കുമ്പോൾ ഭൂട്ടാന്റെ ഇന്നത്തെ സന്തോഷത്തെ ഗ്രോസ്സ് നാഷണൽ ഹാപ്പിനെസ്സ് എന്ന് സാങ്കേതികമായിപ്പോലും വിശേഷിപ്പിക്കുന്നത് ശരിയല്ല. രാജ്യഭ്രഷ്ടരായ ആ അഭയാർത്ഥികൾ അനുഭവിക്കുന്ന സങ്കടങ്ങൾ, കുറവ് ചെയ്ത് എത്തിച്ചേർന്നിട്ടുള്ള ഭൂട്ടാന്റെ സന്തോഷം ‘നെറ്റ്’ നാഷണൽ ഹാപ്പിനെസ്സ് മാത്രമാണ്.

സന്തോഷത്തിന്റെ അനുഭവവും അതളക്കാനുതകുന്ന അളവു കോലുകളുമെല്ലാം പല ജനതയ്ക്കും പലതായിരിക്കുമെന്ന് തന്നെയല്ല ഒരേ ജനസമൂഹ ത്തിനിടയിൽ തന്നെ അക്കാര്യങ്ങളിൽ വലിയ ഭിന്നതകളുമുണ്ട് എന്നിരിക്കെ അതേച്ചൊല്ലിയുള്ള അനുമാനങ്ങളെ ടൂറിസ്റ്റ് ബ്രോഷറുകൾക്ക് നൽകപ്പെടുന്ന നിറപ്പകിട്ട് പോലൊന്നായി കരുതുന്നതാണ് ഉചിതമെന്ന് തോന്നുന്നു. എന്നാൽ ഇതേകാര്യം തന്നെ മറുവശത്തു നിന്ന് കണ്ടാൽ ഇന്ത്യൻ യാത്രകളിൽ നിന്ന് തീർത്തും വ്യത്യസ്തമായി, ഭൂട്ടാൻ യാത്രയ്ക്കിടയിൽ സങ്കടകരമായ കാഴ്ചകളൊന്നും തന്നെ അങ്ങനെയിങ്ങനെ കാണേണ്ടി വന്നില്ല എന്നത് തന്നെയായിരുന്നു യാത്രയിലെ ഏറ്റവും സന്തോഷകരമായ അനുഭവമെന്ന് പറയാം.

aymanam john,bhutan,memories

നാംഗേയ് ലോഡ്ജ് ,ഫുൻഷോലിങ്

വഴിയാത്രയിലും യാതൊരു വിഘ്നങ്ങളും നേരിടാതെയാണ് അത് അവസാന പാദത്തോള മെത്തിയിട്ട് ഭൂട്ടാനിലെ ആദ്യരാത്രിയുടെ താമസസ്ഥലമായിരുന്ന ഫുൻഷോലിങ്ങിലെ നാംഗേയ് ലോഡ്ജിന്റെ മുന്നിലെത്തി അവസാനിച്ചത്. നാംഗേയ് ലോഡ്ജിലേക്കുള്ള ആ പുനരാഗമനം നാട്ടിൽ തിരിച്ചെത്തിയ പ്രതീതിയോടെയായിരുന്നു. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ലോഡ്ജിന്റെ മേൽനോട്ടക്കാരിൽ ഒരാളായി കായംകുളം സ്വദേശിയായ വിശ്വൻ അവിടെയുണ്ട്. ദീർഘകാലം ഭൂട്ടാനിൽ സർക്കാർ ജോലി ചെയ്ത ശേഷം വിരമിച്ച് ഭൂട്ടാനിൽ തന്നെ ജീവിതം തുടരുന്ന വിശ്വൻ കണ്ടു മുട്ടിയപ്പോൾ തന്നെ സുഹൃത്തായി മാറിയ ആളാണ്. അങ്ങനെയൊരാൾ ഒരു നാട്ടിലുള്ളപ്പോൾ അതെത്ര അകലെയുള്ള നാടാണെങ്കിലും ആ നാട് സ്വന്തം നാട് പോലെ അനുഭവപ്പെടുന്നതിൽ അതിശയിക്കാനില്ലല്ലോ. സദാ ഉന്മേഷവാനും പ്രസാദവാനാനുമായി കാണപ്പെടാറുള്ള ആ നല്ല സുഹൃത്തായിരുന്നു ഭൂട്ടാനിലുള്ളിലെ ഞങ്ങളുടെ യാത്രയുടെ മാർഗദർശി. ദോർജിയെ സാരഥിയായി ശുപാർശ ചെയ്ത് ഞങ്ങളുമായി ബന്ധപ്പെടുത്തിയതും അദ്ദേഹം തന്നെ.

പിറ്റേന്ന് ഹാസിമാരയിലേക്കുള്ള മടക്കയാത്രയ്ക്കും ദോർജിയുടെ കാർ തന്നെയാണ് ഇടപാട് ചെയ്തിരുന്നത്. അതിർത്തി കടന്ന് ജയ്‌ഗോണിലേക്കിറങ്ങിയതും ദോർജി തന്റെ കാറിന്റെ ലൗഡ് ഹോൺ ഞങ്ങളെ ആദ്യമായി അടിച്ചു കേൾപ്പിച്ചു. എന്നിട്ട് ഉറക്കെച്ചിരിച്ചു കൊണ്ട് ഭൂട്ടാനിലായിരുന്നെങ്കിൽ ഇപ്പോൾ തന്നെ പോലീസ് പിടിച്ച് ഫൈനടിച്ചെനെ എന്ന് പറഞ്ഞു. കുറച്ചു ദൂരം മുന്നോട്ടോടിയതേയുള്ളൂ -വിലങ്ങം ചാടി മുന്നിൽ നിർത്തിയ ഒരു സ്വകാര്യബസ്സിന്റെ പിന്നിൽപെട്ട് ദോർജിയുടെ കാറിലിരുന്നുള്ള ആദ്യത്തെ ട്രാഫിക് ജാം അനുഭവവും ഞങ്ങൾക്ക് ലഭിച്ചു. ദോർജി ലൗഡ് ഹോൺ തുടരെത്തുടരെ അടിച്ച് അതിന്റെ മുഴക്കങ്ങൾ ഒന്ന് കൂടി ആസ്വദിച്ചു. അതോടൊപ്പം ഭൂട്ടാനിലൂടെ കടന്ന് പോയ നാലഞ്ച് ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ നഗര ശബ്ദങ്ങൾ ഒന്നൊന്നായി ഞങ്ങളുടെ കാതിലേക്ക് അടിച്ചു കയറിക്കൊണ്ടുമിരുന്നു.

പട്ടണത്തിന്റെ കുടുക്കുകളിൽ നിന്ന് മോചിതമായപ്പോൾ മുന്നിൽ തേയിലത്തോട്ടങ്ങളുടെ വിശാലമായ സമതലഭൂമിക്ക് നടുവിലൂടെയുള്ള നെടുനീളൻ ഹാസിമാരാ റോഡ് വിജനമായിക്കിടന്നു. ഭൂട്ടാനിലെ തീരെച്ചുരുക്കം ഇടങ്ങളിൽ മാത്രം കാണാൻ കിട്ടുന്ന കാഴ്ച. വാഹന ഗതാഗതവും തീരെക്കുറവായിരുന്നു .

എന്നിട്ടും ദോർജി ചെറിയൊരു ചിരിയോടെ കാറിന്റെ ലൗഡ് ഹോൺ മുഴക്കിക്കൊണ്ടിരുന്നത് എന്ത് കൊണ്ടായിരുന്നു ? ഒന്നുകിൽ നമ്മൾ ഇന്ത്യാക്കാരെ പരിഹസിച്ചതാകാം.  അല്ലെങ്കിൽ ലൗഡ് ഹോൺ മുഴക്കാനുള്ള തന്റെ അമർച്ച ചെയ്യപ്പെട്ട അന്തർചോദനയെ ശമിപ്പിക്കാൻ കിട്ടിയ അവസരം ആവുവോളം ഉപയോഗപ്പെടുത്തിയതാകാം. രണ്ടിലേതാണെന്നുള്ളത് കണ്ടെത്തുക എളുപ്പമായിരുന്നില്ല ഭൂട്ടാനീസ് മനസ്ഥിതി അത്രയ്ക്ക് മനസ്സിലാകണമെങ്കിൽ ഷാംഗ്രിലയോളം എത്തുന്ന യാത്രാനുഭവങ്ങൾ വേണ്ടിയിരുന്നു .

ഹാസിമാര റെയിൽവേ സ്റ്റേഷന് മുന്നിൽ വച്ച് വേർപിരിയുമ്പോൾ കുടുംബാംഗങ്ങളെയും കൂട്ടി വീണ്ടും ഭൂട്ടാനിലേക്ക് ചെല്ലണമെന്ന് ദോർജി ഞങ്ങൾ അഞ്ച് പേരിൽ ഓരോരുത്തരോടുമായി പറഞ്ഞു.

ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് പറന്ന് ചെല്ലുന്ന ഒരു ചെറിയ കൂട്ടം കാട്ടുപ്രാവുകളെയാണ് ഞാനപ്പോൾ മനസ്സിൽ കണ്ടത്.

Read More:അയ്മനം ജോൺ എഴുതിയ രചനകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook